Latest News

നെരിപ്പ് – വിനീഷ് കെ.എൻ. എഴുതിയ കഥ

ഈ പിതൃത്വം എന്ന് പറയുന്ന സാധനം ഗര്‍ഭം പേറിയ സ്ത്രീക്ക് മാത്രം അറിയാവുന്ന വല്ല്യൊരു രഹസ്യമാന്നെടാ.അപ്പൊ നീയെങ്ങനെ നിന്റെ ജാതി ഒറപ്പിക്കും

vineesh k n , story, iemalayalam

‘കുറ്റമറ്റുള്ള ശാസ്ത്രം അതിലിത് കണ്ടിട്ടുണ്ടോ

ആണ് പെണ്ണ് എന്ന് രണ്ടു ജാതിയല്ലാതെ മറ്റെങ്ങാനെടോ

ജാതി വര്‍ണ്ണ ഭേദത്തെ കല്‍പ്പിച്ചു ചൊല്‍

അന്തണരെന്നും പിന്നെ അന്തരാജാതിയെന്നും

ചിന്തിച്ചാല്‍ ഈശ്വരനെന്തൊരു ഭേദമുള്ളൂ.’

– പൊട്ടന്‍ തെയ്യം തോറ്റം 

രാവിലെ എഴുന്നേറ്റയുടന്‍ അലസതയോടെ കുത്തിയിരിക്കുമ്പോഴാണ് ആരോ ബെല്ലടിച്ചത് .പുറത്തിറങ്ങി നോക്കിയപ്പോള്‍ മനോഹരന്‍ പണിക്കര്‍ നില്‍ക്കുന്നു. അച്ഛനെ അന്വേഷിച്ചു വന്നതാണ്. രണ്ടു ദിവസമായി അച്ഛന്‍ പെങ്ങളുടെ വീട്ടിലായിരുന്നു. കസേരയിലിരിക്കാന്‍ ക്ഷണിച്ചുവെങ്കിലും പണിക്കര്‍ ഇരുന്നില്ല.

അകത്തു നിന്നും അമ്മയപ്പോള്‍ ചായയുംകൊണ്ട് വന്നു. ഞാനത് പണിക്കര്‍ക്ക് നേരെ നീട്ടി. മടിയോടെയെങ്കിലും പണിക്കരത് വാങ്ങിച്ചു. മകന്‍ ഉമേശന്‍ ആദ്യമായി പൊട്ടന്‍ തെയ്യം കെട്ടാനൊരുങ്ങുകയാണ്. ’ഉമേശന്‍ എന്റൊപ്പരം പഠിച്ചതാന്നു’ അല്‍പ്പം മുന്‍പ് യുടുബില്‍ കണ്ട ഉമേശന്റെ വിഷ്ണുമൂര്‍ത്തി തെയ്യം ഓര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു. അറിയാമെന്ന ഭാവത്തില്‍ പണിക്കര്‍ തലയാട്ടി. തെയ്യം നിശ്ചയിച്ച സമയവും സ്ഥലവും അറിയിച്ച് അച്ഛനോട് പറയണേ എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്ത ശേഷം പണിക്കര്‍ വീട്ടില്‍ നിന്നും തിരിച്ചു നടന്നു.

പ്രഭാകരന്‍ നമ്പ്യാരുടെ വക നേര്‍ച്ച ആയിരുന്നു തെയ്യം. തോറ്റം പാട്ടില്‍ ഇരുട്ട് മുറുകി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ നാലഞ്ചു പേര്‍ കണ്ടത്തില്‍ നിന്നും മാറി കവുങ്ങിന്‍ തോട്ടത്തിന്റെ ഉള്ളില്‍ അതിരാണി ചെടികളുടെ താഴെ പഴയൊരു മുണ്ട് വിരിച്ചു അതിലിരുന്നു ചില കുപ്പികളുടെ മൂട് പൊട്ടിച്ചു വര്‍ത്തമാനം പറഞ്ഞു തുടങ്ങി. സംസാരിച്ചു നാക്ക് കുഴഞ്ഞു തുടങ്ങിയപ്പോള്‍ തെയ്യമിറങ്ങുന്നതും കാത്ത് അവിടെ തന്നെ കിടന്നുറങ്ങി. പുലര്‍ച്ചെ പുലമാരുതന്‍ [1] തെയ്യം പുറപ്പെട്ടപ്പോഴുള്ള വേഗത്തിലുള്ള ചെണ്ടയുടെ താളം കേട്ടതും ചാടി എഴുന്നേറ്റു. കണ്ണുകള്‍ തിരുമ്മി അതിരാണി ചെടികള്‍ക്കിടയില്‍ നിന്നും മഞ്ഞു വീഴുന്ന പുലര്‍ച്ചയിലേക്ക് പെറ്റയുടന്‍ കണ്ണ് തുറക്കാത്ത പൂച്ചക്കുഞ്ഞുകള്‍ മുല തപ്പുന്നത് പോലെ ഉഴുതിട്ട വയലില്‍ തപ്പി നടന്നു. ഞങ്ങള്‍ എത്തുമ്പോഴേക്കും പുലമാരുതന്‍ തെയ്യം തീരാറായിരുന്നു.പാതിയുറക്കവും പേറി പൊട്ടന്‍ തെയ്യം പുറപ്പെടുന്നതും നോക്കി ഞങ്ങള്‍ വരമ്പില്‍ കുത്തിയിരുന്നു.

vineesh k n , story, iemalayalam

“ഇപ്പൊ എഴുന്നെറ്റാ മത്യാരുന്നു” .ഉറക്കം മുറിഞ്ഞത് പെട്ടെന്നായി പോയി എന്ന തോന്നലില്‍ രജീഷ് പറഞ്ഞു. പ്രഭാകരന്‍ നമ്പ്യാരും കുടുംബവും നെരിപ്പിനു [2] കുറച്ചു പുറകിലായി കസേര ഇട്ടിരിപ്പുണ്ടായിരുന്നു. ഞാന്‍ നമ്പ്യാരുടെ മകള്‍ രേവതിയെ കണ്ണെടുക്കാതെ കുറെ നേരം നോക്കി. അവള്‍ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഒരു മെസ്സേജയച്ചു എന്റെ സാന്നിധ്യം അറിയിച്ചു.

