പൂക്കള്‍ എത്തിയതവള്‍ അറിഞ്ഞിരുന്നില്ല. വൈകുന്നേരം പുറത്തിറങ്ങിയപ്പോള്‍ പര്‍പ്പിള്‍ പൂക്കള്‍ കണ്ട് അവള്‍ക്ക് അത്ഭുതം തോന്നി. അവള്‍ നടന്നു കൊണ്ടേയിരുന്നു. അവള്‍ക്ക് നില്‍ക്കാനാകുമായിരുന്നില്ല. അവള്‍ക്കു മുന്‍പേ നടന്ന മനുഷ്യന്‍ ഊതിയ പുക അവളുടെ കാഴ്ചയെ മറച്ചു. അയാളെയും മറികടന്ന് അവള്‍ നടക്കവേ ആ മരം അവളെ കടന്നുപോയി. അയാളെ മറികടക്കുമ്പോള്‍ മുഖത്തിനു മുന്‍പേ കൈവീശിക്കൊണ്ടാണ് അവള്‍ നടന്നത്. ധൃതിയില്‍ മുന്നോട്ട് നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ പുറകിലേക്കു ചൂഴ്ന്നു നോക്കി. പര്‍പ്പിള്‍ നിറമുള്ള പൂക്കളും അവളെ ചൂഴ്ന്നു നോക്കി. അങ്ങനെ തന്നെ. അവ അവളുടെ കവിളില്‍ തൊട്ട നിമിഷം അവയുടെ വിരലറ്റത്തു സന്ധ്യ വന്നിരുന്നു. തന്‍റെ മുലയിളക്കങ്ങളുടെ താളം ആസ്വദിച്ചു തെരുവിനപ്പുറം നിന്നിരുന്ന  മനുഷ്യനെ  അവള്‍ ശ്രദ്ധിച്ചില്ല.

പകൽ തുളുമ്പി നിഴലുകള്‍ക്ക് നീളം വെയ്ക്കുമ്പോള്‍, അവള്‍ ചൂരല്‍കസേരയില്‍ കൈ കാലുകളൊന്നുനിവര്‍ത്തി, വിണ്ടുകീറിയ നിലത്തേയ്ക്ക് കണ്ണുകള്‍പായിച്ചു.  ചിലപ്പോഴെങ്കിലും തരിത്തണുപ്പു കോരിവിതറുംകണക്ക് ഒരു കാറ്റ് മുന്‍വാതിലിലൂടെ ഒഴുകിയെത്താറുണ്ട്. പൂപാത്രത്തിനെ വീര്‍പ്പു മുട്ടിക്കുന്ന വാടിയ ഇലകള്‍ക്കരികെകിടക്കുന്ന പെന്‍സില്‍ അവളുടെ കണ്‍തടങ്ങളില്‍ ഇരുണ്ട വരകള്‍ വരഞ്ഞു. രാവിലത്തെ പണികള്‍ കഴിഞ്ഞിരിക്കുന്നു.  ഇതിനിടയില്‍.  ക്ലോക്കിന് താളം നഷ്ട്ടപ്പെട്ടു തുടങ്ങിയപ്പോള്‍ അവള്‍ക്ക് സൂചി എടുക്കാന്‍ തോന്നിയില്ല. സാരിയുടെ കരയിലെ പാതിവച്ചു നിര്‍ത്തിയ ആ പൂ തുന്നി തീര്‍ക്കാനും.ഇനിയുമേറെപൂക്കള്‍ തയ്ക്കുവാനുണ്ട്. എന്നിട്ടും ഓരോ ദിവസവും അവളില്‍ ഇഴഞ്ഞു നീങ്ങുന്നു.

