scorecardresearch
Latest News

ലൈംഗികതയുടെ കമ്പോളനിയമങ്ങൾ

പദപ്രശ്നം തെളിയിക്കാൻ ഉപയോഗിക്കുന്ന കരുക്കൾ കൊണ്ടു ഒരു നോവൽ വായിക്കുന്നതെങ്ങനെയെന്നു ബോധ്യപ്പെടുത്തുന്ന കൃതിയാണ് വി എം ദേവദാസിന്റെ ‘ഡിൽഡോ ആറ്‌ മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം’. യാഥാസ്ഥിതകമായ ആഖ്യാനഘടനയിൽ നിന്നും കുതറിമാറി ഫിക്ഷനെ പോസ്റ്റ് മോഡേൺ കാലത്തെ സാധ്യതകളിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന നോവലാണ് ഇത്. രണ്ടായിരത്തി ഒൻപതിൽ(2009) പ്രസിദ്ധീകരിച്ച ഈ നോവലിൽ പരസപരം ബന്ധമില്ലാത്ത കഥാപാത്രങ്ങളെ അദൃശ്യമായ ചരടുകൾ കൊണ്ട് ബന്ധിപ്പിക്കുന്ന കളിനിയമമാണ് നോവലിസ്റ്റ് പിന്തുടരുന്നത്. നവസാമൂഹിക മാധ്യമങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ അഭിരമിക്കുന്ന തലമുറയ്ക്ക് പൂർണവിരാമമോ അർദ്ധവിരാമമോ വായനയിൽ […]

ലൈംഗികതയുടെ കമ്പോളനിയമങ്ങൾ

പദപ്രശ്നം തെളിയിക്കാൻ ഉപയോഗിക്കുന്ന കരുക്കൾ കൊണ്ടു ഒരു നോവൽ വായിക്കുന്നതെങ്ങനെയെന്നു ബോധ്യപ്പെടുത്തുന്ന കൃതിയാണ് വി എം ദേവദാസിന്റെ ‘ഡിൽഡോ ആറ്‌ മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം’. യാഥാസ്ഥിതകമായ ആഖ്യാനഘടനയിൽ നിന്നും കുതറിമാറി ഫിക്ഷനെ പോസ്റ്റ് മോഡേൺ കാലത്തെ സാധ്യതകളിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന നോവലാണ് ഇത്. രണ്ടായിരത്തി ഒൻപതിൽ(2009) പ്രസിദ്ധീകരിച്ച ഈ നോവലിൽ പരസപരം ബന്ധമില്ലാത്ത കഥാപാത്രങ്ങളെ അദൃശ്യമായ ചരടുകൾ കൊണ്ട് ബന്ധിപ്പിക്കുന്ന കളിനിയമമാണ് നോവലിസ്റ്റ് പിന്തുടരുന്നത്. നവസാമൂഹിക മാധ്യമങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ അഭിരമിക്കുന്ന തലമുറയ്ക്ക് പൂർണവിരാമമോ അർദ്ധവിരാമമോ വായനയിൽ വരുത്താത്ത കൃതികൾ ആണ് പ്രിയം. ഉദ്വേഗജനകമായ കളിക്കളമായി ആഖ്യാനത്തെ മാറ്റുന്ന അത്തരമൊരു നോവലാണ് ഡിൽഡോ. ബാലപീഡനം ചർച്ചയാവുന്ന കാലത്തു, പ്രത്യേക സാഹചര്യത്തിൽ ലൈംഗികോപകരണങ്ങൾ(ഡിൽഡോ) വിൽക്കുന്ന ഒരു പെൺകുട്ടിയുടെ സങ്കീർണമായ മാനസികാവസ്ഥയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്ന നോവൽ കൂടിയാണ് ദേവദാസിന്റേത്.

ഡിൽഡോ വിൽക്കുന്ന വിദ്യാർത്ഥിനിയുടെ ജീവിതവുമായി പ്രത്യക്ഷത്തിൽ ഇടപെടലുകൾ ഇല്ലെങ്കിലും (അവളുടെ സ്പോൺസർ ആണിതിന് അപവാദം) അവളുടെ ജീവിതവുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നോവലിലെ മറ്റു കഥാപാത്രങ്ങൾ അവരവരുടെ വീക്ഷണത്തിൽ കഥ പറഞ്ഞു വെയ്ക്കുന്ന രീതിയിലാണ് നോവലിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ആറു മരണങ്ങളുടെ ചുരുളഴിയിക്കുന്ന ആഖ്യാനത്തിൽ ആകാംക്ഷയുടെ പലതരം സാധ്യതകളിലേക്കാണ് നാം പ്രവേശിക്കുന്നത്. വിട്ട കണ്ണികളെ പൂരിപ്പിക്കാനും സുതാര്യമല്ലാത്ത ചങ്ങലകളെ നേരായ ദിശയിൽ വിന്യസിപ്പിക്കാനുമുള്ള സർഗാത്മക ശ്രമമാണ് ഡിൽഡോയിൽ സ്വീകരിച്ചിരിക്കുന്നത്. പ്രശ്നഭരിതമായ ഭാവനയിലൂടെ യാത്ര ചെയ്ത് ഒരു നിർണായകസന്ധിയിൽ എത്തിപ്പെടുകയും അവിടെ വെച്ചു എല്ലാ മരണങ്ങളുടെയും കാരണങ്ങളെ നിർധാരണം ചെയ്യാനും സാധിക്കുന്ന വിധത്തിലാണ് നോവലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെ ഒരു പാഠപുസ്തകത്തിന്റെ മാതൃകയിൽ അടുക്കിവെച്ചു കൊണ്ട് പാഠഭാഗത്തിനു ശേഷം അഭ്യാസങ്ങളും പരിശീലനചോദ്യങ്ങളും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. ഒറ്റയ്‌ക്കു നിൽക്കുമ്പോൾ വിവിധ കഥാപാത്രങ്ങൾ വേറിട്ടു നിൽക്കുകയും അവസാന അധ്യായത്തോടെ അവർക്കിടയിലെ വിനിമയങ്ങളുടെ ഗുപ്‌തസ്വഭാവത്തെ പറ്റി ധാരണയുണ്ടാകുകയും ചെയ്യുന്ന വിധത്തിലുള്ള നിഗൂഢമായ ശില്പചാതുരി നോവലിന്റെ പ്രത്യേകതയാണ്.ഒരു ലിങ്കിൽ നിന്നും മറ്റൊരു ലിങ്കിലേക്ക് ക്ലിക്ക് ചെയ്തെത്തുന്ന ഇന്റർനെറ്റിന്റെ വ്യവഹാരമണ്ഡലത്തിനു സമാന്തരമായി ,കഥയുടെ മറ്റൊരു പ്രശ്നലോകം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.

vm devadas, rahul radhakrishnana,vishnu ram, dildo, malayalam novel

സെക്സ് ഡോളുകൾ ഇന്ത്യയിൽ നിയമവിധേയമല്ല. അതിനാൽ തന്നെ അവ വിൽക്കുന്ന , പ്രായപൂർത്തി ആയിട്ടില്ലാത്ത ഒരു പെൺകുട്ടി പിടിക്കപ്പെട്ടാൽ, സ്ഥിതി എത്ര മാത്രം വഷളാകുമെന്നു പറയേണ്ടതില്ല. IPC 292, 293, 294 തുടങ്ങിയ നിയമങ്ങൾ പഴുതടച്ച് ഇത്തരം കുറ്റങ്ങളെ തടയുന്നതും കാര്യകാരണസഹിതം ശിക്ഷാവിധി നിർദേശിക്കുന്നതുമാണെന്നിരിക്കെ നോവലിലെ പെൺകുട്ടിയുടെ ഭാവി ഇരുൾ മൂടിയതാണെന്നു വ്യക്തമാണ്. ഉപഭോഗപരതയ്ക്കു മുൻ‌തൂക്കം നൽകുന്ന ഉത്തരാധുനിക സമൂഹത്തിന്റെ പരിച്ഛേദമാണ് പ്രമേയപരിസരത്തിലൂടെ നോവലിസ്റ്റ് തുറന്നു കാണിക്കുന്നത്. പുതിയ സമൂഹത്തിന്റെ ” വിശാല”മായ നയങ്ങൾ, ശാരീരികകാമനകളുടെ വിനിമയങ്ങൾ ആഗോളവത്കൃത തുറസ്സുകളിൽ എങ്ങനെയെല്ലാം അനുഭവപ്പെടും, എന്താണവയുടെ അനന്തരഫലം എന്നതിന്റെ സംവാദം കൂടിയാണ് ഈ നോവൽ. സമ്പാദിക്കുന്ന സമൂഹം അതിന്റെ ആനന്ദം ഓരോ സൂക്ഷ്മാണുവിലും കണ്ടെത്താൻ യത്നിക്കുന്നു. ആളോഹരി ആനന്ദങ്ങളുടെ വീതംവെയ്പ്പായി സമൂഹത്തിന്റെ കണക്കുപുസ്തകം മാറുമ്പോൾ ഓരോരുത്തരും അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ ആരായുകയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളും വീഡിയോ കസെറ്റുകളും മറ്റും വിറ്റിരുന്ന സ്ഥാപനങ്ങൾ രതിയുടെ ക്രയവിക്രയയിടങ്ങളായി മാറിത്തുടങ്ങി. കൗമാരപ്രായത്തിലുള്ളവരെയും യൗവ്വനയുക്തരായവരെയും ആകർഷിക്കുന്ന വിധത്തിൽ കൃത്രിമ ലൈംഗികോപകരണങ്ങളുടെ കമ്പോളമായി മാറിയ പാലികാ ബസാർ നോവലിലെ പ്രധാനപ്പെട്ട ഒരു സ്ഥലരാശിയാണ്. സാങ്കേതികമായി മുന്നേറിയ ലോകത്തു, ലൈംഗികോപകരണങ്ങൾ ആയിരക്കണക്കിനു മാർഗങ്ങളിലൂടെ ഉപഭോക്താവിനെ തേടി വരുന്ന ‘ലിബറൽ’ അവസ്ഥയുടെ ചിത്രമാണ് നോവലിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

dildo, malayalam novel, fiction, vm devadas, rahul radhakrishnan, vishnu ram

ഹോങ്കോങ്ങിൽ നിന്നും ഒരു സെക്സ് ഡോൾ ഒരാൾ നാട്ടിലെ സുഹൃത്തിനു അയച്ചു കൊടുക്കുന്നു. ” മാവോയിസ്റ്റ്” ആയിരുന്ന സുഹൃത്തിന്റെ വീട്ടിലെത്തുന്ന ഈ ഹോങ്കോങ്‌വാസി അവിടെ വെച്ചു കൊല്ലപ്പെടുന്നു. പിന്നീട് പാലികാ ബസാറിലെ ഒരു ഡിൽഡോ വ്യാപാരി മരിക്കുന്നു. ഈ വ്യാപാരി വഴിയാണ് പെൺകുട്ടി അവളുടെ വിദ്യാലയത്തിൽ ഡിൽഡോ കച്ചവടം ആരംഭിച്ചത്. അവളുടെ സ്പോൺസർ ആയ കസ്റ്റംസ് ഉദ്യോഗസ്ഥൻ യഥാർത്ഥത്തിൽ അവളുടെ അമ്മയുടെ പൂർവ കാമുകനായിരുന്നു. ഡിൽഡോ കേസിൽ പിടിക്കപ്പെട്ട പെൺകുട്ടിയെ ജയിലിലേക്കുള്ള യാത്രയിൽ ജീപ്പിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനെ ഭാര്യയുടെ പൂർവ കാമുകനായിരുന്നു ആദ്യം സൂചിപ്പിച്ച മാവോയിസ്റ്റ് ബന്ധമുള്ള പത്രപ്രവർത്തകൻ. പ്രണയപരാജയത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാമ്പത്യത്തിൽ വിരക്തി ഉണ്ടാവുകയും അവൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥൻ അയാളുടെ പൂർവ കാമുകിയെ കണ്ടെത്തിയിരുന്നു. ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുത്തെങ്കിലും അവൾ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണു മരിക്കുകയാണുണ്ടായത്.

ആറു മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം എന്ന അടിക്കുറിപ്പുള്ള നോവലിൽ സ്വാഭാവികമായും ആറു മരണങ്ങളുടെ വിശദവിവരങ്ങളുടെ അന്വേഷണമാവും വായനയുടെ പ്രഖ്യാപിതലക്ഷ്യം. അഞ്ച് മരണങ്ങളുടെ കാര്യകാരണങ്ങൾ വിശദീകരിക്കുന്ന നോവലിൽ ആറാമത്തെ ഇരയുടെ മരണം വിവേചനബുദ്ധിയോടെ നോവലിസ്റ്റ് തുന്നിച്ചേർത്തിരിക്കുന്നു. വായനക്കാരനെ ഉദ്വേഗത്തിൽ നിർത്തിക്കൊണ്ട് മരണങ്ങളുടെ കുരുക്കഴിക്കുകയും അതിവ്യാഖ്യാനസാധ്യതയുള്ള വിഷയത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുകയും ചെയ്യുന്ന നോവലിൽ ആഗോളവ്യാപാരത്തിന്റെ ഭാഗമായ നയങ്ങൾ എങ്ങനെയെല്ലാം ലോകവിപണിയെ സ്വാധീനിക്കുന്നുവെന്നു സ്ഥാപിച്ചെടുക്കുന്നു. ‘ഡിൽഡോ’ എന്ന വസ്തുവിലൂടെ ഒളിച്ചു കടത്തുന്ന ലൈംഗികതയുടെ രാഷ്ട്രീയം ലിംഗ/ വർഗ നീതിയിൽ ഒരളവിൽ കവിഞ്ഞുള്ള തുറന്നുപറച്ചിലുകൾക്കു സാധ്യത കുറവായ രാഷ്ട്രങ്ങളെ പ്രതിലോമകരമായി ബാധിക്കുന്നു.”സ്വയം ഒളിച്ചിരിക്കാനുള്ള സുരക്ഷയുടെ തുരുത്ത് മുങ്ങുന്ന അവസ്ഥയിൽ” കഥാപാത്രങ്ങൾ മാറുന്ന ചുറ്റുപാടുകളെ ചിത്രീകരിക്കുന്ന നോവലിൽ, കഥാപാത്രങ്ങൾക്ക് പേരുകളില്ല എന്നതു ശ്രദ്ധേയമാണ്. കഥാപാത്രങ്ങളെയും വസ്തുക്കളെയും (ഡിൽഡോ) ഒരേ പോലെ പരിഗണിച്ചു കൊണ്ട് വിപണീമൂല്യങ്ങളിൽ അഭിരമിക്കുന്ന മധ്യവർഗത്തിന്റെ മനോവിചാരങ്ങളെ അപഗ്രഥിക്കുകായാണ് വി എം ദേവദാസ്. അതിലൂടെ ‘ ടെക്സ്റ്റ്’നെ പൊളിച്ചിടാനുള്ള വ്യഗ്രത ആഖ്യാനത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. അതു പോലെ ഓരോ അധ്യായത്തിനും അനുബന്ധമായി ചേർത്തിരിക്കുന്ന ചിത്രങ്ങളും ചോദ്യങ്ങളും ആ അധ്യായത്തിൽ പറയുന്ന വിഷയവുമായി ബന്ധമുണ്ടെങ്കിലും അത് കഥാഗതിയുമായി അടുപ്പം പുലർത്താത്ത വിധമാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്.

vm devadas, vishnu ram,rahul radhakrishnan, malayalam novel, dildo,

വിപണിയുടെയും ആഗോളക്രമത്തിന്റെയും പുതിയ ശീലങ്ങൾക്കനുസൃതമായിട്ടാണ് ലിംഗാധിഷ്ഠിതമായ അധികാരത്തിന്റെ ചിഹ്നമായി ഡിൽഡോയെ അവരോധിക്കുന്നത്.ലൈംഗികതയെ അധികാരവുമായി ഇടപെടുത്തി പഠിച്ച ഫുക്കോയുടെ ആശയം ചുവടു പിടിച്ചു കൊണ്ട് വിപണി ലൈംഗികതയെ ഡിൽഡോ പോലെയുള്ള വസ്തുക്കളിലൂടെ ചരക്കുവത്കരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് നോവലിൽ വെളിപ്പെടുന്നത്. പത്രവാർത്തകൾ, ഭൂപടങ്ങൾ, വിവിധ തരം ചിത്രങ്ങൾ, ചോദ്യോത്തരങ്ങൾ, പ്രശ്നോത്തരി, പ്രവർത്തനം തുടങ്ങിയവ നിറഞ്ഞ അനുബന്ധപാഠത്തിൽ നക്സലൈറ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള ലഘു ഉപന്യാസം വരെ ചേർത്തിരിക്കുന്നു. ടെക്സ്റ്റ്ന്റെ ഫുട്നോട്ടും മറ്റൊരു ടെക്സ്റ്റ് ആവുന്ന പോസ്റ്റ് മോഡേൺ സാധ്യതയെ ഓർമപ്പെടുത്തുന്ന ഘടന കഥയിൽ നിന്നും ഫുട്നോട്ടിലേക്കുള്ള വായനാ വ്യതിയാനത്തെ രേഖപ്പെടുത്തുന്നു.

vm devadas, dildo, rahul radhakrishnan, vishnuram, malayalam novel,

വിദേശത്തു നിന്നും കച്ചവടത്തിനായി കൊണ്ടു വരുന്ന ലൈംഗികോപകരണങ്ങൾ കഥാപാത്രങ്ങളുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാകുന്ന കാഴ്ച , ലൈംഗികതയുടെ ഇടപെടലുകൾ കഥാപാത്രങ്ങളിൽ സൃഷ്ടിക്കുന്ന ആശയപരവും/ സദാചാരപരവുമായ സംഘർഷത്തെ വ്യക്തമാക്കുന്നു.
ഡിൽഡോ വിൽക്കുന്ന പെൺകുട്ടി നേരിടുന്ന ഒരു വെല്ലുവിളി കാണാതെ വയ്യ. അവളുടെ പ്രകൃത്യാലുള്ള വാസനകളുമായി പൊരുത്തപ്പെടാത്ത ഒരുത്പന്നത്തെ കച്ചവടം ചെയ്യുക എന്ന കൃത്രിമ വിനിമയത്തിനാണ് അവൾ ഒരുമ്പെടുന്നത്. അശ്ലീലപരമായ ഒരു കടന്നുകയറ്റം അവളിൽ ഉണ്ടാകാതിരിക്കാൻ പരമാവധി പരിശ്രമിക്കുന്ന പെൺകുട്ടി ഉപഭോക്താവിനോട് കച്ചവടബന്ധം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. ഒരു ഘട്ടത്തിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് ജീൻസുധാരിയായ മോഡലുകളെക്കാൾ അവൾ താമസിച്ചിരുന്ന അനാഥാലയത്തിലെ മുക്കിലും മൂലയിലും കാണപ്പെട്ട നഗ്നനായ മോഡലിനെയാണ് തനിക്ക് പഥ്യം എന്നവൾ പറയുന്നുണ്ട്. കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലെ അന്തേവാസിയായ പെൺകുട്ടിയ്ക്ക് പാപബോധം സംബന്ധിക്കുന്ന ബൈബിളിലെ ആശയം എന്താണെന്നറിയാമായിരുന്നു. എങ്കിലും അവൾ തന്റെ മോഡലായി യേശുവിനെ തന്നെയാണ് സങ്കല്പിച്ചിരുന്നത്. ലൈംഗികതയുടെ വകഭേദങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും നോവലിൽ ഇടം നൽകുന്നുണ്ട്. ഇടതുമുല മുറിച്ചതിനു ശേഷം ലൈംഗികവികാരത്തിൽ തന്നെ വ്യതിയാനം സംഭവിക്കുന്ന സ്ത്രീകഥാപാത്രമുണ്ട് ‘ഡിൽഡോ’യിൽ. സദാചാരബോധവും ലൈംഗികതയും വിപണീമൂല്യങ്ങളും സാമൂഹിക സാംസ്കാരിക ഇടങ്ങളിലുണ്ടാക്കുന്ന പല വിധത്തിലുള്ള സംവാദങ്ങളുടെയും സംഘർഷങ്ങളുടെയും ബഹിർസ്ഫുരണമാണ് “ഡിൽഡോ ആറു മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം”.

കാലാകാലങ്ങളായി നിലവിലുള്ള നയങ്ങളെയും സ്വഭാവങ്ങളെയും മറന്നു കൊണ്ട് വിപണിക്കു ലാഭം കൊയ്യാനുള്ള മാർഗങ്ങൾ പുതിയ വ്യവസ്ഥയിൽ സുലഭമാണ്. അത്തരം നവീനരീതികൾക്കനുസൃതമായി അണുകുടുംബങ്ങളും മധ്യവർഗവും ജീവിതസൂത്രവാക്യങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കും. അത്തരമൊരവസ്ഥയുടെ തണലിലാണ് ഈ നോവലിന്റെ വിത്ത് പാകിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vm devadas dildo the story of six deaths rahul radhakrishnan

Next Story
സതിyama, short story, sathi, athira,