ഓളങ്ങളുടെ താളച്ചുവടിൽ
തുഴഞ്ഞു പോകും
തീവണ്ടിക്കാഴ്ചയിൽ
മഞ്ഞുവാതിലടരിലൂടെ
ഞാൻ പവിയെക്കണ്ടു താഴെ.
മുഴുമുളക്കോലിനാഴത്തിൽ
അടിത്തട്ടു കണ്ട്
കുറ്റിയിൽ കയറുചുറ്റിക്കിടന്ന
ഇരുമ്പുതോണിയിൽ
നെഞ്ചുകുത്തിക്കയറുമ്പോൾ
പവിയില്ല,
പവിയെപ്പോലൊരാളേയില്ല.
പുഴയെന്നെ കാറ്റിലുറക്കി.
കരയകന്ന് തോണിയിൽ
അമരത്ത് മാനത്തെ
മൂക്കുത്തിക്കൂട്ടങ്ങളെ
എണ്ണിക്കളിക്കുന്നു ഞാൻ.
മലയിൽനിന്നൊരു കോഴികൂവൽ
ഇറങ്ങി വന്നു.
അവിടെക്കണ്ട തുണ്ടുവെളിച്ചത്തെ
ഒറ്റക്കണ്ണാൽ വിരലുകൾക്കിടയിൽ
അമർത്തിപ്പിടിച്ചു.

അതിനുമുന്നിൽനിന്നുറവയായ്
പുഴയിലേക്കെന്റെ വഴി.
ഇരുട്ടിൽ കാലുകളൂന്നി
സിഗാർ ലൈറ്റർ വെളിച്ചം.
ചെവിയിൽ ചീവീടു ചലനം.
വയറ്റിൽ ചൂടുപിടിപ്പിച്ച്
അമ്മയുടെ
അരിപ്പൊടി കലക്കിദോശയും
മീനൊഴിഞ്ഞ മുളകുചാറും കട്ടനും.
മിച്ചഭൂമിക്കോളനിപ്പടവിൽ
പവി കൂടെച്ചേരാനില്ലേൽ
ചുടലപ്പറമ്പതിരിനുമുന്നെ
ആവിയായിപ്പറക്കുമെല്ലാം.
വെള്ളം തേവിത്തേവി
ഒറ്റലോഡ് തോണിയിൽ ഞാൻ
നേരം കഴിക്കുമ്പോൾ
പൂഴിത്തോണി മാറി മാറി
പവിയവന്റെ കീശ നിറയ്ക്കും.
നിറപൂഴി വള്ള്
പാതാറിനെ തൊടുംമുന്നെ
അസൈനാര്ക്ക വെള്ളത്തിലേക്കെറിയും.
മൂക്കും ചെവിയും വായും നിറഞ്ഞ്
കൈകാലിട്ടടിച്ചയെന്നെ
അവനൊരു നീന്തൽക്കാരനാക്കി.
മീൻവായ്ത്തലപ്പു വഴി
തുപ്പൽ ചീറ്റും സൂത്രപ്പണി
ഞാനവനെയും പഠിപ്പിച്ചു.
മാഷാവണമെന്നെനിക്ക്,
നീന്തൽക്കാരനായി
മെഡൽ വാരാനവനും.
ഞങ്ങൾ,
തലയുയർത്തി സ്വപ്നം കാണും
രണ്ടു നീർനായ്ക്കൾ.
സ്കൂളിലെ നീന്തൽക്കുളത്തിൽ
പേരുവെട്ടൽ പതിവുള്ളതാവുമ്പോ
അക്കരെയിക്കരെ വെച്ചുപിടിക്കും.
ചാലിയാർ ഞങ്ങളെ
സങ്കടം കഴുകും.

സ്കൂൾവിട്ടോടിയൊരു വൈകുന്നേരം
പുഴ മുറിച്ചവൻ
ആരേയും കാക്കാതെ.
മലവെള്ളം കണ്ട് ചാടിയതാണെന്നും
പിന്നെപ്പറഞ്ഞു കേട്ടു.
എനിക്കൊന്നും തെളിഞ്ഞില്ല.
പുല്ലിൽ കിടന്നാവോളം കരഞ്ഞു.
പിടഞ്ഞു പിടഞ്ഞു ബോധം മറഞ്ഞു.
ആശുപത്രിക്കിടക്കയിൽ മേലാകെ
ഉപ്പുവെള്ളമോടി.
അവസാന നോക്കിനുപോലും
അവനെന്നെ കാത്തുനിന്നില്ല.
കടലിൽ പുഴ മറയും ഞൊടിയിൽ
നാടവനെയും മറന്നു.

വെയിൽച്ചൂടിൽ
കണ്ണുതുറന്നപ്പോൾ മുന്നിൽ
നീട്ടിയ നാവുപോൽ പാലം,
ആളുതിങ്ങിയ പുഴുപോലൊന്നിനെ
വിഴുങ്ങും കര.
ഞാനവിടെയും പവിയെത്തിരഞ്ഞു.
നീന്താൻ കൂടെക്കൂട്ടുന്നവരുടെ നാട്ടിലേക്ക്
തുഴഞ്ഞുതളരാനറിയാത്തൊരു മീൻ
ചെകിള വിടർത്തി
ചിറകുവീശിയദൃശ്യമായ്
കള്ളവണ്ടി കയറിപ്പോവുന്നത്
അകലങ്ങളിലിരുന്ന് കാണാനാവുന്നുണ്ട്.
◾
*വള്ള് – തോണിവക്ക്
*പാതാറ് – പൂഴിക്കടവ്