Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

അണ്ടി കമ്പനി-വിനോദ് കൃഷ്ണ എഴുതിയ കഥ

‘മനുഷ്യർ വിഷം വെക്കുന്ന കാലങ്ങളിൽ ഈച്ചകൾക്കു ദേശാടന പക്ഷികളുടെ ചിറകു കൈവരുമോ? എത്രമാത്രം അകലത്തെക്കാണിവ രക്ഷപ്പെടുന്നത് !” വിനോദ് കൃഷ്ണ എഴുതിയ കഥ

vinod krishna , story , iemalayalam

വിഷം കലർത്തിയ മദ്യത്തിന്റെ ഗ്ലാസിലേക്ക് ഐസ് ഇട്ട ശേഷം ശിവൻ മത്തി പൊരിക്കാൻ പോയി.

അകത്തു കിടക്കുന്ന പ്രാണന്റെ ശ്വാസഗതി പുറത്തുകേൾക്കാൻ ആകാത്തവിധം, മരിച്ചുകൊണ്ടിരിക്കുന്നതിനാൽ, വീട്ടിൽ താൻ ഒറ്റയ്ക്കാണെന്ന ഭയം അയാളെ മിക്കപ്പോഴും പിടികൂടാറുണ്ട്. രണ്ടെണ്ണം വീശുമ്പോഴാണ് അല്പനേരത്തേക്കെങ്കിലും സമാധാനം കിട്ടുന്നത്. ഏകാന്തത ആനന്ദമാകുന്നത് അപ്പോഴാണ്.

ഫ്രിഡ്ജ് തുറന്നു. വെളിച്ചം നെഞ്ചിൽ പരന്നപ്പോൾ വെള്ളിരോമങ്ങൾ കൂടുതൽ മിന്നി. മുപ്പത്തിയെട്ട് വർഷക്കാലം ഉള്ളിൽ കൊണ്ടുനടന്ന പലതും നഷ്ടമായതിന്റെ അടയാളമാകുമോ ഇത്?
ഫ്രിഡ്ജിൽ മുളക് പുരട്ടി വെച്ച മത്തിയല്ലാതെ മറ്റൊന്നുമില്ല. അയാൾ അതെടുത്തു പുറത്തു വെച്ച്, ഓർമ്മ നഷ്ട്ടപ്പെട്ട ഒരാളെ പോലെ ഫ്രിഡ്ജിന്റെ അകത്തേക്ക് കുനിഞ്ഞു നോക്കി അന്ധാളിപ്പോടെ നിന്നു. ഒരു വർഷത്തിൽ അധികം ആശുപത്രിയിൽ കഴിയേണ്ടി വന്നപ്പോൾ ശൂന്യമായി പോയ പലതും ഫ്രിഡ്ജകം ഓർമ്മപ്പെടുത്തി. സ്വബോധം കൊണ്ട് ശിവൻ ഫ്രിഡ്ജിന്റെ വാതിലടച്ചു കളഞ്ഞു.

ഇനി കുറെ നേരം തുമ്മാൻ ഇതു മതി. തണുപ്പ് അലർജിയാണ്. ഫ്രിഡ്ജ് തുറന്നാൽ അത് പതിവുള്ളതാണ്. ഐസ് ഇട്ട് മദ്യപിക്കുമ്പോഴും തണുപ്പുള്ളത് കഴിക്കുമ്പോളും മാരത്തോൺ തുമ്മൽ ആണ് പാർശ്വഫലം. ഇരുപത്തിരണ്ട് വർഷം പെയിന്റിങ് ജോലി ചെയ്തതിന്റെ പെൻഷൻ ആണ് ഈ അലർജി. ഇതൊന്നും ഇപ്പോൾ അയാളെ സങ്കടപ്പെടുത്താറില്ല.

ചീനച്ചട്ടിയിൽ എണ്ണ ചുടാവുന്നതും നോക്കി അയാൾ നിന്നു. അതിനിടയിൽ രണ്ടുമൂന്നു വട്ടം തുമ്മി. ഒരു പൂച്ച അടുക്കള ജനലോരം വഴി അതൊന്നും പേടിക്കാതെ നടന്നു പോയി. എണ്ണ കുറച്ചുകൂടി ചുടായിട്ടു മത്തി അതിലേക്ക് എടുത്തിടാം. രണ്ടെണ്ണം അകത്താക്കിയതിന്റെ ലഹരി അയാളെ ആനന്ദങ്ങൾ ഓർക്കാൻ പാകപ്പെടുത്തിയിരുന്നു. അവസാനമായി പെയിന്റ് പണി ചെയ്തു മനോഹരമാക്കിയ ഒരു വീട് ഓർമ്മ വന്നു. ആ വീടിന് ചായം പൂശുമ്പോൾ, അടുത്ത വീട്ടിലെ കുട്ടികൾ നിറം കലക്കുന്നത് കാണാൻ വരുമായിരുന്നു. ബാക്കി വന്ന നീലനിറം, അതിൽ ഒരാളുടെ തുരുമ്പെടുത്തു തുടങ്ങിയ കുഞ്ഞു സൈക്കിളിന്റെ മഡ്‌ഗാഡിന് പൂശിക്കൊടുത്തതും അതിനു പകരം കുട്ടികൾ സമ്മാനിച്ച പുഞ്ചിരിയും ശിവൻ അയവിറക്കി. അപ്പോൾ അകത്തു നിന്നു സ്ത്രീയുടെ മുരൾച്ച കേട്ടു. ശിവൻ അതൊന്നും ശ്രദ്ധിക്കാതെ മത്തി എണ്ണയിലേക്ക് ഓരോന്നായി മയമില്ലാതെ എടുത്തു വെച്ചു. മുളക് പുരണ്ട വിരലുകൾ കഴുകി, കൈലിയിൽ തുടച്ചു.

vinod krishna , story , iemalayalam

അടുപ്പ് സിമ്മിൽ ഇട്ടശേഷം ശിവൻ അകത്തേക്ക് ചെന്നു. അമ്മ കണ്ണുതുറന്നു കിടക്കുകയാണ്. എന്നത്തേയും പോലെ യാതൊരു അനക്കവും ഇല്ല. അയാൾ കുറച്ചു നേരം കട്ടിലിൽ ഇരുന്നു. അമ്മയുടെ മഞ്ഞച്ച കാൽവിരലുകളിൽ നോക്കിയിരുന്നു. ഒരു വർഷം മുമ്പ് വരെ അതിനു ജീവനുണ്ടായിരുന്നു…അയാൾക്കു പൊടുന്നനെ കിടപ്പുരോഗിയുടെ മുത്രമണം അനുഭവപെട്ടു. നോട്ടം പിൻവലിച്ചു, ശിവൻ ജനൽ പാളികൾ തുറന്നതും മണിയൻ ഈച്ചകളുടെ പേമാരിയൊച്ച അകത്തേക്ക് വന്നു. തൊടിയിൽ നിറയെ ഈച്ച കൂട്ടങ്ങളാണ്.

കടപ്പുറത്തു വിഷം കലർത്തി ഉപ്പുപുരട്ടിയ മീൻ ഉണക്കാനിട്ടു കാണും. പായയിൽ നോക്കെത്താദൂരത്തോളം ഉണക്കമീൻ വെയിൽ കൊണ്ടുകിടക്കുന്ന കാലങ്ങളിൽ മണിയൻ ഈച്ചകൾ കടപ്പുറത്തു നിന്നും കൂട്ടത്തോടെ പ്രാണനും കൊണ്ട് രക്ഷപെടുന്നതാണ്. സീസൺ കഴിഞ്ഞേ പിന്നവ മടങ്ങുകയുള്ളൂ.

‘മനുഷ്യർ വിഷം വെക്കുന്ന കാലങ്ങളിൽ ഈച്ചകൾക്കു ദേശാടന പക്ഷികളുടെ ചിറകു കൈവരുമോ? എത്രമാത്രം അകലത്തെക്കാണിവ രക്ഷപ്പെടുന്നത്!’ ശിവൻ ജനൽ പാളി കാറ്റിൽ വന്നടയാതിരിക്കാൻ തട വെച്ചു. അമ്മ ഒന്നും അറിഞ്ഞതായി നടിച്ചില്ല. നേർത്ത ശ്വാസം വിടുന്നതിന്റെ ആശ്വാസം ശ്രവിച്ചുകൊണ്ട് ശിവൻ പുതപ്പ് അമ്മയുടെ കാലുകളിലേക്ക് വലിച്ചിട്ട് അടുക്കളയിലേക്കു നടന്നു.

വലുപ്പമുള്ള മത്തിയാണ്. അതിന്റെ കണ്ണുകളിലേക്ക് ശിവൻ കുറച്ചുകൂടി വെളിച്ചെണ്ണ തൂവി കൊടുത്തു. എന്നിട്ടു അടുക്കള മുറ്റത്തെ കറിവേപ്പ് മരത്തിൽ നിന്ന് ഇലത്തണ്ട് പൊട്ടിച്ചു.

അമ്മ നട്ട മരമാണ്. കുട്ടിയാവുമ്പോഴേ എന്നെകൊണ്ടേ ഇല പൊട്ടിക്കാറുള്ളു, ഞാൻ പറിച്ചാൽ മരം നന്നായി തളിർത്തു വരും എന്നായിരുന്നു അമ്മയുടെ വിശ്വാസം… ശിവൻ മരം പിടിച്ചു കുലുക്കി. കുറച്ചിലകൾ കൊഴിഞ്ഞു. മത്തി മൊരിയുന്നതിന്റെ മണം വരാൻ തുടങ്ങി. ശിവൻ കറിവേപ്പില തണ്ട് മത്തിക്കു മുകളിൽ നിരത്തി വെച്ചു. മീൻ കരിഞ്ഞു പോകുമെന്ന് പേടിച്ച് അടുക്കളയിൽ തന്നെ ഇരുന്നു. അകത്തെ അനക്കമറ്റ ജീവിതത്തെ പറ്റി അൽപ്പനേരെത്തെക്കെങ്കിലും ഓർക്കാതിരിക്കാൻ ശ്രമിച്ചു.

vinod krishna , story , iemalayalam

എണ്ണ വറ്റാറായപോൾ കറിവേപ്പിലകൾ വാടി. ശിവൻ മത്തിയെല്ലാം മറിച്ചിട്ടു. ഇനി അത്രതന്നെ വേവാനുണ്ട്.

പണികഴിഞ്ഞു വരുമ്പോൾ അമ്മ അയാൾക്ക്‌ കഞ്ഞിയും മത്തി വറുത്തതും എടുത്തുകൊടുക്കുമായിരുന്നു. കഞ്ഞിയും മത്തിയും ശിവന് വലിയ ഇഷ്ടമാണ്. അമ്മയ്ക്കും. കൂടെ പൂള പുഴുങ്ങിയതുണ്ടെങ്കിൽ ഓണം കൂടിയ പോലെയാണ് രണ്ടാൾക്കും. അമ്മ കിടപ്പിലായത്തോടെ ആ സുവർണ കാലം അസ്തമിച്ചു. ശിവൻ കണ്ണടച്ച് കരയാൻ ശ്രമിച്ചു. ആ വികാരം അയാളിൽ എന്നോ നശിച്ചു പോയിരുന്നു.

ഒരു ദിവസം പണികഴിഞ്ഞു വന്നപ്പോൾ വാതിൽ തുറന്നിട്ടതാണ് കണ്ടത്. തലേന്ന് മഴ പെയ്തതിനാൽ മുറ്റത്തു ചളിയുണ്ടായിരുന്നു ” അമ്മേ…”

ആരും വിളിക്കേട്ടില്ല.

“വാതിലും തുറന്നിട്ട്‌ തള്ള എങ്ങോട്ടാണ് പോയത്?”

ചളിപറ്റാതിരിക്കാൻ മുറ്റത്ത് വരിയിട്ട വെട്ടുകല്ലിലൂടെ ശിവൻ അകത്തേക്ക് കയറി.

കാവി തേച്ചതെങ്കിലും വിണ്ടുതുടങ്ങിയ കൊലായയിലും വരാന്തയിലും ചളി പുരണ്ട കാല്പാടുകൾ, ആണുങ്ങളുടേതാണ്. ശിവൻ ഉറക്കെ അമ്മയെ വിളിച്ചു. അനക്കമുണ്ടായില്ല. അടുക്കളയിലും അയാളുടെ മുറിയിലും നോക്കി, അമ്മയില്ല!

ചായ്പ്പിൽ നിന്നു ഒരനക്കം കെട്ടു. അമ്മ അവിടെയുണ്ട്. നിലത്തു വീണുകിടക്കുകയാണ്. ചോര ഒഴുകുന്നുണ്ട്. വിവസ്ത്രയാണ്. ശിവന്റെ കയ്യിൽ നിന്നു ജോലിക്കുപ്പായം പൊതിഞ്ഞ പൊതി താഴെ വീണു. അതിൽ പലവർണങ്ങൾ പലകോലത്തിൽ പറ്റിപിടിച്ചിരുന്നു. അതിൽ ചോരയും പടർന്നു.

” അമ്മേ ആരാണിവിടെ വന്നത്?”

ശിവൻ കരഞ്ഞു. അമ്മക്ക് അരികിൽ വീണതുപോലെ ഇരുന്നു. എന്ത് ചെയ്യണമെന്ന് അയാൾക്ക്‌ നിശ്ചയം കിട്ടിയില്ല.

“ബാലൻ!”

“കൂടെ ആരേലും ഉണ്ടായിരുന്നോ?”

“ഒരാൾ കൂടെ ഉണ്ടായിരുന്നു…”

” ആരായിരുന്നു അത്?”

പിന്നെ അമ്മ മിണ്ടിയിട്ടില്ല.

