scorecardresearch
Latest News

ഗെയിം തിയറി-വിമിഷ് മണിയൂർ എഴുതിയ കഥ

“പിന്നെ കുടിച്ചാൽ ചിലർക്ക് നല്ല മൂഡാവും എന്നാ ചിലര് പറയുന്നത്. കിടക്കാൻ വന്നപ്പം ഞാൻ സുദേവേട്ടന്റെ അടുത്തേക്ക് നടന്നു. മൂപ്പര് ഇരുന്ന് കട്ടിലിലേക്ക് കിടന്നു. ഞാനും ചേർന്നു കിടന്നു. മൂപ്പര് ഫാനിലേക്ക് ഒന്ന് നോക്കി. പിന്നെ എന്റെ മുഖത്തേക്കും.” വിമിഷ് മണിയൂർ എഴുതിയ കഥ

vimeesh poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

സുദേവ്

കല്യാണം എല്ലാവർക്കും പറഞ്ഞ പണിയല്ല എന്ന് തോന്നുന്നത് എനിക്ക് മാത്രമാവുമോ? ഞാനങ്ങനെ വിശ്വസിക്കുന്നില്ല. എന്റെ കാര്യത്തിൽ മറിച്ച് ചിന്തിക്കാനാവാത്ത വിധത്തിൽ ഞാനതിൽ ഉറച്ചുനിൽക്കുന്നു. പക്ഷെ, ഉറച്ചുനിന്നതു കൊണ്ടു മാത്രം സ്വസ്ഥത നഷ്ടപ്പെട്ടു പോയ ജീവിതത്തെ തിരിച്ചു പിടിക്കാനാവുമോ?

രേഷ്മ എന്റെ തിരെഞ്ഞെടുപ്പ് തന്നെയായിരുന്നു. ഒന്നു രണ്ടു തവണ നേരിൽ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ, അപ്പോഴൊന്നും കല്യാണത്തെക്കുറിച്ചോ ഒരു ബന്ധത്തെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. വീണ്ടും രേഷ്മയുടെ വിഷയം ഒരു കൂട്ടുകാരൻ മുഖേന പൊന്തിവന്നു. എന്നാൽ പോയി കണ്ടു കളയാമെന്ന് ഞാനും തീരുമാനിച്ചു. കാര്യങ്ങളൊക്കെ അത്യാവശ്യം ചോദിച്ചറിഞ്ഞ് ബോധ്യപ്പെട്ട ശേഷമേ വീടുകളിലേക്ക് ചെല്ലേണ്ടതുള്ളൂ എന്ന് തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ പെട്ടെന്ന് ചില കാണലുകൾ നടക്കാതെയും ഇരുന്നില്ല. കാരണം മറ്റൊന്നുമല്ല. ഒരോ വാർഡിലും കല്യാണ നടക്കാൻ നോമ്പുനോറ്റു നടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം അപകടകരമായ വിധത്തിൽ കൂടുന്ന കാര്യം ആദ്യത്തെ പെണ്ണുകാണലിനു മുമ്പ് തന്നെ മാമൻ വിളിച്ച് മുന്നറിയിപ്പ് തന്നിരുന്നു:

“ടാ മോനെ, അധികം വിസ്തരിച്ച് നോക്കാൻ നിക്കണ്ട. ഒരു മുപ്പത്തിരണ്ട് – മൂന്ന് കഴിഞ്ഞാൽ പിന്നെ ഗവൺമെന്റ് ജോലിയുണ്ട് എന്ന് പറഞ്ഞാലും കെട്ടു നടക്കാത്ത കാലാ… അതുകൊണ്ട് വേഗം ഒന്നിനെ ഇഷ്ടപ്പെടാൻ നോക്ക്.”

മാമൻ പറഞ്ഞതിന്റെ ഉദ്ദേശ്യശുദ്ധിയിൽ എനിക്ക് സംശയമില്ലായിരുന്നു. പക്ഷെ അങ്ങനെയങ്ങ് ധൃതിപ്പെട്ട് ചെയ്യില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് ചുറ്റുപാടും നിന്ന് കേൾക്കുന്ന ദാമ്പത്യകഥകളിൽ നിന്ന് കുറെയൊക്കെ ഞാനും പഠിക്കാൻ ശ്രമിച്ചിരുന്നു.

കുറച്ച് വിദ്യാഭ്യാസം വേണം. പറ്റാവുന്ന ഒരു ജോലി ചെയ്യാൻ തയാറാവുന്ന ഒരു മനസ്സുണ്ടാകണം. കാണുമ്പോൾ ഇഷ്ടം തോന്നണം. ഇത്രയൊക്കെ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നെ സംബന്ധിച്ചാണെങ്കിൽ ഡിഗ്രി വരെ പഠിച്ചു. പിന്നെ ചെറുതും വലുതുമായ പല പ്രൈവറ്റ് കമ്പിനികളിലും ജോലി ചെയ്തു. കുറേക്കാലമായ് വീട് ഒറ്റയ്ക്ക് നോക്കുന്നു. ഒരു പെങ്ങളെ കെട്ടിച്ചയച്ചു. വീട് പുതുക്കിപ്പണിതു. അങ്ങനെ അലസരും അസ്വസ്ഥരുമായ മറ്റു സമപ്രായക്കാരായ ചെറുപ്പക്കാരിൽ നിന്ന് ബഹുദൂരം മുന്നിൽ സഞ്ചരിക്കുന്നു എന്ന തോന്നലിൽ ജീവിക്കുമ്പോഴാണ് രേഷ്മയെ ചെന്നു കാണുന്നത്.

vimeesh poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പോവുന്നതിനു മുമ്പെ അവളുടെ വീട്ടുകാരെ ചെന്നു കാണാനും എന്റെ കാര്യങ്ങൾ ആദ്യമേ സൂചിപ്പിക്കാനും കൂട്ടുകാരനെ പറഞ്ഞേൽപ്പിച്ചിരുന്നു. കാണാൻ ചെല്ലുമ്പം “അയ്യോ ഗവൺമെന്റ് ജോലിയില്ല… ല്ലേ?” “നീളം കുറച്ച് കുറവാണല്ലേ?” എന്നിങ്ങനെയുള്ള കേൾക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആദ്യമേ കണ്ട് ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

ചായ കുടി കഴിഞ്ഞ് പെൺകുട്ടിയോട് സംസാരിക്കണമെന്ന് ഞാൻ സൂചിപ്പിച്ചു. അതിനവർക്ക് എതിർപ്പുണ്ടായിരുന്നില്ല. ആകെയുള്ള സഹോദരി ഭർത്താവിനൊപ്പം ഗൾഫിൽ ജോലി ചെയ്യുന്നു. രേഷ്മ എം എ യും ബി എഡും കഴിഞ്ഞതാണ്. നാലഞ്ച് മാസം ഒരു സ്കൂളിൽ താൽക്കാലിക ജോലി ചെയ്തിട്ടുമുണ്ട്. സംസാരിച്ചു തുടങ്ങിയേപ്പോൾ ആദ്യം കണ്ടതിനേക്കാൾ എനിക്കിഷ്ടപ്പെട്ടു. കാരണം അവൾക്കും എന്നോട് ചിലത് സംസാരിക്കാനുണ്ടായിരുന്നു. അച്ഛന് അവൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരപകടം പറ്റിയതും കുറേക്കാലം അതിന്റെ പേരിൽ ദുരിതം അനുഭവിച്ചതും കൂടുതൽ ശക്തിയോടെ പഠിക്കാൻ പിന്നെ തീരുമാനിച്ചതും അങ്ങനെ അങ്ങനെ…

ഞാൻ പറഞ്ഞു നിർത്തി:

“എന്റെ ചെറിയ ജീവിതമാണ്. ചെറിയ വീടാണ്. ചെറിയ ജോലിയാണ്. സത്യം പറഞ്ഞാൽ അഭിനയം ആണ് പാഷൻ. പക്ഷെ ജോലി കളഞ്ഞ് അങ്ങനെ ഒന്നിനും ഞാൻ ഇറങ്ങി തിരിക്കില്ല. സമാധാനമുള്ള ഒരു ജീവിതം വേണം. അത്രേ എനിക്കുള്ളൂ.”

രേഷ്മ കൂട്ടി ചേർത്തു;

“എനിക്കും.”

രേഷ്മ

അച്ഛൻ പട്ടാളത്തിലായിരുന്നു. കുറച്ചു കഴിഞ്ഞപ്പം അച്ഛനൊരു അപകടം പറ്റി. മണ്ണിടിഞ്ഞ് വണ്ടി മറിഞ്ഞതാണ്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അമ്മ പറയും. ഞാനന്ന് ചെറുതാണ്. ബുദ്ധിയുറക്കുന്ന കാലം മുതൽ ഞാൻ അമ്മമ്മയുടെ കൂടെയാണ്. അമ്മ ഇടയ്ക്കിടെ വന്ന് കുറച്ച് വർത്തമാനം പറഞ്ഞ് തിരിഞ്ഞു നോക്കാതെ പോവും. ഞാനൊറ്റയ്ക്കിരുന്ന് കരയും. കൂടെ പഠിക്കുന്ന കൂട്ടുകാരികളെ അവരുടെ അമ്മയാണ് സ്കൂളിൽ കൊണ്ടുവരുന്നത്. തിരിച്ചുകൂട്ടാനും അമ്മമാർ തന്നെ വരും. എനിക്ക് വേണ്ടി നടക്കാൻ അത്ര ആവതില്ലാത്ത ഒരു അമ്മൂമ്മ മാത്രം.

പണി തീർന്നിട്ടില്ലാത്ത വീട്ടിലായിരുന്നു അമ്മയും ഏച്ചിയും താമസിച്ചിരുന്നത്. അച്ഛനന്ന് അപകടം പറ്റി ആർമി ഹോസ്പിറ്റലിലാണ്. സാമ്പത്തികമായും മറ്റും വലിയ പ്രശ്നത്തിനിടയിലാണ് അചഛന്റെ അപകടവും. അമ്മ അതുകൊണ്ട് തന്നെ നാലുവഴിക്കും ഓടിക്കൊണ്ടിരുന്നു. കുറച്ച് നേരം കൂടി അമ്മ എന്റെ അടുക്കലിരുന്നെങ്കിലെന്ന്, വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയിരുന്നെങ്കിലെന്ന് പ്രാർത്ഥിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. പക്ഷെ അങ്ങനെയൊന്ന് നടക്കാൻ പിന്നെയും കുറേക്കാലം കാത്തിരിക്കേണ്ടി വന്നു.

അങ്ങനെയിരിക്കെ അച്ഛൻ ബാക്കിയുള്ള ചികിത്സ നാട്ടിൽ ചെയ്യാമെന്ന് കരുതി തിരിച്ചു വന്നു. അമ്മ ഒരു വൈകുന്നേരം വന്ന് എന്നെ കൂട്ടിക്കൊണ്ടു പോരുകയും ചെയ്തു. പിന്നെ ഞാൻ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. പക്ഷെ, അപ്പൊഴും അമ്മയെ അടുത്ത് കിട്ടിയതേയില്ല.

അധികം താമസിയാതെ അച്ഛൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ട് വരാൻ തുടങ്ങി. ഏതാണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പഴായിരുന്നു അച്ഛന് വീണ്ടും അപകടം ഉണ്ടാവുന്നത്. സ്കൂട്ടറിൽ ഒരു കാറ് ചെന്ന് ഇടിക്കുകയായിരുന്നു. വീടിന്റെ താളം തെറ്റാൻ അതു മതിയായിരുന്നു. എന്നെ കാത്തു നിൽക്കാനോ കേൾക്കാനോ വീട്ടിൽ ആരുമില്ലാതായ് തുടങ്ങുന്നത് പോലെ എനിക്കു തോന്നി. ബസിലെ കണ്ടക്ടറോട് എനിക്ക് പ്രേമം തോന്നി. പൈസ വാങ്ങുന്നതിനിടയിൽ അയാൾ എന്റെ മുഖത്ത് നോക്കി ചിരിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ ബസ് ഓടാതെയായി.

ഞാൻ കൂടുതൽ ഒറ്റപ്പെട്ട് തുടങ്ങിയിരുന്നു. സ്കൂളിൽ വെച്ച് ആരെങ്കിലും എന്റടുത്തിരിക്കുമെന്ന് ഞാൻ പ്രതിക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഒരു രാത്രിയിൽ പരീക്ഷയിൽ മാർക്കു കുറഞ്ഞതിന് അമ്മ എന്നെ പൊതിരെ തല്ലി. എനിക്ക് വലിയ സന്തോഷമായ്. അമ്മ തല്ലാനെങ്കിലും കുറച്ചുനേരം സംസാരിച്ചിരിക്കുന്നു. പിന്നെ ഞാൻ തിരിഞ്ഞു നോക്കിയില്ല. പഠിക്കാൻ തീരുമാനിച്ചു. നന്നായി പഠിക്കുന്ന പെൺകുട്ടികളുടെ കുറവുകൾ ആരും ശ്രദ്ധിക്കുന്നില്ലെന്ന് എനിക്ക് തോന്നി തുടങ്ങി. അവർക്ക് വേണ്ടത്ര സ്നേഹം കിട്ടിയാലും ഇല്ലെങ്കിലും അവരുടെ മുഖം പരുക്കനായിരിക്കുന്നത് ഞാൻ കണ്ടുവെച്ചു. ഞാൻ കൂടുതൽ കൂടുതൽ പുസ്തകങ്ങളിലേക്ക് നോക്കി. പ്ലസ്ടുവും ഡിഗ്രിയും പിജിയും ചെയ്തു. ഒരു ജോലി വേണമെന്നും സമാധാനമുള്ള ജീവിതം വേണമെന്നും മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.

vimeesh poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

അങ്ങനെയാണ് സുദേവേട്ടൻ വീട്ടിൽ വരുന്നത്. അവർ വരുന്നിനു മുമ്പ് ഒരു പട്ടാളക്കാരൻ എന്നെ കാണാൻ വന്നിരുന്നു. സത്യം പറയാമല്ലോ എനിക്കയാളെ ഇഷ്ടപ്പെട്ടിരുന്നു. അയാൾ അധികം സംസാരിച്ചില്ല. ‘ഹിന്ദി അറിയാമോ’ എന്ന് ചോദിച്ചു. ഞാൻ ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു. ഇടയ്ക്ക് ഹിന്ദി സീരിയലുകൾ കാണുന്ന പതിവുണ്ടായിരിന്നു. അതുകൊണ്ട് തന്നെ അത്യാവശ്യം കേട്ടാൽ മനസ്സിലാവുകയും വേണ്ടി വന്നാൽ പറയാനും കഴിഞ്ഞിരുന്നു. പക്ഷെ എനിക്കങ്ങനെയാണ് അന്ന് പറയാൻ തോന്നിയത്. വിവരം പറയാന്ന് പറഞ്ഞാണ് അവരെ അയച്ചത്. അമ്മ അത് വേണ്ടെന്നു തറപ്പിച്ചു പറഞ്ഞു. അച്ഛൻ എതിർക്കാൻ പോയില്ല. സുദേവേട്ടൻ വന്ന് പോയപ്പോൾ ആദ്യം അച്ഛനിഷ്ടപ്പെട്ടില്ല. അമ്മ അപ്പോൾ എന്നോട് ചോദിച്ചു: “നിനക്കിഷ്ടമായോ?”

“ഉം” ഞാൻ പറഞ്ഞു.

വന്ന് പോയവരെയൊക്കെ എനിക്കിഷ്ടമായിരുന്നു. എനിക്ക് ആ വീട്ടിൽ നിന്ന് എങ്ങെനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന് തോന്നി. ഞാനഗ്രഹിച്ച് കിട്ടാത്ത ഒരു കുടുംബം എനിക്കുണ്ടാക്കണം. അത് കൂടുതലാണെന്ന് എനിക്ക് തോന്നിയതേയില്ല.

രാമചന്ദ്രൻ

അറുപതാമത്തെ പിറന്നാൾ ദിവസം എഴുന്നേറ്റപ്പോഴാണ് ഓർത്തത് ഇത്രയായിട്ടും സ്വന്തം ഭാര്യയെ ഒരു സിനിമയ്ക്ക് കൊണ്ടുപോയിട്ടില്ല. എനിക്ക് ശരിക്കും സങ്കടം വന്നു. ഇതേവരെ അങ്ങനെയൊരാവശ്യം അവൾ പറഞ്ഞിട്ടില്ല. ഇനി എപ്പോഴെങ്കിലും പറഞ്ഞിട്ട് ഞാൻ കേൾക്കാത്തതാവുമോ? ഏതായാലും അങ്ങനെയൊന്ന് ഓർമയിലില്ല. പക്ഷെ ഇന്നെഴുന്നേറ്റതു മുതൽ ഈ ഒരേയൊരു ചിന്ത എന്നെ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്നു.

സിനിമ അവൾക്ക് വലിയ ഇഷ്ടമാണ്. കണ്ടത് തന്നെ എത്ര തവണ വേണമെന്തിലും ഇരുന്ന് കണ്ടു കൊള്ളും. വീട്ടിലെയും തൊടിയിലെയും പണി കഴിഞ്ഞാൽ ടിവിക്കു മുമ്പിൽ വന്നൊരിരിപ്പാണ്. ആ ഇരിപ്പ് എന്റെ സകല പണികളും തീർന്ന് തിന്നാൻ വന്നിരിക്കുന്നതു വരെ നീളും. എന്റെ ഒപ്പമിരിന്ന് കഴിക്കുന്നതിന് മുമ്പ് അവളത് പോയി ഓഫാക്കും. പിന്നെ വർത്തമാനമാണ്. ആഴ്ചയിൽ ഒരിക്കൽ ടൗണിൽ പോയി വരുമ്പം നാനയും സിനിമ മംഗളവും വാങ്ങിക്കും. അതിനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് മറ്റാരേക്കാളും എനിക്കറിയാവുന്നതാണ്.

പിറന്നാളാണെങ്കിലും ഒരു സദ്യ കൂടാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. നിർബന്ധമായും ചെയ്തു തീർക്കേണ്ടുന്ന ചില പണികൾ വേറെയുണ്ടായിരുന്നു. അതൊക്കെ വേഗത്തിൽ ചെയ്ത് തീർത്ത് അവളെ സഹായിക്കാനിരുന്നു. ചോറും കറിയും വേഗത്തിലായി. പിറന്നാളയതു കൊണ്ട് അവൾ ടി വി തുറന്നതേയില്ല. ഇടയ്ക്ക് മൂത്തമകൾ വിളിച്ചു. അത് കഴിഞ്ഞ് ഒന്ന് രണ്ട് പിരിവുകാർ വന്നു. അതു കഴിഞ്ഞപ്പോഴേക്കും കുളിച്ചു വരാൻ പറഞ്ഞ് അവള് വീണ്ടും അടുക്കളയിലേക്ക് പോയി.

കുളിച്ച് പുറത്തിറങ്ങിയതും ഒരു പുതിയ വെള്ളമുണ്ടും ജുബയുമുണ്ട് മേശയ്ക്ക് മേലിരിക്കുന്നു. അവൾ അടുക്കളയിൽ നിന്ന് വന്ന് ഒരു ചിരി ചിരിച്ച് വീണ്ടും അങ്ങോട്ടു തന്നെ പോയി. അവളുടെ സമ്മാനം. വേഗത്തിലുടുത്ത് ഡൈനിങ്ങ് റൂമിലേക്ക് കേറിയതും മുഴുവനും ഒരുക്കി വെച്ച് അവളിരിക്കുന്നുണ്ട്. എനിക്കെന്തെന്നില്ലാത്ത കുറ്റബോധം തോന്നി. കസാരയിലിരുന്ന് അവൾ വിളമ്പുന്നത് നോക്കിയിരുന്നപ്പോഴേക്കും ഞാനത് തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ചോറ് ഒരു പിടി കുഴച്ച് അടുത്ത പിടിയിൽ താറാവ് കറി കോരിയിടുന്ന അവളുടെ കൈയ്യേപ്പിടിച്ച് ഞാൻ പറഞ്ഞു:

“നമ്മക്ക് ഒരു സിനിമക്ക് പോയാലോ?”

സുദേവ്

പക്ഷെ പറയുന്ന അത്രയും എളുപ്പത്തിലായിരുന്നില്ല കാര്യങ്ങൾ. എത്ര ശ്രദ്ധിച്ചാലും ചേരാത്ത ചില ഇടങ്ങൾ ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പഴേ മനസ്സിലാകൂ. അതാരുടെയും കുഴപ്പമല്ല. ഒരോരുത്തരും അത്രയും വ്യത്യസ്തരായതു കൊണ്ട് സംഭവിക്കുന്നതാണ്. എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്.

ശരിയാണ്. അങ്ങനെ തന്നെയാണ് കാര്യങ്ങൾ സംഭവിച്ചത്. വിവാഹവും വിരുന്നുകളും അവസാനിച്ചിരുന്നു. ഞാൻ എന്റെ ജോലിയിലേക്കും കൂടെ ജീവിച്ചു തുടങ്ങിയ രേഷ്മയിലേക്കും മറ്റ് പല ഭർത്താക്കൻമാരെയും പോലെ കൂടുതൽ ചാഞ്ഞു കൊണ്ടിരുന്നു. അവളുടെ വൃത്തിയും എന്റെ അശ്രദ്ധയും ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും കൊമ്പുകോർക്കുന്നത് തുടക്കത്തിൽ വളരെ കൗതുകത്തോടു കൂടിയാണ് ഞാൻ നോക്കിക്കണ്ടത്. അടി തീർന്നാൽ അതത്രയും ചിരിക്കാനുള്ള വകയായിത്തീരുക പതിവായിരുന്നു.

