സമകാലികകഥകൾ വിപുലമായ ഒരു മേഖലയെയാണ് അഭിമുഖീകരിക്കുന്നതും പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്നതും. ചലനാത്മകമായ ജീവിതത്തിൽ പുതിയ കഥാകൃത്തുക്കൾ മെനഞ്ഞെടുക്കുന്ന കഥകൾക്ക് എന്താണ് പറയാനുള്ളത് എന്ന് വിശകലനം ചെയ്യുന്നത് ചെറുപ്പക്കാരുടെ കണ്ണിലൂടെ പുതിയ ലോകം കാണുന്നത് പോലെയാണ്. കഥ പോലെയാണോ ജീവിതം അതോ ജീവിതം പോലെയാണോ കഥ എന്ന് കഥകൾ പറഞ്ഞു തരുമ്പോൾ അവ തെളിയിക്കുന്ന പ്രകാശത്തിൽ നമ്മുടെ ജീവിതം ധന്യമാകുകയാണ്. തലമുറകളുടെ ഋതുപ്പകർച്ചയിൽ അഭിരുചികളും ആശയങ്ങളും മാറുന്നത് പോലെ പുതിയ തലമുറയിലെ മാറിക്കൊണ്ടിരിക്കുന്ന പുത്തൻ കഥാശീലങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്ന ചില കഥകളെ പരാമർശ വിധേയമാക്കുന്നത് നമ്മുടെ കഥാശാഖയുടെ വർത്തമാനകാലത്തിന്റെയും ഭാവിയുടെയും ദിശാസൂചി അനുമാനിക്കുന്നതിന് സഹായിക്കും.
കേരളീയജീവിതത്തിന്റെ ഘടനയ്ക്ക് ഈ നൂറ്റാണ്ടിൽ വലിയ രീതിയിലുള്ള മാറ്റമാണുണ്ടായത്. ആഗോളവത്കരണം കരുത്താർജ്ജിച്ച ഈ കാലത്ത്, മുമ്പെങ്ങുമില്ലാത്ത പോലെ മധ്യവർഗത്തിന്റെ സ്ഥാനം പ്രസക്തമായി. കമ്പോളനിയമങ്ങളെയും മുതലാളിത്തവ്യവസ്ഥിതികളെയും സമൂഹം അപഗ്രഥിക്കാൻ തുടങ്ങിയതോടെ സമസ്തമേഖലകളിലും വേറിട്ട നയങ്ങൾ പ്രകടമായിത്തുടങ്ങി. വർഗബോധത്തിനും പ്രാദേശികതയ്ക്കും മുന്പെങ്ങുമില്ലാത്തവണ്ണം തീവ്രത അനുഭവപ്പെട്ടതും ഇതേ കാലയളവിലായിരുന്നു മാറുന്ന സാഹചര്യങ്ങളിൽ ജീവിച്ചു കൊണ്ട് സംഘർഷഭരിതമായ പുതുലോകത്തെ കഥയുടെ പദപ്രശ്നങ്ങളിലൂടെ അവതരിപ്പിക്കുന്ന കഥാകൃത്തുക്കൾ നമുക്കുണ്ട് എന്നത് പ്രതീക്ഷ നല്കുന്ന വസ്തുതയാണ്. അവരിൽ ശ്രദ്ധേയനാണ് വിനോയ് തോമസ്. തന്റെ ഭൂമികയുടെ രാഷ്ട്രീയ/മതാത്മക/ സാമൂഹിക/ കാർഷിക പ്രതിസന്ധികൾക്ക് താൻ ആർജിച്ച അനുഭവങ്ങളുടെ തിളക്കം കൊണ്ട് പരിഹാരമാർഗങ്ങൾ പരോക്ഷമായി സൂചിപ്പിക്കാൻ അദ്ദേഹം മുതിരുന്നുണ്ട്. അധികാരത്തിന്റെ അസന്തുലിതാവസ്ഥയിൽ വിങ്ങൽ കൊള്ളുമ്പോഴും വിനോയ് തോമസിലെ കഥാകാരൻ ആ തിരയിളക്കത്തിന് ശേഷം രൂപപ്പെടുന്ന ശാന്തതയിലാണ് വിശ്വസിക്കുന്നത്
രുചിഭേദങ്ങളും അധികാരവും തമ്മിലുള്ള വിനിമയത്തെ കടുംനിറത്തിൽ അവതരിപ്പിക്കുക എന്ന ആശയമാണ് വിനോയ് തോമസ് ‘ വിശുദ്ധ മഗ്നലനമറിയത്തിന്റെ പള്ളിയിൽ’ സാക്ഷാത്കരിച്ചിരിക്കുന്നത്. “പൗരുഷം ആവാഹിച്ചു കിട്ടുന്നതിന്” കാളക്കുട്ടന്മാരുടെ വരിയെടുത്തു വരെ പാകം ചെയ്തു കഴിക്കുന്ന സാംസൺ എന്ന ഇറച്ചിവെട്ടുകാരന്റെ കഥയാണിത്. “പൗരുഷം” കൈവരിച്ച അയാളുടെ സ്വഭാവത്തിൽ വരുന്ന വൈരുധ്യമാണ് കഥയുടെ മർമ്മം. അധൈര്യത്തിന്റെ തോട് പൊട്ടിച്ച് സർവ ‘പ്രാപ്തി’യുമുള്ള പുരുഷനാവുമ്പോൾ അധികാരത്തിന്റെ ആസക്തി ഒരാളെ ബാധിക്കുന്നതെങ്ങനെയെന്ന ചിത്രമാണ് കഥയുടെ പരിണാമഗുപ്തി. ബൈബിളിലെ കഥാപാത്രമായ സാംസണിനെ കഥയിലെ സാംസൺ ഓർമിപ്പിക്കുന്നു. പ്രസ്തുത കഥാപാത്രത്തെ പറ്റി ബൈബിളിലെ പഴയ നിയമത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. കരുത്തനും കീഴടക്കാൻ പ്രയാസമുള്ളവനുമായ സാംസണെ ദലീല എന്ന സ്ത്രീ ചതിച്ചു. അവന്റെ കരുത്തിന്റെ രഹസ്യം ശത്രുക്കൾക്ക് അവൾ പറഞ്ഞു കൊടുത്തു. അവന്റെ തലയിലെ ഏഴ് തലമുടിച്ചുരുളുകൾ ക്ഷൗരം ചെയ്തപ്പോൾ അവന്റെ ശക്തി അവനു കൈമോശം വന്നു. ഈ ബൈബിൾ കഥയ്ക്ക് മറ്റൊരു ഭാഷ്യം കൂടിയുണ്ട്. ക്ഷൗരം ചെയ്തതോടെ സാംസന്റെ പുരുഷത്വമാണ് ചോർന്നു പോയതെന്നും വരിയുടയ്ക്കലാണ് അത് വഴി നടന്നതെന്നും ചില സൂചനകൾ ബൈബിൾ പഠനങ്ങളിൽ കാണാം. ഈ പരിസരം പ്രമേയമാക്കിക്കൊണ്ടാണ് വിനോയ് തോമസ് തന്റെ കഥയുടെ കാമ്പൊരുക്കുന്നത്. ബൈബിളിലെ സാംസന്റെ പാഠന്തരമാണ് വിനോയിയുടെ ഇറച്ചിവെട്ടുകാരൻ സാംസൺ. ഭക്ഷണരീതികളും സൂക്ഷ്മമായ രുചിഭേദങ്ങളും അധികാരത്തിന്റെ തൃഷ്ണകൾക്ക് വഴിമരുന്നിടുന്ന പരികല്പനയുടെ പ്രത്യക്ഷരൂപമാണ് കഥയിൽ കാണുന്നത്. ചെറിയാന്റെ വിചിത്രമായ പാചകമുറകളുടെ ഗുണഭോക്താവായ സാംസൺ, അതു വഴി തനിക്ക് ഇല്ലാതിരുന്ന ചങ്കുറപ്പും ധൈര്യവും ലഭിക്കുമെന്ന് വിശ്വസിച്ചു.
