scorecardresearch

പന്നിവേട്ട: പന്തയക്കളിയുടെ മറുപുറം

“ക്രൈമിന്റെ പതാകയേന്തി, തിരക്കേറിയ ബ്രോഡ് വേമുറിച്ചു കടക്കുന്ന ആൾക്കൂട്ടത്തിൻറെ മറപിടിച്ച് എഴുത്തുകാരനും പോകുന്നുണ്ടാകുമോ? എളിയിൽ തിരനിറച്ച പൊള്ളുന്ന തോക്കുണ്ടാകുമോ?” ദേവദാസിന്റെ ‘പന്നിവേട്ട’യെ കുറിച്ചൊരു വായന

പന്നിവേട്ട: പന്തയക്കളിയുടെ മറുപുറം

ചൂതാട്ടത്തിൻറെയോ പന്തയം വെയ്ക്കലിൻറെയോ ഒരു ബുള്ളറ്റിനു പകരം, അഥവാ ഒരു ബുള്ളറ്റിനു വേണ്ടിയുള്ള പ്രാർത്ഥനയെ അഞ്ച് ബുള്ളറ്റ് ലോഡ് ചെയ്ത് അലങ്കോലമാക്കപ്പെടാതെ,വിസ്മയാവഹമായ ആ സാഹസികോദ്യമത്തിന്റെ അനന്തരത്തെ നേരിടുവാനായ് നമുക്ക് ശ്രമിക്കേണ്ടേ? അല്ലെങ്കിൽ നാമേർപ്പെടുന്ന ഈ പന്തയക്കളിയുടെ മറുപുറത്തെ നേരിടാൻ സന്നദ്ധരാകാതെ കഴിയുമോ? അതെ നമുക്ക് പ്രാർത്ഥിക്കാം, മേശമേൽ നിറതോക്ക്, പലതരം വടിവാളുകൾ, കഠാരകൾ, പിച്ചാത്തികൾ അവ സാക്ഷ്യം നിൽക്കട്ടെ. മൂടൽമഞ്ഞിൻ മൂവന്തിച്ചേലയില്ലിവിടെ ഇത് അബോധത്തിനും ബോധത്തിനും വേർതിരിവില്ലാത്ത ഇരുൾ പാരമ്യതയിലെ പ്രേതനക്ഷത്രം പൂത്ത പാതിര, കാല്പനികതയെ കുത്തീക്കീറി സ്വയമൊരു ശവക്കോടി പുതച്ച തുറമുഖ പട്ടണം. തുറമുഖറാണിയുടെ വശ്യതകളെ നിരസിക്കുന്ന, ഇടുങ്ങിയ ഗല്ലികളുടെ സിരകളെ തോണ്ടിയുണർത്തി പുളയുന്ന, അതേ മഹാനഗരത്തെ ആവർത്തിക്കുന്ന കൊച്ചി.

മുൻപ്, പ്രാർത്ഥനയ്ക്ക് കാവൽ നിന്ന അതേ ആയുധങ്ങളാൽ, മുഖ്യധാരയെ സംരക്ഷിക്കുകയും മുഖ്യധാരായാൽ പോറ്റപ്പെടുകയും ചെയ്യുന്ന, വ്യവസ്ഥകളുടെയും തീർപ്പുകളുടെയും വിധിയുടെയും നീതിയുടെയും ഒക്കെയൊരു ബദൽലോകത്തെ രൂപപ്പെടുത്തുകയാണ് ദേവദാസ് വി.എം എഴുതിയെ പന്നിവേട്ട എന്ന നോവൽ.

ഈ നോവലിൻറെ വായനാന്തരം ഇതിന് മുൻപ് കൊച്ചിയിലോ എറണാകുളത്തോ പാതാളത്തോ നായമ്പരലത്തോ പോയ ഒരളായിരിക്കില്ല, ഇനിയവിടെ എത്തിച്ചേരുക. അത്ര പരിചിതരല്ലാത്തവർക്ക് ഉൾഭയം ഉണ്ടാക്കുന്ന, മോഹിനിയായ കൊച്ചിയല്ലവൾ, അല്ലെങ്കിൽ അവൻ. താരുണ്യത്തിന്റെ ചായക്കൂട്ടഴിക്കുകയും ഭ്രമാത്മകമാം വിധം ചതിയുടെയും ഒറ്റിന്റെയും വിലാപങ്ങളുടെ മാത്രമല്ല ആർത്തനാദങ്ങളും മരണപ്പിടച്ചിലുമായി കൊച്ചി. മോഹിതനാക്കുന്ന കൊച്ചിയും മരണഞരക്കങ്ങളാൽ ലഹരിപിടിക്കുന്ന കൊച്ചിയും യാഥാർത്ഥ്യമാണ്. കടുത്തതും അവിശ്വസനീയവുമാണ് ഈ നോവലിൽ ദേവദാസ് അടയാളപ്പെടുത്തുന്ന കൊച്ചി.