പക്ഷെ ഒന്നൊന്നര വർഷം കഴിഞ്ഞതോടെ ചോദ്യങ്ങൾ ഒന്നൊന്നായ് പുറത്ത് വന്നുകൊണ്ടിരുന്നു.

“ഒരു വർഷായില്ലേ, കുട്ടികളായില്ലേ “

“കാണിച്ചില്ലേ?”

“വേണ്ടാന്ന് വെച്ചതാ…”

അതോടെ സ്ഥിരമായുണ്ടാവുന്ന വഴക്കുകൾ കൂടുതൽ കരുത്താർജിച്ചു. അതിലും വലിയ സങ്കടം രേഷ്മയുടെ മനസ്സിലുണ്ടായിരുന്നു. ഒരു കുട്ടിയിലൂടെയെ അത് പരിഹരിക്കപ്പെടൂ എന്നായപ്പോൾ അവളെ ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു. ഏതാണ്ട് ഒപ്പം കല്യാണം കഴിച്ചവരൊക്കെ രണ്ടാമത്തെ പ്രസവത്തിന് ഒരുക്കൂട്ടുകയായിരുന്നു. തുടർച്ചയായുള്ള ആശുപത്രി ജീവിതത്തിനിടയിൽ ഒരു ദിവസം ഡോക്ടർ എന്റെ നേരെ തിരിഞ്ഞു.

അങ്ങനെ സെമൻ അനാലിസ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ലാബിൽ നിന്ന് എടുത്തു തന്ന ചെറിയ കുപ്പിയിലേക്ക് സെമനുമായ് ചെല്ലണം. ടോയ്ലെറ്റ് അവർ കാണിച്ചു തന്നു. കുപ്പിയുമായ് അതിലേക്ക് കയറി ചെല്ലുമ്പോൾ ശരിക്കും വിയർത്തു പോയ്. പല തവണ ശ്രമിച്ചിടും സെമൻ പുറത്തു വരാൻ തയ്യാറായില്ല. പക്ഷെ ഒടുക്കം അത് പുറത്ത് ചാടി.

vimeesh poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

താമസിയാതെ റിപ്പോർട്ട് കിട്ടി.

‘No dead or live sperms are present.’

ഐ വി എഫ് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. അത് കൂടാതെ അതിനു വേണ്ടി അനുഭവിക്കേണ്ടി വരുന്ന വേദന മറുവശത്ത്. എങ്ങനെയായാലും പണം കണ്ടെത്താമെന്ന് ഒടുക്കം തീരുമാനിക്കുന്നതിനിടയ്ക്കാണ് രാത്രി സിനിമയ്ക്ക് പോകുന്നത്. രാത്രിയിലെ സ്ഥിരം വഴക്കുകളിൽ നിന്ന് ഒരുമിച്ച് അൽപം മാറിയിരിക്കാനുള്ള ശ്രമമായിരുന്നു അത്.

രേഷ്മ

ആഗ്രഹിച്ച ജീവിതത്തിന് ഒട്ടും ആയുസ്സുണ്ടായിരുന്നില്ല. ഏറ്റവും ആയുസു കുറഞ്ഞ ജീവിയാണ് സമാധാനമെന്ന് പണ്ടു മുതലേ തോന്നിയിരുന്നു. എല്ലാ വഴികളിലേയും ഏറ്റവും പ്രയാസമുള്ള വളവുകൾ അതെനിക്കു വേണ്ടി മാറ്റിവെച്ചു.

ഒരു കുടുംബം. സന്തോഷമുള്ള ഒരു ചെറിയ കുടുംബം കിട്ടി എന്ന് കരുതി തുടങ്ങിയ ഇടത്തുനിന്ന് അത് വീണ്ടും പിടിവിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

കല്യാണം കഴിഞ്ഞ് ആറുമാസം തികയുന്നതിനു മുമ്പെ വിശേഷം അന്വേഷിക്കാനുള്ളവരുടെ നീണ്ട നിര കണ്ട് ആദ്യമാദ്യം ചിരിയും കൗതുകവും പിന്നെപ്പിന്നെ ദേഷ്യവും വന്നു തുടങ്ങി. ഒരു വർഷമായപ്പൊഴേക്കും എനിക്കെന്തോ മാരക രോഗമാണെന്ന മട്ടിൽ നാട്ടിലെ സകലമാന ഡോക്ടർമാരുടെയും വീടും ഫോൺ നമ്പറും എന്നെ തേടി വന്നു. അങ്ങനെ ഗതികെട്ടാണ് കാണിക്കുന്നത്. മുമ്പെ ചെറിയ തോതിലുണ്ടായിരുന്ന പി സി ഒ ഡിയുടെ പ്രശ്നം വീണ്ടു കലശലാവുന്ന സമയമായിരുന്നു. പല തവണകളിലായ് തലങ്ങും വിലങ്ങും ആശുപത്രികൾ കയറിയിറങ്ങി. മാറ്റി മാറ്റിക്കാണിച്ചു. ഒടുക്കം പ്രശ്നമെനിക്കല്ലെന്ന അറിയിപ്പും വന്നു. സുദേവേട്ടന്റെ ഞരമ്പിന് ഒരു തടസ്സമുണ്ട്. പക്ഷെ മുറതെറ്റാതെ ഞാനും മരുന്നുകൾ കഴിച്ചു കൊണ്ടിരുന്നു.

രണ്ടു വർഷം കഴിഞ്ഞ സമയത്താണ് ഐ വി എഫിനെക്കുറിച്ച് മനസ്സിലാക്കുന്നത്. കുറച്ച് പണച്ചെലവുണ്ട്. മാത്രമല്ല നല്ല വേദനയും സഹിക്കണം. അങ്ങനെ കഴിഞ്ഞ ദിവസം കൂടെ പഠിച്ച ഐ വി എഫ് ചെയ്ത ഒരു കൂട്ടുകാരിയെ കണ്ടു കിട്ടി. സുദേവേട്ടനോട് പറഞ്ഞു. വേദന എന്ന് പറഞ്ഞ് കേട്ടതും മൂപ്പര് വഴങ്ങിയില്ല. വഴക്കായ്. ബഹളമായ്. മൂപ്പരതിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നെന്ന് എനിക്ക് തോന്നി. അനുഭവിക്കേണ്ടി വരുന്ന വേദനകളെക്കുറിച്ച് ഓർത്ത് പറയാതിരുന്നതാവണം. പക്ഷെ എന്റെ മുമ്പിൽ അതവസാനത്തെ വഴിയായിരുന്നു. എനിക്ക് ഒരു കുട്ടിയെ വേണം.

മുറതെറ്റിയ മാസവേദനയുടെ പാമ്പ് വയറ്റിൽ തന്നെയുണ്ടായിരുന്നു. ഒന്ന് പുറത്തു പോയാൽ മൂപ്പരെക്കൊണ്ട് സമ്മതിപ്പിക്കാൻ പറ്റുമെന്ന് തോന്നി. അങ്ങനെയാണ് തീയറ്ററിൽ പോവുന്നത്.

ആർ പി മാളിലെത്തി തീയറ്ററിൽ കയറിയിരുന്നത് ഒരു വയസ്സന്റെ അടുത്താണ്. സിനിമയിൽ ശ്രദ്ധിക്കാതെ ഞാൻ സുദേവേട്ടന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു. എന്താണെന്ന് സുദേവ് ഇടയ്ക്ക് ചോദിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞു. വീണ്ടും അതാവർത്തിച്ചു. പറയാൻ തുടങ്ങിയാലോ എന്ന് വിചാരിച്ചു. വേണ്ട എന്ന് മടിച്ചു. അതിനിടയിലാണ് തൊട്ടടുത്തിരിക്കുന്ന വയസ്സൻ തോണ്ടുന്നത്. എനിക്കാകെ വിറച്ചു. ഞാനെഴുന്നേറ്റു. അയാളോട് ഒച്ചയിട്ടു. പിന്നെയൊന്നും പറയണ്ട.

രാമചന്ദ്രൻ

അങ്ങനെയാണ് ടൗണിലേക്ക് അവളെയും കൂട്ടി പോകുന്നത്. വളരെ കാലത്തിനു ശേഷം. ഉള്ളിലെനിക്ക് ശരിക്കു പറഞ്ഞാൽ കുളിരുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ പുറത്ത് കാണിച്ചില്ല. മറ്റേതോ ലോകത്തെത്തിയ പോലെ അവൾ ചുറ്റോട് ചുറ്റ് നോക്കിക്കൊണ്ടിരുന്നു. വല്ലപ്പോഴും കല്യാണത്തിനോ പൊരേക്കൂടിനോ പോവുമ്പം കാണുന്നതല്ലാതെ അവൾ ഒരിക്കൽ പോലും പതിനൊന്ന് കിലോമീറ്ററിനിപ്പുറത്തുള്ള ടൗണിൽ കാലുകുത്തിയില്ല.

ഉണ്ണാനും ഉടുക്കാനുമുള്ളത് ആഴ്ചക്കാഴ്ച്ക്ക് ഞാൻ തന്നെ കൊണ്ടുവരും. പിന്നെന്തിനാണ് ഒറ്റയ്ക്ക് ടൗണിൽ വരുന്നത്. പക്ഷെ അവളുടെ നടത്തവും നോട്ടവും കണ്ടപ്പം അവൾക്കീ ലോകം കണ്ടുതീർക്കാൻ വലിയ കൊതിയുണ്ടായിരുന്നെന്ന് എനിക്ക് തോന്നി.

ടിക്കറ്റെടുത്തപ്പം ഏറ്റവും പുറകിൽ നിന്ന് തൊട്ടുമുമ്പിലുള്ളതാണ് കിട്ടിയത്. അത് നന്നായെന്ന് തോന്നി. ഇനി അധികം തല പൊന്തിച്ച് വെച്ച് നോക്കണ്ട. എന്നായിരുന്നു അവസാനമായി സിനിമ കണ്ടത്. എഴുപത്തി എട്ടിലോ മറ്റോ ആണ്. അത് ജയന്റെ സിനിമയായിരുന്നു. അതൊരു ചെറിയ ഓലമേഞ്ഞ തീയറ്ററായിരുന്നു. കൂട്ടുകാർക്കൊപ്പം രഹസ്യമായ് വന്നതായിരുന്നു. ജയന്റ പോലൊരു മീശ അന്നെനിക്കുണ്ടായിരുന്നു. പിന്നെ അയാൾ വിമാനത്തിൽ നിന്ന് വീണ് മരിച്ചെന്ന് അറിഞ്ഞു. പിന്നെയെന്തോ ഒരെണ്ണത്തിന് പോയില്ല.

മോഹൻലാൽ പുലിയെ പിടിക്കുന്ന സിനിമയാണ് ഇന്ന് കളിക്കുന്നത്. പോസ്റ്ററിൽ മോഹൻലാലിനേക്കാൾ കുറച്ച് വലുതായ് പുലിയുടെ പടമുണ്ട്. എപ്പളെങ്കിലുമായ് വരുന്നതല്ലേ. അപ്പം പിന്നെ പുലിയെ പിടിക്കുന്ന പടം തന്നെ വേണം. അതാണ് ഹരം. പുലിയെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. വയനാട്ടില് വെച്ചാണ്. കുറച്ച് കാലം ഒരെസ്റ്റേറ്റിൽ പണിക്ക് നിന്നിട്ടുണ്ട്. അന്ന് രാത്രികളിൽ ചില ദിവസങ്ങളിൽ ഏറുമാടത്തിൽ കെടക്കും. പന്നികള് വരുമ്പം പടക്കം പെട്ടിച്ചെറിയും. അങ്ങനെ ഒരു ദിവസം ആള് വന്നു. ഞാൻ ശരിക്കും പേടിച്ചു. പിറ്റേന്ന് എനിക്ക് പനിച്ചു. പിന്നെ നാട്ടിലേക്ക് വന്നു. അങ്ങനെ കാടഞ്ചേരിത്തന്നെയായ്.

തീയേറ്ററിലെ തണുപ്പിൽ അവൾ വിറച്ചു. ഉടുത്തിരിക്കുന്ന സാരികൊണ്ട് അവളൊന്ന് പുതച്ചു. ഇടയ്ക്ക് കഴിക്കാൻ കുറച്ച് ചോളപ്പൊരിയുടെ പായ്ക്കറ്റ് വാങ്ങിയിരുന്നു. ചെറിയ ഒരു പാക്കിന് നൂറ്റി അറുപത് രൂപയുണ്ട്. ഒരു കൊലേന്റെ പൈസ അങ്ങനെ പോയി. പക്ഷെ സാരമില്ല. ആയുസ്സിലൊരിക്കൽ ഇങ്ങനെയൊക്കെയാവാം.

പടം തുടങ്ങിയപ്പോൾ അവൾ എന്റെ കൈയിൽ തൊട്ടു. അതിന്റെ തണുപ്പിലാണ് ഞാൻ പിന്നെ പടം കണ്ടു തുടങ്ങിയത്. പക്ഷെ അതധികം നിന്നില്ല. തൊട്ടുത്തിരിക്കുന്ന ഒരു പെണ്ണ് എഴുന്നേറ്റ് എനിക്ക് നേരെ നിന്ന് ബഹളം വെച്ചു.

ഞാനവരെ തൊട്ടെന്ന് … അല്ല പിടിക്കാൻ ശ്രമിച്ചെന്ന്.

ഞാനത് കേട്ട് ഇരുന്നിടത്ത് തന്നെയിരുന്ന് പോയി. ഞാനാ പെൺകുട്ടിയുടെ മുഖം പോലും കണ്ടിരുന്നില്ല. സത്യം പറയാമല്ലോ, എന്റെ മകളുടെ പ്രായം കാണും.

ഞാൻ എന്റെ ഭാര്യയെ നോക്കി. അവളുടെ കണ്ണ് നിറഞ്ഞ് കിടപ്പുണ്ട്. എന്നെ തൊട്ടിരുന്ന കൈ അവൾ വേഗത്തിൽ വലിച്ചെടുത്തു. അത് കഴിഞ്ഞതും ആ സ്ത്രീയുടെ ഭർത്താവ് ചാടിയെഴുന്നേറ്റു. കുറെ തെറിപറഞ്ഞു. ഞാൻ അനങ്ങാതിരിക്കുന്നത് കണ്ട് അടിക്കാൻ ഓങ്ങി. ആളുകൾ ചുറ്റും കൂടി. അവരും ചില അനാവശ്യങ്ങൾ പറഞ്ഞു തുടങ്ങിയിരുന്നു. അവൾ അത് കണ്ട് കരഞ്ഞു. കുറച്ച് ആളുകള് കൂടി എന്നെ പിടിച്ച് പൊറത്താക്കി.

ഞാൻ പറഞ്ഞു.

” എന്റെ ഭാര്യയുണ്ട്. ഞാനങ്ങനെ ചെയ്യില്ല. “

“നിങ്ങൾക്കും ഭാര്യയോ?” ആരോ പരിഹസിച്ചു.

പുറത്താക്കിയ ഉടനെ അവളും ഇറങ്ങി വന്നു.

ഒന്നും മിണ്ടാതെ വണ്ടിയിലേക്ക് കേറി. നേരം ഇരുട്ടി തുടങ്ങിയിരുന്നു. കരോളുകൾ ഉച്ചത്തിൽ കേൾക്കാം. പാട്ടും വെളളവുമായ് കുട്ടികളുടെ ഒരു സംഘം കടന്നു പോയി. അടുത്താണെങ്കിലും അവൾ ഏറ്റവും അകലത്തിൽ ചെന്നിരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

എന്റെ വെളിച്ചം കെട്ടുപോയിരുന്നു.

സുദേവ്

ഇന്നലെ ഉറങ്ങാൻ പറ്റിയില്ല. നശിച്ച ദിവസം. രാവിലെ വെറുതെ ഉണർന്നെന്ന് വരുത്തി തീർത്തു. വേഗത്തിൽ കുളിച്ച് പുറപ്പെട്ട് വീട്ടിൽ നിന്നിറങ്ങാൻ തീരുമാനിച്ചു. അവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നി. രാവിലെ തന്നെ വഴക്കുകൂടാനുള്ള ശക്തിയില്ലാത്തതു കൊണ്ട് തിരിച്ച് ചോദിച്ചതുമില്ല. വൈകുന്നേരമാകട്ടെ.

അവൾ ക്ഷീണിച്ചതു പോലെ തോന്നി. പക്ഷെ എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ അവർ കരയുമെന്ന് ഞാൻ ഉറപ്പിച്ചു.

സത്യം പറഞ്ഞാൽ നേരത്തെ പോവേണ്ട ഒരാവശ്യവും ഇന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പതിവില്ലാതെ നേരത്തെ എത്തിയത് കണ്ട് സഹപ്രവർത്തകൾ സ്മൈലി എറിഞ്ഞു. ഒന്നും പറയാൻ നിന്നില്ല.

അൽപം വൈകി വന്ന കാഷ്യർ രാജേഷാണ് കാര്യം പറഞ്ഞത്.

“ഒരു പണി കിട്ടി. വരുന്ന വഴിക്ക് ഒരു മരണം. മരത്തിലാ … എന്റെ ബി.പി കൂടി. ഒടുക്കം ആശുപത്രിയിൽ പോയി. അതാ വൈകിയത്. “

വെറുതെ ചോദിച്ചതാ. അവൻ ഫോട്ടോ അയച്ചു തന്നു.

അതെ. അയാൾ തന്നെ.

ഒരു വയസ്സൻ.

പേര് രാമചന്ദ്രൻ

വയസ്സ് 60.

vimeesh poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

രേഷ്മ

സുദേവേട്ടൻ നേരത്തെ ഓഫീസിൽ നിന്നു വന്നു. കൂട്ടുകാരി അഞ്ജലിയോട് ഇന്ന് സംസാരിച്ചിരുന്നു.

“ചെയ്യുന്നുണ്ടെങ്കിൽ ഐ.വി.എഫ് നേരത്തെ ചെയ്യാനാണ് അവൾ പറയുന്നത്. വേദന സഹിച്ചാലും സാരല്ല. കുറേ പേർക്ക് റിസൽട്ട് ഉണ്ടാവുന്നുണ്ട്. ഒരു കുട്ടിയുണ്ടാവുമ്പം ജീവിതം കുറേ മാറും. അറിഞ്ഞിട്ടും ശ്രമിച്ചിട്ടില്ലെങ്കിൽ പിന്നെ ഭയങ്കര കുറ്റം ബോധം വരും. “

“നിനക്ക് എന്തായി? “

“ഇത്തവണ ശരിയായില്ല. വളർച്ച കുറഞ്ഞു പോയി.”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഒന്നുകൂടി ഞാൻ ചെയ്യും. പലർക്കും രണ്ടാമത്തേലാണ് ശരിയാവുന്നത്. ]”

സുദേവേട്ടൻ വന്നപ്പോൾ ഇത്തിരി കുടിച്ചിട്ടുണ്ടോ എന്ന് ഒരു സംശയം തോന്നി. പാവം ഇത്തിരി കുടിച്ചോട്ടെ. അത്രയ്ക്കുണ്ട് അതിന്റെ സങ്കടം. പിന്നെ കുടിച്ചാൽ ചിലർക്ക് നല്ല മൂഡാവും എന്നാ ചിലര് പറയുന്നത്. കിടക്കാൻ വന്നപ്പം ഞാൻ സുദേവേട്ടന്റെ അടുത്തേക്ക് നടന്നു. മൂപ്പര് ഇരുന്ന് കട്ടിലിലേക്ക് കിടന്നു. ഞാനും ചേർന്നു കിടന്നു. മൂപ്പര് ഫാനിലേക്ക് ഒന്ന് നോക്കി. പിന്നെ എന്റെ മുഖത്തേക്കും.

എങ്ങനെ പറഞ്ഞു തുടങ്ങണം.

“എന്ത് പറ്റീ ” സുദേവേട്ടൻ ചോദിച്ചു.

“ഇന്നലെ ഭയങ്കര വേദനയാനും. പിരീഡ്‌സിന്റെയാ … ഞാനൊന്നു പറഞ്ഞോട്ടെ… ഇന്നലെ ശരിക്കു പറഞ്ഞാൽ അയാള് തോണ്ടീറ്റ്‌ല്ല. എനിക്കെന്തോ അങ്ങനെ പറയാനാ തോന്നിയത്. സോറി ട്ടോ “

സുദേവേട്ടൻ ചാടി എഴുന്നറ്റു. ഞാൻ പിന്നാലെ പോയില്ല. വരുമ്പം വരട്ടെ. അതു പറഞ്ഞ് കഴിഞ്ഞതും നല്ല ആശ്വാസം. ഞാൻ സുഖമായ് ഉറങ്ങി.

Read More: വിമിഷ് മണിയൂരിന്റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vimeesh maniyoor short story game theory