scorecardresearch
Latest News

വിവാഹങ്ങളും വധകൃത്യങ്ങളും -ഹനിഫ് ഖുറെയ്ഷിയുടെ കഥ/ പരിഭാഷ – ജോസ് വര്‍ഗ്ഗീസ്

“ടെലിവിഷനില്‍ ഇത് ശരിക്കും പൊലിക്കണമെന്നുണ്ടെങ്കില്‍ മുഖം മൂടുന്നതിനു മുന്‍പ് ഇരയുടെ കണ്ണുകള്‍ വ്യക്തമായി കാണിക്കണം. അവസാനം അവന്മാര്‍ രക്തം ഒലിച്ചിറങ്ങുന്ന തല പൊക്കിപ്പിടിക്കും. അപ്പോള്‍ ക്യാമറ ട്രൈപോഡില്‍ നിന്നിളക്കി കൈകൊണ്ടു ചലിപ്പിക്കണം” ഹനിഫ് ഖുറൈഷിയുടെ ‘Weddings and Beheadings” എന്ന കഥയുടെ മലയാളം പരിഭാഷ

വിവാഹങ്ങളും വധകൃത്യങ്ങളും -ഹനിഫ് ഖുറെയ്ഷിയുടെ കഥ/ പരിഭാഷ – ജോസ് വര്‍ഗ്ഗീസ്

ഞാന്‍ ഉപകരണ സാമഗ്രികളൊക്കെ തയാറാക്കി അവര്‍ വരുന്നതും കാത്തിരിക്കുകയാണ്. അവര്‍ അധികം താമസിക്കില്ല. ഒരിക്കലും അങ്ങനെ സംഭവിക്കാറില്ല.

നിങ്ങള്‍ക്കെന്നെ നേരിട്ടറിയില്ല. എന്റെ അസ്തിത്വമെന്ന യാഥാര്‍ഥ്യം നിങ്ങളുടെ മനസ്സിന്‍റെ ഒരു വശത്തുകൂടെ പോലും കടന്നുപോയിട്ടില്ല. പക്ഷെ ഞാന്‍ ഉറപ്പിച്ചു പറയാം നിങ്ങള്‍ എന്‍റെ ‘കൃതി’കള്‍ കണ്ടിട്ടുണ്ട്; അത് എല്ലായിടത്തും സംപ്രേക്ഷണം ചെയ്തിട്ടുണ്ട് – ലോകമെമ്പാടുമുള്ള വാര്‍ത്താചാനലുകളില്‍, ഭാഗികമായിട്ടെങ്കിലും. നിങ്ങള്‍ക്കത് ഇന്‍റെര്‍നെറ്റ്‌ വഴിയും കാണാം. ശരിക്കും അതു നിങ്ങള്‍ക്ക് കാണണമെന്നുണ്ടെങ്കില്‍, കണ്ടിരിക്കാനുള്ള മനക്കട്ടിയുണ്ടെങ്കില്‍ മാത്രം.

നിങ്ങള്‍ എന്‍റെ ശൈലിയോ കലാപാടവമോ ഒക്കെ ശ്രദ്ധിക്കും എന്നൊന്നുമല്ല ഞാന്‍ പറഞ്ഞുവരുന്നത്.

ഞാന്‍ വധകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളാണ്. യുദ്ധം തകര്‍ത്തുകൊണ്ടിരിക്കുന്ന എന്‍റെയീ നഗരത്തില്‍, ഞാന്‍ ജനിച്ചുവളര്‍ന്ന ഈ നഗരത്തില്‍, ഇത് വളരെ സാധാരണമാണ്.

Read More: അതിരുകൾ മറികടന്ന അക്ഷരങ്ങൾ

ഇങ്ങനെയുള്ള കാര്യങ്ങള്‍ ഷൂട്ട്‌ ചെയ്യുന്നത് എന്‍റെ ജീവിതാഭിലാഷമൊന്നും ആയിരുന്നില്ല കേട്ടോ. ഞാന്‍ സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. വിവാഹ വീഡിയോകള്‍ ചെയ്യുന്നതും എന്‍റെ ജീവിതാഭിലാഷമല്ലായിരുന്നു – അതെന്തായാലും ഞാനിപ്പോ വളരെ കുറച്ചേ ചെയ്യുന്നുള്ളൂ. ആള്‍ക്കാര്‍ക്ക് ബിരുദങ്ങള്‍ കിട്ടുമ്പോഴുള്ള ആഘോഷങ്ങളുടെയും മറ്റു പാര്‍ട്ടികളുടെയും ഒക്കെ വീഡിയോ എടുത്തു ജീവിക്കാനൊന്നുമല്ലായിരുന്നു എന്‍റെ ആഗ്രഹം. വിദ്യാര്‍ത്ഥിജീവിതം മുതലേ എനിക്കും എന്‍റെ കൂട്ടുകാര്‍ക്കുമൊക്കെ ശരിക്കുള്ള സിനിമകള്‍ എടുക്കാനായിരുന്നു ആഗ്രഹം – ജീവന്‍ തുടിക്കുന്ന അഭിനേതാക്കളും സംഭാഷണങ്ങളും തമാശകളും സംഗീതവുമൊക്കെയുള്ള നല്ല ഒന്നാന്തരം സിനിമകള്‍. അങ്ങനെയൊന്നും ഇവിടെയിപ്പോള്‍ സാധ്യമല്ല.

ഓരോ ദിവസവും നമ്മുടെ പ്രായം കൂടുന്നു, നമ്മള്‍ അലങ്കോലമായിട്ടല്ലേ ജീവിക്കുന്നതെന്ന് തോന്നുന്നു, കഥകള്‍ എല്ലായിടത്തുമുണ്ട്, പറയപ്പെടാന്‍ കാത്ത്, നമ്മള്‍ കലാകാരന്മാരാണ് – ഒക്കെ ശരി തന്നെ. പക്ഷെ ഈ ജോലി, ഈ മരണ ജോലി, അതിനെയൊക്കെ പുറന്തള്ളിക്കളഞ്ഞിരിക്കുന്നു.

Hanif Kureishi's story 'Weddings and Beheadings,Hanif Kureishi, jose varghese, malayalam translation english writer, short story,

സത്യത്തില്‍ ഞങ്ങള്‍ ഇത്തരം ജോലി തേടിപ്പോയതല്ല. ചിലര്‍ ഞങ്ങള്‍ക്കായി ‘ശുപാര്‍ശ’ ചെയ്തു – പിന്നെ അത് ഏറ്റെടുക്കാതിരിക്കാന്‍ നിവര്‍ത്തിയില്ലാത്ത അവസ്ഥയായി. ബന്ധുക്കളെ സന്ദര്‍ശിക്കണമെന്നോ ‘കട്ടിംഗ് റൂമില്‍’ ജോലിയുണ്ടെന്നോ ഒന്നും ഒഴിവുകഴിവുപറയാന്‍ ഇവിടെ പറ്റില്ല – അവര്‍ മുന്നറിയിപ്പൊന്നുമില്ലാതെ എപ്പോഴെങ്കിലും വിളിക്കും, പലപ്പോഴുമത് രാത്രിയിലാവും. പിന്നെ മിനിട്ടുകള്‍ക്കുള്ളില്‍ അവര്‍ പുറത്തു തോക്കുകളുമേന്തി നില്‍ക്കുന്നുണ്ടാവും. കാറിനുള്ളില്‍ കടത്തിയിട്ട്‌ അവര്‍ ഞങ്ങളുടെ തലകള്‍ മൂടിക്കെട്ടും. ഞങ്ങളില്‍ ഒരാള്‍ മാത്രമേ ഒരു സമയത്ത് ഈ പണി ചെയ്യാറുള്ളു. അതുകൊണ്ട് സാധനസാമഗ്രികളൊക്കെ ആ കാട്ടാളന്മാര്‍ ചുമന്നുതരും. പക്ഷെ ശബ്ദവും ദൃശ്യങ്ങളുമൊക്കെ അതേപടി പകര്‍ത്തണം, കാമറ ലോഡ് ചെയ്യണം, പ്രകാശം ആവശ്യത്തിനു കണ്ടെത്തണം- ഇതൊക്കെ ഞങ്ങള്‍ തന്നെ ചെയ്യേണ്ട പണിയാണ്. എനിക്ക് ഒരു സഹായിയെ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്, പക്ഷെ അവരുടെ കാടന്‍ കൂട്ടാളികളെ മാത്രമേ അവര്‍ തരുകയുള്ളൂ. അവന്മാര്‍ക്കാവട്ടെ ഒരു ലെന്‍സ്‌ മര്യാദയ്ക്ക് തുടയ്ക്കാന്‍ പോലും അറിയില്ല, ഒക്കെ നശിപ്പിച്ചു കളയും.

ഈ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരെ എനിക്കറിയാം. ഞങ്ങള്‍ ഇതിനെപ്പറ്റിയൊക്കെ ഇടയ്ക്ക് സംസാരിക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ മറ്റാരോടും ഇതിനെപ്പറ്റി കമാന്നൊരക്ഷരം പറയില്ല. പറഞ്ഞാല്‍ അടുത്ത തവണ കാമറയുടെടെ മുമ്പില്‍ ഞങ്ങളായിരിക്കും.

എന്‍റെ വളരെയടുത്ത സുഹൃത്ത്‌ ഒരു വധകൃത്യം അടുത്തിടെ ഷൂട്ട്‌ ചെയ്തു. അവനൊരു ഡയറക്ടറൊന്നുമല്ല, വെറുമൊരു എഴുത്തുകാരനാണ്‌. ഞാനൊന്നും പറയാന്‍ പോയില്ല, പക്ഷെ, അവന്റെ കയ്യില്‍ ക്യാമറ വിശ്വസിച്ചേല്‍പ്പിക്കാന്‍ കൊള്ളില്ല. അവനാണ് സത്യത്തില്‍ ‘വിവാഹങ്ങളും വധകൃത്യങ്ങളും’ എന്ന് പരസ്യം ചെയ്യുന്ന സന്ദര്‍ശനക്കുറികള്‍ അടിച്ചുണ്ടാക്കാനുള്ള ആശയം ഒക്കെ കൊണ്ടുവന്നത്. കറന്‍റുള്ള സമയമാണെങ്കില്‍ ഞങ്ങള്‍ അവന്റെ ഫ്ലാറ്റില്‍ കൂടും, മഹത്തരമായ സിനിമകള്‍ വീഡിയോപ്ലെയറില്‍ കണ്ടുകൊണ്ടിരിക്കും. അവനൊരു രസികനാണ്. “നീ മണ്ണില്‍ തലപൂഴ്ത്താതെടാ,” ഞങ്ങള്‍ പിരിയുമ്പോഴൊക്കെ അവനെന്നോട് പറയും, “ചിന്തിച്ചു കൂട്ടി വെറുതെ ‘തലകളയാതെ’ ധൈര്യമായിരിക്കടാ.”

അവനു ഈ ജോലിയുടെ പ്രായോഗിക വശങ്ങളെപ്പറ്റിയൊന്നും അറിഞ്ഞുകൂടാ – എങ്ങനെ ക്യാമറ സെറ്റ് ചെയ്യണം, എങ്ങനെ കമ്പ്യൂട്ടറില്‍ ഇതൊക്കെ എഡിറ്റ്‌ ചെയ്യണം, പിന്നെ എങ്ങനെ ഇന്റര്‍നെറ്റിലേയ്ക്ക് അത് കടത്തിവിടണം എന്നൊക്കെ. അതൊക്കെ സ്വയം നേടിയെടുക്കേണ്ട ചില കഴിവുകള്‍ തന്നെയാണ്.

രണ്ടാഴ്ച മുമ്പ് അവന്‍ കാര്യങ്ങള്‍ ശരിക്കും കുഴച്ചുമറിച്ചു. ഇവന്മാര്‍ തരുന്ന ക്യാമറകള്‍ ഉഗ്രന്‍ സാധങ്ങളാണ്; വിദേശ പത്രപ്രവര്‍ത്തകരില്‍ നിന്ന്‍ അടിച്ചുമാറ്റിയവ. പക്ഷെ അവന്‍ ഉപയോഗിച്ചു കൊണ്ടിരുന്നതിലെ ഒരേയൊരു ലൈറ്റ് പെട്ടെന്ന് കേടായി, അതൊട്ട്‌ മാറ്റാന്‍ സമയവുമില്ല. അപ്പോഴേയ്ക്കും അവര്‍ അന്നത്തെ ഇരയെ ക്യാമറയുടെ മുന്‍പിലെത്തിച്ചുകഴിഞ്ഞു. അവന്‍ അവരോടു ആവുന്ന തരത്തിലൊക്കെ പറഞ്ഞു നോക്കി, ഇവിടെ ആവശ്യത്തിനു പ്രകാശമില്ല, ഇത് നന്നായി പതിയില്ല, നിങ്ങളുടെ ജോലിയാണേല്‍ ക്യാമറയ്ക്കുവേണ്ടി രണ്ടാമതൊന്നു ചെയ്യാന്‍ പറ്റുന്നതുമല്ല എന്നൊക്കെ. പക്ഷെ എല്ലാവരും വളരെ ധൃതിയിലായിരുന്നു, അവന് ആരെയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ പറ്റിയില്ല, അവരാണെങ്കില്‍ ഇരയുടെ കഴുത്തറത്ത് തുടങ്ങുകയും ചെയ്തു. എന്തിനു പറയാന്‍, അവന്‍ ആകെ പരിഭ്രമിച്ചു കുഴഞ്ഞു വീണു. ഭാഗ്യത്തിന് ക്യാമറ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. വെളിച്ചമൊന്നും ഇല്ലാതെയാണ് വീഡിയോ വന്നത്, അതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍? എനിക്കത് ഇഷ്ടപ്പെട്ടു – ഡേവിഡ്‌ ലിഞ്ചിന്‍റെ സിനിമ പോലുണ്ടായിരുന്ന അതിനെ ഞാന്‍ ‘ലിഞ്ചിയന്‍’ എന്ന് വിളിച്ചു. പക്ഷെ അവന്മാര്‍ എന്‍റെ സുഹൃത്തിന്‍റെ തലയിടിച്ചു പരുവമാക്കി, പിന്നെ ഒരിക്കലും അവനെ ഉപയോഗിച്ചതുമില്ല.

അവനു ഭാഗ്യമുണ്ടായിരുന്നു. പക്ഷെ എനിക്കു സംശയം അവനിപ്പോള്‍ അല്‍പ്പം ഭ്രാന്തുണ്ടോ എന്നാണ്. അവന്‍ രഹസ്യമായി വധകൃത്യങ്ങളുടെ പതിപ്പുകള്‍ സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോഴവന്‍ സദാസമയവും കമ്പ്യൂട്ടറില്‍ അതിട്ടു കളിയാണ്. അവന്‍ ഒന്ന് കട്ട് ചെയും, പിന്നേം കട്ട് ചെയ്യും, അങ്ങോട്ടുമിങ്ങോട്ടുമൊക്കെ എഡിറ്റു ചെയ്യും, പിന്നെ അതിനു പല തരം സംഗീതവും ചേര്‍ക്കും – സ്വിംഗ്, ഒപേര, ജാസ്, തമാശപ്പാട്ടുകള്‍ അങ്ങനെയൊക്കെ. അവനിപ്പോള്‍ ജീവിതത്തില്‍ ആകെയുള്ള സ്വാതന്ത്ര്യം ഇതിനാണെന്നു തോന്നിപ്പോവും.

നിങ്ങള്‍ ചിലപ്പോ വിശ്വസിക്കില്ല, ഞങ്ങള്‍ക്ക് ഇതിനു പ്രതിഫലം ലഭിക്കാറുണ്ട്. ‘ബുദ്ധിമുട്ടിയതിനു’ പകരമായി അവര്‍ കുറച്ചു പണം തരും, പിന്നെ തമാശകളും പറയും – “അടുത്ത പണിക്കു നിനക്ക് ചിലപ്പോ ഒരു അവാര്‍ഡ്‌ കിട്ടിയേക്കാം. നിനക്കൊക്കെ സമ്മാനങ്ങളും ചെറുപ്രതിമകളും ഫലകങ്ങളും ഇഷ്ടമല്ലേ?”

പക്ഷെ ഇത് ശരിക്കും നരകമാണ്, കാറില്‍ക്കയറിയുള്ള നീണ്ട യാത്രകള്‍, കാമറയും ട്രൈപോഡും ഒക്കെ മടിയില്‍ വയ്ക്കണം. ചാക്കുകളുടെയും തോക്കുകളുടെയും ഒക്കെ മണം. പിന്നെ ചിലപ്പോള്‍ തോന്നും ഇത്തവണ ഞാന്‍ തന്നെയാകും ഇരയെന്ന്. ഇതൊക്കെ കഴിയുമ്പോഴേ ഒരാള്‍ക്ക് ആവശ്യത്തിനു അസ്വാസ്ഥ്യം ഉണ്ടാകും. പിന്നെ ഉടനെ തന്നെ മനസിലാകും ഞാന്‍ ഒരു കെട്ടിടത്തിനുള്ളിലാണെന്ന്, ഒരു മുറിയില്‍. ക്യാമറ  സെറ്റ് ചെയ്യുമ്പോള്‍ അടുത്ത മുറികളില്‍ നിന്ന് പല ശബ്ദങ്ങളും കേള്‍ക്കാം, ഈ ഭൂമിയിലെ ജീവിതം ശരിക്കും ഒരു നല്ല കാര്യം തന്നെയാണോയെന്ന് അപ്പോള്‍ സംശയം തോന്നിപ്പോകും.

നിങ്ങള്‍ക്ക് കൂടുതല്‍ കൃത്യമായ വിവരണങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് എനിക്കറിയാം. പക്ഷെ ഒരാളുടെ തല മുറിക്കുകയെന്നു പറഞ്ഞാല്‍ കുട്ടിക്കളിയല്ല. ഒരു അറവുകാരന് ഒരുപക്ഷെ അത് എളുപ്പമായിരിക്കാം. പക്ഷെ ഈ കാട്ടാളന്‍മാര്‍ക്ക് ഇതിനെപ്പറ്റിയൊന്നും അറിഞ്ഞുകൂടാ. അവന്മാര്‍ക്ക് ഇത് ചെയ്യാന്‍ വളരെ ആവേശമുണ്ടെന്നു മാത്രം. അവര്‍ ചെയ്യാനിഷ്ടപ്പെടുന്ന ജോലി ഇത് തന്നെയാണ്. ടെലിവിഷനില്‍ ഇത് ശരിക്കും പൊലിക്കണമെന്നുണ്ടെങ്കില്‍ മുഖം മൂടുന്നതിനു മുന്‍പ് ഇരയുടെ കണ്ണുകള്‍ വ്യക്തമായി കാണിക്കണം. അവസാനം അവന്മാര്‍ രക്തം ഒലിച്ചിറങ്ങുന്ന തല പൊക്കിപ്പിടിക്കും. അപ്പോള്‍ ക്യാമറ ട്രൈപോഡില്‍ നിന്നിളക്കി കൈകൊണ്ടു ചലിപ്പിക്കണം, എല്ലാ വിശദാംശങ്ങളും കിട്ടണ്ടേ. ഇത് ശരിക്കും ശ്രദ്ധിച്ച് വേണം ‘ഫ്രെയിം’ ചെയ്യാന്‍. എന്തെങ്കിലും പകര്‍ത്താന്‍ വിട്ടു പോയാല്‍ കുഴഞ്ഞത് തന്നെ. (നിങ്ങള്‍ക്ക് പെട്ടെന്ന് വിടുവിപ്പിക്കാന്‍ പറ്റുന്ന ട്രൈപോഡ്‌ വേണമെന്നര്‍ത്ഥം. എനിക്ക് നല്ലയൊരെണ്ണമുണ്ട്, അത് ഞാന്‍ ആര്‍ക്കും കൊടുക്കില്ല.)

വിഡിയോ പരിശോധിക്കുകയും ഓടിച്ചു നോക്കുകയും ചെയ്യുന്ന നേരത്ത് അവന്മാര്‍ വെറുതെ വെടിയുതിര്‍ത്ത് അര്‍മാദിക്കും. പിന്നെ ഒരു ചാക്കിനുള്ളില്‍ കയറ്റി ഇരയുടെ ശവം എവിടെങ്കിലും കൊണ്ട് കളയും. അതൊക്കെ കഴിഞ്ഞിട്ടാണ് നമ്മളെ വേറെ ഒരു സ്ഥലത്ത് കൊണ്ട് പോകുക. അവിടെ വീഡിയോ കമ്പ്യൂട്ടറില്‍ പകര്‍ത്തി പലയിടത്തേയ്ക്ക് അയച്ചുകൊടുക്കും.

Hanif Kureishi's story 'Weddings and Beheadings,Hanif Kureishi, jose varghese, malayalam translation english writer, short story,

ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട് ഇതെന്നെ എവിടേയ്ക്കാണ്‌ നയിക്കുന്നതെന്ന്. ഞാന്‍ യുദ്ധം ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരെപ്പറ്റി ഓര്‍ക്കും. ചിലര്‍ പറയാറുണ്ട് അവര്‍ യാതനകളുടെയും മരണത്തിന്‍റെയും യാഥാര്‍ത്ഥ്യം ക്യാമറയുടെ അകലത്തിലൂടെ മറികടക്കുകയാണെന്ന്. പക്ഷെ അവര്‍ ആ ജോലി തിരഞ്ഞെടുത്തതാണ്. അവര്‍ അതില്‍ വിശ്വസിക്കുന്നു. ഞങ്ങളാകട്ടെ വെറും നിരപരാധികള്‍.

ഒരിക്കല്‍ ഞാന്‍ ശരിക്കും ഒരു സിനിമയെടുക്കും. ഒരു തലമുറിച്ചുമാറ്റലായേക്കും അതിന്‍റെ തുടക്കം. പിന്നെ അതിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഒന്നൊന്നായി കാണിക്കും. അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്ന ജീവിതമാണ് എനിക്കിഷ്ടം. പക്ഷെ ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് കുറെയധികം കാലമെങ്കിലും ഞാന്‍ ഈ മരണപ്പണി ചെയ്യേണ്ടിവരുമെന്നാണ് തോന്നുന്നത്. ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ ഒരു ഭ്രാന്തനായി മാറുകയാണെന്ന്, ഈ രക്ഷപെടലും എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നെന്ന്.

ഞാന്‍ പോട്ടെ. വാതിലില്‍ ആരോ മുട്ടുന്നു.

 

 

Published earlier in Zoetrope: All-Story Vol.10. No.4, Lakeview Journal Vol.1 No.1 and included in Hanif Kureishi: Collected Stories (Faber and Faber, 2011)

ഹനിഫ് ഖുറെയ്ഷി : ഇന്ത്യന്‍ – പാകിസ്താനി വേരുകളുള്ള ഇംഗ്ലീഷ് നോവലിസ്റ്റ്. ഇംഗ്ലണ്ടിലെ കെന്‍റില്‍ ജനനം, കിംഗ്‌സ് കോളേജില്‍ ഫിലോസഫി പഠിച്ചു. The Buddha of Suburbia (Whitbread Prize for Best First Novel), The Black Album, Intimacy, Something To Tell You, The Last Word, The Nothing മുതലായ നോവലുകള്‍ കൂടാതെ നിരവധി ചെറുകഥകളും തിരക്കഥകളും ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.Commander of the Order of the British Empire (CBE), PEN/Pinter Prize ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ച ഹനിഫിന്‍റെ പുസ്തകങ്ങള്‍ പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ജോസ് വർഗീസ്- സൗദി അറേബ്യയില്‍ ജസാന്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനാണ്. ലേയ്ക്-വ്യൂ , സ്ട്രാന്‍ഡ്സ് പബ്ലിഷേഴ്സ് എന്നിവയുടെ എഡിറ്റര്‍. ഇംഗ്ലീഷില്‍ എഴുതുന്നു, മലയാളം-ഇംഗ്ലീഷ് , ഇംഗ്ലീഷ്-മലയാളം വിവര്‍ത്തനങ്ങള്‍ ചെയ്യുന്നു

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Weddings and beheadings hanif kureishi