ഇന്നലെകളുടെ ഓർമ്മക്കുളിരുകളിൽ കുടങ്ങിക്കിടക്കാതെ അതിന്റെ അതിരുകളെ ഭേദിച്ച് ഉളളിലുളള സ്ത്രീയെ വീണ്ടെടുത്ത ഒരു വർഷത്തിന്റെ അടയാളപ്പെടുത്തലിന്റെ ദിനമാണിന്ന്. സൈബറിടത്തിൽ, സോഷ്യൽ മീഡിയയിൽ പരസ്പരം അറിയാതെ അറിഞ്ഞവർ, വൈവിധ്യമുളള ചിന്തകൾ, ഭാഷയുടെ പലമ, എന്നിങ്ങനെ കടന്നുപോയ ഒരു വർഷം.ലോകത്തിന്റെ വിവിധയിടങ്ങളിലെ പെൺചിന്തകൾക്ക് സർഗാത്മകമായ ഒരിടം തുറന്നതിന്റെ 365ദിവസങ്ങൾ. അതിന്റെ രേഖപ്പെടുത്തലായി ഒരു അടുക്കള പുസ്തകം.

ഫ്രം ദ് ഗ്രാനൈറ്റ് ടോപ്പ്, എന്ന അടുക്കള പുസ്തകം ഇതൊരു പാചക പുസ്തകമാണ്. ഇതിൽ​ ഉപ്പും പുളിയും എരിവുമെല്ലാമുണ്ട്. പക്ഷേ, അത് സർഗാത്മകമായ മാനസിക പാചകത്തിന്റേതാണ്. ആമാശയത്തിന്റെ വിശപ്പിനായുളള ഭക്ഷണമല്ല, മനസ്സിന്റെ വിശപ്പിനുളള പാചകക്കുറിപ്പുകളാണ് ഇതിലെ ഉളളടക്കം. ഇന്നലെകളെ കുറിച്ചുളള മോഹങ്ങളും മോഹഭംഗങ്ങളുമല്ല. ഇന്നിനോടുളള കാഴ്ചകളാണ്, അവിടെയുളള അതിജീവനമാണ്. നാളെയെക്കുറിച്ചുളള കനവുകളും നിനവുകളുമാണ്.

ഒരു വർഷം മുമ്പ് 2016ലാണ് ഈ ഫേസ്ബുക്ക് ഗ്രൂപ്പ് രൂപപ്പെടുന്നത്. കാനഡയിൽ താമസിക്കുന്ന സുനിത ദേവദാസ് എഴുതിയ ഫേസ് കുറിപ്പിനോട് വന്ന പ്രതികരണങ്ങളുടെ തുടർച്ചയിലാണ് സ്ത്രീകളുടേതായ ഒരു ഗ്രൂപ്പ് രൂപപ്പെട്ടത്. ആ ഗ്രൂപ്പിനുളളിൽ രൂപപ്പെട്ട ചർച്ചകളുടെയും സംവാദങ്ങളുടെയും ഭാഗമായി എഴുതപ്പെട്ട ലേഖനങ്ങളും കവിതയും കഥയുമെല്ലാം അടങ്ങുന്നതാണ് ഈ പുസ്തകം. വൈവിധ്യമാർന്ന ലോകം, വ്യത്യസ്തമായ നിലപാടുകൾ അങ്ങനെ ബഹുസ്വരമായ ഒരു ലോകം. ആ ലോകത്തെ ഒരു പുസ്തകമാക്കുകയാണ് ചെയ്തത്.
ഈ ഗ്രൂപ്പ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവരുടെ ചിന്തകളെയും ഉണർത്താനാണ് ശ്രമിച്ചത്. പരസ്പരം താങ്ങായിനിന്നു. കുറ്റപ്പെടുത്തലുകൾക്കല്ല, കൂടെ നിൽക്കലിനായിരുന്നു ഓരോരുത്തരും ശ്രമിച്ചത്. ലോകത്തിന്റെ എല്ലാ കോണിലുളളവരും ഈ ഗ്രൂപ്പിലുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും ഉണർന്നിരിക്കുന്ന ഗ്രൂപ്പാണിത്. ഏത് സമയത്തും ഗ്രൂപ്പിലുളളവർക്ക് ഇവിടെ സംസാരിക്കാം. അവരെ കേൾക്കാൻ വായിക്കാൻ ആളുണ്ടാകും. അങ്ങനെ ചെവി കൊടുക്കും കണ്ണ് കൊടുത്തും ഞങ്ങൾ പരസ്പരം വളർന്നു. പലർക്കും എങ്ങനെ എഴുതണം എന്ത് എഴുതണം എന്നറിയില്ലായിരുന്നു. ആദ്യാക്ഷരം കുറിക്കുന്നതുപോലെ കൈ പിടിച്ചു തുടങ്ങി. ഇന്ന് പലരും അറിയപ്പെടുന്ന രീതിയിൽ, വായിക്കപ്പെടുന്ന എഴുത്തുകാരികളായി, സോഷ്യൽ മീഡിയയിൽ മാത്രമല്ല, മറ്റ് മാധ്യമങ്ങളിലും. ഉളളിലുളളതിനെ കണ്ടെത്തലും അവതരിപ്പിക്കലുമാണ് ഓരോരുത്തരും ചെയ്തത്. അതിനെ മറ്റുളളവർ ഒപ്പം നിന്നു.

സ്ത്രീ വിരുദ്ധമായ ഒന്നും ഈ ഗ്രൂപ്പിൽ എൻഗേജ് ചെയ്യാറില്ല. തിരിച്ചറിയാതെ പറയുന്ന കാര്യങ്ങളെ ഞങ്ങൾ​ വ്യക്തമാക്കും. തിരുത്തും. തെറ്റായ കാര്യങ്ങളെ ന്യായീകരിക്കാറില്ല. തുറന്ന ഇടപെടലാണ്. ഒരാൾക്ക് ഒരു പ്രശ്നം ഉണ്ടെങ്കിൽ ഒരു പോസ്റ്റിട്ടാൽ ഒരു നാലഞ്ച് പേരെങ്കിലും അതിന് മറുപടി നൽകാനും പിന്തുണയ്ക്കാനും ഉണ്ടാകും. മോശമായ അനുഭവങ്ങളിലൂടെ പോകുന്നവരുടെ ഒപ്പം നിൽക്കാനുണ്ടാകും. അതാണ് ഈ ഫേസ് ബുക്ക് ഗ്രൂപ്പിന്റെ പിൻബലം. ഇന്ന് ആ പിൻബലത്തെ അടുക്കള പുസ്തകത്തിലൂടെ അച്ചടിച്ച് ചരിത്രമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