scorecardresearch

വിശുദ്ധ ഉറ-പ്രമോദ് കൂവേരി എഴുതിയ കഥ

"മുക്കാലും ഒഴിച്ച റമ്മില്‍ പേരിന് വെള്ളമൊഴിച്ച് ചോദ്യത്തോടൊപ്പം ഒരു ഗ്ലാസ്സും ചന്ദ്രന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു." പ്രമോദ് കൂവേരി എഴുതിയ കഥ

"മുക്കാലും ഒഴിച്ച റമ്മില്‍ പേരിന് വെള്ളമൊഴിച്ച് ചോദ്യത്തോടൊപ്പം ഒരു ഗ്ലാസ്സും ചന്ദ്രന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു." പ്രമോദ് കൂവേരി എഴുതിയ കഥ

author-image
Pramod Koovery
New Update
Pramod Koovery | Story

ചിത്രീകരണം: വിഷ്ണു റാം


മല കുത്തിക്കിളച്ച കൊമ്പില്‍ കാട്ടുവള്ളികള്‍ കുടങ്ങി കമ്മാളിക്കുന്നിലെ കാട്ടി ഇറങ്ങിവരുന്നതുപോലെ ലോക്കല്‍ ചന്ദ്രന്റെ ജീപ്പ് താബോറെ ഹെല്‍ത്ത് സെന്ററിന്റെ മുന്നില്‍ ബ്രേക്കിട്ടു. ആ വരവ് കണ്ടാല്‍ ചായയേന്തുന്ന പൈങ്കുനി ജോസച്ചന്‍ വരെ ഒന്നു നൂണു നോക്കും. അമ്മാതിരി വരവാ. പൊടി പടര്‍ത്തി.

Advertisment

ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ലോക്കല്‍ ചന്ദ്രന്‍ ഹെല്‍ത്ത് സെന്ററില്‍ ഇതുപോലെ ഒരു വരവ് വരാറുണ്ട്. ജീപ്പിന്റെ ഫൂട്ട്‌സ്റ്റാന്റിലേക്ക് തേച്ചുവെടിപ്പാക്കിയ വള്ളിച്ചെരുപ്പിട്ട കാലെടുത്തുവെച്ച് ചന്ദ്രന്‍ ഒരു ബീഡിക്ക് തീവെച്ചു. പുറത്തേക്ക് തള്ളിയ ഒരുരുള പുകയെ വലിച്ചുവിഴുങ്ങി ഗ്ലാസ്സിലൂടെ നോക്കിയപ്പോള്‍ ഹെല്‍ത്ത് സെന്ററില്‍ ലേശം ആള്‍ത്തിരക്ക്. 

ഹെല്‍ത്ത് സെന്ററിലെ ജനലഴിക്കുള്ളില്‍ സിസ്റ്റര്‍ അന്നാമ്മയുടെ കഴുത്തുമുതല്‍ തുടവരെയുള്ള ഭാഗം ഇടക്കിടെ നാടകംപോലെ പ്രത്യക്ഷപ്പെട്ടു. അതുവഴിയാണ് അന്നാമ്മയുടെ മരുന്നിടപാടുകള്‍.

മരുന്ന് വാങ്ങിപ്പോകുന്ന പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഒരുത്തി നിറഗര്‍ഭം തോര്‍ത്തുകൊണ്ട് പൊത്തി നടക്കുന്നത് കണ്ടപ്പോള്‍ ചന്ദ്രന് നിര്‍ത്താന്‍ പറ്റാത്ത ചിരിവന്നു. ആ ചിരി ആരും കണ്ടാലും ഗര്‍ഭം ഒപ്പിച്ചത് ചന്ദ്രന്‍ തന്നെയാണെന്ന് ഒന്ന് സംശയിച്ചേക്കാം. ഗര്‍ഭിണിക്ക് കൈത്താങ്ങായിവന്ന ഭര്‍ത്താവിന്റെ അമ്മക്കും അതിത്തിരി കൊണ്ടു. കൈമുട്ടുകൊണ്ട് ഒരു തട്ടുകൊടുത്ത് അമ്മായിയമ്മ അവളുടെ മുഖത്തേക്ക് എറ്റി.

Advertisment

''അവനെന്നാത്തിനാടീ തൊലിക്കുന്നേ?''

''ആ... എനക്കറിയ്യാവോ?''

എറ്റിക്കൊണ്ടുതന്നെ അവള്‍ തിരിച്ചടിച്ചു. അപ്പോഴും ചന്ദ്രഹാസം ജീപ്പോടെ കുലുങ്ങി. ഗര്‍ഭത്തേക്കും അവളുടെ മുഖത്തേക്കും കണ്ണുകൊണ്ടൊരു വാള് വീശി അമ്മായിയമ്മ ധൃതിയില്‍ നടന്നു. ഈ തള്ള പോയി ഭര്‍ത്താവിനോട് കുനിഷ്ടൊപ്പിക്കുമോന്ന് പേടിച്ച് അവളും വയറുരുട്ടി പിന്നാലെ നടന്നു.

ജീപ്പിന്റെ പിന്നില്‍ നിന്ന് ജോബിയും കണ്ണ് മിഴിച്ച് അതിശയത്തോടെ ചന്ദ്രനെ തോണ്ടി.

''ഇതും ആശാന്റ തന്നെ?''

സ്റ്റിയറിംഗില്‍ വിരലുകൊണ്ട് പാട്ടില്ലാത്ത താളമിട്ട് ചന്ദ്രന്‍ ചിരിയാല്‍ നിഷേധിക്കാന്‍ പോയില്ല.

ആളൊഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ അന്നാമ്മയുടെ മുഖം ജനലില്‍ തൂക്കിയിടുന്നത് കണ്ട് ചന്ദ്രനിറങ്ങി. നെഞ്ചിലെ അഴിച്ചിട്ട ബട്ടണുകള്‍ക്കിടയില്‍ കറുത്ത നൂലില്‍ കെട്ടിയ പുലിനഖം ഒന്നുലാഞ്ഞാടി. ജനലിലൂടെ അകത്തേക്ക് കൈയിട്ടു. പതിവുപോലെ ഒരു പൊതിയും അശരീരിയും അന്നാമ്മ ചന്ദ്രന്റെ കൈയില്‍ വെച്ചുകൊടുത്തു.

''ഇതൊക്കെ എവിടെ തീര്‍ക്കുന്നു ചന്ദ്രാ? കല്ല്യാണം കഴിക്കാത്തോമ്മാര്‍ക്കൊന്നും കൊടുക്കാമ്പാടില്ലെന്നാ നെയമം...''

പൊതി വാങ്ങി ഉടുത്തതില്‍ ചെരുതി ചന്ദ്രന്‍ പറഞ്ഞു ''നാട്ടിലെ കലക്ടര്‍ക്ക് പെണ്ണ് കൊടുക്കില്ല. പൊര്‍ത്തെ മാപ്ലയായാലും കൊയപ്പൂല്ല. ഇതല്ലേ ഇവിടുത്തെ സിസ്റ്റം... പാവപ്പെട്ടോര്‍ക്കും ഒരെട വേണ്ടേ അന്നാമ്മ സിസ്റ്ററേ...''

അന്നാമ്മയുടെ അമര്‍ത്തിയ ചിരി ഉള്ളേന്ന് കേള്‍ക്കാന്‍ തന്നെയാ ഈ പറച്ചില്. ഒന്നും രണ്ടും മിണ്ടിയുള്ള ഈ കൂടിക്കാഴ്ച അന്നാമ്മക്കും ഇഷ്ടാ. ചന്ദ്രന്‍ ലോക്കലായാലും തന്റിടത്ത് ഒരു കന്നന്തിരിവും കാണിക്കാത്തിടത്തോളം അന്തസ്സുള്ളവനാണെന്നും താനീ സാധനം കൊടുക്കുമെന്ന് അന്നാമ്മ പണ്ടേ പറയുന്നതാണ്.

അക്കാലത്ത് ഇത് അത്ര സാര്‍വ്വത്രികമായിരുന്നില്ല. ഹെല്‍ത്ത് സെന്ററില്‍ നിന്ന് ചോദിച്ചാല്‍ കിട്ടുമെന്ന് പലരും കേട്ടിട്ടുണ്ട്. ആണുങ്ങള്‍ക്ക് പോയി അന്നാമ്മയോട് ചോദിക്കാന്‍ മടി. പലരും കെട്ട്യോളുകളെ പറഞ്ഞയക്കും.

അവരും ചോദിക്കാന്‍ മടിച്ച് പനിയുടെയോ തലവേദനയുടെയോ ഗുളിക വാങ്ങിപ്പോകും. പിന്നെ ടൗണില്‍ പോയാല്‍ മുന്തിയ സാധനം കിട്ടും. അതും കടയില്‍ ആളൊഴിഞ്ഞനേരം നോക്കണം. അങ്ങനെ തക്കം കിട്ടിയാല്‍ തന്നെ തൊണ്ടയില്‍ നിന്ന് ഇതിന്റെ പേരൊന്ന് പുറത്ത് ചാടമെങ്കില്‍ എരട്ടപ്പേറെടുക്കേണ്ട പണിയാ. അന്നേരം മാത്രം കടക്കാരന് ചെവിയും കുറയും. മൂന്നുവട്ടമെങ്കിലും പറയണം സാധനത്തിന്റെ പേര്.

ഒടുക്കം കഞ്ചാവ് പൊതിഞ്ഞുതരുന്നതുപോലെയാണ് കച്ചവടം. സാധനം കൈയില്‍ കിട്ടുന്നതുവരെയുള്ള സമയം ഉടുത്തത്തില്‍ മുള്ളിയപോലെ നില്‍ക്കണം. ആ എടങ്ങേറോര്‍ത്ത് വാങ്ങാതെ പോട്ട് പുല്ലെന്ന് പറഞ്ഞ് മടങ്ങാറാണ് ചെല വേന്തിരിന്മരുടെ പതിവ്.

ചന്ദ്രനോട് ഒന്ന് കെഞ്ചിയാല്‍ സാധനം എളുപ്പം കിട്ടുമെന്ന് താബോറിലെ സകല ലുട്ടാപ്പികള്‍ക്കും അറിയാം. പിന്നെന്തിനാ മെനയെന്ന് വിചാരിച്ച് ചന്ദ്രന്റെ ഉപഭോക്താവാകും. പക്ഷേ, അങ്ങനെ വാങ്ങിയോര്‍ക്കെല്ലാം ചന്ദ്രന്‍ മുട്ടന്‍ പണി കൊടുത്തിട്ടുണ്ട്. രഹസ്യമായ ഒരു പണി. നടുക്ക് ഒരു സൂചിക്കുത്ത്. പണി കിട്ടിയോരൊന്നും വാങ്ങല് ആവര്‍ത്തിച്ചിട്ടുമില്ല, പുറത്ത് പറഞ്ഞിട്ടുമില്ല.

എന്നാലും ചന്ദ്രനറിയാം, താബോറില്‍ ഓടിനടക്കുന്ന ഏതെല്ലാം പിള്ളേര് ആ ഒരു സൂചിപ്പഴുതിലൂടെ ഭൂജാതരായതാണെന്ന്. അവരെ കാണുമ്പോള്‍ ചന്ദ്രന്റെ ഉള്ളില്‍ നിന്നും ഭീകരമായ ഒരു ചിരിപൊട്ടും. ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത ഒരു കാരണഭൂതന്റെ ചിരി.

Pramod Koovery | Story | Literature

ആ ഒരു സൂചിക്കുത്തില് തനിക്ക് തന്നെയാണ് ആദ്യത്തെ പണി കിട്ടിയതെന്ന ഓര്‍മ്മയിലേക്ക് ജീപ്പോടിച്ച് കേറ്റവേ സരസനെസൈ  ജീപ്പ് വട്ടംവെച്ചു നിന്നു. തല വെളിയിലേക്കിട്ട് ചന്ദ്രന്‍ പൊടിയില്‍ മുഖം ചുളിച്ചു.

''സാറേ എന്താ?''

എസ് ഐ ജീപ്പില്‍ നിന്ന് ഇറങ്ങി ഇടങ്കൈകൊണ്ട് മൂക്കുംമൂടും പൊത്തി ചന്ദ്രന്റെ ജീപ്പിലെ മുന്‍സീറ്റിലേക്ക് കയറിയിരുന്നു.

''ചെല രഹസ്യസ്വഭാവമുള്ള സംഭാഷണങ്ങള്‍ നടത്താനുണ്ട്. എന്തേയ്?''

ചന്ദ്രന് ചിരിയാ വന്നത്. സരസന്‍ സാറ് പേരുപോലെ തന്നെ പെരുമാറുന്ന ആളാ. പണി കൊടുത്ത കൂട്ടത്തില്‍ ഇങ്ങേരില്ലല്ലോയെന്നോര്‍ത്തപ്പോള്‍ സമാധാനായി.

സിസ്റ്റര്‍ അന്നാമ്മയുടെയും താബോറിലെ സകലമാനജീവികളുടെയും സംശയത്തില്‍ ഉള്‍പ്പെട്ട് സരസന്‍ സാറും ചന്ദ്രന്റെ തുടയിലൂടെ അരയില്‍ തപ്പി.

''ഇതിനുമാത്രം നിനക്കെവിടുന്നാടാ...?''

ചന്ദ്രന്‍ പിരിച്ചുകയറ്റിയ മീശ തടവിതാഴ്ത്തി ചിരിച്ചു.

''ഡീസല്‍ പൈപ്പ് കെട്ടാനാ സാറേ... ഈ മലമൂട് കേറുന്ന വണ്ടിയല്ലേ... എപ്പും കംപ്ലൈന്റാ...''

''അത് മനസ്സിലായി. പൈപ്പ് ലീക്കിന് ബെസ്റ്റാ...''

സരസനെസൈയുടെ മുഖത്തെ ഏങ്കോണിപ്പിലെ കടുത്ത നിരാശ കണ്ട് ചന്ദ്രന്‍ ചിരിക്ക് ലേശം നാണംകൂട്ടി.

പൊലീസുകാരുടെ കൂട്ടത്തില്‍ വാടകയ്‌ക്കെടുത്ത രണ്ട് ഫയര്‍ഫോഴ്‌സുമുണ്ട്. പൊലീസ് ജീപ്പില്‍ നിന്ന് കമ്പയും മറ്റ് സമാനങ്ങളും കടത്തി തങ്ങളുടെ ജീപ്പില്‍ കേറ്റുന്നതുകണ്ട് ജോബി പിന്നില്‍ നിന്ന് തോണ്ടിക്കാണിച്ചു. ചന്ദ്രന്‍ മൈന്റ് ചെയ്തില്ല.

''എങ്ങോട്ടാ സാറേ...?''

''കമ്മാളിക്കുന്ന്.''

ഏതാണ്ട് ഒരു മണിക്കൂറ് മുമ്പ് അതുവഴി പോന്നതാണല്ലോയെന്ന് ചന്ദ്രന്‍ പറഞ്ഞില്ല.

''നമ്മടെ വണ്ടിയൊന്നും ആ കേറ്റംകേറില്ലെടോ. ഡ്രൈവറും കണക്കാ. നീ ജീപ്പെടുക്ക്.''

ജീപ്പിന്റെ പിന്നിലിരിക്കുന്ന പൊലീസ് ഡ്രൈവറുടെ മുഖത്തേക്ക് ഇപ്പോള്‍ ജോബി നോക്കുന്നുണ്ടാവുമെന്നും അയാളുടെ മുഖത്ത് സിബ്ബിടാത്ത ഒരു ചിരി തുറന്നുവെച്ചിട്ടുണ്ടാകുമെന്നും തന്റെ ആശാന്‍ കൊള്ളാലോന്ന് ഇക്കാരണത്താല്‍ ജോബിക്ക് ബഹുമാനം ഇരട്ടിക്കുന്നുണ്ടാകുമെന്നും ചന്ദ്രന്‍ ഊഹിച്ചു.

ജീപ്പ് പുറപ്പെട്ടു.

കുണ്ടുംകുഴിയും ഉരുളന്‍കല്ലും മഴലക്കാലത്ത് കീറിയ നീളന്‍ ചാലുകളില്‍ തെന്നിയും ജീപ്പ് കമ്മാളിക്കുന്ന് കേറിത്തുടങ്ങി. ജീപ്പിന്റെ കമ്പിയില്‍ തൂങ്ങി പിന്നിലെ പൊലീസുകാരും ഫയര്‍ഫോഴ്‌സുകാരും ഇടക്കിടെ നിലത്തുവീണു. തല കമ്പിക്കടിച്ച് മുഴച്ചു. മാവിലേക്ക് വരണ്ടുകേറിയ ചിതല്‍ത്താരപോലെ റോഡ് ചെതുമ്പിച്ചുനീണ്ടു.

റോഡിനിരുവശത്തൂടെയും ആള്‍ക്കാര്‍ കിതച്ചുകൊണ്ട് കുന്ന് കേറുന്നുണ്ട്. ജീപ്പിന്റെ ടയറില്‍ തെന്നി കല്ലുകള്‍ വെടിയുണ്ടപോലെ ചിതറുന്നുണ്ട്. ചിലയിടങ്ങളില്‍ നിലത്തൂന്നാതെ ടയര്‍ കറങ്ങിക്കളിച്ചു. ജോബിയും പൊലീസുകാരും അവിടെയുള്ള നാട്ടുകാരും ചേര്‍ന്ന് തള്ളിക്കേറ്റി.

''കുരടീസ് കലക്കിക്കൂടിച്ചൂടെ കുരിപ്പിന്.''

താണ്ടേണ്ട നീളന്‍ വഴി മുന്നില്‍ കാണാം. അവിടെയെത്തേണ്ട ദുര്‍ഘടം അത്രയും നീണ്ടതാണ്.

''ആരാ സാറേ...?'' സാഹസികമായി വലിയൊരു കല്ലുങ്കൂട്ടത്തിനപ്പുറത്തേക്ക് ജീപ്പെത്തിച്ച ശേഷം ചന്ദ്രന്‍ ചോദിച്ചു.

''ആരോ ചാടീന്ന് കേട്ടു''

''ആണോ, പെണ്ണോ?''

''ആ...''

ചന്ദ്രന്റെ മുഖം പെട്ടെന്ന് കരുവാളിച്ചു. ഉരുള്‍പൊട്ടിയ കമ്മാളിക്കുന്നുപോലെയായി. കണ്ണുകളില്‍ മലവെള്ളം ഒഴുകാനായി നിറഞ്ഞു.

''എന്റെയൊരു സംശ്യം ചോയിക്കട്ടെ?''

എസ്.ഐ ചന്ദ്രന്റെ സ്റ്റിയറിങ്ങ് പിടിച്ച ബലത്തിലൊന്ന് തൊട്ടു. ചന്ദ്രന്‍ മൂളിയില്ല.

''ഈ മല കാണുമ്പോഴാണോ ആളുകള്‍ക്ക് ചാകാന്‍ തോന്നത്, ചാകാന്‍ തോന്നുമ്പോഴാണോ മല കാണുന്നത്?''

കുറേനേരം ചന്ദ്രന്റെ മുഖത്ത് മറുപടിക്കായി നോക്കിയെങ്കിലും എസ് ഐക്ക് ഉത്തരം കിട്ടിയില്ല. പിന്നിലുള്ള പോലീസുകാര്‍ക്കൊപ്പം ജോബിയും അതിനെ കുറിച്ച് കുറച്ചുനേരം ആലോചിച്ച് തനിക്കുള്ള ഒരു അനുഭവസ്ഥം പങ്കുവെച്ചു.

''എനിക്ക് നല്ല കല്ല് കാണുമ്പോ തൂറാന്‍ മുട്ടും സാറേ. അതുപോലെയായി രിക്കും ചെലപ്പോ...'' അതും പറഞ്ഞ് ചിരിച്ചോണ്ടിരിക്കുന്ന അവന്റെ മുഖത്തേക്ക് തീട്ടത്തിലേക്ക് നോക്കുമ്പോലെ എസ് ഐ തിരിഞ്ഞുനോക്കി

''നീയേതാടാ നിരോധുപൊട്ടി ഒണ്ടായോനെ?''

പിന്നിലൊരു കൂട്ടച്ചിരി പൊട്ടി.

''ഞാന്‍ കിളി...''

''കിളി. കിളിപാറുന്ന കണ്ടിട്ടിണ്ടാ നീ?''

ജോബി കണ്ണുതാഴ്ത്തി പുറത്തോട്ട് നോക്കി.

ചാവ് വിവരമറഞ്ഞ് ജീപ്പിനേക്കാള്‍ വേഗത്തില്‍ കുഞ്ഞുകുട്ടി പെണ്ണുങ്ങളടക്കം കുന്നുകേറുന്നതിനിടയില്‍ ചന്ദ്രന്‍ ജീപ്പ് നിര്‍ത്തി..

''ന്തേ... വെലിയൂലേ...?'' എസ് ഐ ചോദിച്ചു.

ജീപ്പ് ഓഫ് ചെയ്ത് ചന്ദ്രന്‍ പുറത്തേക്കിറങ്ങി.

''മുള്ളണം.''

എസ് ഐയും പുറത്തേക്കിറങ്ങി. ബല്‍റ്റടക്കം പാന്റ് കേറ്റി മലയടിവാരം ചുറ്റിനോക്കി. കയലി കരന്നിരുന്ന് ചന്ദ്രന്‍ ഒരു പൊന്തക്ക് പറ്റി. ഇരുന്നൊഴിക്കുന്ന സുഖം കൊതിയോടെ നോക്കി എസ് ഐ നിന്നൊഴിച്ചു.

''ഒരു ബീഡി വലിച്ചോട്ടെ സാര്‍''

''നീ വലിച്ചോടാ. തെരക്കൊന്നൂല്ല. കുറുക്കന്‍ കൊണ്ടോയാ പണി കൊറഞ്ഞു.''

കുന്നിനുതാഴെ കാണുന്ന തോട്ടത്തില്‍ ഉച്ചച്ചൂടിന് റബ്ബര്‍ക്കായ പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാം. തോട്ടത്തിന് നടുവിലെ വീട്ടിലേക്ക് ചന്ദ്രന്റെ ഇരുന്നുനോക്കി.

''സാറേ, ഒരു കരച്ചില് കേള്‍ക്ക്ന്ന്ണ്ടാ?''

എസ് ഐ ചെവി വട്ടംപിടിച്ചു.''ഇല്ലല്ലോ''

''പെണ്ണിന്റെ?''

രണ്ടുപേരും കുറച്ചുനേരംകൂടി വട്ടം പിടിച്ചിരിക്കെ വീടിന്റെ മുറ്റത്തേക്ക് ചുവന്ന മാക്‌സി ധരിച്ച ഒരു സ്ത്രീ ഇറങ്ങിവരുന്നതും അയലിലിട്ടതെടുത്ത് തിരിച്ചുപോകുന്നതും ചന്ദ്രന്‍ മാത്രം കണ്ടു.

''തോന്നിയതാ. പോകാം സാറേ.''

വേര്‍പ്പൊട്ടി പശപറ്റിയ ചന്ദ്രന്റെ മുഖത്ത് ഉച്ചക്കാറ്റ് തലോടി. ചന്ദ്രന്‍ പഴേ ചിരി തുടങ്ങി. ജീപ്പിനൊപ്പം ചന്ദ്രന്റെ ചിരിയും കുന്നുകേറി. ജോബി പിന്നില്‍ നിന്ന് തോണ്ടി ചന്ദ്രന്റെ ചെവിയിലേക്ക് മുഖമമര്‍ത്തി.

''ആശാനേ, അമ്മോച്ചിയല്ല ല്ലേ?''

ചന്ദ്രന്റെ വിരലുകള്‍ താളമിട്ടു.

കമ്മാളിക്കുന്നോളം താളമിട്ടു.

Pramod Koovery |  Story

നാട്ടുസംഘം അപ്പോഴേക്കും കുന്നില്‍ തമ്പടിച്ചിരുന്നു. ജീപ്പില്‍ നിന്ന് കമ്പയെടുത്ത് അടുത്തുള്ള മരത്തില്‍ക്കെട്ടി ചന്ദ്രന്‍ കൊക്കയിലേക്കിട്ടു.

എസ് ഐ ഒരു ബീഡി വാങ്ങി. രണ്ടുപേരും വലിച്ചു.

''എത്രടി കാണും ?''

''ഒരു നൂറ് നൂറ്റിപ്പത്ത്''

''ചത്തില്ലേല് നെരങ്ങി ജീവിക്കേണ്ടിവരും വേറെന്തൊക്കെ വഴീണ്ട്?''

വലിച്ചുവിട്ട പുക എസ്.ഐയുടെ മുഖത്തേക്ക് പാറുന്നതിനെ മാടിപ്പിടിച്ച് ചന്ദ്രന്‍ ഉറപ്പിച്ചുപറഞ്ഞു.

''ചാകൂന്ന് ഗ്യാരണ്ടിയാ സാറേ... ഞാനെത്ര എടുത്തതാ...'

തോളിലൂടെ റോപ്പ് കുരുക്കി അരയില്‍ കെട്ടി, ഹെല്‍മെറ്റിന്റെ ക്ലിപ്പ് മുറുക്കി, ഫയര്‍ഫോഴ്‌സുകാര്‍  ഒരുക്കുന്നതുകണ്ട് കയറില്ലാത്ത കാലത്തും ചന്ദ്രന്‍ എര്‍ങ്ങീണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ പരസ്പരം നോക്കി.

മലമോളില് ഒറ്റപ്പെട്ടുനില്‍ക്കുന്ന താന്നിമരത്തിന്റെ തണലുപറ്റി നില്‍ക്കുന്ന താബോറെ ജനക്കൂട്ടത്തെ ചന്ദ്രന്‍ നോക്കി. അവരുടെ കണ്ണുകളില്‍  വെറുതെ തെരഞ്ഞു.  തെരഞ്ഞുതെരഞ്ഞ് കൂട്ടത്തില്‍ രണ്ട് പെടക്കുന്ന കൃഷ്ണമണികള്‍ കണ്ടെത്തി. അയാളുടെ മുഖത്ത് ഒരു ചിരി ആരംഭം കുറിച്ചു. എസ്.ഐ ചോദിച്ചു.

''എന്താടാ?''

''ചാടിയത് ആരാണെന്ന് പറയട്ടെ?''

''ആരാ?'' എസ്.ഐയോടൊപ്പം പൊലീസുകാരും ജോബിയും ചന്ദ്രന്‍ നോക്കുന്നിടത്തേക്ക് നോക്കി.

''ആരാ?''

''ദാസന്‍.''

''ദാസനാ, ഏത് ദാസന്‍?''

''ചെടിച്ചിക്കുന്നിലെ രാഘവേട്ടന്റെ മകന്‍.''

''അത് നിനക്കെങ്ങനെ അറിയ്യാ?''

ജോബിയും വാപൊളിച്ചു.

വള്ളിച്ചെരുപ്പ് തണലത്തഴിച്ചുവെച്ച് ചെതുമ്പിച്ച പുല്ലുകള്‍ ചവിട്ടിവകഞ്ഞ് കമ്പ മുറുക്കംവലിച്ച് ഇളകാന്‍ തുടങ്ങിയ കല്ലുകള്‍ ചവിട്ടി താഴെയിട്ട് അതിന്റെ വീഴ്ചയോടൊപ്പം കുലുങ്ങികുലുങ്ങി ചന്ദ്രന്‍ പുലിമറഞ്ഞപോലെ പുല്ലുങ്കൂട്ടത്തില്‍ കാണാതായി.

കമ്മാളിമല ഒച്ചയില്ലാ പാട്ടായി. കൂട്ടത്തില്‍ വൈകിയെത്തിയ ഒരുപ്പൂപ്പന്‍ കുത്തിയിരുന്ന് കഫങ്ങളുടെ സിംഫണി മുഴക്കി. നട്ടപ്പൊരിയുന്ന വെയിലാട്ടത്തില്‍ രോമങ്ങള്‍ക്കിടയില്‍ ശീതംനിറഞ്ഞു. ഇലക്കുലുക്കം നിന്നു.

വീട്ടില്‍ നിന്ന് പുറപ്പെട്ടുപോയവരുടെ മുഖങ്ങള്‍ ദുഷ്ചിന്തയോടെ താബോര്‍ ഓര്‍ത്തു. എല്ലാ മനുഷ്യരും അവരവരുടെ ജീവിതത്തില്‍ മാത്രം ദുര്‍ബലരാകുന്ന സമയം. കമ്മാളിമല പ്രാര്‍ത്ഥനയുടെ ദേവാലയമായി. അഗാധത അവരുടെ ദൈവമായി.

മുറുകിനിന്ന കമ്പ അയഞ്ഞപ്പോള്‍ ചന്ദ്രന്‍ താഴെയെത്തിയെന്ന് എസ്.ഐ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും പത്ത് മിനുറ്റിനുള്ളില്‍ മുറുകുന്നത് കണ്ടപ്പോള്‍ എസ് ഐയുടെ മുഖവും അതോടപ്പം മുറുകുകയും ചെയ്തു.

പാറക്കല്ലുകള്‍ തെന്നിവീഴുന്ന പടപടാ ശബ്ദത്തിലേക്ക് അവര്‍ എത്തിനോക്കി. കമ്പ കുലുങ്ങിക്കുലുങ്ങി വരുന്നു. കിതപ്പെത്തുന്നു. ചെമ്പുല്ലുകള്‍ക്കപ്പുറത്ത് ചന്ദ്രന്റെ ചുവന്ന ഹെല്‍മറ്റ് സൂര്യനെപ്പോലെ ഉദിച്ചുദിച്ചുവരുന്നു. അതിനുപ്പുറത്ത് ഒരു തല കുനിഞ്ഞുതൂങ്ങിയിരിക്കുന്നു.

ആ തലയിലേക്ക് എല്ലാ കണ്ണുകളും വഴുതുന്നു. ആരും അടുത്തേക്ക് വരരുതെന്ന് എസ് ഐയുടെ നിര്‍ദേശമുണ്ടാകുന്നു. ഫയര്‍ഫോഴ്‌സുകാരുടെ കൈ പിടിച്ചുകേറി ലോക്കല്‍ ചന്ദ്രന്‍ ആരോഹണം പൂര്‍ത്തിയാക്കുന്നു. അസ്ഥികള്‍ വാരിക്കൂട്ടിയ കീറച്ചാക്കുപോലെ ഒരു ശരീരം അയാളുടെ പുറത്തുനിന്നെടുത്ത് നിലത്തേക്ക് കിടത്തുന്നു.

ജോബി അലറി.

''ഇത് ദാസന്‍ തന്നെ!''

താബോറില്‍ ദാസെന്റ പേര് പ്രകമ്പനമായി.

എസ് ഐ ചന്ദ്രനെ നോക്കി.

''എക്കിനൊര്‍പ്പിലാത്തോന്‍ പോയി ചാവട്ടെ സാറേ''

ദാസനെ താബോര്‍ വളഞ്ഞു. ചിലര്‍ക്ക് ആശ്വാസശ്വാസം. ചിലര്‍ക്ക് എല്ലാ ശവങ്ങളോടും മാതിരി ഏങ്ങല്‍. ചിലര്‍ വാഴ്ത്തുപാട്ടുകള്‍ തുടങ്ങി. അതിനൊന്നും നില്‍ക്കാതെ ദാസനെ കണ്ടപാടെ രണ്ട് കൃഷ്ണമണികള്‍ തലകറങ്ങി വീണു.

Pramod Koovery | Story | Literature

ദാസനെയും അവളെയും കയറ്റി ജീപ്പ് കമ്മാളിമലയിറങ്ങി.

ആശുപത്രിയും അലമ്പും പരിപാടിയുമൊക്കെ കഴിഞ്ഞ് എസ്.ഐ സാറ് തന്ന ത്രിബിളെക്‌സ് റമ്മും സീറ്റിലിരുത്തി ചന്ദ്രനും ജോബിയും മടങ്ങുമ്പോഴേക്കും രാത്രി ഒരുവഴിക്കായി. മായിട്ര മാധവന്റെ പന്നിഫാമിലേക്കുള്ള റോഡ് കേറി  കമ്മാളിക്കുന്നിന്റെ മറ്റൊരു വശത്തെ ചെമ്പുല്ലാനിക്കാട്ടിലേക്ക് ജീപ്പ് മല്ലനെപ്പോലെ സകലതിനെയും തട്ടി നീങ്ങി.

ചന്ദ്രന് അവിടെയൊരു പാറക്കെട്ട് സങ്കേതമുണ്ട്. മലമോളില്‍ നിന്ന് ഒഴുകിവരന്ന സ്ഫടികവെള്ളമുണ്ട്. ആകാശം നിറയെ അവില്‍പ്പൊരിപ്പൂവും തേങ്ങാപ്പൂളുമുണ്ട്. അമ്മോച്ചിയുടെ വീട്ടിലെ കത്തുന്ന റാന്തലുണ്ട്.

ജീപ്പ് നിര്‍ത്തി ചന്ദ്രനും ജോബിയും റമ്മും പറമ്മേലിരുന്നു. തുരുതുരാ രണ്ട് ഗ്ലാസ്സടിച്ച് ജോബി പൊട്ടിച്ചുകൊടുത്ത ഗാന്ധിക്കടലയും അണ്ണാക്കില്‍ തട്ടി ചന്ദ്രന്‍ രണ്ടുകൈയും പിന്നില്‍ കുത്തി ആകാശത്തേക്ക് നോക്കി.

ചന്ദ്രന്‍ തിളങ്ങി നില്‍ക്കുന്നു.

നിലാവിന്റെ വെട്ടംപിടിച്ച് ജോബിയും രണ്ടടിച്ചു. വായിലിട്ട ഗാന്ധിക്കടല കറുമുറെ ചവച്ച് അവന്‍ വികൃതമായി ചോദിച്ചു.

''ഭയങ്കര അല്‍ഭുതം തോന്നു ആശാനേ. ആശാനെങ്ങനാ അറിഞ്ഞത് ചാടിയത് ദാസനാണെന്ന്?''

മുക്കാലും ഒഴിച്ച റമ്മില്‍ പേരിന് വെള്ളമൊഴിച്ച് ചോദ്യത്തോടൊപ്പം ഒരു ഗ്ലാസ്സും ചന്ദ്രന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റവലിക്ക് കുടിച്ച് ചവര്‍പ്പ് കാര്‍ക്കിച്ച് തുപ്പി ചന്ദ്രന്റെ കണ്ണില്‍ ഒരു ചിത്രം തെളിഞ്ഞു.

കാക്കപോലും കണ്ണ് മീക്കാത്ത ഒരു മഴയത്ത് നനഞ്ഞുകുളിച്ച് കാത്തുനില്‍ക്കുന്ന ദാസെന്റ ചിത്രം. വെറച്ചുവെറച്ച് ദാസന്‍ ഒരു കാര്യത്തിന് ആവശ്യപ്പെട്ടു. കൊടുത്തില്ലേലും ഇവന്‍ പെഴപ്പിക്കും. ബഡായി പറയും. നായി കടിച്ച ചേരിപ്പാണ്ടപോലെ ചപ്രിച്ചുപോകും ഒരുത്തിയുടെ ജീവിതം. രണ്ടുവട്ടം ആലോചിക്കാതെ ദാസന്‍ ഒരു സൂചിക്കുത്ത് കൊടുത്തു.

പൊട്ടിക്കാണും.

ചന്ദ്രന്‍ ആകാശത്തേക്ക് മലര്‍ന്നു കിടന്നു.

''ജോബിയേ''

''എന്തോ...'' ഗ്ലാസ്സിലൊഴിക്കുന്ന തെരക്കിലായിരുന്നു അവന്‍.

''നീയൊരു കരച്ചില് കേള്‍ക്ക്ന്ന്ണ്ടാ?''

ജോബി ചെവിവട്ടം പിടിച്ചു.

''ഇല്ലാശാനേ...''

''ഞാന്‍ കേള്‍ക്കുന്നുണ്ട്...''

അമ്മോച്ചിയുടെ വീട്ടുമുറ്റത്തേക്ക് ഒരു നക്ഷത്രം വീണുകിടക്കുന്നു. ഉച്ചവെയിലേറ്റ് പൊട്ടാതെ നിന്ന റബ്ബര്‍ക്കായകള്‍ നിലാവില്‍ പൊട്ടി പ്രത്യുല്‍പാദനം നടത്തുന്നു.

''അമ്മോച്ചിയോട് ആശാന് വല്യ പ്രേമാര്‍ന്നൂല്ലേ...?''

ചന്ദ്രന്‍ വെറുതെ കുലുങ്ങിച്ചിരിച്ചു. അന്നാമ്മ സിസ്റ്റര്‍ തന്ന പൊതിമാല അരയില്‍ നിന്നെടുത്ത് ചന്ദ്രന്‍ ആകാശത്തേക്കൊരു ഏണിപ്പടി ഉയര്‍ത്തി. ഒന്നു മുതല്‍ പത്തുവരെ എണ്ണി. പത്ത് കുഞ്ഞുങ്ങള്‍. താബോറില്‍ ജനിക്കാന്‍ പോന്ന പത്ത് കുഞ്ഞുങ്ങള്‍. കമ്മാളിക്കുഴിയിലേക്ക് പാറ ഉരുണ്ടുവീഴുമ്പോലെ ആ ചിരിയങ്ങനെ ചെറുതായി ചെറുതായി.

''ആശാനേ, ഒരെണ്ണം എനിക്ക് തര്വോ?''

ജോബി. ദാസെന്റ അതേ വെറയല്‍.

മായിട്രയുടെ പന്നിഫാം കഴിഞ്ഞുള്ള വളവില്‍ കച്ചേരിക്കടവില്‍ മുറിച്ചിട്ട തൊണ്ടന്‍ റബ്ബര്‍ മരങ്ങളുടെ അടുത്തെത്തിയപ്പോള്‍ ജോബി ഇറങ്ങി. ഇരുട്ടിലൂടെ അവന്‍ നടന്നു. അവിടെ ഒറ്റവീടേയുള്ളൂ. ഭ്രാന്തി മാധവിയുടെ. കുറച്ചപ്പുറം വണ്ടി നിര്‍ത്തി ചന്ദ്രനും അങ്ങോട്ടേക്ക് നടന്നു.

വെളിച്ചം അന്യംനിന്നുപോയ വീട്. വൃത്തിയില്ലാതെ അടുക്കിവെച്ച കട്ടപ്പൊര. മറപറ്റി അവന്റെ കണ്ണില്‍പ്പെടാതെ ചന്ദ്രന്‍ ധൃതിയില്‍ വീടിന്റെ പിന്നാമ്പുറത്തെത്തി. തത്തമ്മകള്‍ ഉമ്മവെക്കുന്ന ചെറിയ വാര്‍പ്പിന്റെ ജനലഴിയിലൂടെ ചന്ദ്രന്‍ അകത്തേക്ക് ഒറ്റക്കണ്ണിട്ടു നോക്കി.

തലക്കോത്ത് ചിമ്മിനിവെളിച്ചം കത്തിച്ച് അടുക്കളയില്‍ താബോറെ പള്ളി ഭണ്ഡാരം പോലെ വാപിളര്‍ന്ന് വെറും നിലത്തുകിടക്കുന്ന ഭ്രാന്തി മാധവി. ജനലിലൂടെ ചന്ദ്രിക സോപ്പിന്റെ മണം. നേര്‍ത്തൊരു മൂളിപ്പാട്ട്. കൊളുത്തില്ലാത്ത വാതില്‍ തുറന്ന് ജോബിയുടെ നീണ്ട നിഴല്‍.

Pramod Koovery | Story

''ചന്ദ്രീ...''

ചന്ദ്രന്റെ മൂക്കിന്റെ താഴെ നിന്നും അവള്‍ മണത്തോടെ എഴുന്നേറ്റു പോയി.  

''അശ്ശോ, എന്തിനാ വന്നേ? ഇന്ന് നടക്കില്ല ജോബിച്ചേട്ടായി. കൃത്യദെവസാണ്...''

അവള്‍ വെപ്രാളപ്പെട്ടു. അപ്പോഴേക്കും ജോബി അവളെ കൈക്കുള്ളിലാക്കിയിരുന്നു.

''എന്തൊരു നാറ്റം! മാറിക്കേ.''

അവള്‍ പിടഞ്ഞു.

''ഒരു കൊഴപ്പൂല്ല. എന്റെടുത്തൊരു സൂത്രൂണ്ട്.''

രഹസ്യമായി കീശയില്‍ നിന്ന് അതെടുത്ത് വെളിപ്പെടുത്തി.

''ഇതെന്നാ സാനം?''

''അതൊക്കെയ്ണ്ട്. കാണിച്ചുതരാ''

അവര്‍ ഇരുട്ടിലേക്ക് മൂടി. ചന്ദ്രന്‍ കണ്ണെടുത്തു. പ്രായമായ പറങ്കിമാവും റബ്ബര്‍മരങ്ങളും വാങ്ങിമുറിച്ച് കുട്ട വ്യാപാരം നടത്തുന്ന അസൈനാർ ഹാജിയുടെ പെണ്ണുങ്ങളുടെ കൂടെ പണിക്ക് കണ്ടിട്ടുണ്ട് അവളെ.

''ചതിക്കല്ലേ ജോബി ചേട്ടായി. എനിക്ക് ആരുമില്ലാത്തതാ''

''ഇല്ല മുത്തേ...''

അവളുടെ വിലാപങ്ങള്‍. അവന്റെ വാഗ്ദാനങ്ങള്‍. അതിനിടയില്‍ വിഷം നിറച്ച മിനോസിന്റെ* സര്‍പ്പം ചീറ്റുന്നതിന് തൊട്ടുമുമ്പ് അണ്ണാക്കില്‍ നാവ് പറ്റിച്ചെടുക്കുമ്പോലെ ഒരു ശബ്ദമുണ്ടായി.

ച്ട്ടാ.

ഷര്‍ട്ടിന് മേലെ കയലി കയറ്റിയുടുത്ത് ജോബി വാതില്‍ തുറന്നു. വാതിലടച്ചതുപോലെ ചന്ദ്രന്‍ മുന്നില്‍.

''ആശാനാ!''

ജോബിയുടെ വരണ്ട തൊണ്ടയില്‍ ഇല്ലാത്ത ഉമിനീര് വെട്ടി. ''ആശാനും വേണാര്‌ന്നോ?''

അവന്‍ അകത്തേക്ക് പോയി.

അവന്റെ നിര്‍ബന്ധം.

അവളുടെ എതിര്‍പ്പ്.

ഭാന്ത്രി മാധവി ഭണ്ഡാരം പോലെ തുറന്നുകിടക്കുന്നു.

ഒറ്റ കിതപ്പിന് ജോബി തിരിച്ചെത്തി.

''അവള് റെഡിയാണ് ആശാനേ... ചെന്നോ, ഞാന്‍ പുറത്ത് നിക്കാ...''

പുറത്തേക്ക് പോകാനൊരുങ്ങിയ ജോബിയെ ഷര്‍ട്ട് കൂട്ടിപ്പിടിച്ച് ചന്ദ്രന്‍ മുന്നിലേക്ക് വലിച്ചിട്ടു.

''ദാസന്‍ ചത്തതെന്തിനാണെന്ന് നിനക്കറിയ്യോ?''

വാതില്‍ക്കല്‍ അവളുടെ പാതി രൂപം പ്രത്യക്ഷപ്പെട്ടു.

കമ്മാളിക്കുന്നില്‍ തള്ളിനില്‍ക്കുന്ന പാറക്കെട്ടുകളില്‍ നിന്ന് അവന്‍ കണ്ണടച്ചു. ആകാശത്തും ഭൂമിയിലുമല്ലാത്ത ചെറിയ ജീവിതത്തെ മാത്രമേ അവന്‍ സ്‌നേഹിച്ചിട്ടുണ്ടാവുള്ളൂ.

പുലിനഖം കോര്‍ത്ത ചരട് പൊട്ടിച്ച് ചന്ദ്രന്‍ ജോബിയുടെ മുഖത്തേക്ക് നീട്ടി

''കഴുത്തേകെട്ട്. കൂടെ പൊറുപ്പിച്ചോണം.''

ലോക്കന്‍ ചന്ദ്രന്റെ കൈയില്‍ എലിക്കുഞ്ഞിനെപ്പോലെ അവൻ ഞേന്നു.

''ചതിച്ചാ... ജീപ്പുകേറ്റി കൊല്ലും നിന്നെ...''

അമ്മോച്ചിയുടെ വീട് കാണുന്ന പാറമടക്കിലേക്ക് ചന്ദ്രന്‍ വീണ്ടുമെത്തി. ഇടുക്കിലൊളിപ്പിച്ച അവശേഷിച്ച റമ്മ് തപ്പിപ്പിടിച്ച് കമിഴ്ത്തി. അമ്മോച്ചിയുടെ വീട്ടിലേക്ക് നോക്കി. റാന്തല്‍ അണഞ്ഞിരിക്കുന്നു.

കരച്ചില് കേള്‍ക്കുന്നുണ്ടോ?

ചന്ദ്രന്‍ പേടിച്ച് കിടന്നു.

അമ്മോച്ചിയുടെ ഭര്‍ത്താവ് അവളെ തല്ലിക്കൊന്ന് കിണറ്റിലിടുന്നതും പൊലീസുകാരും നാട്ടുകാരും അരിച്ചുപെറുക്കുന്നതും കണ്ടെത്തുന്നതും ചന്ദ്രനെ കൂട്ടിപ്പോകുന്നതും കിണറ്റിലിറങ്ങുന്നതും ഭൂമിക്കടിയില്‍ വെച്ച് ഉറ പൊട്ടുമാറ് അവളെ പ്രാപിക്കുന്നതും അപ്പോളവള്‍ കണ്ണ് തുറക്കുന്നതും ചന്ദ്രന്‍ കാത്തിരുന്നു.

*ഗ്രീക്ക് ഐതീഹ്യത്തില്‍ ശാപഗ്രസ്തനായ മിനോസ് രാജാവില്‍ നിന്ന് സര്‍പ്പങ്ങളും തേളുകളും വമിക്കുന്ന കാരണം കാമിനിമാര്‍ കൊല്ലപ്പെട്ടിരുന്നു.

Short Story Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: