scorecardresearch
Latest News

അതിരുകള്‍ തേടുന്ന അവനവന്‍ തുരുത്തുകള്‍

“ദ്വീപില്‍ എത്തിച്ചു ഭൂപടവും ചില സൂചനകളും തന്ന് എഴുത്തുകാരന്‍ രക്ഷപ്പെട്ടു കളയും. പുറത്തേക്കുള്ള വഴി വായനക്കാരന്‍ സ്വയം കണ്ടു പിടിച്ചു കൊള്ളണം” വി എം ദേവദാസിന്‍റെ കഥകളെക്കുറിച്ച്

അതിരുകള്‍ തേടുന്ന അവനവന്‍ തുരുത്തുകള്‍

തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന മരണത്തെ നോക്കിയാണ് ആയിരത്തൊന്നു രാത്രികള്‍ ഷെഹറാസാദ് കഥ പറഞ്ഞു കൊണ്ടേയിരുന്നത്. രതിയും, പ്രണയവും, ചതിയും, ഹിംസയും നിറഞ്ഞ കല്പനകള്‍ ഓരോ ദിവസമെന്ന കണക്കിന് ഷെഹരിയാറിന്‍റെ വാളില്‍ നിന്നും അവളെ പ്രതിരോധിച്ചു കൊണ്ടിരുന്നു. അങ്ങനെ കഥ പറഞ്ഞു പറഞ്ഞു ഷെഹറാസാദ് വാളിന്‍ മുനയില്‍ നിന്നും രാജാവിന്‍റെ ഖല്‍ബിലേയ്ക്ക് ചേക്കേറി. അതാണ്‌ കഥ പറച്ചിലിന്‍റെ ഊര്‍ജ്ജം.

സാഹിത്യം എഴുതുമ്പോഴും വായിക്കുമ്പോഴും മനുഷ്യ മനസ്സ് അന്വേഷിക്കുന്നത് അവനവന്‍ ജീവിതത്തില്‍ കാംക്ഷിക്കുന്ന എന്തൊക്കെയോ ആണ്. ഓരോ മനുഷ്യനും അത് വേറിട്ട അനുഭവമാണ്. ചിലര്‍ക്കത് ജീവിത പ്രതീക്ഷകളാണ്. ചിലര്‍ക്ക് ഏകാന്തതയില്‍ നിന്നോ ആത്മഹത്യയില്‍ നിന്നു തന്നെയോ ഉള്ള മോചനമാണ്. പ്രതീക്ഷകളുടെയും നന്മ സന്ദേശങ്ങളുടെയും കൂട്ടിയെഴുന്നെള്ളിപ്പ് പ്രതീക്ഷിച്ച് ഏടുകള്‍ മറിക്കുന്ന വായനക്കാരനെ തുമ്പിക്കൈയിലെടുത്തു പൊക്കിയെറിയുന്ന ചില ഒറ്റയാന്‍ രചനകളുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് വി.എം. ദേവദാസിന്‍റെ കഥകള്‍. ‘മരണസഹായി’, ‘ശലഭജീവിതം’, ‘അവനവന്‍തുരുത്ത്’, ‘വഴി കണ്ടുപിടിക്കുന്നവര്‍’ എന്നിങ്ങനെ പല സമാഹാരങ്ങളിലായി ചിതറി കിടക്കുന്ന കഥകളെ ഒറ്റ വാക്യത്തില്‍ ഇങ്ങനെ പറയാം.

ഒട്ടും പരിചിതമല്ല എന്ന് തോന്നിപ്പിക്കുന്ന ലോകത്തേയ്ക്ക് അനുവാചകനെ നയിച്ച്‌ വായനക്കൊടുവില്‍ അതവന്‍റെ ചുറ്റുപാട് തന്നെയാണ് എന്ന തിരിച്ചറിവുണ്ടാക്കി ഒരു നീറ്റല്‍ ബാക്കിയാക്കുന്നവ.

രാഷ്ട്രീയവും നിലപാടുകളും ഉള്ള ജനതയാണ് മലയാളികള്‍. മലയാളിയുടെ ആസ്വാദന രീതികളിലും ഈ സ്വഭാവസവിശേഷത പ്രകടമാണ്. പക്വമതിയായ മലയാളി വായനക്കാരനെ പിടിച്ചിരുത്തുക എന്നത് കാലം ചെല്ലും തോറും ഏറെ പ്രയാസകരമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഇവിടെയാണ്‌ വായനക്കാരന് മുന്നില്‍ അവന്‍റെ പച്ചയായ ലോകം വരച്ചിട്ട ശേഷം അതിലേക്ക് സൂക്ഷിച്ച് നോക്കാന്‍ ഒരു ദാക്ഷിണ്യവുമില്ലാതെ ദേവദാസ് പറയുന്നത്.

വായിക്കാം: വി എം ദേവദാസിന്‍റെ ‘ചെപ്പും പന്തും’ എന്ന നോവലിനെക്കുറിച്ച് റഹ്മാന്‍ കിടങ്ങയം എഴുതുന്നു

സാമ്പ്രദായിക രീതികളോ ബിംബങ്ങളോ ഒന്നും ഈ കഥകളില്‍ എവിടെയും കാണില്ല. എവിടെയൊക്കെ എന്തൊക്കെ നടന്നു എന്ന് വിശദീകരിച്ച് വായനക്കാരന്‍റെ ഭാവനയെ സുഖിപ്പിക്കാന്‍ ഒട്ടും താല്‍പര്യം ഇല്ല ദേവദാസിന്‍റെ കഥകള്‍ക്ക്. മറിച്ച് ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ എന്തു കൊണ്ട് നടക്കുന്നു എന്നാണ് അവയോരോന്നും അന്വേഷിക്കാന്‍ ഇഷ്ടപ്പെടുന്നത്.

സമകാലിക എഴുത്തുകാരുടെ കഥകള്‍ പലപ്പോഴും പ്രാദേശികതയുടെ ചട്ടക്കൂടുകളില്‍ ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഒതുങ്ങാന്‍ ഇഷ്ടപ്പെടുമ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത വിസ്തൃതമായ കാന്‍വാസില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഇടപെടലുകള്‍ നടത്തുന്നു ദേവദാസിന്‍റെ കഥകള്‍.

തന്‍റെ സഹോദരന് കിട്ടാതെ പോയ നീതിയില്‍ പ്രതിഷേധിച്ച് രണ്ടു വര്‍ഷത്തിലധികം സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം നടത്തിയ ശ്രീജിത്തിനെ കണ്ടാണ്‌ ഈ വര്‍ഷം തുടങ്ങിയത്. ഏറെ മാസങ്ങള്‍ കഴിയും മുന്‍പ് ചോര പുരണ്ട നഗ്നമായ കർഷകരുടെ കാലടികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി മുംബൈ നഗരത്തിൽ അതി ശക്തമായ നിശ്ശബ്ദ പ്രകടനം നടത്തുന്നതും നമ്മള്‍ കണ്ടു. കാലാതീത പ്രസക്തമാണ് മനുഷ്യന്‍റെ അതിജീവന സമരങ്ങള്‍. സമര മുറകള്‍ മാത്രമേ മാറുന്നുള്ളൂ. ഇത്തരമൊരു സംഭവത്തെ ആസ്പദമാക്കി ദേവദാസ് എഴുതിയ കഥയാണ് ‘ചാച്ചാ’.

1955-ഇല്‍ നാഗ്പൂരില്‍ വച്ച് ബാബുറാവു ലക്ഷ്മണ്‍ എന്നൊരാള്‍ പ്രത്യേകിച്ചൊരു കാരണവും കൂടാതെ നെഹ്‌റുവിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. നെഹ്‌റുവിനെ വധിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്‍റെ ജീവിത പ്രശ്നങ്ങള്‍ അറിയിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാതെ ചെയ്തതാണ് എന്നുമാണ് അയാള്‍ ഈ കൃത്യത്തെ ന്യായീകരിച്ചത്. ഈ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ‘ചാച്ചാ’ എന്ന കഥ. ഒരു എട്ടു വയസ്സുകാരന്‍ തന്‍റെ ചാച്ചാ ഈ കുറ്റത്തിനുള്ള വിചാരണയും ശിക്ഷയും എറ്റു വാങ്ങുന്നതിനെ നോക്കി കാണുന്ന രീതിയിലാണ് ആഖ്യാനം.

കാരണമഞ്ജാതമായ ആക്രമണത്തിന്‍റെ ചരിത്ര മൗനങ്ങളില്‍ കഥാകൃത്ത്‌ പരതുമ്പോള്‍ വായനക്കാരന്‍ കാണുന്നത് അധികാരത്തിന്‍റെ കുതിരക്കുളമ്പടികളില്‍ നിസ്സഹായനായ മനുഷ്യന്‍ എങ്ങനെയൊക്കെ പ്രതികരിക്കും എന്നാണ്.

അധികാര സ്ഥാനങ്ങളില്‍ നിന്നുമുണ്ടാവുന്ന അനീതികളില്‍ ജീവിതം കൈവിട്ടു പോകുന്ന ഒരു മനുഷ്യന്‍റെ ചെയ്തിയാണ് ആ സംഭവം. ഒരുപക്ഷേ, ദേവദാസിന്‍റെ എഴുത്തിന്‍റെ പ്രത്യേകതയും ഇതാണ്. സ്തൂല നേത്രങ്ങള്‍ക്ക് അപ്രധാനം എന്നുതോന്നുന്ന സംഭവങ്ങളെയോ കഥാപാത്രങ്ങളെയോ മുന്‍നിര്‍ത്തി ദൈനംദിന ജീവിത പ്രശ്നങ്ങളിലേയ്ക്ക് അവ ആഴ്ന്നിറങ്ങും. ഇതു പോലുള്ള ‘ചാച്ചാ’മാര്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ന് നമ്മുടെ വാര്‍ത്തകളില്‍.v.m devadas,malayalam writer,smitha vineed

അധികാരം എത്ര അനീതിയോടെയാണ് മനുഷ്യനോട് പെരുമാറുന്നത് എന്ന് പറയുന്ന ദേവദാസിന്‍റെ മറ്റൊരു കഥയാണ് ‘നഖശിഖാന്തം’. പന്തീരായിരം ലക്ഷത്തില്‍പരം വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ലങ്കയുമായി ബന്ധപ്പെട്ട് നരകത്തിലകപ്പെടുന്ന രണ്ടു കുട്ടികളാണ് ഇവിടെ കഥ മുന്നോട്ടു കൊണ്ടു പോകുന്നത്. സിംഹള സേനയുടെ പിടിയിലകപ്പെട്ട് പീഡനങ്ങളേറ്റു വാങ്ങിയ തമിഴ്പുലി ഇശൈപ്രിയയുടെ മകളാണ് അകല്യ എന്ന പെണ്‍കുട്ടി. ആണ്‍കുട്ടിയാകട്ടെ ലക്ഷ്മണനാല്‍ വധിക്കപ്പെടുന്ന, ശൂര്‍പ്പണഖയുടെ മകന്‍ ശംഭുകുമാരനാണ്. നരകത്തില്‍ നിന്നും മോക്ഷം നേടാനുള്ള പരീക്ഷണത്തിനായി യമരാജന്‍ തിരഞ്ഞെടുക്കുന്നവരാണ് ഇവര്‍ രണ്ടു പേരും. അവരുടെ കഥ കേട്ടു ബോധിച്ചാല്‍ നരകത്തില്‍ നിന്നും വിടുതല്‍ ചെയ്യും. അകല്യയും ശംഭുകുമാരനും യമരാജനോടും ചിത്രഗുപ്തനോടും നടത്തുന്ന വാദപ്രതിവാദങ്ങളിലൂടെ അധികാരവര്‍ഗ അയുക്തികളെ കണക്കിന് ആക്ഷേപിക്കുന്നുണ്ട് ഇതില്‍. രാമലക്ഷ്മണന്‍മാര്‍ പര്‍ണശാല കെട്ടുവാന്‍ തകര്‍ത്ത കാടിന്‍റെ സന്തുലിതാവസ്ഥയെക്കുറിച്ചൊക്കെ ഇതിനു മുമ്പോ ശേഷമോ ആരെങ്കിലും എഴുതും എന്ന് തോന്നുന്നില്ല.

വിജയിച്ചവര്‍ പറയുന്ന കഥകള്‍ ചേര്‍ത്തുണ്ടാക്കിയതാണ് ചരിത്രവും പുരാണവും. അത് കൊണ്ടു തന്നെ അവ രണ്ടും ന്യായീകരിക്കുന്നതാരെയോ സമൂഹബോധത്തിന് അവര്‍ ഉത്തമരും മറ്റുള്ളവരെല്ലാം കുറ്റക്കാരുമാണ്.

പുരാണങ്ങള്‍ മുതലിങ്ങോട്ടു ഏതു യുദ്ധങ്ങള്‍ എടുത്താലും ജയിച്ചവര്‍ അത് അര്‍ഹിച്ചിരുന്നു എന്ന് യുക്തിയുള്ള ആര്‍ക്കും പൂര്‍ണ്ണമായി സമ്മതിക്കാനാവില്ല. ആരാന്‍റെ പുസ്തകത്തില്‍ കുറിച്ചു വച്ചിരിക്കുന്നത് മാത്രമല്ല വാസ്തവം. അത് ഒരു വശം മാത്രമാണ് എന്ന് തന്നോടും അമ്മയോടും ലോകനീതി ചെയ്ത അന്യായത്തെ ക്കുറിച്ച് അകല്യ പറയുന്നുണ്ട്. എന്നാല്‍ അവളുടെ ശക്തിയുക്തമായ വാദങ്ങളെ തൃണവൽഗണിച്ച് ധര്‍മ്മയുദ്ധങ്ങളില്‍ നടക്കുന്ന നീതികേടുകളെ ന്യായീകരിക്കുകയാണ് ചിത്രഗുപ്തന്‍ ചെയ്യുന്നത്. അസത്യം പറയുന്നവര്‍ക്കുള്ള നരകം വേറെയുണ്ട് എന്നു പറയുന്ന ചിത്രഗുപ്തന്‍ തനിക്കത്‌ ബാധകമാണോ എന്ന് ചിന്തിക്കുന്നില്ല. ഇരയും നീതിയും തമ്മിലുള്ള അകലം ഇത്ര കണ്ട് വര്‍ദ്ധിച്ച സമകാലിക രാഷ്ട്രീയ സാംസ്കാരിക സാഹചര്യങ്ങളുമായി തുലനം ചെയ്യാതെ ‘നഖശിഖാന്തം’ വായന അവസാനിപ്പിക്കാനാവില്ല.

വായിക്കാം: വി എം ദേവദാസിന്‍റെ ‘ഡില്‍ഡോ’ എന്ന കൃതിയെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍

മരണം, ഹിംസ തുടങ്ങി മനുഷ്യന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ് എന്ന് അരക്കിട്ട് ഉറപ്പിക്കുന്നവയാണ് ദേവദാസ് എഴുതുന്ന ഓരോ കഥയും. അത് വായനക്കാരില്‍ ഉദ്ദേശിച്ച രീതിയില്‍ എത്തിക്കാന്‍ പലപ്പോഴും മിത്തുകളോ ചരിത്രമോ ഒക്കെ ഉപയോഗിച്ചു കാണാം. ആ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നാണ് ‘മരണസഹായി. ഇതില്‍ ജാസ്മിന്‍ എന്ന കൗണ്‍സിലര്‍ സുഹൃത്തിനെ കാണാനെത്തുന്നതാണ് ബാലു എന്ന വിഷാദരോഗിയായ സുഹൃത്ത്‌. ബാലുവിന്‍റെ മനസ്സിന്‍റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും അവതരിപ്പിക്കാന്‍ കഥ ഉപയോഗിക്കുന്നത് ചെമ്പകരാമന്‍ പിള്ളയുടെ ചരിത്രമാണ്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മനിയില്‍ നിന്നും സ്വാതന്ത്ര്യസമര പ്രസ്ഥാനം നയിച്ചിരുന്ന വ്യക്തിയാണ് ചെമ്പകരാമന്‍ പിള്ള. ബാലുവിന്‍റെ ‘കൈഷാകു’ എന്ന ചിത്രവും, അതിന്‍റെ പൊരുളിലും സഞ്ചരിച്ചു വായനക്കാരന്‍ ചെമ്പകരാമന്‍ പിള്ളയില്‍ എത്തുന്നു. അവിടെ നിന്നും ദുഃസ്വപ്നങ്ങളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും വര്‍ത്തമാന ലോകത്തേക്ക് തിരിച്ചു നടക്കുന്നു. പല കാലഘട്ടങ്ങളിലായി നടക്കുന്ന മരണങ്ങളും അതിന്‍റെ പരിസരങ്ങളും കൂട്ടിയിണക്കി മനുഷ്യ മനസ്സിന്‍റെ സങ്കീര്‍ണതയെ വരച്ചു കാട്ടുന്നു ഈ കഥ. ഒഴിവാക്കാനാവാത്ത അനിഷ്ട സംഭവങ്ങള്‍ക്കു പലപ്പോഴും സ്വയം പഴിചാരി പശ്ചാത്തപിക്കുന്ന നിസ്സഹായനായ മനുഷ്യന്‍റെ യഥാര്‍ത്ഥ ചിത്രം ഇവിടെ കാണാം.v.m devadas,malayalam writer,smitha vineed

കാലമെത്ര പുരോഗമിച്ചാലും സമൂഹത്തിന്‍റെ സങ്കുചിത മനസ്ഥിതിയില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ല. കല്യാണത്തലേന്ന് ജാത്യാഭിമാനത്തിന്‍റെ പേരിൽ അച്ഛന്‍ കുത്തികൊല്ലപ്പെടുത്തിയ ആതിരയെ കണ്ട് കേരളം ഞെട്ടിയിട്ട് ഏറെ കാലമായിട്ടില്ല. മരണത്തെ പശ്ചാത്തലമാക്കി തന്നെ ദേവദാസ് എഴുതിയിട്ടുള്ള സാമൂഹ്യപ്രസക്തിയുള്ള രണ്ടു കഥകളാണ് ‘പകിടകളി’യും ‘പന്തിരുകുല’വും.

മിശ്രവിവാഹിതരാണ് രണ്ടിലും പ്രധാന കഥാപാത്രങ്ങള്‍. രണ്ടു കഥകളും തുടങ്ങുന്നത് ഒരു മരണത്തോടെയാണ്. മിശ്രവിവാഹങ്ങള്‍ കുടുംബ സൗഹൃദങ്ങളെ എങ്ങനെ ശിഥിലമാക്കുന്നുവെന്നു പറയുന്നു കഥയാണ് ‘പകിടകളി’. മരണമെന്നത് മനുഷ്യ നിര്‍മിതമായ സകല പദ്ധതികളേയും തകര്‍ക്കുന്ന ഒരു വില്ലനാണ്. ഇത്തരത്തിലൊരു ആത്യന്തിക സത്യത്തിന്‍റെ മുന്നില്‍ പോലും പല മനുഷ്യരും വര്‍ണ്ണവ്യവസ്ഥയുടെ വേലിക്കെട്ടുകള്‍ ഭേദിക്കാന്‍ തയാറില്ല എന്ന അസ്വസ്ഥത തരുന്ന ഒരു വസ്തുത ഈ കഥ ബാക്കിയാക്കുന്നു. ഇതേ സത്യം ഓര്‍മ്മിപ്പിച്ചിട്ടാണ് മധുവും അശാന്തനും ആതിരയുമൊക്കെ നമ്മുടെ മുന്നിലൂടെ കടന്നു പോയത്.

വര്‍ഷങ്ങള്‍ക്കുശേഷം ഏറ്റവും പുതിയ സമാഹാരമായ ‘വഴി കണ്ടുപിടിക്കുന്നവരി’ല്‍ ദേവദാസ് വീണ്ടും മിശ്രവിവാഹമെന്ന പ്രമേയം വായനക്കാരനു മുന്നില്‍ വയ്ക്കുന്നു. ‘പന്തിരുകുലം’ എന്ന കഥയിലെ വരരുചിയുടെ പ്രതീകമായ വരുണിലൂടെയും പുതിയ കാലഘട്ടത്തിലെ പഞ്ചമിയിലൂടെയും. ‘പകിടകളി’ ജ്ഞാനസ്നാനം ചെയ്തതാണ് ‘പന്തിരുകുലം’. വര്‍ണ്ണ വ്യവസ്ഥ ഐതിഹ്യകാലത്തേക്കാളും ശക്തമായി മനുഷ്യനെ വെല്ലുവിളിച്ചു നില്‍ക്കുന്ന വര്‍ത്തമാന കാഴ്ച കാണാം ഈ കഥയില്‍. അതിനുമപ്പുറം മനുഷ്യ മനസ്സിന്‍റെ സങ്കീര്‍ണതകളിലേയ്ക്കുള്ള കണ്ണാടി കൂടിയാണ് ‘പന്തിരുകുലം’. തനിക്കു ജനിക്കുന്ന കുട്ടികളെയെല്ലാം വഴിയിലുപേക്ഷിക്കാന്‍ പറയുന്ന വരരുചിയെ വാഴ്ത്താന്‍ സാമൂഹികബോധത്തിന് ഒരുപക്ഷേ നൂറു ന്യായങ്ങള്‍ കാണും. എന്നാല്‍ ഒരു പിതാവ് എന്നു മാത്രം ചിന്തിച്ചാല്‍ അതൊരു മാനസിക തകരാറു തന്നെയാണ്. ‘ഒബ്സസ്സീവ് കംപല്‍ഷനും’ കടുത്ത വിഷാദ രോഗവുമുള്ള പന്തിരുകുലത്തിലെ വരുണും സ്വാഭാവികമായ മാനസിക ഘടനയില്ലാത്തവനാണ്. മോര്‍ച്ചറിയില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണ് വരുണിന്‍റെയും പഞ്ചമിയുടെയും ജീവിതം. പഞ്ചമി തന്നെ ഉറയിട്ടു കൊടുത്ത് ജനിക്കും മുന്‍പ് ഉപേക്ഷിക്കപ്പെടുന്ന അനേകം കുഞ്ഞുങ്ങള്‍ക്ക് ശേഷം അവര്‍ക്കുണ്ടാവുന്നതാണ് അവരുടെ ‘വായില്ലാക്കുന്നിലമ്മ’.

മരണത്തിനു മുന്‍പില്‍ അതിജീവനം എന്നൊരു മാര്‍ഗം മാത്രമവശേഷിച്ച അമ്മയും മകളും. മൃതശരീരങ്ങളെക്കാള്‍ കരളലിയിപ്പിക്കുന്ന കാഴ്ച അവയുടെ കൂടെ മരിച്ചു വീഴുന്ന ജീവനുള്ള ആത്മാക്കളാണ്. അലറിക്കരച്ചിലുകള്‍ക്കൊടുവില്‍ തൊണ്ട പൊട്ടി നിശബ്ദരായി ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന ആ രണ്ടു ആത്മാക്കള്‍ ഒരു തീരാവേദനയായി ഓരോ വായനക്കാരന്‍റെയും നെഞ്ചിലവശേഷിക്കുന്നു.

v.m devadas, malayalam writer,smitha vineed,

വായിക്കാം: വി എം ദേവദാസ് എഴുതുന്നു, ഏദൻ: മരണങ്ങളുടെയും ആസക്തികളുടെയും ഉദ്യാനം

വിശപ്പും ലൈംഗിക വിചാരങ്ങളുമൊക്കെ പോലെ എല്ലാ മനുഷ്യ മനസ്സിലും കുടിയിരിക്കുന്ന ഒന്നാണ് കുറ്റവാസന എന്ന് ദേവദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ നോവലുകള്‍ ഈ പരിസ്ഥിതികളിലാണ് ദേവദാസ് മെനഞ്ഞെടുത്തിട്ടുള്ളത്‌. സാഹചര്യത്തിന് അടിമയായ മനുഷ്യന്‍ കൊലപാതകിയാവുന്നതിന്‍റെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന കഥയാണ് ‘നാടകാന്തം’. ചുറ്റുപാടുകളില്‍ കാണുന്ന അനീതികളോടുള്ള കഥാകൃത്തിന്‍റെ പ്രതികരണങ്ങളിലൊന്നാണ് ഈ കഥ. ആനിയുടെയും മകളുടെയും അവളുടെ ടീച്ചര്‍ കമലയുടെയും കഥ. പല രംഗങ്ങളുള്ള ഒരു നാടകം പോലെയാണ് കൊലപാതകമെന്ന പ്രക്രിയയുടെ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ ‘നാടകാന്ത’ത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്‌. എബ്രഹാം ലിങ്കനുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം പ്രധാന തന്തുവുമായി ഇണ ചേര്‍ത്തു ഭംഗിയായി കൊണ്ട് പോകുന്നുണ്ട്. ‘നാടകാന്തം’ എന്ന കഥയില്‍ ഒരാള്‍ വധിക്കപ്പെടുന്നുണ്ട്. ഒരു അപരാധം എന്നിരിക്കിലും അതിന്‍റെ സാമൂഹികവും മാനുഷികവുമായ ന്യായീകരണങ്ങള്‍ കഥയിലുടനീളം വിതറിയിട്ടുണ്ട്.

ഒരു വിനോദം പോലെ വായിച്ചു രസിക്കുന്നവര്‍ക്കുള്ളതല്ല ദേവദാസിന്‍റെ എഴുത്തുകള്‍. എഴുത്തുകാരനുള്ളത് പോലെ വ്യക്തമായ നിലപാടുകള്‍ വായനക്കാരനും ഉണ്ടാക്കിയെടുക്കണം എന്ന് നിര്‍ബന്ധബുദ്ധിയുണ്ടവയ്ക്ക്.

പ്രതികാരവും കുറ്റവാസനയും പേടിയുമൊക്കെ വരുന്ന മറ്റൊരു ശക്തമായ കഥയാണ് ‘അവനവന്‍തുരുത്ത്’. വൈപ്പിന്‍ തുരുത്തില്‍ വിധി തനിച്ചാക്കുന്ന ഐസക് ആണ് ഇതിലെ പ്രധാന കഥാപാത്രം. ജീവിതാനുഭവങ്ങള്‍ അവിശ്വാസിയാക്കി മാറ്റുന്ന ഒരു ഒറ്റത്തുരുത്ത്. രംഗനാഥന്‍ എന്ന ശത്രുവിനോട് പ്രതികാരം തീര്‍ക്കാന്‍ അയാളെ വധിക്കാന്‍ എല്ലാ സന്നാഹങ്ങളുമായി പുറപ്പെടുന്ന ഐസക്കിന്‍റെ കഥയാണിത്. ‘നാടകാന്തം’ കൊലപാതകത്തിന്‍റെ അനിവാര്യതയാണെങ്കില്‍ ‘അവനവന്‍തുരുത്ത്’ കൊലപാതകത്തിന്‍റെ അര്‍ത്ഥശൂന്യതയാണ്. തന്നോട് അതിക്രമം ചെയ്യുന്നതിന് മുന്‍പ് ശത്രുവിന്‍റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി. അതേപടി അയാളുടെ ഭീതിതമായ മുഖത്തു നോക്കി ക്രൂരമായ ആ ചിരി തിരിച്ചു കൊടുക്കുമ്പോള്‍ തീരുന്ന പ്രതികാര ദാഹം. കൊലപാതകത്തിന്‍റെ പ്രാധാന്യം പൂര്‍ണ്ണമായും നഷ്ടപ്പെട്ട് ശൂന്യമായ മനസ്സോടെ നില്‍ക്കുന്ന ഐസക്കിനോട് സഹതാപം തോന്നിപ്പോകും. നിരര്‍ത്ഥകതയും ഭയവും എല്ലാം ചേര്‍ന്ന് അയാള്‍ എത്തിചേരുന്ന ഒരു വല്ലാത്ത അവസ്ഥയുണ്ട്. ഓരോ മനുഷ്യരും ചില ജീവിതഘട്ടങ്ങളില്‍ കടന്നു പോകുന്നതാണിത്.

