ഞാനും അവളും എന്നും കുളിയ്ക്കാറുള്ള
കുളത്തിലെ വെള്ളത്തിന്‌
പച്ച കലർന്ന നീലനിറമായിരുന്നില്ല.
ഓറഞ്ചു നിറത്തിലത്
എപ്പോഴും കലങ്ങി നിന്നു.

ഞങ്ങൾക്കു വേണ്ടി
ഇടയ്ക്കിടെയതിൽ
രണ്ടു താമരകൾ വിരിയാറുണ്ട്.

കുളിയ്ക്കാനിറങ്ങുമ്പോൾ,
പൂക്കളെ കണ്ട ഇഷ്ടത്താൽ
ഞങ്ങളുടെ കണ്ണുകളും
താമരനിറമാകും.

അലക്കാനുള്ളത് കടവിലെ
കല്ലിൽ വെച്ച്,
ഓളങ്ങളില്ലാതെ
ഉറങ്ങിയതു പോലെ കിടക്കുന്ന കുളത്തിലേക്ക്
ഞങ്ങൾ ഒരുമിച്ചിറങ്ങും.

ഇക്കിളിയാകുന്നെടീ എന്നു ഞാനും
തണുക്കുന്നെടീയെന്ന് അവളും.
ഇങ്ങനെത്തന്നെയങ്ങു നനയാമെന്നു ഞാനും
ആരേലും കുളിയ്ക്കാനിറങ്ങും മുൻപ്
വേഗം കയറാമെന്നവളും.വിദ്യ പൂവഞ്ചേരി, vidya poovancheri, Poem, കവിത, മലയാളം കവിത, Poet, കവി, artist, ആർട്ടിസ്റ്റ്, malayalam kavitha, malayalam writer, online literature, Malayalam kavitha onlinil, iemalayalam, ഐഇമലയാളം,

പെട്ടന്നു വെള്ളം തൊട്ടപ്പോഴുണ്ടായ തരിപ്പിൽ
ഒന്നു പിൻവലിഞ്ഞ്,
പിന്നെയൊരൂക്കിനു
കൈകൾ കോർത്ത്‌,
കലങ്ങിയ വെള്ളത്തിനടിയിലേക്ക്
നീണ്ട വരാൽ മൽസ്യങ്ങളെപ്പോലെ
അവളും ഞാനും.

ഞങ്ങളെക്കണ്ടാൽ
താമരത്തണ്ടുകൾ
കൈകൾക്ക് എത്തിപ്പിടിക്കാൻ പാകത്തിൽ
നീണ്ടു വരും.

ഒറ്റമുങ്ങലിൽ,
തൊട്ടൂ എന്ന് ഞാനും
തൊട്ടില്ലെന്ന് അവളും
തൊട്ടില്ലെന്ന് ഞാനും
തൊട്ടൂ എന്ന് അവളും.
പിന്നെയും പിന്നെയും ഞങ്ങൾ മുങ്ങാങ്കുഴിയിടും.
അപ്പോൾ താമരത്തണ്ടുകളിൽ വെള്ളത്തിനടിയിലെ
വഴുവഴുപ്പ്.
ഓളങ്ങൾക്കൊപ്പമതിന്റെ
താളത്തിലുള്ള ഇളക്കം.

ഒടുക്കം തൊട്ടേയെന്നും
തണുപ്പേയെന്നും
മിനുപ്പേയെന്നും
ഹായ് ഹായ് എന്നും
വെള്ളം കലക്കി മറിയ്ക്കും.

ഇനി കേറാമെടീയെന്ന്
തല നനഞ്ഞ്,
കൈകൾ കുഴഞ്ഞ്,
കണ്ണുകൾ പുറത്തേക്കു തുറിപ്പിച്ച്,
കരയിലേക്ക്
താമരത്തണ്ടുകളുമായി ഞങ്ങൾ തിരിച്ച്…

ഒരു ദിവസം,
തിരിച്ചു നീന്തി
അലക്കുകല്ലിൽക്കയറി നനഞ്ഞൊട്ടിയിരിക്കുമ്പോൾ
അവളുടെ താമരത്തണ്ട്
മുറിഞ്ഞിരിക്കുന്നതു കണ്ടു.

എനിക്കു തലകറങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook