എനിക്ക് മൂന്നു തരം ചിരികളറിയാം.
പുഞ്ചിരിയിൽ നിന്ന് പൊട്ടിച്ചിരിയിലേക്കുള്ള
മൂന്ന് പ്രവാഹങ്ങൾ.
ഒന്ന്.
വാ തുറക്കാതെ,
പല്ല് ലവലേശം കാണാതെ,
പല്ല് മുളച്ചിട്ടേയില്ലാത്തപോലെ,
ശബ്ദത്തിന്റെ നേരിയ അടയാളം
പോലുമില്ലാതെ,
ഒരു മരിച്ച മനുഷ്യന്റെ മുഖത്തെ
അവസാന പുഞ്ചിരി മായാത്ത പോലെ.
രണ്ട്.
കരച്ചിലിന് തൊട്ട് ശേഷം,
തൊണ്ടയ്ക്കൽ കുടുങ്ങിയ
ഏങ്ങലടി ഒച്ചയെ ഒളിപ്പിച്ച്,
നോവിനെ ചെവിക്കു ഞെരടി,
തൊട്ടടുത്ത നിമിഷം വീണ്ടും
കരഞ്ഞേക്കുമെന്ന് തോന്നിപ്പിച്ച്,
ചുണ്ടുകൾ ചുണ്ടൻ വള്ളങ്ങൾ പോലെ വളച്ച്,
കണ്ണ് നിറഞ്ഞു നിറഞ്ഞില്ലെന്ന മട്ടിൽ
ഇനിയൊരിക്കലും ചിരിക്കുകയേയില്ലാത്ത പോലെ.
മൂന്ന്.
പൊട്ടിച്ചിരിയാണ്.
പുഴ തടസങ്ങളില്ലാതൊഴുകുന്ന പോലെ,
വേരുകൾ കൊണ്ട് ഭൂമിയെ ചേർത്ത് പിടിച്ചു
കരയുന്ന ഒരു കുഞ്ഞിച്ചെടിയെ പോലെ,
ഒരു തിര തീരത്തെ, തകർക്കാതെ തല തല്ലുന്നത് പോലെ.