നമ്പ്യാർ സമ്മതിക്കില്ലെങ്കിലും നിന്നെ കെട്ടുമെന്ന് ഞാൻ രേവതിയോട് കട്ടായം പറഞ്ഞിട്ടുണ്ട്. നമ്പ്യാരേക്കാളും ജാതിയിൽ ഒന്ന് രണ്ടടി താഴെ നിൽക്കുന്ന ആൾക്കാരാണ് കണക്ക് പ്രകാരം ഞങ്ങൾ. അത് കൊണ്ട് നേരാവണ്ണം രേവതിയെ വീട്ടിലേക്ക് കൂട്ടാൻ പറ്റൂലാന്ന് ഉറപ്പാണ്. വർത്തമാനത്തിനിടയിൽ ചില വാക്കുകള്‍ വഴുക്കിയപ്പോള്‍ ഇതൊരു തെയ്യസ്ഥലമാണെന്നുള്ളകാര്യം ഓര്‍മ്മ വേണമെന്ന് രേവതി മുന്നറിയിപ്പ് നല്‍കി.

ഞങ്ങള്‍ ചിരികളുടെ ചിഹ്നങ്ങള്‍ കൈമാറികൊണ്ട് നില്‍ക്കുമ്പോഴേക്കും പൊട്ടന്‍ തെയ്യം പുറപ്പെട്ട് മേലെരിക്ക് ചുറ്റും പതുക്കെ നടക്കാന്‍ തുടങ്ങിയിരുന്നു. തെയ്യം നെരിപ്പിൽ കിടക്കുമ്പോൾ എല്ലാവരെയും ജാതിപ്പേര് വിളിക്കും. അപ്പൊ പോകാനായി റെഡി ആയി നിൽക്കുന്ന ഒന്ന് രണ്ട് പേർ മറ്റുള്ളവരെ ഉന്തി മാറ്റി നമ്പ്യാർ ഇരിക്കുന്നതിന്റെ കുറച്ചു അകലെയായി പൊട്ടന്റെ വിളികൾക്ക് കാതോർത്തു നിൽക്കുന്നുണ്ട്. ഒന്ന് രണ്ട് തവണ വട്ടം ചുറ്റിയ ശേഷം പാഞ്ഞു ചെന്ന് കനലുകള്‍ കൂമ്പാരമാക്കിയ തീയില്‍ മലര്‍ന്നു കിടന്നു കൊണ്ട് ഉമേശന്റെ പൊട്ടന്‍ ഉച്ചത്തില്‍ അട്ടഹസിച്ചു. ഓരോ ജാതിക്കാരെയും വിളിച്ചു.

ഓരോ വിളിക്ക് പിന്നിലും പരിഹാസത്തിന്റെ വലിയ ചിരികള്‍ പൊട്ടിച്ചു. “ആ ചിരീന്റെ അർത്ഥന്നും ഈ പൊട്ടൻമാർക്ക് മനസ്സിലായിറ്റ്ല,” തെയ്യം തീയില്‍ കിടന്നു വാചാലുകള്‍ [3] ഉരുവിടുമ്പോള്‍ ഞാൻ നിഖിലിനോടും രജീഷിനോടുമായി പറഞ്ഞു. അവര്‍ മറുപടി ഒന്നും പറയാതെ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി വീട്ടിലേക്ക് നടക്കാൻ തുടങ്ങി. നടക്കുമ്പോള്‍ നിഖില്‍ ഉമേശനെക്കുറിച്ച് നേരത്തെ പറയാമെന്നു പറഞ്ഞ കാര്യം പറഞ്ഞു തുടങ്ങി. തെയ്യം കാണുന്ന തിരക്കിനിടയിലും ഉമേശനുമായി അടുത്ത് പരിചയപ്പെടാൻ സാധ്യതയുള്ള കുറച്ചു പെണ്ണുങ്ങളുടെ കണക്ക് ഞാനും രജീഷും എടുത്തിരുന്നു. നിരാശ ആയിരുന്നു ഫലം. സംഗതി ഞങ്ങളുദ്ധേശിച്ച വഴിയിലുള്ള മറ്റേ കേസോന്നും ആയിരുന്നില്ല. പക്ഷെ അതിലും ഗൗരവതരമായ ഒരു കാര്യമെന്ന നിലയ്ക്കാണ് നിഖിലിന്റെ ചലനങ്ങളുണ്ടായിരുന്നത്.

“നീ കാര്യം പറ,” ആകാംക്ഷ നിറഞ്ഞു കവിഞ്ഞു പൊട്ടുമെന്നായപ്പോൾ രജീഷ് ചോദിച്ചു.

“എന്റെ വീട്ടില് മുത്തപ്പന്‍ ഇണ്ടായപ്പോ ഓന്‍ എന്റെ റൂമിന്റെ ഉള്ളില് കേറീന്,” നിഖില്‍ പറഞ്ഞു നിര്‍ത്തി. ചീറ്റിയ പറങ്കി വെടി കണക്കെ എന്റെ മുഖം ‘ശി’ എന്ന് ചുരുങ്ങി. ‘

“ഓ ആയിനെന്നാന്ന്പ്പാ,” ഞാന്‍ ലാഘവത്തോടെ മറുപടി പറഞ്ഞു. നിഖിലിന് അതത്ര ഇഷ്ടായില്ല.

“അങ്ങനെ എല്ലാ വീട്ടിലും കേറി നെരങ്ങാന്‍ ഒനാരാ സ്വാതന്ത്ര്യം കൊടുത്തിനു?”

പെട്ടെന്ന് ആലോചിച്ചു നോക്കിയപ്പോൾ നിഖിൽ പറഞ്ഞതിന്റെ ഉള്ളിലെ അൽകുത്ത് എനിക്ക് മനസ്സിലായില്ല. എങ്കിലും നിഖിലിന്റെ വാർത്തമാനത്തിലെ പൊരിച്ചിൽ കണ്ടപ്പോൾ ഉമേശൻ ചെയ്തത് തെറ്റ് തന്നെയാണെന്ന രീതിയില്‍ എന്റെയും രജീഷിന്റെയും ഒച്ചയടഞ്ഞു.

പൊടുന്നനെ വന്നുചേര്‍ന്ന ഗൗരവകരമായ ഒരു വിഷയത്തിന്റെ ചിന്തയിലെന്ന കണക്കെ പരസ്പരം മിണ്ടാതെ ഞങ്ങള്‍ നടന്നു. വീട്ടിലേക്ക് തിരിയുന്ന തെങ്ങിന്‍തോപ്പിന് നടുവിലെ വഴിയില്‍ എത്തിയപ്പോള്‍ പിന്നെ കാണാമെന്നു പറഞ്ഞു ഞാന്‍ വഴി തിരിഞ്ഞു. വെളിച്ചം തെറിച്ചു വീണു തുടങ്ങിയിരുന്നു. തെങ്ങിന്‍ തോപ്പ് വഴി കേറി കുളത്തിന് അടുത്ത് എത്തിയപ്പോള്‍ കുളത്തില്‍ നിന്നും കണ്ടത്തിലേക്ക്‌ ഒഴുകുന്ന ചാലില്‍ മുശുവിന്റെ പുളപ്പ് ഉണ്ടോന്ന് ഞാൻ വെറുതെ ഒന്ന് എത്തി നോക്കി.

ഇതുവഴി കടന്നു പോകുമ്പോള്‍ എന്നും ഉള്ളിലൊരു വഴുവഴുത്ത പിടപ്പ് വരും. കുളത്തിന്റെ അരികിലെ തോട്ടില്‍ മുശു കയറിയിട്ടുണ്ടെന്ന് പറഞ്ഞു രാത്രി കത്ത്യാളുമായി ചെന്ന് ചട്ടിയില്‍ നിറച്ചും ചോര വാര്‍ന്നു പിടയുന്ന മുശുവിനെയും കൊണ്ടുവരുന്ന അച്ഛന്റെ ചിത്രം മനസ്സില്‍ അത്രയേറെ പതിഞ്ഞിരുന്നു. അച്ഛനെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള ഒരു മീന്‍ വേട്ട ഏറെക്കാലം എന്റെ സ്വപ്നമായിരുന്നു. ചെറിയ കോണ്ക്രീറ്റ് പാലത്തിന്മേല്‍ കുത്തിയിരുന്ന് ചാലിലേക്ക് തന്നെ ശ്രദ്ധയോടെ നോക്കി.പക്ഷെ മുശു വരാനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല. അച്ഛന്റെ കത്തിമൂർച്ച അതിന്റെ തലമുറകളെപോലും പേടിപ്പിച്ചിട്ടുണ്ടാകും.

രണ്ടു മൂന്നു ദിവസം മുന്‍പേ മനോഹരന്‍ പണിക്കര്‍ മകന്റെ പ്രായമുള്ള എന്നോട് കാണിച്ച ബഹുമാനം ഉമേശനില്ലാത്തത് ഇടയ്ക്കൊരു കൊത്തു കൊടുക്കാന്‍ ആളുകളില്ലാത്തതുകൊണ്ടായിരിക്കുമെന്ന ചിന്തയോടൊപ്പം നിഖിൽ പറഞ്ഞതുകൂടി ചേർത്തപ്പോൾ ഉള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ വിഷത്തെ വലിച്ചെടുത്തെന്ന പോലെ ഞാന്‍ തോട്ടിലേക്ക് നീട്ടി തുപ്പി. ഒരു കണക്കിന് നോക്കിയാല്‍ നമ്മള്‍ വഹിക്കുന്ന എല്ലാ ഭയങ്ങളും വിധേയത്വങ്ങളും കൊത്തുകൊള്ളുമെന്ന പേടിയില്‍ ചാല്‍ കടക്കാത്ത മുശുവിനെ പോലെയായിരിക്കും. കണ്ണുകള്‍ ക്ഷീണം കൊണ്ട് കനംകൂടി തുടങ്ങിയപ്പോള്‍ എഴുന്നേറ്റ് ആവുന്നത്ര വേഗത്തില്‍ നടന്നു വീട്ടില്‍ ചെന്നു ഞാന്‍ മൂടിപുതച്ചുറക്കമായി.

vineesh k n , story, iemalayalam

എഴുന്നേല്‍ക്കുമ്പോഴേക്കും സമയം വൈകുന്നേരത്തിനടുത്തെത്തിയിരുന്നു. എഴുന്നേറ്റ് അല്‍പ്പനേരം കഴിഞ്ഞപ്പോഴേക്കും ഒരു ദുസ്വപ്നം കണ്ടതെന്ന കണക്കെ മനോഹരന്‍ പണിക്കര്‍ മരിച്ചെന്ന വിവരമറിയിക്കാനായി രജീഷിന്റെ വിളി വന്നു. പൊട്ടന്‍ ദൈവത്തിനു മുന്‍പില്‍ വിളക്ക് പിടിച്ചു നടക്കുന്ന പണിക്കരെ ഇപ്പോള്‍ കണ്ടതല്ലെയുള്ളൂ. ഉറക്കത്തിന്റെ മന്ദതയില്‍ നിന്നും മരണ വാര്‍ത്ത കേട്ട മരവിപ്പില്‍ നിന്നും പുറത്തു കടന്നയുടനെ ഞാന്‍ രജീഷിനെ തിരിച്ചു വിളിച്ചു. തെയ്യം ഇനിയും കഴിഞ്ഞിട്ടില്ല. പുലചാമുണ്ഡി [4] പുറപ്പെടുന്നതെയുള്ളൂ എന്നു രജീഷ് പറഞ്ഞു. അതുകൊണ്ട് തന്നെ ഉമേശന്‍ വിവരമറിഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയില്ല.

രാവിലെ അഴിച്ചു വച്ച ഷര്‍ട്ട് അയയില്‍ നിന്നും എടുത്തിട്ടു ഞാന്‍ കവലയിലേക്ക് നടന്നു. കവലയില്‍ ചെന്നപ്പോള്‍ ചിലര്‍ ഹോസ്പിറ്റലിലെക്ക് തിരിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. പലരും ഓരോരോ കൂട്ടമായി കവലയില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ നിഖിലും രജീഷും രാജീവേട്ടനും കൂടി നില്‍ക്കുന്നിടത്തേക്ക് ചെന്നു. എങ്ങനെയാണ് പണിക്കര്‍ മരിച്ചതെന്നും ഉമേശനെ വിവരമറിയിച്ചോ എന്നും ചോദിച്ചു.

“അണിയറപോരെന്ന് കൊയ്ഞ്ഞു വീണതാന്ന്. ഓന്‍ തെയ്യല്ലേ കയിഞ്ഞിട്ട്‌ പറയാ’.ഉമേശനോടുള്ള ഈര്‍ഷ്യ പുറത്തു കാണിക്കാതെ നിഖില്‍ മറുപടി പറഞ്ഞു.

ബോഡി വരാന്‍ നേരമെടുക്കുമെന്ന് മനസ്സിലായതോടെ ഇന്നത്തെ ‘സാധനം’ഏതു വേണമെന്ന രീതിയിലേക്ക് സംസാരങ്ങള്‍ കുന്നു കയറി. മൂന്നാല് സംഘങ്ങളുടെ ഓര്‍ഡറും പേറി ഒന്ന് രണ്ടു ബൈക്കുകള്‍ കുതിച്ചു.

‘അവര്‍ക്ക് സങ്കടം.നമ്മക്ക് ആഘോഷം’ ആരോ അതിനിടയില്‍ ഒരു കഷണം തത്വ ചിന്ത ചര്‍ച്ചകള്‍ക്കിടയില്‍ കൊണ്ടിട്ടു.

“അതൊക്കെ തമിഴ്നാട്ടില്‍.അവര്‍ ഡാന്‍സും പാട്ടും.നമ്മക്ക് വേറൊരാചാരം എന്ന് കരുതിയാ മതി,” രാജീവേട്ടന്‍ പറഞ്ഞു.

കൂട്ടംകൂടി നിന്നവരില്‍ ചിലര്‍ ശ്മശാനത്തിലേക്ക് പോയി മുന്‍പത്തെ മരണത്തിന്റെ ശേഷിപ്പുകള്‍ക്ക് മുകളില്‍ കയറി കുറ്റികാടുകള്‍ വെട്ടി വൃത്തിയാക്കി.ദഹിപ്പിക്കാനുള്ള ചിരട്ടകളും ചകിരികളും പെട്ടെന്ന് എടുക്കാവുന്ന തരത്തില്‍ ഒരു ഭാഗത്ത് ചേര്‍ത്ത് വച്ചു. ഞങ്ങള്‍ കുറച്ചു പേര്‍ ഉമേശന്റെ കണക്കില്‍ പീടികയില്‍ നിന്നും അവിലും മിക്ച്ചറും കാപ്പിപൊടിയും വെല്ലവും നാലഞ്ചു പ്ലാസ്റ്റിക് ഗ്ലാസ്സുകളും രണ്ടു കുപ്പി വെള്ളവും വാങ്ങിച്ചു ഒരു പത്രം വിരിച്ച് അതില്‍ വച്ചു അവിലും മിക്ച്ചറും കുഴച്ചു. ഗ്ലാസും വെള്ളവും പൊതിഞ്ഞെടുത്ത അവിലും മിക്ച്ചറും ചേര്‍ത്ത് സഞ്ചിയില്‍ ഇട്ടു ഒരു കല്ലറയുടെ പുറകില്‍ ഒളിപ്പിച്ചു.

കാപ്പി പൊടിയും വെല്ലവും ശ്മശാനത്തിന് അടുത്തുള്ള വീട്ടില്‍ കൊണ്ടു ചെന്ന് ഒരു കാപ്പി വെക്കുവാന്‍ ഏല്‍പ്പിച്ചപ്പോഴേക്കും ബോഡി വന്നെന്ന അറിയിപ്പ് കിട്ടി. ശ്മശാനത്തില്‍ കൂടുതല്‍ സമയം നിന്നാല്‍ എന്തെങ്കിലും സഹായം അവിടെ നില്‍ക്കുന്നവര്‍ക്ക് ചെയ്യേണ്ടി വരും എന്നു മനസ്സിലാക്കിയപ്പോള്‍ മെല്ലെ ഉമേശന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു. ബോഡി എത്തി അല്‍പ്പ നിമിഷങ്ങള്‍ക്ക് ശേഷമാണ് ഉമേശന്‍ കേറി വന്നത്. മുഖത്തെ കണ്മഷിയും അരിച്ചാന്തും പൂര്‍ണ്ണമായും മാഞ്ഞിരുന്നില്ല.കേറി വന്നയുടന്‍ ഇറയത്തു കിടത്തിയിരിക്കുന്ന അച്ഛന്റെ മൃതദേഹത്തിന്റെ കാലില്‍ തൊട്ടു വന്ദിച്ച ശേഷം എഴുന്നേറ്റ് പോയി ഇറയത്തിന്റെ അറ്റത്തുള്ള തൂണിനു പിന്നില്‍ ചാരി കുത്തനെ നോക്കിയിരുന്നു. കാലുകളിലെ പൊള്ളി അടര്‍ന്നു വീഴാറായ തൊലികള്‍ പറിച്ചു കൊണ്ട് പുകഞ്ഞ കണ്ണുകളില്‍ നിന്നും ഇറ്റുവീണ വെള്ളം തുടച്ചു.

vineesh k n , story, iemalayalam

സൈലന്റ് ആയ മൊബൈലില്‍ ‘സാധനം’ വാങ്ങിക്കാന്‍ പോയ ആളുടെ വിളി വന്നപ്പോള്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് കണ്ണുകൊണ്ട് പോകാമെന്ന സിഗ്നല്‍ കൊടുത്തു.വഴിയില്‍ വച്ചു കുപ്പിയും ബാക്കി പണവും വാങ്ങിച്ച ശേഷം ഞങ്ങള്‍ ശ്മശാനം വഴി പോയി കല്ലറയുടെ പുറകില്‍ നേരത്തെ ഒളിച്ചു വച്ച പൊതിയെടുത്ത്‌ ചെമ്പകവും ഉയര്‍ന്നു നില്‍ക്കുന്ന പുല്ലുകളും ചീങ്ങ മുള്ളുകളും വകഞ്ഞു മാറ്റി കശുവണ്ടി തോട്ടത്തിലേക്ക് കടന്നു. ഇരിക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുത്തു വൃത്താകൃതിയില്‍ ഇരുന്നു. കുപ്പിയുടെ അടപ്പ് തുറന്നപ്പോള്‍ തന്നെ ഞങ്ങളുടെ സംസാരങ്ങള്‍ മനോഹരന്‍ പണിക്കരുടെ മരണത്തിലേക്കും ഉമേശന്റെ പൊട്ടന്‍ തെയ്യത്തിലെക്കും കടന്നു.

“ഒരു മലയന്‍ അംഗീകരിക്കപ്പെടുന്ന തെയ്യമാണ്‌ പൊട്ടന്‍,” മദ്യമൊഴിച്ച ഗ്ലാസ്സുകളിലെക്ക് വെള്ളം പകരുമ്പോള്‍ പരിമിതമായ കേട്ടറിവ് വച്ചു ഞാന്‍ പറഞ്ഞു.

“തൊടങ്ങി ഓന്റെ തെയ്യക്കഥ,” എന്ന് പറഞ്ഞുകൊണ്ട് നിഖില്‍ പരിഹസിച്ചു.

സംസാരങ്ങള്‍ പതിയെ നിഖില്‍ രാവിലെ ഞങ്ങളോട് പറഞ്ഞ ഉമേശന്‍ അവന്റെ വീട്ടിനുള്ളില്‍ കയറിയ വിഷയത്തിലേക്ക് കടന്നു. കുറച്ചു കാലമായി ഇങ്ങനെയുള്ള കൂടിയിരുപ്പുകളില്‍ ഈ വിധ വിഷയങ്ങള്‍ സംസാരിക്കാറുണ്ടെങ്കിലും കൂട്ടത്തിലൊരുവന്റെ നേരിട്ടുള്ള അനുഭവം ചര്‍ച്ചയായി വരുന്നതിതാദ്യമായാണ്.

“ഇനി ഒരവസരത്തില്‍ അങ്ങനെ അടുത്ത് ഇടപെടാന്‍ ഓന്‍ വന്നാ അതൊന്നും ഈട പറ്റൂലാ എന്ന് പറഞ്ഞാ മതി,” കയ്യിലുള്ള ഗ്ലാസ്സിലെത് ഒറ്റവലിക്ക് കുടിച്ചുകൊണ്ട് ഞാന്‍ പരമാവധി മാന്യനായി.

“പിന്നെ ഇതെല്ലാം നോട്ടിസ് അടിച്ചിട്ടാണല്ലോ ചെയ്യല്,” നാട്ടിലെ മുന്തിയ തറവാട്ടുകാരനായ രാജീവേട്ടന്‍ എന്നെ പരിഹസിച്ചു. രാജീവേട്ടന്റെ മോൾ അശ്വതിയുടെ കൂടെ ഒരുത്തൻ സ്ഥിരം പോകുന്നുണ്ടെന്ന് പറഞ്ഞു കേട്ട് ഒരു ദിവസം ഞാനും രജീഷും ചേർന്ന് അവനെ വഴിയിൽ വച്ചു കയ്യോടെ പൊക്കിയിരുന്നു .കണ്ടപാടെ രജീഷ് ഒരു കിണ്ണംകാച്ചിയ അടി അവന്റെ മുഖത്തിട്ടു പൊട്ടിച്ചു. കിട്ടിയ അവസരത്തിൽ ഞാനും. അതിനു ശേഷം രാജീവേട്ടന് ഞങ്ങളോട് ഒരു പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ട് കുറച്ചു മയത്തിൽ മാത്രമേ മിണ്ടൂ. എന്നാ സമുദായത്തിൽ തൊട്ടാൽ രാജീവേട്ടൻ പുലിയെ പോലെ അമറും.

“എന്നിട്ടാന്നോ രായീവേട്ടാ എല്ലാരേം ഒരേ സ്ഥലത്ത് വെക്കാന്‍ ഒരു ശ്മശാനം.” അതിനിടയില്‍ പുതുതായി ഉണ്ടാക്കിയ പൊതുശ്മാശാനത്തെ വിമര്‍ശിച്ചുകൊണ്ട് രജീഷ് അഭിപ്രായപ്പെട്ടു.

രാജീവേട്ടന്‍ മുന്‍പ് പൊതുശ്മശാനം ഉണ്ടാക്കാന്‍ ഓടിനടന്നവരില്‍ പ്രധാനിയും പുതിയ കാലാവസ്ഥയില്‍ അത് തെറ്റായിപോയെന്നു ചിന്തിക്കുന്നവരില്‍ ഒരാളുമാണ്. രജീഷ് അത്‌ പറയുമ്പോൾ ഞാനൊന്നും മിണ്ടിയില്ല.

“നിനക്കല്ലേ ഇവരോട് വല്യ ബഹുമാനം,” എന്ന് പറഞ്ഞു നിഖില്‍ എന്നോട് ചാടിക്കയറി.

“ശരിക്കും അങ്ങനെ ഒന്നൂല്ലാടാ.”

ഉമേശനുമായി മുന്‍പ് അടുപ്പം കാണിച്ചതില്‍ എനിക്ക് ജാള്യത തോന്നി.

“നീ കൊറച്ച് ഓവറാന്ന്”  രജീഷ് എന്നെനോക്കി ഉപദേശമെന്ന കണക്കെ പറഞ്ഞു.

“എല്ലാ ജാതിക്കും ഓരോ സംഘടന ഒക്കെ ഇണ്ട്രാ. പിന്ന നമ്മക്ക് മാത്രം ഇതൊന്നും പറ്റൂല്ലാന്ന് വെച്ചാ.”

എന്നെയൊന്നു ഇരുത്താന്‍ പറ്റിയ അവസരം നിഖിലും രജീഷും ഉപയോഗിക്കുകയാണ്.

“അങ്ങനെ നോക്ക്യാ നമ്മ നാലും നാല് ടൈപ്പല്ലെടാ,” ഞാന്‍ പൊടുന്നനെ പറഞ്ഞു.

ചോദ്യത്തിന്റെ കാഠിന്യം പിടികിട്ടിയതുകൊണ്ട് നിഖിലും രജീഷും പിന്നെ മിണ്ടിയില്ല. അവര്‍ രണ്ടുപേരും ജാതീയമായി എന്നെക്കാള്‍ താഴെയാണെന്ന ഗൂഡമായ ആനന്ദം ചോദ്യത്തില്‍ മുഴങ്ങിയിരുന്നു. ആ നിമിഷം മുതല്‍ സ്വയം നിയന്ത്രിക്കാനാകാത്ത മറ്റൊരാളായി പരകായപ്പെടുന്നതായി എനിക്ക് തോന്നി.

സംസാരം നീണ്ടുപോകുന്നതിനിടയില്‍ ശ്മശാനത്തില്‍ ബോഡി എത്തിയതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. നടക്കുമ്പോള്‍ എന്നെ പുറകില്‍ നിന്നും തോണ്ടി നമ്മള്‍ നമ്മളുടെ കാര്യം നോക്കിയാല്‍ മതി നിഖിലിന്റെയും രജീഷിന്റെയും കാര്യത്തില്‍ കൂടുതല്‍ ഇടപെടേണ്ട എന്ന രീതിയിലുള്ള ചില സിഗ്നലുകള്‍ രാജീവേട്ടന്‍ തന്നു.

ശ്മശാനത്തില്‍ എത്തിയപ്പോള്‍ വണ്ടുകള്‍ ആര്‍ക്കുന്ന പോലെ ജനക്കൂട്ടം.ഞങ്ങള്‍ നോക്കിയപ്പോള്‍ ശവമഞ്ചല്‍ പിടിച്ചതില്‍ രണ്ടുപേര്‍ ഒന്ന് എന്റെയും നിഖിലിന്റെയും ബന്ധുക്കള്‍.  അത് കണ്ടതും നിഖില്‍ പല്ലിറുമ്മി.

“ഈ സമയത്തൊന്നും മിണ്ടാന്‍ പോണ്ട.നമ്മക്കിത് പിന്ന പറയാ…” സ്വയമെന്നപോലെ ഞാന്‍ നിഖിലിനെ സമാധാനിപ്പിച്ചു.

vineesh k n, story, iemalayalam

ചിത കത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ ബാക്കിയുള്ള മദ്യത്തെ ഓര്‍ത്തുകൊണ്ട് തിരിച്ചു തോട്ടത്തിലേക്ക് നടന്നു. ചുറ്റിലും ഇരുട്ട് പതുക്കെ കയറി വരുന്നു. പരസ്പരം മിണ്ടാത്ത കുറച്ചു നേരങ്ങള്‍ക്ക് ശേഷം ഇരുട്ടിലും വെളുത്ത തൂവലുകള്‍ പോലെ മനോഹരന്‍ പണിക്കരുടെ ചിത കത്തുന്ന പുക മുകളിലേക്ക് പരക്കുന്നത് കണ്ടു. കണ്ണും മനസ്സും പുകഞ്ഞപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു. മൊബൈലില്‍ ടോര്‍ച്ചു കത്തിച്ചു കാലിയായ കുപ്പികളും തിന്നതിന്റെ ബാക്കിയും കമ്മൂണിസ്റ്റ് പച്ചയുടെ കാടിന്റെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു മെല്ലെ നടന്നു.

“ഇതൊക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യാന്നു നിഖിലെ. എടുത്തു ചാട്ടം നന്നല്ല. പരസ്യായി ജാതി പറഞ്ഞാലെല്ലാം വെല പോകും,” സമൂഹത്തില്‍ ഇടപെട്ടു പരിചയമുണ്ടായിരുന്ന രാജീവേട്ടന്‍ എല്ലാവരോടുമായി പറഞ്ഞു.

മൊബൈല്‍ വെളിച്ചത്തില്‍ നടക്കുമ്പോള്‍ ചിന്തകള്‍ പലവഴികളില്‍ തെന്നി. ഉമേശനുമായി ചെറുപ്പത്തിലുണ്ടായിരുന്ന അടുപ്പം ഈയടുത്ത് കുറഞ്ഞത് നന്നായെന്ന തോന്നലുണ്ടായി.

‘അവസരം കൊടുത്താ ഇവനൊക്കെ തലേൽ കേറി നെരങ്ങും,’ മുൻപ് അച്ഛൻ പറഞ്ഞത് ശരിയാണ്.

കുറച്ചു സ്വാതന്ത്ര്യം കൊടുത്തപ്പോൾ നമ്മളെ ഭരിക്കാൻ വരാൻ തുടങ്ങി. ഉമേശൻ തന്നെ നാട്ടിലെ വലിയ എന്തോ ആണെന്നാണ് അവന്റെ വിചാരം. കണ്ടാൽ വരെ ഒരു തെയ്യക്കാരന്റെ ബഹുമാനമില്ല.
നടന്നു തെങ്ങിന്‍ തോപ്പിന് സമീപത്തെ കുളത്തിന് അടുത്തെത്തിയപ്പോള്‍ ചെറുപ്പത്തില്‍ ഉമേശന്റെ കൂടെ കണ്ടത്തിലെ ചെളിയില്‍ കളിച്ചതും മീന്‍ പിടിച്ചതും ഓര്‍മ്മ വന്നു. കുളത്തിന്റെ കരയില്‍ മാത്രം ചൂണ്ടയുമായി ഒതുങ്ങി നിന്നിരുന്ന ഞാന്‍ ഉമേശന്റെ കൂടെ കൂടിയതിനു ശേഷമാണ് ഞണ്ടിനെയും ചെമ്മീനെയും പിടിച്ചു വയലുകളും കൈപ്പാടുകളും താണ്ടി പുഴക്കര വരെയെത്തിയത്.

എത്രയോ മുശുവും ചെമ്മീനും ഞണ്ടും ഞങ്ങള്‍ ചുട്ടും കറിവെച്ചും തിന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് തന്നെ ഉമേശന്‍ തെയ്യം പഠിക്കുന്നുണ്ട്. പകല്‍ മുഴുവന്‍ ഉമേശന്റെ കൂടെയാണ് എന്റെ നടപ്പെന്നു കണ്ട ആരോ വിവരം വീട്ടില്‍ അറിയിച്ചതോടുകൂടിയാണ് കളികള്‍ മെല്ലെ ഫുട്ബോളിലെക്കും ക്രിക്കറ്റിലെക്കും മാറ്റപ്പെട്ടത്.

യു പി സ്കൂള്‍ കഴിഞ്ഞപ്പോള്‍ സ്കൂളുകള്‍ മാറിയതും പിന്നീട് ഉമേശന്‍ തെയ്യവുമായി ബന്ധപ്പെട്ടു പോയ്തുടങ്ങിയതിനും ശേഷം ഞങ്ങളുടെ അകലം കൂടി. ഒരിക്കല്‍ ഉമേശന്‍ കെട്ടിയ ഗുളികന്‍ എന്നോട് കുറി തരുമ്പോള്‍ ഒന്നും പറയാതിരുന്നത് അവന്റെ അഹങ്കാരം കൊണ്ടാണെന്നോര്‍ത്ത് ഞാന്‍ കുറച്ചു കാലമായി ഉമേശനെ കണ്ടാലും മിണ്ടിയിരുന്നില്ല. തെയ്യമായും പൊതുപ്രവര്‍ത്തനമായും ഉമേശന്‍ ശോഭിച്ചു തുടങ്ങിയതോടുകൂടി തിരക്കുള്ള ഉമേശനെ കണ്ടുമുട്ടുന്നതുപോലും കുറഞ്ഞു.

തോട്ടിലെ കല്ല്‌ കെട്ടിയ പടികള്‍ ചാടിയിറങ്ങി പതിവുപോലെ തോട്ടിലേക്ക് ഒന്ന് എത്തിനോക്കിയ ശേഷം കവുങ്ങിന്റെ പാലം കടന്നു ഞാന്‍ തോടിന്റെ എതിര്‍വശത്തെ അരികുവഴി മുന്നോട്ടു നടന്നു. ഓര്‍മ്മകളില്‍ നിന്നും പുറത്തിറങ്ങി വഴിയുടെ അരികിലുള്ള ടെലിഫോണ്‍ പോസ്റ്റില്‍ ഒരു കല്ലെടുത്ത്‌ കുത്തി ശബ്ദമുണ്ടാക്കിയ ശേഷം ആ ശബ്ദത്തിന്റെ വിറയലില്‍ നിന്നും നടക്കുമ്പോള്‍ എന്നെ കൂടാതെ ഒരു നിഴലുകൂടി പിന്നിലുള്ളതായി ഒരു തോന്നലുണ്ടായി.

ഒരു ചിലങ്ക കുലുങ്ങുന്നതോ അതോ ഒരു പൊട്ടിച്ചിരിയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള ഒരൊച്ച അവിടെമാകെ പ്രതിധ്വനിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ നേര്‍ത്ത വെളിച്ചത്തില്‍ ഒരു രൂപം പതുക്കെ നടന്നു വരുന്നതായി കണ്ടു. പച്ചോല കത്തുന്ന ഗന്ധവും വല്ലാത്തൊരു തണുപ്പും ചുറ്റിലും പൊതിയുന്നു. ജീവിതത്തില്‍ ഇതുവരെ ഇല്ലാത്തത്രയും പേടിയില്‍ എനിക്ക് ശ്വാസം മുട്ടി.

പൊടുന്നനെ നേർത്ത വെളിച്ചം ഒരു പകലിനെക്കാൾ വലിപ്പമുള്ളതായി മാറി.വെളിച്ചത്തെ മൂടുന്നത്രയും വലിയ ആ വെളിച്ചത്തിന് മുന്‍പില്‍ കണ്ണഞ്ചി നിന്നുകൊണ്ട് ഞാന്‍ വീട്ടിലേക്കുള്ള വഴി തിരഞ്ഞു. മുന്‍പ് കേട്ട അതെ ശബ്ദമപ്പോള്‍ വീണ്ടും വ്യക്തമായി കേട്ടൂ. പേടിക്കുള്ളില്‍ കുടുങ്ങിക്കൊണ്ട് അതാരാണെന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ വീണ്ടുമൊരു ചിരി മറുപടി കിട്ടി. എനിക്കാളെ മനസ്സിലായി.

vineesh k n , story, iemalayalam

“നീ ശരിക്കും പേടിച്ചു പോയോ,” ഉമേശന്‍ ചോദിച്ചു.

“ഞാന്‍ പേടിച്ചു ചത്ത്‌ പോയിനെങ്കിലോ…” ഞാന്‍ ഉമേശനെ തെറി വിളിച്ചു.

“നീയെല്ലും ബേക്കോട്ട് ആന്നോടാ പോന്ന്,” എന്ന് ഉമേശന്‍ ചോദിച്ചപ്പോള്‍ ഞാൻ ഒന്നും മനസ്സിലാകാത്തവനെപോലെ നിന്നു. അപ്പോൾ ഞങ്ങളുടെ ശ്‌മശാനത്തിൽ വച്ചുള്ള സംസാരങ്ങളെക്കുറിച്ചുള്ള സൂചന അവൻ തന്നു. എനിക്ക് അത്ഭുതം തോന്നി.

“അതെല്ലും വെറ്തെടാ…” ഉമേശന് മനസ്സിലാകും എന്നറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ കള്ളം പറഞ്ഞു.

“നിനിക്കൊക്കെ വല്ല നല്ല കാര്യോം ചിന്തിച്ചൂട്രാ,” ഉമേശന്‍ പറഞ്ഞപ്പോള്‍ ഞാനൊന്നും മിണ്ടിയില്ല.

“നിനിക്കൊന്നും മറ്റ് കാര്യത്തിനൊന്നും ഈ ചിന്ത കാണ്ന്നില്ലല്ലാ,” ഉമേശന്‍ അല്‍പ്പം കടുപ്പിച്ചാണ്.

“നീ രണ്ടൂസം മുന്‍പ് നമ്പര്‍ വാങ്ങിച്ച രജനി ആരാന്ന്,” ഉമേശന്‍ തുടര്‍ന്നപ്പോള്‍ ഞാന്‍ ഞെട്ടി.

ആരുമറിയാത്ത, എന്റെയുള്ളില്‍ മാത്രമുള്ള രഹസ്യം എങ്ങനെ ഇവനറിഞ്ഞു? ഇവനാണെങ്കില്‍ അവളെ പരിചയം പോലുമില്ല. മാത്രമല്ല അവള്‍ക്ക് പോലും എന്റെ ഉദ്ദേശം മനസ്സിലായിട്ടുമില്ല. പിന്നെങ്ങനെ?

“നിനക്ക് മറ്റുള്ളോരുടെ ഉള്ളു മനസ്സിലാക്കാനുള്ള കഴിവുണ്ടോ ഉമേശാ,” ഞാന്‍ അറിയാതെ ചോദിച്ചു പോയി.

ഉമേശന്‍ ഒന്നും മിണ്ടിയില്ല. പകല്‍ പോലെ തെളിഞ്ഞ വഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു.

“ഞാന്‍ പറയുന്ന ഒന്ന് രണ്ടു കാര്യത്തിനു നിനക്ക് ഉത്തരം തരാന്‍ പറ്റുവോ?” ഉമേശന്‍ വളരെ ശാന്തനായി ഒരു ചോദ്യം എന്റെ നേരെ എറിഞ്ഞു.

ഈ ലോകത്തില്‍ അറിയാനായി ഒന്നുമില്ലെന്ന മട്ടില്‍ ഞാന്‍ ഉമേശനെ നോക്കി.

“നിനിക്ക് നിന്റെ അച്ഛന്റെ മൂന്നാല് തലമുറകള്‍ക്കപ്പുറമുള്ള ആള്‍ക്കാരാരാന്ന് അറിയാ?”

ഉമേശന്‍ ചോദിച്ചപ്പോള്‍ ഞാനെന്റെ ജാതിപ്പേര് അഭിമാനപൂര്‍വ്വം പറഞ്ഞു.

“എന്നാ അതല്ല ഓറു ഞങ്ങടെ ആളാ.”

ഉമേശന്റെ മറുപടി കേട്ടപ്പോള്‍ എനിക്കരിശം വന്നു. ഞാൻ ഉമേശനെ നിർത്താതെ തെറി വിളിച്ചു.

“നീ ചൂടായിറ്റൊന്നും കാര്യൂല്ല. സത്യം അതാന്ന്. പഴയ ഉഷാര്‍ തെയ്യക്കാരന്‍ ആരുന്നു ഓറു. ഓറെ പൊട്ടന്‍ തെയ്യം ഉഗ്രനാരുന്നു,” ഉമേശന്‍ കൂസലില്ലാതെ എന്നെ നോക്കികൊണ്ട്‌ പറഞ്ഞു.

vineesh k n , story, iemalayalam

പൊടുന്നനെ അത് വരെയുണ്ടായിരുന്ന വെളിച്ചം കെട്ടു. വഴി മനസ്സിലാകാതെ ഞാന്‍ തപ്പി. ഉമേശന്‍ തുടര്‍ന്നു.

“ഈ പിതൃത്വം എന്ന് പറയുന്ന സാധനം ഗര്‍ഭം പേറിയ സ്ത്രീക്ക് മാത്രം അറിയാവുന്ന വല്ല്യൊരു രഹസ്യമാന്നെടാ.അപ്പൊ നീയെങ്ങനെ നിന്റെ ജാതി ഒറപ്പിക്കും?”

ഉമേശന്‍ പറഞ്ഞു നിര്‍ത്തിയതും പൊടുന്നനെ മുന്‍പില്‍ പൊട്ടിവീണ ഇരുട്ടില്‍ കാലു തെറ്റി ഞാന്‍ തോട്ടിലേക്ക് പതിച്ചു. ഉമേശനെ വിളിച്ചപ്പോള്‍ മറുകൂറ്റ് ഇല്ലാത്തതു എന്നെ അത്ഭുതപ്പെടുത്തി. ഇത്ര വേഗം ഇവനെതെവിടെ പോയി? തോടിനു സമീപത്തെ പുളിമരത്തില്‍ പിടിച്ചു ഞാന്‍ പ്രയാസപ്പെട്ട് കേറി ചുറ്റിലും നോക്കി ഉമേശനെ തിരഞ്ഞു.

ഒരു സ്വപ്നത്തിലാണ് നില്‍ക്കുന്നതെന്ന് പൊടുന്നനെയെനിക്ക് തോന്നി. ബോധത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ചോപ്പും മഞ്ഞയും കലര്‍ന്ന ഒരോല ചൂട്ടിന്റെ വെളിച്ചവും ഒരു ചിലങ്കയുടെ കിലുക്കവും എന്റെ മുന്‍പിലേക്ക് വന്നു വീണു. ശബ്ദ വെളിച്ചങ്ങള്‍ക്ക് പിന്നാലെ തെളിഞ്ഞ വീട്ടിലേക്കുള്ള വഴിയില്‍ വെപ്രാളപ്പെട്ട് കൊണ്ട് ഞാന്‍ സ്വയമറിയാതെ ഓടി.

വീട്ടിലെത്തി കിതപ്പാറ്റിയ ശേഷം ഞാനുടനെ തന്നെ ഉമേശനെ വിളിച്ചു. സംഭവങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഉമേശന്‍ ചിരിച്ചു. പുലർച്ചെ പൊട്ടന്‍ തെയ്യം പുറത്തു വിട്ട ചിരികള്‍ ഉമേശന്റെയുള്ളില്‍ നിന്നും പുറത്തു വരുന്നു. ഉമേശന്റെ ചിരി ഉച്ചത്തിലായപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ചിലതൊക്കെ ആലോചിച്ചുറപ്പിച്ച ശേഷം ഫാനിന്റെ കാറ്റിലും പൊടിഞ്ഞ വിയര്‍പ്പ് തുടച്ചുകൊണ്ട് ഞാന്‍ രാജീവേട്ടനെയും നിഖിലിനെയും രജീഷിനെയും വിളിച്ചു എത്രയും പെട്ടെന്നൊന്നു വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു.

എന്താണ് കാര്യമെന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചുവെങ്കിലും വിശദീകരിച്ചില്ല. എനിക്കെന്തോ അപകടം പിണഞ്ഞെന്നു കരുതി പാഞ്ഞെത്തിയ മൂന്നുപേരെയും മുറ്റത്ത് നിര്‍ത്തി തുമ്പിന്റെ അറ്റത്ത് ചാഞ്ഞു കിടന്നു കൊണ്ട് ഞാന്‍ പൊട്ടന്‍ തെയ്യം ചിരിക്കുന്നത് പോലൊന്ന് ചിരിച്ചു. ഇവനിതെന്തു പറ്റിയതെന്നു അവര്‍ അത്ഭുതപ്പെട്ടപ്പോള്‍ അവരവരുടെ പിതാമഹന്മാരുടെ കൂടി കുഴഞ്ഞ ജാതിയെ ചൂണ്ടി മൂവരെയും കണക്കിന് പരിഹസിച്ചു.

ഓരോ ചോദ്യങ്ങള്‍ ഉരുവിടുമ്പോഴും ഈ സമയത്ത് വിളിച്ചുവരുത്തി ഇവനെന്ത് പൊട്ടത്തരമാണ് പറയുന്നതെന്ന് പരസ്പരം ചോദിച്ചവര്‍ പോകാനൊരുങ്ങി. ഈ ചിരിയുടെ പൊരുൾ നിങ്ങൾ തീർച്ചയായും മനസ്സിലാക്കണമെന്ന് പറഞ്ഞു അവരെ തടഞ്ഞു നിര്‍ത്തി നിര്‍ത്താതെ വീണ്ടും ചോദ്യങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നപ്പോള്‍ ഞാനിറങ്ങി വന്ന അതെ സ്വപ്നത്തില്‍ പെട്ടുപോയവരെപോലവര്‍ കുഴങ്ങി. അപ്പോള്‍ മുറ്റത്തെ തുമ്പിലേക്ക് ഒന്നുകൂടി ചാഞ്ഞു കിടന്നുകൊണ്ട് ഞാന്‍ കൈനീട്ടിക്കൊണ്ട് ഉച്ചത്തില്‍

പരിയാരന്‍ മാച്ചറെ… [5]

മാടായി ഇളങ്ങീലെ …

മാട്ടുമ്മല്‍ തണ്ടെ …

എന്നിങ്ങനെ അവരവരുടെ ജാതി പേരുകള്‍ വിളിച്ചു.ഓരോ പേര് വിളിക്കുമ്പോഴും പരിഹാസം കൊണ്ടെന്റെ ചുണ്ടുകള്‍ കോടി ചെറിയ ചിരികള്‍ പുറത്തു ചാടി. പിന്നീടത് ഒരിക്കലും തീരാത്ത ഭൂമി കുലുങ്ങുന്ന അട്ടഹാസമായി മാറി. പൊടുന്നനെ ഒരു ദീര്‍ഘമായ ഉറക്കത്തിന്റെ ക്ഷീണം വന്നു മൂടിയതും ദേഹം കുഴഞ്ഞു ഞാന്‍ ഭൂമിയിലേക്ക് താഴ്ന്നു പോയി.

[1] പൊട്ടന്‍ തെയ്യത്തിനു മുന്‍പേ പുറപ്പെടുന്ന തെയ്യം.ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ നന്ദികേശന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

[2] മേലേരി-കനലുകള്‍ കൊണ്ടുള്ള കൂമ്പാരം.

[3] തെയ്യമുരുവിടുന്ന മൊഴികള്‍

[4] ശ്രീ പാര്‍വ്വതി സങ്കല്‍പ്പം.പുലമാരുതന്‍,പുലപൊട്ടന്‍,പുലചാമുണ്ഡി എന്നീ മൂന്നു തെയ്യങ്ങളും ഒരേ കോലധാരി തന്നെ കെട്ടിയാടുന്നു.

[5] പൊട്ടന്‍ തെയ്യം ഓരോ സമുദായക്കാരെയും വിളിക്കുന്ന പേരുകള്‍.

Read More: പരകായം-വിനീഷ് കെ എൻ എഴുതിയ കഥ

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Vineesh kn short story nerippu

Next Story
മിസ്റ്റർ പ്രകാശവർഷം-വിമീഷ് മണിയൂർ എഴുതിയ കവിതvimeesh poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com