Latest News

വിട്ടാൽ പോകും പട്ടം

“അഭിനയ മോഹവുമായി മദിരാശിയി ലേക്ക് വണ്ടികയറിയ അത്താണിപ്പാടം പിന്നീട് പല വഴികൾ താണ്ടി അയൂബ് അത്താണിയായതും അജയനായതും വീണ്ടും അത്താണിപ്പാട മായതുമൊന്നും മരണത്തിനറിയില്ലല്ലോ”

thampy antony, story

നടൻ അയൂബ് അത്താണിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഒന്നു ഞെട്ടി. മണിമുത്തിന്റെ “വിട്ടാൽ പോകും പട്ടം” എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത് എന്ന് ടിവിയിൽ മരണവാർത്തയോടൊപ്പം സ്ക്രോൾ ചെയ്തു. സത്യത്തിൽ ആരാ ഈ അയൂബ് എന്നോ ഈ സിനിമ ഏതെന്നോ വാർത്ത കേട്ടവർക്കൊന്നും മനസിലായി കാണില്ല.എന്നാൽ അയൂബ്ഖാൻ അത്താണിപ്പാടം എന്നൊക്കെ പറഞ്ഞാൽ സിനിമാലോകത്തുള്ളവർക്കറിയാം. കുറേനാൾ ആക്ടറും പ്രൊഡക്ഷൻ അസിസ്റ്റന്റും ലൊക്കേഷൻ മാനേജറുമൊക്കെയായി അവരുടെ കൂടെ ഉണ്ടായിരുന്നതല്ലേ. ഇനി പറയാനുള്ളത് സിനിമാറ്റിക്കായി തന്നെ പറയാം .

ഇതാണ് ഫ്ലാഷ്ബാക്ക്

അന്നത്തെ ആ ദിവസം മണിമുത്ത് എന്ന സംവിധായകന്റെ ആദ്യ സിനിമയായ ‘വിട്ടാൽ പോകും പട്ടം’ എന്ന ചിത്രത്തിന്റെ പ്രഥമ പ്രദർശനമാണ് എറണാകുളം കവിതയിൽ നടക്കാൻ പോകുന്നത്

മോണിങ് ഷോയ്ക്ക് കൊട്ടും കുരവയുമുണ്ടെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു, ആദ്യമായി നല്ല ഒരു വേഷം ചെയ്ത സിനിമയല്ലേ നടൻ അയൂബ് ആവേശം പുറത്തു കാണിക്കാതെ ആരവങ്ങൾക്കിടയിലൂടെ ഊളിയിട്ടു തീയറ്ററിലേക്ക് കയറി. തൊട്ടടുത്ത സ്‌ക്രീനിൽ തമിഴ് മക്കൾ തിലകം അമൃതരാജിന്റെ പടം റിലീസുമുണ്ട്. അമൃത്‌രാജ് വന്നിട്ടുണ്ടെന്നും പറയുന്നതുകേട്ടു. അതുകൊണ്ടു ചെണ്ടമേളവും ആൾകൂട്ടവും ആരുടേതാണെന്ന് അത്രപെട്ടെന്നൊന്നും തിരിച്ചറിയാൻ പറ്റില്ല . അതിപ്പം ആരുടേതാണെങ്കിലും ഏതാനും സിനിമയിൽ മാത്രം മുഖം കാണിച്ചിട്ടുള്ള അയൂബിനെ ആരും തിരിച്ചറിയില്ല എന്നുറപ്പുണ്ടായിരുന്നു. എന്തായാലും ഈ സിനിമയോടുകൂടി ഒരറിയപ്പെടുന്ന താരമാകും എന്ന ആത്മവിശ്വാസ ത്തിലാണയാൾ. “എനി ഡോഗ് ഹാസ് എ ഡേ” എന്നല്ലേ. പക്ഷേ, ഒറ്റനോട്ട ത്തിൽ ഒട്ടിച്ച പോസ്റ്ററിൽ പടമൊന്നും കണ്ടില്ല. അതിനെപ്പറ്റി അയാൾ മണിമുത്തിനോട് നേരത്തെ ചോദിച്ചതാണ്. അപ്പോൾ ഒരു വെടലച്ചിരി ചിരിച്ചിട്ട് അയാൾ പറഞ്ഞു എന്തിനാടോ പോസ്റ്ററിൽ പടം ഈ നായിക ശൃംഗാരിയും കുടിൽകുമാറും മനോജ് മേനോനുമൊക്കെ പോസ്റ്ററിലേയു ള്ളു. പടം കാണുബോൾ ആരാധകർ തീരുമാനിച്ചോളും ആരാ നായകൻ എന്ന്. അതൂടെ ഓർത്തപ്പോൾ അയാൾ ഉൾപുളകിതനായി.

ഒരു താരമായി ഷോ കഴിഞ്ഞിറങ്ങുമ്പോൾ സംഭവിക്കുന്നതൊക്കെ സ്വപ്നം കാണുകയായി രുന്നു. ആരാധകർ തിരിച്ചറിയുമ്പോഴുള്ള ആ സന്തോഷം അതൊക്കെ തനിക്കുതന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. മണ്ടന്മാരായ ആരാധകരൊക്കെ വല്ല്യ താരങ്ങളുടെ ചുറ്റും കൂടുന്നതും തൊട്ടു നോക്കുന്നതും കണ്ടിട്ടുണ്ട്. അവർ പാലഭിഷേകം ചെയ്യുന്നതും, മാലപ്പടക്കം പൊട്ടിക്കുന്നതും, സംഘം ചേർന്നു പാടി സുഖിപ്പിക്കുന്നതും, പൂമാലയിടുന്നതും പതിവ് കാഴ്ചകളായി രുന്നു. അതൊക്കെ പണ്ട് മദിരാശിയിലെ കോടമ്പക്കത്ത് സിനിമാ മോഹവുമായി തെണ്ടി നടന്ന കാലത്താ ആദ്യം കാണുന്നത്. അന്നൊക്കെ പാണ്ടിക്കാരുടെ വട്ട് എന്നുപറഞ്ഞു അവരെ പരിഹസിച്ചിരുന്ന നമ്മളും ഇപ്പോൾ അവരെ അനുകരിച്ച് അതേ മണ്ടത്തരങ്ങൾ തുടങ്ങിയിട്ടുണ്ട്. ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ ഓരോ താരങ്ങൾക്കുമുണ്ട് കോമാളി സംഘടനകൾ . അവരെയൊക്കെ ചൊല്ലും ചോറും കൊടുത്ത വളർത്തുന്നതും അവരുടെ താരരാജാക്കന്മാർ തന്നെ.thampy antony,story

ആ സ്വപ്നലോകത്ത് നിന്നുണർന്ന് ഒന്നു ചുറ്റിനും കണ്ണോടിച്ചപ്പോൾ തീയറ്ററിൽ ആകെ ഒരു ശുന്യത. മണിമുത്തും സംഘവും ഒന്നുമറിയാതെ നല്ല ആഘോഷത്തിമർ പ്പിലാണ്. എങ്ങനെ അറിയാനാ കുറെ സ്തുതിപാഠകരുമായി മനോജ് മേനോന്റെ കാരവനിൽ ഇരുന്നു സിംഗിൾ മാൾട്ടാ വീശുന്നത്. ശൃംഗാരിയും ഉണ്ടെന്നാരോ പറയുന്നതുകേട്ടു. ഈ സിനിമ ഒന്നു ഹിറ്റായിക്കോട്ടെ കാരവാനൊന്നും മേടിച്ചില്ലെങ്കിലും ഒരു പഴെയ മാരുതികാർ എങ്കിലും തരപ്പെടുത്തണം. ഇത്രയും നാൾ വെറും ചാൻസു ചോദിച്ചു ചാൻസലർ ആയി നടന്ന തനിക്ക് ഈ പടം തീർച്ചയാ യും ഒരു ബ്രേക്ക് ആകും. അപ്പോൾപിന്നെ ജാഡ കാണിക്കാണെങ്കിലും ഒരു കൊച്ചു കാറില്ലാതെ പറ്റില്ലല്ലോ. മാത്രമല്ല ഇത്രയധികം സീനിൽ അഭിന യിച്ചതും ആദ്യമായി ശബ്ദം കൊടുത്തതും എല്ലാം ഈ സിനിമയിലല്ലേ. അതെല്ലാം ഡബ്ബിങ് തീയറ്ററിൽ കണ്ടപ്പോൾ നല്ല ഒരു കഥാപാത്രം ചെയ്തതിന്റെ സംതൃപ്തിയൊക്കെ തോന്നുകയും ചെയ്തു. അതും പല പടങ്ങ ളുടെയും പ്രവർത്തിച്ചചിട്ടുള്ള മണിമുത്തിന്റെ ആദ്യത്തെ പടമല്ലേ മോശമാകാൻ വഴിയില്ല.

ഒരു പടം ചെയ്യണം എന്ന സ്വപ്നവുമായി അയാൾ ആദ്യം സമീപിച്ചതും അയൂബ് അത്താണിപ്പാടത്തെയാണ്. സിനിമാ മേഖല യിൽ തന്റെ പത്തിരുപതുകൊല്ലത്തെ സിനിമാ പരിചയം മുതലെടുക്കുക യായിരുന്നു അയാളുടെ ഉദ്ദേശം എന്നറിയാം. എല്ലാ സിനിമാക്കാരെയും പോലെ അപ്പകാണുന്നവരെ അപ്പാ എന്നുവിളിക്കുന്ന സ്വാഭാവം അയാൾ ക്കുമുണ്ട്. അതൊക്കെ അറിയാമെങ്കിലും തുടക്കകാരനായ മണിമുത്ത് രക്ഷപെട്ടാൽ താനും രക്ഷ പെടില്ലേ എന്നൊരു സ്വാർഥത അയൂബിന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു . അല്ലെങ്കിലും നമ്മുടെ നാട്ടിൽ സംവിധായകനാകാൻ എന്തിനാ വല്ല്യ പഠിത്തവും പത്രാസുമൊക്കെ. ഒരു ചെറുകഥപോലും വായിക്കാതെ ചുമ്മാ സിനിമയും കണ്ടു തെക്കുവടക്കു നടക്കുന്ന എത്രയോ ന്യു ജെൻ പിള്ളേരുടെ പടങ്ങൾ സൂപ്പർ ഹിറ്റായിരി ക്കുന്നു. ഒക്കെ ഒരു ചങ്കൂറ്റമാ അല്ലാതെന്ത്.ചങ്കൂറ്റമുണ്ടെങ്കിൽ ആയുർ രേഖ തീർന്നാലും ജീവിച്ചിരിക്കുമെന്നല്ലേ കൈനോട്ടക്കാരുപോലും പറയുന്നത്. ഒന്നുകൂടി വ്യക്തതമായിപറഞ്ഞാൽ ബോധവും വിവരവും കുറയുമ്പോൾ ഉണ്ടാകുന്ന ഒരു ധൈര്യം. വല്ല്യ ലോകപരിചയവും വിവരവുമില്ലാത്ത മണിമുത്തിന് അതുണ്ടുതാനും. അതുകൊണ്ടാണ് അത്താണിണിപ്പാടം പരിചയത്തിലുള്ള പല നിർമ്മാതാക്കളെയും കണ്ട് ‘യെവൻ പുലിയാണന്നും നാളെ മലയാളത്തിന്റെ സ്പീൽബർഗ്ഗ് ആകും’ എന്നൊക്കെ ഒരു കാച്ചു കാച്ചിയത്. അയാളുടെ അക്ഷരവടിവിലുള്ള ആ സംസാരം കേട്ടാലും ആർക്കും അങ്ങനെയേ തോന്നൂ. എന്നിട്ടും കുറേ പാടുപെട്ടാണ് പള്ളിപ്പുറംകാരൻ ബസുടമ ഈശോ ഇഞ്ചക്കാടനെ അവർ കഥപറഞ്ഞു വീഴിച്ചത്.

എപ്പോഴും മേക്കപ്പ് ഒക്കെ ഇട്ടുനടക്കുന്ന അഭിനയമോഹമുള്ള അയാളെ കുടിൽകുമാർ എന്നുപറഞ്ഞാലെ നാട്ടുകാരുപോലും അറിയികയുള്ളു. അതും നാട്ടിലുള്ള പള്ളിക്കൂടംപിള്ളേർ വിളിക്കുന്ന പേരാണ്. ചാൻസൊ ന്നും കിട്ടാതിരുന്നപ്പോൾ അത് ഒന്നുകൂടെ ലോപിച്ചു ഇപ്പോൾ വെറും കുടിലായി. അതയാൾക്കിഷ്ടമില്ലെങ്കിലും അടുത്ത കൂട്ടുകാരു പോലും പരമ രഹസ്യമായി കുടിൽ എന്നാണ് പറയുന്നത് . സംവിധായകൻ ആരോ മോൻ അയാൾ അവസരോചിതമായി ഒരു കളി കളിച്ചു .കഥ പറയുന്നതിനിടയിൽ കുടിൽകുമാറിനൊരു ഉഗ്രൻ വേഷവും കൊടുക്കാ മെന്നേറ്റു. അതോടുകൂടി കുടിലും നിലംപറ്റിവീണു. സിനിമയക്കകത്തല്ലേ ഈ അടിച്ചും ഇടിച്ചുമൊക്കെ ആൾക്കാരെ വീഴിക്കുന്നത്. പുറത്ത് സൂപ്പർസ്റ്റാർ ഉൾപ്പെടെ ഏതു കൊലകൊമ്പനെയും സംവിധായകൻ വീഴിക്കുന്നത് കഥപറഞ്ഞാണ്. അങ്ങനെ ഈ ഇഞ്ചക്കാടൻ ഈശോയും ഒന്നുവീണു അത്രയേയുള്ളൂ.thampy antony, story
.

എന്തായാലും അങ്ങനെ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമായി. അതിനുള്ള കാരണക്കാർ രണ്ടു പേരാണ്. ഒന്ന് ഒരു താരമാകാൻ ഒരുങ്ങിയിരിക്കുന്ന അയൂബ് അത്താണിപ്പാടം. അടുത്തത് ഒറ്റ സിനിമകൊണ്ടു മലയാള സിനിമയെ അപ്പാടെ വിഴുങ്ങാമെന്ന് വിചാരിക്കുന്ന നവാഗത സംവിധായകൻ മണിമുത്ത് . അയാളുടെ ശരിക്കുള്ള പേര് വെറും മത്തായികുട്ടി എന്നായിരുന്നു. സംവിധായക നായപ്പോൾ കുട്ടിയേ അങ്ങുതട്ടിയിട്ട് മണിമുത്തായി എന്നാക്കിയതാ. ചന്തേക്കൂടെ നടക്കുന്ന വട്ടിപലിശക്കാരുടെ പേരുപോലെയാണല്ലോ എന്നാരോ പറഞ്ഞിട്ട് അയാൾ തന്നെയാ അതൊന്നുകൂടെ പരിഷ്‌കരിച്ചു മണിമുത്താക്കിയത് അതൊന്നുകൂടെ പരിഷ്‌കരിച്ചു മണിമുത്താക്കിയത്.

“വിട്ടാൽ പോകും പട്ടം” ഹിറ്റായാൽ മലയാളസിനിമയുടെ മണിമുത്ത് എന്നൊക്കെ വാർത്ത പടച്ചുവിടാനുള്ള ഏർപ്പാടൊക്കെ സോഷ്യൽ മീഡിയായിലും പത്ര മാധ്യമങ്ങളിലും ഷൂട്ടിങ് തുടങ്ങുന്നതിനുമുൻപേ ചെയ്തുകഴിഞ്ഞു. അതുപിന്നെ എന്തിനും തയ്യാറായി ഇന്റർനെറ്റ് പിആർ വർക്ക് എന്നുപറഞ്ഞ് കുറെ ന്യു ജെനറേഷൻ കുഞ്ഞുങ്ങൾ ഇറങ്ങിയിട്ടുണ്ടല്ലോ. പിന്നെ പറയാൻ മറന്നുപോയ ഒരു രഹസ്യമുണ്ട്. അയൂബ് അത്താണിക്ക് ചെറിയ ഒരു മുടന്തുണ്ട്. ചെറുപ്പത്തിലേ കോച്ചുവാതം വന്നതിന്റെ ആഘാതമാണോ എന്നറിയില്ല കുറച്ചു വേഗത്തിൽ നടന്നാൽ കൂടുതൽ അറിയാനുമുണ്ട് . എന്നിട്ടും സംവിധായ കൻ ആക്ഷൻ സീനാണെന്നും പറഞ്ഞ് നായികയുടെ പിറകെ കാട്ടിലൂടെ തോക്കൊക്കെ പിടിപ്പിച്ചോണ്ടു കുറെ ഓടിച്ചു. അന്നുതൊട്ടു തുടങ്ങിയതാ ആ മുടന്തുകാലിന്റെ വേദന . കഥാപാത്രത്തിനു വേണ്ടി അതല്ല അതിനപ്പുറവും ചെയ്യാൻ അയൂബിന് ഒരു മടിയുമില്ലായിരുന്നു. അതല്ല ചാൻസലറായി അവസരംതേടി നടന്നു നടന്നു ചട്ടായതാണെന്നും പരദൂഷണക്കാർ പറയുന്നുണ്ട്. അല്ലെങ്കിലും അതിൽ അത്ര കാര്യമൊന്നുമില്ല മമ്മൂട്ടിക്ക് ഇത്തിരി മുടന്തില്ലേ, മോഹൻലാലിന് നടക്കുബോൾ ഒരു ചെരിവില്ലേ . എന്നിട്ടും അവരൊക്കെ സൂപ്പർസ്റ്റാറും മെഗാസ്റ്റാറുമൊക്കെ ആയില്ലേ. നീയൊക്കെ ആ ശ്രീനിവാസനെയും ഇന്നസെന്റിനെയും ജഗതിയെയും കണ്ടുപഠിക്കണം. ഈ ലുക്കിലൊന്നും ഒരു കാര്യവുമില്ല ബുദ്ധിവേണം ആളുകളോട് ഇടപെടാൻ അറിഞ്ഞിരിക്കണം. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ലോജിക്കായി പറഞ്ഞിട്ടാണ് അത്താണിയെ മുത്തുമണി ആവേശഭരിതനാക്കുന്നത്.

അയാളുടെ ആ പഴയ പേര് ‘വിട്ടാൽ പോകും പട്ടം’ എന്ന സിനിമയ്ക്കുവേണ്ടി മണിമുത്താണ്‌ ഒന്നു പരിഷ്‌ക്കരിച്ച് അയൂബ് അത്താണിയാക്കിയത്. കാര്യം അയാൾ അതാണിപ്പാടംകാരനാണെങ്കിലും അത് ചുരുക്കി അത്താണിയാക്കിയപ്പോൾ പേരിന്റെ വാലങ്ങ് മുറിഞ്ഞതുപോലെ എന്തോ ഒരപാകത. എന്നാലും വല്ല്യ താരമാകാൻ പോകുവല്ലേ ഒരു ചേഞ്ച് ഇരിക്കെട്ടെയെന്ന് കരുതി എതിർത്തൊന്നും പറഞ്ഞതുമില്ല. അതൊക്കെ സഹിക്കാം അയൂബ്ഖാനോട് അഞ്ചു പൈസ മുടക്കേണ്ട എന്ന് ആദ്യമേ പറഞ്ഞിരുന്നതാ പക്ഷെ ഷൂട്ടിങ്ങിൻറെ അന്ത്യഘട്ടത്തിൽ ഇഞ്ചക്കാടൻ ഈശോ മലക്കം മറിഞ്ഞു. അതോടെ അയൂബിന്റെ ആകെയുണ്ടായിരുന്ന വീതത്തിലെ അൻപതു സെൻറ് പുരയിടം വിൽക്കേണ്ടി വന്നു. എങ്ങനെ യെങ്കിലും പടം തീരട്ടെയെന്നു അയാളും കരുതി. ആകെ മുങ്ങിയാൽ പിന്നെയെന്തു കുളിര്. പടം ഒന്നിറങ്ങിക്കിട്ടിയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല അൻപതു സെന്റല്ല അഞ്ചേക്കർ വേണമെങ്കിലും ടൗണിൽതന്നെ മേടിക്കരുതോ. വേണമെങ്കിൽ നമുക്കൊരു മൾട്ടിപ്ലെക്സ് തീയേറ്ററും കെട്ടാം എന്നൊക്കെ മലർപ്പൊടിക്കാരൻറെ സ്വപ്നംപോലെ മണിമുത്ത് ഇടയ്ക്കിടെ തട്ടിവിടുന്നുമുണ്ട്.thampy antony, story

നായികയുടെ കാര്യത്തിൽ നിർമാതാവ് ഈശോപോലും ഇടപെടാൻ പാടില്ലന്ന് നേരത്തെ പറഞ്ഞിരുന്നു. അത് പുള്ളിക്കാരന്റെ ഒരു സെറ്റപ്പാ ണെന്ന് അറിഞ്ഞതും ഇത്തിരി താമസിച്ചാണ്. അതും പുതുപ്പള്ളിക്കാരി ഒരു ഡാൻസ് ടീച്ചർ ശൃംഗാരി രാഗം. ആദ്യം കേട്ടപ്പോൾ ഏതോ തീയറ്ററിന്റെ പേരാണന്നാ ഓർത്തത്. പേരുപോലെതന്നെയാ പക്ഷെ ശൃംഗാരം സംവിധായകനോടു മാത്രമെ പാടുള്ളു . കാര്യം പേരിൽ ഈ ഈശോയൊക്കെയുണ്ടെങ്കിലും പെൺവിഷയത്തിൽ അയാൾക്കൽപ്പം പേടിയുള്ളത് ഈ ഈശോ ഇഞ്ചക്കാടനെത്തന്നെയാ .പക്ഷെ മണിമുത്താരാ മോൻ ,ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നോട്ടെറിഞ്ഞു. അവളുടെ നായകന് തുല്ല്യമായ വേഷമാ അയാൾക്ക് എന്നുകൂടെ പറഞ്ഞപ്പോൾ ആ കുടിൽകുമാർ കമാന്നൊരക്ഷരം പറഞ്ഞില്ല.

നീയൊക്കെ നോക്കിക്കോ നമ്മുടെ ഈ ഈ പട്ടം വിട്ടാൽ അങ്ങ് ആകാശം മുട്ടെ പറക്കും. പിന്നെ നമ്മളൊന്നു തിമർക്കും പൊളിക്കും തകർക്കും എന്നൊക്കെ ന്യു ജെൻ ഭാഷയിൽ ഷൂട്ടിങ്ങിന്റെ ഓരോ ഘട്ടത്തിലും മാത്രമല്ല വൈകുന്നേരത്തെ കള്ളുപാർട്ടിയിലും മണിമുത്ത് ഉരുവിട്ടു കൊണ്ടിരുന്നു.അപ്പോൾ കൂടെ കൂടിയ വകേലുള്ള ഒരളിയെൻ കുഞ്ഞച്ചൻ പറഞ്ഞു. മത്തായിഅളിയാ മുറുക്കെ പിടിച്ചോണം പട്ടമല്ലേ ചരടു പൊട്ടിയാപ്പിന്നെ പിടിച്ചാൽ കിട്ടുകേല കുടുബത്തിനുതന്നെ നാണക്കേടാ. കാര്യം സ്വന്തം വകേലുള്ള അളിയനാണെങ്കിലും ആ പരട്ടയുടെ തമാശ മാത്രം മണിമുത്തിനിഷ്ടപ്പെട്ടില്ല. അത്താണിപ്പാടവും രണ്ടെണ്ണം വീശി ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു. അതൊക്കെ ഷൂട്ടിങ് ലൊക്കേഷനിലെ കഥകൾ .

ഇന്ന് ഇപ്പോൾ പ്രദർശനത്തിന്റെ ആദ്യദിവസമായിട്ടും പണ്ടൊക്കെ ഓലതീയറ്ററിൽ സെക്കൻഡ് ഷൊക്ക് കയറുന്നതുപോലെ അവിടെയും ഇവിടെയും വിരലിൽ എണ്ണാവുന്നവർ മാത്രം. പാട്ടും മേളവും കഴിഞ്ഞപ്പോൾ സംവിധായകനും കൂട്ടരും ശൃംഗാരി രാഗവുമായി സിംഗിൾമാൾട്ടിന്റെ ലഹരിയിൽ കാരവന്റെ പുറത്തേക്കൊഴുകിയിറങ്ങി മൊത്തത്തിൽ ഒരു സൂഷ്മനിരീക്ഷണം നടത്തി. കൊട്ടും കുരവയും ചെണ്ടമേളവും കഴിഞ്ഞപ്പോഴേ ജനം പമ്പകടന്നു . എന്നാലും പ്രത്യാശ കൈവിടാതെ രാവിലെ കാരവാനിലിരുന്നു കേറ്റിയ കള്ളിന്റെ ധൈര്യത്തിൽ ആടിയാടി തീയറ്ററിലേക്ക് കയറി.

തീയറ്ററിലെ അവസ്ഥ കണ്ടപ്പോൾ മുത്ത് ഇത്തിരി നിരാശനായി. നായകൻ മനോജിനെ മാത്രമല്ല നടി ശൃഗാരി രാഗം വരുന്നിടത്തുപോലും ഉള്ള ആളുകൾ കസേരയിൽ എഴുന്നേറ്റുനിന്നു മെനക്കെട്ടു കൂവാൻ തുടങ്ങി. പട്ടം കൈവിട്ട ലക്ഷണമാ ഇനി ഏതുനേര ത്തും പൊട്ടാം. അവസാനം ശൃഗാരിയുടെ കൈയിൽനിന്നും ചരടുപൊട്ടിയ പട്ടം ആകാശത്തുകൂടെ ലക്ഷ്യമിലാതെ പറക്കുന്നു. അവിടെ ശുഭം എന്നെഴുതികാണിക്കുന്നുടത്തു പടം തീരുകയാണ്. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന കൂവിയ പരനാറികളും സ്ഥലം കാലിയാക്കി. കൈവിട്ടുപോയ ആ പട്ടം സ്‌ക്രീനിൽ കണ്ടപ്പോൾ അറം പറ്റിയ പേരാണല്ലോ എന്നൊരു സംശയം സ്തുതിപാഠ കർക്കും തോന്നി. അതൊന്നും അറിയാത്ത മട്ടിൽ ഒരു സിംഗിൾ മാർട്ട് ചിരി ചിരിച്ചിട്ട് സഹപ്രവർത്തകരോടെലാവരോടുമായി മത്തായികുട്ടി ഒരു പ്രഖ്യാപനം നടത്തി .thampy antony ,story

“ആദ്യത്തെ ഷോയല്ലേ. ഒന്നും പേടിക്കാനില്ല. മൗത്ത് പബ്ലിസിറ്റി കൂടെയാ കുമ്പോൾ ആളുകളുടെ ചാകരയായിരിക്കും പിന്നെ ഈ പട്ടം പിടിച്ചാൽ കിട്ടുകേല .

” അതുതന്നെയാ ഞാനും നേരത്തെ പറഞ്ഞത് എത്രപിടിച്ചാലും കിട്ടില്ല “എന്നുപറഞ്ഞിട്ടാ ആ വകേലുള്ളരാ കുഞ്ഞച്ചനാളിയൻ അവിടെത്തന്നെ വാളുവെച്ചു. പിന്നെ എല്ലാവരുംകൂടി വാരിയെടുത്തോണ്ടാ പുറത്തേക്കി റങ്ങിയത് . ഭാഗ്യത്തിന് പുറത്താരുമില്ലായിരുന്നു .

എന്തായാലും തിരുവായിക്കെതിർവായില്ലല്ലോ വേറെ ആരും ഒന്നും എതിർത്തു പറഞ്ഞതുമില്ല. അല്ലങ്കിലും അതൊക്കെ സംവിധായകന്മാരുടെ സ്ഥിരം നമ്പറാണെന്ന കാര്യം അത്താണിപ്പാടത്തിനറിയാമായിരുന്നു .

പടം കഴിഞ്ഞപ്പോൾ അയൂബ് അത്താണി എന്ന നടനെ കാണാനില്ല. പടത്തിലും കാര്യമായിട്ടൊന്നും കാണാനില്ലാഞ്ഞതുകൊണ്ട് നിരാശനായി മുങ്ങിയെന്നാ കേട്ടത്. അഭിനയിച്ച സീനുകൾ മുഴുവനും മണിമുത്തു വെട്ടിമാറ്റി. അതൊക്കെ സഹിക്കാം പക്ഷെ കഥാപാത്രത്തിന്റെ പേരുപോലും പരാമർശിക്കപ്പെടാതെപോയി. സംവിധായകന്റെ കാണപ്പെട്ട ദൈവമായ ആ ഈശോ മിശിഹായിക്കും അതിൽ കയ്യുണ്ടെ ന്നാണ് അറിഞ്ഞത് . അയാളുടെ പേരിലെ ഈ ഈശോയുള്ളു കൈലിരിപ്പു സാക്ഷാൽ യൂദാസിന്റെയാ. അത്തണിപ്പാടം തീയറ്ററിലെ ഇരുട്ടത്ത് ആരും കാണാതെ വിതുമ്പികരഞ്ഞു.
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടും അതിനാണല്ലോ ഈ കർമ്മഫലം എന്നൊക്കെപ്പറയുന്നത്. സാധാരണ എട്ടു നിലയിലെ പടം പൊട്ടാറുള്ളു ഇതിപ്പം പതിനാറ് നിലയിൽ പൊട്ടി. സൂപ്പർ ഹിറ്റാകും ലാഭം കൊണ്ട് പള്ളിപ്പുറം പഞ്ചായത്തിൽ ഒരു മൾട്ടിപ്ലെക്സ് തീയറ്റർ കെട്ടാം എന്നക്കെയല്ലേ അവർ അതാണിപ്പാടത്തിനെ പറഞ്ഞു പ്രലോഭിപ്പിച്ചത്. കുരിശു ചുമക്കാതെയാണങ്കിലും ഈ രണ്ടാമത്തെ വീഴ്ച്ചയോടെ ഈശോയും ഒന്ന് ഞെട്ടി. ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ശപിക്കുമെന്നു പറഞ്ഞത് മണിമുത്തിൻറെ കാര്യത്തിൽ അച്ചട്ടായി. അതിൽപിന്നെ അയാൾ ആരുവിളിച്ചാലും ഫോണെടുക്കാതെ കുറേനാൾ മുങ്ങിനടന്നു. പിന്നെ പൊങ്ങിയത് പ്രൊഡക്ഷൻ മാനേജർ മത്തായികുട്ടി യായിട്ടാണ്. ചെയ്ത തെറ്റിനു പ്രായശ്ചിത്തമെന്നോണം കൂടെ പുതുമുഖനടി ശൃംഗാരിയുമുണ്ട്. കല്ല്യാണം പരമ രഹസ്യമായിരുന്നു എന്നാ കേട്ടത്. ശൃംഗാരിയെ മലയാളസിനിമയിലെ നായികനിരയിലേക്കുയർത്തുമെന്നുള്ള മോഹനവാഗ്‌ദാനങ്ങളൊക്കെ കൊടുത്ത് ഒരു പാക്കേജു ഡീലായിരുന്നു . ആ ദുരുദ്ദേശത്തോടെ ആദ്യം സംവിധായകൻ മണിമുത്ത് ഏതോ പ്രവാസിയെ കറക്കി ശൃംഗാരിയുമായി ഒരു അമേരിക്കൻ സന്ദർശനം നടത്തി. അവിടെവെച്ച് അഭിനയമോഹമുള്ള കുറെ എൻ ആർ ഐ. കാരെ യൊക്കെ കഥപറഞ്ഞു വീഴിച്ചു. എന്നിട്ട് ശൃംഗാരിയെ നായികയാക്കി പാതിരാക്കോഴി എന്നൊരു പടംകൂടി തട്ടിക്കൂട്ടിയെങ്കിലും ഇറങ്ങുന്നതിന് മുൻപുതന്നെ കോഴി പെട്ടിയിൽനിന്നു പറന്നുപോയി. ആദ്യം അവസരംകൊടുത്ത അത്താണിപ്പാടത്തിനെ പാടേ മറന്നുള്ള കളിയായിരുന്നു അത്. അതോടെ ഡാൻസ് ടീച്ചർ ശൃംഗാരി രാഗം പുതുപ്പള്ളിയിലേക്കും പറന്നു . മൂഷികസ്‌ത്രീ പിന്നെയും മൂഷികസ്ത്രീ ആയെന്നു പറഞ്ഞപോലെ മത്തായികുട്ടി ഇപ്പോഴും പഴയ പ്രൊഡക്ഷൻ മാനേജർ പണിയുമായി കഴിഞ്ഞുകൂടുന്നു.

ഈശോ ഇഞ്ചക്കാടന്റെ അഭിനയമോഹവും അതോടെ അസ്തമിച്ചു എന്നുതന്നെ പറയാം. അടുത്ത തിരഞ്ഞെടുപ്പിൽ പള്ളിപ്പുറം മൂന്നാം വാർഡിൽ മത്സരിച്ചു പഞ്ചായത്തു മെമ്പറായി രാഷ്ട്രീയത്തിലേക്കിറങ്ങി . പണക്കാരനല്ലേ താമസിയാതെ പഞ്ചായത്തു പ്രസിഡണ്ടുമാകാനുള്ള സാദ്ധ്യതയുമുണ്ട് .എല്ലാം ഒത്തുവന്നാൽ ഭാവിയിൽ ഒരു വകുപ്പു മന്ത്രിയെങ്കിലും ആകില്ലെന്നൊന്നും പറയാൻ പറ്റില്ല, അല്ലെങ്കിലും ഈ വിവരദോഷികളായ സിനിമാതെണ്ടികളുടെ പിറകെ നടന്നിട്ടെന്ത് കാര്യം. എന്നൊക്കെ കിട്ടുന്ന മദ്യപാന സദസുകളിൽ കൂട്ടുകാരോടും നാട്ടുകാരോടുമൊക്കെ പരദൂഷണം പറഞ്ഞു. അതുംപോരാഞ്ഞു പഞ്ചായത്തിൽ നടക്കുന്ന കർമ്മപദ്ധതികൾ മീറ്റിങ്ങുകൾ ഒക്കെ ലൈവ് ആയി ഫേസ് ബ്ലോക്കിൽ പതിവായി ബ്രോഡ്‌കാസ്റ്റ് ചെയ്യാൻ തുടങ്ങി. അങ്ങനെയെങ്കിലും ഒരു താരമാകാനുള്ള ആഗ്രഹം നിറവേറ്റുകയായി രുന്നു. എന്നിട്ടും എത്ര ശ്രമിച്ചിട്ടും കുടിൽ എന്ന പേരിനുമാത്രം കാര്യമായ തേയ്‌മാനമൊന്നും സംഭവിച്ചില്ല. പതിവായി പള്ളിക്കൂടം പിള്ളേർ ഒളിച്ചും പാത്തുമിരുന്ന് പഴേ പടി വിളിച്ചുകൊണ്ടിരുന്നു . അതൊന്നു മാറ്റിയെടു ക്കാൻ പഞ്ചായത്താകെ പണം വാരിയെറിഞ്ഞു . എന്നിട്ടും രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനെപോലെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക മത്സരിച്ചെങ്കിലും തോറ്റു തൊപ്പിയിട്ടു . സിനിമാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ എട്ടുനില യിൽ പൊട്ടി. അങ്ങനെ മൂന്നാം പ്രാവശ്യവും ആ ഈശോമിശിഹായും കുരിശുചുമക്കാതെ വീണു.thampy antony, story

മത്തായികുട്ടി പറഞ്ഞിട്ട് കിടപ്പാടം പോലും നഷ്ടപെട്ട അത്താണിപ്പാടം ലക്ഷ്യമില്ലാതെ അലഞ്ഞുനടന്നു. അയാളുടെ ആ അമ്പതു സെന്റിൽ പകുതി വിറ്റിട്ട് അവിടെ ഒരു വീടുവെക്കണമെന്നും കല്ല്യാണം കഴിക്കണമെന്നുമൊക്കെയുള്ള സ്വപ്‌നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. സ്വന്തം നാട്ടുകാരിൽനിന്നുമാത്രമല്ല സിനിമാക്കാരുടെ ഇടയിൽനിന്നും വീട്ടുകാരിൽഇനിന്നുപോലും ഒരുപാടു ദുരനുഭവങ്ങളു ണ്ടായി. എന്നിട്ടും ആരോടും ഒരു പരാതിയും പറയാതെ തന്റെ സ്വപ്ന ലോകമായിരുന്ന സിനിമാലോകത്തുനിന്നും അപ്രത്യഷനായി. ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ കുറെ കഷ്ട്ടപ്പെട്ടു. വിശന്നു വലഞ്ഞപ്പോൾ ആരോ പറഞ്ഞതനുസരിച്ചാണ് ശാന്തംപാറയിലുള്ള ശാന്തതീരം എന്ന ആശ്രമത്തിലെത്തിയത്. അവിടെ മൂന്നുനേരം ഭക്ഷണം ഫ്രീയാണെന്നറി ഞ്ഞാണ് പോയത്. അവിടെവെച്ചു മതം മാറി അജയൻ എന്ന പുതിയ പേരുസ്വീകരിച്ചെന്നും ഒരു കിംവദന്തിയുണ്ടായിരുന്നു. എന്തായാലും അവരുടെ കരുണകൊണ്ടു അവിടെ കൂലിപ്പണിയൊക്കെ ചെയ്തു ജീവിക്കുകയായിരുന്നു . സിനിമക്കാരാരും അറിഞ്ഞവരാരും ഒന്നു തിരിഞ്ഞുനോക്കിയിട്ടില്ല. അപ്പോഴേക്കും മാനസികമായും ശാരീരികമായും ക്ഷീണിതനായിരുന്നു അത്താണിപ്പാടം. അതറിഞ്ഞിട്ട് അലിവുതോന്നി അയാളെ വിളിച്ചോണ്ട് പോയത് ടി വി സീരിയൽ ഡയറക്ടർ പൊന്നമ്പിളിയാണ് . നാട്ടുകാരനായ അയാൾ ചാൻസുതേടി കോടമ്പാക്ക ത്തു വന്നകാലത്തു അഭയം കൊടുത്ത് അയൂബായിരുന്നു. അതിന്റെ പ്രത്യുപകാരമെന്നോണം കുറെ ടിവി പ്രോഗ്രാമിലോക്കെ ചാൻസ് കൊടുത്തു. അങ്ങനെ അയൂബ് അത്താണിപ്പാടം എന്ന ആദ്യ പേരിൽ തന്നെ വീണ്ടും അഭിനയിച്ചു വരികയായിരുന്നു. അപ്പോഴാണ് പെട്ടന്നുള്ള അറ്റാക്ക് വന്നതും ആ മരണം സംഭവിച്ചതും.

സംസ്കാരത്തിന് സിനിമാലോകത്തുനിന്നും ഒരു വലിയ റീത്തുമായി മണിമുത്തു എന്ന മത്തായികുട്ടിയും കൂടെ ഖദർ വസ്ത്രധാരിയായി പഞ്ചായത്തു മെമ്പർ ഈശോ ഇഞ്ചക്കാടനും, പൊന്നമ്പിളിയും കുടുംബവും കൂടാതെ ശാന്തംപാറ ആശ്രമത്തിൽനിന്നും കാവിയിട്ട ഒന്നുരണ്ടു സന്യാസികളും മാത്രമാണുണ്ടായിരുന്നത്. ആരുമില്ലാത്തവന് ഒരിക്കലും ആരും ഉണ്ടാവില്ല എന്നതല്ലേ സത്യം. അല്ലെങ്കിലും ആരു വന്നാ ലും എത്ര ആൾകൂട്ടം വന്നാലും മരിക്കുന്നവരുടെയെല്ലാം യാത്ര ഒറ്റക്കാണ ല്ലോ .എല്ലാ മരണവും ഒരുദിവസം ആരുമറിയാതെ കള്ളനെപ്പോലെ കടന്നുവരും എന്നല്ലേ. ഒരുകാലത്ത് അഭിനയ മോഹവുമായി മദിരാശിയി ലേക്ക് വണ്ടികയറിയ അത്താണിപ്പാടം പിന്നീട് പല വഴികൾ താണ്ടി അയൂബ് അത്താണിയായതും അജയനായതും വീണ്ടും അത്താണിപ്പാട മായതുമൊന്നും മരണത്തിനറിയില്ലല്ലോ.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Vital pokkum pattam short story thampy antony

Next Story
രാത്രിസഞ്ചാരംjayakrishnan, poem
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express