സാധാരണമായ ഒരധോതല ലോകത്തിന്റെ ത്രില്ലർ മസാലകളുടെ വഴിക്കൂട്ടുകളെ നിഷ്ക്കരുണം തിരസ്ക്കരിച്ചുകൊണ്ട്, ഗദ്യപാരുഷ്യതയിൽ ആവിഷ്ക്കാര വേറിടലിൽ ഉദ്വേഗത്തെയല്ല, ജീവിതത്തെയും അതിന്റെ ഭയാനകമായ യാദൃശ്ചികതകളെയും കൊണ്ട് സംവേദനത്തിൽ ആഞ്ഞുമേടുന്ന ഈ എഴുത്തുകാരന്റെ ഗൃഹപാഠം പ്രസക്തമാണ്. അദ്ധ്വാനത്തിന്റെ ഗാഢത, വായനാലോകം, അതിലുപരി രചനാവേളയിലെ ജ്ഞാനമണ്ഡല വ്യാപ്തി, വംശീയതയും വിഭിന്ന ദേശീയതാ പ്രദേശിക സംസ്കൃതിയുമൊക്കെ കെട്ടുപിണഞ്ഞ് പൊന്തുന്ന അദൃശ്യതയുടെ ബെർമുഡാട്രയാംഗിളിനെ ചിന്തേരിട്ട് മിനുക്കുന്ന ഈ ശൈലി, ഇയാളും ഒരധോലോക ജീവിയായിരുന്നിരിക്കുമോ എന്ന സംശയം ഉളവാക്കും.pannivetta ,novel,vm devadas

ക്രൈമിന്റെ പതാകയേന്തി, തിരക്കേറിയ ബ്രോഡ് വേമുറിച്ചു കടക്കുന്ന ആൾക്കൂട്ടത്തിൻറെ മറപിടിച്ച് എഴുത്തുകാരനും പോകുന്നുണ്ടാകുമോ? എളിയിൽ തിരനിറച്ച പൊള്ളുന്ന തോക്കുണ്ടാകുമോ? ഒരുപക്ഷെ, ഇയാൾ പലവട്ടം പോയിക്കാണും, അസാദ്ധ്യതകളെ , അതിന്റെ എല്ലാ അർത്ഥത്തിലും നിറയൊഴിച്ച് ചിതറിച്ചു കാണും. അവയിലെ സ്ഫടികച്ചീളുകളിലൂടെ നോക്കുമ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ ശബ്ദായമാനമായ ഇരമ്പലിനെ പിന്നിലാക്കി കമ്പനി ഏർപ്പാടാക്കിയ കാറിൽ ഗ്രൂഷെ മെന്റൽ ഹെൽത്ത് സെന്ററിൽ എത്തിച്ചേർന്നിരുന്നു. അവിടെ അവൾ ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ്. ഈ സംഭവം നടക്കും മുൻപാണ് റൗളിറിന്റെ മരണവാർത്തയുള്ള ടെലഗ്രാം പനിപിടിച്ചു കിടക്കുകയായിരുന്ന ആബിയെ തേടിയെത്തിയത്. ആബിയുടെ മകൻ ഐസക്ക് ഈ വാർത്ത വായിച്ചുകേൾപ്പിച്ച ഉടനെ പനിവിറയലിലെന്ന പോലെ ആബി കിടക്കയിൽ നിന്നു ഞെട്ടിയെഴുന്നേറ്റു, കൊച്ചിയിലേയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐസക്കിനെ നിർബന്ധിച്ചു. ആരാണീ റൗൾ, ഗ്രൂഷെ, ഗ്രൂഷെ കാത്തുനിൽക്കുന്ന ഭ്രാന്തൻ മുസാഫിർ? എന്താണ് ഇവരെ തമ്മിലിണക്കുന്ന പൊതു വികാരം? മുസാഫിർ വെറും മുസാഫിറല്ല, ഷേക്സ്പിയറെ മനഃപ്പാഠമാക്കിയ ഷേക് മുസാഫിർ. മുസാഫിറിനെ പറയുമ്പോൾ അടിയന്തിരാവസ്ഥയെ കുറിച്ച് പറയാതിരിക്കാനാകില്ല, അന്നത്തെ തടവുപുള്ളികളുടെ ആലംബഹീനത മുറ്റിത്തെറിച്ച ആക്രന്ദനങ്ങൾക്ക് നേരെ ബാധിര്യം സാധ്യമല്ല.

കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംങ്ങ് കോളേജിൽ ഷേക്സ്പിയർ ഗീതകങ്ങൾ പാടിനടന്ന മുസാഫിർ, അവന്റെ ഉമ്മ ഉണ്ടാക്കിക്കൊടുത്ത മലബാർ ബിരിയാണിയും കഴിച്ചുള്ള കൂട്ടുകാരുടെ തമാശമേളങ്ങളിൽ നിന്ന് ഊർന്നിറങ്ങി അവരെല്ലാം എത്തിച്ചേർന്നത് അടിയന്തിരാവസ്ഥക്കെതിരെയുള്ള സമരാഹ്വാന പോസറ്ററുകൾ എഴുതി മിനുക്കി അത് പതിക്കുന്ന ജോലിയിലാണ്. ഇന്ത്യയിലുടനീളം ധാരാളം അപ്രത്യക്ഷമാകലുകൾ നടന്നിരുന്ന കാലം. ജയറാം പടിക്കലും പുലിക്കോടൻ നാരായണനുമടക്കം പുത്തൻ മർദ്ദനമുറകൾ ഇരകളിലേയ്ക്ക് അടിച്ചു കയറ്റി എത്രയോ നിരപരാധികൾക്കുമേൽ അപരാധിച്ചു മദിച്ചകാലം. തടവുപുള്ളികൾ പ്രാഥമിക കൃത്യങ്ങളൊക്കെ സെല്ലിൽ തന്നെ നിവൃത്തിച്ച് അഴുകിയ മലത്തിന്റെയും മൂത്രത്തിന്റെയും മാരകമായ ദുർഗന്ധത്തിൽ നിന്നും രക്ഷനേടാൻ ഒരോരുത്തരും മാറിമാറി കുനിഞ്ഞുനിന്ന് അപരനെ മുതുകത്ത് കയറ്റിനിർത്തി സെല്ലിനുള്ളിലേയ്ക്കെവിടെ നിന്നോ എത്തിനോക്കുന്ന ചെറിയൊരു ദ്വാരത്തിലൂടെ വായു ശ്വസിക്കുന്നതിന്റെ അറപ്പും വെറുപ്പും അസഹ്യതയും നിറഞ്ഞ ഭീകരതയുടെ ആ നാളുകളെ ഇത്രമേൽ പേടിപ്പെടുത്തും വിധം കൊത്തിപ്പറിച്ച് കാൽ നഖംകൊണ്ട് ഇരയുടെ മേൽ ക്രൗര്യതയായി ചിറകുവിടർത്തുന്ന ശവം തീനി കഴുകന്മാരുടെ കിടിലം കൊള്ളിക്കുന്ന ചിത്രം വരച്ചിടുന്നത് വായിച്ചാൽ (അടിയന്തിരാവസ്ഥയുടെ ദുർഗന്ധ തീവ്രത തളം കെട്ടിയ ജയിലറ, സ്വാതന്ത്ര്യത്തിന്റെ സ്വച്ഛതയായ ആ പഴുത്, വായു കടന്നുവരുന്ന പഴുത് ഇതൊക്കെ ചേർത്തു വയ്ക്കുമ്പോൾ) ഈ എഴുത്തുകാരൻ വേട്ടക്കാരനോ ഇരയോ ആരായിരുന്നെന്ന് ഒരു വേള സംശയിച്ചു പോകാം. അത്രമേൽ കെട്ടൊരു കാലത്തെ, ഇത്രയും കഠിനമായി വരയാൻ ആ അനുഭവത്തിലൂടെ കടന്നു പോയ ഒരാൾക്കേ കഴിയൂ എന്നൊരു തോന്നലിന്റെ ഉൽപ്പന്നമാണീ സംശയം.pannivetta,novel,vm devadas

എന്തായാലും മുസാഫിറും സഹതടവുകാരും പീഡകളുടെ ഹിമാലയങ്ങളിൽ സാഹസികരായല്ല, നിലവിട്ട മർദ്ദനങ്ങളിൽ പുളഞ്ഞത്. ജയിൽ മോചിതനായ ശേഷം പിന്നെയും ഒളിച്ചുള്ള സംഘടനാ പ്രവർത്തനങ്ങൾ. പന്ത്രണ്ടാൽബർട്ടെന്ന തേപ്പുകാരൻ, ബാപ്പു എന്ന ബാർബേറിയന്റെ മർദ്ദനമുറകൾ, താരാട്ടിന്റെ ഈണത്തിനും താളത്തിനും പതുപതുപ്പിനും ഭംഗം വരുന്നതോടെ മനുഷ്യൻ അവൻറെ ഉള്ളിൽ കുടിൽ കെട്ടിപ്പാർക്കുന്ന ലോഹലായനിയുടെ ഉറഞ്ഞരൂപമായി വെളിച്ചപ്പെടുകയായ്. ചെറിയ ചെറിയ ക്വട്ടേഷനുകളിൽ തുടങ്ങിയ കൊച്ചിയുടെ ഭൂപടം പതുക്കെ പതുക്കെ രാഷ്ട്രീയക്കാരന്റെയും വാണിഭക്കാരുടേയും പോലീസുകാരുടേയും സമൂഹത്തിലെ പല തട്ടുകളിലെ പ്രധാന അധികാര രൂപങ്ങളുടെ ദുഷ്ടതകൾക്കും ധാർഷ്ട്യത്തിനും ആർത്തിക്കും ആസക്തിക്കുമനുസരിച്ച് രക്തസ്നാനമായി പുനർനിർമ്മിക്കപ്പെട്ടു. ഗ്യാങ്ങ്‌സ്റ്റേ‌ഴ്സ്, അവരുടെ ഭരണം, അവരുടെ പക, അവരുടെ പലതരം വാണിഭവങ്ങൾ. കൊച്ചിയങ്ങു വിയർത്തു ഞെരുങ്ങിപ്പിടഞ്ഞ് ആകാശത്തോളമുയർന്നതിന്റെ ഭീഷണമായ യഥാർത്ഥ്യം. അതിന്റെ ഓരോ വഴികളും ഇടവഴികളുമെല്ലാം വശീകരിച്ചെടുത്തത് വായിക്കാനുള്ള ത്വര വായനക്കാരനിൽ ഉരുവം കൊള്ളും വിധമാണ് ‘പന്നിവേട്ട’യുടെ ആവിഷ്ക്കാരം.

ഗ്രൂഷെ എന്ന റഷ്യൻവംശജയായ ജൂത സ്ത്രീയോടു കഥ പറയും വിധം, അല്ലെങ്കിൽ ആത്മഗതമോ കുമ്പസാരമോ പോലെ ആറുമുഖൻമാർ, ലോതർ, സൈമൺ, ഗെറ്റോ, റൗൾ, പണ്ടംമുസ്തഫ, ഉണ്ണി എന്ന കൂട്ടിക്കൊടുപ്പുകാരൻ എന്നിങ്ങനെ അഴുക്ക് ചാലിലെന്ന വിധം പുഴുക്കൾ നുരയ്ക്കുകയാണ് ഈ ചാവുപന്തയത്തിൽ. പക്ഷെ അതൊന്നും വിശുദ്ധതയുടെ മുദ്രപേറാൻ വേണ്ടിയല്ല, ഓരോ തിരിച്ചടികളുടെ പകപ്പിലും പതറി വീഴുന്നവന്റെ മനുഷ്യ സഹജമായ ദൗർബല്യമോ ധീരതയോ ആകാം. പക്ഷെ അഴുക്ക് തളംകെട്ടിയ കൊച്ചിയുടെ കറുത്തു കൊഴുത്ത അതേ മലിനതടാകത്തിൽ തന്നെയാണ് കൊന്നും കൊടുത്തും ഇതേ പുഴുക്കൾ പിന്നെയും എത്തിച്ചേരുന്നത്. ജീവിതം പോലെ പുലിപ്പുറത്തെ തീപിടിച്ച സവാരിപോലെ മാറിനിൽക്കാൻ കഴിയാത്ത അതേ അനസ്യൂതി,പങ്കെടുത്തേ തീരൂ. കാർക്കശ്യമായ, വിട്ടുവീഴ്ച്ചയില്ലാത്ത മനുഷ്യവിധിയാണ്, പുറത്തേയ്ക്ക് വാതിലുകളില്ല, മാറിനിൽപ്പുമില്ല. ഒറ്റവാതിൽ മാത്രമേയുള്ളൂ, മരണം. അതാകട്ടെ, ആത്മഹത്യയോ കൊലപാതകമോ ആകണം. കാലം തികഞ്ഞ സ്വാഭാവിക മരണം ഇവിടെ അസാദ്ധ്യമാണ്. ഇതും ജീവിതമാണ്, യഥാർത്ഥ്യമായ കടുംപച്ച കത്തുന്ന ജീവിതം. പ്രാകൃതമായ വൈകാരികതകളും ഏറ്റ പ്രവൃത്തി മറികടക്കുവാനുള്ള ആസൂത്രണ പാടവവും, അതാണ് ഈ ലോകത്തിന്റെ തീമുദ്ര.