Read More: വിനോയ് തോമസിന്റെ ആദ്യ നോവലിനെ കുറിച്ച് ഇവിടെ വായിക്കാം കരിക്കോട്ടക്കരി : രാഷ്ട്രീയ ഭാവനകളുടെ പുനർ നിർണയം
പല തരം മണങ്ങൾ കൈവശമുള്ള അത്തറുകുഞ്ഞാമിനയെന്ന കഥാപാത്രമുണ്ട് കഥയിൽ.കിടപ്പുരോഗികളുള്ള വീട്ടിൽ സന്ദർശനം നടത്തി അവിടം അത്തറ് പൂശാറുണ്ടായിരുന്ന കുഞ്ഞാമിനയ്ക്ക്, എല്ലാർക്കും നല്ല മണം കൊടുത്തത് കൊണ്ട് തന്നെയാവണം നല്ല മരണം കിട്ടി. മഗ്ദലനപ്പള്ളിയിലെ സെമിത്തേരിയിൽ തന്നെ അവരെ അടക്കം ചെയ്യാനായി. കർത്താവിന്റെ തലയിൽ സുഗന്ധതൈലം പൂശിക്കൊണ്ട് കാര്യം പറഞ്ഞിരുന്ന മഗ്ദനലനമറിയത്തിന്റെ പള്ളിയിൽ തന്നെ ഒരു കാലത്ത് വഴി തെറ്റി നടന്നവളായ കുഞ്ഞാമിനയുടെ ശവമടക്കിയതിനു സാംഗത്യമുണ്ട്. അത്തറുകളുമായി യാത്ര ചെയ്തിരുന്ന കുഞ്ഞാമിന പ്രശസ്ത ജർമൻ നോവലായ പെർഫ്യൂമിന്റെ നായകനെ ഓർമിപ്പിക്കുന്നു.
എലിയാസ് കാനെറ്റിയുടെ നിരീക്ഷണത്തിൽ അധികാരമെന്ന വ്യവഹാരത്തിന്റെ രൂപകമായി ഭക്ഷണം കഴിക്കുന്നതിനെ കാണാം.ഒരു പോരാട്ടത്തിൽ പ്രബലമായ മറുപക്ഷത്തെ കീഴ്പെടുത്താനും സ്വയം കീഴടങ്ങാനും ഉള്ള സാധ്യതകൾ ഏതാണ്ട് തുല്യമാണ്. വേട്ടയാടപ്പെടുന്നവൻ ഭക്ഷണം ആയി മാറുന്ന അവസ്ഥ പോരിൽ എപ്പോഴും നടക്കാവുന്നതാണ്. എന്നാലിവിടെ അധികാരമെന്ന ആവനാഴിയിലേക്കുള്ള ശരങ്ങളായി ആഹാരവസ്തുക്കളെ നിരൂപിക്കുന്ന കാഴ്ചയാണ് സാംസന്റെ കാര്യത്തിൽ സംഭവിക്കുന്നത്. അധികാരാർജനം പൗരുഷത്തിന്റെ അസ്പഷ്ടമായ ഉദ്ദേശ്യമാണെന്നു സാംസൺ പരോക്ഷമായി വ്യക്തമാക്കുന്നുണ്ട്. ഭാര്യയുടെ ശരീരത്തിൽ സ്പർശിക്കുന്ന സുവിശേഷവേലക്കാരനെതിരെ കൈ ചൂണ്ടാൻ അയാൾക്ക് പ്രാപ്തിയില്ലായിരുന്നു. സന്തത സഹചാരിയായ മെൽബിനെ സിറിൽ തല്ലുമ്പോളും നോക്കി നിൽക്കാനേ സാംസണിനു കഴിഞ്ഞുള്ളു. നിസ്സഹായതയുടെ പര്യായമായി ജീവിതം തുടരാൻ ഒട്ടും ആഗ്രഹമില്ലാഞ്ഞ അയാൾ അന്തസ്സും സ്ഥൈര്യവുമുള്ള ഒരു ജീവിതത്തിനായി മൃഗവൃഷ്ണങ്ങൾ കഴിക്കുന്നതിനു വരെ തയ്യാറായി.
മൃഗങ്ങളുടെ ഉടലെഴുത്തിനെ സമർത്ഥമായി ആഖ്യാനത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്ന കഥാകൃത്ത് നാൽക്കാലികളെ കൊല്ലുന്നതിൽ പ്രകടമാക്കുന്ന കൃതഹസ്തതയെ സാംസന്റെ പരാജയപ്പെട്ട പൗരുഷവുമായി ബന്ധിപ്പിച്ച് വായിക്കാവുന്നതാണ്. “മൂരിയുടെ കൊമ്പുകൾക്കിടയിലെ പേങ്കുഞ്ഞിക്കിട്ടു കൂടമെടുത്ത് ആഞ്ഞു മുട്ടി. കറുത്ത തൊലി പിച്ചാത്തി കൊണ്ട് പതുക്കെ വരഞ്ഞു കേറുമ്പോൾ ചോരഞരമ്പുകൾ വളയിട്ട തോടുരിക്കാത്ത മുട്ട പോലെ മൂരിയുടെ വിത്ത് തെളിഞ്ഞു വന്നു” എന്നിങ്ങനെ ജോലിയുടെ ഭാഗമായി അയാൾ ശീലിച്ചിരുന്ന ഹിംസാത്മകമായ രീതികളിലൂടെ ഇണയെ പ്രാപിക്കുന്നതിന്റെ വികാരപാരമ്യം സാംസണ് കിട്ടുന്നു എന്ന് തന്നെ വേണം കരുതേണ്ടത്. കീഴടങ്ങി നിൽക്കുന്ന ഇരയെ ഊക്കോടെ ആക്രമിക്കുന്ന സാംസൺ, തന്റെ അധികാരവാഞ്ഛയെ തൃപ്തിപ്പെടുത്താനാണ് ഇത് വഴി ശ്രമിക്കുന്നത്. .
അതിജീവിക്കാൻ ശേഷിയില്ലാത്തവനാണ് എപ്പോഴും ഭയത്തിന്റെ ഇരയാവുന്നത് എന്നാണ് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലും നിലനില്പ്പിനായുള്ള സമരത്തിലും ഭയചകിതരായ വ്യക്തികൾ പൊതുധാരയിൽ നിന്നും നിഷ്കാസിതരാവുന്നു. പ്രതികൂലമായ ഇത്തരം കാലാവസ്ഥയിൽ ഭരണകൂടവും വേണ്ടപ്പെട്ടവരും ലോകം മുഴുവൻ തന്നെയും കുറ്റാരോപിതർക്ക് എതിരെ ഉപജാപം നടത്തുന്നുവെന്ന് കരുതേണ്ടി വരുന്നു. ഇവിടെയാണ് സാംസൺ എന്ത് കൊണ്ട് ജ്യോത്സ്ന സിസ്റ്ററിനെതിരെ കഥാന്ത്യത്തിൽ നിലയുറപ്പിച്ചു എന്നതിന്റെ പ്രസക്തി. പൊതുസമൂഹധാരയുമായി ചേർന്ന് പോകാനേ ‘സദാചാര’ഭയമുള്ള പൗരന്മാർ ശ്രമിക്കൂ എന്ന ചിരപുരാതനമായ സത്യം ഒച്ചയോടെ പ്രഖ്യാപിക്കുന്ന വിധത്തിലായിരുന്നു ‘പൗരുഷം’കിട്ടിയ സാംസന്റെ നിലപാട്. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തിലൂടെ ഭൂരിപക്ഷത്തിന്റെ പൊതുസ്വഭാവത്തോട് ചേർന്ന് നിൽക്കുകയാണ് അയാൾ. അധികാരത്തിന്റെ ഗിരിശൃംഗങ്ങളിൽ മുട്ടു വിറച്ചു നിൽക്കുന്ന നിസ്സഹായനായ സാംസൺ പൗരുഷം നേടാൻ വേണ്ടി നടത്തുന്ന വ്യവഹാരങ്ങളാണ് ഈ കഥ.
Read More: വിനോയ് തോമസ് എഴുതുന്നു: ഞങ്ങള് പഠിക്കുകയാണ്
ഇടവേലി എന്ന കുടിയേറ്റഗ്രാമത്തിലെ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്ന ആവേശമായിരുന്നു ചീട്ടുകളി. ചീട്ടുകളിയിലൂടെ രൂപപ്പെട്ട ഐക്യദാർഢ്യത്തിന്റെ സ്വഭാവത്തെ ഊട്ടിയുറപ്പിക്കാനെന്നവണ്ണം ഇടവേലിക്കാർ സ്വന്തം ഗ്രാമത്തിൽ നിന്നു മാത്രമാണ് വിവാഹം കഴിച്ചിരുന്നത്. ഇടവേലിക്കാരുടെ തനതായ രീതികളിലേക്ക് ശ്രദ്ധയൂന്നി പ്രാദേശികതയുടെ വകഭേദങ്ങൾ പറയാനാണ് വിനോയ് തോമസ് ശ്രമിക്കുന്നത്. സാമൂഹികഘടനയുടെ നിഗൂഢവത്കരണം വ്യക്തമായി ദൃശ്യമാവാത്തതും എന്നാൽ ഓരോരുത്തരിലും ആഴത്തിൽ കുടി കൊള്ളുന്നതുമായ പ്രാദേശികതയുടെ വിവിധ രൂപങ്ങളാണ്. പ്രാദേശികവികാരം അധികാരാർജനവുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും ഒരളവു കഴിഞ്ഞുള്ള അത്തരം ചിന്തകൾ തീവ്രബോധത്തിന്റെ വിത്തുകൾ വിതയ്ക്കുമെന്നത് തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പോലെയുള്ള സന്ദർഭങ്ങളിലൂടെ തെളിഞ്ഞതാണ്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഗ്രാമത്തിൽ പ്രായേണ കണ്ടു വരാറുള്ള സംഘർഷത്തെ പെട്ടെന്ന് ഓർമയിൽ കൊണ്ടു വരുന്നുണ്ട് ഈ കഥ ഒന്നിച്ചു നിൽക്കുന്നവന്റെ സ്വത്വവിചാരം പ്രസ്തുത ദേശം/ പ്രദേശം /ഇടം വിട്ടു ഒറ്റ തിരിഞ്ഞു നിൽക്കുമ്പോൾ ദുർബലമാവുന്നതിന്റെയും മറ്റൊരു പ്രദേശത്തു അധീശത്വത്തിന്റെ കളിനിയമങ്ങൾ വേറെയാകുന്നതിന്റെയും ചിത്രമാണ് വിനോയ് തോമസിന്റെ ‘ഇടവേലിക്കാർ’. റഫീഖ് അഹമ്മദിന്റെ ചീട്ടുകളിക്കാർ എന്ന കവിതയിലെ ” “കളിയുടെ ലോകം മറ്റൊരു ലോകം അവിടെ കളിപ്പതു മറ്റൊരു കാലം അതിൽ നിയമങ്ങളുമത്ര വിചിത്രം” എന്ന വരികൾ പോലെ കളിനിയമങ്ങൾ പ്രാദേശികതലത്തിൽ മാറുന്നുണ്ട് എന്ന് ഈ കഥയിലൂടെ ബോധ്യപ്പെടുന്നു
അധികാരത്തിന്റെ കർത്തൃത്വഭാവങ്ങൾ പ്രദേശം മാറുന്നതിനനുസരിച്ച് വ്യതിയാനം സംഭവിക്കുന്ന സസ്യജാലത്തെപ്പോലെയാണ് എന്നു ബോധ്യപ്പെടുത്തുന്ന രംഗങ്ങളാണ് കഥയിൽ തുന്നി വെച്ചിരിക്കുന്നത്. പരശ്ശതം മുഖങ്ങളുള്ള ഫാസിസത്തിന്റെ രീതികളും വിനിമയങ്ങളും പരിണതഫലങ്ങളും പ്രവചിക്കാനാവില്ല. ആജ്ഞാശക്തി കൊണ്ട് ആശ്രിതസമൂഹത്തെയോ അടിമലോകത്തെയോ സൃഷ്ടിക്കുന്ന ഏകാധിപതിയുടെ മേൽക്കോയ്മയ്ക്കും കൂട്ടായ്മയുടെ ശക്തിയിൽ ഊറ്റം കൊള്ളുന്ന ചെറുവർഗ്ഗത്തിന്റെ അധികാരാന്ധ്യത്തിനും മുഖങ്ങൾ വ്യത്യസ്തമാണെങ്കിലും അവരുടെ രാഷ്ട്രീയ ഉള്ളടക്കം ഒരേ പോലെയായിരിക്കും . അധികാരമെന്ന സൂത്രവാക്യത്താൽ ചുറ്റുമുള്ളതിനെ കാൽക്കീഴിലാക്കുന്ന ധാർഷ്ട്യത്തിനു ദേശീയ/പ്രാദേശിക മാനങ്ങളില്ല. അതു പോലെ തന്നെ എങ്ങനെയാണ് അധികാരത്തിന്റെ ഇടനാഴിയിലേക്ക് ഒരാൾ നടന്നെത്തുന്നത് എന്നതു കാലങ്ങളായി സാമൂഹ്യശാസ്ത്രം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ്. ഒരു പ്രദേശത്തിന്റെ പ്രാദേശികവികാരവും സ്വത്വബോധവും മറ്റൊരിടത്തു എത്തുമ്പോൾ അപമാനിക്കപ്പെടുന്നതിന്റെ കാഴ്ച പ്രതിലോമകരമാണ്. ബഹുശാഖിയായ അധികാരം കേവലം തിണ്ണമിടുക്കിന്റേത് ആണെന്ന സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് ഇടവേലിയിലെ നേതാവായ മാണിച്ചാച്ചന് കുടകിൽ സംഭവിച്ച വീഴ്ച്ചയെ അവതരിപ്പിച്ചിരിക്കുന്നത്.
ചീട്ടുകളിയെ പ്രാദേശികാഘോഷമാക്കി മാറ്റുന്ന ഇടവേലിക്കാർക്ക് അതിന്റെ ഗുരുവും ഏറ്റവും വലിയ പ്രചാരകനും ആയിരുന്നു മാണിച്ചാച്ചൻ. പ്രാദേശികവാദത്തിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമായ ചീട്ടുകളിയായിരുന്നു ഇടവേലിക്കാരെ ഒന്നിച്ച് നിർത്തിയതും അവർക്കെതിരെയുള്ള ഏതു വിധത്തിലുള്ള അധിനിവേശപ്രവർത്തനത്തിനും പ്രതിരോധമേകിയതും. വർഗ്ഗപരവും ജാതി-മതപരവുമായ ഏതു വിഭജനത്തെയും റദ്ദു ചെയ്തു കൊണ്ട് പ്രാദേശികതയുടെ സൂക്ഷ്മരാഷ്ട്രീയം സ്ഫുരിച്ചു നിൽക്കുന്നതിനു കളി ഒട്ടൊന്നുമല്ല അവരെ സഹായിച്ചിട്ടുള്ളത് എന്നതിൽ തർക്കമില്ല. കളിയിലൂടെ വികസിച്ച സംഘബലം ഒരു അടഞ്ഞ സമൂഹത്തിന്റെ ഭാവത്തിലേക്ക് ഇടവേലിക്കാരെ എത്തിക്കുന്നുവെങ്കിലും ചീട്ടുകെട്ടുകൾ പകർന്നു നൽകുന്ന ലഹരിയും ആവേശവും അവരുടെ ആധിപത്യത്തിന്റെ അതിരുകളെ ആലേഖനം ചെയ്യുന്നു. പ്രാദേശികത എന്ന ഏകഘടകത്തിലധിഷ്ഠിതമാക്കിക്കൊണ്ടുള്ള ജീവിതസന്ധികൾക്ക് ഒരു കാർണിവൽ സ്വഭാവമാണ് പൊതുവെ കണ്ടു വരാറുള്ളത്. ഉത്സവപ്രതീതി സൃഷ്ടിക്കുന്ന ഒരു തരം വ്യവഹാരമാണ് പ്രാദേശികതയെ എപ്പോഴും പൊലിപ്പിക്കുന്നത്
ജൂതവംശത്തിനെതിരെ ഹിറ്റ്ലർ നടത്തിയ നരഹത്യയെ ഫാസിസത്തിന്റെ ഭീകരതയായിട്ടാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. എന്നാൽ ഹിറ്റ്ലർ എന്ന ഏകാധിപതി അനുശാസിച്ച സൂക്ഷ്മതയാർന്ന രാഷ്ട്രീയത്തിന്റെ പ്രത്യാഘാതം ആയിരുന്നു ആറു ദശലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കിയ ഹോളോകോസ്റ്റ്. ഒരു വംശത്തെ ഇല്ലാതാക്കാനുള്ള കുടിലതയുടെ മറുവശത്തു നാസിജർമനിയുടെ കൊടിയടയാളങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യമായിരുന്നു ഹിറ്റ്ലറിനും കൂട്ടാളികൾക്കും ഉണ്ടായിരുന്നത്. ഇങ്ങനെ പ്രാദേശികതയും ദേശീയതയും നിക്ഷിപ്ത താല്പര്യമുള്ള കമ്മ്യുണുകളും ജനാധിപത്യത്തിന്റെയും മാനവികതയുടെയും നാമ്പുകളെ തല്ലിക്കൊഴിയിച്ചു കൊണ്ട് ഫാസിസത്തിന്റെ തൊട്ടിലാട്ടുകാരായി മാറിയ ചിത്രമാണ് ചരിത്രത്തിൽ വരച്ചിട്ടിരിക്കുന്നത്. മാർക്സിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ അധീശത്വസങ്കല്പം പ്രകാരം ഒരു പ്രത്യേക വർഗ്ഗത്തിന്റെയോ സംഘത്തിനെയോ മേൽ അധീശത്വം നടപ്പിലാക്കുന്നത് ബലപ്രയോഗം മൂലമല്ല. പൊതുസമ്മതിയിലൂടെയാണ് അതു പ്രാബല്യത്തിൽ വരുത്തേണ്ടത്. . ഈ ആശയത്തെ തകിടം മറിച്ചു കൊണ്ട് കായികശേഷിയിലൂടെ ചാച്ചനെയും കൂട്ടരെയും കീഴ്പ്പെടുത്തുന്ന കുടകിലെ പ്രാദേശികനേതൃത്വത്തെ ആണ് കഥയിൽ അവതരിപ്പിച്ചിട്ടുള്ളത് . ഇടവേലിക്കാർ എന്ന സ്വത്വബോധം അവരെക്കാൾ ശക്തിയുള്ള വിഭാഗത്തിനു മുന്നിൽ തോറ്റു പോയത് അവരുടെ കളിനിയമങ്ങൾ ഒരു കൊച്ചു സമൂഹത്തെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു എന്നുള്ളത് കൊണ്ടും കൂടിയാണ്.
