കത്തിയും ഫോര്‍ക്കും കൊണ്ടും മറ്റും ഒരു വൈകുന്നേരത്തെ
മുറിച്ചും അടുക്കിയും കുത്തിയെടുക്കുന്നതൊക്കെ

malayalam poem, poem, v jayadev, vishnuram

ഴുതിയതാണ്.
എന്നിട്ടും.
അവസാനം ഇുരുവരും വേര്‍പിരിയാന്‍ നേരം
ഏറ്റവുമവസാനമായി വിരലുകള്‍
ഊര്‍ന്നുപോകുന്നതിനു മുമ്പ്
നേരത്തേയൊന്നാലോചിച്ചുറപ്പിക്കുകപോലും ചെയ്യാതെ
ആകാശത്ത് മേഘത്തോളമെടുത്തുയര്‍ത്തിയത്
അതേ പോലെയുണ്ട്.
ട്രെയിന്‍ കംപാര്‍ട്ട്മെന്‍റില്‍ ജനാലക്കടുത്ത
ഇരിപ്പിടത്തിലേക്ക് പുറത്തുനിന്ന്
നീണ്ടുവന്നിരുന്ന നോട്ടം പോലും.
.
എഴുതിയതാണ്,
എന്നിട്ടും.
നേരത്തേ എഴുതപ്പെട്ടതാണെന്ന്
ഒരു ഊഹവും തുറന്നുപിടിക്കാതെ.
കോഫീട്ടേബിളില്‍ കഴിക്കാതെ തണുത്തുപോയ
കാപ്പിക്കാടുകള്‍ക്കിടയില്‍ വിറങ്ങലിച്ചുപോയ
വൈകുന്നേരങ്ങള്‍ അതേപടി
നേരത്തേയുണ്ടായിരുന്നു.
എല്ലാം പറഞ്ഞുകഴിഞ്ഞ ശേഷം നമ്മള്‍
വലിച്ചെറിഞ്ഞ ഉടലുകള്‍
റെയില്‍പ്പാളത്തിന്‍റെ അരികുകളില്‍
ചുളുങ്ങിക്കിടപ്പുണ്ടായിരുന്നു.
രാത്രി വൈകിയും പെയ്ത മഴയില്‍
ഒട്ടും നനയാതെ പിടഞ്ഞുവീണ
വെള്ളിടികളില്‍ രണ്ടെണ്ണം പേലും
അതേ പോലെ എഴുതപ്പെട്ടിരുന്നു.
.
പരസ്പരം ഒളിച്ചുകടത്തിയതിന്
പിടിക്കപ്പെട്ട് നടത്തിക്കൊണ്ടുപോയ
തെരുവുകളില്‍ ഒന്നും സംഭവിക്കാത്തതുപോലെ
ട്രാഫിക്ക് വിളക്കുകള്‍ നഗ്നമാക്കപ്പെട്ടതുപോലെ
അണയുന്നു, കത്തുന്നു. വീണ്ടുമണയുന്നു.
വൃത്തികെട്ട കുറ്റിക്കാട്ടില്‍ നിന്നൊരു
കുഞ്ഞിന്‍റെ മണ്ണുപിടിച്ച ഒറ്റച്ചെരിപ്പ്
മടിച്ചുമടിച്ച് റോഡു മുറിച്ചുകടക്കാന്‍
പലവട്ടം ശ്രമിക്കുന്നതിനിടെ.
അക്ഷരങ്ങള്‍ മറന്നുപോയവന്‍റെ
ഒന്നുമെഴുതാത്ത മരണമൊഴി പോലും
അതേ പോലെ.
.
ഉവ്വ്, നമ്മള്‍ പിരിയുകയാണ്, ഫ്രിഡാ.
നമ്മളൊരിക്കലും അണച്ചുപിടിക്കാതെ
പോകുന്ന ആലിംഗനങ്ങളാണ്.
ഉടല്‍ പൊഴിച്ചുവളര്‍ന്നുപോവുന്ന
മരണമാണ്.
.
ഓരോ ജീവിതവും നേരത്തേ
ജീവിക്കപ്പെട്ടതാണ്. എന്നു
തോന്നിപ്പിച്ചുകളയുന്നുണ്ട്.

——

malayalam poem, poet, v jaydev, vishnuram
ഉറുമ്പുകൾ നടന്നുപോകുന്ന
നാൽക്കവലയുടെ സ്ക്രീൻഷോട്ട്

 

ണങ്കാലിൽ ഉമ്മകടിച്ചതുപോലുള്ള
ചെറിയൊരു മുറിവിനെപ്പറ്റി
അവളോടുപറയാൻ
പോവുകയായിരുന്നു..
അപ്പോൾ അവളുടെ മുട്ടിലൂടെ
ഇറങ്ങിവരുന്ന പൊടിയോളംപോന്ന
ഉറുമ്പിന് നല്ല മുഖപരിചയം.
അപ്പോൾ മുമ്പുംകണ്ടിട്ടുണ്ട്.
എന്നാലതു കണ്ടഭാവമൊന്നും
നടിക്കുന്നുണ്ടായിരുന്നില്ല.
ജോസ് ജങ്ക്ഷനിലെ വെട്ടുകുറി
ലെയ്നിനനടുത്ത് താമസിക്കുന്ന
ഉറുമ്പല്ലേ എന്നു പിടിക്കപ്പെട്ടപ്പോഴും
ആദ്യം സമ്മതിച്ചു തന്നൊന്നുമില്ല.
അല്ലെങ്കിലും ഒരുമാതിരിപ്പെട്ട
ഉറുമ്പെല്ലാം അങ്ങനെയാണ്.
കയ്യോടെ പിടിക്കപ്പെടുമ്പോൾ
ഒരയ്യോ പാവം കളി.
എന്താ ഇവിടെ എന്ന വിരട്ടലിൽ
ഇതുവഴി ഒരിടംവരെ
പോവുകയായിരുന്നുന്നെന്നോ മറ്റോ ഒരൊഴുക്കൻ ഡയലോഗ്.
സത്യം പറഞ്ഞോണമെന്നൊക്കെപ്പറഞ്ഞ്
വിരട്ടുകയാണ് വേണ്ടത്.
എന്നാൽ കണങ്കാലിലെ മുറിവിനെപ്പറ്റി
പെട്ടെന്ന് പറയേണ്ടതുണ്ടായിരുന്നു.
ഇനിയും കണ്ടാൽ വെടിവച്ചുകൊല്ലും
എന്നൊരു താക്കീതുമാത്രമാക്കി.
ഉറുമ്പുകൾക്കു വെടിയുണ്ടകളെ
ഭയങ്കരപേടിയാണെന്ന്
ഇന്നലെയും കൂടി അവൾ
പറഞ്ഞതാണ്. അപ്പോൾ
ഭയങ്കര പേടി അഭിനയിച്ചതാണ്.
അപ്പോഴവൾക്ക് ഏറെ
വിശ്വാസമാകുകയും ചെയ്തതാണ്.
ഉറുമ്പ് കണങ്കാൽ വഴി ഇറങ്ങുകയായിരുന്നു.
നന്നായി പേടിച്ച മട്ടുണ്ട്.
ഒരുറുമ്പിനെയെങ്കിലും പേടിപ്പിക്കാനായി
എന്നുമവളോടുപറയണം.
അപ്പോൾ ഉറുമ്പുകടിച്ച സ്ഥലങ്ങൾ
കുലുക്കിക്കൊണ്ട് ഒരു
ലജ്ജ വരാനുണ്ട്.

malayalam poem, poet, v jayadev, vishnuram

സെക്കൻഡ് ഷോ

ന്നും രാത്രിയാകുമ്പോൾ
വന്നു വിളിക്കുമായിരുന്നു.
സെക്കൻഡ് ഷോയ്ക്ക്
പോകാമെന്ന് കൊതിപ്പിക്കും.
അപ്പോഴൊന്നും അപ്പോഴോടുന്ന
ഫസ്റ്റ് ഷോ കഴിഞ്ഞിട്ടുണ്ടാവില്ല.
നായകൻ ഇനിയൊരിക്കലും
തിരിച്ചുവരില്ലെന്ന് കൃത്യമായി
പറയാറായിട്ടില്ല. നായിക
വഴിക്കണ്ണുമായി കാത്തിരിപ്പ്‌
തുടങ്ങിയിട്ടില്ല. അതെല്ലാം
കഴിഞ്ഞ് ഒരു മെലോഡ്രാമയിലേക്ക്
കുത്തനെ തല കുത്തിവീഴണം.
നായകൻ തിരിച്ചു വരുമെന്ന്
ഫസ്റ്റ് ഷോയുടെ ഇരുട്ട്
ഇപ്പോഴും വിശ്വസിക്കുകയാണ്.
നായികയെ നല്ല വെളിച്ചത്തിൽ
ക്ലോസ് അപ്പിലാണ്
കാണിക്കുന്നതെങ്കിലും.
മുടിഞ്ഞ മൾട്ടിലെയർ
നരേഷന്റെ ഏർപ്പാടാണ്.
ഇരുട്ടുസ്ക്രീനിന്റെ
പല കോണുകളിൽ നിന്നും
കഥയുടെ വെളിച്ചം
അടിക്കുന്നതെയുള്ളൂ.
അപ്പോഴാണ്‌ അടുത്ത ടാക്കീസിൽ
സെക്കൻഡ് ഷോയ്ക്കുള്ള
ഒടുക്കത്തെ പ്രലോഭനം.
കണ്ടെച്ചും വാ, കഥ
പറഞ്ഞു തന്നാൽ മതി
എന്നൊക്കെപ്പറഞ്ഞാൽ
ങ്ഹെ, ഒരു കൂസലുമില്ല.
ഇപ്പോൾ സെക്കൻഡ് ഷോയ്ക്കുള്ള
പാട്ട് വച്ച് തുടങ്ങും,
ഇപ്പോച്ചെന്നാലേ അങ്ങോട്ടെത്തൂ,
സമയത്തിനും കാലത്തിനും.
നോട്ടീസിൽ പറയുന്ന
കഥയെന്തുവാ എന്നൊക്കെ ചോദിച്ചു
സമയം കൂട്ടിയെടുക്കും.
അത് വല്ലാത്ത ഒരു കഥയാ
അല്ലെങ്കിൽ പല കഥകളാ
പല കോണുകളിൽ നിന്ന്
വായിക്കണം, ടൈമിന്റെ
സിൻഗുലാരിറ്റിയെ ഭേദിക്കുന്നത്.
ഓ ഓ അതൊരു ഭയങ്കര
വർക്ക് ആണല്ലോ എന്നത്ഭുതം കൂറും.
ബോറടിക്കുന്നേൽ അകത്തു കയറി
കുറച്ചുനേരം ഇരിക്ക് എന്ന് ക്ഷണിക്കും.
മടിച്ചുമടിച്ചാവും കയറുന്നത്.
ഫസ്റ്റ് ഷോ കഴിഞ്ഞ് ആള് പിരിഞ്ഞാലും
മഷിയിട്ടു നോക്കിയാൽ കാണില്ല.
അപ്പോഴേക്കും സെക്കൻഡ് ഷോ
തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.
എന്നും രാത്രിയാകുമ്പോൾ
വന്നു വിളിക്കുമായിരുന്നു.
സെക്കൻഡ് ഷോയ്ക്ക്
പോകാമെന്ന് കൊതിപ്പിക്കും.

ഗുജറാത്തിലെ അഹമ്മദാബാദിൽ മാധ്യമപ്രവർത്തകൻ, ആറ് കവിതാ സമാഹാരങ്ങളും മൂന്ന് കഥാ സമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