മായാഖഡ്ഗം കൊണ്ട് ഇടത്തേ ചെവി മുറിച്ച് കുടവയറനായ ജഡ്ജിക്ക് സമ്മാനിച്ച ശേഷം പ്രതിക്കൂട്ടിൽ നിന്ന് പൊടിയൻ പുഞ്ചിരിച്ചു.
പ്രോസിക്യൂഷൻ: കുറ്റം സമ്മതിക്കാതിരിക്കാൻ എന്തെങ്കിലും കാരണം?
പ്രതി: ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം.
പ്രോസി: ആരു നിന്ന കാര്യമാണ് പറയുന്നത്?
പ്രതി: വൈരാഗ്യമേറിയോരു വൈദികനാട്ടേ, ഏറ്റ വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടേ…
പ്രോസി: ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വരൂ.
പ്രതി : കറുകയുടെ നെറുകയിലൊരു കുഞ്ഞ് സൂര്യനുണ്ട്.
പ്രോസി: നിങ്ങൾ ഭ്രാന്ത് അഭിനയിക്കുകയാണ്.
പ്രതി : ഭ്രാന്തന്മാർ നമ്മുടത്ര ഭ്രാന്തന്മാരല്ല.
പ്രോസി: ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സ്വഭവനത്തിൽ ഉറങ്ങിക്കിടന്ന ഭാര്യാമാതാവ് രമണിയുടെ കഴുത്തിൽ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കുറ്റം നിഷേധിക്കാൻ കാരണമൊന്നുമില്ലല്ലോ എന്നാണ് ചോദ്യം.
പ്രതി : എന്റെ സിരയിൽ നുരയ്ക്കും പുഴുക്കളില്ല. കണ്ണിലിരവിന്റെ പാഷാണ തിമിരമില്ല..
പ്രോസി: കൊലയ്ക്കുള്ള കാരണം? പ്രേരണ?
പ്രതി: നല്ലെണ്ണ..
പ്രോസി: നല്ലെണ്ണ?
പ്രതി: കാച്ചെണ്ണ തേച്ച നിൻ കാർകൂന്തളത്തിന്റെ കാറ്റേറ്റുറങ്ങുവാൻ മോഹം.
പ്രോസി: നിങ്ങൾ കോടതിയുടെ വിലപ്പെട്ട സമയം വെറുതേ കളയുകയാണ്.
പ്രതി: സമയം… സമയം. സമയമാം രഥത്തിൽ ഞാൻ നരകയാത്ര ചെയ്യുന്നു. എന്റെ പൊന്നമ്മായീ നിങ്ങൾ സ്വർഗ്ഗയാത്ര ചെയ്യുന്നു.
പ്രോസി: നല്ലെണ്ണയുടെ രഹസ്യം പറയൂ.
പ്രതി: അയാൾ, മൈ ഡാർലിങ് അമ്മാവൻ ശിവരാത്രീടന്ന് തങ്കമണീടെ കടേന്ന് നല്ലെണ്ണേം കൊണ്ട് പോണത് പൊടിയൻ കണ്ടു. ഈ പൊടിയൻ അങ്ങുന്ന് കണ്ടു. ഹ ഹ…

പ്രോസി: നല്ലെണ്ണ നിങ്ങളെ കടിച്ചോ?
ജഡ്ജി: ഓർഡർ, ഓർഡർ.
പ്രോസി: പാർഡൻ മി, യുവർ ഓണർ.
പ്രതി: ചിലപ്പം കടിക്കും. ചിലപ്പം നക്കും. ഒന്നാം വർഗ്ഗ ഉത്തോലകം. കപ്പി. കപ്പി. കപ്പീൽ എണ്ണയിടാനാ ഉവ്വേ. ലൂബ്രിക്കേഷൻ.
പ്രോസി : ഒന്നും മനസ്സിലായില്ല.
പ്രതി: മനസ്സിലാവത്തില്ല. അതോണ്ടല്ലേ നിങ്ങൾ വക്കീലായത്? മനസ്സിലായവർ ഓട്ടോ ഓടിക്കും. സൂതനാവും. ഉഗ്രശ്രവസ്സ് എന്ന ഓട്ടോക്കാരൻ. ഹ.ഹ.
പ്രോസി: നല്ലപ്പഴാണോ നല്ലെണ്ണ വാങ്ങിച്ചത്?
പ്രതി : അങ്ങനെ ബുദ്ധിപരമായി ചോദിക്ക്. വിഷുവിനും തിരുവോണത്തിനും വാങ്ങിച്ചാരുന്നു. അന്നേ ഞാൻ ഓങ്ങി വച്ചതാ. അപ്പോഴെല്ലാം അതാവർത്തിച്ചു. പിറ്റേ ദിവസം വെളുപ്പിന് (പല്ല് കടിച്ചു കൊണ്ട് ) മൂപ്പത്തി ബ്രായും പാന്റീസും നനച്ചിട്ടു…
പ്രോസി: അടിവസ്ത്രങ്ങൾ കഴുകിയിടുന്നത് കൊലപാതകത്തിന് പ്രേരണയാകുന്നതെങ്ങനെ?
പൊടിയൻ കൈ മുറുക്കി പ്രതിക്കൂട്ടിന്റെ ഫ്രെയിമിൽ ഇടിച്ചശേഷം നിലത്ത് കുഴഞ്ഞ് വീണു.
ജഡ്ജി: ദ കോർട്ട് ഈസ് അഡ്ജേൺഡ്.
നാരായണന്റെ ചായക്കട
കൊച്ചാപ്പി: ആ പൊടിയൻ അമ്മായിയമ്മയെ കുത്തിയത് ഒള്ളത് തന്നേ?
ഔസേപ്പ് : കുത്തിയതല്ല. കോടാലിക്ക് അറഞ്ചം പൊറഞ്ചം കീറിക്കളഞ്ഞു. ഔസേപ്പ്
നാരായണൻ: കാര്യമറിയാതെ സംസാരിക്കരുത്. പച്ചച്ചക്ക വെട്ടുമ്പോലെ കഴുത്തിൽ കോടാലി കൊണ്ട് ഒറ്റ വെട്ട് തുണ്ടം രണ്ട്…
കൊച്ചാപ്പി: ആ ചെറുക്കന് പ്രാന്താ?
ഔസേപ്പ് : ഡിഗ്രി വരെ പഠിച്ചവനല്ലേ? പഠിപ്പ് കൂടിയതാ പ്രശ്നം. കവിത വായനേം ഉണ്ട്.
കൊച്ചാപ്പി: ജോലി കിട്ടാത്തതിന്റെ നിരാശയാന്നാ പറയുന്നത്. കൂടെ പഠിച്ച പത്തിൽ തോറ്റവർക്കൊക്കെ കെ എസ് ഇ ബി യിൽ മസ്ദൂർ ജോലി കിട്ടി. മുടിഞ്ഞ ശമ്പളമല്ലേ? തോറ്റ് കിടന്ന പൊടിയനെ അമ്മായിത്തള്ള ഉന്തിത്തള്ളി ഡിഗ്രി വരെ പഠിപ്പിച്ചതാ വെനയായത്.
നാരായണൻ: പി എസ് സീന്ന് ഓർഡർ വന്നെന്നാ ഞാനും കേട്ടത്. പത്ത് ജയിച്ചോണ്ട് ചേരാമ്പറ്റിയില്ല.
കള്ള്ഷാപ്പ് T S No 48
വേണു: പൊടിയന്റെ കേസ് എന്തരായെടാ?
ആത്ത: എന്തരാവാൻ? കേസല്ലേ, അതിനി ഒച്ചിഴയണപോലെ ഇഴയും.
വേണു: നീയും അവനും മച്ചാനും മച്ചാനും ആയിരുന്നല്ലോ.
ആത്ത: അതിന്?
വേണു: ഞാൻ വിചാരിച്ച് നിങ്ങള് മറ്റതായിരിക്കുമെന്ന്.
ആത്ത: എന്നു വച്ചാ?
വേണു: ഒന്നും അറിഞ്ഞൂടാത്ത ദിവ്യൻ! മറ്റേ ഏർപ്പാടില്ലേ? ‘ഞമ്മക്ക് ഒരു കട്ടൻ, കുണ്ടന് എരിവില്ലാത്ത ബിരിയാണി’
ആത്ത: പോടാ മൈ**
വേണു: ഞാൻ കേട്ട കാര്യം പറഞ്ഞെന്നേ ഉള്ളൂ.
ആത്ത: എന്നാ അവന് അങ്ങനച്ചിരി ഉണ്ട്. ഞാൻ പിന്നെയാ അറിഞ്ഞത്. ഞാനുമായിട്ട് അമ്മച്ചിയാണെ ഇല്ല. ച്ഛേ!
വേണു: എന്തിനെടേ അവൻ അമ്മായിയെക്കേറി വെട്ടിയത്?
ആത്ത: എനിക്കറിയത്തില്ല.
വേണു: പോടാ. നിനക്കറിയാം.
ആത്ത: ഒരു ക്ലൂവേ എനിക്കറിയാവൂ.
വേണു: (ഒച്ച താഴ്ത്തി) അത് പറ.

ആത്ത: മൂപ്പത്തിയാരുടെ നായര് വൈയൂട്ട് നല്ലെണ്ണ വാങ്ങണതിന്റെ പിറ്റേ ദിവസം വെളുപ്പിന് മൂപ്പത്തി ബ്രായും മറ്റും കഴുകിയിട്ടാൽ രാത്രി അവരു തമ്മിൽ കളി നടക്കുമെന്നാണ് അവൻ പറയുന്നത്.
വേണു: എന്നു വച്ചാ അമ്മാവിയും കെട്ടിയവനും തമ്മിൽ ?
ആത്ത: ഉം.
വേണു: അതിന് ഇവനെന്തര്?
ആത്ത: അതാ ഞാനും ചോദിച്ചത്!
വേണു: അവന് അമ്മായിത്തള്ളയെ നോട്ടം വല്ലതും ഉണ്ടോടേ?
ആത്ത: ഞാൻ അത് ചോദിച്ചതിനാ അവൻ ഇടിച്ചെന്റെ അണപ്പല്ല് ഒടിച്ചത്.
വേണു: അങ്ങേര് ഈ അപാര കുടവയർ വച്ച് എങ്ങനെ ഒപ്പിക്കണതോ എന്തോ!
ആത്ത: കുടവയറ് ഐശ്വര്യമാന്നാ പൊടിയൻ പറയുന്നത്. യമണ്ടൻ കുടവയറിൽ കെട്ടിപ്പിടിക്കാനല്ലേ അവൻ പുലികളി കാണാനെന്നും പറഞ്ഞ് വണ്ടീം വള്ളോം കേറി തൃശൂർ വരെ പോണത്. അവിടെ വച്ചല്ലേ അമ്മായിയച്ഛനെ ആദ്യമായി കാണണത്.
പത്ത് വർഷങ്ങൾക്ക് മുമ്പ്
പുലി കളി കാണാൻ തൃശൂർക്ക് പോയ പൊടിയൻ കൂട്ടത്തിൽ ഏറ്റവും വലിയ പുലിയായ കണാരന്റെ വയറ് നോക്കി തോനെ സമയം ഇരുന്നു. അനന്തരം മാന്ത്രികന്റെ ആഭിചാരത്തിൽ മയങ്ങിയവനെപ്പോലെ കണാരന്റെ പുറകേ കൂടി. കണാരനും കൂട്ടരും കാരംസ് ക്ലബ്ബിന്റെ ചായ്പ്പിലിരുന്ന് കള്ള് കുടിച്ചു. വയറ് കാണാൻ പാകത്തിൽ പൊടിയനും ഇരുന്നു. അന്ന് രാത്രി അവിടെ കിടന്ന് ഉറങ്ങി. വെളുപ്പിന് വാഴപ്പണയിൽ വെളിക്കിറങ്ങിയ ശേഷം കണാരൻ ഉറക്കച്ചടവോടെ സൈക്കിളു ചവിട്ടി വീട്ടിലെത്തി. കാലുവീശി ഇറങ്ങാൻ നേരമാണ് കാരിയറിൽ പൊടിയനിരിക്കുന്നത് കണ്ടത്. എവിടാ വീടെന്ന് ചോദിച്ചു. തിരുവനന്തപുരമെന്ന് പറഞ്ഞു. എന്താ പേരെന്ന് ചോദിച്ചു. പൊടിയനെന്ന് പറഞ്ഞു. എന്താ ജോലീന്ന് ചോദിച്ചു. ഒന്നും പറഞ്ഞില്ല.
പഴങ്കഞ്ഞീം കട്ടൻ ചായയും കൊടുത്തു. കുടിച്ചു. കളീടെ ക്ഷീണത്തിൽ കണാരൻ ഉറങ്ങി. കണ്ട ക്ഷീണത്തിൽ പൊടിയനും ഉറങ്ങി. വൈകീട്ട് കണാരൻ ഉണർന്നു. ദോശ തിന്നു. പൊടിയനും തിന്നു.
വീടിനോട് ചേർന്ന് കണാരന് സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്ന കടയുണ്ട്. രണ്ടു ദിവസം കണാരൻ കുടവയറും വച്ചുകൊണ്ട് പഞ്ചറൊട്ടിച്ചു. രണ്ടു ദിവസവും പൊടിയൻ തടിബഞ്ചിലിരുന്ന് കുടവയർ കണ്ടാസ്വദിച്ചു. മൂന്നാം ദിവസം പൊടുന്നനെ കണാരൻ ചോദിച്ചു.

”നിനക്കെന്താണ് വേണ്ടത്?”
പൊടിയൻ നാണം കൊണ്ട് വയറ്റീന്ന് കണ്ണെടുത്ത് 90 ഡിഗ്രി വലത്തോട്ട് പിടിച്ചു. അവിടെ കണാരന്റെ മകൾ തുളസി, ചിത്തിര നക്ഷത്രം, ഇരുനിറം, ഡിഫറന്റലി ഏബിൾഡ്, മുച്ചുണ്ടുമായി വായും തുറന്ന് നിൽപ്പുണ്ടായിരുന്നു.
”അവൾ ഒമ്പതിൽ പഠിക്കണതേയുള്ളൂ!” കണാരന്റെ കണ്ണു വിടർന്നു.
”പഠിത്തം ഒരു കൂട്ടവും പിന്നേം തുടരാവുന്നതല്ലേ ഉള്ളൂ…”
പൊടിയൻ പ്രത്യുൽപ്പന്നമതിയായി.
അങ്ങനെയാണ് ആ അണുകുടുംബം തിരുവനന്തപുരത്തേയ്ക്ക് താമസം മാറിയത്.
ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറുടെ ചേമ്പർ
ഓഫീസർ 1 : അവനൊരു ഗേ യാണെന്ന് ഉറപ്പിക്കാം. പോരാത്തതിന് കുടവയറുള്ള ആണുങ്ങളോട് ഒരു വല്ലാത്ത ഒബ്സഷനും! ഗേ ഷെയിം കാരണം ഇത്തരക്കാർ അവരുടെ പേഴ്സണാലിറ്റി കാമോഫ്ലാഷ് ചെയ്യും . കണാരനൊപ്പം താമസിക്കാനാണ് അവൻ ആ ഡിഫറന്റലി ഏബിൾഡ് ആയ പെണ്ണിനെ കെട്ടിയത്.
ഓഫീസർ 2 : കണാരൻ നല്ലെണ്ണ വാങ്ങുന്നതിന്റെ പിറ്റേന്ന് ആയമ്മ ബ്രായും പാന്റീസും നനച്ചിടുകയാണെങ്കിൽ തലേ രാത്രി സെക്സ് നടക്കാറുണ്ടെന്ന പാറ്റേൺ അവൻ മനസ്സിലാക്കിയിട്ടുണ്ട്.
ഓഫീസർ 1 : എന്നാപ്പിന്നെ കല്യാണത്തിന് മുൻപും ഇത് സംഭവിച്ചു കാണുമല്ലോ.
ഓഫീസർ 2 : അത് ഞാൻ അന്വേഷിച്ചു. അവിടെ രണ്ട് ബെഡ് റൂമേ ഉള്ളൂ. കല്യാണത്തിന് മുൻപ് ഒരു റൂമിൽ പൊടിയനും കണാരനും മറ്റേ റൂമിൽ അമ്മേം മോളുമാ കിടന്നിരുന്നത്.
ഓഫീസർ 1 : ഇപ്പം മനസിലായി.
ഓഫീസർ 2 : കുളിക്കാൻ വെള്ളം ചൂടാക്കാറുള്ള കലം കോടാലിക്ക് അടിച്ചു പൊട്ടിച്ചപ്പോ അവർ വന്നു ഇടയിൽ കയറിയത് ആവാനാണ് സാധ്യത. ഒരു കൊലപാതകം ചെയ്യാനുള്ള മെന്റാലിറ്റി ആ ചെറുക്കന് ഉണ്ടെന്ന് തോന്നുന്നില്ല.അവനെ കുറിച്ചുള്ള അന്വേഷണത്തിലും അതാണ് ആളുകൾ പറയുന്നത്.
ഓഫീസർ 1 : ഗേ ഷെയിം സപ്രസ് ചെയ്യുന്നവർക്കു കുറ്റകൃത്യം ചെയ്യാനുള്ള തോന്നൽ കൂടുമെന്നൊരു വാദമുണ്ട്. അതിന് നമ്മുടെ സമൂഹമാണ് ഉത്തരവാദി. എനിവേ എ ക്രൈം ഈസ് എ ക്രൈം, പ്രത്യേകിച്ച് കൊലപാതകം.
വിലങ്ങണിഞ്ഞ പൊടിയനുമായി എസ് ഐ കുട്ടൻപിള്ള കയറി വന്നു. അവന്റെ മിഴിമുനയിൽ നിന്നും കുട്ടൻപിള്ളയുടെ കുടവയറുമൂലം പൊട്ടാറായ ബട്ടൻസിനെ പിടിച്ചു നിർത്താൻ കൊരവള്ളി പോലുള്ള നൂലുകൾ പെടുന്ന പാട് ഓഫീസർമാർ വായിച്ചെടുത്തു.