scorecardresearch
Latest News

ഒരു ഹിബ്രൂ ബൈബിൾ ഗീതം

അവനു തീർത്തും കയറാൻ വയ്യാതായപ്പോൾ ഡേവിഡ് മാഷ് അവനെ തോളിലേറ്റി. പടികൾ കയറി. ദാവീദിന്റെ അരപ്പട്ടയും ഉടവാളും കിരീടവും അംഗവസ്ത്രങ്ങളും മാഷ് അണിഞ്ഞതുപോലെ ജോനാഥാന് തോന്നി. വിനോദ് കൃഷ്ണ എഴുതിയ കഥ

ഒരു ഹിബ്രൂ ബൈബിൾ ഗീതം
ചിത്രീകരണം : വിഷ്ണു റാം

ഡേവിഡ് മാഷും ജോനാഥാനും ചേർന്നിരിക്കുമ്പോഴൊക്കെ പോൺ വിഡിയോകൾ കണ്ടു. ഒരിക്കൽ പോലും പരസ്പരം പാപത്തോടെ തൊട്ടില്ല. പകരം മരണവീടുകളിൽ വെച്ചുമാത്രം രതി നുകർന്നു. അതിനായി അവർ പരിചിതരുടെയും അജ്ഞാതരുടെയും മരണവീടുകളിൽ പോയി ശവം കണ്ടു. പന്തൽ കെട്ടാൻ കൂടി. ശോകമൂകമായ അന്തരീക്ഷത്തിൽ ശരീരം ചൂടുപിടിപ്പിച്ചു.

ലോകം തങ്ങളുടെ രഹസ്യങ്ങൾ അറിഞ്ഞാലും കുഴപ്പമില്ല എന്ന മട്ടിൽ ജീവിച്ചതുകൊണ്ടു അവരുടെ പ്രണയജീവിതം ആരും അറിഞ്ഞതുമില്ല.

ഡേവിഡ് മാഷിന് പെൻഷൻ കിട്ടുന്ന ദിവസം അവർ നന്നായി കൂടും. ജോനാഥാൻ ചിക്കൻ വാങ്ങിവരും.

മാഷ് ഒരു മടിയും കൂടാതെ ക്യൂ നിന്ന് മദ്യം വാങ്ങും. രണ്ടാളുംകൂടി ഇഷ്ട്മുള്ളതൊക്കെ പാകം ചെയ്യും. കുടിച്ചു കൂത്താടും. അത്തരം സന്ദർഭങ്ങളിൽ പോലും അവർ മേനിയിൽ തൊട്ടില്ല. ആനന്ദങ്ങൾക്കായി അവർ ചാവറിയിപ്പുകൾ കാത്തുകിടന്നു. അവർക്കിടയിൽ അടിയുടുപ്പുകൾക്കു പോലും വേർതിരിവുണ്ടായിരുന്നില്ല, അവന്റേതു അയാൾക്കും അയാളുടേതവനും പാകമായിരുന്നു.

ഒരു നാടൻ ബേക്കറിയിൽ വറപൊരി പലഹാരങ്ങൾ ഉണ്ടാക്കുന്ന ജോലിയായിരുന്നു ജോനാഥാന്. പത്താം ക്ലാസ് കഷ്ടി പാസ്സായതിൽ പിന്നെ പഠിക്കാൻ പോയിട്ടില്ല. മാഷിനൊപ്പം താമസം തുടങ്ങിയപ്പോൾ ഡിഗ്രിക്ക് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ എൻട്രൻസ് എഴുതി. രാത്രി മാഷ് പഠിപ്പിക്കും. ജീവിതത്തിൽ മറ്റുകുട്ടികൾക്കൊന്നും പകർന്നു കൊടുക്കാത്ത സ്നേഹത്തോടെ. ജോനാഥാനു മടുപ്പു തോന്നുമ്പോഴോ ക്ഷീണം തോന്നുമ്പോഴോ മാഷ് പാട്ട് പാടും, ജോ അതേറ്റുപാടും. ആ രാത്രി അവസാനിക്കും.

ഒരിക്കൽ പഠിപ്പിക്കുമ്പോഴാണ് ഗാന്ധിയെപ്പറ്റി ഡേവിഡ് മാഷ് സംസാരിക്കാനിടയായത്.

“ഗാന്ധിയുടെ അച്ഛൻ മരണവേദന കൊണ്ട് പുളയുമ്പോൾ ഗാന്ധി എന്ത് എടുക്കുകയായിരുന്നെന്ന് അറിയാമോ?”

“ഇല്ല” ജോനാഥാനു കൗതുകമായി.

“ഗാന്ധി ദാമ്പത്യരതിയിലായിരുന്നു”

പൊടുന്നനെ ജോനാഥാനു ഒരു മരണവീട് ഓർമ്മ വന്നു. അയാൾക്കും. ശരീരം ചൂടുപിടിക്കും വിധം ഹൃദയം മിടിച്ചിട്ട് കുറെ നാളായി. നാട്ടിൽ മരണങ്ങളില്ല. ഇട്ടാവട്ടത്തോ ഒറ്റ ദിവസം കൊണ്ട് പോയിവരാവുന്നിടത്തോ ഒരു നിലവിളിപോലുമില്ല. ഡേവിഡ് മാഷ് രാവിലെ ഉണർന്നു ചരമ കോളം വായിക്കാൻ തുടങ്ങി.

അടയ്ക്ക പറിക്കുമ്പോൾ തോട്ടി വൈദ്യുതികമ്പിയിൽ തട്ടി ഗൃഹനാഥൻ മരിച്ചു.

സ്വന്തം ലേഖകൻ

കൊട്ടാരക്കര: അടയ്ക്ക പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതിക്കമ്പിയിൽ തട്ടി ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കൊച്ചാലുമൂട് രശ്മി വിഹാറിൽ ദയാനന്ദൻ നായരാണ് (54) മരിച്ചത്. ഇന്നലെ ഒരുമണിയോടെയാണ് ദാരുണ സംഭവം. മടിത്തറമുക്കിൽ മുറുക്കാൻ കട നടത്തുന്ന ദയാനന്ദൻ നായർ സമീപത്തെ പറമ്പിലെ അടക്ക പറിക്കുമ്പോഴായിരുന്നു അപകടം.

സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ സരളാദേവി. മക്കൾ രശ്മി, ലതീഷ്, രതീഷ്, മരുമകൻ അരുൺകുമാർ.

“മാഷേ നമുക്ക് ബൈക്ക് എടുത്തു പോയാലോ?” കേട്ടപ്പോൾ ജോനാഥാൻ പറഞ്ഞു.

“മോനെ ജോ, ഒത്തിരി ദൂരമില്ലേ?

“ഫുൾ ടാങ്ക് അടിച്ചു പോയേക്കാം…”

അപ്പോൾ തന്നെ കുളിച്ചു അവര്‍ മരണം കൂടാൻ പോയി. ജില്ല വിട്ടു ഒരു യാത്ര ആദ്യമാണ്. പോണപോക്കിൽ അവർ ബേക്കറിയിൽ കയറി ലീവ് പറഞ്ഞു.