അമ്മ അടുത്ത മുറിയിലെ ഓരോ ഒച്ചയും ചെവികൂര്‍ത്തു കേട്ടു: റെഫ്രിജിറേറ്ററിന്‍റെ മുരളല്‍, ഫാനിന്‍റെ ഇലഞരക്കം, കാറ്റില്‍നിന്ന്‍ ഇനിയും ഇറങ്ങാത്ത ഏതോ കാക്കത്തൂവല്‍. അതല്ലാതെ ആ വീട്ടില്‍ മറ്റൊച്ചകളില്ല. പടി കടന്ന്‍ ഒരുപാട് നടക്കണം വീട്ടിലേയ്ക്ക്. മെയിന്‍ റോഡാണെങ്കില്‍ അര കിലോമീറ്റര്‍ അപ്പുറത്താണ്. മരങ്ങള്‍ നിറഞ്ഞ പാതയില്‍ അതാര്‍ക്കും കാണാനാവില്ല താനും. അതുകൊണ്ട്. വണ്ടികളുടെ ഇടര്‍ച്ചയും ഹോണുകളുടെ അലര്‍ച്ചയും ഒരു മുഴക്കമെന്ന പോലെ മാത്രം ആ വീടിനെ തൊടുന്നു. ആകാശം തൊടുത്ത ഒരു ചുഴല്‍വീശൽ പോലും അവിടത്തെ നിശബ്ദതയെ ഞെരിക്കാതെ സൂക്ഷിച്ചു കടന്നുപോകുന്നു. അമ്മ മിക്കപ്പോഴും കണ്ണുകളടച്ചു കിടന്നു. ചിലപ്പോളവള്‍ അവരുടെ അടുത്തു ചെന്ന് പതുക്കെ മുകളിലേക്കും താഴേക്കും പോകുന്ന ഒട്ടിയ വയർ നോക്കി നില്‍ക്കും. സൂക്ഷിച്ചു നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ക്കടുത്തുള്ള ഞരമ്പുകള്‍ ഉന്തി നില്‍ക്കുന്നത് പോലെ തോന്നും. ചില സമയങ്ങളില്‍ അവള്‍ പിടിക്കപ്പെടും. പരിശോധന മതിയാക്കി തിരിയുമ്പോള്‍ അമ്മയുടെ കരിനീലക്കണ്ണുകള്‍ തന്നില്‍ ചൂഴ്ന്നിറങ്ങുന്നതറിഞ്ഞു. കുറച്ചു നേരം ഒന്നുംമിണ്ടാതെ  അവര്‍ പരസ്പരം നോക്കും. അമ്മയുടെ നോട്ടത്തിനടിയില്‍ നിശബ്ദമായി തളംകെട്ടിക്കിടക്കുന്ന വെളിവ് മറ നീക്കി തന്നെ പഠിക്കുന്നുവെന്ന് തോന്നുമ്പോള്‍ അവള്‍ ധൃതിയില്‍ തിരിഞ്ഞു നടക്കും. അവളുടെയുള്ളില്‍ദേഷ്യം അലയടിക്കും. അവള്‍ക്കറിയാം അമ്മയുടെ മനസ്സിലെന്താണെന്ന്. സംസാരം വളരെ കുറവാണ്അവര്‍ തമ്മില്‍. ആരാദ്യം സംസാരിക്കും എന്ന മത്സരത്തിലാണ് രണ്ടുപേരും. അമ്മക്ക് വയ്യാതായിരിക്കുന്നു. വല്ലപ്പോഴും മൂത്രമൊഴിക്കാനല്ലാതെ അവര്‍ കട്ടിലില്‍ നിന്നും എണീക്കാറേയില്ല. അവള്‍ ഒച്ച വച്ചാല്‍ മാത്രം വല്ലപ്പോഴുമൊന്നു പോയി കുളിക്കും. വലിയൊരു അലുമിനിയം പാത്രത്തില്‍ വെള്ളം ചൂടാക്കിയുള്ള കുളി ഒരു ചടങ്ങാണ്. അടുപ്പിനടുത്ത് വച്ചിട്ടുള്ള വിറകുകൊള്ളികള്‍ വേനലില്‍ ഉണങ്ങിയിരിക്കുന്നു.  വീടിനു മുന്നില്‍ അവളുടെ ഔദാര്യത്താല്‍ കിടക്കുന്ന കരിയിലകളെ പോലെ വേനല്‍ അവള്‍ക്ക് ചുറ്റും നൂൽ​നൂല്‍ക്കുന്നു. ആഴ്ചയില്‍ ഒന്നോരണ്ടോ തവണ മാത്രമേ അവള്‍ മുറ്റമടിക്കാറുള്ളൂ. ഇടുപ്പിലെ വേദന. ഏറെ നേരം കുനിഞ്ഞു നിന്നു പണിയെടുക്കാന്‍ പറ്റാതായി. പണത്തിനു ഞെരുക്കമായതുകൊണ്ട് വയസ്സായ ആയയെ വരാന്‍പറയാനും അവള്‍ക്ക് നിവൃത്തിയില്ല. അമ്മയുടെ വിധവാ പെന്‍ഷനില്‍ വേണം അവര്‍ രണ്ടു പേര്‍കഴിയാന്‍. പൂക്കള്‍ തുന്നി കിട്ടുന്നതാണെങ്കില്‍ ഒന്നിനും തികയുകയില്ല. കുറേ നേരം കുത്തിയിരുന്നാല്‍ പുറം  വേദനിക്കാന്‍ തുടങ്ങും. കണ്ണുകള്‍ കഴയ്ക്കും. വീട്ടിനു മുന്‍പിലെ പെരുംപ്ലാവ് ഇതൊന്നും വകവെക്കാതെ പകയോടെ ഇല പൊഴിച്ചുകൊണ്ടേയിരുന്നു. ഓരോ പകലും ആ വീടിനു മുന്‍പില്‍ കാണപ്പെടുന്ന ഇലക്കൂമ്പാരം അതിനെ കൂടുതൽക്കൂടുതല്‍ മറവിയിറങ്ങിയ സങ്കടച്ചുവരാക്കി. വീടിന്‍റെ നിറം മങ്ങി തുടങ്ങിയിരിക്കുന്നു. ആറു വര്‍ഷമെങ്കിലും മുന്‍പായിരിക്കും അത് പെയിന്റ് ചെയ്തത്. അമ്മ കിടപ്പിലാകുന്നതിനു മുന്‍പ്.

arathy asok ,story

അവള്‍ സൂചിയെടുത്തു ഒന്നുമില്ലായ്മ കോര്‍ത്തുകൊണ്ടിരുന്നു.
ചിലനേരം കിഴവികള്‍ അവളുടെ തലയ്ക്കകത്തെ ഇരുണ്ട കോണുകളില്‍ കാത്തുനിന്നു. അവരുടെ നിഴല്‍ അവളുടെ മേല്‍ വീഴുന്നേരം വീടിന്‍റെ മാറാലക്കോണുകളില്‍ ആ നിഴലുകളെ ഉണ്ടാക്കിയ വെളിച്ചത്തെ അവള്‍ കണ്ടെത്തുമെന്ന്‍ അവര്‍ പ്രതീക്ഷിച്ചു.

വീട്ടിലുള്ള അമ്മ ഒരു ആധിയാണ്. ഉണ്ണാനിരിക്കുന്ന അമ്മ ആ ഒടുങ്ങാത്ത ഇരുത്തം മാത്രമാണ്. അവള്‍ ചോറ് ഉരുളയാക്കി അവരുടെ വായില്‍ ഇട്ടു കൊടുക്കും. വിശപ്പ്‌ ഒട്ടും ഇല്ലവര്‍ക്ക്. തന്‍റെ കിണ്ണത്തിലുള്ള വറ്റുകള്‍ക്കിടയില്‍ വിരലോടിച്ച് അവര്‍ സമയം നുള്ളിപ്പെറുക്കി കൊണ്ടിരിക്കും. ചോറും മോരും കൂട്ടി ഉടച്ചു അവള്‍ അമ്മയുടെ തൊണ്ടയിലേക്ക്‌ ഒഴിച്ച് കൊടുക്കും. ഓംലെറ്റ്‌ വിരലുകളാല്‍ കഷ്ണിക്കുമ്പോള്‍ അവള്‍ക്ക് നാവില്‍ കിഴവികളുടെ തൊലി ചുവയ്ക്കും. അവള്‍ക്ക് ഓക്കാനം വരും. എന്നാലും അവള്‍ എഴുന്നേല്‍ക്കില്ല. ഓരോ കഷ്ണമായി ആ പഴകിച്ചുളിഞ്ഞ തൊലി അവള്‍ തിന്നും. വായിലെ വയസ്സികള്‍ മാറിയിട്ടു വേണം വായിടകളില്‍ കുരുങ്ങിയ മുട്ടക്കഷ്ണങ്ങളെ എച്ചിലിനോടൊപ്പം തുപ്പിക്കളയാന്‍.

