ഒരു സ്ത്രീയുടെ വളർച്ച
അവളുടെ പാദങ്ങളിലൂടെ
കടന്നു പോവുന്നു.
അതിലേക്ക്
മടങ്ങി നിവരുമ്പോൾ
കയ്യിൽ ചുരുട്ടിയ
കുറച്ച് സമയം
വൈകുന്നേരത്തെ ചായയ്ക്ക്
കൊറിക്കാനായി
പറഞ്ഞുണ്ടാക്കിച്ചതിൽ പെടും.
വെൽവറ്റ് പട്ടയുള്ള
ബെൽറ്റ് ധരിച്ച,
ഒരു കുള്ളനായ ഭർത്താവ്-
അവളുടെ പാദങ്ങൾ കൊണ്ട്
തന്റെ ഭൂമി
അളന്നു തിട്ടപ്പെടുത്തുന്നു.
അവൻ ഉറക്കത്തെ
ചുമച്ച് ചുമച്ച് പുറത്തേക്ക്
കഫമായി നീട്ടിത്തുപ്പും.
ആധിപൂണ്ട ആവേശത്തോടെ
അവളെക്കാൾ വേഗത്തിൽ
മുട്ടുമടക്കും
നീളത്തിലുള്ള ശ്വാസം കൊണ്ട്
അകത്തെയും പുറത്തെയും
തിരിച്ചറിയാമെന്നു കരുതും.
പാദത്തിലേക്ക്
അവൾ വളർന്നാലുള്ള
ശങ്കയെക്കുറിച്ചോർത്ത
അയാൾ അൽപം
വളഞ്ഞുള്ള ശരീരവടിവ്
സ്വീകരിച്ചു.
രാത്രിയിൽ വെള്ളം കുടിക്കാനെന്ന
വ്യാജേന എണീറ്റ്
ഡൈനിംഗ് ടേബിളിനു സമമായി
തന്റെ ലിംഗം ഉയർത്തിവെച്ച് നോക്കും.
ഇഷ്ടമുള്ള ഒരു കവിത
ചൊല്ലിയാൽ
ആയാസം കുറയുമെന്ന്
ആരോ പറയുന്നത് കേട്ട്
ഈണത്തിലും താളത്തിലും
ചൊല്ലി നോക്കുന്നു.
കവിത ചൊല്ലി ച്ചൊല്ലി
ഇമ്പത്തിലെത്താതായപ്പോൾ
അയാൾ എണീറ്റിരുന്നും
ചെരിഞ്ഞു നിന്നും
അവളെ നോക്കി പാടി നോക്കുന്നു.
പാദത്തോളം വളരണമെന്ന്
തീരുമാനിക്കുന്നവളുടെ ഓർമ്മ
അയാളെ ഇപ്പോൾ
അലട്ടുന്നുവോ എന്നറിയില്ല.
ഇമ്പത്തിനായി അവളിലൂടെ
അയാൾ നടന്നു പാടാൻ തുടങ്ങി.
രണ്ടു ദിവസം മുൻപ് വന്ന
മുഖക്കുരുവിലൂടെയും
അതിനൊപ്പം ഉയർന്നു പൊങ്ങിയ
മുലഞെട്ടുകളിലൂടെയും
വയറ്റിലെ കൊഴുപ്പിന്റെ പാടുകളിലൂടെയും
പാടിയിട്ടും
ഒഴുക്കുള്ള കവിതകിട്ടിയില്ല
ഒടുവിൽ അവൾ പാദത്തോളം
വളർന്നാലോ എന്ന ചിന്ത
അയാളെ അലട്ടാതെയായി.
യോനീ മടക്കുകളിലും മുനമ്പിലും
കയറി നിന്ന്
ഉച്ചതയിൽ അയാൾ ചൊല്ലി.
ഈണമോ താളമോ ഉണ്ടെന്ന്
ആരും പറഞ്ഞില്ല.
അവളുടെ കാലുകളിലൂടെയിറങ്ങി
നഖത്തുമ്പിലെ കുഴിനഖച്ചെളിയിലേക്ക്
ആഴ്ന്നിറങ്ങി അയാൾ വീണ്ടും പാടി.
തന്നിലേക്ക് വളർന്ന കവിത
അവൾ
നിശബ്ദമായി അട്ടഹസിച്ച്,
പാദങ്ങൾ കൊണ്ടളന്നു മാറ്റി.
–