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാന്‍ തോന്നുന്ന ചില അഭിശപ്ത നിമിഷങ്ങള്‍. ഇത്തരത്തില്‍ ജീവിതതുരുത്തിന്‍റെ ഓരോ അതിരുകളിലൂടെയുമുള്ള സഞ്ചാരമാണ് ‘അവനവന്‍തുരുത്ത്’ സമാഹാരത്തിലെ ഓരോ കഥയും.v.m devadas, malayalam writer,smitha vineed,

 

ദേവദാസിന്‍റെ കഥകളെക്കുറിച്ച് പറയുമ്പോള്‍ ഒരാളെ ഓര്‍ക്കാതെ അവസാനിപ്പിച്ചാല്‍ അതിലും വലിയൊരു അനീതിയില്ല. കഥാകൃത്ത് കഥാപാത്രത്തിന്‍റെ ആത്മാവിലേക്കലിഞ്ഞു ചേര്‍ന്നെഴുതിയ ‘ശലഭജീവിത’ത്തിലെ സെബാസ്റ്റ്യന്‍. ഈ കഥയുടെ പരിസരവും കഥാപാത്രങ്ങളും വായനക്കാർക്ക് ചിരപരിചിതമായിരിക്കും. സമ്പത്തിന്‍റെയും കാര്യപ്രാപ്തിയുടെയും തുലാസില്‍ പ്രസക്തിയില്ലാതാകുന്ന കുടുംബബന്ധങ്ങളുടെ കഥയാണിത്‌. മനുഷ്യന്‍റെ സ്വാര്‍ഥത കാലം ചെല്ലും തോറും മുന്നോട്ട് മുന്നോട്ട് എന്നാണ്. അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങള്‍ക്ക് പ്രസക്തി കൂടുകയേ ഉള്ളു. സ്വന്തം കൂടപ്പിറപ്പുകളുടെ ഇടയില്‍ ഒറ്റത്തുരുത്താവുന്ന സെബാസ്റ്റ്യന്‍. ശലഭം പോലെ പാറി നടക്കുന്നൊരു കുഞ്ഞു കിങ്ങിണിക്കു മാത്രം പ്രിയപ്പെട്ട ഒരു മനുഷ്യന്‍. പോകുന്ന വഴികളൊക്കെ തിരിച്ചു വരാനുള്ളതല്ലേ എന്ന അച്ഛന്‍റെ ശുഭാപ്തി വിശ്വാസത്തെ മറികടന്ന്, ജീവിതവും മരണവും ആവര്‍ത്തിക്കുന്ന ‘രാരിതത്തമ്മേ എന്നെ കോഴി കൊത്തല്ലേ’ എന്ന പാട്ടിലലിഞ്ഞു ചേരുന്ന സെബാസ്റ്റ്യന്‍റെ ജീവിതം. പ്രശ്നങ്ങളൊക്കെ ഉരുവംകൊളളുന്നത് അവനവന്‍ വീടുകളില്‍ നിന്നാണ്. പക്ഷേ അതിനു മാത്രം പരിഹാരം കാണാന്‍ മനുഷ്യനു സാവകാശമില്ല.

അനുവാചക മനസ്സിലെ ഫിക്ഷന്‍ ശീലങ്ങള്‍ക്ക് ഒരു ‘ഷോക്ക്‌ ട്രീറ്റ്മെന്‍റ്’ ആണ് ദേവദാസിന്‍റെ ഓരോ രചനകളും. പുരുഷാധിപത്യ ലോകത്തെ തുറന്നു കാട്ടുന്ന ‘കുളവാഴ’, അധികാരവര്‍ഗ അഹന്തകളെ കുറിക്കുന്ന ‘പുല്ലാണേയ് പുല്ലാണേയ്’, അഭയാര്‍ത്ഥി ജീവിതങ്ങളിലൂടെയുള്ള ‘തിബത്ത്’. ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്രയും ലോക കാര്യങ്ങള്‍ ചെറിയൊരു കാലയളവില്‍ ദേവദാസ് പറഞ്ഞിട്ടുണ്ട് . ഒറ്റപ്പെട്ടൊരു ദ്വീപിലകപ്പെട്ട പ്രതീതിയാണ് നീളം കൂടിയ കാന്‍വാസില്‍ രചിക്കുന്ന ദേവദാസിന്‍റെ ഓരോ കഥയും അനുവാചകർക്ക് പകരുന്നത്. ദ്വീപില്‍ എത്തിച്ചു ഭൂപടവും ചില സൂചനകളും തന്ന് എഴുത്തുകാരന്‍ രക്ഷപ്പെട്ടു കളയും. പുറത്തേക്കുള്ള വഴി വായനക്കാരന്‍ സ്വയം കണ്ടു പിടിച്ചു കൊള്ളണം.

 

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vm devadas short stories smitha vineed