scorecardresearch
Latest News

സ്വത്വത്തിന്റെ പരകായപ്രവേശങ്ങള്‍

സമയം, കാലത്തിന്‍റെ ഏകകമാണോ എന്ന ചോദ്യം വിവേക് ചന്ദ്രന്‍റെ എല്ലാ കഥകളും നിശ്ശബ്ദമായി ഉന്നയിക്കുന്നുണ്ട്‌

സ്വത്വത്തിന്റെ പരകായപ്രവേശങ്ങള്‍

വിവേക് ചന്ദ്രന്‍ ചുരുക്കം കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. എഴുതിയ കഥകളുടെ തനിമയും അസാധാരണത്വവും കൊണ്ട് വായനക്കാരെ അസ്വസ്ഥരാക്കുകയും പുതിയ കഥകള്‍ക്കായി കാത്തുനിര്‍ത്തുകയും ചെയ്യുന്ന എഴുത്തുകാരനാണ് അദ്ദേഹം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  മലയാളം’ വാരികയില്‍ പ്രസിദ്ധീകരിച്ചു വന്ന ‘പ്രഭാതത്തിന്‍റെ മണം’ എന്ന കഥയാണ്‌ ആദ്യം എന്‍റെ ശ്രദ്ധയില്‍ പെട്ടത്. ആ കഥ ഒരു വെളിപാട് പോലെയാണ് എന്നിലേക്ക് ആവേശിച്ചത്. കഥയെഴുത്തിലെ അനേകം പുതു സാന്നിദ്ധ്യങ്ങള്‍ക്കിടയില്‍, മുഖ്യധാരാ സാഹിത്യസംവാദങ്ങളുടെ ഭാഗമായി പരാമര്‍ശിക്കപ്പെടുന്ന ഒരു പേരല്ല വിവേക് ചന്ദ്രന്‍റെത്. എങ്കിലും ‘ഫിക്ഷനെ’ ജീവിതായോധനത്തിന്‍റെ ആയുധമായി കാണുന്ന ഒരുപാട് നല്ല വായനക്കാര്‍ (സ്ത്രീകള്‍ ഉള്‍പ്പടെ), പുതിയ കഥകളെക്കുറിച്ചുള്ള പര്യാലോചനകള്‍ക്കിടയില്‍ വിവേക് ചന്ദ്രനെ കുറിച്ച് പ്രതീക്ഷയോടെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

എഴുത്ത്, കഥയെഴുത്ത് സവിശേഷമായും, ജീവിതത്തെ ചരിത്രവത്കരിക്കുന്ന പ്രക്രീയ ആണ്. പ്രകൃതിയും മനുഷ്യസമൂഹവും തമ്മില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യാത്മകതയാണ് അതിന്‍റെ ഊര്‍ജ്ജസ്രോതസ്സ്. ആ നിലയ്ക്ക് എല്ലാ കഥകളും എഴുത്തുകാര്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സത്യപ്രസ്താവങ്ങളാണ്. ജീവിതത്തോടും സമൂഹത്തോടുമുള്ള ഈ ആര്‍ജ്ജവമാണ് എഴുത്തുകാരന്‍റെ / എഴുത്തുകാരിയുടെ പ്രതിബദ്ധത. പക്ഷെ കഥകളില്‍ പലപ്പോഴും പരിചരിക്കപ്പെടുന്നതും സ്വീകര്യമാവുന്നതും പ്രതിബദ്ധതയുടെ പേരിലുള്ള ഉപരിപ്ലവമായ ആവിഷ്കാരങ്ങളാണ്. സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ പാഠ നിര്‍മ്മിതികള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും എളുപ്പം വഴങ്ങുന്നവയാണ് മലയാളത്തിലെ പുതിയ കഥകളില്‍ അധികവും. വിവേക് ചന്ദ്രന്‍റെ കഥകള്‍ ഈ ഗണത്തില്‍ പെടുന്നവയല്ല. എന്ന് വെച്ച് അത്തരം വായനകള്‍ അദ്ദേഹത്തിന്‍റെ കഥകള്‍ക്ക് സാധ്യമാവില്ല എന്ന് അര്‍ത്ഥമില്ല. അപഗ്രഥനങ്ങളെയും അര്‍ത്ഥോല്‍പാദനങ്ങളെയും പ്രതിരോധിക്കുന്ന മൗലികവും സ്വതന്ത്രവുമായ ഒരു ഉണ്മ (entity) അവയ്ക്കുണ്ട്. പ്രകൃതിയിലെ ചരാചരങ്ങള്‍ക്കെല്ലാം ബാധകമായ ജൈവികതയും വേറിട്ടുനില്‍പ്പും അവയുടെ മുഖമുദ്രകളാണ്. കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച പോലെ, പക്ഷികള്‍ക്ക് പറക്കല്‍ പോലെ, അനിച്ഛാപൂര്‍വ്വമായി സ്വന്തം ദൌത്യം നിറവേറ്റാന്‍ അവയ്ക്ക് ശേഷിയുണ്ട്.

സമയം, കാലത്തിന്‍റെ ഏകകമാണോ എന്ന ചോദ്യം വിവേക് ചന്ദ്രന്‍റെ എല്ലാ കഥകളും നിശ്ശബ്ദമായി ഉന്നയിക്കുന്നുണ്ട്‌. സമയവും കാലവും തമ്മില്‍, കാലവും സ്ഥലവും തമ്മില്‍ പരസ്പരമുള്ള സംയോജനവും വിഘടനവും, അവ മൂര്‍ത്തജീവിതസന്ദര്‍ഭങ്ങളില്‍ ഉണര്‍ത്തുന്ന അങ്കലാപ്പും, ഇത്രയും തീവ്രമായി അനുഭവിപ്പിക്കുന്ന കഥകള്‍ അപൂര്‍വ്വമായേ വായിച്ചിട്ടുള്ളൂ. വെട്ടാന്‍ വരുന്ന പോത്തിനെ വേദമോതി നിശബ്ദമാക്കാനുള്ള തന്ത്രബലം അവയ്ക്ക് സ്വായത്തമാണ്. പ്രമേയം, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, ആഖ്യാനം, കഥാഘടന എന്നിവയിലെല്ലാം ഈ അസാധാരണത്വം പ്രകടമാണ്. യാഥാര്‍ത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കുമിടയില്‍ താന്‍ സൃഷ്ടിച്ച വിസ്മയങ്ങള്‍ക്ക് സ്വയം ഇരയാകുന്ന മാന്ത്രികന്‍ (പ്രഭാതത്തിന്‍റെ മണം), തോല്‍വിക്കും മരണത്തിനുമപ്പുറത്തുള്ള മഹാസമസ്യകളിലേക്ക് തിരനോട്ടം നടത്തുന്ന മല്ലയുദ്ധക്കാര്‍ (സമരന്‍ ഗണപതി), പുതിയ കാഴ്ചകളുടെ വേഗത്തെ ഉള്‍ക്കൊള്ളാനാവാത്ത ഊരിചുറ്റിയായ സിനിമാക്കാരന്‍, പൊതുസ്ഥലത്ത് വിസര്‍ജ്ജനം ചെയ്യുന്നതില്‍ സായൂജ്യം കണ്ടെത്തുന്ന ഡോക്ടര്‍ (ഭൂമി), ഇടവകക്കാര്‍ക്കിടയിലെ കുമ്പസാരക്കഥകള്‍ കുറിച്ച് വെച്ച് വിശകലനം ചെയ്യുന്ന വികാരിയച്ചന്‍, കഥ ആസ്വദിക്കാനും പൂരിപ്പിക്കനുമായി വട്ടമിട്ട് പറക്കുന്ന മാലാഖമാര്‍, ചെന്നായയായി രൂപം മാറുന്ന ക്രിസ്റ്റി എന്ന കുട്ടി (വന്യം), ബസ്സുതട്ടി തകര്‍ന്ന നേര്‍ച്ചപ്പെട്ടിയുടെ പള്ളയില്‍ വിരല്‍ നൊട്ടി കാത്തുകിടക്കുന്ന കുഞ്ഞ്, കാട്ടുതീക്കുവേണ്ടി കാടൊരുക്കുന്ന കരാറുപണിക്കാരന്‍, ചിറകുകളില്‍ ആളുന്ന തീത്തുള്ളികളുമായി നൃത്തം ചെയ്യുന്നതിനിടയില്‍ മെഴുകുപോലെ ഉരുകിയൊലിച്ച് തറയില്‍ പരക്കുന്ന ആണ്മയില്‍, മെഷീനില്‍ വിരല്‍പ്പാട് പതിയാത്തവിധം കൈകള്‍ തഴമ്പിച്ചുപോയതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടാതെ ജീവിതം മാറിമറിഞ്ഞുപോകുന്ന ഏകനാഥന്‍ (ഏകനാഥന്‍), ‘ക്രൈം സീന്‍ അനാലിസിസി’ന്‍റെ ഭാഗമായി കൊലപാതകം നടന്ന മുറിയുടെ ചെറുമാതൃകകള്‍ ‘പാവവീടു’കളായി നിര്‍മ്മിക്കുന്ന യുവതി, കല്‍ക്കരി ഖനിയിലെ അന്ധനായ കാവല്‍ക്കാരന്‍ (മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച്)… ഇവരാരും ജീവിതത്തിന്‍റെ ചതുരവടിവില്‍ നിന്നും ഇറങ്ങിവന്ന കഥാപാത്രങ്ങളല്ല. അപൂര്‍വ്വവും വന്യവുമായ അവരുടെ ജീവിതപശ്ചാത്തലങ്ങളും അവയെ ചൂഴ്ന്ന്‍ നില്‍ക്കുന്ന ആധികളും രേഖീയമായ കഥാഖ്യാനത്തിന് ഒട്ടും യോജിച്ചവയുമല്ല.

vivek chandran, vanyam, iemalayalam
ചിത്രീകരണം : അരുണ ആലഞ്ചേരി

വിവേക് ചന്ദ്രന്‍റെ കഥാപാത്രങ്ങള്‍ അശരണരും ഏകാകികളും ഉന്മാദികളുമാണ്. പക്ഷെ അവരാരും തനിച്ചു നില്‍ക്കുന്നവരല്ല. സ്വത്വത്തിന്‍റെ പരകായപ്രവേശത്തിലൂടെ പരസ്പരം ആവേശിച്ചും വേട്ടയാടിയും ഉള്‍വലിഞ്ഞും, സ്വയം പൂരിപ്പിക്കാനുള്ള അവരുടെ ഹതാശമായ ശ്രമങ്ങള്‍ തികഞ്ഞ നിര്‍മ്മമതയോടെയാണ് കഥാകാരന്‍ പകര്‍ത്തിവെക്കുന്നത്. ആരാണ്, എന്താണ്, എവിടെയാണ്, എന്തുകൊണ്ടാണ്, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പലപ്പോഴും ഈ കഥകളില്‍ ഉത്തരമില്ല. സ്വപ്നവും യാഥാര്‍ത്ഥ്യവും പുലര്‍മഞ്ഞ് പോലെ മൂടിക്കലര്‍ന്ന് യുക്തിരഹിതമായ മായിക യാഥാര്‍ത്ഥ്യമായി മാറുന്നു. മഴയും മഞ്ഞും വെയിലും ഇരുട്ടും നാനാതരം ഗന്ധങ്ങളും ചോരപ്പാടുകളും നിറഞ്ഞ ഒരപരലോകമാണത്. (ഇന്ദ്രിയങ്ങളുടെ സൂക്ഷ്മരഥ്യകളിലേക്ക് വാതായനം തുറക്കുന്ന അനേകം ഗന്ധങ്ങള്‍, വിവേക് ചന്ദ്രന്‍റെ കഥകളില്‍ കഥാപാത്രങ്ങളോളം അധീശത്വം നേടുന്നുണ്ട്, പലപ്പോഴും).

കഥയുടെ ആഖ്യാനത്തില്‍ ഈ എഴുത്തുകാരന്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും കണിശതയും ശ്രദ്ധിക്കപ്പെടാതെ പോവില്ല. വാക്കുകളും ബിംബങ്ങളും ഒട്ടും കാല്‍പനികമായി ഉപയോഗിക്കാതെ നേടിയെടുക്കുന്ന വന്യമായ ഒരു ഛന്ദസ്സ് ഈ ആഖ്യാനഭാഷയിലുണ്ട്. ഏതോ ഇരുണ്ട ഗഹ്വരത്തിനകത്തിരുന്ന് കുതറുകയും ഞരങ്ങുകയും ചെയ്യുന്ന ഒരു വന്യജീവിയുടെ സാന്നിദ്ധ്യം ഈ ആഖ്യാനത്തിലൂടെ തൊട്ടറിയാം. ‘നഗരം എന്നത് നാവുകളാല്‍ കൂട്ടിയോജിപ്പിക്കപ്പെടാത്ത ഒരു പറ്റം ഒഴുകുന്ന തലച്ചോറുകളാണ്’ എന്നും, ‘തിയറ്റര്‍ മേല്‍ക്കൂരയുടെ തുളയിലൂടെ ഒളിച്ചുകടന്ന അസ്തമയ സൂര്യന്‍ കാലപ്പഴക്കം കൊണ്ട് ഞരമ്പുകള്‍ പൊന്തിയ തിരശ്ശീലയുടെ ഒരറ്റത്ത് പതുങ്ങി നിന്നു’ എന്നും, ‘സിനിമയുടെ ശബ്ദപ്പൊലിമ എന്‍റെ അലര്‍ച്ചയെ നിശ്ശബ്ദതയുടെ സഞ്ചിയിലൊളിപ്പിച്ച് നടന്നുമറഞ്ഞു’ എന്നും വായിക്കുമ്പോള്‍ നമ്മുടെ ഭാഷയെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു.

മലയാളത്തിലെ ഏറ്റവും പുതിയ കഥയില്‍ എന്നെ സ്പര്‍ശിച്ച രണ്ടോ മൂന്നോ എഴുത്തുകാരില്‍ ഒരാളാണ് വിവേക് ചന്ദ്രന്‍. ഈ കഥകളുമായി സവിശേഷമായ ഒരു ജനിതകബന്ധം എനിക്കുണ്ടെന്ന് തോന്നുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ എന്‍റെ നിലപാടുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന, ഏകാന്തവും രുഗ്ണവുമായ എന്‍റെ സ്വത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ഈ കഥകള്‍ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ മരിച്ചുപോയാലും ഈ കഥകള്‍ ബാക്കിയാവുമല്ലോ എന്ന്‍ ആലോചിക്കുമ്പോള്‍, ജീവിതത്തില്‍ വല്ലപ്പോഴും മാത്രം പ്രത്യക്ഷമാകുന്ന ആത്മവിശ്വാസം എന്നെ ആശ്ലേഷിക്കുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന  വിവേക് ചന്ദ്രന്റെ പുതിയ പുസ്തകം ‘വന്യ’ത്തിന്റെ  അവതാരിക

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vivek chandran short stories vanyam n sasidharan