“എവിടെപോണ് മാഷേ?” ബേക്കറിയുടമ ചോദിച്ചു.

” വേണ്ടപ്പെട്ടൊരാൾ മരിച്ചിട്ടുണ്ട്. കൊട്ടാരക്കരവരെ പോണം. ഒപ്പം ജോലി ചെയ്തിരുന്ന ആളാ”

ഡേവിഡ് മാഷ് ബൈക്കിൽ പിടിച്ചിരുന്നു. അന്ന് മഴയോ വെയിലോ ഉണ്ടായില്ല.

“മോനെ ജോ, ഗോപന്റെ നഴ്‌സറി തുറന്നിട്ടുണ്ടെങ്കിൽ അവിടെ ഒന്ന് കേറിയേച്ചും പോവാം.”

“അവിടെ അടയ്ക്കാറില്ല മാഷേ, എപ്പോഴും ബംഗാളി പണിക്കാരുണ്ടാവും.”

ഗ്രീൻ മാറ്റ് പുതച്ച നഴ്‌സറിയിലേക്ക് ജോനാഥാൻ ബൈക്ക് കയറ്റി. മാഷിറങ്ങി.

” ഒരു കവുങ്ങിന്‍ തൈ വേണം.”

” മംഗള മതിയോ മാഷേ, വേറെയിനം ഒന്നുമില്ല” ഗോപൻ ചിരിച്ചു.

“ഏതായാലും മതി അടയ്ക്ക കായ്ക്കുന്നതാവണമെന്നേ ഉള്ളു.”

കറുത്ത പോളിത്തീൻ ബാഗിൽ കരുത്തുള്ളൊരു തൈ ഗോപൻ എടുത്തുകൊടുത്തു. ബാക്കി കാശ് പോലും വാങ്ങാതെ ഡേവിഡ് മാഷ് ബൈക്കിൽ കയറി. ഗോപൻ എന്തല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതൊന്നും ചെവി കൊടുക്കാതെ മാഷും അവനും ഹൈവേയിലേക്കു കയറി.

ഹോട്ടലിൽ കയറി ചായകുടിച്ചും ഊണുകഴിച്ചും വഴിചോദിച്ചും വഴിതെറ്റിയും കുറ്റിക്കാട്ടിൽ മൂത്രമൊഴിച്ചും സംസാരിച്ചും സര്‍ബത്ത് കുടിച്ചും പെട്രോൾ അടിച്ചും മൗനം നടിച്ചും ബസ്റ്റോപ്പിൽ വിശ്രമിച്ചും അവസാനം അവര്‍ മരണവീട് കണ്ടുപിടിച്ചു. രാപ്പകൽ യാത്രയിൽ ഉറക്കമോ ക്ഷീണമോ അവരെ പിടികൂടിയതേയില്ല.

മരണവീട്ടിലേക്കുള്ള വഴിക്കിരുവശവും വളരെയധികം നീളത്തിൽ വേലി കണ്ടു. അതിൽ വള്ളിപ്പടർപ്പുകളുണ്ടായിരുന്നു. വള്ളിയിൽ പൂക്കളുണ്ടായിരുന്നില്ല. എന്നിട്ടും രണ്ടു പൂമ്പാറ്റകൾ തത്തിക്കളിച്ചു. പ്രണയിക്കാൻ പൂക്കൾ വേണ്ട. പൂക്കളുണ്ടെന്ന തോന്നൽ മതി!

മരണ വീട്ടിൽ പന്തൽ കെട്ടിയിരുന്നു.

ഓടിട്ട വീടിനെ ആളുകൾ വ്യസനം കൊണ്ട് പൊതിഞ്ഞിരുന്നു.

പറമ്പിൽ ചിതപ്പുര കെട്ടുന്നുണ്ട്.

മാഷ് മടിക്കുത്തഴിച്ചു മുന്നിൽ നടന്നു. പിന്നാലെ ജോയും. കവുങ്ങിന്‍ തൈ മാഷ് ഒരു മാവിന്റെ ചോട്ടിൽ വെച്ചു. അവർ പന്തലിൽ ആൾക്കൂട്ടത്തിന്റെ ഇടയിൽ പോയിനിന്നു.

“പോസ്റ്റ്മോർട്ടം കഴിഞ്ഞെത്തിയിട്ടില്ല” അടക്കിപ്പിടിച്ച സംസാരങ്ങൾ അവർ പലതും കേട്ടു.

അവനു മാത്രം മനസിലാവുന്ന ഭാഷയിൽ മാഷ് കണ്ണുകൊണ്ട് എന്തോ പറഞ്ഞു. അവൻ കുറേകൂടി മാഷിനോട് ഒട്ടി നിന്നു. നീല ടാർപോളിൻ വലിച്ചുകെട്ടിയതിന്റെ മുകളിൽ പെട്ടന്ന് സൂര്യപ്രകാശം പതിച്ചു. ഡേവിഡ് മാഷും ജോനാഥാനും നീലവർണമായി. ഇരുവരും വിരലുകൾ കോർത്ത് നിന്നു. രണ്ടുമൂന്നു പെണ്ണുങ്ങൾ അകത്തേക്ക് കയറുന്നതവർ കണ്ടു.

പൊടുന്നനെ നിലവിളിയുണ്ടായി. ജോ മാഷിനെ മുറുകെ പിടിച്ചു. അപ്പോൾ സൈറൺ മുഴങ്ങി. ആംബുലൻസ് ഗേറ്റ് കടന്നതാണ്. കുറെ പേര് ചേർന്ന് വെള്ളപുതച്ച ശരീരം സ്‌ട്രെച്ചറിൽ പന്തലിലേക്ക് കൊണ്ടുവന്നു. വീട് കുലുങ്ങുമാറ്‌ നെഞ്ചത്തടിയും നിലവിളിയും കനത്തു. മാഷിന് വല്ലായ്മ തോന്നി. അയാൾ വിരൽ വിടുവിച്ചു അവന്റെ വൃഷണത്തിൽ തൊട്ടു. ഡേവിഡ് മാഷിന്റെ കണ്ണുകളിൽ നിന്ന് ജോനാഥാൻ ആ ഭാഷ വായിച്ചെടുത്തു. പന്തലിൽ ഉന്തും തള്ളുമായി.

മാഷ് ആൾക്കൂട്ടത്തിൽനിന്നു പുറത്തു കടന്നു. അവനും പിന്നാലെ ചെന്നു.

“ശവത്തിന്റെ മുഖം ഞാൻ ഒരു നോക്കെ കണ്ടുള്ളു മാഷെ.”

“ഞാനും, അതിനു നിന്റെ ചായയാണ് മോനെ.”

“കർത്താവേ. ഞാൻ കണ്ടത് മാഷ് കണ്ണടച്ച് കിടക്കുന്ന രൂപമാണ്.”

ഡേവിഡ് മാഷ് അപ്പോഴേക്കും മാവിന്റെ ചോട്ടിലെത്തിയിരുന്നു. അവൻ ശ്രദ്ധാപൂർവം മാഷിന്റെ കാലടിപ്പാടുകളിൽ ചവുട്ടി അനുഗമിച്ചു.

vinod krishna, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“ഞാനിതു ഈ പറമ്പിന്റെ അതിരിൽ നടാൻ പോവാ.” ഡേവിഡ് മാഷ് ചുള്ളിക്കമ്പെടുത്തു മണ്ണ് മാന്തി.

ജോനാഥാൻ ഒന്നും മിണ്ടിയില്ല. മാഷ് കാപ്പി ചെടികൾക്കിടയിലേക്കു നടന്നു. ഇലപ്പടർപ്പുകൾക്കിടയിൽ അയാളെ കാണാതായി. ഒന്ന് ശങ്കിച്ചുനിന്ന ശേഷം ജോയും.

കാപ്പിച്ചെടികൾക്കിടയിൽ കയറി. മരണവീട്ടിൽനിന്നു ഏങ്ങലടികൾ ഇലപടർപ്പിലേക്കു വന്നു. ഗൃഹനാഥന്റെ വിയോഗ നഷ്ടമറിഞ്ഞ കുലുക്കത്തിൽ കാപ്പിച്ചെടികൾ മണികൾ പൊഴിച്ചു. മരണവീട്ടിൽ ആരും ആരെയും ശ്രദ്ധിച്ചില്ല. ഒരു നിമിഷം അവിടെ കൂടിയിരുന്ന മനുഷ്യരെല്ലാം അവനവന്റെ മരണത്തെക്കുറിച്ച് ഓര്‍ത്തു കാണും. ആ നിശബ്ദതയിൽ കിളികൾ മാത്രം കരഞ്ഞു. ഒരു പച്ച മാവ് മുറിഞ്ഞു വീണു.

ഡേവിഡ് മാഷ് അതിലൊന്നും വേവലാതിപ്പെടാതെ കാപ്പിച്ചെടികൾക്കിടയിൽ പുകച്ചുനിന്നു. ജോനാഥാൻ മാഷിന് താഴെ ഇലക്കാപ്പിൽ കുനിഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ തല കാപ്പിച്ചെടികൾക്കു മുകളിൽ ദൃശ്യമായി. മാഷ് സിഗരറ്റു അവനു കൈമാറി. ജോ പുകവലിച്ചു നിന്നപ്പോൾ മാഷ് കാപ്പിച്ചെടികൾക്കിടയിൽ കുനിഞ്ഞിരുന്നു. അവന്‍ കണ്ണടച്ചു പുകവിട്ടുകൊണ്ടിരുന്നു.

ആംബുലൻസ് ഒച്ചവെക്കാതെ തിരിച്ചുപോയി. അൽപ്പം കഴിഞ്ഞപ്പോൾ മരണം കൂടാൻ വന്നവർ മുഴുവനും ഒന്നിച്ചു കരയുന്നതു പോലെ കൂട്ടവിലാപമുണ്ടായി. മാഷും ജോയും ഒട്ടിയുരുമ്മി കാപ്പിച്ചെടികൾക്കിടയിൽനിന്നു പുറത്തിറങ്ങി.

അണിയിച്ചൊരുക്കിയ ശവത്തെ കുഴിമാടത്തിലേക്കെടുത്തിരുന്നു. ആൾകൂട്ടം പന്തലിൽനിന്നു ചിതറി. ചിലർ പന്തലിലും ദഹിപ്പിക്കുന്നിടത്തും കിണറ്റിന്‍ കരയിലും അടക്കം പറഞ്ഞു നിന്നു. എല്ലാവരും മരിച്ചവനെപ്പറ്റി നല്ലതു പറയുകയാവുമെന്നു ഡേവിഡ് മാഷ് കരുതി.

“മനുഷ്യന്റെ കാര്യമൊക്കെ ഇത്രയേയുള്ളൂ.” മരണവീടുകളിലെ സ്ഥിരം പല്ലവി കേട്ടു മാഷ് ജോനാഥാന്റെ തോളിൽ കയ്യിട്ടു നിന്നു.

‘തീ കൊടുത്തുകാണും മാഷെ, നമുക്കിറങ്ങാം.”

“ഒരു കാര്യം കൂടിയുണ്ട്, നീ വാ…”

അതെന്താവുമെന്നു ആശ്ചര്യപെടാതെ ജോ മാഷിനെ അനുഗമിച്ചു. മാഷ് തിരക്കിട്ടു നടന്നു. മതിലിനരികിലുള്ള ഉയരം കുറഞ്ഞ കവുങ്ങിൻ ചോട്ടിലാണ് മാഷ് ചെന്ന് നിന്നതു.

അവിടെ ദയാനന്ദൻ നായരുടെ അന്തകനുണ്ടായിരുന്നു. ഒരു വലിയ ഇരുമ്പു തോട്ടി!

ജോനാഥാനും ഡേവിഡ് മാഷും ഒന്നും മിണ്ടാതെ കുറെ നേരം അതും നോക്കിനിന്നു. പുകയും ശവം കത്തുന്ന മണവും പരന്നപ്പോൾ അവർ അവിടം വിട്ടു.

വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും അവർക്കു പഴയതുപോലെ സംസാരിക്കാനോ ഇഷ്ടമുള്ള ഭക്ഷണം വെച്ചുകഴിക്കാനോ സാധിച്ചില്ല. തന്റെ അടക്കമാണ് കഴിഞ്ഞതെന്ന് ഡേവിഡ് മാഷ് വിശ്വസിച്ചു. സ്വന്തം ശവസംസ്‌കാരം കണ്ടുനിന്ന പ്രതീതിയായിരുന്നു അവനും. ആ വിചാരങ്ങളിൽ നിന്നു മുക്തിനേടാൻ മാഷ് പിന്നീട് കുറെ ദിവസത്തേക്ക് ചരമ കോളം വായിച്ചില്ല.

അന്ന് ബേക്കറി പണി കഴിഞ്ഞു വരുമ്പോൾ അവൻ കുറെ മുരിങ്ങക്കായ കൊണ്ടുവന്നു. മാഷിന് മുരിങ്ങാത്തോരനും മുരിങ്ങക്കായ ഇട്ടുവെക്കുന്ന അവിയലും വലിയ ഇഷ്ട്ടമാണ്.

“മുരിങ്ങാക്കായ ആണുങ്ങൾക്ക് നല്ലതാ.” നാടൻ കോല് കണ്ട് മാഷ് ചിരിച്ചു,അവനും ചിരിച്ചു.

എല്ലാം പഴയപടിയായി.

അത്താഴത്തിനു മുമ്പ് ഇരുവരും കുളിച്ചു. ഭക്ഷണശേഷം പഞ്ഞിമെത്തയിൽ, കൊതുവലക്കുള്ളിൽ കിടന്നു. ഉറക്കം പിടിക്കുംമുമ്പ് മാഷ് ചോദിച്ചു “മോനെ ജോ… മഴയും നനയും കിട്ടാതെ ആ അടയ്ക്ക തൈ ഉണങ്ങിക്കാണുമോ?”

കിടന്നപാടേ ഉറങ്ങിപോയതിനാൽ അവൻ ഉത്തരം പറഞ്ഞില്ല. അന്ന് രാത്രി മഴ തകർത്തു പെയ്തു. അകാരണമായ മഴ മരണം കൊണ്ടുവരും, മാഷ് പ്രാർത്ഥിച്ചു കിടന്നു. മഴ ചതിച്ചില്ല. രാവിലെ മാഷിന്റെ കണ്ണിൽ രണ്ടു പെട്ടിക്കോളം മരണ വാർത്ത ഉടക്കി.

അടുപ്പിൽ നിന്നു തീ പടർന്നു പൊള്ളലേറ്റ യുവതി മരിച്ചു.

പെരുമ്പാവൂർ: ചായ തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്നു തീപടർന്നു പൊള്ളലേറ്റ യുവതി മരിച്ചു. ഇല്ലിക്കൽ പൈനടത്തു രാജുവിന്റെ മകൾ ആനി ( 20 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പൊള്ളലേറ്റത്. സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഉച്ചക്ക് 2ന് പൈനടത്തെ വീട്ടിൽ തുടങ്ങും. സംസ്കാരം 3 .30 ന് ക്നാനായ പള്ളിയിൽ. മാതാവ് സീന.

vinod krishna, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“നിന്റെ പ്രായാ…” മാഷ് പത്രം നീട്ടി. അവന് സങ്കടമായി. അവളെ കാണണമെന്ന് തോന്നി. അന്യർ കൂടെപ്പിറപ്പാകുന്നത് മരണം അറിയുമ്പോഴാണ്!

” ഞാൻ ബേക്കറിയിൽ കാണും. സമയമാകുമ്പോൾ മാഷ് അവിടേക്കു വന്നാൽ മതി.”

ബൈക്ക് സ്റ്റാർട്ട് ആകുമ്പോഴാണ് ജോനാഥാൻ തീരുമാനം പറഞ്ഞത്. അവൻ ഗേറ്റ് കടന്നു പോകുന്നതുവരെ മാഷ് ഉമ്മറത്തുതന്നെ നിന്നു. ബൈക്കൊച്ച അകന്നുപോയതും മുറ്റത്തേക്കിറങ്ങി മുല്ലവള്ളിയിൽ തങ്ങി നിന്ന മഴജലം മാഷ് തട്ടിക്കളഞ്ഞു. കണ്ണുനീർ തുള്ളികൾ പോലെ അവ പിന്നെയും നിലം നനച്ചു.

ഇതുപോലെ മഴ പെയ്തു കഴിഞ്ഞ ഒരു രാത്രിക്കു ശേഷമാണ്, ഇതേ നേരം ജോനാഥാൻ വീട്ടിൽ വന്നത്. പമ്പു സെറ്റ് നന്നാക്കാൻ വന്നതായിരുന്നു. പിന്നീട് പ്ലംബിങ് വർക്കിന്‌ വിളിക്കുന്നത് പതിവായി. ഒരൂസം വന്നതിൽ പിന്നെ അവൻ തിരിച്ചുപോയിട്ടില്ല. അന്ന് മുതൽ മാഷിന്റെ ഏകാന്തജീവിതം അവസാനിച്ചു. പ്രണയം തുടങ്ങിയാൽ മനുഷ്യൻ ഏകാകിയല്ല.

പെരുമ്പാവൂരും വെങ്ങോലയുമൊക്കെ മാഷിന് പരിചയമുള്ള സ്ഥലങ്ങളാണ്. അതുകൊണ്ട് മരണവീട് കണ്ടെത്താൻ പാടുണ്ടായില്ല. വീടിനോടു അടുക്കും തോറും വഴിനീളെ ഫ്ളക്സ് ബോർഡ് ഉണ്ടായിരുന്നു. ആദരാഞ്ജലികൾ ആനി (20) ഫ്ലെക്സിൽ അവൾക്കു മരിച്ചവരുടെ മുഖമായിരുന്നില്ല. പൈനടത്തു വീട്ടുവളപ്പിൽ ജനാവലിയുണ്ടായിരുന്നു. ചെറുപ്പക്കാരാണ് കൂടുതൽ. നാടുമുഴുവനും അവിടെ തടിച്ചുകൂടിയതുപോലെ മാഷിന് തോന്നി.

“മണ്ണുവാരിയിട്ടാൽ നിലത്തുവീഴാത്തത്രയും ജനം” ജോനാഥാനും മാഷിനൊപ്പം നെടുവീർപ്പിട്ടു. അവർ പന്തലിൽ പ്രവേശിച്ചതും സംസ്കാര ശുശ്രുഷകൾ അവസാനിച്ചിരുന്നു. അന്ത്യചുംബനങ്ങൾ നൽകിയവർ കണ്ണ് കലങ്ങിയും മൂക്കു ചീറ്റിയും നിൽപ്പുണ്ട്. മൃതശരീരം പെട്ടിയിലെടുത്തപ്പോഴേക്കും പെറ്റതള്ള ഹൃദയം പൊട്ടുമാറു ഏങ്ങലടിച്ചു.

വീട്ടുകാരും നാട്ടുകാരും വിതുമ്പി. വേർപാടിന്റെ വിലാപം പകർത്താൻ ജോനാഥാൻ മൊബൈൽ റെക്കോർഡർ ഓണാക്കി.

” കർത്താവേ എന്റെ മോളെ കൊണ്ടോവാണോ…”

അവനും ആ എണ്ണിപ്പെറുക്കൽ സഹിക്കാനായില്ല. മാഷ് അവനെ ഒതുക്കിപിടിച്ചു. ഇരുവരും കൂട്ടക്കരച്ചിലിന്റെ ഭാഗമായി. തീയും ഗന്ധകവും വർഷിക്കും മുമ്പ് മരണത്തെ ജയിക്കാൻ പ്രണയം കൊണ്ട് കെട്ടിപിടിച്ചു. ചുണ്ടുകൾ കോർത്തു. നെടുവീർപ്പിട്ടു. സ്‌ഖലനമുണ്ടായി.

അന്ത്യനാളില്‍ മൃതന്മാർ ഉയർത്തപ്പെടും.

കുന്തിരിക്കത്തിന്റെയും പ്രാർത്ഥനയുടെയും അകമ്പടിയോടെ മൃതശരീരം ദൈവസന്നിധിയിലേക്കു യാത്രയായി. മാഷ് അവന്റെ കൈപിടിച്ച് അടുക്കള വാതിൽ വഴി വീട്ടിനകത്തു കയറി. ആനി പച്ചക്കു വെന്ത അടുക്കളയിൽ അവരാ അടുപ്പ് കണ്ടു. കീശയിൽ നിന്നു തീപ്പെട്ടിയെടുത്തു മാഷ് ആരും കാണാതെ കരിഞ്ഞ ടേബിൾ ടോപ്പിൽ ഉപേക്ഷിച്ചു. വിലപിക്കുന്ന പെണ്ണുങ്ങൾക്കിടയിലൂടെ മുൻവാതിൽവഴി പുറത്തിറങ്ങി. വിലാപയാത്രയുടെ വരിയിൽ അവസാനത്തെ ആളായി ജോനാഥാൻ നടന്നു.

ഇരുട്ടിത്തുടങ്ങിയിരുന്നു. ഒന്നരകിലോ എല്ലില്ലാത്ത പോത്തിറച്ചിയും വാങ്ങിയാണ് അവർ വീടണഞ്ഞത്.

“കൂർക്കയിട്ടു വഴറ്റിയെടുക്കാം…” മാഷ് പറഞ്ഞു. അവനും അതിഷ്ട്മായിരുന്നു. ഇരുവരും ഒരേ പൈപ്പിൽനിന്നു കൈയും കാലും മുഖവും കഴുകി അടുക്കളയിൽ കയറി പാചകം ചെയ്യാൻ തുടങ്ങി. തീയും പുകയുമേറ്റു രണ്ടാളും വിയർത്തു.

ജോനാഥാന്‍ പൊടുന്നനെ മാഷിന്റെ കഴുത്തിലെ വിയർപ്പു നക്കി. അടുക്കള ചുമരിനോട് ചേർത്ത് മാഷവന്റെ നെഞ്ചിൽ കടിച്ചു. മൊബൈൽ ഓണായി. മരണവീട്ടിലെനിലവിളി ഉയർന്നു. അന്തരീക്ഷം ശോകമായി. പ്രപഞ്ച പ്രലോഭനത്താൽ അടുക്കള നിലത്തു കിടന്നു ഇരുവരും തഴുകിയുണർന്നു. ലാളനകൾ നീണ്ടുനിന്നു. വിരലുകളിൽ പതിവിലധികം രക്തയോട്ടമുണ്ടായി. ഇരുവരുടെയും മുഖം ചുകന്നു. അടുപ്പിൽ ഇറച്ചി തിളച്ചു. കിതച്ചുകൊണ്ട് ഡേവിഡ് ചോദിച്ചു ” ഉപ്പ് ഇട്ടിരുന്നോ?”

ജോനാഥാൻ കുതറിമാറി വേദനിപ്പിക്കുമാറ് മാഷിനെ നഖം കൊണ്ട് പോറി. കണ്ണുകളിൽ മുത്തി. ഉഷ്ണമേഖലയിൽ തപ്പിപിടിച്ചു. അവൻ ചെയ്തതൊക്കെ ഡേവിഡ് മാഷും ആവർത്തിച്ചു. ഇറച്ചിവെന്ത മണം നിറഞ്ഞപ്പോൾ മാഷ് അവനിലേക്കമര്‍ന്നു.

ജോനാഥാൻ അന്നാദ്യമായി കരഞ്ഞു. വേദനകൊണ്ടു മുമ്പെങ്ങുമില്ലാത്തവിധം പുളഞ്ഞു. മാഷ് അവന്റെ ഇരുകൈകളും നിലത്തമർത്തി. തളർന്നു വീണു… അപ്പോഴേക്കും മൊബൈലിലെ കരച്ചിൽ നിന്നു. ഇരുവർക്കും ആനന്ദമുണ്ടായി. ചട്ടിയുടെ അടിയിൽപിടിക്കുമെന്നു തോന്നിയപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ അവൻ എഴുന്നേറ്റു ചെന്ന് ഇറച്ചിയിളക്കി. നാവിൽ വെച്ചുനോക്കി. എല്ലാം പാകത്തിനുണ്ട്!

vinod krishna, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

അത്താഴം കഴിഞ്ഞു ജോനാഥാൻ മടിയിൽ കിടന്നു. മാഷവനെ തലോടി. നീണ്ടമുടിയിൽ പേൻ നോക്കി. മുടി ചീകിക്കൊടുത്തു. ചീവീടുകൾ മാത്രം അവർക്കു കൂട്ടിരുന്നു. അവസാനത്തെ ഇംഗ്ലീഷ് ക്ലാസ് ഓർത്തുകൊണ്ട് ഡേവിഡ് മാഷ്‌ പാടി.

Let him kiss me with the kiss of his mouth

for your love making is sweeter than wine

In his delightful shade I sit,

And his fruit is sweet to my taste

My love is mine and I am His

ഉത്തമഗീതം കേട്ടു രാത്രിമുല്ല വിരിഞ്ഞതും അവരുറങ്ങിപ്പോയി.

പംബ്ലിങ് ജോലി ഉപേക്ഷിച്ചതുപോലെ ബേക്കറി പണിയും കളയണം, മാഷിനൊപ്പം രാജ്യം ചുറ്റണം. തുടർ ദിവസങ്ങളിൽ ജോനാഥാന്റെ വിചാരം ഇതായിരുന്നു. പാർപ്പിടത്തിലേക്കു മടങ്ങിവരാൻ കൊതിക്കാത്ത യാത്രകൾ പോകണമെന്ന് മാഷും കുറെ കാലമായി അവനോടു പറയുന്നതാണ്. പരീക്ഷ കഴിയട്ടെ എന്ന് കരുതി നീണ്ടുപോയി. ഈയിടെ മാഷ് അതേപ്പറ്റി സംസാരിക്കാറേയില്ല.

പിന്നീടുള്ള ദിവസങ്ങളിൽ അവൻ മടുപ്പോടെ ജോലിക്കു പോയി. ഉഴുന്ന് പരിപ്പിന്റെ മണവുമായി സന്ധ്യക്ക്‌ വീട്ടിൽവന്നുകയറി. മാഷ് അവനുവേണ്ടി പാചകം ചെയ്തും തൊടിയിൽ നട്ടുനനച്ചും പകൽനേരം പോക്കി. സ്നേഹം കൂടുന്ന സമയത്തൊക്കെ ജോലികഴിഞ്ഞെത്തുന്ന അവനെ കുളിപ്പിച്ചുകൊടുത്തു. ഇഞ്ചകൊണ്ടു പുറം ഉരച്ചു കഴുകുമ്പോൾ അവന് ഇക്കിളിയും വേദനയും ഒന്നിച്ചുവരും. ജോനാഥാൻ പിടയ്ക്കുമ്പോൾ മാഷ് ചിരിക്കും. അവന്റെ വിഷാദമത്രയും തേച്ചുകുളിയിൽ തീരും!

പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത രണ്ടു മാസങ്ങൾ കടന്നുപോയി.

“സ്നേഹിക്കുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ടാണ് മരണങ്ങൾ കുറയുന്നത്.” മാഷ് പെൻഷൻ കിട്ടിയ ആഘോഷരാവിൽ അവനോട് പറഞ്ഞു.

“കരിനാവാണ്, കാത്തോളണേ.” അവൻ കുലുങ്ങി ചിരിച്ചു.

അടുത്തദിവസം ദുര്‍മരണമുണ്ടായി!

ഡേവിഡ് മാഷ് എട്ടു വർഷങ്ങൾക്കുമുമ്പ് വിറ്റ പുരയിടത്തിൽ നിന്നാണ് ചാവറിയിപ്പു വന്നത്. ഭാര്യ മരിച്ചതില്‍ പിന്നെ മാഷ് കിട്ടിയ വിലക്കു കൊടുത്തൊഴിവാക്കിയ പറമ്പും വീടുമാണ്. ആഗ്രഹിച്ചു വെച്ച റംബൂട്ടാൻ മരങ്ങൾ രണ്ടാൾ പൊക്കം വെച്ചിരുന്നു. വിറ്റപ്പോൾ അതുമാത്രമായിരുന്നു നിരാശ. ജോണ്‍സണ്‍ അവിടെ നട്ടുനനച്ചു. കരകൃഷിയും വയൽകൃഷിയും ചെയ്തു. മാഷ് പിന്നീടങ്ങോട്ട് പോയിട്ടേയില്ല.

“തൊട്ടിൽ കെട്ടിയ സാരിയിൽ തൂങ്ങി കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങിയാണ് ചെക്കൻ മരിച്ചത്.” മാഷ് കടയിൽ പോയപ്പോൾ അറിഞ്ഞതാണ്. വീട്ടിൽ തിരിച്ചെത്തി ടി വി തുറന്നു. കേബിൾ ന്യൂസ് കണ്ടു.

“എട്ടു വയസ്സുകാരൻ സാരിയിൽ കുരുങ്ങി മരിച്ചു. അമ്പലത്തോട് മക്കോരയിൽ ജോൺസന്റെ മകൻ ഐബിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജോൺസന്റെ ഇളയകുട്ടിയെ ഉറക്കാനായി കെട്ടിയിരുന്ന തൊട്ടിലിലാണ് ഐബി കളിച്ചത്. മാതാപിതാക്കൾ ഈ സമയം കൃഷിയിടത്തിലായിരുന്നു. ഐബിയുടെ ഇളയസഹോദരനായ അലക്സിയുടെ നിലവിളികേട്ടെത്തിയ മാതാപിതാക്കൾ ഐബിയെ തൊട്ടിലിൽ നിന്ന് വേർപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെവൻത് ഡേ പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഐബി. സംസ്കാരം ഇന്ന് രണ്ടിന് യാക്കോബായ പള്ളിയിൽ. മാതാവ് ഷൈജ.

അവിടെയെത്തിയപ്പോൾ വലയിട്ടു മറച്ച റംബുട്ടാൻ മരങ്ങളാണ് മാഷിന്റെ ശ്രദ്ധയിലാദ്യം പെട്ടത്. കിളികൾക്കുകൊടുക്കാതെ കാത്തുവെച്ചതിനേക്കാൾ നഷ്ടം സംഭവിച്ച ജോൺസന്റെ വീട്ടുവളപ്പിൽ പള്ളിപെരുനാളിനുള്ള ജനമുണ്ടായിരുന്നു. ഉത്തമനായ മനുഷ്യൻ തന്റെ അവകാശം തലമുറകളിലേക്ക് കൈമാറുന്നു. പാപിയുടെ സമ്പത്തു നീതിമാന്മാർക്കായി സംഭരിക്കപ്പെട്ടതാണ്. അടുക്കളത്തോട്ടം വരെ ആൾക്കാർ ചവുട്ടികൂട്ടി.

vinod krishna, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

വീട്ടുമുറ്റത്തു തൽക്കാലത്തേക്ക് വലിച്ചുക്കെട്ടിയ താർപായ കാറ്റിൽ ഇളകുന്നുണ്ടായിരുന്നു. ഡേവിഡ് മാഷും ജോനാഥാനും കുഞ്ഞു ഭൗതികശരീരം കാണാൻ കൂട്ടാക്കിയില്ല. അവർ ആൾകൂട്ടത്തിലും അല്ലാതെയും ചുറ്റിപ്പറ്റി നിന്നു.

“ഉറങ്ങികിടക്കാന്നേ തോന്നു…” ആൾക്കൂട്ടത്തിലാരോ പറഞ്ഞു.

മാഷ് ജോനാഥാന്റെ വിരൽ കൊരുത്തു നിന്നു. ആ മരണവീട്ടിൽ നിലവിളിയുണ്ടായില്ല. പകച്ചുനിൽക്കുന്ന സഹോദരങ്ങളും പിതാവും. അകത്തു പെറ്റുപോറ്റിയ അമ്മ തളർന്നു കിടപ്പുണ്ട്. ജനൽ വഴി ജോനാഥാൻ അവരെ കണ്ടു. ദിവസം മുഴുവൻ കരഞ്ഞതിനാൽ മുഖം കരുവാളിച്ചിരുന്നു.

“ഒരിക്കൽ അവളുടുത്തു സന്തോഷിച്ച സാരിയിലാണ് മോന്റെ പ്രാണൻ കുരുങ്ങിയത്.” ഇതുകേട്ടപ്പോൾമാഷില്‍ നിന്ന് ജോനാഥാൻ അകന്നുമാറി. ഡേവിഡും തളർന്നുപോയി. അയാൾ ഒരു ഒഴിഞ്ഞ കസേര കണ്ടുപിടിച്ചു ഇരുന്നു. പിന്നെ, അയാൾ ഒന്നും ശ്രദ്ധിച്ചതേയില്ല. ഏങ്ങലില്ലാത്ത വീട് മരണവീടല്ല.

ജോനാഥാൻ വിഷാദവാനായി. ആ വീടിന്റെ പുറകിലെ കുമ്മായം അടർന്ന ചുമർ ചാരിനിന്നു.

സംസ്കാര ശുശ്രുഷക്കായി ചെറുപ്പക്കാരായ വൈദികരെത്തി. അപ്പോൾ ജലാശയത്തിൽ കല്ലുവീണതുപോലുള്ള ഓളങ്ങൾ പന്തലിലുണ്ടായി. ഡേവിഡ് മാഷ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആരും തേങ്ങാത്തതുകൊണ്ടു ജോനാഥാൻ വിതുമ്പുകയായിരുന്നു. ഉറക്കെ കരഞ്ഞു സ്വർഗത്തിലേക്ക് പോകുന്ന കുഞ്ഞിനെ പേടിപ്പിക്കേണ്ട എന്ന് കരുതി വീട് നിശ്ശബ്ദമായതുപോലെ തോന്നി. അതിനാൽ ജോനാഥാൻ വായപൊത്തിപിടിച്ചു.

പ്രകാശം പരത്തുന്ന മെഴുകുതിരികൾ

റോസാപൂക്കള്‍ കൊണ്ടുള്ള റീത്തുകൾ

കുന്തിരിക്കത്തിന്റെ മണം

നിർത്താതെ കരയുന്ന ഒരു പട്ടി

നിശ്ചലതയിൽനിന്നു പൊടുന്നനെ ചലനമുണ്ടായി. നിലവിളി ഉയർന്നു. മാഷ് ആൾകൂട്ടത്തിൽ തന്റെ മറുപാതിയെ തിരഞ്ഞു. അവൻ അപ്പോഴും ചുമർ ചാരി നിൽപ്പായിരുന്നു. മാഷ് അവനെ പോയി തൊട്ടു. അവന്റെ കണ്ണുനീരൊപ്പി.

സ്പന്ദിക്കുന്ന ധുപ കുറ്റിയിൽ നിന്നും പുക പരന്നു.

പിതാവ് പുത്രന്റെ മുഖം ടവ്വൽ കൊണ്ട് ഒപ്പി. ഇരുതലക്കലും മെഴുകുതിരി എരിഞ്ഞു.

വൈദികർ പ്രാർത്ഥന ചൊല്ലി.

മക്കളിലപ്പൻ കൃപ ചെയ്യതുപോലെ – ഹാലേലുയ്യാ

ഭക്തന്മാരിൽ ദൈവം കൃപ ചെയ്യും

പുല്ലിനുതുല്യം നരനുടെ നാൾകളഹോ- ഹാലേലുയ്യാ

പൂക്കുന്നിതു വയലിൽ പൂ -ചെടിപോലെ

ബാറെക് മോർ.

ശുബഹോ …മെനഓലം

ശരണത്താലേ നിൻകൃപയിൽ

മരണമടഞ്ഞൊരു ദാസരെ നിൻ

ജീവസ്വരമതുണർത്തണമേ

കബറീന്നുദ്യാനത്തിന്നായ്

സ്തൌമൻ- കുറിയേലായിസ്സോൻ.

കൂട്ടക്കരച്ചിൽ… പറമ്പു നിറഞ്ഞു. വന്നവരാരും പോയില്ല.പുതിയവർ വന്നുകൊണ്ടുമിരുന്നു. ഡേവിഡ് മാഷും അവനും വിരലുകൾ കോർത്തു. രണ്ടാളും തകരവാതിൽ വെച്ച കുളിമുറിയിൽ കയറി വാതിലടച്ചു. കൂട്ടക്കരച്ചിൽ നിന്നതേയില്ല. ഡേവിഡും ജോനാഥാനും കെട്ടിപിടിച്ചു കരഞ്ഞു. അനന്തരം ആനന്ദമുണ്ടായി.

vinod krishna, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“How delightful you are Caleh, My lover-man, my other half.
Your pleasing masculine love is better than wine.
The smell of your body is better than perfume.
Your moustache is waxed with honeycomb
Honey and milk are under your tongue.
The scent of your clothing is like the smell of Lebanon.”

കുളിമുറി വാതിലിനു ആരോ മുട്ടിവിളിച്ചു. അകത്തുനിന്നു അനക്കമുണ്ടായില്ല. മൂത്രശങ്ക വന്ന മാന്യൻ വീണ്ടും മുട്ടി. തകരവാതിൽ വല്ലാതെ ചിലച്ചു. മാഷ് കാറി തുപ്പിപുറത്തുവന്നു. അയാൾ കയറാൻ നോക്കിയപ്പോൾ ഉള്ളിൽ വേറൊരാൾ. വിവസ്ത്രൻ!

മാഷ് പന്തലിൽപോയി മറഞ്ഞു. മാന്യൻ ഒച്ചവെച്ചു. അകത്തുകയറി ജോനാഥാന്റെ കഴുത്തിനുപിടിച്ചു പുറത്തിട്ടു. മുണ്ടു മാത്രമുടുത്തു അവൻ പറമ്പിലൂടെ ഓടുന്നത് മാഷ് ഒരുനോക്കു കണ്ടു. വാതിലിൽമുട്ടിയ ആളും കുറച്ചുപേരും പിന്നാലെയുണ്ട്.

” ഇനി കല്ലേറുണ്ടാവും, കാലിടറിവീഴുമ്പോൾ ചവിട്ടികൂട്ടിമർദിക്കും.” ഡേവിഡ് മാഷിന് തലകറങ്ങി.

പൊടുന്നനെ മാനം കറുത്തു. മഴ പെയ്യുമെന്നു തോന്നി. അന്നാദ്യമായി മരണവീട്ടിൽനിന്നു അയാൾ ഒറ്റയ്ക്ക് മടങ്ങി.

അവിടുത്തെ കൽപ്പനകൾ എന്റെ കണ്മുന്നിലുണ്ടായിരുന്നു.

അവിടുത്തെ നിയമങ്ങൾ ഞാൻ ലംഘിച്ചിട്ടില്ല.

ഇരുട്ടിത്തുടങ്ങിയിട്ടും അവനെത്തിയില്ല. ഡേവിഡ് മാഷിന്റെ മനസ് കത്തി. അയാൾ ഉമ്മറത്തിരുന്നു. ഏതുനിമിഷവും ഗേറ്റിൽ ഒരനക്കം പ്രതീക്ഷിച്ചു. പെയ്ത്തുണ്ടായില്ല. അതിന്റെ ഉഷ്ണമുണ്ടായി മുല്ലവള്ളികൾ വാടികിടന്നു. മാഷ് ചാരുകസേരയിൽ കണ്ണടച്ചിരുന്നു. പൊടുന്നനെ മുല്ലമണം പരന്നു. മാഷ് കണ്ണുതുറന്നു. മുറ്റത്തു തലമുണ്ഡനം ചെയ്ത ഒരാൾ നിൽക്കുന്നു.

തന്റെ പ്രിയ ജോനാഥാൻ !

മർദ്ദനമേറ്റ അവന്റെ ദേഹം ഇപ്പോഴും ഉറച്ചതുതന്നെ. മുഖത്താണ് ദൈന്യം. മാഷ് ഓടിച്ചെന്നു അവനെ തൊട്ടു. തലോടി. അവന്റെ ചുണ്ടു പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു.

ചാട്ടകൊണ്ടു അടിച്ചാൽ തിണർപ്പുണ്ടാകും

നാവുകൊണ്ട് പ്രഹരിച്ചാൽ അസ്ഥികൾ തകരും.

വിതുമ്പികൊണ്ടു ഡേവിഡ് മാഷ് ചോരച്ചുണ്ടിൽ വിരൽവെച്ചു. അവൻ പ്രേമത്തോടെ കണ്ണുകളിലേക്കു നോക്കി. ചീവീടുകൾ കരയുന്നതു വകവെക്കാതെ അവർ കെട്ടിപിടിച്ചുകരഞ്ഞു.

മാഷവന്റെ മുറിവുകൾ ചുണ്ടുകൊണ്ട് മൊത്തി.

അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും

മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായ

വീഞ്ഞുപോലെയായിരിക്കട്ടെ നിന്റെ ചുംബനങ്ങൾ

ഡേവിഡ് മാഷ് ജോനാഥാനെ അകത്തേക്കാനയിച്ചു.ദേഹം മുഴുവനും ആവി പിടിച്ചുകൊടുത്തു. തൈലം പൂശി. ഇളം ചൂട് വെള്ളത്തിൽ കുളിപ്പിച്ചു. അവരുടെ വേദനക്ക് ശമനമുണ്ടായി.

” ഇനി നമുക്കിവിടെ നിൽക്കണ്ട ഇറങ്ങാം.”

കല്ലേറുണ്ടാവും, വീടുകത്തും. അതിനുമുമ്പു ഇറങ്ങണം. മാഷ് കുപ്പായം മാറ്റി. അവൻ നേരെത്തെ ഒരുങ്ങിയിരുന്നു. മാഷ് വലിയ ബാഗ് ഒന്നും എടുത്തില്ല. ഒരു പൗച്ച് മാത്രം കൈയിൽ കരുതി. വീട് പൂട്ടാതിറങ്ങി.

ഇരുട്ടിലും അവർ കൈകോർത്തു നടന്നു. ലോകം ഉറങ്ങിയിരുന്നു. ലില്ലിപ്പൂക്കളുടെ സുഗന്ധം മാത്രം ഇരുട്ടിൽ അവരെ പിൻതുടർന്നു. *കാട്ടപ്പകൾ ചികഞ്ഞുമാറ്റി ഉപേക്ഷിക്കപ്പെട്ട ഒരു പദ്ധതി പ്രദേശത്തെത്തി, കാടുപിടിച്ചുകിടക്കുന്ന പതിനഞ്ചുനില കെട്ടിടം അവർക്കു വെളിപ്പെട്ടു. നിലാവിൽ അതവരുടെ അഭയകേന്ദ്രം പോലെ തോന്നി.

അവർ കുറ്റിപുല്ലുകൾക്കിടയിലൂടെ നടന്നു.

“ജോ… നിനക്ക് വേദനിക്കുന്നുണ്ടോ ?”

മറുപടി പറയാതെ അവൻ മാഷിന്റെ തോളിലേക്ക് തല ചായ്ച്ചുനടന്നു. ഈന്ത് മരത്തിന്റെ ചോട്ടിലൂടെ കടന്നുപോയപ്പോൾ, അതിന്റെ പട്ടകൾ കാറ്റിൽ അനങ്ങുന്നതു നിലാവവർക്കു കാണിച്ചുകൊടുത്തു. രണ്ടാളും അധികം വൈകാതെ സിമന്റ് നിറമുള്ള കെട്ടിടത്തിനരികിലെത്തി. കാട്ടിൽ ഒരു വൻ മരം നിൽക്കുന്നതുപോലെയാണ് ആ കെട്ടിടത്തിന്റെ ഉയരത്തിലേക്ക് നോക്കിയപ്പോൾ മാഷിന് തോന്നിയത്.

അവർ വാർക്കപടികൾ കയറാൻ തുടങ്ങി. ഉപേക്ഷിക്കപ്പെട്ട തീപ്പെട്ടികൂടുകളും സിഗരറ്റുകുറ്റികളും പടികളിൽ ഉണ്ടായിരുന്നു. ഏതാനും നിലകൾ കയറിയതും ജോനാഥാൻ കിതക്കാൻ തുടങ്ങി.

മാഷിന് അവനെക്കാൾ ആരോഗ്യമുണ്ടായിരുന്നു. കായബലമുണ്ടായിരുന്നു. അവനു തീർത്തും കയറാൻ വയ്യാതായപ്പോൾ ഡേവിഡ് മാഷ് അവനെ തോളിലേറ്റി. പടികൾ കയറി. ദാവീദിന്റെ അരപ്പട്ടയും ഉടവാളും കിരീടവും അംഗവസ്ത്രങ്ങളും മാഷ് അണിഞ്ഞതുപോലെ ജോനാഥാന് തോന്നി.

താഴത്തേക്കാൾ തണുപ്പുണ്ടായിരുന്നു മുകളിൽ. പുലര്‍കാലം പോലെ വെളിച്ചവും. കോൺക്രീറ്റ് കാലുകളിൽ നിന്ന് കമ്പികൾ നിവർന്നു നിൽക്കുന്നതുകണ്ടപ്പോൾ, റബ് ബാ നഗരം വളഞ്ഞ സൈനികരുടെ കുന്തം പോലെ തോന്നിച്ചു. ഡേവിഡ് മാഷ് കാലുകളിലൊന്നിൽ ചാരി കിതച്ചു. ജോനാഥാൻ കാരുണ്യത്തോടെ മാഷെ നോക്കി. തെന്നൽ വീശി. ഈന്ത് മരത്തിൽ മിന്നാമിന്നുകൾ പെരുകുന്നത് മാഷ് അവനു കാണിച്ചുകൊടുത്തു. ജോനാഥാന്‍ കണ്ടത് പക്ഷെ കെട്ടിടത്തിന് ചുറ്റും നോക്കെത്താദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന ലില്ലിപ്പൂക്കളാണ്. അതിന്റെ സുഗന്ധം നുകർന്ന് അവൻ മാനം നോക്കിക്കിടന്നു നെടുവീർപ്പിട്ടു. മാഷ് സ്നേഹപൂർവ്വം അവന്റെ പുരികം വടിച്ചു ശരീരം മുഴുവനും ഷേവ് ചെയ്തു. അവൻ ഇരുകൈകളും കൊണ്ടും നെറ്റി തടവി. അപാരമായ മിനുസം. മാഷും അവന്റെ കൈകൊണ്ടു രോമരഹിതനായി.

നേരവും കാലവും തെറ്റി അവർ അവസാന പ്രണയത്തിൽ ഏർപ്പെട്ടു.

പുലരും മുമ്പ്, വിരലുകൾ കോർത്ത് ആ കെട്ടിടത്തിന് മുകളിൽനിന്നു എടുത്തുചാടി. വിശുദ്ധ ജന്മങ്ങൾക്കു മേൽ വലിയ പ്രകാശമുണ്ടായി.

അപവാദം ഏൽക്കാത്തവരും അതിന്റെ കോപത്താൽ ഇരയാകാത്തവരും അതിന്റെ നുകം വഹിക്കാത്തവരും അതിന്റെ ചങ്ങല വീഴാത്തവരും ഭാഗ്യവാന്മാർ.


*പ്രത്യേക ഇനം കുറ്റിച്ചെടി, ഇടത്തരം കാടുകളിൽ കാണാം. മലബാറിൽ അപ്പ, കാട്ടപ്പ എന്നും അറിയപ്പെടും
.
** സ്വവർഗ്ഗാനുരാഗ ദൈവശാസ്ത്രവുമായി ബന്ധപ്പെടുത്തി, പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവി ജോൺ എഡിങ്ടൺ എഴുതിയ Meeting of David and Jonathan എന്ന കവിതയിൽ നിന്നും ബ്രിട്ടീഷ് ശിൽപ്പി മാൽക്കം ലീഡ്ബുറിയുടെ David and Jonathan എന്ന വെങ്കല ശിൽപ്പത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട്‌ എഴുതിയത്

Read More: വിനോദ് കൃഷ്ണയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vinod krishna short story oru hebrew bible geetham