കുടകിലെ ഇഞ്ചിത്തോട്ടത്തിൽ രവിയുടെ പണിക്കാരായ ഇടവേലിക്കാരായ തൊഴിലാളികൾക്ക് ഊർജം പകരാനും ഇടവേലി എന്ന പ്രാദേശികബോധം തിരികെ കൊണ്ടു വരാനും രവി ചാച്ചനെ നിർബന്ധിച്ചു കൂടെ കൊണ്ടു പോകുകയാണ്. ഇടവേലി എന്ന വികാരം ജ്വലിപ്പിച്ചു കൊണ്ട് ചാച്ചനെ കൂടെ കൊണ്ട് പോകുന്ന രവിയ്ക്കു കൈത്താങ്ങാവാനും ഷെട്ടിമാരുടെ ധാർഷ്ട്യത്തിൽ നിന്നും അയാൾക്കു കവചമേകാനും ചാച്ചനാവുമോ എന്ന ചോദ്യമാണ് കഥയിൽ വിനോയ് തോമസ് അഭിസംബോധന ചെയ്യുന്നത്. “നമ്മൾ ഒൻപതു പേരിങ്ങനെ വട്ടമിട്ടിരിക്കുമ്പോൾ പണിയനും ചോകോനും ചെട്ടിയാനും ലത്തീൻകാരനും സുറിയാനിക്കാരനും എല്ലാമുണ്ടല്ലോ. പക്ഷെ ഇവിടെ നമ്മുടെ എടേൽ ആർക്കും പിടി കിട്ടാത്ത എന്തോ ഒന്നുണ്ടാകുന്നുണ്ട്. നമ്മളെല്ലാം ഒരമ്മേടെ വയറ്റിൽ പിറന്ന പോലെ കെട്ടിപ്പിടിച്ചിരിക്കുന്നുണ്ടേൽ അത് ഇടവേലിക്കാരായതു കൊണ്ടു മാത്രമാണ്” എന്ന് രവിയുടെ തൊഴിലാളികളോട് അഭിമാനപൂർവം പറയുന്ന ചാച്ചന്റെ വാക്കുകളിൽ അതിരു കവിഞ്ഞ പ്രാദേശികത കാണാം. എന്നാൽ ഇതിൽ നിന്നും വിരുദ്ധമായിട്ടായിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ. സ്വദേശത്തു ഉടമസ്ഥമാരായി കാര്യങ്ങൾ നോക്കുകയും ചീട്ടുകളിയിലൂടെ നാടിന്റെ പൊതുവികാരത്തെ ഏകശിലാത്മകം ആക്കുകയും ചെയ്ത ചാച്ചനും കൂട്ടരും അതിർത്തി കടക്കുന്നതോടെ ‘വ്യക്തിത്വം’ നഷ്ടപ്പെടുന്ന അവസ്ഥയിലാവുകയാണ്. പ്രാദേശിക വികാരം ഇടവേലിക്കാരെക്കാളും തീക്ഷ്ണവികാരമാക്കിയ ഒരു വിഭാഗമാണ് കുടകുവാസികൾ. കുടകിനെ പ്രത്യേക സംസ്ഥാനം ആക്കി രൂപവത്കരിക്കാൻ പ്രക്ഷോഭം നടത്തിയ കുടകന്മാരുടെ പ്രാദേശികത്വത്തിൽ മറ്റു ദേശക്കാർക്കു ഒരു സ്ഥാനവും ഇല്ല. കൊടവ ഭാഷ സംസാരിക്കുന്ന അവരുടെ മുന്നിൽ ജോലി ചെയ്യാനെത്തിയ ആശ്രിതവർഗം മാത്രമാണ് മലയാളികൾ. അതിനാൽ തന്നെ അവർക്കു മലയാളികളെ ഒട്ടും പഥ്യവും വിശ്വാസവും ഇല്ല .കുടകിലെ ‘ വരത്തന്മാരായ’ ഇടവേലിക്കാർക്ക് പ്രത്യേകവിധത്തിലുള്ള സ്വാധീനമോ അധികാരമോ ഇല്ലാതെ, അവിടത്തുകാരുടെ ചീട്ടുകളിയിൽ വരെ ഭാഗഭാക്കാവാനോ അഭിപ്രായം പറയാനോ സാധിക്കാത്ത തരത്തിലുള്ള നിന്ദിതരും പീഡിതരുമാവുന്ന കാഴ്ചയാണ് തുടർന്നു കാണുന്നത്.
മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ വേണ്ടിയാണെന്ന സൂചന ബൈബിളിലുണ്ട് എന്നാൽ ഇത് ന്യായമാണോ? എല്ലാ ജീവജാലങ്ങൾക്കും ഒരേ പോലെ ഇവിടെ അവകാശമില്ലേ? ഈ ചോദ്യങ്ങളാണ് വിനോയ് തോമസ് ഉടമസ്ഥൻ എന്ന കഥയിൽ ചർച്ച ചെയ്യുന്നത്. വെട്ടിപ്പ്ളാവിൽ എന്ന കുടുംബത്തിലെ മറ്റംഗങ്ങളുടെ മേൽ സ്പഷ്ടമായ അധികാരം ഉണ്ടായിരുന്ന പാപ്പച്ചൻ വീട്ടിൽ നായകളെ വളർത്തുന്ന ശീലമുള്ളവനാണ്. ഉടമസ്ഥന്റെ ഇഷ്ടമനുസരിച്ചു പെരുമാറുന്ന നായകളെ ആണ് അയാൾക്ക് പഥ്യം. മർഗരീത്ത, ജസീന്ത, ആൻസിയ എന്ന മക്കളും ഭാര്യയും ഉൾപ്പെടുന്ന പാപ്പച്ചന്റെ കുടുംബത്തിൽ അയാൾ ഏകാധിപതിയായിരുന്നു.. ഉടമസ്ഥനെ വ്യവസ്ഥയിൽ അയാൾക്ക് കീഴെ ജീവിക്കുന്നവർ അടിമകൾക്ക് തുല്യമാണ്. അധികാരം പ്രദര്ശിപ്പിക്കേണ്ടത് ഹിംസയിൽ കൂടി ആണെന്നു വിശ്വസിച്ച പാപ്പച്ചന് ഉടമസ്ഥന്മാരുടെ ഇഷ്ടത്തിനനുസരിച്ചാണു വളർത്തുമൃഗങ്ങൾ പെരുമാറേണ്ടത് എന്ന അഭിപ്രായമായിരുന്നു. തന്നെ എതിർക്കുന്ന നായകളെ അതിനാൽ തന്നെ ഇല്ലാതാക്കിയിരുന്നു. ഹിംസയുടെ ഇത്തരം രാതികളെയാണ് കഥാകൃത് ഈ കഥയിൽ അഭിസംബോധന ചെയ്യുന്നത്,
അമിച്ചൻ എന്ന നായയെ ആധാരമാക്കിയാണ് കഥ വികസിക്കുന്നത്. വളർത്തുമൃഗത്തെ ക്രൂരമൃഗമാക്കി മാറ്റാൻ വ്യഗ്രത കാണിക്കുന്ന പാപ്പച്ചൻ താൻ വളർത്തുന്ന ജീവി തന്റെ അധികാരമണ്ഡലം വിസ്തൃതമാക്കുന്നതിനു സഹായി ആയി പൊരുതേണ്ടതുണ്ട് എന്നു ദൃഢമായി വിശ്വസിച്ചിരുന്നു. അധികാരഘടനയുടെ വിന്യാസം എങ്ങനെയാണ് ഒരാളിൽ ആശ്രിതഭാഷ സൃഷ്ടിക്കുന്നതെന്ന് പറ്റി മിഷേൽ ഫൂക്കോ ‘അച്ചടക്കവും ശിക്ഷയും’ എന്ന കൃതിയിൽ വിശദീകരിച്ചിട്ടുണ്ട് . ഇതിനെ അടിസ്ഥാനമാക്കിയുള്ള സന്ദർഭങ്ങൾ കഥയിൽ കാണാം. പാപ്പച്ചന്റെ മക്കളോട് കൂടുതൽ ഇണക്കത്തോടെ നിന്ന്, ഒരു വീട്ടുജീവിയായി മാറാനാണ് അമിച്ചൻ ശ്രമിച്ചത്. വീട്ടിലെ എല്ലാമായി അവൻ മാറിയതോടു കൂടി പാപ്പച്ചനിലെ യഥാർത്ഥ മൃഗം ചുര മാന്തി പുറത്തു വന്നു. അമിച്ചനെ ഇല്ലാതാക്കാൻ അയാൾ അങ്ങനെ തീരുമാനിച്ചു. അതു പോലെ പെൺമക്കളെ വിവാഹം കഴിപ്പിച്ചയ്ക്കാൻ ശ്രദ്ധ കാണിച്ചിട്ടില്ലാത്ത പാപ്പച്ചന് അവരെ കർത്താവിന്റെ കരവലയത്തിലാക്കാനായിരുന്നോ യത്നിച്ചിരുന്നത് എന്ന് ന്യായമായും സംശയിക്കാം. അധികാരത്തിന്റെ ഇരകളായി മക്കളെ വീടുകളിൽ തളച്ചിടാനുള്ള തന്ത്രം ആണ് ഇവിടെ ഭക്തി എന്നതാണ് കൂടുതൽ ശരി. പുകമറ സൃഷ്ടിച്ചു കൊണ്ട് ആഴ്ന്നിറങ്ങുന്ന ഫാസിസത്തിന്റെ വേരുകൾ മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെയാണ് കഥാകൃത്ത് അഭിസംബോധന ചെയ്യുന്നത്. വേദപുസ്തകത്തിന്റെയും കർത്താവിന്റെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ സ്ത്രീജീവിതത്തിന്റെ പരിസരങ്ങളിൽ ഇരുട്ട് നിറയ്ക്കുന്ന ക്രൂരനായ ഏകാധിപതിയായിരുന്നു പാപ്പച്ചൻ.
പാപ്പച്ചൻ കൊന്നൊടുക്കിയ നായകളിൽ ചിലർ അമിച്ചനോട് സംസാരിക്കുന്ന മാന്ത്രികപരിവേഷമുള്ള രംഗങ്ങൾ കഥയിലുണ്ട്.. തന്റെ വരുതിയിൽ നിൽക്കാത്ത മൃഗങ്ങളെ കൂടം കൊണ്ട് തലയ്ക്കടിച്ചു കൊല്ലുക എന്ന പ്രാകൃതമായ ഹിംസാരീതിയാണ് അയാൾ നടപ്പിലാക്കിയത്. പ്രത്യേക ആകൃതിയിൽ പണിത കൂടമായിരുന്നു നായ്ക്കളെ വക വരുത്താൻ പാപ്പച്ചൻ ഉപയോഗിച്ചിരുന്നത്. കൂടത്തിൽ തറവാട്ടിലെ ഏറ്റവും പ്രതാപിയായ കാരണവരുടെ പേരു കൊത്തി വെച്ചിരുന്നു. കൂടം അധികാരത്തിന്റെ അടയാളവാക്യമായിരുന്നു. പണ്ടത്തെ കുടിയേറ്റവും അക്രമവും ഓർമിപ്പിച്ച അധികാരചിഹ്നമായ കൂടം പാപ്പച്ചൻ തന്റെ ആയുധമാക്കി മാറ്റി.
പട്ടികളെ / വളർത്തുമൃഗങ്ങളെ കീഴാളകാഴ്ചപ്പാടോടെ കാണുന്ന സവർണബിംബം പാപ്പച്ചനിലുണ്ട്. വളർത്തുമൃഗങ്ങൾക്ക് അടിമകളായി പരിണാമം സംഭവിക്കുന്ന ദൃശ്യമാണ് ഉടമസ്ഥനിൽ അവതരിപ്പിക്കുന്നത്. ട്ടി ഉടമസ്ഥന്റെ അഭിലാഷങ്ങൾക്കനുസരിച്ച് വാലാട്ടണ്ട വർഗമാണ് വളർത്തുമൃഗങ്ങൾ/ അടിമകൾ എന്ന പരികല്പന അനുസരിച്ചാണ് പാപ്പച്ചനെ കഥാകൃത്ത് വാർത്തെടുത്തിരിക്കുന്നത്. കീഴാളസ്ഥാനത്തു നിൽക്കുന്ന ജീവിയെ “കൂടം കൊണ്ടടിച്ചു കൊല്ലലായി” പാപ്പച്ചന്റെ ഫാസിസം അവതരിക്കുന്ന കാഴ്ചയാണ് കഥയിലുള്ളത്. ഇത്തരമൊരു ദുരന്തം സ്വയം വരുത്താൻ ആഗ്രഹമില്ലാത്തത് കൊണ്ടാവണം മറ്റു സ്വപ്നങ്ങളില്ലാതെ ജീവിതം പ്രാർത്ഥനയിൽ ഒതുക്കിയിടാൻ അവിടത്തെ സ്ത്രീകൾ തയ്യാറായത്.
ഭൂമിയിൽ ജീവജാലങ്ങളെല്ലാം സ്വതന്ത്ര രാണെന്നും ആർക്കും ആരുടെയും മേൽ ഉടമസ്ഥാവകാശം ഇല്ലെന്നും കഥയിൽ പറയുന്നുണ്ട്. വർഗ/മത വ്യത്യാസങ്ങൾ അപ്രസക്തമാവുകയും ഉടമ-അടിമ കാഴ്ചപ്പാടിൽ നിന്നും സമൂഹം മുക്തമാകുമെന്നുള്ള കഥാകൃത്തിന്റെ ദർശനം തെളിമയോടെ വ്യക്തമാകുന്ന രംഗമാണ് ഈനാംപേച്ചിയും നായയുമായുള്ള സംഭാഷണം. അച്ചടക്കത്തിലൂടെയും ശിക്ഷണത്തിലൂടെയും ജാഗ്രതയുള്ള മേൽനോട്ടത്തിലൂടെയും സമൂഹം വ്യക്തിയെയും ഉടമ അടിമയെയും നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്ന രീതിയെ റദ്ദു ചെയ്യണമെന്ന ആശയമാണ് ഇവിടെ പങ്കു വെയ്ക്കുന്നത്. തങ്ങളെ സ്നേഹിച്ച അമിച്ചനെ പാപ്പച്ചൻ കൊല്ലാൻ കൊണ്ടു പോകുന്നത് പെണ്മക്കൾ വേദനയോടെ കണ്ടു നിൽക്കുന്ന ഒരു രംഗമുണ്ട് കഥയിൽ. കനത്തു പെയ്യുന്ന മഴയിൽ, ആകാശം പിളരുന്ന ഇടിവെട്ടിൽ ആ രംഗം അവർ വീക്ഷിക്കുന്നു. അടക്കിവെച്ചിരിക്കുന്ന സ്വാതന്ത്ര്യമോഹവും വിമോചകസ്വപ്നങ്ങളും അടിച്ചമർത്തപ്പെട്ടവരിൽ നിന്നും പുറത്തു വരുന്നതിന്റെ അലയൊലി പോലെയാണ് കഥാന്ത്യത്തിൽ മർഗരീത്തയും ആൻസിയയും ചൊല്ലുന്ന മരണപ്രാർത്ഥന
കാട് അമ്മയാണെന്ന ഉണ്മയിൽ വേരൂന്നിക്കൊണ്ട് വിനോയ് തോമസ് എഴുതിയ രാമച്ചി കാടിന്റെ വന്യതയിൽ പരിലസിക്കുന്ന ഒരു പ്രണയകാവ്യമാണ്. കാടിന്റെ ഇരുണ്ട സൗന്ദര്യത്തിലേക്ക് നിറവയറുമായി യാത്ര തിരിക്കുന്ന മല്ലികയുടെയും തോഴനായ പ്രദീപന്റെയും കാട് അവരുടെ മേൽ ചൊരിയുന്ന സ്നേഹത്തരികളുടെ പ്രതീകമായി ജനിച്ച കുഞ്ഞിന്റെയും ഭാവങ്ങളാണ് മുഖ്യമായും രാമച്ചി നമ്മുടെ മുന്നിലെത്തിക്കുന്നത്. പ്രദീപനെയും മല്ലികയെയും പോലെ ആറളം ഫാമിൽ അധിവസിപ്പിച്ചിരുന്ന പണിയവിഭാഗത്തിനു സ്വന്തം പേരിലുള്ള ഭൂമി എന്നത് അദ്ഭുതമായിരുന്നു, പണിയരെ സംബന്ധിച്ചിടത്തോളം ഭൂമി ആരുടേയും സ്വകാര്യ സമ്പത്തായിരുന്നില്ല, ആവാസവ്യവസ്ഥയുടെ ഔപചാരിക നൂലാമാലകൾ അപരിചിതമായ , ആദിമ സംസ്കൃതിയുടെ അടയാളങ്ങൾ വഹിക്കുന്ന ജനത കാടിന്റെ നിയമങ്ങൾ ആണ് പാലിച്ചിരുന്നത്. അവർക്ക് കാടായിരുന്നു നിയാമക ശക്തി. കാടിന്റെ കാലപ്പകർച്ചകൾക്കനുസരിച്ച് ജീവിതം കരുപിടിപ്പിച്ചുരുന്ന അവർക്ക് ആറളം ഫാമിലെ ജീവിതത്തിന്റെ മൗലികമല്ലാത്ത ചേരുവകൾ അലോസരം സൃഷ്ടിക്കുന്നുണ്ട്. ” എത്ര പാട് പെട്ടാലും കുറച്ചു മാത്രം തരുന്ന കാടിന്റെ” രീതിയെ സ്നേഹിച്ചിരുന്നവർക്ക് , ഭൂമി വീതം വെച്ച് കൊടുക്കുന്ന പരിഷ്കൃതരീതിയിൽ വിശ്വാസമുണ്ടായിരുന്നില്ല. എല്ലാവർക്കും സ്ഥലവും വീടും റേഷനും ഉണ്ടെങ്കിലും കാടിന്റെ ജൈവികചോദനയിലേക്കുള്ള മടങ്ങിപ്പോക്ക് ചില സാഹചര്യങ്ങളിൽ അനിവാര്യമാണെന്നു കഥ സൂചിപ്പിക്കുന്നുണ്ട്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഭൂമി കണ്ടു പരിചയിച്ച കാടിന്റെ മക്കളെ അതിരും ഭൂപടവും നിശ്ചയിച്ചു കൊണ്ട് നാട്ടിൽ പുനരധിവസിപ്പിക്കുന്നത് ദുഷ്കരമാണ്. കുടിയിറക്കപ്പെട്ട സമൂഹത്തിന്റെ ഉത്കണ്ഠയും നിരാശയും എന്തെന്ന് ആഖ്യാനത്തിൽ ബോധ്യപ്പെടുത്തുന്നുണ്ട്. കാടിന്റെ വന്യതയിൽ നിന്നും നാട്ടിലെ ആവാസവ്യവസ്ഥയ്യ്ക്ക് കീഴ്പെട്ട് ജീവിക്കേണ്ടി വരുമ്പോൾ മനുഷ്യർക്കുണ്ടാവുന്ന മാറ്റങ്ങളും കഥയിൽ സൂചിപ്പിക്കുന്നുണ്ട്. ഭർത്താവ് ഭാര്യയെ അസഭ്യം പറയുന്നതും പുരുഷന്മാർ പരസ്ത്രീകളെ അർഥം വെച്ച് നോക്കുന്നതുമെല്ലാം പുതിയ പതിവായി തുടങ്ങി. സ്വാഭാവികവുമായ ജീവിതത്തിൽ നിന്നും അജൈവികമായി കെട്ടിയുണ്ടാക്കിയ ഒരു വ്യവസ്ഥയിലേക്ക് അവർ ചുരുങ്ങുകയായിരുന്നു. കാട്ടാനകളെ മെരുക്കാനുള്ള കുങ്കിയാനയായ പ്രമുഖൻ കാടു കേറിയതു പോലെ പിറക്കാൻ പോകുന്ന കുഞ്ഞിന് രാമച്ചി എന്ന ഉൾക്കാടിന്റെ സ്വാച്ഛന്ത്യം നൽകാൻ ആഗ്രഹിക്കുന്ന അമ്മയാണ് മല്ലിക. രാമച്ചി എന്ന അമ്മയുടെ മടിത്തട്ടിൽ വെച്ചു മല്ലിക എന്ന അമ്മ ” രാമച്ചി ” എന്ന പെൺകുഞ്ഞിന് ജന്മം നൽകുകയാണ് . മാതൃത്വത്തിന്റെ അനിർവചനീയമായ നിർവൃതി അനുഭവിപ്പിക്കുന്ന കഥയിൽ കാട് അമ്മയാകുന്നു.
സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും ആദിസ്ഥാനത്തു നിൽകൂന മഞ്ഞമുത്തിയാണ് ‘രാമച്ചി’യുടെ കേന്ദ്രം. തല മൂത്ത പണിയസ്ത്രീയായ മഞ്ഞമുത്തി കഥയിൽ ഇങ്ങനെ പറയുന്നുണ്ട്, “അമ്മെ അപ്പനും കാട്ടിലാര്ന്നു. കാടര്ന്നു അവരുടെ പോരാ. രാമച്ചില് അബ് ര് താമസിക്കുമ്പോ ന്നെ പെറ്റ്. ‘അമ്മ പറേ ഞാന് രാമച്ചീല് കെട്ക്കുമ്പോ ഒരു കാറ്റ് ബന്ന് ഏതോ മഞ്ഞപ്പൂവ് ന്റെ നെഞ്ചിലിട്ടെന്നു-ന്ഹാനെ ഞാന് മഞ്ഞയായി”. ഇത്തരത്തിലുള്ള അത്ഭുതങ്ങൾ സ്നേഹത്തിന്റെ കരസ്പർശമായി അനുഭവേദ്യമാകുന്നു. മഞ്ഞമുത്തി എന്ന അമ്മയിൽ നിന്നും പ്രചോദമുൾക്കൊണ്ട രാമച്ചി എന്ന അമ്മക്കാട്ടിലേക്ക് അമ്മയാകാൻ പോകുന്ന മല്ലികയുടെ തീരുമാനമാണ് കഥയുടെ മർമ്മം..
രാമച്ചി ഒരു ഓർമച്ചെപ്പാണ്. ആർദ്രമായ സ്ത്രീപക്ഷ ഓർമകളുടെ സഞ്ചയം ചേർത്തു വെച്ചിരിക്കുന്ന കഥയാണിത്. വള്ളിയൂർക്കാവ് ഉത്സവം കാണാൻ മഞ്ഞമുത്തിയുടെ കൂടെ പോയതും യാത്രയ്ക്കിടെ പുഴയോരത്തു താമസിച്ചതും പുഴയിൽ ചിറ കെട്ടിയതും മല്ലിക ഓർക്കുന്നുണ്ട്. കട്ടൻ രവി അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചതും ഈ യാത്രയിൽ ആയിരുന്നു. പ്രകൃതിയുടെ സൂക്ഷ്മവൈവിധ്യങ്ങളെ ആഖ്യാനത്തിൽ സന്നിവേശിപ്പിക്കുന്നുണ്ട് ഈ യാത്ര. കറുത്ത് ചിരിയില്ലാത്ത കല്ലേമുട്ടി, ചത്താലും കുത്തുന്ന ചില്ലോൻ കൂരി, ഓലക്കീറു പോലെ പുളയുന്ന പുള്ളിയാരൽ, പരവ, കുറുവ, കുരല്,കോലാൻ എന്നിങ്ങനെ വിവിധ തര സമ്പത്തുകളുള്ള ആ പുഴയുടെ തീരത്തു വെച്ച കട്ടൻ രവി, പ്രാച്ചി മീൻ വെള്ളത്തിൽ വെട്ടി മാറുന്നത് പോലെ മല്ലികയുടെ ശരീരത്തിൽ ഓരോന്നു ചെയ്തു. മല്ലികയ്ക്ക് അവനെ ഇഷ്ടപ്പെടുന്നില്ല. പ്രാചീനമായ ഗോത്രവ്യവസ്ഥ അനുശാസിക്കുന്ന സമൂഹത്തിലായിട്ടും, പെണ്ണിനാണ് അവളുടെ ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. സ്നേഹക്കരുതലുള്ള അമ്മ പ്രായപൂർത്തിയായ മകൾക്ക് ജീവിതപങ്കാളിയെ കണ്ടുപിടിക്കുന്നത് പോലെ കാടെന്ന അമ്മയാണ് ” കഷ്ടപ്പെടുന്ന ഒരു കാടനായ ” പ്രദീപനെ മല്ലികയ്ക്ക് മുന്നിലെത്തിച്ചത്.
ഒരു സ്ത്രീപക്ഷകഥയായി ‘രാമച്ചി’ മാറുന്നത് സ്വന്തം കുഞ്ഞിനെ സുരക്ഷിതത്വത്തിന്റെ ഗർഭഗൃഹത്തിൽ പോറ്റുന്ന അമ്മയുടെ വാത്സല്യം അത് അനുഭവിപ്പിക്കുന്നത് കൊണ്ടാണ്. സ്നേഹത്തിന്റെ ദീപ്തമായ മുഖങ്ങൾ അടരുകളിൽ കൊത്തി വെച്ച ആഖ്യാനമാണ് രാമച്ചിയുടെ കാതൽ. ഇഷ്ടപ്പെട്ട ഇണയെ വരിക്കാനുള്ള സ്വാതന്ത്ര്യം പ്രകൃതി/ കാട് അതിന്റെ അന്തേവാസികൾക്ക് നൽകിയിട്ടുണ്ട്. ഓരോ ‘ഓടത്തണ്ടും പൂവായി വിരിയുന്നത്’ പോലെ സ്നേഹത്തിന്റെ വീണാനാദമായി ഒഴുകിപ്പടരുകയാണ് രാമച്ചി. കൂട്ടിലിരിയ്ക്കുന്ന ഇണയ്ക്ക് തീറ്റയുമായി പറന്നു പോകുന്ന കോഴിവേഴാമ്പൽ, മരത്തിനു മുകളിൽ ഇരിമുള്ളിൻ കായ പൊളിച്ചു തിന്നുന്ന മലയണ്ണാനുകൾ, തുമ്പിക്കൈ കോരിയെടുത്തു ചുറ്റിപ്പിടിച്ചു ചുണ്ടുകളിലൂടെ സ്നേഹം പിടിയാനയ്ക്ക് കൊടുക്കുന്ന പ്രമുഖൻ തുടങ്ങിയവരിലൂടെ സ്നേഹവും പ്രേമവും പങ്കുവെക്കലും ഒന്നാകുന്ന കാഴ്ചയാണ് കഥയിലുള്ളത്. സ്നേഹത്തിന്റെ ഉറവയിൽ നിന്നും പൊട്ടിയൊഴുകുന്ന ജലാശയമാണ് കാട് എന്ന ജൈവവ്യവസ്ഥ എന്ന പ്രഖ്യാപനമാണ് വിനോയ് തോമസ് നടത്തുന്നത്. തേനെടുക്കാൻ മരങ്ങളുടെ മുകളിൽ കയറുന്ന പ്രദീപന് തേനീച്ചകൾ തേൻ ചുരന്നു കൊടുക്കുന്നതായി നമുക്ക് കാണാൻ കഴിയും. നാട്ടിലെ പങ്കുവെക്കലിന്റെ രാഷ്ട്രീയം നിസ്വാർത്ഥമായ ഭാഗംവെക്കൽ നടക്കുന്ന കാടുമായി എന്ത് മാത്രം വ്യത്യാസമുണ്ടെന്നുള്ള ധ്വനിയും ആശങ്കയും ഇവിടെ വ്യക്തമാണ്. സ്നേഹത്തിന്റെ ഇലയനക്കം ആർദ്രസംഗീതമായി ഓരോ ജീവിയ്ക്കും ഓരോ അണുവിലും നിന്നും പ്രസരിക്കുന്നുണ്ട്. നിഷ്കളങ്കമായ , ദിവ്യമായ സ്നേഹം ചാന്ദ്രശോഭ പോലെ തെളിഞ്ഞു നിൽക്കുന്ന കാടിന്റെ വന്യത പ്രദീപനിലും മല്ലികയിലും പ്രമുഖനാനയിലുമെല്ലാം കിനിഞ്ഞിറങ്ങുന്നുണ്ട്.
മാപിനിയിൽ അളക്കാനാവാത്ത സ്നേഹത്തിന്റെ അദൃശ്യമായ കോരിച്ചൊരിയലാണ് ‘രാമച്ചി’. നനഞ്ഞ മുല വായിലേക്ക് കൊടുക്കുമ്പോൾ കുഞ്ഞു തേടുന്ന അമ്മയുടെ മണമാണ് രാമച്ചിയുടെ സത്ത. ആർത്തിരമ്പി വരുന്ന കാർമേഘങ്ങൾ പോലെ ചിന്നംവിളികൾ മുഴക്കിക്കൊണ്ട് വരുന്ന ആനക്കൂട്ടത്തിനു പിന്നാലെ പിടിയാനകളുടെ പാൽ നുകർന്ന് കൊണ്ട് കുഞ്ഞുങ്ങൾ പുറത്തേക്ക് വരുന്ന വേളയിൽ, ‘രാമച്ചി എന്ന അമ്മവനത്തിന്റെ മടിയിൽ കിടന്ന മല്ലികയുടെ മുല ആദ്യമായി ചുരന്നു. സ്നേഹം പാലായി ചുരത്തുന്ന ഈ ആഖ്യാനമാണ് കഥയെ സവിശേഷതലത്തിലേക്ക് ഉയർത്തുന്നത്. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പാൽമണമാണ് രാമച്ചി.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തോടെ മനോരോഗത്തെ കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചും പാശ്ചാത്യ സമൂഹത്തിൽ സജീവമായ ചർച്ചകൾ ആരംഭിച്ചിരുന്നു. പത്തൊൻമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച ഇരുപതാം നൂറ്റാണ്ടിൽ അവസാനിക്കുന്ന അവസാനിക്കുന്ന ഒന്നര നൂറ്റാണ്ട് ആണ് ഭ്രാന്തിന്റെയും ഉന്മാദത്തിന്റെയും ചികിത്സയുടെ സുവർണകാലം. ഫൂക്കോ ‘ഉന്മാദവും പരിഷ്കാരവും’ എന്ന ഗ്രന്ഥത്തിൽ, ഈ സുവർണകാലത്തിനു മുൻപുള്ള നൂറ്റമ്പത് വർഷത്തെ ചരിത്രമാണ് ആഴത്തിൽ പഠിച്ചത്. ഭ്രാന്തിനെ പറ്റി യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശകലനമാണ് ഈ കൃതി.മൗനത്തിലൂടെ ഉരുത്തിരിയുന്ന ഭാഷയാണ് ഭ്രാന്തിന്റെ യുക്തിശാസ്ത്രം. അതിന്റെ ചരിത്രം എഴുതാനായിരുന്നു ഫൂക്കോ ശ്രമിച്ചത്. ഇവിടെ ഇത് പറയാൻ കാരണം, വിനോയ് തോമസിന്റെ ‘മൂർഖൻ പറമ്പ്’ എന്ന കഥയിൽ, ഭ്രാന്ത് എന്ന സ്വഭാവ അപഭ്രംശത്തിനു ഒരു പ്രത്യേക സ്ഥാനമുണ്ട്. ഭ്രാന്ത് ബാധിച്ചിരുന്നവരെ ഒരു കാലത്ത് ഈന്തുമരത്തിലായിരുന്നു തടിക്കിട്ടിരുന്നത്, ഫിലിപ്പ് പൈനൽ എന്ന പുരോഗമനവാദി പത്തൊൻമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തടവറയിൽ നിന്നും ഭ്രാന്ത് ഉണ്ടായിരുന്നവരെ മോചിപ്പിച്ച സംഭവം ഫൂക്കോ വിശദീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ തടവറയ്ക്കു പകരം ഈന്തു മരത്തിൽ മനോരോഗികളെ ചങ്ങല കൊണ്ട് തളച്ചിരുന്ന ചരിത്രത്തെയാണ് കഥാകൃത്ത് ഈ കഥയിൽ സൂചിപ്പിക്കുന്നത്, ഈന്തുമരത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ പ്രാദേശികരാഷ്ട്രീയത്തിന്റെ അന്തർധാരകളെ പരിശോധിക്കുകയാണ് മൂർഖൻ പറമ്പിൽ. ഈന്തിന്റെ ഗുണാത്മക ചേരുവകളെ യും മറ്റു പ്രയോജനങ്ങളെയും സംബന്ധിച്ച് ഫേസ്ബുക്കിൽ നിരന്തരം എഴുതിക്കൊണ്ടിരുന്ന വിഘ്നേഷ് കല്ലനാണ്ടിയാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. കണ്ണൂർ വിമാനത്തവാളത്തിന്റെ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ, സർക്കാർ അയാളുടെ സ്ഥലം കൂടെ വാങ്ങിക്കുമെന്നായിരുന്നു വിഘ്നേശ് വിശ്വസിച്ചത്. ഈന്തുമരങ്ങൾ നിറഞ്ഞ ഭൂമിയായിരുന്നു വിഘ്നേഷിന്റെത്. ഭൂമിയിൽ ഏറ്റവും ആയുസുള്ള വിളയായ ഈന്തിന് ഭീമമായ നഷ്ടപരിഹാരം കിട്ടുമെന്ന് അയാൾ പ്രതീക്ഷിച്ചിരുന്നു. അതു വഴി ലഭിച്ചേക്കാവുന്ന പണം കൊണ്ട് ജീവിതസ്വപ്നങ്ങൾ നെയ്തിരുന്ന അയാൾക്കു തിരിച്ചടി ഉണ്ടായി. അതിർത്തി നിർണ്ണയത്തിൽ അയാളുടെ പറമ്പ് നിർദ്ദിഷ്ട വിമാനത്താവളത്തിന് പുറത്തായി. അയാളുടെ സ്ഥലം കൂടെ ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചെങ്കിലും അതെല്ലാം അധികൃതർ തള്ളി. നിരാശനായ വിഘ്നേശ് അങ്ങനെ ആത്മഹത്യ ചെയ്തു.
പ്രത്യക്ഷത്തിൽ സ്ഥലം ഏറ്റെടുപ്പിന്റെ അനുബന്ധമായി വികസിക്കുന്ന കഥയാണ് എന്ന് തോന്നുമെങ്കിലും,മൂർഖൻ പറമ്പിൽ മറ്റൊരു സൂക്ഷ്മരാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട്. തീക്ഷ്ണരാഷ്ട്രീയവും രാഷ്ട്രീയവ്യവഹാരങ്ങളും കൊടുമ്പിരിക്കൊള്ളുന്ന ഒരന്തരീക്ഷത്തിന്റെ സമീപഭൂമികയിൽ ആണ് ഈ കഥ നടക്കുന്നത് എന്നത് സവിശേഷശ്രദ്ധ ആവശ്യപ്പെടുന്ന സംഗതിയാണ്.. ഉന്മാദരോഗികളെ ഈന്തുമരത്തിൽ തടിക്കിട്ടിരുന്നത് പോലെ രാഷ്ട്രീയ അഭിനിവേശം മൂത്ത് ഉന്മാദത്തിന്റെ അവസ്ഥയിലായവർക്ക് സംഭവിക്കുന്ന അപചയവും അതിന്റെ പരിണതിയുമാണ് എഴുത്തുകാരൻ പരോക്ഷമായി സൂചിപ്പിക്കുന്നത്. പ്രസ്തുത പ്രദേശത്തെ അക്രമരാഷ്ട്രീയവും, ചില രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ എത്തിപ്പെട്ടാൽ ആ വേലിക്കെട്ടുകൾ ഭേദിച്ച് കൊണ്ട് പുറത്തേക്ക് പോകാനാവില്ല എന്ന വസ്തുതയും ഈ വാദത്തിനു ഉപോദ്ബലകമാവുന്നു. ആ തരത്തിൽ നോക്കുകയാണെങ്കിൽ, ഒറ്റനോട്ടത്തിൽ ഒരു പാരിസ്ഥിതിക കഥയുടെ പ്രമേയപരിസരം കാത്തു സൂക്ഷിക്കുന്ന അതിശക്തമായ രാഷ്ട്രീയകഥയാണ് മൂർഖൻ പറമ്പ്. പറഞ്ഞതിനെക്കാളും പറയാതെ പറയുന്ന മാനങ്ങളാണ് ഈ കഥയുടെ നിർണായകകേന്ദ്രം. ഇരുപതാം നൂറ്റാണ്ടിലെ ഭ്രാന്തൻ ആവേശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്താൻ കണ്ണൂരിൽ എത്തിയ എഴുത്തുകാരൻ ആനന്ദിനെ പറ്റി കഥയിൽ പരാമർശമുണ്ട്. അതീവകലുഷമായ ഒരു കാലത്ത് അഹിംസയുടെ വഴിയിൽ ചരിച്ച മഹാത്മാഗാന്ധിയെ ആനന്ദ് അടിവരയിട്ടു എടുത്തു പറയുന്ന പ്രസ്തുത പ്രഭാഷണം വിനോയ് തോമസ് കഥയിൽ പരാമർശിച്ചത് യാദൃച്ഛികമായിട്ടല്ല. അക്രമ രാഷ്രീയത്തിന്റെ ദുര്ഘടവ്യൂഹത്തിൽ അകപ്പെടുന്ന ചെറുപ്പക്കാരെ ആദൃശ്യമായി കഥയിൽ അടയാളപ്പെടുത്താനുള്ള കഥാകൃത്തിന്റെ സൂക്ഷ്മതയാണ് ഇതു ബോധ്യപ്പെടുത്തുന്നത്
വിനോയ് തോമസിന്റെ കഥകളിലെ ഭാഷ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. ഓരോ കഥയുടെയും അന്തരീക്ഷത്തിന്റെയും പ്രമേയത്തിന്റെയും പ്രത്യേകതയ്ക്കനുസൃതമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ഭാഷാപരമായ സൗന്ദര്യത്തിൽ ബദ്ധശ്രദ്ധനായ കഥാകൃത്ത് കുടിയേറ്റത്തിന്റെ ഭാഷയാണ് ‘ഇടവേലിക്കാരിൽ’ സ്വീകരിച്ചിരിക്കുന്നതെങ്കിൽ രുചിയുടെയും മസാലയുടെയും ഭാഷയാണ് ‘വിശുദ്ധ മഗ്ദലന മറിയത്തിൽ’ ഉപയോഗിച്ചിട്ടുള്ളത്.ദേശത്തിന്റെ ഒറ്റപ്പെടലിന്റെ വിങ്ങലും ഇടവേലിക്കാരുടെ ഭാഷയിൽ പ്രകടമാണ്. പരമാധികാരം സൃഷ്ടിക്കുന്ന വിഭ്രമാത്മകമായ ഭാഷാശൈലിയാണ് ‘ഉടമസ്ഥനിലെ’ ആഖ്യാനത്തിലുള്ളത്. പ്രണയത്തിന്റെ സൗന്ദര്യം വാക്കുകളിൽ ആവാഹിച്ച ‘രാമച്ചി’യിലേത്.
പൗരൻ എന്ന നിലയിൽ നമുക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയിലാണ്. നമ്മുടെ ബോധവും ബുദ്ധിയും ആർക്കും കീഴ്പ്പെടുത്താതെ തന്നെ നമുക്ക് അത്തരമൊരു സാഹചര്യത്തിൽ ജീവിക്കാം. എന്നാൽ ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കും ഫാസിസ്റ്റു രീതികളിലേക്കുമുള്ള പിന്മാറ്റം ഇച്ഛയ്ക്കും സ്വാതന്ത്ര്യത്തിനും വരെ തടസ്സവുമാണ്. അതേ പോലെ തന്നെയാണ് താൻ ശീലിച്ച ആവാസവ്യവസ്ഥയിൽ നിന്നും മാറിപ്പാർക്കൽ എന്നതും. മത-വർഗ ചിന്ഹങ്ങൾ ഈ പിന്മാറ്റത്തിന്റെ ഭാഗമായി കരുത്തോടെ രംഗപ്രവേശം ചെയ്യാൻ ആരംഭിക്കുമെന്നത് തീർച്ചയാണ്.ഇവിടെയാണ് വിനോയ് തോമസ് എന്ന കഥാകാരൻ അഭിസംബോധന ചെയ്യുന്ന പരിസരങ്ങൾ പ്രസക്തമാവുന്നത്. അതു വഴി പുതിയ കഥയുടെ പ്രതീക്ഷയും പതാകവാഹകനും ആവുകയാണ് വിനോയ് തോമസ് എന്ന കഥാകൃത്ത്. അനുഭവങ്ങളുടെ ഭാണ്ഡത്തിൽ നിന്നും ഒട്ടനവധി പ്രമേയങ്ങളെ കഥകളാക്കി മാറ്റി മലയാള കഥാശാഖയെ തന്നെ അദ്ദേഹം അനുഗ്രഹിക്കുമെന്നു തീർച്ചയാണ്.
നോബൽ സമ്മാനം ലഭിച്ച എഴുത്തുകാരി നദീൻ ഗോർഡിമർ ‘വാക്കുകളെ’ കുറിച്ച് നിരീക്ഷിച്ചത് ഇങ്ങനെയാണ്; “ആദിയിൽ വാക്കുണ്ടായിരുന്നു. വാക്ക് ദൈവത്തിന്റെ കൈവശമായിരുന്നു. ദൈവത്തിന്റെ, ഉത്പത്തിയുടെ അടയാളം. ശിലകളിൽ കോറിയിട്ട്, പാപ്പിറസിൽ വരഞ്ഞ്, തുകൽക്കടലാസിൽ നിന്ന് ഗുട്ടൻബർഗ് വരെ എത്തിയപ്പോഴാണ്, സാധാരണക്കാരന് കയ്യെത്താവുന്ന ദൂരത്തിലേയ്ക്കുള്ള വാക്കിന്റെ പരിണാമം സംഭവിച്ചത് “. ഇതേ വാക്കുകൾ വിനോയ് തോമസിൻറെ രചനാലോകത്തോട് ചേർത്തു വയ്ക്കാം. മനുഷ്യ ബന്ധങ്ങളുടെയും അധികാരത്തിന്റെയും കുടിയേറ്റത്തിന്റെയുo സൂക്ഷ്മവൈവിധ്യങ്ങൾ കഥകളിലേക്ക് സന്നിവേശിപ്പിക്കുന്ന എഴുത്തുകാരനെയാണ് വിനോയ് തോമസിൽ കാണുന്നത്.