അവളുടെ കനവുകളിലെ കിഴവികള്‍. അവര്‍ അവളുടെ വയറ്റത്ത് മൂത്രമൊഴിക്കും. തിരിഞ്ഞു നോക്കാതിരിക്കുമ്പോള്‍ അവളെ അവർ കൈ പൊക്കി പ്രാകും. അവര്‍ ഇരുട്ടില്‍ അവളെച്ചൂഴ്ന്നു കിടക്കും. അവള്‍ മൂത്രമൊഴിക്കുമ്പോഴും തൂറുമ്പോഴും അവളുടെ കക്കൂസുപടിക്കല്‍ അവര്‍ കാക്കും. രാത്രിയേറെ വൈകി അവള്‍വീട്ടില്‍ വരുന്നതും നോക്കി മണ്ണെണ്ണ വിളക്കിന്‍റെ നാളത്തില്‍ കത്തുന്ന നരച്ച മുടിയുമായി അവരിരിക്കും. അവള്‍ മഴയത്ത് കുതിര്‍ന്നു നടക്കും. വെളിച്ചപ്പാട് കുടമണികള്‍ ഇളകിയാട്ടി ചേറില്‍ കാലുകളാഴ്ത്തി തെറിച്ചകലുന്നത് അവള്‍ കണ്ടുകണ്ടു കാണും. നനച്ച മഴയുടെ ചാരക്കൂട്ടാക്കാശം അവള്‍ നോക്കിനോക്കി നിൽക്കും. നീലിച്ച മുറികളുടെ തൊണ്ടനിറയെ പുസ്തകങ്ങളുമായി പകയ്ക്കും. ഇരുണ്ട നിലത്തിരുന്നിരുന്ന്‍ അവള്‍ അവരുടെ മടിയിലേക്കു ചായും. നീണ്ടു നരച്ച മുടിയിഴകള്‍ക്കിടയില്‍നിന്നും അവരുടെ വിറവിരലുകള്‍ വെള്ളച്ചു മങ്ങിയ പേനുകളെ രാകിയെടുക്കുന്നതവള്‍ക്കറിയാം. അവള്‍ തിരിഞ്ഞുകിടക്കുമ്പോള്‍ അരമതിലിനടുത്തെ ചുവരിലേക്ക് ചെമ്പനുറുമ്പുകളുടെ ഒരു വരി അരിച്ചുകയറിപ്പോകുന്നത് അവള്‍ക്ക് കാണാം. ഉറക്കം വേണ്ടാത്ത നേരങ്ങളില്‍ അവള്‍ കയറ്റുകസേരയില്‍ കൂമ്പിക്കിടക്കും. വെറും നടത്തത്തിന് പാടത്തേയ്ക്കിറങ്ങുമ്പോള്‍ വൈകിയ ആകാശത്ത്‌ അവരുടെ ആന്തലുകളുടെ പുകച്ചുരുളുകള്‍ ഇഴഞ്ഞുയരുന്നത് അവള്‍ക്കു കാണാം. ആളുകളോട് മിണ്ടുമ്പോള്‍ തന്‍റേതെന്ന് പറയാന്‍ ആകെയുള്ള ഗര്‍വ്വിന്റെ അവസാനത്തെ ഇഴയെ മുറുകെ പിടിക്കുന്ന ഒരാളെപ്പോലെയാണ് അവര്‍ തങ്ങളുടെ പല്ലുകളില്ലാത്ത വായകളെപ്പിടിക്കുന്നത് എന്ന് അവള്‍ കണ്ടെത്തുന്നു. അവള്‍ക്ക് അതെല്ലാം കാണാം;. അവള്‍ അതെല്ലാം കൂടിയതാണ്. സ്വന്തം കാലം ജീവിച്ചുതീര്‍ത്തതിനു ശേഷം അവളില്‍ കുടിയേറിയ കിഴവികളുടെ കൂട്ടായ തുടര്‍ച്ചയാണവള്‍.

arathy asok ,story

അവള്‍ക്ക് രക്ഷപ്പെട്ടാല്‍ മതി. ഒളിച്ചോടാന്‍ കാലുകള്‍ തരിച്ചു. അവളുടെ കാലുകള്‍ തരിക്കുമ്പോള്‍ ഓടിക്കളയാന്‍, ഇറച്ചിതൂങ്ങുന്ന കിഴവിയിളം കഴുത്ത് ഞെരിച്ചേക്കാന്‍, തന്‍റെ വിരലിടകളിലേക്ക് ഇളമാംസം ഒഴുകിയങ്ങുന്നതറിതറിയാന്‍. വീണ്ടുംവീണ്ടും അവള്‍ കണ്ടുകൊണ്ടേയിരിക്കുന്ന ആ ഒറ്റസ്വപ്നം ഓര്‍ക്കാതിരിക്കുവാന്‍ ആഗ്രഹിച്ച് കൊണ്ട് ഇരുട്ടാര്‍ത്ത രാത്രിയുടെ നടുവിലേക്ക് അവള്‍ ഞെട്ടിയെണീക്കുന്നു. കണ്മുന്നിലെ ശൂന്യത അവളെ കൂര്‍ത്തുനോക്കുന്നു. ആ സ്വപ്നത്തില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന ഒരു കിഴവി. അവളെ നോക്കി അട്ടഹസിക്കുന്ന കിഴവിയുടെ വായില്‍ നിറഞ്ഞിരിക്കുന്ന ശൂന്യത. അന്തമില്ലാത്ത ഇരുട്ടകങ്ങളിലേക്ക് വിറച്ചു ഭയന്നോടുന്ന അവള്‍. കാലുതെറ്റി വീണ അവളിലേക്ക് തടയുന്ന ഒരുവന്‍റെ കൈ അവളെ പഴുത്ത ചൂടിലേക്ക് എടുത്തിരുത്തി, അവന്‍ അവളെ നക്കിതുടയ്ക്കാന്‍ തുടങ്ങുന്നു. അപ്പോളവളുണരും. എന്ത് ചെയ്യണമെന്നറിയാതെ. ഉടലിലാകെ പഴുത്ത ചൂട്. തുടയിടുക്കുകളില്‍ പഴുത്ത ചൂട്. അടുത്ത മുറിയില്‍ നിന്നുംതള്ള തുറിച്ചു നോക്കുന്നുണ്ടെന്നവള്‍ക്കറിയാം. ഇരുട്ടുതുളച്ചും അമ്മക്ക് കണ്ണുകളുണ്ട്. അവര്‍ കേള്‍ക്കാതിരിക്കാന്‍ അവള്‍ കിതച്ചുമുറുകിയ ശ്വാസമടക്കി. അവള്‍ ലജ്ജിച്ചുചുരുങ്ങിപ്പോയി. പിറ്റേന്നു രാവിലെ റൊട്ടി പാലില്‍ മുക്കുമ്പോള്‍ അവള്‍ അമ്മയെ നോക്കാതിരിക്കാന്‍ ശ്രമിക്കും. ആ കരി നീല കണ്ണുകള്‍ അവളില്‍ പതിക്കുന്നതവള്‍ക്കറിയാം. അമ്മയുടെ കുഴിഞ്ഞ കവിളുകളില്‍ ആഞ്ഞുതല്ലി ആ നോട്ടം താഴ്ത്തണമെന്നുണ്ട് അവള്‍ക്ക്. എന്നാലും അവള്‍ തലപൊക്കി നോക്കില്ല.