മത്തിയുടെ മൊരിഞ്ഞ മണം പരന്നു. ശിവൻ അടുപ്പ് ഓഫ്‌ ആക്കി. അടുക്കള വാതിൽ അടച്ചശേഷം മുറിയിലേക്ക് ചെന്നു. അമ്മ അയാളെ തന്നെ നോക്കുകയാണെന്നു തോന്നി.

“അമ്മയെ ഞാൻ കുളിപ്പിച്ച് തരട്ടെ, അത് കഴിഞ്ഞു കഞ്ഞിയും മത്തി പൊരിച്ചതും കഴിക്കാം, എല്ലാം ഈ ശിവൻ ഇണ്ടാക്കി വെച്ചിണ്ട്‌ “

ശിവൻ അമ്മയുടെ തല പിടിച്ചു ആട്ടി.

അമ്മ സമ്മതിച്ചു.

വീടിനോളം പഴക്കമുള്ള ഒരു മരക്കസേരയുണ്ട്. കയ്യുള്ള കസേര. ശിവൻ അതെടുത്തു കറിവേപ്പില മരത്തിന്റെ ചോട്ടിൽ കൊണ്ടുപോയിട്ടു. അതിൽ ഇരുത്തിയാണ് അമ്മയെ ഇടക്കൊക്കെ കുളിപ്പിക്കാറ്. അല്ലാത്ത ദിവസങ്ങളിൽ ചുടുവെള്ളത്തിൽ നനച്ചു തുടയ്ക്കും. അമ്മക്ക് പക്ഷേ കുളിക്കുന്നതാണ് ഇഷ്ടം. അണ്ടികമ്പനിയിൽ ജോലിക്ക് പോകുന്ന കാലത്ത് അമ്മ രണ്ട് നേരം കുളിക്കുമായിരുന്നു. സോപ്പ് തേക്കുന്നത് ഇഷ്ടം അല്ല. ചെറുപയർ പൊടിയും താളിയുമാണ് പഥ്യം. വർഷങ്ങൾ കഴിഞ്ഞാണ് അമ്മ സോപ്പിലേക്ക് മാറിയത്. അപ്പോഴേക്കും അണ്ടി കമ്പനി പൂട്ടിയിരുന്നു.

vinod krishna , story , iemalayalam

ശിവൻ അമ്മയുടെ തലയിൽ ബ്രഹ്മ്മിയിട്ട് കാച്ചിയ എണ്ണ പൊത്തി. ആശുപത്രിയിൽ ആവുന്നതിനു മുമ്പ് അമ്മ കാച്ചിവെച്ച എണ്ണയാണ്. കുരുമുളക് ഇട്ടുവെച്ചതിനാൽ ഇതുവരെ കാറിയിട്ടില്ല.

“ഇന്ന് കിണറു വെള്ളത്തിൽ കുളിക്യാട്ടോ…”

അയാൾ പറഞ്ഞു. അമ്മ ഫാൻ പിടിപ്പിച്ച ഉത്തരത്തിലേക്കു നോക്കിക്കിടന്നു. കണ്ണ് അനങ്ങിയതുപോലെ ശിവന് തോന്നി.

അയാൾ മാക്സി അഴിച്ചു. മുന്നിൽ കുടുക്കുള്ള കുപ്പായം അയാൾ തൈപ്പിച്ചതാണ്. ഇടാനും ഊരനും ഉള്ള സൗകര്യത്തിന്നു വേണ്ടി. അടിവസ്ത്രങ്ങൾ അണിയിക്കാറെയില്ല. തീട്ടവും മൂത്രവും എപ്പോഴാണ് പോകുക എന്നറിയില്ല, ഇടക്കിടക്ക് മറ്റാൻ വയ്യ, അലക്കിയുണക്കാനും പാടാണ്. അതിനാൽ മാക്സിക്കുള്ളിൽ അമ്മ സ്വാതന്ത്രയാണ്. ജീവിതത്തിൽ മാത്രം അതില്ലാതെപോയി.

ശിവൻ അമ്മയെ സ്നേഹപൂർവ്വം കോരിയെടുത്തു. തടിയുള്ള സ്ത്രീയായിരുന്നു. ഇപ്പോൾ എല്ലും തോലുമായി എന്നും പറയാം. തോളെല്ല് ഒക്കെ കാണാം. കനം കുറഞ്ഞു. പാലിയേറ്റീവുകാര് തന്ന വാട്ടർ ബെഡ് ഉള്ളതിനാൽ കിടന്നു പൊട്ടിയിട്ടില്ല.

ശിവൻ അമ്മയെ കസേരയിൽ ഇരുത്തി. രണ്ട് ബക്കറ്റിൽ വെള്ളം എടുത്തുകൊണ്ടു വന്നു.

” കുറച്ചു തണുപ്പ് ഉണ്ടാവും ട്ടോ, പണ്ട് മഴക്കാലത്തും എന്നെ കിണറ്റിൻ കരയിൽ വെച്ചു കുളിപ്പിക്കാറുള്ളതല്ലേ, ഞാൻ പകരം വീട്ടാ.”

അമ്മ ചിരിച്ചില്ല.

“എന്തേ ഞാൻ പറഞ്ഞത് പിടിച്ചില്ലേ?”

എന്നിട്ടും അമ്മ പ്രതികരിച്ചില്ല.

ശിവൻ കറിവേപ്പ് മരം പിടിച്ചു കുലുക്കി.

ഇലകൾ പൂവായി കൊഴിഞ്ഞു. അമ്മയുടെ ദേഹത്തു വീണു! അമ്മ അനങ്ങിയില്ല.

ശിവൻ അമ്മയുടെ കവിൾ ഇരുവിരൽ കൊണ്ട് വിടർത്തി പിടിച്ചു. അമ്മ ചിരിച്ചു.

“അപ്പോൾ ചിരിക്കാൻ അറിയാം…”

ശിവനും ചിരിച്ചു.

അമ്മ അവസാനമായി ചിരിച്ചത് എന്നാണ്‌? അയാൾക്ക്‌ ഓർമയില്ല. പക്ഷേ അവസാനമായി കരഞ്ഞത് എന്നാണെന്നു അയാൾക്കറിയാം, അത് കണ്ടിട്ടില്ലെങ്കിലും.

ബാലനും കൂട്ടുകാരനും വീട്ടിൽകയറിയ അന്ന്. കൂട്ടമായി കീഴടക്കിയ അന്ന്. മേനിയും മനസ്സും മുറിവേറ്റ നിമിഷം!

അന്നാണ് അമ്മ അവസാനമായി കരഞ്ഞത്!

പിന്നെ കരഞ്ഞതൊക്കെ താനാണ്.

പൊലീസുകാരുടെ മുന്നിൽ

ഡോക്ടറുടെ മുന്നിൽ

നിയമത്തിന്റെ മുന്നിൽ

പ്രകൃതിയുടെ മുന്നിൽ!

vinod krishna , story , iemalayalam

തന്നെ ആരും ചെവികൊണ്ടില്ല. ആരും ഒന്നും വിശ്വസിച്ചില്ല. അമ്മ ആശുപതിയിൽ ബോധമില്ലാതെ കിടക്കുമ്പോൾ, ഒന്നിനും പിന്നാലെ പോകാനും ആളുണ്ടായില്ല. പ്രളയം വന്നതോടെ ആർക്കും ഇതിലൊന്നും താൽപ്പര്യമില്ലാതെയും ആയി. പ്രളയത്തിൽ പൊലീസ് സ്റ്റേഷനും കോടതിയും എല്ലാം ഒലിച്ചു പോയി!

വീട്ടിലും വെള്ളം കേറി. ഞങ്ങൾ അമ്മയും മോനും ആശുപത്രിയിൽ ആയിരുന്നതിനാൽ രക്ഷപെട്ടു. വിളിച്ചാൽ വിളികേൾക്കില്ലെങ്കിലും തൊട്ട് കാണിക്കാൻ ഒരാളുണ്ടല്ലോ. അമ്മ.

ശിവൻ അമ്മയുടെ ദേഹത്ത് വെള്ളം തൂവി. സോപ്പ് പതപ്പിച്ചു ദേഹം മുഴുവനും തലോടി. വീണ്ടും വെള്ളം സാവധാനം തലവഴി ഒഴിച്ചു. ഇലകൾ സോപ്പ് പതക്കൊപ്പം ഒഴുകിപോയി. തല തുവർത്തുമ്പോഴാണ് ശ്രദ്ധിച്ചത്, അമ്മയുടെ മുടി തന്റെ അത്രപോലും നരച്ചിട്ടില്ല. ജലദോഷം വരേണ്ടെന്ന് കരുതി അയാൾ നന്നായി തല വേദനിപ്പിക്കാതെ തൂവർത്തി.

അപ്പോൾ അമ്മ തലയനക്കത്തിനൊപ്പം മൂളുന്നതായി ശിവന് തോന്നി. ആ തോന്നൽ അയാളെ അമ്മതന്നെ പാടിപഠിപ്പിച്ച കടം കഥയിലേക്ക് നയിച്ചു. അമ്മ പാടുമ്പോലെ പാടി.

“അമ്മ കറുത്തിട്ട്,
മോള് വെളുത്തിട്ടു
മോളെ മോളൊരു,
അതിസുന്ദരി” തീർന്നപ്പോൾ ഉത്തരം അറിയോ എന്ന് ശിവൻ ചോദിച്ചു.

അമ്മ എന്തെങ്കിലും പറയും മുമ്പേ അയാൾത്തന്നെ ഉത്തരവും പറഞ്ഞു.

“വെള്ളില താളി!”

ദേഹം മുഴുവൻ നന്നായി ഒപ്പിയ ശേഷം തുവർത്തു വെള്ളത്തിൽ മുക്കി പിഴിഞ്ഞ് മുഖം ഒന്നുടെ തുടച്ചു കൊടുത്തു. അപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു. അയാൾ അമ്മയെ കോരിയെടുത്തു അടുക്കള വഴി അകത്തേക്ക് കയറി. ആളൊഴിഞ്ഞ നിലത്തേക്ക് പൂച്ച വന്നു,അമ്മയെ കുളിപ്പിച്ച വെള്ളം, മരച്ചോട്ടിൽ നിന്ന് നക്കിക്കുടിച്ചു. എങ്ങും നോക്കാതെ അലസനായി നടന്നുപോയി.

ശിവൻ അമ്മയെ കട്ടിലിൽ കിടത്തി. അലമാര തുറന്നു, കൂറമുട്ടായി മണക്കുന്ന അടിവസ്ത്രങ്ങൾ എടുത്തു അണിയിച്ചു കൊടുത്തു. ദേഹം മുഴുവൻ ക്യൂട്ടികൂറ പൗഡർ പൂശി. അപ്പോൾ ആ മുറിയിൽ കുറച്ചു നേരത്തേക്ക് മീൻവറുത്ത മണത്തിന് പ്രവേശനം ഇല്ലാതായി.

കഞ്ഞിപശ മുക്കിയ മാക്സിയെടുത്തു അണിയിച്ചു കൊടുത്ത ശേഷം ഒരു പൊട്ടുകുത്തി കൊടുക്കാൻ മോഹമുണ്ടായി. പിന്നെ വേണ്ടെന്നു വെച്ചു. അനങ്ങാതെ കിടക്കുമ്പോൾ അമ്മക്ക് പൊട്ടു ചേരില്ല!

“ഇനി നമുക്ക് കഞ്ഞി കുടിക്കാം ട്ടോ…”

ശിവൻ അടുക്കളയിലേക്കു ചെന്നു. ഒരു കോപ്പയിൽ കഞ്ഞിയും ഒരു വസിയിൽ മത്തി പൊരിച്ചതും എടുത്തു കൊണ്ട് വന്നു. അയാൾ തലയിണ എടുത്തു ചുമരിൽ കുത്തനെ വെച്ച ശേഷം അമ്മയെ, സാഹസപ്പെട്ടു ചാരിയിരുത്തി. അയാളും അമ്മയും കഞ്ഞി കുടിച്ചു.

മത്തി പൊളിച്ചു വായയിൽ കഞ്ഞിക്കൊപ്പം വെച്ചുകൊടുത്തെങ്കിലും വെള്ളം പുറത്തേക്കു ചാടി.

“ഇറക്കിക്കോ അമ്മേ.”

അവർ ഒരു സ്പൂൺ കഞ്ഞിവെള്ളം പ്രയാസപ്പെട്ടു ഇറക്കി.

ബാക്കിവന്ന കഞ്ഞി ശിവൻ കരച്ചിലോടെ തുരുത്തുരാ കഴിച്ചു തീർത്തൂ.

“ബാലന്റെ ചുരുണ്ട മുടി തന്നെയല്ലേ ശിവൻചെക്കന്നു… “

ചെറുപ്പത്തിൽ കവലകളിൽ, കളികൂട്ടുകാർക്കിടയിൽ, ആളുകൂടുന്ന ഇടങ്ങളിൽ,ശിവൻ എത്രയോ വട്ടം അപമാനിതനായിട്ടുണ്ട്.

“ബാലൻ കള്ളക്കോള് അടിച്ചതാ, ഓള് അണ്ടികമ്പനി പോണ കാലത്ത്…”

ശിവൻ മത്തിയുടെ മുള്ളും ചവച്ചരച്ചു. നെറുകയിൽ കയറിയപ്പോൾ കോപയോടെ വെള്ളം കുടിച്ചു.

ലൈബ്രറിയിൽ പോയി വായിക്കാൻ തുടങ്ങിയപ്പോഴാണ് ധൈര്യം വെച്ചത്. എതിർക്കാൻ തുടങ്ങിയത്.

vinod krishna , story , iemalayalam

” തന്തക്കു പിറന്നവനല്ലടാ ഞാൻ, നല്ല ഒന്നാം തരം തള്ളക്കു പിറന്നവനാടാ ****കളെ… ” പിന്നെ ആൾക്കാർക്ക് കോർക്കാൻ പേടിയായിരുന്നു. പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ തുടങ്ങിയതോടെ സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നലൊക്കെ ഉണ്ടായി. പാകത വന്നു. മീശ വന്നപ്പോൾ മുതൽ പെയിന്റ് പണിക്കാരനായി. വീട്ടിലെ ചുമരലമാരയിൽ കുറച്ചു പുസ്തകങ്ങൾ ഒക്കെ ആയി. മാർക്സും എംഗൽസും പ്രിയപ്പെട്ടവരായി. ആ കാലത്ത് തന്നെയാണ് അണ്ടി കമ്പനിയുടെ സൈറൺ നിലച്ചത്. കാലം പിഴച്ചില്ല. നന്നായി,അമ്മയെ പോറ്റാൻ ശിവൻ ആളായി. അങ്ങനെ എല്ലുമുറിയെ പണിയെടുത്തും അമ്മയെ നന്നായി നോക്കിയും ശിവന്റെ താടി നീണ്ടു.

താടി ഉഴിഞ്ഞുകൊണ്ട് ശിവൻ അമ്മയെ നോക്കി.

” ഇനി കഞ്ഞി ചോദിക്കരുത് ട്ടോ… എല്ലാം ഞാൻ കുടിച്ചു തീർത്ത്” ശിവൻ ചിരിച്ചു. അമ്മ അനങ്ങാതായതിൽ പിന്നെ ശിവൻ ഇതുപോലെ അമ്മയോട് ഹൃദയം തുറന്നു ചിരിച്ചിട്ടില്ല.

അയാൾ വസിയും കോപ്പയുമായി അടുക്കളയിലേക്കു ചെന്നു. മരച്ചോട്ടിലെ കസേരയിലെ ഈർപ്പം മുഴുവനും വറ്റിയിരുന്നില്ല. പാത്രങ്ങൾ കഴുക്കിവെച്ച ശേഷം അയാൾ മരക്കസേരയെടുത്തു അമ്മ കിടക്കുന്ന മുറിയിൽ കൊണ്ടുപോയി വെച്ചു.

ജനലടച്ച ശേഷം ശിവൻ ചോദിച്ചു.

” വിയർക്കുന്നുണ്ടോ, ഫാൻ ഇടണോ?” അയാൾ സ്വിച്ച് അമർത്തി. കസേരയിലെ വെള്ളം വലിയുന്ന പ്രതിഭാസം അയാൾ നോക്കി നിന്നു. മനസിലും ശരീരത്തിലും പലതും വറ്റിപോകുന്നത് ഇങ്ങനെയാണ്. ശിവൻ, കസേര ഫാനിന്റെ ചോട്ടിലേക്കു കുറേകൂടി വലിച്ചിട്ടു. ഉലയാത്ത മനസുമായി മുറിയിറങ്ങി.

വെള്ളപ്പൊക്കത്തിൽ നശിച്ചുപോയ വീട് അയാൾ അകത്തും പുറത്തും നടന്നുകണ്ടു. ആദ്യമായി തന്റെ വീട് കാണുന്നതുപോലെ. മഴയ്ക്ക് മുമ്പ് പൊട്ടിയ ഓട് മാറ്റണം, ചളിപ്പിടിച്ച ചുമരിൽ ചായം പൂശണം. വെള്ളം കേറുന്ന മുറ്റത്തു ഒരു ലോഡ് ചരൽ വിതറണം. അടുക്കള ഒഴികെ ചളികേറി നശിച്ച നിലം ഒന്നൂടെ കാവി പൂശണം. ഉമ്മറവാതിൽ മാറ്റിപണിയണം!

എന്തിന്?

ശിവൻ ഓടി പോയി കിണറിലേക്ക് നോക്കി.

വട്ട വെള്ളത്തിൽ ആകാശമുണ്ട്, അയാളില്ല.

ശിവൻ ധൃതിയിൽ കപ്പിയിൽ നിന്ന് കയർ വലിച്ചെടുത്തു. തൊട്ടിയിൽ നിന്ന് കെട്ടഴിച്ചു.

കയറുമായി അകത്തു കയറി അടുക്കള വാതിൽ സാക്ഷയിട്ടു.

അമ്മ ഉറങ്ങുകയായിരുന്നു.

ശിവൻ കയർകുരുക്കിട്ടു അമ്മയുടെ കഴുത്തിൽ ചുറ്റി.

വെള്ളം ഉണങ്ങിയ കസേരയിൽ ഇരുത്തി.

ഉത്തരത്തിൽ കൊളുത്തിയ കയർ ആഞ്ഞ് വലിച്ചു. ശിവന്റെ നെഞ്ച് പുകഞ്ഞു. പുറം വിയർത്തു.

നാവിൽ മുലപ്പാൽ കയ്ച്ചില്ല

അമ്മ പിടഞ്ഞില്ല.

അയാൾ വ്യവസ്ഥിതിയെ പഴിച്ചില്ല.

ഫാനിന്റെ കറക്കം നിന്നു.

ശിവൻ അമ്മയുടെ കാലിൽ തൊഴുതു,

അപ്പോൾ മാത്രം ശവശരീരം ഒന്നിളകി.

vinod krishna , story , iemalayalam

അയാൾ തളർന്നു പോയി. കുറച്ചു നേരം അമ്മ കിടന്ന കട്ടിലിൽ, അമ്മയുടെ ചൂട് പറ്റി കിടന്നു. അമ്മ തുങ്ങിയ നിൽപ്പിൽ ചിരിക്കുന്നതായി ശിവന് തോന്നി. എഴുനേൽക്കാൻ നേരമാണ് അയാളത് കണ്ടത്. അമ്മയുടെ പിറകിൽ മഞ്ഞ വട്ടത്തിൽ ഒരു നനവ്. അമ്മ അറിയാതെ വയറ്റിൽ നിന്നുംപോകും, അതൊക്കെ അയാൾ തുടച്ചെടുക്കുന്നത്, അലമാരയിലെ പുസ്തകത്തിൽ നിന്നും പേജുകൾ പിച്ചിയെടുത്താണ്. മാർക്സിന്റെ പുസ്തകം മെലിഞ്ഞു പോയത് അങ്ങനെയാണ്.

” അമ്മയുടെ ജീവിതം നശിപ്പിച്ചത് ഞാനല്ല, നിങ്ങളാണ് ***കളെ…”
ശിവൻ ഉറക്കെ അലറാൻ ശ്രമിച്ചു പരാജയമടഞ്ഞു.

ചട്ടിയിൽ നിന്നു അവസാനത്തെ മത്തിയും എടുത്തു, വിഷം കലർത്തിയ മദ്യ ഗ്ലാസ്സ് കയ്യിലെടുത്തു. അതിലെ ഐസ് പൂർണമായും അലിഞ്ഞു പോയിരുന്നു. മത്തി ഒന്നിച്ചു വായ്ക്കകത്താക്കി ചവച്ച ശേഷം ഒറ്റവലിക്കു തീർക്കാമെന്നു വെച്ചു. അപ്പോൾ അയാൾക്കൊരു പിടച്ചിലുണ്ടായി. ഗ്ലാസ്സ് മേശപ്പുറത്തു വെച്ച ശേഷം ഓടിപോയി അടുക്കള വാതിൽ തുറന്നു.ചായ്‌പ്പിൽ നിന്നു പഴയ പെയിന്റുകൾ എടുത്തു കൊണ്ട് വന്നു ഒന്നിച്ചു കലക്കി. അയാൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിറം തെളിഞ്ഞു.

പല നിറങ്ങൾ പുള്ളിവീണ ജോലിക്കുപ്പായം എടുത്തിട്ടശേഷം, റബ്ബർ ബാൻഡ് ചുറ്റിട്ട മൊബൈൽ എടുത്തു പൊലീസിനെ വിളിച്ചു.

” അമ്മ തൂങ്ങി മരിച്ചു സാറെ.”

അവരെത്തും മുമ്പ്,കരഞ്ഞുകൊണ്ട് അമ്മയുടെ മുറി ചായം പൂശാൻ തുടങ്ങി. എത്ര വേഗമാണെന്നോ അയാൾ മുറി ചായം പൂശിതീർത്തത്.

ജീപ്പിന്റെ ഇരമ്പൽ കേട്ടപ്പോൾ അയാൾ മദ്യ ഗ്ലാസ്സ് കയ്യിലെടുത്തു ചുണ്ടോടു അടുപ്പിച്ചു. വാതിലിൽ മുട്ട് വീണു.

ശിവൻ ഓടിച്ചെന്നു അടുക്കള വാതിൽ വഴി പുറത്ത് കടന്നു, കൈയിലെ വിഷം കലർത്തിയ മദ്യ ഗ്ലാസ്സ്, കറിവേപ്പിൻ ചോട്ടിലേക്ക് വലിച്ചെറിഞ്ഞു.

പൊലീസുകാർ വാതിൽ തള്ളിതുറന്നു അകത്തു കടന്നതും ശിവൻ ജീവിതത്തിലേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു.

Read More: വിനോദ് കൃഷ്ണ എഴുതിയ മറ്റ് കഥകള്‍ വായിക്കാം

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Vinod krishna short story andi company

Next Story
പൂച്ച പൂവിനെ ഉമ്മവച്ചത് കണ്ട് വെല്ലിപ്പ ചെയ്തത് കണ്ടോ… വിശ്വസിക്കാനാകാതെ ആകാശംmubashir , poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com