തീക്കട്ടയിൽ ചവിട്ടയതിനേക്കാൾ, ചിരട്ടക്കനലിൽ ചൂടാക്കിയ തേപ്പുപെട്ടി അപ്രതീക്ഷിതമായി ശരീരത്തിൽ സ്പർശിക്കും പോലെ ദാരുണമായ നിരവധി ദുരന്തങ്ങൾ ചലവും കണ്ണീരും വീണ് കുതിർന്ന ശമനമില്ലാത്ത വ്രണം പോലെ ഈച്ചയാർത്ത് അലോസരമുണ്ടാക്കും പോലെ. ലോഹനിർമ്മിതമായൊരു ബോഗി നിറയെ തീയിട്ടടച്ചതിന്റെ ചക്രങ്ങൾ വായനക്കാരന് മീതെ ആവർത്തിച്ച് പായിക്കുമ്പോലെയുള്ള ഒന്നാണ് ഗെറ്റോയുടെ കുടുംബ ജീവിതം. ഗെറ്റോയുടെ അച്ഛൻ, അയാളുടെ ആധിപത്യഭീകരതകൾ, അമ്മയെ അതിക്രൂരമായി ജീവനോടെ ഗ്യാസ്ചേമ്പറിലിടുമ്പോലെയുള്ള ചുട്ടെടുക്കലുകൾ. ദൈവമേ എന്തൊരു ജീവിതമാണിതെന്നോ ഇങ്ങനെയും ജീവിതമോ എന്നും നാം അലറിക്കരയുന്നത് നമുക്ക് കേൾക്കാം. കഴിഞ്ഞില്ല, പൊലീസുകാരുമായുള്ള ഒരു പോരാട്ടത്തിനിടയിലോ മറ്റോ വേശ്യയായ അമ്മയുടെ മുറിയിലേയ്ക്ക് മാംസദാഹിയെപ്പോലെ കയറി ചെല്ലുന്നവന്റെ സങ്കല്പാതീതമായ ജീവിതഘടികാര സങ്കീർണത, അമ്മ മകനെ ഒരു ഇടപാടുകാരനെന്നതുപോലെ സ്വീകരിക്കുവാനൊരുങ്ങുന്നത്. വെടിയേറ്റു മരിച്ചു വീണ ഭാര്യയെ നടുറോഡിലിട്ട് കുട്ടികളുമായി ബൈക്കിൽ രക്ഷപ്പെടുന്നവന്റെ, അമ്മയില്ലാതായിപ്പോകുന്ന പെൺകുട്ടികളുടെ ദൈന്യത സ്നേഹം നിഷേധിക്കപ്പെടലിന്റേത് മാത്രമല്ല, അവർക്കാവശ്യമുള്ള അടിവസ്ത്രങ്ങൾ പോലും തരപ്പെടാനില്ലാത്ത അവസ്ഥകൂടിയാണെന്ന് ദേവദാസ് ഒരു നിലവിളി പോലെ പറഞ്ഞു വെയ്ക്കുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vm devadas pannivetta review shukkoor painayil