അവള്‍നടക്കുകയാണ്. അവളുടെ പര്‍പ്പിള്‍പൂവകങ്ങളില്‍ ഒതുങ്ങി. മൂലയിലെത്തിയപ്പോള്‍ അവള്‍ തിരിഞ്ഞു. അവന്‍ അവിടെയുണ്ട്. കടയില്‍ നല്ല തിരക്കുള്ള സമയം. ദിവസത്തെ പണിയെല്ലാം കഴിച്ചു ആളുകളെല്ലാം വീട്ടിലേക്കുള്ള സാധനങ്ങള്‍ മേടിക്കാന്‍ വന്ന നേരം. അരി, പരിപ്പ്, പച്ചക്കറി, കൊതുക് തിരി, പെന്‍സില്‍. ആളുകള്‍ ചോദിക്കുന്നതും ശ്രദ്ധിച്ച് നില്‍ക്കുന്ന അവന്‍റെ മുഖവുംനോക്കി നിരയുടെ അറ്റത്ത് അവള്‍ കാത്തു നിന്നു. ആളുകള്‍ പറഞ്ഞ സാധനങ്ങള്‍ പൊതിഞ്ഞെടുക്കാന്‍ അവന്‍റെ മെലിഞ്ഞ പുറം തിരിയും. കടക്കാരന്‍റെ മുന്നില്‍ പൊതിഞ്ഞെടുത്തവയുടെ ലിസ്റ്റുമായി അവന്‍ വരി നില്‍ക്കും. അവന്‍ തന്‍റെ കാലം തഴമ്പിച്ച കണ്ണുകള്‍തിരിച്ച് അവളെ കാണുമാറാകട്ടെ എന്നവള്‍ ആഗ്രഹിച്ചു. പരന്ന മൂക്കിനിരുവശത്തുമുള്ള ചെറിയ രണ്ടുകണ്ണുകള്‍. എന്താണവള്‍ അവനില്‍ കാണുന്നത്? ഓരോ നാളും വൈകുന്നേരങ്ങളില്‍ ഒരു പാല്‍പാക്കെറ്റോ, റൊട്ടിയോ, ഉരുളക്കിഴങ്ങോ അവള്‍ വരിനിന്നുനിന്ന് വാങ്ങിയേ തീരൂ എന്നായിപ്പോവുന്നതെന്താണ്? അവള്‍ ആ ചോദ്യം സ്വയം ചോദിച്ചിട്ടില്ല.കാരണം ആ ചോദ്യം ചോദിക്കണമേന്ന്‍ അവള്‍ക്കിത് വരെ തോന്നിയിട്ടില്ല. ഇത് പോലുള്ളൊരു ദിവസം വൈകുന്നേരം. മൂലയിലുള്ള കട തുറന്നിട്ടില്ലെന്നു കണ്ട് അവള്‍ കുറച്ചു കൂടി മുന്നോട്ട് നടന്നു നോക്കി. അങ്ങനെയാണ് ഈ കട കണ്ടത്. തടിച്ചു കുറുകിയ വയസ്സന്‍ കടക്കാരനും രണ്ട് സഹായികളും അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൗണ്ടറില്‍നിന്നും ആളുകള്‍ വിളിച്ച് പറഞ്ഞ സാധനങ്ങള്‍ പൊതിഞ്ഞുകൊടുത്തു കൊണ്ടിരുന്നു. അതൊരു പുതിയ കടയായിരുന്നില്ല. പക്ഷേ അവള്‍അവിടെ വരുന്നതാദ്യമായിരുന്നു. നേരിയ ഒച്ചയില്‍ വേണ്ട സാധങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു അത്ഭുത വസ്തുവിനെ പോലെ കടക്കാരനും സഹായികളും അവളെ നോക്കി. ഒരു ഊമയെ കണ്ട പോലെ. അപ്പോഴേക്കും അവിടെ വന്ന മറ്റൊരു സ്ത്രീ അവരുടെ ശ്രദ്ധ തിരിച്ചു. അവള്‍ മിണ്ടായ്മയില്‍ ഒറ്റക്കു നിന്നു. ഒരു ചെറിയ വിരല്‍ നേർമയില്‍ തൊടുന്നത് പോലെ തോന്നും വരെ. അവളുടെ കൈയില്‍പതുക്കെ തോണ്ടി, പിറുപിറുക്കുന്ന വാക്കുകള്‍ പെറുക്കാനെന്നോണം തല ചായ്ച്ച് അവന്‍ എന്താണ് വേണ്ടതെന്നന്വേഷിച്ചു. ഒരു കുള്ളന്‍. തൊലിപ്പുറത്ത് മുഴുവന്‍ കുരുക്കള്‍. അയാളുടെ തല കഷ്ടിച്ച് അവളുടെ മുലയോളമേ എത്തുന്നുള്ളൂ. മെലിഞ്ഞുണങ്ങിയ ശരീരത്തിന്‍റെ ഇരു വശത്തും തൂങ്ങി കിടക്കുന്ന നീണ്ടകൈകള്‍. അവള്‍ ചോദിച്ചതെല്ലാം പൊതിഞ്ഞു കൊടുത്ത് അവന്‍ വില പറഞ്ഞു. സഞ്ചി മേടിച്ച് എല്ലാം സൂക്ഷിച്ച് നിറച്ചു. സഞ്ചി തിരിച്ചു കൊടുത്തപ്പോള്‍ അവളെ തൊടാതിരിക്കാനവന്‍ ശ്രദ്ധിച്ചു. അവന്‍റെ കണ്ണുകളപ്പോഴും താഴേക്കായിരുന്നു. കട അവസാനിക്കുന്ന റോഡിന്‍റെ മൂല തിരിഞ്ഞപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി. അവനും നോക്കുന്നുണ്ടായിരുന്നു. വേറൊരു ദിവസം അവള്‍ തുന്നിയ സാരികള്‍ കൊടുക്കാന്‍ തുന്നല്‍ കടയില്‍ പോയതായിരുന്നു. പല്ലു ഡോക്ടറുടെ അടുത്ത് ഒരു മിന്നായം പോലെ അവനെകണ്ടു. അവളെ റോഡില്‍ കണ്ടപ്പോള്‍ ഓർത്തെടുക്കാനെന്നോണം അവന്‍ കണ്ണുകള്‍ ചിമ്മി. അടുത്തനാള്‍ വൈകീട്ട് അവന്‍റെ കണ്ണിലേക്ക് അന്നോളമില്ലാത്ത ധൈര്യം കൂര്‍ത്ത നോട്ടം അവള്‍ നോക്കി. അവന്‍ നാണിച്ചു തല താഴ്ത്തി. അങ്ങനെ എല്ലാ വൈകുന്നേരവും അതാവര്‍ത്തിച്ചു. കടയില്‍തിരക്കൊഴിഞ്ഞു മുന്നോട്ടു നീങ്ങാന്‍ അവള്‍ കാത്തുനില്‍ക്കും. ചിലപ്പോള്‍ അവളുടെ ഓര്‍ഡര്‍ എടുക്കാന്‍ വയസ്സന്‍ കടക്കാരന്‍ വരും. അപ്പോളവള്‍ എപ്പോഴത്തെക്കാളും ഒച്ച കുറച്ചു പറയും. ദേഷ്യത്തില്‍ പിറുപിറുത്തു അവള്‍ക്കു വേണ്ടത് എടുത്തു കൊടുക്കാന്‍ കടക്കാരന്‍ അവനെ മുന്നിലേക്ക്‌ പിടിച്ചുതള്ളും. അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കും. ഓരോ തവണയും അവളെ നോക്കി അവന്‍ ഇമ ചിമ്മി കൊണ്ടിരിക്കും. അവളെ ഇതിന് മുന്‍പ് എവിടെയാണ് കണ്ടതെന്നോര്‍ക്കുവാനെന്നോണം. ഓരോ തവണയും ആദ്യമായി അവളുടെ മേല്‍ അവന്‍റെ വിരല്‍ പതിഞ്ഞ നിമിഷം അവന്‍ ഓര്‍ത്തെടുക്കണമെന്ന് അവള്‍ക്കുണ്ടായിരുന്നു. ഓരോ തവണയും അവന്‍റെ ശാന്തതയില്‍ ഇളക്കങ്ങള്‍ വീഴ്ത്താന്‍ അവള്‍ ശ്രമിക്കും. ഓരോ തവണയും അവന്‍റെ കവിളിനു താഴെ നാണം ഇരച്ചുവന്നു നിറയുന്നത് അവള്‍ അറിയും.

arathy asok ,story

പിന്നീടൊരു നാള്‍ തെരുവുമുറിച്ചുകടക്കുമ്പോള്‍ റോഡിലാകെ വീണുകിടക്കുന്ന പര്‍പ്പിള്‍പൂക്കള്‍. റോഡൊരു കൂറ്റന്‍ പര്‍പ്പിള്‍ പൂ. അന്നവനെ കടയില്‍ കണ്ടില്ല. കടക്കാരന് ഉരുളക്കിഴങ്ങുകള്‍ ചൂണ്ടി കാണിച്ചു പൊതിയാന്‍ ആവശ്യപ്പെട്ടു തിരികെ നടക്കുമ്പോള്‍ കാലുകള്‍ കൂടെ പോരാന്‍ കൂട്ടാക്കിയില്ല. തെരുമുന തിരിയുമ്പോള്‍ അവളെത്താത്ത ആകാശം നോക്കി അവിടെയവന്‍ കാത്തു നില്‍ക്കുന്നു. അവന്‍റെ പിന്നില്‍ നീണ്ട പര്‍പ്പിള്‍ റോഡ്‌. പുറകില്‍ വരുന്നതറിഞ്ഞുകൊണ്ട് അവനെ കടന്നവള്‍ നടന്നു പോയി. ഗേറ്റില്‍ എത്തിയതും ഉരുളക്കിഴങ്ങുകള്‍ താഴെ വീഴ്ത്തിക്കൊണ്ടവള്‍ തിരിഞ്ഞു. അവ പെറുക്കാന്‍ അവള്‍ കുനിയുന്നതും നോക്കിയവന്‍ നിന്നു. അവള്‍ അവനെയും. അവള്‍ ഗേറ്റ് ചാരുമ്പോള്‍ വൈകിയ ആകാശം അവള്‍ക്കു മേല്‍ ചുവപ്പ് ചാര്‍ത്തി.

വായിക്കാം: ആരതി അശോക് എഴുതിയ ‘മീന്‍ മുറിവുകള്‍’

അന്ന് രാത്രി അമ്മയെ ഊട്ടുമ്പോള്‍ ധൃതി കാട്ടാതിരിക്കാനവള്‍ ശ്രദ്ധിച്ചു. അവളുടെ നാഡിയിടിപ്പ് അമ്മക്ക് മനസ്സിലാവാതിരിക്കാന്‍. ഇടിവെട്ടും പോലെയുള്ള നെഞ്ചിടിപ്പ് കേള്‍ക്കാതിരിക്കാന്‍. വിളക്കുകെടുത്തി അവള്‍ മുറിയിലേയ്ക്ക് നടക്കുമ്പോള്‍ മുതുകില്‍ വേദന പിടച്ചുകയറുന്നു. അവള്‍തന്‍റെ കസേരയിലിരുന്നു റോഡില്‍ കണ്ട പൂക്കള്‍ തുന്നാന്‍ തുടങ്ങി. ഒരു പൂക്കുല തുന്നി. മറ്റൊന്നു കൂടി. അപ്പോഴേയ് ക്കുംകതകിന്‍റെ കൊളുത്തില്‍ ഒച്ച കെട്ടു. അമ്മ കേള്‍ക്കുന്നതിനു മുന്നേ മിന്നലെന്നപോലെ അവള്‍ ആ വാതില്‍ തുറന്ന് രാത്രിക്കാറ്റിനെ അകത്തേക്കാനയിച്ചു. വിനീതനായി നില്‍പ്പുണ്ടായിരുന്നു അവനവിടെ. അവന്‍റെ മെല്ലിച്ച രൂപം ഇരുട്ടില്‍ തണുപ്പുചേര്‍ക്കുന്നു. കൈ കൊണ്ടവനെ അകത്തേക്കു വിളിച്ചവള്‍ കതകടച്ചു. എന്നത്തേയുംപോലെ അവളുടെ മുറിയുടെ കതക് തുറന്നു തന്നെ കിടന്നു. അവള്‍ തന്നെ തൊടാന്‍, തന്‍റെ വസ്ത്രങ്ങള്‍ അഴിക്കാനായി അവന്‍ കാത്തുനിന്നു. എവിടെ തുടങ്ങണമെന്ന് അവള്‍ക്കറിഞ്ഞുകൂടാ. അതുവരെ തട്ടിലിരുന്ന കിഴവികളെല്ലാം അവളുടെ അകത്തുനിന്നും പുറത്തേക്ക് ഊര്‍ന്നിറങ്ങി. അവളില്‍നിന്ന്, തട്ടുകളില്‍നിന്ന്, ചുവരുകളില്‍ നിന്ന് ഊര്‍ന്നിറങ്ങിയ കിഴവികള്‍ അവള്‍ക്കായി അവനെ അഴിച്ചുകിടത്തി. അവളവനെ പതുക്കെതൊടുന്നതും അവനരികില്‍ കിടക്കുന്നതും നോക്കിയവരിരുന്നു. അവളുടെ കാലുയര്‍ത്തി അവര്‍ അവന്‍റെ തുടയ്ക്കുമേല്‍ പിണച്ചു. അവളില്‍ നിന്നുയരുന്ന രോദനങ്ങളെ അവര്‍ അവളുടെ തൊണ്ടയിലമര്‍ത്തി നിശബ്ദപ്പെടുത്തി. അവന്‍ അവള്‍ക്കുമേല്‍ക്കയറി തന്നെ അവളിലേക്കിറക്കുമ്പോള്‍ അവര്‍ അവളുടെ വേദനപൂത്ത കണ്ണുനീര്‍ തുടച്ചെടുത്തു. മിണ്ടാതെ, തിരിഞ്ഞുനോക്കാതെ അവന്‍ നടന്നകലുമ്പോള്‍ അവര്‍ അവള്‍ക്കുചുറ്റും കൂടിയിരുന്ന് അവളുടെ കാലുകള്‍ക്കിടയില്‍ ബാക്കിയായ വെള്ളപ്പശിമ കനിവോടെ നീക്കിക്കൊടുത്തു. അവര്‍ അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു, പാദങ്ങള്‍ അമര്‍ത്തി അരക്കെട്ടില്‍ ചുറ്റി, മുഖം പിടിച്ചു. അവള്‍ ഇനിയും മിച്ചമുണ്ടോ എന്നവര്‍ അവളില്‍ ആഴ്ന്നാഴ്ന്നു നോക്കി. പതിഞ്ഞ സ്വരത്തില്‍ അവര്‍ ചിലമ്പി:

“ഊതപ്പൂക്കളുടെ  സൂസാന്ന”, “ ഊതപ്പൂക്കളുടെ സൂസാന്ന”. അവരിലേക്ക് അവളുടെ ഒരു ചിരി വിടരുമ്പോള്‍ അവരും ചിരിച്ചു . ആ ചിരിയില്‍ പര്‍പ്പിള്‍ പൂക്കളുടെ ഒരു പാത ലയിച്ചുചേർന്നു. അന്നേദിവസം വൈകുന്നേരം അതില്‍ അവള്‍ നടന്നു വന്നു. അവളില്‍ സന്ധ്യ വന്നിരുന്നു.

പരിഭാഷ: സ്മിതാ വിനീത്, ശബരീഷ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook