scorecardresearch
Latest News

ആ ചെമ്പകതാരം

“അവളുടെ ആവശ്യപ്രകാരം ഞങ്ങൾ കാവിലെ പൊരിഞ്ഞു വീണ ചെമ്പകം കാണാൻ പോയി. അത് ഭൂമിയിൽ കിടന്നിട്ടും ചില കൊമ്പുകളിൽ തളിർത്തിട്ടുണ്ടായിരുന്നു: വിനീഷ് കെ എൻ എഴുതിയ കഥ

vineesh k n, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“ഇറങ്ങേടോ എന്റെ വീട്ടീന്ന്!”

തെറി വിളിയുടെ അകമ്പടിയോടെ ചെവി തുളയ്ക്കുന്ന ശബ്ദവുമായി ആ വൃദ്ധൻ അലറി. ആ സമയത്തൊന്നും ആരും ആ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയില്ല. താരയുടെ ഭർത്താവിന്റെ ചേച്ചി അതൊരു സാധാരണ സംഭവമെന്ന കണക്കെ ഞങ്ങളെ കടന്നു അകത്തേക്ക് പോയി. അച്ഛനും ഞാനും പരസ്പ്പരം നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഇതുവരെയില്ലാത്തവിധമൊരു ദയനീയ ഭാവം.

ഉള്ളിൽ ഇരച്ചു വരുന്ന വാക്കുകൾ ചിതറാതിരിക്കാനായി ഞാൻ കസേരയുടെ കൈവരിക്കുമേൽ കയ്യമർത്തി വച്ചു. അതിനു ശേഷം ചുമരിനുമേലുള്ള പഴകിയ ചില ഫോട്ടോകളിലേക്ക് നോട്ടമയച്ചു. ഒരു പല്ലി ഫോട്ടോയുടെ അരികിൽ നിന്നും കുറെ നേരം ഞങ്ങളെ തുറിച്ചു നോക്കി. അടുക്കളയുടെ ജനലഴികൾക്കപ്പുറത്തെ പുകയുടെ മറവിൽ നിന്നും രണ്ടു കണ്ണുകളും. ഞാൻ ആ വൃദ്ധൻ കാണാതെ അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കി.

ഞങ്ങളുടെ മൗനം അയാളെ കൂടുതൽ പ്രകോപിപ്പിച്ചപ്പോലെ തോന്നി. അച്ഛൻ ഒന്നുകൂടി അപേക്ഷാഭാവത്തിൽ എന്തോ ചോദിക്കാനാഞ്ഞതും അയാൾ കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് ഞങ്ങൾക്ക് നേരെ ക്രൂരമായ ഒരു നോട്ടമെറിഞ്ഞു. പിന്നെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ അലറി. ഒച്ചയുടെ കാഠിന്യത്താൽ മുറ്റത്തിന് പുറത്തു ചിള്ളിപ്പെറുക്കുകയായിരുന്ന ഒന്ന് രണ്ടു കോഴികൾ തലയുയർത്തി. അതിലൊന്ന് പതിയെ തിട്ട കടന്നു താഴേക്ക് ഇറങ്ങി പോയി. താര ഓടി വന്നു അകത്തു നിന്നും ഞങ്ങളെ നോക്കി ‘പൊയ്ക്കോ’ എന്ന് കൈകൊണ്ടു ആംഗ്യം കാട്ടി. ഒന്ന് രണ്ടു നിമിഷങ്ങൾ കടന്നു പോയി. പിന്നെ അച്ഛൻ മുറ്റം കടന്നു പതിയെ, മണ്ണ് കൊണ്ട് കൊത്തിയുണ്ടാക്കിയ പടികൾ ഇറങ്ങി നടക്കാൻ തുടങ്ങി. പിന്നാലെ ഞാനും.

താര എന്റെ ചേച്ചിയാണ്. അവളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. ഭർത്താവിന് ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി. വിവാഹം കഴിഞ്ഞു ഒരു തവണ അയാളുമൊത്തു വന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ അമ്മ, അച്ഛൻ, പെങ്ങൾ എന്നിവരുടെ അനുവാദമില്ലാത്തതിനാൽ അവൾ പിന്നെയൊരിക്കൽ പോലും; ഒരു തെയ്യത്തിനോ, അടുത്ത വീട്ടിലെ കല്യാണത്തിനോ മറ്റെന്തെങ്കിലും ചടങ്ങിനോ ഞങ്ങളുടെ വീട്ടിലേക്ക് വരികയുണ്ടായില്ല .

വിവരങ്ങൾ അന്വേഷിക്കാനായി അച്ഛനും അമ്മയും ഇടയ്ക്കിടെ അങ്ങോട്ട് പോകുകയാണ് പതിവ്. ഒരു തവണയോ മറ്റോ ഞാനും അവളെ കാണാൻ പോയി. ആ ഒറ്റ തവണ പോയപ്പോൾ തന്നെ എനിക്ക്, അതും അവളുടെ ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന തരത്തിലുള്ള ഒരു ചോദ്യം കേൾക്കേണ്ടി വന്നു. അതിന് ശേഷം അങ്ങോട്ട്‌ പോകാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.

ആ വൃദ്ധൻ എന്നും വീടിനു കാവൽ പോലെ പുറത്ത് ഇറയത്തെ കസേരയിൽ ഇരുന്നു മുറുക്കാൻ ചവച്ച് പരമാവധി നീളത്തിലേക്ക് ഒരു യന്ത്രം പോലെ ഓരോ ഇടവേളകളിലും നീട്ടി തുപ്പി. പക്ഷെ ശ്വാസത്തിന്റെ അനിയന്ത്രിതമായ കുതിപ്പിനാൽ അതെല്ലാം ഇറയത്തു തന്നെ വീണു കിടന്നു. ഞാൻ ആദ്യമായി പോയപ്പോൾ താര അത് തുടയ്ക്കുകയായിരുന്നു. അയാൾ ചില നിർദ്ദേശങ്ങൾ കൊടുത്തു അടുത്തുണ്ട്.

എന്നെ അത്ര കണ്ടു പരിചയമില്ലാത്തതിനാലാണോ അതോ മനഃപൂർവ്വം ആണോ എന്നറിയില്ല അയാൾ, ഞാൻ അവളുടെ ആങ്ങള തന്നെയാണോയെന്നു ഒരു സംശയം ഉന്നയിച്ചു. ദേഷ്യപ്പെട്ടു മറുപടി പറഞ്ഞപ്പോൾ അച്ഛന്റെ പെങ്ങളെ പരാമർശിച്ചു ഇവളും അങ്ങനെയല്ലെന്നാരുകണ്ടു എന്ന രീതിയിലുള്ള ചില വാക് പ്രയോഗങ്ങളും നടത്തി. അന്നിറങ്ങി വന്ന ശേഷം ഞാൻ പിന്നീട് തീരെ അങ്ങോട്ട് പോയിരുന്നില്ല.

ഒരു ചടങ്ങിനും വീട്ടിൽ വരാത്ത അവളെക്കുറിച്ചു അയൽക്കാരും ബന്ധുക്കളും അന്വേഷിക്കാറുള്ളത് അമ്മയ്ക്കും അച്ഛനും വല്ലാത്ത അപമാനമായി തോന്നി. അതിനാൽ ഈ തവണ താരയെ വീട്ടിലേക്ക് ഒന്ന് കൂട്ടണമെന്ന് അച്ഛന് വല്ലാത്ത നിർബന്ധമുണ്ടായിരുന്നു . താരയെ കൂട്ടാനായി പോയ അന്ന് ഞങ്ങളുടെ അയൽവക്കത്ത് ഒരാൾ മരിച്ചിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ താരയുടെ വീട് ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്നു. അതിന്റെ ഓടുകൾ കത്തുന്ന വെയിലിന്റെ ആധിക്യത്താൽ നരച്ചു കിടന്നു.

സമീപത്തായി ഉയരുന്ന പുതിയ വീടിനു വേണ്ടി ഇറക്കി വെച്ച കല്ലുകളുടെ അരികുകൾ പൊടിഞ്ഞു വീണ ചുവപ്പ് നിറം വഴി നീളെ പടർന്നു കിടക്കുന്നു. മുറ്റത്തിന് തൊട്ടു മുൻപിലെ കിണറിന്റെ വലയുടെ മുകളിലും മുറ്റത്തും പ്ലാവിന്റെയും ജാതിയുടെയും ഇലകൾ. പുറത്തൊരു കോഴിക്കൂട്. അത് കാലിയായിരുന്നു. കോഴികളെല്ലാം പറമ്പിൽ പല വഴിയിൽ ചിക്കി നടക്കുന്നു. അതിനോട് ചേർന്ന് ചെറിയ, വളരെ ചെറിയ ഒരു ചെമ്പക മരം കാലത്തിന്റെ കണക്കിന് കൃത്യമാകാത്ത വിധത്തിൽ പൂത്തു നിൽക്കുന്നു. മുറുക്കി തുപ്പിയതിന്റെ പാടുകൾ ഇറയത്തുണ്ട്. റോഡിൽ നിന്നും ആ വീട്ടിലേക്കുള്ള ഇടവഴി കയറുന്നിടത്ത് ചെറിയൊരു ഒരു കോൺക്രീറ്റ് പാലം വന്നതൊഴിച്ചാൽ ഞാനന്ന് പോയതിൽ നിന്നും ആ വീടിന്റെ അന്തരീക്ഷത്തിനു വലിയ ഭാവഭേദമില്ല.

ചിത്രീകരണം : വിഷ്ണു റാം

ഞങ്ങൾ മുറ്റം കടന്നു ഇറയത്തേക്ക് കയറി. ചുമരിന്റെ അരികിലായുള്ള ബെല്ലിൽ കയ്യമർത്തി ഇറയത്തു നിന്നും താഴെയിറങ്ങി നിന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ താരയുടെ ഭർത്താവിന്റെ അച്ഛൻ പുറത്തേക്കിറങ്ങി വന്നു. കസേര നീക്കിയിട്ട് ഞങ്ങളോട് ഉപചാരപൂർവ്വം ഇരിക്കാൻ പറഞ്ഞു.

“ഞങ്ങ താരയെ കൂട്ടാൻ വന്നയാന്ന്” എന്നച്ഛൻ പറഞ്ഞതും ഞങ്ങളെ അയാൾ രൂക്ഷമായിനോക്കി. പിന്നെ “നീ ചത്തിറ്റ് നോക്കാ” എന്ന് അച്ഛന്റെ മുഖത്തു നോക്കി ഒരു തമാശ പറയുന്ന മട്ടിൽ പറഞ്ഞു.

ഞാനെന്തെങ്കിലും പ്രതികരിച്ചേക്കുമോയെന്ന ഭയത്താൽ അച്ഛൻ എന്നെ തന്നെ നോക്കികൊണ്ടിരുന്നു. അച്ഛന് അയാളുടെ ഇത്തരം പരിഹാസങ്ങൾ ശീലമായിരുന്നു. കുറച്ചു കാലമായി, അവളെ വീട്ടിലേക്ക് കൂട്ടിക്കോട്ടെ എന്ന് ചോദിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടുപോയതായി വരുന്ന വഴിക്ക് അച്ഛൻ എന്നോട് ആദ്യമായി ഒരു കുറ്റസമ്മതം കണക്കെ തുറന്നു പറഞ്ഞിരുന്നു. അവരെ ധിക്കരിച്ചു കൂട്ടി വന്നാൽ ഭർത്താവുമൊത്തുള്ള ഒരു ജീവിതം പിന്നെ താരയ്ക്ക് സാധ്യമായേക്കില്ല എന്ന ഭയം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു.

ഒറ്റയ്ക്ക് പോകാനും അദ്ദേഹം ഭയന്നതുപോലെ തോന്നി. വീട്ടിൽ നിന്നും പുറത്തിറങ്ങി ഞങ്ങളെ ആ വൃദ്ധൻ വളരെ സൂക്ഷ്മമായി നോക്കി. ഇറങ്ങി വരുമ്പോൾ ഒരു ഒറ്റ മുണ്ടായിരുന്നു വേഷം. നരച്ച താടി രോമങ്ങൾ. ഒതുക്കി വെക്കാത്ത തലമുടി. ഒരു മുളയുടെ അത്രയും മെലിഞ്ഞു ഇപ്പോൾ കുഴഞ്ഞു വീണേക്കുമോ എന്ന ഭാവത്തിലുള്ള ശരീരം. അച്ഛൻ അടുത്ത് ചെന്ന് ഞാൻ താരയുടെ അച്ഛനാണെന്നു പരിചയപ്പെടുത്തിയപ്പോൾ അയാൾ “ഇരിക്കപ്പ”യെന്ന് പറഞ്ഞു. അകത്തേക്ക് തലയിട്ട് “മോളെ ചായ എടുക്ക്” എന്ന് സ്നേഹപൂർവ്വം വിളിച്ചു.

ഒരു യജമാനന് മുൻപിലിരിക്കുന്ന കാവൽ പട്ടികളെപ്പോലെ ഞങ്ങൾ ഇറയത്തിട്ടിരുന്ന കസേരകളിൽ ഒതുങ്ങിയിരുന്നു. അയാൾക്കിഷ്ടപ്പെടാത്ത ഓരോ നീക്കങ്ങളും താരയുടെ ഭാവിയെ ബാധിക്കുന്ന ഒന്നായിരിക്കുമെന്നും അതിനാൽ സൂക്ഷിക്കണമെന്നും അച്ഛൻ മുന്നറിയിപ്പ് നൽകിയിരുന്നു. താര ചായയുമായി വന്നപ്പോഴേക്കും ഞങ്ങൾ വന്നതിന്റെ ഉദ്ദേശം അച്ഛൻ അയാളെ ധരിപ്പിച്ചിരുന്നു. ആദ്യം അയാൾ വളരെ സൗമ്യമായി, വീട്ടിലേക്ക് കൂട്ടാൻ പറ്റില്ലെന്നും ഇവിടെ വന്നു കണ്ടിട്ട് പോയാൽ മതിയെന്നും പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളോട് പറഞ്ഞു.

അപ്പോൾ ഞാനാണ്, അയൽവക്കത്ത് ഒരാൾ മരിച്ചിട്ടുണ്ടെന്നും ഇവളെ മരിച്ച സ്ത്രീക്ക് വലിയ കാര്യമായിരുന്നുവെന്നും പറയുന്നത്. അയാൾ ആ നേരം മറുപടി ഒന്നും പറഞ്ഞില്ല. പിന്നെ അക്ഷമനായി ഞാൻ ഒന്ന് രണ്ടു തവണ അതെ കാര്യം തന്നെ ആവർത്തിച്ചപ്പോഴാണ് അയാൾ പൊട്ടിത്തെറിച്ചത്. അച്ഛന്റെ നോട്ടത്തിന്റെ അകമ്പടിയിൽ കൂടെ ഇറങ്ങി നടക്കുമ്പോൾ താര ഞങ്ങളെ ശ്രദ്ധിക്കാതെ കിണറിൽ നിന്നും ഒരു ബക്കറ്റിലേക്ക് വെള്ളം കോരി നിറയ്ക്കുകയായിരുന്നു. ഇടവഴിയിലൂടെ നടക്കുമ്പോഴും തുരുമ്പിച്ച കപ്പി കരയുന്ന ശബ്ദം ഞങ്ങളുടെ പിന്നാലെ വന്നു.

vineesh k n, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

താരയുടെ കല്യാണം അച്ഛൻ, കൂടുതൽ ആലോചിക്കാതെ എടുത്ത ഒരു തീരുമാനമായിരുന്നു. ഞങ്ങൾ സാമ്പത്തികമായി പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന കാലമായതിനാൽ ഇനി അവളുടെ കല്യാണം നടത്താൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭീതി അച്ഛനെ വല്ലാതെ പൊതിഞ്ഞിരുന്നു. അച്ഛന് സൊസൈറ്റിയിലെ പണി നഷ്ടപ്പെട്ട കാലമായിരുന്നു അത്. പഴയ വീടിനടുത്തായി ഒരു വീടെടുക്കാൻ ഞങ്ങൾ തറ കെട്ടിയതും അക്കാലത്തായിരുന്നു. പിന്നീട് ഞങ്ങളുടെ അയൽവക്കത്തുള്ള മരം മുറിക്കാരനായ ഒരാളുടെ കൂടെ സഹായത്തിനു പോയാണ് അച്ഛൻ കുടുംബം മെല്ലെ മുന്നോട്ട് നീക്കിയത്.

ജാതക പ്രകാരം എത്രയും പെട്ടെന്ന് നടന്നില്ലായെങ്കിൽ ഇനി ചിലപ്പോൾ ഒരിക്കലും അവൾക്കൊരു വൈവാഹിക ജീവിതം ഉണ്ടായേക്കില്ല എന്നൊരു ഭയവും അച്ഛനുണ്ടായിരുന്നു. ബാധ്യതകൾ ഏറെയുണ്ടായിരുന്നുവെങ്കിലും അത് തീർത്തു പണമുണ്ടാക്കി താരയെ വിവാഹം കഴിപ്പിച്ചയയ്ക്കുക അസാധ്യമായ ഒരു കാര്യമായി അച്ഛന് അക്കാലത്തൊക്കെ തോന്നിയിരുന്നു . ബാധ്യതകൾ തീർക്കാൻ ഞാനായിരുന്നു അച്ഛന്റെ പ്രതീക്ഷ. പക്ഷെ അത് അച്ഛൻ വിചാരിച്ച വേഗത്തിൽ ഫലവത്തായില്ല.

ഞാൻ ഒരു തുണിക്കടയിൽ പണിക്ക് പോയി തുടങ്ങിയിരുന്നെങ്കിലും നല്ല വരുമാനമൊന്നുമില്ല. ഒരു മുതിർന്ന അംഗത്തെപ്പോലെ വീട്ടിലെ സകല കാര്യങ്ങളിലും ഇടപെട്ടെങ്കിലും താരയുടെ കല്യാണക്കാര്യത്തിൽ അച്ഛൻ എന്നെ തീരെ ഉൾപെടുത്തുകയുണ്ടായില്ല. എങ്കിലും ഞാൻ അവൾ കേറിചെല്ലുന്ന വീടിനെക്കുറിച്ചു അത്യാവശ്യ ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. എന്നാൽ ഒരാൾക്ക് പോലും അവരെക്കുറിച്ചു മോശപ്പെട്ട ഒരഭിപ്രായം ഉണ്ടായിരുന്നില്ല. ഒന്ന് രണ്ടുപേർ ചിലത് പറഞ്ഞു തുടങ്ങിയ ശേഷം അതൊക്കെ സാധാരണമല്ലേയെന്ന രീതിയിൽ എന്റെ മുൻപിൽ ലഘൂകരിച്ചു. താരയ്ക്കോ അമ്മയ്ക്കോ ഇത്തരം കാര്യങ്ങളിൽ യാതൊരു വിധ അഭിപ്രായങ്ങളുമില്ലായിരുന്നു.

താരയുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽതന്നെ ആ വീട്ടിലെ ആശാവഹമല്ലാത്ത കാര്യങ്ങളെക്കുറിച്ചു ഞങ്ങൾ കേട്ടു തുടങ്ങിയിരുന്നു. എന്നാൽ അതെല്ലാം വളർന്ന ഒരു മരം മറ്റൊരിടത്തേക്ക് പറിച്ചു നടുമ്പോൾ വരുന്ന ചില പൊരുത്തക്കേടുകൾ ആണെന്നാണ് അച്ഛനും അമ്മയും വിശ്വസിച്ചിരുന്നത്. കാലക്രമേണ അതവിടെ പച്ചപിടിച്ചു വേരുകൾ ആഴ്ത്തുമെന്നും ചെറിയ ചെറിയ ഇല പൊഴിയലുകൾ കാര്യമാക്കേണ്ടതില്ലെന്നും എനിക്കും തോന്നി.

ഞങ്ങളുടെ വീട്ടിൽ നിന്നും അത്രയധികം മെച്ചമൊന്നുമായിരുന്നില്ല താരയുടെ ഭർത്താവിന്റെ വീടും. എന്നിട്ടും അവർക്ക് ഞങ്ങളുടെ മുകളിൽ എന്തോ അധികാരം നേടിയ കണക്കെയുള്ള പെരുമാറ്റമായിരുന്നു തുടക്കം മുതലേ ഉണ്ടായിരുന്നത്. താരയുടെ അനുഭവങ്ങൾ അവൾ പറഞ്ഞറിയുന്നതിലും കൂടുതൽ അവരുടെ അയൽവാസികൾ പറഞ്ഞു. ഞങ്ങൾ ഇതിനൊക്കെ പിന്നിലെന്താണ് കാരണമെന്നു കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഇളയമ്മയുടെ ജീവിതം അതിലൊരു കാരണമായി ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ ഊഹിച്ചു.

താരയുടെ വിവാഹത്തിന്റെ സന്തോഷത്തിൽ നിന്നും ഏറെ നാൾ കഴിയുന്നതിനും മുൻപേ തന്നെ ഞങ്ങളുടെ വീട് വല്ലാത്ത ഒരു തരം ദുഃഖഭാവത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു.

അച്ഛനും ഞാനും അന്നിറങ്ങി ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു താരയുടെ നാട് വഴി പോകേണ്ടി വന്നപ്പോൾ ഞാൻ മടിച്ചു മടിച്ചാണെങ്കിലും ഒന്നുകൂടി ആ വീട്ടിൽ കയറി. ഞാൻ ബൈക്കോടിക്കാൻ പഠിക്കുന്ന കാലമായിരുന്നു അത്. കൂട്ടുകാരന്റെ ബൈക്കുമെടുത്തു കറങ്ങി വഴി തെറ്റി ആ പ്രദേശത്തു എത്തിയതായിരുന്നു. വഴിയിൽ ഒന്ന് രണ്ടു തവണ വീണു കയ്യും കാലും പോറിയിരുന്നു.

ഞാൻ ചെല്ലുമ്പോൾ താര തിട്ടയുടെ അരികിൽ നിന്നും ചീരയുടെ തടത്തിനു കൈകൊണ്ടു വെള്ളം പാറ്റുന്നു. ബൈക്കിൽ വരുന്ന എന്നെ കണ്ടതും അവൾ അതിശയപ്പെട്ടു. ബൈക്കിൽ നിന്നും ഇറങ്ങി ഞാനവളുടെ ഇറയത്തേക്ക് എത്തി നോക്കി. ആ വൃദ്ധൻ പുറത്തെങ്ങുമില്ല. എന്റെ നോട്ടം കണ്ടു അവൾ ചിരിച്ചു. അന്നവിടെ മറ്റാരുമുണ്ടായിരുന്നില്ല. അവരെല്ലാം കുറച്ചകലെയെവിടയോ ഒരമ്പലത്തിൽ തൊഴാൻ പോയിരുന്നു. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി അവളുടെ കൂടെ വീടിന്റെ മുറ്റത്തേക്ക് നടന്നു. എന്റെ കയ്യിലും കാലിലുമുള്ള മുറിവുകൾ കണ്ടപ്പോൾ അവൾ അകത്തേക്ക് ഓടിപ്പോയി ഏതോ ഒരു സ്പ്രേ മരുന്നെടുത്തു തിരിച്ചു വന്നു. എന്റെ നീറ്റൽ വക വെയ്ക്കാതെ അതിലേക്ക് സ്പ്രേ ചെയ്തു.

“നിനിക്ക് എപ്പോം ശ്രദ്ധയില്ലല്ല. ആരെങ്കിലും പിന്നാലെ വേണ്ടേ?”

എന്റെ ശ്രദ്ധക്കുറവിനെ കളിയാക്കി അവൾ ചില ഉപദേശങ്ങൾ ഉരുവിടാൻ തുടങ്ങി. എന്റെ ശ്രദ്ധയില്ലായ്മയുടെ പഴയ കഥകൾ അവൾ പറയാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന അവളുടെ അയൽ വീട്ടിലെ ഒരു സ്ത്രീ എന്നെക്കണ്ടു ഹൃദ്യമായി ചിരിച്ചു.

“നിങ്ങക്ക് ഈനെ അങ്ങ് കൂട്ടിക്കൂടെ?” അവർ സഹതാപത്തോടെ പറഞ്ഞു.

“നീ വീട്ടിലേക്ക് വരുന്നോ?” അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ എന്നെയും കൂട്ടി മുറ്റത്തിന് പുറത്തു പൂത്തു നിൽക്കുന്ന ചെമ്പകത്തിനു അടുത്തേക്ക് പോയി. അതിൽ നിന്നും ഒരു പൂ പറിച്ചെടുത്തു. ഒന്ന് മണത്ത ശേഷം എനിക്ക് തന്നു.

“എന്തൊരു മണമാണല്ലേ?”

vineesh k n, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“എന്ത്ന്ന് മണം? ഒരു മണോം ഇല്ല? ഞാൻ പറഞ്ഞു. ഞാൻ ചായ കുടിച്ച ശേഷം അവളെന്നോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു. അവൾക്ക് തിരക്കുണ്ടായിരുന്നു. അവൾ പറിച്ചു തന്ന ആ ചെമ്പകപ്പൂവ് വെറുതെയൊന്നു മണത്ത ശേഷം ഞാൻ അവിടെ നിന്നും വണ്ടിയെടുത്തു വിട്ടു. അതിന്റെ ഗന്ധമെന്ന പൂരക്കാലത്തെത്തിച്ചു.

കുന്നിന്റെ ഏറ്റവും അറ്റത്തായിരുന്നു ഞങ്ങളുടെ വീട്. ഇറയത്തു നിന്നും നോക്കിയാൽ ദൂരെ പരന്നു കിടക്കുന്ന വയലും അതിനപ്പുറം ആരോ വലിച്ചു കെട്ടിയ ഒരു നേർത്ത നൂല് പോലെ പുഴയും കാണാം. മഴക്കാലമായാൽ ആ പ്രദേശമാകെ ഒരു ചിത്രത്തിൽ പച്ച നിറം വെറുതെ വാരിപൂശിയത് കണക്കെ തോന്നിക്കും.

വെയിൽ വീണു നരയ്ക്കുന്ന മീനം മുതലങ്ങോട്ടുള്ള ദിവസങ്ങളെയാണ് പക്ഷെ ഞങ്ങൾ കുട്ടികൾക്ക് ഇഷ്ടം. മീനത്തിലെ പൂരവും പിന്നെ വരുന്ന വിഷുവും നീണ്ട അവധിക്കാലവും കാത്താണ് ഞങ്ങൾ കുട്ടികൾ മറ്റുള്ള മാസങ്ങളെ അവജ്ഞയോടെ ഉന്തി മാറ്റുന്നത്. മീന മാസത്തിൽ കാമദേവനെ പൂജിക്കുന്ന പൂരോത്സവത്തിലെ ഏഴു ദിവസങ്ങൾ കുട്ടികൾക്ക് ചെമ്പകപ്പൂക്കൾ ശേഖരിക്കാനുള്ള മത്സരത്തിന്റെ ദിനങ്ങളായിരിക്കും. കാവിൽ പൂവിടുന്നത് ഞാനായിരുന്നതിനാൽ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി എനിക്ക് വഴി നീളെ നടന്നു പോയി പൂ ശേഖരിക്കേണ്ട ആവശ്യമില്ല.

കാവിനു മുൻപിലായി വലിയൊരു ചെമ്പക മരം പൂരക്കാലത്തെ എന്റെ അധികാരത്തിന്റെ അടയാളം കാട്ടി തലയുയർത്തി നിന്നു. മറ്റുകുട്ടികൾക്ക് പൂക്കൾ കൊടുക്കാതെ, ഞാനതിനെ സംരക്ഷിച്ചുപോന്നു. എന്നാൽ, തുടർച്ചയായ രണ്ടു പൂരക്കാലങ്ങളിൽ വന്നുപെട്ട ചില പ്രതിസന്ധികളും അതിനു ശേഷം അച്ഛന്റെ ചില പിടിവാശികളും കാരണം പിന്നീടൊരിക്കലും എനിക്ക് കാവിൽ പൂക്കളിടാനുള്ള അവസരം കിട്ടിയില്ല.

അതിലാദ്യത്തെ പൂരത്തിന് നടക്കാൻ കഴിയാതെ വീട്ടിൽ ഇരിക്കേണ്ടി വന്നതാണെങ്കിൽ അടുത്ത വർഷം വിറയ്ക്കുന്ന പനിയുമായി ശരീരം അനക്കാൻ കഴിയാതെ ദിവസങ്ങളെ ഞാൻ എണ്ണിത്തീർക്കുകയായിരുന്നു. വെയിൽ ഭൂമിയെ പഴുപ്പിക്കുമ്പോൾ അതിലും താപത്തോടെ കണ്ണുകളും ചുണ്ടും പൊള്ളി ദേഹത്ത് തിണിർത്ത കുരുക്കളുടെ നീറ്റലിൽ വീടിനാകെയുള്ള ഒരൊറ്റ മുറിയിൽ ഒരു ജയിൽ പുള്ളിയെപ്പോലെ കഴിയുകയായിരുന്നു ഞാൻ. എനിക്കന്നു പന്ത്രണ്ടോ പതിമൂന്നോ ആണ് പ്രായം. ജനൽകമ്പികളുടെ ഇടയിലൂടെ ഇടവഴിയിലേക്ക് കണ്ണ് കൂർപ്പിച്ചിരുന്നും കിടന്നും ഞാൻ നേരം കൊന്നു.

ജനലിനു അരികിൽ ഒരു ആരോ ഒരു ചെമ്പക പൂവ് വെച്ചിട്ടുണ്ടായിരുന്നു. അവളായിരിക്കണം. ഞാൻ ജനലഴിക്കുള്ളിലൂടെ വശങ്ങളിലേക്ക് നോക്കി. അവൾ അവിടെയെങ്ങുമില്ല. ഞാനാ പൂവ് കയ്യിലെടുത്തു വീണ്ടും കിടന്നു. കിടന്നുകൊണ്ട് വെറുതെ അതിനെ മണത്തു നോക്കി. പിന്നെ ആ പൂവ് കയ്യിൽ വെച്ച് എപ്പോഴോ ദീർഘ മയക്കത്തിലേക്ക് താണു. കുറച്ചു നേരത്തിനു ശേഷം ആരുടെയൊക്കെയോ ശബ്ദം അലയടിച്ചെത്തി. എഴുന്നേറ്റ് നോക്കിയപ്പോൾ താഴെ ഇടവഴിയിലൂടെ ചില കുട്ടികൾ പൂക്കൂടയുമായി നടന്നു പോകുന്നത് കണ്ടു. കാവിലെ ചെമ്പകത്തിനു അടുത്തേക്കായിരിക്കണം .അവർ പൂക്കൾ പറിച്ചു നശിപ്പിക്കും. ഇവിടെയിരുന്ന് ഞാനെന്ത് ചെയ്യാൻ? എനിക്ക് അമർഷവും സങ്കടവും വന്നു.

ഞാൻ അവരെ നോക്കുമ്പോൾ ഇടവഴിയുടെ തിട്ടയുടെ അറ്റത്ത് മുൻപ് ഞാൻ കാണാത്തൊരു ചെറിയ ചെമ്പക മരം. അത് പൂത്തു നിൽക്കുന്നു. ആകെ കൂടി നാലോ അഞ്ചോ പൂക്കളുണ്ട്. എന്നാലും പൂരക്കാലത്ത് അത് അമൂല്യമാണ്. ഭാഗ്യത്തിന്, ഇടവഴിയിലൂടെ നടന്നു പോകുന്ന കുട്ടികൾ കണ്ടിട്ടില്ല. അവളെവിടെ പോയതായിരിക്കും? എനിക്ക് ദേഷ്യം തോന്നി. ആരെങ്കിലും കണ്ടാൽ പിന്നെ ഒരൊറ്റ പൂ നോക്കണ്ട. ഞാൻ പറ്റാവുന്ന ഒച്ചയിൽ വിളിച്ചു. ഒരു അശരീരി കണക്കെ വീടിന്റെ ഏതോ മൂലയിൽ നിന്നും ശബ്ദമുയർന്നു.

“എന്താന്ന് നീ പൂ പറിക്കാൻ പോയിറ്റെ?” ഞാൻ ചോദിച്ചു.

ഓടി വന്നവൾ ജനൽ കമ്പികളിൽ തൊട്ടു. പിന്നെ പാവാട തെറുത്തു കയറ്റി കമ്പികളിൽ തൂങ്ങി എന്നെ എത്തി നോക്കി. ഞാനാ ചെമ്പകമരം കാണിച്ചു കൊടുത്തു. അത് മുളകളുടെ ഇടയിൽ മറഞ്ഞിരുന്നു കാറ്റിൽ ചെറുതായി ആടുന്നു.

“നിന്റെ കയ്യിലുള്ള പൂവ് ആട്ന്ന് പറിച്ചതാന്ന്…” അവൾ മറുപടിയെന്ന കണക്കെ പറഞ്ഞു.

ഞാൻ ക്ഷീണത്തോടെ കിടക്കുമ്പോൾ അവളെന്റെ ഉള്ളം കാലിൽ കൗതുകത്തോടെ നോക്കി. കാലിൽ പഴയ മുറിവിന്റെ നീണ്ട രേഖ.

“അന്ന് ഞാൻ കുത്തിയെടുക്കേണ്ട മുള്ളാണ് ആശൂത്രിയിൽ കൊണ്ടോയി ഇങ്ങനെ വല്യ പ്രശ്നം ആക്കിത്.”

അവൾ കാര്യമായി പറയുകയാണ്. എനിക്കപ്പോൾ ചിരിയാണ് വന്നത്.

“നീ കുത്തിയൊണ്ടാണ്‌ അത് ഉള്ളീക്കേറി ഇങ്ങനെ ആയത്.”

ഞാനത് പറഞ്ഞതും അവൾ ചാടിതുള്ളി കണ്മുൻപിൽ നിന്നും എങ്ങോ മാഞ്ഞു. ഉച്ചത്തിൽ വിളിച്ചിട്ടും മറുപടിയുണ്ടായില്ല.

അതിനു തൊട്ടു മുൻപത്തെ പൂരത്തിനായിരുന്നു എന്റെ കാലിൽ സാമാന്യം വലിയൊരു മുള്ളു തറച്ചത്. പൂരത്തിന്റെ ആദ്യ ദിവസമായിരുന്നു. ഞാൻ ചെല്ലുമ്പോൾ ഉച്ചയെത്താറായിരുന്നു. കാവ് കാടുമൂടി ഒരു വനത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഇരുഭാഗങ്ങളിലും നടവഴി മാത്രം ബാക്കി വെച്ച് കിളികളെ ഉതിർത്തു കളയുന്നുണ്ടായിരുന്നു. പൂക്കൾ ഇടുന്ന ഈറ്റയുടെ കുട്ടയുമായി ഞാൻ കമ്യൂണിസ്റ്റ് പച്ച വകഞ്ഞു മാറ്റി ചെമ്പകത്തിനു അരികിലേക്ക് ചെന്നു. കാവിനു മുൻപിലെ വലിയ തോടിന്റെ തിട്ടയുടെ ഏറ്റവും അറ്റത്താണ് ഗുളികന്റെ സാന്നിദ്ധ്യമുള്ള ആ ചെമ്പക മരം. ഒഴിഞ്ഞ ആകാശത്തിനു മേലേക്ക് ആ മരം മൃദുലമായ തന്റെ വിരലുകൾ നീട്ടിപിടിച്ചു നിൽക്കുകയായിരുന്നു. ആകാശം അതിന്റെ സുഗന്ധത്താൽ തെളിഞ്ഞു കിടന്നു.

ദൂരെ നിന്നും ഞാൻ നടന്നു വരുന്നത് കണ്ടതും ചില പെൺകുട്ടികൾ ദ്രുത ഗതിയിൽ അവിടെ നിന്നും ഓടി മറഞ്ഞു. അവർക്ക് ചെമ്പക പൂക്കൾ ആവശ്യമുണ്ട്. കാമനെ പ്രീതിപ്പെടുത്തണം. നല്ല ഭർത്താക്കന്മാരെ കിട്ടണം. ഞാൻ മരത്തിനു അടുത്തെത്തി ഗുളികനെ പ്രാർത്ഥിച്ചു. പൊടി മഴയിറ്റിയ കണക്കെ, കുപ്പായമിടാത്ത എന്റെ ചുമലിൽ ഒരു തുള്ളി വെളുത്ത പാലുറ്റി. പൊട്ടി പകുതി താണുവീണ ചെമ്പക കൊമ്പുകൾ കരയുന്നു. എനിക്ക് ദേഷ്യം വന്നു.

വളഞ്ഞു പുളഞ്ഞു ആകാശത്തേക്ക് പോകുന്ന ആ മരത്തിനു മുകളിലേക്ക് ഞാൻ പതിയെ ചുവടുകൾ വച്ചു. വലിയ കൊമ്പിനു ചവിട്ടി നിന്ന് പൂക്കൾ ഓരോന്നായി ഇറുത്തെടുത്തു താഴേക്കിട്ടു. പൂക്കൾ ആവശ്യമുള്ളവർ അത് മാത്രം പൊട്ടിച്ചാൽ മതിയായിരുന്നല്ലോ. കൊമ്പടക്കം പൊട്ടിച്ചു കൊണ്ട് പോകുന്നതെന്തിനാണ്? പൂരത്തിന്റെ ഏഴു ദിവസത്തോളം പൂക്കൾ എത്തിക്കേണ്ടതാണ്. ഞാൻ അമർഷത്തോടെ അതോർക്കുമ്പോൾ താഴെ നിന്നും അവൾ ഒച്ചയിടുന്നു. അവൾക്ക് വീട്ടിലേക്കും കുറച്ചു പൂക്കൾ വേണം. തരില്ലായെന്നു ഞാൻ പറഞ്ഞെങ്കിലും അവൾക്ക് വാശി.

“നാട്ടാര് മൊത്തം കൊണ്ടൊന്നുണ്ടല്ലോ. വീട്ടിലേക്ക് തരാനാന്ന്…”

ഞാൻ അരിശപ്പെട്ട് ചെമ്പകത്തിൽ നിന്നും ചാടിയിറങ്ങി. നിലത്തു ഉതിർത്തിട്ട പൂക്കൾ കൂട്ടയിലേക്ക് അതിവേഗത്തിൽ പെറുക്കിയിട്ടു. ഒന്ന് രണ്ടു പൂക്കൾ എടുക്കാൻ തുനിഞ്ഞ അവളെ ഞാനൊന്നു രൂക്ഷമായി നോക്കി. കണ്ണുകളിൽ വെയിൽ കത്തി.

