മദ്രസ്സ വിട്ടു വരുമ്പം
അക്കരുമ്മയുടെ ചായക്കടക്ക് പിന്നില് ചെന്ന് നിന്നാൽ
ചായപ്പിണ്ടി കിട്ടും
ചായപ്പിണ്ടി അവറ്റകൾക്ക് കൊടുത്തേക്കണേന്ന്
മരിക്കും മുമ്പ്
ഉപ്പാപ്പ ശട്ടം കെട്ടിയതാണ്.
പത്തറുപത് ചായ അടിച്ച പിണ്ടി
എൻ്റൊപ്പം വീട്ടിക്ക് പോരും
ചത്ത് മലച്ചതു പോലത്തെ പിണ്ടി
പിന്നെ വെയിലത്തിട്ട് ഉണക്കും
രാവിലെയും വൈകീട്ടും
കട്ടൻകാച്ചും
ഒന്ന് രണ്ട് ശർക്കര ഇട്ടു വെച്ച
അളു തുറന്ന് വെക്കും
അളുവിലേക്ക് നോക്കി
കട്ടൻ കുടിക്കും

vimeesh maniyur, poem, iemalayalamഉപ്പ മരിക്കുമ്പം
രണ്ടാങ്കെട്ട്യോളെ വീട്ടിലാരുന്നു
മരിച്ചാലും
അങ്ങോട്ട് വന്നേക്കരുതെന്ന്
ഹദീസ് തൊട്ട് സത്യം ചെയ്യിച്ചിരുന്നു
വീട്ടി തന്നെ മയ്യത്ത് നിസ്ക്കരിച്ച്
ഞങ്ങള് കട്ടൻ കാച്ചി
അന്ന് അളൂലുണ്ടായിരുന്ന
ശർക്കര പൊട്ടിച്ച്
ഉമ്മ കൈയ്യി തന്നു
വായിക്കെടന്ന് ചായപ്പിണ്ടി
ഇക്കിളിപ്പെട്ട് കരഞ്ഞു
ഉമ്മ ബാക്കിയുണ്ടായിരുന്ന
ഉണക്കിയ ചായപ്പിണ്ടിയും കൊണ്ട്
ഇറങ്ങിപ്പോയി
വയ്യേ പ്രത്ത് കൊട്ടി.
പിറ്റേന്ന് മദ്രസ്സയിൽ പോയി വരുമ്പണ്ട്
വയ്യേപ്രത്തിരുന്ന് ഉമ്മ
ചായപ്പിണ്ടി പെറുക്കുന്നു.
മുഖത്തൊന്നും കാണിക്കാതെ
ചായപ്പിണ്ടി കുറച്ച് കഴിഞ്ഞ്
അടുക്കളയിലേക്ക് കേറിപ്പോയി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook