Latest News

പരകായം-വിനീഷ് കെ എൻ എഴുതിയ കഥ

കിട്ടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഏതാഗ്രഹവും ഒടുവിൽ സമ്മാനിക്കുന്നത് നിരാശയായിരിക്കുമെന്നും അതിലേക്ക് എത്തിയ വഴികൾ പിന്നെ നമ്മൾ ഓർക്കുകയില്ലെന്നും പ്രവചിക്കാനാകാത്ത സങ്കീർണ്ണമായ മനസ്സിന്റെ അടിമകളാണ് നമ്മളെന്നും ആ സമയം എനിക്ക് തോന്നി

vineesh k n , story, iemalayalam

ദീപേഷ് എന്നോട് പറഞ്ഞ ആ സംഗതി അന്ന് വൈകുന്നേരത്തെ കൂടിയിരുപ്പിൽ അത്യാവശ്യം എരിവ് ചേർത്ത് മൈന മുരളിക്കും മൊട്ടക്കണ്ണൻ പവിത്രനും മദ്യത്തിന്റെ കൂടെ തൊട്ടുകൂട്ടാനായി ഞാൻ പകർന്നു കൊടുത്തു. എല്ലാ രഹസ്യങ്ങളുമെന്ന പോലെ ശബ്ദം കുറഞ്ഞ പരസ്യങ്ങളായി അത് നാട് മുഴുവൻ പടർന്നു. പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നങ്ങളാണെന്ന രീതിയിലുള്ള ഒരു പെരുമാറ്റവും ദീപേഷിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല.പകരം വലിയൊരു തെറ്റ് ചെയ്തവനെപോലെയുള്ള കുറ്റബോധവും പേറി ഞാൻ വല്ലാത്ത ഒരു ജാള്യതയിൽ ദീപേഷിനെ അഭിമുഖീകരിക്കാനാകാതെ വലഞ്ഞു.

സംഭവങ്ങളുടെ തുടക്കം ഞാനും ദീപേഷും പെയിന്റിങ്ങിൽ ഞങ്ങളുടെ ഗുരുവുമായ മൊട്ടക്കണ്ണൻ പവിത്രനുമായി ചേർന്ന് ജോലി ചെയ്യുന്ന ദുർഗ്ഗ ബോഡി വർക്ക്ഷോപ്പിൽ വച്ചാണ്. മൊട്ടക്കണ്ണുമായി എനിക്ക് ഗുരുശിഷ്യനിൽ കവിഞ്ഞു ചിരകാല സുഹൃത്ത് ബന്ധമുണ്ടായിരുന്നതിനാൽ മൊട്ടക്കണ്ണിന്റെ പണിക്കാരനാണെന്ന തോന്നൽ എനിക്കുണ്ടായിരുന്നില്ല. ഒരു ജോലി സ്ഥലത്ത് കിട്ടാവുന്നതിൽ വച്ചു ഏറ്റവും സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടിരുന്ന കാലത്താണ് പൊടുന്നനെ ഒരു ദിവസം ‘നാളെ മുതൽ പണിക്ക് ദീപേഷ് കൂടി വരുന്നുണ്ടെന്ന് ‘മൊട്ടക്കണ്ണൻ പറയുന്നത്. അടുപ്പമില്ലായിരുന്നുവെങ്കിലും ദീപേഷിനെ എനിക്ക് നന്നായി അറിയാമായിരുന്നു. പണ്ട് രക്തം തിളച്ചു പൊന്തുന്ന പ്രായത്തിൽ ദീപേഷ് ഞങ്ങൾക്കിടയിലെ സ്ഥിരം സംസാര വിഷയമായിരുന്നു.

കൊടോപ്രത്തെ സുമയുടെ കല്യാണ തലേന്ന് രാത്രി അശോകൻ ദീപേഷിനെ ഇരുട്ടിൽ കസേരക്കൂട്ടങ്ങൾക്കിടയിൽ വച്ചു എന്തോ ചിലത് ചെയ്‌തെന്ന കഥ ഞങ്ങൾ സ്ഥിരം ഇഴകീറിയെടുത്തിരുന്നു. റോഡിന്റെ ഓരം ചേർന്ന് നിൽക്കുന്ന പ്രവർത്തിക്കാത്ത പഴയ ചായപീടികയുടെ കാലുകൾ ഇളകുന്ന ബെഞ്ചിൽ ഇരുന്നു പലരും ദീപേഷിനെ കാണുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ആ സംഭവം പറഞ്ഞു രസിച്ചു. അതിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ ചേർക്കുകയും കുറക്കുകയുമായിരുന്നു ഞങ്ങൾ കുറച്ചു പേരുടെ പ്രധാന വിനോദം. ആ സമയത്തൊക്കെ ദീപേഷ് ആൾക്കൂട്ടങ്ങളിലൊന്നും ചേരാതെ സ്‌കൂളും വീടുമായി ജീവിച്ചെങ്കിലും ഞങ്ങൾ പടർത്തികൊണ്ടിരുന്ന ഈ പേര് ദോഷം കുറേക്കാലത്തേക്ക് അവനെ വിട്ടൊഴിഞ്ഞതേയില്ല. എങ്കിലും കാലങ്ങൾ കഴിഞ്ഞപ്പോൾ ശീലമായതെന്തും മടുക്കുന്ന സാധാരണ മനുഷ്യരെപ്പോൽ പതിയെ ഞങ്ങൾക്ക് ദീപേഷിന്റെ കഥയും മടുത്തു. ദീപേഷിനെയോ അശോകനെയോ കണ്ടാൽ ഓർക്കുമെങ്കിലും ഞങ്ങളത് തീരെ സംസാരിക്കാതെയായി. കൂടാതെ ഒരു തെയ്യത്തിന്റെ തലേന്ന് അശോകനുമായി ഉണ്ടായ ചെറിയ തർക്കത്തിൽ തല്ല് കിട്ടി നാണം കെടേണ്ടി വന്നപ്പോൾ ഞങ്ങൾക്ക് അശോകനെ ഒറ്റയ്ക്ക് കിട്ടിയാൽ തിരിച്ചു തല്ലണമെന്ന പകയുമുണ്ടായി. ബസ്സിലെ ഡ്രൈവർ ജോലി കഴിഞ്ഞു വരുമ്പോൾ ഇരുട്ടിൽ ചിറ്റോത്തെ പറമ്പിൽ വച്ചു തല്ലാമെന്നും ഞങ്ങൾ കുറച്ചു പേർ പദ്ധതി തയ്യാറാക്കി ഊഴം കാത്തിരുന്നു.

എല്ലാ നിലയിലും അവസരം ഒത്തു വന്നു ഫൈനൽ വിസിൽ മുഴങ്ങിയ ദിവസത്തിലാണ് യുവാക്കളുടെ സ്വകാര്യ സ്വപ്നങ്ങളിൽ നിരന്തരം സാന്നിധ്യമുണ്ടായിരുന്ന ചന്ദ്രികയെ തൃച്ചംബരം അമ്പലത്തിൽ പോയി താലി കെട്ടികൊണ്ടുവരുന്ന അതിഭാഗ്യവാനായ അശോകനെ ഞങ്ങൾ കാണുന്നത്. അതോടു കൂടി ഞങ്ങളുടെ സംഘത്തിന് ഒരു തരം വിറയലോടുകൂടിയുള്ള തളർച്ച വന്നു. പിന്നീടുള്ള ഞങ്ങളുടെ ദിവസങ്ങൾ ഈ അത്ഭുത വാർത്തയെ ചുറ്റിപറ്റി മരിച്ചു. നാട്ടിലെ യുവാക്കളിൽ പലരും കുരുക്കിടാൻ നോക്കിയപ്പോഴൊക്കെ ഒരു കാട്ടു പൂച്ചയെപ്പോൽ മുരണ്ട ചന്ദ്രിക എങ്ങനെ ആരുമായും അടുപ്പമില്ലാതെ മുരടനായ അശോകനെ ഇഷ്ടപ്പെട്ടുവെന്നതിലെ രസതന്ത്രം മാത്രം ഞങ്ങൾക്ക് മനസ്സിലായില്ല.

പ്രായത്തിൽ വളരെയേറെ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഈ വക വിഷയങ്ങളിൽ പരസ്പരം ഹൃദയം കൈമാറിയിരുന്ന ഞാനും മൈനയും മൊട്ടക്കണ്ണനും മറ്റുള്ളവരുടെ ചർച്ചയ്ക്ക് സാമാന്തരമായി കലുങ്കിൻ മുകളിലിരുന്ന് അശോകന്റെ ചില പോരായ്മകളെക്കുറിച്ചും വൈവാഹിക ജീവിതത്തിൽ അവർക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു ചില സംശയങ്ങളിൽ പെട്ടു. ഈ വക കാര്യങ്ങളിൽ ഞങ്ങളെ അപേക്ഷിച്ചു അറിവ് കൂടുതലായിരുന്നത് കൊണ്ട് സംശയവും കൂടുതൽ മൊട്ടക്കണ്ണനായിരുന്നു എന്നാൽ അത് തീർത്തു കളയാമെന്ന് ആലോചിച്ചു അശോകന്റെ വീട് വരെ രഹസ്യമായി ഒന്ന് പോയി വരണമെന്ന് ഞങ്ങൾ അന്ന് രാത്രി തന്നെ തീരുമാനിച്ചു.

ആ കാലത്ത് മൈന ഓട്ടോ ഓടിച്ചു തുടങ്ങിയതേയുള്ളൂ. നന്നേ ചെറുപ്പത്തിൽ മൈനയെ പിടിച്ചു പൊരിച്ചു തിന്നിട്ടുണ്ടെന്ന് ഞങ്ങൾ കൂട്ടുകാരോട് മുട്ടനൊരു നുണ പറഞ്ഞത് കൊണ്ടാണ് മൈനയെന്ന പേര് മൈന മുരളിക്ക് ചെറുപ്പത്തിലേ സ്വന്തമായി ഏറ്റെടുക്കേണ്ടി വന്നത്. ഞങ്ങൾ കൂട്ടുകാർ വിളിച്ചു തുടങ്ങിയ ആ പേര് കൂടുതൽ ജനകീയമായത് മൈന പുതുതായി വാങ്ങിച്ച അവന്റെ ഓട്ടോയ്ക്ക് ആ പേരിടുകകൂടി ചെയ്തതോടെയാണ്. മൊട്ടക്കണ്ണാണേൽ ഉരുണ്ടു ചുകന്ന കണ്ണുകളുമായി ആ പേര് എനിക്ക് ഓർമ്മ വെക്കുന്ന കാലം മുതൽ ഏറ്റെടുത്തിരുന്നു.

vineesh k n , story, iemalayalam

 

എന്നും രാത്രികളിൽ അശോകൻ വീട്ടിൽ പോയത് മനസ്സിലാക്കിയ ശേഷം ഞങ്ങൾ വയലിലൂടെ നടന്നു പോയി ചിറ്റോത്തെ പറമ്പിൽ കുത്തിയിരിക്കും. തൊട്ടടുത്താണ് അശോകന്റെ വീട്. ഓടിട്ട ആ പഴയ വീട്ടിൽ അശോകനും അമ്മയും മാത്രമാണ് താമസം.അടുത്തൊന്നും മറ്റു വീടുകളില്ല. ചിറ്റോത്തെ പറമ്പ് നാഗസ്ഥാനമുള്ള സ്ഥലമായതിനാൽ കുറച്ചു കാടുണ്ട്. അത് ഞങ്ങൾക്ക് മറഞ്ഞിരിക്കാൻ സൗകര്യമായിരുന്നു. ഇരുട്ടിൽ ഒരു മുറിമാത്രം വെളിച്ചം ബാക്കിയാക്കുമ്പോൾ ചിറ്റോത്തെ നാഗപ്പറമ്പിലെ പാമ്പുകളായി മാറിയ ഞങ്ങൾ വീടിനടുത്തേക്ക് ഇഴയും. അടഞ്ഞ ജനലിനു താഴെ പതുങ്ങി അകത്തു നിന്നും വരുന്ന ശീൽക്കാരങ്ങളെ പ്രതീക്ഷിച്ച് നിലത്തു ചുമരിനു ചാരിയിരിക്കും. എന്തെങ്കിലുമൊക്കെ കാണണമെന്ന പ്രതീക്ഷയിലാണ് വരുന്നതെങ്കിലും അതൊന്നും നടപ്പില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കണ്ടില്ലെങ്കിലും ശബ്ദങ്ങൾ കേട്ടെങ്കിലും മൊട്ടക്കണ്ണിന്റെ സംശയങ്ങൾ ദൂരീകരിക്കണമല്ലോ.സൗകര്യപ്പെടുന്ന ദിവസങ്ങളിലൊക്കെ ഞങ്ങളാ പ്രവർത്തി തുടർന്നു.

എന്നെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഇരുട്ടിൽ ഓരോ നിമിഷവും ഞങ്ങളുടെ ദേഹം അടിവയറ്റിന് താഴെ നടക്കുന്ന ഏതോ രാസപ്രവർത്തനത്താൽ ഇരിക്കാനോ നിൽക്കാനോ കഴിയാതെ പുളഞ്ഞുകൊണ്ടിരുന്നു.ചില ദിവസങ്ങളിൽ ഇനിയും വരാനുള്ള പ്രോത്സാഹനമെന്ന പോലെ ചന്ദ്രികയുടെയും അശോകന്റെയും നേർത്ത ചില വാർത്തമാനങ്ങൾ കേട്ടു.

ചില രാത്രികൾ വല്ലാതെ വിരസമായിരിക്കും.വളരെ മടുപ്പുള്ള ഒരു ദിവസം തിരിച്ചു വരുമ്പോൾ ചിറ്റോത്തെ പറമ്പിൽ വച്ചു മൊട്ടക്കണ്ണിനെ ഇരുട്ടിൽ എന്തോ കടിച്ചു.നിലവിളിച്ച മൊട്ടക്കണ്ണിനെ ഞാനന്ന് ആദ്യമായി പ്രായം മറന്ന് തെറിവിളിച്ചു. മൊബൈലിൽ വെളിച്ചം തെളിയിച്ചപ്പോൾ ഉയരത്തിൽ വളർന്നു പൊന്തിയ പുല്ലുകൾക്കിടയിലൂടെ വെപ്രാളത്തിൽ ഇഴഞ്ഞു പോകുന്ന ഒന്നിന്റെ വാല് കണ്ടതും ഞാനും മൈനയും മൊട്ടക്കണ്ണിനേയും താങ്ങിയെടുത്തു കണ്ടം വഴി ഓടി. കൃത്യ സമയത്തെ ഞങ്ങളുടെ കുതിപ്പ് കൊണ്ട് മൊട്ടക്കണ്ണിന്റെ വിലയേറിയ ജീവൻ രക്ഷപ്പെട്ടു. അതിനു ശേഷം വഴിയിലെവിടെയും പാമ്പ് ഉണ്ടാകുമെന്ന തോന്നലിൽ ഇത്രയും റിസ്ക് പിടിച്ചതും വിരസവുമായ ഈ പണി ഇനി നിർത്തിയേക്കാമെന്നും ഞങ്ങൾ തീരുമാനിച്ചു. കേൾക്കുന്ന ശബ്ദങ്ങളുടെ ദൃശ്യങ്ങൾ കാണാനാകാതെ അന്ധരെ പോലെ ഇരുട്ടിൽ തപ്പുന്നത് ഞങ്ങൾക്ക് മടുത്തിരുന്നു. പക്ഷെ എന്നിട്ടും കാലങ്ങളോളം ചന്ദ്രികയുടെ ചില നേർത്ത ശബ്ദങ്ങളുടെ ഭാവമാറ്റങ്ങൾ മൊട്ടക്കണ്ണിനു പാമ്പ് കടിച്ച സ്ഥലത്ത് വർഷത്തിൽ വരുന്ന പുണ്ണ് പോലെ ഞങ്ങളുടെ ഉള്ളിൽ ഇടയ്ക്കിടെ തികട്ടി വന്നു.

vineesh k n , story, iemalayalam

ഞങ്ങളിരിക്കുന്ന കലുങ്കിന് താഴെയുള്ള തോട്ടിലൂടെ കാലം നിർത്താതെ ഒഴുകി പോയി. റോഡിന്റെ അരികിലുള്ള ചായപീടിക ഒരു മനുഷ്യൻ പതിയെ വാർദ്ധക്യത്തിലേക്ക് വീഴുന്നത് പോലെ അവശതയിൽ ഒരു ഭാഗത്തേക്ക് താങ്ങിനായി ചെരിഞ്ഞു. മുൻപ് അവിടെ ഒത്തു ചേർന്ന് പ്രവർത്തിച്ച കമ്പനികൾ പലതും അംഗങ്ങൾ കൊഴിഞ്ഞു പോയതിനാൽ ഇല്ലാതായി. മിക്കവരും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ജീവിതവും പേറി പറന്നു. നാട്ടിൽ തന്നെ വേരിറങ്ങിപ്പോയ ചിലർ ഇന്ത്യാ മഹാരാജ്യത്തിലെ പഴയൊരു വമ്പൻ പാർട്ടിപോലെ വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി പിരിഞ്ഞു. ചിലർ ഓരോ ഇരുട്ടിലും അവർ സ്വയം തീർത്ത ലഹരിയുടെ ലോകത്തിൽ കുടുങ്ങി. ഞങ്ങൾ മൂന്ന് പേർ മാത്രം ഒരിക്കലും പിരിയാതെ ഒരു കുപ്പിക്ക് ചുറ്റിലുമിരുന്നു സൗഹൃദം നുണഞ്ഞു. പണിയെടുക്കാതെ ഇനി ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ശേഷം അച്ഛനെ പ്രാകിക്കൊണ്ട് ഞാൻ മൊട്ടക്കണ്ണിന്റെ കൂടെ പെയിന്റ് പണിയിൽ സഹായിയായി പോയി തുടങ്ങി. ഞങ്ങളുടെ ജീവിതം കാര്യമായ ലക്ഷ്യങ്ങളില്ലാതെ നടന്നു കിതയ്ക്കുമ്പോഴാണ് മറന്നൊരു സംഭവത്തിന്റെ ആരുമറിയാത്ത രണ്ടാം ഭാഗവുമായി വർക്ക് ഷോപ്പിലേക്ക് ദീപേഷിന്റെ വരവ്.

പിറ്റേന്ന് മുതൽ പെയിന്റിങ്ങിനായി വച്ചിരിക്കുന്ന ഒരു ബസ്സിന്റെ ബോഡി ഉരച്ചു വൃത്തിയാക്കുന്നതിനായി ഞാൻ ദീപേഷിനെ കൂടെകൂട്ടി. ഒരേ നാട്ടുകാർ ആയിരുന്നുവെങ്കിലും ഇതുവരെ കൂടുതൽ പരിചയപ്പെട്ടിട്ടില്ലലോ എന്നതൊരു ക്ഷമാപണം പോലെ പറഞ്ഞു കൊണ്ട് ദീപേഷ് എന്നോട് മിണ്ടാൻ തുടങ്ങി. ദീപേഷിനെക്കുറിച്ച് കേട്ട പഴയ വാർത്തകളുടെ വിശദവിവരം അറിയാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞാനൊന്നും ചോദിച്ചതേയില്ല. മൊട്ടക്കണ്ണിന് മിക്കവാറും പെയിന്റ് വാങ്ങിക്കാനും മറ്റും പുറത്ത് പോകേണ്ടതിനാൽ ദീപേഷും ഞാനും വർക്ക് ഷോപ്പിലെ പണിക്കിടയിൽ ഒരുപാട് സംസാരിച്ചു. എതിർവശത്തെ എഞ്ചിനീയറിങ് കോളേജ് വിട്ടുവരുന്ന പെൺപിള്ളേരുടെ ശരീരഭാഗങ്ങളെ വർണ്ണിച്ചു കൊണ്ടുള്ള കമന്റുകൾ പാസാക്കി ഞാൻ എന്നെയും ദീപേഷിനെയും രസിപ്പിച്ചു. അതിനിടയിൽ അപൂർവ്വമായി പുറപ്പെടുന്ന സഹാനുഭൂതിയിൽ ദീപേഷിനെക്കുറിച്ച് പണ്ട് പറഞ്ഞത് ഓർത്തെടുത്തു ഞാൻ ക്ഷമ ചോദിച്ചു. കരുണയുടെ അംശം വല്ലാതെ കൂടിയപ്പോൾ വൈകിയെങ്കിലും നിനക്ക് വേണ്ടി മൈനയെയും മൊട്ടക്കണ്ണിനേയും കൂട്ടി അശോകനെ നമുക്കൊന്ന് തല്ലാമെന്ന് ഞാൻ ആത്മാർത്ഥമായി ദീപേഷിനോട് പറഞ്ഞെങ്കിലും അവൻ അതിനോട് തീരെ താല്പര്യം പ്രകടിപ്പിച്ചില്ല. എങ്കിലും എന്റെ മനസ്സ് ദീപേഷിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ പതഞ്ഞു കൊണ്ടേയിരുന്നു.

ഒരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷമുള്ള വിശ്രമ സമയത്ത് ഒരു പെണ്ണിനെ അനുഭവിക്കാൻ കഴിയാത്തതിലുള്ള നിരാശ ഞാൻ പങ്കുവെക്കുമ്പോൾ ചുറ്റിലും നോക്കിയ ശേഷം എനിക്ക് അവസരം കിട്ടിയിട്ടുണ്ടെന്ന് ദീപേഷ് പറഞ്ഞു. ആളാരെന്ന് ചോദിച്ചപ്പോൾ ദീപേഷ് ചന്ദ്രികയുടെ പേര് പറഞ്ഞു. അവിശ്വസനീയമായ ഒരു വാർത്ത കേട്ടവനെപോലെ ഞാൻ തരിച്ചിരുന്നു. ദീപേഷ് വെറുതെ പറയുന്നതാണെന്ന വിശ്വാസത്താൽ ഇതുള്ളതാണോയെന്ന് ഞാൻ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു.

vineesh k n , story, iemalayalam
“അതേടാ,” ദീപേഷ് തണുപ്പൻ മട്ടിൽ മറുപടി പറഞ്ഞു. പിന്നീട് എത്ര നിർബന്ധിച്ചിട്ടും ദീപേഷ് കൂടുതലൊന്നും പറഞ്ഞതേയില്ല.’അതെന്റെ ഒരു പ്രതികാരം ആയിരുന്നെടാ’ എന്ന് പറഞ്ഞു കൊണ്ട് എന്റെ മുൻപിൽ നിന്നും ദീപേഷ് എഴുന്നേറ്റു.

“ഇങ്ങനെ പ്രതികാരം ചെയ്യുന്ന ആദ്യത്തെ ആൾ നീയാരിക്കും,” എന്ന് പറഞ്ഞു ഞാൻ ചിരിച്ചപ്പോൾ ദീപേഷ് ഗൂഢമായി എന്നെയൊന്നു നോക്കി.

“എടാ സയിത്തെ അന്നേരം ഞാനനുഭവിച്ചത് നിനക്കറിയോ. മറക്കാൻ പറ്റൂലാടാ. കുറേക്കാലം നിങ്ങളോടും അയാളോടുമുള്ള പക ഉള്ളിലിട്ടാണ് ഞാൻ ജീവിച്ചത്.”

കുറേക്കാലം അശോകനെയും ഞങ്ങളെയും തല്ലുന്നതോർത്തു കാലം കഴിച്ചെന്നും ധൈര്യമില്ലാത്തതിനാൽ അതുപേക്ഷിച്ചെന്നും ദീപേഷ് പറഞ്ഞു. ദീപേഷിന്റെ ഭാഗ്യത്തിൽ എനിക്ക് അസൂയ തോന്നി. കൂടുതലറിയാനായി ‘അതിലും ധൈര്യം വേണ്ട സംഗതി അല്ലേടാ ഇത് ‘ എന്നുപറഞ്ഞു കൊണ്ടു ഞാൻ ദീപേഷിനെ ഒന്ന് പൊന്തിച്ചു. തന്ത്രപരമായി ചന്ദ്രികയുമായുള്ള ബന്ധത്തിന്റെ നാൾവഴികൾ അന്വേഷിച്ചു. ഈ വിഷയത്തിൽ ഇനിയൊന്നും ചോദിക്കണ്ടായെന്നും ഒരു താക്കീത് കണക്കെ മറുപടി പറഞ്ഞു കൊണ്ടു ദീപേഷ് എന്നോട് അൽപ്പം ദേഷ്യപ്പെട്ടു. ഞാൻ പിന്നീടൊന്നും മിണ്ടിയില്ല.

വൈകുന്നേരം വീട്ടിലേക്ക് പോകാനായി നടക്കുമ്പോൾ റോഡിൽ വച്ചു രണ്ട് പാമ്പുകൾ ഇണ ചേരുന്നത് ഞങ്ങൾ കണ്ടു. ഭയത്തോടെ ദൂരെ മാറി നിന്ന് ഞങ്ങൾ അതിന്റെ കേളികൾ ശ്രദ്ധിച്ചു. വളഞ്ഞും പുളഞ്ഞും പരസ്പരം മത്സരിച്ചുകൊണ്ടവ സ്വയം മറക്കുകയാണ്. ആ നേരം എന്റെ ചിന്ത മുഴുവൻ ചന്ദ്രികയിലായി. അവളുടെ ശീൽക്കാരങ്ങൾ മനസ്സിൽ സങ്കൽപ്പിച്ചപ്പോൾ കുടുംബത്തിൽ പാരമ്പര്യമായുള്ള ആസ്മാ രോഗം പൊടുന്നനെ പിടിപെട്ടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ എന്റെ ശ്വാസം നീണ്ടു വലിഞ്ഞു. ദീപേഷ് അവയെ ഒരു കല്ലെടുത്തെറിഞ്ഞു. ഞാനവനെ തടഞ്ഞു. വിശപ്പ്, രതി, ദാഹം തുടങ്ങിയ കാര്യങ്ങളിൽ ഒന്നിനെയും ശല്യപ്പെടുത്തരുതെന്നും വെറുതെ വിടണമെന്നും ഞാൻ ദീപേഷിനോട് പറഞ്ഞു. അവനൊന്നും മിണ്ടിയില്ല. പാമ്പുകൾ പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞു പാഞ്ഞപ്പോൾ ഞങ്ങൾ മുന്നോട്ട് നടന്നു.

നാട്ടിലെ മിക്കവാറും ജനങ്ങൾക്ക് അറിയാവുന്ന സംഭവത്തിന്‌ ഇങ്ങനെയൊരു പ്രതികാര നടപടിയുള്ളത് ആരുമറിഞ്ഞില്ലാലോ എന്ന ദുഃഖത്തിൽ ഞാൻ വൈകുന്നേരം തന്നെ മൈനയോടും മൊട്ടക്കണ്ണിനോടും കാര്യങ്ങൾ വിശദമാക്കി. പക്ഷെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ‘ഇതൊക്കെ അവൻ വെറുതെ തട്ടിവിടുന്നതായിരിക്കുമെന്ന ‘ അഭിപ്രായമായിരുന്നു മൈനക്കുണ്ടായിരുന്നത്. ഞാൻ പറഞ്ഞത് പൂർണ്ണമായും മൈനക്ക് വിശ്വാസമായില്ല. ഒരുവേള എനിക്കും ദീപേഷ് കള്ളം പറഞ്ഞതാണോയെന്ന് തോന്നി. പക്ഷെ മനുഷ്യമനസ്സ് അതിനിഗൂഢമായ ഒരിടമാണെന്നും സ്വയമവന് പോലും നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങൾ അവിടെ നടക്കുമെന്നും പലമനുഷ്യരെയും കണ്ട് ഞങ്ങളെക്കാൾ അനുഭവപരിചയമുള്ള മൊട്ടക്കണ്ണൻ പറഞ്ഞപ്പോൾ ഞാനും മൈനയും കുഴങ്ങി.

നാട് നീളെ അറിഞ്ഞെങ്കിലും ദീപേഷ് പറഞ്ഞത് സത്യമാണെന്നോ കളവാണെന്നോ അന്വേഷിക്കാൻ ആരും ശ്രമിച്ചതേയില്ല.  പകരം, കേട്ട ഓരോരുത്തരും കൂടുതൽ പേരിലേക്ക് ഈ വിവരം എത്തിക്കുന്നതിൽ ജാഗരൂഗരായി. ഒരു കുറ്റാന്വേഷകനെ പോലെ ദീപേഷ് പറഞ്ഞതിൽ എത്രത്തോളം സത്യമുണ്ടെന്നറിയാൻ വരുന്ന വിളികളും നീക്കങ്ങളും ഞാൻ ശ്രദ്ധിച്ചു തുടങ്ങി. സംശയകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്റെ നിർബന്ധത്താൽ ദീപേഷിന്റെ നീക്കങ്ങളറിയാൻ പഴയത് പോലെ അശോകന്റെ വീടിനരികിൽ പോയിരുന്നു നോക്കാമെന്നു മൊട്ടക്കണ്ണും മൈനയും ഒരു വൈകുന്നേരം സമ്മതിച്ചു. ഞങ്ങളുടെ കൗമാര പ്രായത്തെ അപേക്ഷിച്ചു ലോകത്തിനു കുറച്ചു കൂടി വെളിച്ചം വന്നു തുടങ്ങിയതും മുൻപ് കാടുമൂടിയിരുന്ന അശോകന്റെ വീടിനു സമീപത്ത് ഒന്ന് രണ്ട് പുതിയ വീടുകൾ വന്നതും കാരണം ഞങ്ങളുടെ ശ്രമങ്ങൾ വേണ്ട വിധം വിജയിച്ചില്ല. ഒന്ന് രണ്ട് തവണത്തെ ശ്രമത്തിനു ശേഷം കുടുംബമുണ്ട് അതുകൊണ്ട് ഇനി ആരെങ്കിലും കണ്ട് നാണം കെടാൻ വയ്യെന്ന് പറഞ്ഞു മൊട്ടക്കണ്ണും ഈയടുത്തു സെറ്റ് ചെയ്ത കാമുകിയുമായി അനർഗ്ഗളമായി പ്രവഹിക്കുന്ന പ്രേമത്തിന്റെ മത്തിൽ മൈനയും കാലുകൾ പുറകോട്ട് വലിച്ചപ്പോൾ ഞാൻ ഒറ്റയ്ക്കായി. കുറച്ചു വർഷങ്ങൾക്ക് മുൻപ് മൈനയും മൊട്ടക്കണ്ണനും വളരെയേറെ താല്പര്യത്തിൽ ചെയ്തുകൊണ്ടിരുന്ന കാര്യം പെട്ടെന്ന് മടുക്കുന്ന ഒരു സംഗതിയായി മാറിയത് എന്നെ അമ്പരപ്പിച്ചു. തത്വത്തിൽ പ്രവചിക്കാൻ കഴിയാത്ത ഒന്നാണ് മനുഷ്യമനസ്സെന്ന് മൊട്ടക്കണ്ണൻ പറഞ്ഞത് സത്യമാണെന്ന് എനിക്ക് മനസ്സിലായി.

 

vineesh k n , story, iemalayalam

പതുക്കെ നാട് മുഴുവൻ ദീപേഷും ചന്ദ്രികയും തമ്മിലുള്ള ബന്ധത്തിന്റെ കഥ രസമേറി പടർന്നു. ആദ്യമാദ്യം അശോകനും ചന്ദ്രികയും ഇതൊന്നും അറിഞ്ഞില്ലെങ്കിലും പിന്നീട് പല അർത്ഥം വച്ചുള്ള വിവരണങ്ങളിലൂടെ ചുറ്റിലും നടക്കുന്ന കഥകൾ അവരും അറിഞ്ഞു. തന്നെ അറിയാവുന്നവരോട് നിരപരാധിത്വം വിശദീകരിക്കാൻ ചന്ദ്രിക ശ്രമിച്ചുവെങ്കിലും ആരുമത് പൂർണ്ണമായും വിശ്വസിച്ചില്ല. ഒരവസരത്തിൽ ദീപേഷിനെ പരസ്യമായി അശോകൻ തല്ലാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാരിൽ ചിലരിടപെട്ട് ആ ശ്രമം തടഞ്ഞു. സൂപ്പർമാർക്കറ്റിൽ ആയിടയ്ക്ക് കിട്ടിയ ജോലിക്കിടയിൽ പോലും ചന്ദ്രികയ്ക്ക് പല കോണുകളിൽ നിന്നും അർത്ഥം വച്ചുള്ള നോട്ടങ്ങളുണ്ടായി.

പ്രചരിച്ച കഥകളിലെ സത്യമെന്തെന്ന് ഞാൻ ഒരിക്കലും ദീപേഷിനോട് ചോദിച്ചതേയില്ല. എന്റെ കയ്യിൽ നിന്നും പടർന്ന തീയാണ് നാട്ടിൽ മുഴുവനുമെന്നറിഞ്ഞിട്ടും ദീപേഷ് എന്നോടുള്ള പെരുമാറ്റത്തിൽ യാതൊരു വിധ മാറ്റവും വരുത്തിയില്ല. അതെന്നെ കൂടുതൽ കുഴപ്പിച്ചു കൊണ്ടിരുന്നു. ഞങ്ങളെക്കൂടാതെ പലരും അശോകന്റെ വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിക്കാനെന്ന വ്യാജനെ അൽപ്പ നേരം കുത്തിയിരുന്ന് ചന്ദ്രികയുടെ സാന്നിധ്യത്തെ നിരീക്ഷിച്ചു. ഞങ്ങളുടെയത്ര സൂക്ഷ്മ ബുദ്ധിയില്ലാത്ത ചിലർക്ക് അശോകന്റെ കയ്യിൽ നിന്നും പൊതിരെ തല്ലു കിട്ടി. അശോകന്റെ വീടിനു ചുറ്റും ഇരുട്ടിൽ സംശയത്തിന്റെ വലിയ മരങ്ങൾ വളർന്നു.

ശീലമായ വാർത്തകളെ പിന്നീട് ശ്രദ്ധിക്കാത്ത മനുഷ്യരെ പോലെ ജനങ്ങൾക്ക് ഈ വിഷയത്തിലുള്ള താല്പര്യവും കുറഞ്ഞു. രാത്രി മുഴുവൻ ഫോൺ വിളിയുടെ ലഹരിയിൽ ഒടുങ്ങിയ മൈനയുമായും വല്ലപ്പോഴും മാത്രം കൂടിയിരിക്കുന്ന മൊട്ടക്കണ്ണനുമായും എനിക്കൊരകലം തോന്നി. പുറമെ ധ്വനിപ്പിച്ചില്ലെങ്കിലും ഒതുങ്ങി ചില ലീവ് ദിവസങ്ങളിൽ പോലും ഞാൻ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കുത്തിയിരുന്നു. ദീപേഷും ഞാനും തമ്മിൽ സംസാരങ്ങൾ കുറഞ്ഞു. പക്ഷെ പൊടുന്നനെ ഒരു ദിവസം അശോകൻ നന്നേ ചെറുപ്പത്തിൽ ചെയ്തതും ശേഷം അനുഭവിച്ചതുമായ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നും വളരെ വിശദമായി ദീപേഷ് എന്നോട് പറഞ്ഞു.

അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഇരുട്ടിൽ ഉതിരുന്ന ചെറു ശബ്ദങ്ങൾക്കിടയിലൂടെ ദീപേഷ് നടക്കുന്നു. ദൂരെ നിന്നും അശോകൻ അവനെ നോക്കി നിൽക്കുകയാണ്. ചിലർ പൊട്ടിച്ചിരിക്കുന്നു. പൊടുന്നനെ ആരോ ദീപേഷിനെ വാഴക്കൂട്ടങ്ങൾക്കിടയിലേക്ക് ബലമായി ചേർത്ത് കിടത്തി ട്രൗസർ വലിച്ചു പറിക്കുന്നു. ഓടി വരുന്ന അശോകൻ മുറിച്ചിട്ട മരം കണക്കെ ദീപേഷിന് മേലെ ചായുന്നു. അശോകന്റെ കനത്തിൽ നിന്നും രക്ഷപെടാൻ കുതറുന്ന ദീപേഷിനെ ശ്രദ്ധിക്കാതെ ഞാൻ ചന്ദ്രികയെ കാണാനായി നടന്ന് പോകുന്നു.സ്വപ്നം ഞെട്ടി എഴുന്നേറ്റപ്പോൾ അശോകന്റെയും ചന്ദ്രികയുടെയും ദീപേഷിന്റേയും മുഖങ്ങൾ എനിക്കും ചുറ്റും ഭ്രമണം ചെയ്തു. മിനിറ്റുകളോളം ഞാൻ കിടക്കയിൽ തന്നെ ഇരുന്നു. പൊടുന്നനെ മനസ്സിൽ ദീപേഷിന്റെ കൂടെ ശയിക്കുന്ന ചന്ദ്രികയുടെ കിതപ്പിന്റെ ഓർമ്മ ഉയർന്നു വന്നു എനിക്ക് നേരെ ഒരു തിരപോലെ ആർത്തിരമ്പി. ശ്വാസം കിട്ടാതെ കിതച്ച ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് നടന്നും പിന്നെ ഇരുന്നും രാത്രിയെ മറികടക്കാൻ ശ്രമിച്ചു. പക്ഷെ മനസ്സൊരു വിളറി പിടിച്ച കാട്ടുകുതിരയുടെ ഊക്കോടെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. അതിന്റെ ലക്ഷ്യം ചന്ദ്രികയുടെ കിടപ്പ് മുറിയായിരുന്നു.

പിറ്റേന്ന് ചന്ദ്രിക ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ ഞാൻ വെറുതെയൊന്നു പോയി. സാധനങ്ങൾ വാങ്ങുന്നതിനിടയിൽ എന്റെ കണ്ണുകൾ ചന്ദ്രികയുടെ പിന്നാലെ നടന്നു. ഒരു നിമിഷം മുന്നിൽ കിട്ടിയപ്പോൾ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് രഹസ്യം പോലെ മന്ത്രിച്ചു. ദീപേഷിന്റെ കാര്യമാണെന്നും ചില തെറ്റിദ്ധാരണകൾ മാറ്റേണ്ടതുണ്ടെന്നും പറഞ്ഞു കൊണ്ടു ഒരു കഷണം കടലാസ്സിലെഴുതിയ എന്റെ നമ്പർ കൈമാറി. ആദ്യം വാങ്ങാൻ മടിച്ചെങ്കിലും ദീപേഷിനെക്കുറിച്ച് വിശദമായി സംസാരിക്കാൻ ഉണ്ടെന്നും ഇതല്ലാതെ വേറെ വഴിയില്ലെന്നും പറഞ്ഞപ്പോൾ ചന്ദ്രിക തിടുക്കത്തിൽ അത് വാങ്ങി കൈക്കുള്ളിൽ ഒരു മാന്ത്രികന്റെ ചടുലതയോടെ ഒളിപ്പിച്ചു.

രാത്രി വരെ കാത്തു നിന്നെങ്കിലും വിളി വന്നില്ല. ഞാൻ കൊടുത്ത നമ്പർ അശോകനെ ഏൽപ്പിച്ചു ചന്ദ്രിക എന്നെ ഒറ്റിയേക്കുമോ എന്നൊരു ഭയം അപ്പോഴൊക്കെ എന്റെയുള്ളിൽ ഉണ്ടായിരുന്നു.പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. രണ്ടു ദിവസത്തിന് ശേഷം ഒരു രാത്രി എനിക്ക് ചന്ദ്രികയുടെ വിളി വന്നു. ദീപേഷുമായുള്ള ബന്ധം ആരോ മെനഞ്ഞ കള്ളക്കഥയാണെന്നും ഒരിക്കൽ ദീപേഷ് ഇക്കാര്യങ്ങൾ തന്നോട് നേരിട്ട് പറഞ്ഞിരുന്നുവെന്നും ചന്ദ്രിക പറഞ്ഞു. അന്ന് സംസാരിച്ചതല്ലാതെ ദീപേഷുമായി ഒരിക്കലും മിണ്ടിയിട്ടില്ലെന്ന് ചന്ദ്രിക സത്യം ചെയ്തു. ദീപേഷ് തന്നെയാണ് ഇത് എന്നോട് പറഞ്ഞതെന്ന് അറിയിച്ചപ്പോൾ ചന്ദ്രിക ഞെട്ടലോടെ അതിശയപ്പെട്ടു.

ആ സമയം അവളിലേക്ക് ഒരു വഴി തുറക്കാനായി ഞാൻ ദീപേഷിന്റെ ജീവിതം ഒരു കാലത്ത് ഇരുട്ടിലേക്ക് തള്ളി വിട്ട അശോകന്റെ ചെയ്തികളെക്കുറിച്ച് വിവരിച്ചു കൊടുത്തു. ഞങ്ങളുടെ സംസാരം പല വഴി തിരിഞ്ഞു. ഞാനാണ് ഈ കഥ നാട് മുഴുവൻ പരത്തിയതെന്ന് വെറുതെ പറഞ്ഞപ്പോൾ ചന്ദ്രിക ഒന്ന് ചിരിച്ചു. ആ ചിരിയെ സമ്മതമായി സങ്കൽപ്പിച്ചു ഞാൻ ഫോണിലൂടെ ഒരു ഗാഢ ചുംബനമെറിഞ്ഞു. പക്ഷെ അതിനിടയിലും ചന്ദ്രികയാണോ ദീപേഷാണോ കള്ളം പറയുന്നതെന്നറിയാതെ എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒറ്റയ്ക്ക് നേരിട്ട് കാണാനുള്ള ദാഹമറിയിച്ചപ്പോൾ പതിവ് പോലെ മറുപടിയില്ലാതെ ചന്ദ്രിക ചിരിക്കുക മാത്രം ചെയ്തു. ഒരു ചതുപ്പിലെന്ന പോലെ ആ ചിരിയിൽ ഞാൻ കുടുങ്ങി. ആലോചിച്ചുറപ്പിച്ചപോലെ എന്റെ ഓരോ വിളിയും തിരക്കില്ലാത്തതും ശ്രദ്ധാപൂർവ്വമുള്ളതുമായിരുന്നു. ഒരു രാത്രി സംസാരിച്ചു കൊണ്ട് ഞാൻ ചന്ദ്രികയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. അശോകന് എന്തോ ആവശ്യത്തിനായി ദൂരയാത്ര വേണ്ടി വന്ന ഒരു രാത്രിയായിരുന്നു അത്.  പുറകിലെ വാതിൽ തുറന്നു വച്ചിട്ടുണ്ടെന്ന സിഗ്നൽ കിട്ടിയ ശേഷം ഇരുട്ടിൽ ഒരു പൂച്ചയുടെ കാൽവെപ്പുകളോടെ ചന്ദ്രികയുടെ വീട് ലക്ഷ്യമാക്കി ഞാൻ നടന്നു.

vineesh k n , story, iemalayalam

നിലാവിന്റെ വെളിച്ചത്തിൽ മുൻപോട്ട് നടക്കുമ്പോൾ ഞാൻ ദീപേഷിനെ ഓർത്തു. പൊടുന്നനെ എന്തിനെന്നറിയാത്ത ഒരു വിഷാദമെന്ന പൊതിഞ്ഞു. കിട്ടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഏതാഗ്രഹവും ഒടുവിൽ സമ്മാനിക്കുന്നത് നിരാശയായിരിക്കുമെന്നും അതിലേക്ക് എത്തിയ വഴികൾ പിന്നെ നമ്മൾ ഓർക്കുകയില്ലെന്നും പ്രവചിക്കാനാകാത്ത സങ്കീർണ്ണമായ മനസ്സിന്റെ അടിമകളാണ് നമ്മളെന്നും ആ സമയം എനിക്ക് തോന്നി. ഈയൊരു വഴിയിലേക്ക് ചന്ദ്രികയെ എത്തിക്കുമ്പോഴുണ്ടായ ആവേശം മുൻപൊരിക്കലും ഓർക്കാതിരുന്ന പേടിയിലും അഭിമാന ബോധത്തിലും തണുത്തത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. അതിനെ മറികടക്കാൻ റോഡിൽ വച്ചു കണ്ട ഇണ ചേരുന്ന പാമ്പുകളെ മനസ്സിലോർത്തുകൊണ്ടു ഞാൻ ചിറ്റോതെ പറമ്പ് കടന്നു. വാഴക്കൂട്ടങ്ങളുടെ ഇടയിലൂടെ ചന്ദ്രികയുടെ വീട് ദൂരെ നിന്നും കാണാം. വെളിച്ചം കെട്ട് ഇരുട്ടിൽ, ഒരു മൂങ്ങയെ കണക്കെ അതെന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നു. പൊടുന്നനെ സൈലന്റ് ആയ മൊബൈൽ ഒന്ന് വിറച്ചു. മുരളിയാണ്. ഞാൻ കട്ട് ചെയ്തു. ഒന്ന് രണ്ടു തവണ വിളി ആവർത്തിച്ചപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. ചെവിയോട് ചേർത്ത് ചുറ്റിലും നിരീക്ഷിച്ചു പതുക്കെ സംസാരിച്ചു.

“എടാ നീയറിഞ്ഞോ ദീപേഷ് ആത്മഹത്യ ചെയ്തു,” മുരളി പറഞ്ഞു നിർത്തിയപ്പോൾ ഞാൻ വല്ലാതെ വിയർത്തു.

പുറത്ത് കേൾക്കാനാകുന്ന അത്രയും ശബ്ദത്തിൽ ഹൃദയം മിടിച്ചു.ഇപ്പോൾ മരിച്ചു പോയേക്കുമോയെന്ന തോന്നലിൽ കിതച്ചു കൊണ്ട് വാഴക്കൂട്ടത്തിനിടയിലേക്ക് തളർന്നിരുന്നു. കുറച്ചു നേരത്തെ കിതപ്പുകൾക്ക് ശേഷം ഞാനെന്ന വീണ്ടെടുത്തു. തിരിച്ചു പോകാൻ തയ്യാറെടുത്തു കൊണ്ട് എഴുന്നേറ്റു. പക്ഷെ ഇതാ ചന്ദ്രികയുടെ വീട് എന്നെ കാത്തിരിക്കുന്നു. ചിലപ്പോൾ ഇനിയൊരിക്കലും ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ലെങ്കിലോ? അതുവരെയുണ്ടായിരുന്ന നിസ്സംഗതയെ കുടഞ്ഞു കളഞ്ഞ് ഞാൻ പൊടുന്നനെ എഴുന്നേറ്റു നടന്ന് ചന്ദ്രികയുടെ വീടിന്റെ തുറന്നു വച്ച അടുക്കള വാതിലിലൂടെ അകത്തു കയറി.

ഇരുട്ടിൽ കണ്ണുകൾ തെളിയുന്നതിന് മുൻപേ ഞാൻ ശബ്ദം കുറച്ചു ചന്ദ്രികയെ വിളിച്ചു. മറുപടി കിട്ടാതായപ്പോൾ ഒന്ന് രണ്ട് ചുവടുകൾ കൂടി മുന്നോട്ടു വച്ചു. പൊടുന്നനെ കണ്മുൻപിൽ തൂങ്ങിയാടുന്ന ചന്ദ്രികയുടെ ശരീരം കണ്ടു. ഒരു നിലവിളി പാഞ്ഞു വന്നു തൊണ്ടയോളം എത്തി നിന്നു . വെപ്രാളത്തിൽ തട്ടിയും തടഞ്ഞും ഞാൻ ഒരു കാറ്റിന്റെ വേഗതയിൽ ആ വീടും ചിറ്റോത്തെ പറമ്പും കടന്നു കുതിച്ചു. ഇതാ കട്ടിയായ ഇരുട്ടിൽ നിന്നും നിർണ്ണയിക്കാനാകാത്ത ഒരു രഹസ്യം പിന്തുടരുന്നു. എന്റെ കുതിപ്പിന്റെ ഒച്ചയനക്കങ്ങളിൽ നിന്നും വവ്വാലുകളും ചില പക്ഷികളും പറന്നു.

കിതപ്പ് വല്ലാതെ മുറുകിയപ്പോൾ ഞാനൊന്ന് നിന്നു. വളരെ ദീർഘമായ ഒരു ശ്വാസത്തിന്റെ അറ്റം തൊട്ടു തിരിച്ചു വരാനാകാതെ നിർത്താതെ ചുമച്ചു. ആ കിതപ്പിനിടയിലും രാത്രിയുടെ ചെറിയ അനക്കങ്ങൾ പോലും മനസ്സിലാക്കാൻ കഴിയുമെന്ന തരത്തിൽ എന്റെ കണ്ണുകളും ചെവിയും കൂർത്തു. പൊടുന്നനെ ഒരു മിന്നലിന്റെ വെളിച്ചം മുൻപിൽ വീണു. ഒന്ന് രണ്ട് പേർ സമീപത്തു നിൽക്കുന്നുണ്ടോ? ആ തോന്നലിൽ മരണത്തിലേക്ക് ഒച്ചയില്ലാതെ നടന്നു പോയ ചില ആത്മാക്കളെ ഞാൻ ഓർത്തു. ഇനിയുള്ള ജീവിതം ഭീതിതമായ ഈ രാത്രിയെക്കുറിച്ചുള്ള വെപ്രാളങ്ങൾ മാത്രമായിരിക്കുമെന്നും ഇനി രക്ഷയില്ലെന്നും എനിക്ക് മനസ്സിലായി. ഈ രാത്രി തീരുന്നതിനു മുൻപേ ദീപേഷിന്റേയും ചന്ദ്രികയുടെയും ഒപ്പമെത്തണമല്ലോ എന്നോർത്തു യാതൊരു പേടിയും കൂടാതെ ഞാൻ വീട്ടിലേക്ക് പരമാവധി വേഗത്തിൽ നടന്നു.

 

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Vineesh k n short story parakayam

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com