ഇതുവഴി പോകുന്നുണ്ടെന്നാണ്
അയാളിന്നലെ
അവസാനമായി പറഞ്ഞത്.
കാത്തിരുന്നു.
എന്നെക്കാണുമെന്നൊന്നും
പറഞ്ഞിട്ടല്ല.
സ്വന്തമെന്ന് തോന്നിയാൽ
പ്രതീക്ഷകളുടെ തുരുത്തിലേക്ക്
വള്ളം തുഴയാത്തവരുണ്ടോ?
വണ്ടികൾ തുരുതുരെ
പാഞ്ഞുപോയി.
അയാളുള്ള വണ്ടി
ഈ വഴിയേ കണ്ടിരിക്കില്ലെന്ന് ചിലച്ച്
ഒരു അടയ്ക്കാ കുരുവി
പിന്നിലെ തെച്ചിക്കൊമ്പിൽനിന്നും
അടർന്നുപോയി.
ഇരുണ്ടും തെളിഞ്ഞും
ഇരുണ്ടും തെളിഞ്ഞും
എപ്പോൾ വേണമെങ്കിലും
പെയ്തിറങ്ങാമെന്ന മട്ടിൽ
വട്ടംപിടിക്കുന്ന
തുമ്പികൾക്കു മേലെ
മേഘങ്ങൾ തിക്കിത്തിരക്കി.

മരിച്ചുപോയ പപ്പുവേട്ടന്റെ
ഛായയുള്ളൊരാൾ
കള്ളുഷാപ്പിൽനിന്ന് മടങ്ങുംവഴി
ഒരു കഷ്ണം
കടലയ്ക്കമിഠായി നീട്ടി.
ഉള്ളെരിയുമ്പോൾ
ഒരുനുളള് മധുരംപോലും
പുളിച്ച്തികട്ടുമെന്ന തോന്നലിൽ
വെറുതെ ചുരുട്ടി കൈയ്യിൽപ്പിടിച്ചു.
വൈകിട്ടയാളുടെ സമയംതെറ്റാത്ത
സന്ദേശം വന്നു.
“ബസ്റ്റോപ്പിൽ നിന്നെ കണ്ടിരുന്നു.
ഇറങ്ങാനും മിണ്ടാനും
സമയം കിട്ടിയില്ല.
അല്ല, നീയിന്നെങ്ങോട്ടുള്ള
പോക്കായിരുന്നു ?”
കരച്ചിലൊന്നും വന്നില്ല.
സ്നേഹമേ സ്നേഹമേ
എന്നാർത്തു ചിരിക്കുന്ന
വളവുകളിലൂടെ
ഇരുട്ടിൽ വീട്ടിലേയ്ക്കുള്ള
വഴി തിരഞ്ഞു.