“ഹോ എന്ത്ന്നാന്നു” അവൾ പേടിച്ചു പുറകോട്ട് മാറി. എല്ലാം പെറുക്കിയെടുത്തു കഴിഞ്ഞശേഷം കുട്ടയിൽ നിന്നും ഒരു പിടി പൂക്കൾ വാരി ഞാൻ അവളുടെ കോട്ടിപ്പിടിച്ച പാവാടയുടെ മട്ടത്തിലേക്ക് ഇട്ടു കൊടുത്തു. അവൾ കണ്ണുകൾ ഇറുക്കി ചിരിച്ചു. കാമനെ പോലൊരു ഭർത്താവിനെ കിട്ടാനായി എന്റെ ദയ. ഞാനതു പറയുമ്പോൾ അനുവാദമില്ലാതെ ഒരു പൂകൂടി കുട്ടയിൽ നിന്നും അവളെടുത്തു. മൂക്കുകൾ വിടർത്തി അതിന്റെ ഗന്ധം വലിച്ചെടുത്തു.

“എന്തൊരു മണമല്ലേ?”

പൂരക്കാലം മുഴുവൻ ആ പൂക്കളുടെ കൂടെയായിരുന്നതിനാൽ എനിക്കത് മനസ്സിലായില്ല. എന്റെ നോട്ടമൊന്നു തെറ്റിയപ്പോൾ അവൾ കുട്ടയിൽ നിന്നും ഒന്ന് രണ്ടു പൂ കൂടി എടുത്തു ഓടി കളഞ്ഞു. ഞാൻ പിന്നാലെ ഓടാൻ ശ്രമിച്ചു. അപ്പോൾ വലതു കാൽ ഒരു വലിയ മുള്ളിൽ തൊട്ടു. തിട്ടയുടെ സമീപത്തേക്ക് ഞാൻ ചാഞ്ഞിരുന്നു. കാലിൽ നിന്നും ചോര പൊടിയുന്നു. അവൾ പരിഭ്രമപ്പെട്ട് വീട്ടിൽ പോയി വെള്ളമെടുത്തു വന്നു .കുറച്ചു കുടിക്കാൻ തന്ന ശേഷം ബാക്കി കൊണ്ട് കാലിന്റെ അടിഭാഗം വൃത്തിയായി കഴുകി. പാവാടയ്ക്ക് മേൽ കുത്തി വച്ചൊരു പിന്ന് വലിച്ചെടുത്തു മുള്ളുള്ള സ്ഥലത്ത് മെല്ലെ തൊട്ടു. മുള്ള് ഒരു മുശുവിനെപ്പോലെ പിടി തരാതെ വെളുത്ത തൊലിക്കുള്ളിലേക്ക് മട തുരന്നു പോയി.

“നീ കുത്തി കുത്തിയാണ് അത് കൂടുതൽ അകത്തോട്ട് പോയത്.”

ഞാൻ നിർദാക്ഷിണ്യം പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി. ഒരുപാട് ശ്രമങ്ങൾ നടത്തി പരാജയമറിഞ്ഞ ശേഷം പിറ്റേ ദിവസം രാവിലെയെന്നെ അമ്മ ആശുപത്രിയിൽ കൊണ്ട് പോയി കാലിന്റെ അടിഭാഗം കീറി ആ മുള്ളെടുപ്പിച്ചു. നടക്കാൻ കഴിയാതെ ഞാൻ വീട്ടിൽ ഇരിപ്പായി. എങ്കിലും എല്ലാ പൂര ദിവസങ്ങളിലും അവളെന്നെ തോളിലേറ്റി കാവിലെത്തിച്ചു. എന്നാൽ ഈ തവണ പൂരത്തിന് എനിക്ക് അങ്ങനെ പോലും കാവിലേക്ക് കടന്നു കൂടാ. പകരുന്ന രോഗമാണ്.

‘ആ കീറലിന്റെ ഒരു വര ഇപ്പോഴും പോയിറ്റാ’

ഞാൻ നീട്ടി വച്ച കാലിൽ ജനലഴികളിലൂടെ തൊട്ട് നോക്കി അവൾ പറഞ്ഞു.

“എന്നെ തൊട്ടൂടാ പകരും.”

അവളത് ഗൗനിക്കാതെ ചിരിച്ചു. പിന്നെ നോട്ടം അമ്മ എനിക്ക് വച്ചിട്ട് പോയ പാലിലും റസ്കിലേക്കുമായി. ഒരു മൗനാനുവാദം പോലെ ഞാൻ ചിരിച്ചപ്പോൾ നിമിഷങ്ങൾക്കകം ജനലിനടുത്തു നിന്നും മറഞ്ഞു ഇപ്പുറത്തെത്തി അവൾ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നപ്പോൾ കയറി വന്നു തൂക്ക് പാത്രത്തിൽ എനിക്ക് വച്ചിരുന്ന പാലും പ്ലേറ്റിലെ റസ്‌ക്കും അതിവേഗം തിന്നു. പിന്നെയത് അടുത്ത ദിവസങ്ങളിലും തുടർന്നു.

“അമ്മയൊന്നും അറിഞ്ഞേക്കല്ലേ. എന്നെ കൊല്ലും.”

തിന്നു കഴിഞ്ഞാൽ ഒരു കർമ്മം പോലെ പറഞ്ഞു അവൾ ഓടിക്കളയും..

ആ പൂരം കഴിഞ്ഞയന്നു രാത്രി പ്ലാവിൻ ചുവട്ടിൽ കാമനു വച്ച അപ്പം; ഞങ്ങൾ ആണുങ്ങൾ എടുക്കേണ്ടത് അവൾ തന്നെ തപ്പി എടുത്തുകൊണ്ട് വന്നു എനിക്ക് തന്നു. കാവിൽ കോമരത്തിന്റെ ചിലമ്പ് മണികളുടെ ശബ്ദം കേട്ടപ്പോൾ അമ്മ അവശനായ എന്നെയും കൂട്ടി നടന്നു. ഭഗവതിക്കോമരം എന്റെ നേർക്ക് മഞ്ഞൾകുറി വീശിയെറിഞ്ഞു. അന്നത്തെ ഇരുട്ടിൽ തിരിച്ചു നടക്കുമ്പോൾ പൂത്തു നിൽക്കുന്ന ചെമ്പക മരം വിതറുന്ന വെളിച്ചത്തെ ഞാൻ നോക്കി. അതിന്റെ കൊമ്പുകൾ മിക്കതും ഒടിഞ്ഞു തൂങ്ങി കിടക്കുന്നു. നടക്കുമ്പോൾ കഴിഞ്ഞ കൊല്ലം തറച്ച മുള്ളിന്റെ നീറ്റൽ എന്റെ കാലിൽ പടർന്നു കയറി. ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെന്നെ ആര്യവേപ്പിന്റെ ഇലയിട്ട വെള്ളത്തിൽ കുളിപ്പിച്ചു. രോഗം പകരാതിരിക്കാൻ വീണ്ടും രണ്ടു മൂന്നു ദിവസം കൂടി ഒറ്റയ്ക്ക് കിടത്തി. പാലും റസ്‌ക്കും അവൾ തിന്നത് ഞാൻ മിണ്ടിയില്ല .

vineesh k n, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

എനിക്ക് ചിക്കൻപോക്സ് വന്ന പൂരക്കാലത്തിനു ശേഷം ഞങ്ങളാരും കാവിലേക്ക് പോയില്ല. അതിനു കാരണക്കാരി സുഭദ്ര ഇളയമ്മയായിരുന്നു. പൂരം കഴിഞ്ഞു ഏറെ നാൾ കഴിയുംമുമ്പേ കാവിന്റെ പുറത്തെ തിട്ടയുടെയും കമ്മ്യൂണിസ്റ് പച്ചകളുടെയും മറവിൽ നിന്നും ഞങ്ങളുടെ ഇളയമ്മയെയും പുറം നാട്ടുകാരനായ ഒരാളെയും കണ്ടുവെന്ന ശ്രുതി നാട്ടിലാകെ പരന്നിരുന്നു. അതിൽ ചില സത്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ഇളയമ്മയുടെ മൗനത്തിൽ നിന്നും അച്ഛൻ വായിച്ചറിഞ്ഞു.

ഞങ്ങളെ ഇരുവരെയും അച്ഛൻ അതിനു ശേഷം എവിടെയും പോകാൻ സമ്മതിച്ചില്ല. കളിക്കാൻ പോകാതെ ഞങ്ങൾ വീട്ടിൽ തന്നെ അടച്ചിരുപ്പായി. ഏറെക്കാലം അച്ഛനും പണി കഴിഞ്ഞു വരുമ്പോൾ അപമാനത്തിന്റെ കനത്താൽ അധികമാരോടും സംസാരിക്കാതെ, നേരെ വീട്ടിൽ വരുമായിരുന്നു. ഞങ്ങൾ, കാവിൽ ആളുകൾ കൂടുന്ന സമയത്തൊന്നും അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിച്ചു. പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിച്ച വാർത്തയെക്കുറിച്ചു പിന്നീട് ഇളയമ്മ അച്ഛനോട് വിവരിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹമോ ഞങ്ങളോ അത് കേൾക്കാൻ തീരെ മെനെക്കെടുകയുണ്ടായില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഏറെ ദൂരെയല്ലാതെ, തോട്ടത്തിലെ കുളത്തിൽ വയറു വീർത്ത് ഭാരമില്ലാതെ അവർ കിടന്നു.

അന്ന് രാത്രി മുഴുവൻ അച്ഛൻ ഞങ്ങളുടെ വീടിന്റെ അടുക്കളയിൽ വെറും നിലത്തു കിടന്നു ഏറെ നേരം കരഞ്ഞു. ഇളയമ്മ ദുർബലയായ ഒരു സ്ത്രീയായിരുന്നു. ഏറെക്കുറെ താരയും. ഇളയമ്മയുടെ മരണശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ചതിന്റെ മിഥ്യയും പൊരുളുമെന്തെന്നു തിരയാൻ ആരും ശ്രമിച്ചില്ല. എങ്കിലും വിവാഹം കഴിയാതെ വീട്ടിൽ ഒറ്റപ്പെട്ടു നിൽക്കുന്ന, ആരോടും മിണ്ടാത്ത ഇളയമ്മയ്ക്ക് അങ്ങനെ ഒരാളുമായി എങ്ങനെ ബന്ധമുണ്ടായെന്നു ഞങ്ങൾ അത്ഭുതപ്പെട്ടു.

ഇളയമ്മയ്ക്ക് നേരെ വന്ന ആരോപണം യഥാർത്ഥത്തിൽ ഉള്ളതാണോ അല്ലയോ എന്ന കാര്യത്തിൽ പിന്നീട് ഞങ്ങൾക്ക് പോലും സംശയമായി. യാഥാർഥ്യമായിരുന്നെങ്കിൽ ഇഷ്ടമുള്ള ആ ആളുടെ കൂടെ എങ്ങോട്ടെങ്കിലും പോകുന്നതായിരുന്നില്ലേ മരണത്തിനേക്കാൾ നല്ലതെന്നു അച്ഛന് പോലും ഇടയ്ക്കിടെ തോന്നി. എല്ലാ സംസാരങ്ങൾക്കും ഓർമ്മകൾക്കും മുകളിലായി എന്നും കൊഴിഞ്ഞു വീണ ഒരില പോലെ അവരുടെ ശരീരം തോട്ടത്തിലെ കുളത്തിൽ പൊങ്ങികിടന്നു.

സുഭദ്ര ഇളയമ്മ മരിച്ചു നാലോ അഞ്ചോ വർഷം കഴിഞ്ഞാണ് താരയുടെ കല്യാണം നിശ്ചയിക്കപ്പെട്ടത്. അവൾ മുതിർന്നു വന്നതേയുണ്ടായിരുന്നുള്ളൂ. അമ്മയ്ക്കും അച്ഛനും ഇളയമ്മയുടെ മരണ ശേഷം താരയുടെ കാര്യത്തിൽ വല്ലാത്ത ആശങ്കയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു അവൾ പോകുമ്പോൾ ആ ദിവസം മറ്റങ്ങാളമാരെ പോലെ ഞാൻ കരഞ്ഞില്ല. അവളും കരഞ്ഞില്ല. ഞങ്ങൾക്ക് വലിയ ആശ്വാസമാണ് താരയുടെ വിവാഹം നൽകുന്നതെന്ന് അവൾക്കും ഞങ്ങൾക്കും ഒരുപോലെ അറിയാമായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ അവൾ ക്ഷണപ്രകാരം ഒരിക്കൽ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഒരു ഭാര്യയായ ശേഷം , അതുവരെയുള്ള എല്ലാ കുസൃതികളെയും വഴിയിലെവിടെയോ കളഞ്ഞു പോയത് പോലെ ഗൗരവത്തിൽ വീട്ടിലേക്ക് കയറി. ഞങ്ങൾ രണ്ടു അപരിചിതരെ പോലെ പെരുമാറി. അന്ന് മുതലേ ആ വീട്ടുകാരുടെ പെരുമാറ്റത്തിൽ എനിക്ക് ചില അസ്വാഭാവികതകൾ തോന്നി. താരയുടെ ചില അയൽവാസികളെ അച്ഛൻ പലയിടത്തും വച്ച് കണ്ടുമുട്ടി. അതിനു ശേഷം വീട്ടിൽ വന്നു അദ്ദേഹം അസ്വസ്ഥനായി ഉറക്കം കളഞ്ഞു. അമ്മയും അച്ഛനും സംസാരിക്കുന്നത് ചിലപ്പോഴെല്ലാം ഞാൻ കേട്ടൂ. എന്നിട്ടും ഇടപെടാനും അഭിപ്രായം പറയാനും മുതിരാതെ ഞാൻ മാറി നിന്നു. ഒരു പൂരവും തെയ്യവും കഴിഞ്ഞു. അവൾ വന്നില്ല. ചിലരൊക്കെ അവളെ കൂട്ടികൊണ്ടു വരാൻ അച്ഛനെ നിർബന്ധിച്ചു. പക്ഷെ ഈ പറഞ്ഞവർ തന്നെ സുഭദ്ര ഇളയമ്മയുടെ കാര്യം പറഞ്ഞു രസിച്ചത് അച്ഛനറിയാമായിരുന്നു. സുഭദ്ര ഇളയമ്മയുടെ അനുഭവം താരയ്ക്ക് ഉണ്ടാകരുതെന്നോർത്തു ഞാൻ അവളെ വീട്ടിലേക്ക് കൂട്ടി വരാനായുള്ള ചില അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും അച്ഛനും അമ്മയും അതാദ്യം സ്വീകരിച്ചിരുന്നില്ല. കൂടാതെ അയൽവാസികളും ചില ബന്ധുക്കളും, അങ്ങനെ ചെയ്താൽ അവളുടെ ജീവിതം എന്നന്നേക്കുമായി ഇരുട്ടിലായി പോയേക്കുമെന്ന് മുന്നറിയിപ്പും നൽകി. മാറ്റമില്ലാതെ ദിവസങ്ങൾ കടന്നു പോയി.

ഒരു മാസത്തോളം കഴിഞ്ഞപ്പോൾ വീണ്ടും ഞാനൊറ്റയ്ക്ക് ,അച്ഛനും അമ്മയും അറിയാതെ താരയുടെ വീട്ടിലേക്ക് പോയി. അന്ന് ഞാൻ ചെല്ലുമ്പോൾ അവൾ പുറത്തു കിണറിനു അരികിൽ തന്നെ കൈകളും ദേഹവും വെള്ളം തൊട്ടു തുടയ്ക്കുകയായിരുന്നു. ചുരിദാറിനു മുകളിൽ ഒരു മഞ്ഞ നിറം തൂവിക്കിടക്കുന്നു. അത് പരിപ്പ് കറിയായിരുന്നു. അതിൽ ഉപ്പ് കുറവായിരുന്നെന്ന് അവൾ വിളറിയ ഒരു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു. ഞാനവളോട് ചില കാര്യങ്ങൾക്ക് സമ്മതം വാങ്ങി.എന്നിട്ട് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്താമെന്നു ഉറപ്പു കൊടുത്തു തിരിച്ചു വന്നു. ജോലിയുമായി ബന്ധപ്പെട്ട ചില അത്യാവശ്യ തിരക്കുകൾ വന്നതിനാൽ മൂന്നാലു ദിവസത്തിനുള്ളിൽ ഇനിയും താരയുടെ വീട്ടിലേക്ക് പോകാമെന്ന എന്റെ പദ്ധതി പൊളിഞ്ഞു. രാവിലെ അങ്ങോട്ട് പോകാമെന്ന് ഞാൻ കരുതിയിരുന്ന സമയത്താണ് അവൾക്ക് പനിയാണെന്നും ഒരു മുറിയിൽ അടച്ചിരുപ്പാണെന്നും അമ്മ പറഞ്ഞറിഞ്ഞത്. കുരുക്കൾ പൊന്തി തുടങ്ങിയതിനാൽ അങ്ങോട്ട് ഇപ്പോൾ പോകണ്ടായെന്ന മുന്നറിയിപ്പും കിട്ടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൂരം തുടങ്ങി. അമ്മ പൂക്കളിടുന്നു. ഇനിയും കാത്തു നിൽക്കേണ്ടതില്ലയെന്നു തോന്നിയതിനാൽ ഞാൻ പുതുതായി വാങ്ങിച്ച ബൈക്കുമെടുത്തു താരയുടെ വീട്ടിലേക്ക് ചെന്നു . പുത്തൻ നിറമുള്ള ബൈക്കിനെ ജനാലയിഴകൾക്കിടയിലൂടെ അവൾ നോക്കി. അടുത്തേക്ക് പോകരുതെന്ന് വിലക്കിയെങ്കിലും ഞാൻ അങ്ങോട്ട് നടന്നു. ഒരിക്കൽ വന്നവർക്ക് ഈ അസുഖം പിന്നീട് വരില്ലയെന്നു പറഞ്ഞുകൊണ്ട് ഞാൻ മുറിയിലേക്ക് കയറി. ആ വൃദ്ധൻ കണ്ണ് പിടിക്കാതെ എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു. ഞാൻ അടുത്ത് പോയി വളരെ ഉച്ചത്തിൽ താരയുടെ ആങ്ങളയാണെന്ന് അറിയിച്ചു. അകത്തും നിന്നും ചില ഒച്ചപ്പാടുകൾ കേട്ടു. ഞാനത് ചെവിക്കൊള്ളാതെ താരയുടെ മുറിയിൽ കയറി അവിടെയുള്ള അവളുടെ തുണികൾ വീട്ടിൽ നിന്നും കൊണ്ടുപോയ ബാഗിൽ കുത്തി നിറച്ചു. വേണ്ടായെന്ന ഭാവത്തിൽ അവളെന്നെ നോക്കിയെങ്കിലും ഞാൻ പിന്മാറിയില്ല. എന്റെ കടുത്ത നോട്ടത്തിനു മുൻപിൽ സാധനങ്ങൾ ഓരോന്നായി അവൾ ചൂണ്ടിക്കാട്ടി. തീരെ അവശയായ അവളെയും കൊണ്ട് പുറത്തിറങ്ങുമ്പോൾ ഇനി തിരിച്ചു ഈ മുറ്റത്തേക്ക് കാലുകുത്തരുതെന്ന ഭീഷണി സ്വരം കേട്ടൂ . മുറ്റത്തിന്റെ തുമ്പ് കടന്ന് ബാഗ് ബൈക്കിന്റെ മുൻപിൽ എടുത്തു വച്ചു. മുറ്റത്തിന്റെ അതിരിലെ ആ ചെമ്പകം നിറച്ചും പൂത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ കുറച്ചു പൂവുകൾ പറിച്ചെടുത്തു ബൈക്കിന്റെ മുൻപിലെ പോക്കറ്റിൽ നിറച്ചു. താര അതിശയത്തോടെ എന്റെ ഭാവമാറ്റത്തെ നോക്കി .

‘വീട്ടിൽ പൂവിടാൻ ഒരൊറ്റ ചെമ്പകമില്ല. എല്ലാം കരിഞ്ഞുണങ്ങി.’ ഞാൻ പറഞ്ഞു . വണ്ടി പുറപ്പെട്ടപ്പോൾ അവൾ കാവിലെ ആ ചെമ്പകത്തിൽ ഇപ്പോഴും പൂക്കളില്ലേ എന്ന് ചോദിച്ചു. മാസങ്ങൾക്ക് മുൻപേ അതിന്റെ മുകളിൽ വലിയൊരു ജാതി മരം പൊരിഞ്ഞു വീണ് നശിച്ചു പോയത് ഞാനറിയിച്ചു. ബൈക്ക് പുറപ്പെട്ടപ്പോൾ അവശതകൊണ്ട് എന്നെ ചേർത്ത് പിടിച്ചു അവൾ ഇരുന്നു. വളരെ ചെറിയ ശബ്ദത്തിൽ, പോകുന്ന വഴി നീളെ ‘ചെമ്പകപൂക്കൾക്ക് ശരിക്കും എന്തൊരു മണമാണല്ലേ’ എന്നവൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. വീട്ടിലെത്തി മുറ്റത്തിന് കുറച്ചു പുറത്തായി ബൈക്ക് നിർത്തി ഞങ്ങൾ ഇറങ്ങി. അപ്പോഴേക്കും അവളൊരു വാടിയ പൂ കണക്കെ കുഴഞ്ഞിരുന്നു. ദേഹത്ത് പൊന്തിയ കുരുക്കളുടെ നീറ്റലിൽ ഒരു വിറയലോടു കൂടി ഇറയത്ത് വന്നു ഒന്നും മിണ്ടാതെ നീണ്ടു നിവർന്നു കിടന്ന അവളെ കണ്ടതും അമ്മ വെപ്രാളപ്പെട്ട് വന്നു. എന്നിട്ട് നോക്കി വിതുമ്പി.

‘ മിണ്ടാണ്ട് നിന്നേ’

എന്ന് ഞാൻ അമ്മയോട് ദേഷ്യപ്പെട്ടു. ഞങ്ങളുടെ പുതിയ വീട്ടിലെ ഒരു മുറിയിൽ ബാഗും സാധനങ്ങളും വച്ച് അവളെ എടുത്തുകൊണ്ടുപോയി അവിടെ കിടത്തി ഞാൻ കുളിക്കാനായി പുറകു വശത്തേക്ക് നടന്നു. കിണറിനടുത്തു നിന്നും വെള്ളം കോരി തലയിലൂടെ ഒഴിക്കുമ്പോൾ ഒരാശ്വാസം തണുപ്പായി എന്നിൽ വന്നു നിറഞ്ഞു. മൂന്നാലു ദിവസം കഴിഞ്ഞു ആര്യവേപ്പിട്ട വെള്ളത്തിൽ കുളിച്ച ശേഷം അവളുടെ ആവശ്യപ്രകാരം ഞങ്ങൾ കാവിലെ പൊരിഞ്ഞു വീണ ചെമ്പകം കാണാൻ പോയി. അത് ഭൂമിയിൽ കിടന്നിട്ടും ചില കൊമ്പുകളിൽ തളിർത്തിട്ടുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vineesh k n short story aa chembakatharam