തറവാട്ടു പറമ്പിൽ
ഉച്ചക്കൂട്ടാന്
ചക്കയിടാൻ ചെന്നപ്പോഴാണ്
അച്ഛമ്മ മാത്രം താമസിക്കുന്ന
തറവാട്ടു വീട്ടിൽ നിന്ന്
ശ്രീനി
പാത്രം വീണുടയുന്ന
ശബ്ദം കേട്ടത്.

ഓടിച്ചെന്ന് അടുക്കളയുടെ
ജനവാതിലിലൂടെ എത്തി നോക്കി.
ഞെട്ടിത്തരിച്ച കാഴ്ചകൾക്കൊപ്പം
ദയനീയമായ ഞെരക്കങ്ങൾ
വാതിൽ തുറന്ന് ഓടിപ്പോയി.

അച്ഛമ്മ തറയിൽ
ഛർദ്ദിച്ചതിനു മുകളിൽ
ഇഴയുകയാണ്.
അച്ഛമ്മയെ പൊതിഞ്ഞ എച്ചിൽ
ഒരു നായ
ആർത്തിയോടെ
നക്കിയെടുക്കുന്നത് കണ്ടപ്പോൾ
ശ്രീനിക്ക് ഓക്കാനം വന്നു.

പിറകെ അതിന്റെ
രൂക്ഷഗന്ധം കൂടിയായപ്പോൾ
അവൻ
നിന്നനിൽപിൽ ഛർദ്ദിച്ചു.
ശേഷം
അച്ഛനേയും വിളിച്ച് വീട്ടിലേക്കോടി.vibin chaliyappuram, poem, iemalayalamഅച്ഛമ്മയുടെ
പെൻഷൻ ദിവസം
ആദ്യം വണ്ടിയിറങ്ങാറുള്ള
അമ്മായിമാർത്തന്നെ
ഇത്തവണയും വലിയവായിൽ
നിലവിളിച്ചോണ്ടോടിയെത്തി.
“ഇനി ഞങ്ങൾക്കാരുണ്ടമ്മേ” എന്ന
കരച്ചിലിൽ ശ്രീനി
തമാശ കേട്ട പോൽ ചിരിച്ചു.

ചിതയ്ക്ക് തീ കൊളുത്തുമ്പോൾ
അച്ഛന്റെ
കണ്ണു നിറഞ്ഞൊഴുകിയത് കണ്ട്
അറിയാതെ വായ പൊളിച്ചു.
ചിതറിവീണ
അരിമണികൾക്കിടയിൽ
കഞ്ഞിക്കലം
പൊട്ടിക്കിടക്കുന്നതോർമ്മയിൽ വന്നു.
രാവിലെ കഞ്ഞി പോലും
കുടിക്കാതെയാവും
അച്ഛമ്മ പോയതെന്ന ചിന്തയിൽ
നിസ്സംഗമായി.

ചിരിയും തമാശകളുമായി
ബന്ധുമിത്രാദികളാൽ
പതിനഞ്ച് ദിവസവും
ശ്രീനിക്ക് ആഘോഷമായി.
അച്ഛമ്മ മരിച്ചെന്ന് മറന്നു പോയി.

അടിയന്തിരത്തിന് ഇലയിൽ
പായസം വിളമ്പിയപ്പോൾ
ശ്രീനിക്ക്
അച്ഛമ്മയുടെ
കിടത്തം ഓർമ്മ വന്നു.
എവിടെനിന്നോ
അതേ പുളിച്ച മണം
മൂക്കിന്റെ പാലം കടന്നുപോയി.
കൃത്യം പതിനാറാം ദിവസം
ശ്രീനി വീണ്ടും ഛർദ്ദിച്ചു.

എത്ര മധുരമായാലും
ശ്രീനി ഇപ്പോൾ
പായസം കുടിക്കാറില്ല.
ശ്രീനിക്ക് കിട്ടുന്ന
പായസങ്ങൾക്കെല്ലാം
തറവാട്ടിലെ അടുക്കള നിറച്ച
അതേ പുളിച്ച മണമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook