ഗോവിന്ദന് ഏകാന്തത വലിയ ഇഷ്ടമായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന് കുറേ നേരം എണീക്കാതെ കിടക്കുമ്പോഴുള്ള ഏകാന്തത, പല്ലു തേച്ച് പതിനഞ്ചു മിനുട്ടോളം വായ കുലുക്കുഴിയുമ്പോഴുള്ള ഏകാന്തത, സ്വര്‍ണ ബിസ്‌ക്കറ്റു പോലെ അടുക്കി പഴകിയ ഓര്‍മ്മകള്‍ കക്കൂസിലിരുന്ന് താഴേക്കു നിക്ഷേപിക്കുമ്പോള്‍ ഒപ്പം ഡ്രീം എയര്‍വേസ് പറത്തുമ്പോഴുള്ള ഏകാന്തത, തിന്നതെല്ലാം ഇറങ്ങിപ്പോകുന്ന ശരീരത്തിലെ ഇടവഴികളെ ഓര്‍ത്തു കൊണ്ട് ഭക്ഷണം കഴിക്കുമ്പോഴുള്ള ഏകാന്തത, നടക്കുമ്പോഴുള്ള ഏകാന്തത, ചിന്തിക്കുമ്പോഴുള്ള ഏകാന്തത, ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയപ്പെടാതെ ഒരു പൊട്ടു മാതിരി മറഞ്ഞു നില്‍ക്കുമ്പോഴുളള ഏകാന്തത, ഓഫീസില്‍ ഒറ്റയാനാകുന്നതിന്റെ ഏകാന്തത, കടലാസുകളിലേക്ക് അക്ഷരങ്ങളെ ഞാറു മാതിരി വരിയിട്ട് നടുമ്പോഴുള്ള ഏകാന്തത, രാത്രി കൂര്‍ക്കം വലിച്ച് ഉറങ്ങുമ്പോഴുള്ള ഏകാന്തത – ഇങ്ങനെ ഏകാന്തതയുടെ ഒട്ടേറെ വൈവിധ്യങ്ങളെ താലോലിക്കാന്‍ ഗോവിന്ദന് ഇഷ്ടമായിരുന്നു.
ഏകാന്തതയും വലിയൊരു ബഹുമതിയും ഒരു താലത്തില്‍ വെച്ചു നീട്ടി ഇതില്‍ ഏതു വേണമെന്നു ചോദിച്ചാല്‍ ആ ചോദ്യം അവസാനിക്കും മുമ്പ് ഏകാന്തത ചാടിയെടുത്ത് കീശയിലാക്കി അയാള്‍ നടന്നു കഴിഞ്ഞിരിക്കും.
സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്തും ഗോവിന്ദന്‍ മിത ജീവിയായിരുന്നു. ഒരു ലോ-ബജറ്റ്-മനുഷ്യന്‍. രണ്ടേ രണ്ടു ജോഡി വസ്ത്രങ്ങള്‍ മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്. ബസിന്റെ പള്ളയ്ക്കകത്തിരുന്നുള്ള വരവും പോക്കും. ചിലപ്പോള്‍ മറ്റ് ഓഫീസുകളിലേക്കെങ്ങാനും പോകേണ്ടി വന്നാല്‍ കൈ കാലുകള്‍ നീട്ടി വലിച്ചുള്ള അയാളുടെ നടരാജ് സര്‍വീസുമുണ്ട്!
പിശുക്കിന്റെ മൊത്ത കച്ചവടമായിരുന്നു അയാളുടെ ജീവിതമെന്ന് സഹപ്രവര്‍ത്തകര്‍ കളിയാക്കി പറയും. ഒരു വാക്കു പോലും അയാള്‍ അനാവശ്യമായി ഉച്ചരിച്ചിരുന്നില്ല. പറയേണ്ട പലതും ഗോവിന്ദന്റെ ആംഗ്യങ്ങളും തലകുലുക്കലുകളും മറ്റുള്ളവരോട് പറഞ്ഞു കൊടുത്തു. എന്തിന്, അയാളുടെ മുഖത്ത് ചിരിക്കു പോലും ഒരിക്കലും ഒരു സെക്കന്റില്‍ കൂടുതല്‍ ആയുസുണ്ടായിരുന്നില്ല.
അങ്ങനെ ആറു വര്‍ഷം മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ അയാള്‍ ഭാര്യയോടും രണ്ടു മക്കളോടും പറഞ്ഞു-
‘എനക്ക് ഈ ജീവിക്കല് മട്ത്തിനി… മനുശന്മാരേം കണ്ട് മതിയായിനി. ഞാനിനി പൊറത്ത് ഏട്‌ത്തേക്കും ഇല്ലാ!’
പട്ടണത്തിന്റെ ഓരം കഴിഞ്ഞാല്‍ പെട്ടെന്നു കാണാവുന്ന വളവിലുള്ള കുന്നിന്‍ ചെരുവ് പെറ്റിട്ടതു പോലുള്ള ഒരു ഇരു നില കെട്ടിടമായുന്നു അയാളുടെ വീട്. ഗേറ്റില്‍ ‘ഗോവിന്ദന്‍ നമ്പ്യാര്‍, സബ്-രജിസ്ട്രാര്‍’ എന്ന പഴയ ബോര്‍ഡ് കാലത്തോട് പിണക്കം നടിച്ചു കൊണ്ട് തൂങ്ങിക്കിടന്നു.
അന്നു മുതല്‍ അയാള്‍ വീടിന്റെ മുകളിലത്തെ ഒരു മുറിയില്‍ മല്‍സരം മറന്നു പോയ ആമയെ പോലെ ചുരുണ്ടു കൂടി. ഭക്ഷണം കഴിക്കാന്‍ പോലും മടിച്ചു മടിച്ചാണ് ഗോവിന്ദന്‍ താഴെയിറങ്ങി വന്നിരുന്നത്. ഒരു പരീക്ഷണ മരുന്നിന് വിധേയനാകുന്ന ഗിനിപ്പന്നിയുടെ ഭാവമായിരുന്നു അപ്പോഴെല്ലാം ആ മനുഷ്യന്. ഭാര്യ സരള ബാല്‍ക്കണിക്കു താഴെ നിന്ന് മകര ജ്യോതി കാണാനെന്ന മാതിരി മുകളിലേക്ക് നോക്കി ഉച്ചത്തില്‍ കുറേ നേരം കൂവി വിളിച്ചാല്‍ മാത്രമേ അയാള്‍ ഒന്നു തല പൊക്കുകയെങ്കിലും ചെയ്തിരുന്നുള്ളൂ.
പകല്‍ മുഴുവന്‍ അയാള്‍ കുറേ വായിക്കും. അതില്‍ ചരിത്രവും പുരാണവും ഓര്‍മ്മക്കുറിപ്പുകളും അശ്ലീലവുമൊക്കെ പെട്ടിരുന്നു. ചിലവ ആത്മകഥകളായിരുന്നു. ഞാനെന്ന ഭാവം പത്തി വിടര്‍ത്തിയാടുന്ന പുസ്തകങ്ങളും എളിമയുടെ പെന്‍സില്‍ കൊണ്ട് ആര്‍ദ്രതയില്‍ ചെത്തികൂര്‍പ്പിച്ചെഴുതിയ ഗ്രന്ഥങ്ങളും അതിലുണ്ടായിരുന്നു. ഭൂവിതാനങ്ങളുടെ കൈ രേഖകള്‍ പതിഞ്ഞ ആധാരക്കുറിപ്പുകള്‍ ഒരു കാലത്ത് വായിച്ചിരുന്ന അതേ ആവേശത്തില്‍ അയാള്‍ ഈ പുസ്തകങ്ങളും വായിച്ചു.
ചിലപ്പോള്‍ ചിന്താലുവായി ചിലതൊക്കെ ഗോവിന്ദന്‍ കുത്തിക്കുറിച്ചു. അവയില്‍ പലതും കഥയെന്നോ കവിതയെന്നോ ഉള്ള പേരുകള്‍ സ്വീകരിച്ച് പിന്നീട് സമന്തര മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. പലതും അയാള്‍ പോലും കാണുകയോ അറിയുകയോ ചെയ്തിരുന്നില്ല.
എഴുത്തും വായനയും ചെയ്യാത്ത സമയത്തെല്ലാം അയാള്‍ ഏകാന്തതയെ ധ്യാനിച്ച് ചുമ്മാ കണ്ണടച്ചിരുന്നു.
എണ്ണമില്ലാ ചിന്തകള്‍ക്ക് പുത്തന്‍ ലൈസന്‍സു കൊടുത്ത് തലക്കുള്ളിലൂടെ അര്‍മാദിച്ചു നടക്കാന്‍ അയാള്‍ അനുവദിക്കുന്നത് അന്നേരമാണ്. ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞ ഒരാള്‍ കാറുമായി ആദ്യമായി പുറത്തിറങ്ങും പോലെ അപ്പോഴെല്ലാം അയാളുടെ സ്വകാര്യാലോചനകള്‍ പുതിയ വഴികള്‍ തേടി അങ്ങുമിങ്ങും അലയാറുണ്ടായിരുന്നു. ചില വിചാരങ്ങള്‍ അകാരണമായി ബ്രേക്കിട്ട് വലിയ ചാട്ടം നടത്തിക്കൊണ്ട് അയാളെ കുലുക്കി. വേറെ ചില ചിന്തകളാകട്ടെ, ചില ഓണ്‍ലൈന്‍ പ്രണയങ്ങള്‍ പോലെയായിരുന്നു. കൊതിപ്പിച്ചും എന്നാല്‍ പ്രത്യേകിച്ച് ഒന്നും നല്‍കാതെയും അവ അയാളെ ചുമ്മാ മുന്നോട്ടു നടത്തിക്കൊണ്ടിരുന്നു.
അവയില്‍ ചിലതൊക്കെ അയാള്‍ തന്റെ ഡയറിയില്‍ നോട്ടു ചെയ്തു വെച്ചു. ചിലപ്പോള്‍ അതില്‍ കുറച്ചെങ്കിലും നാളെ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയാലോ?
അന്നേരം കപ്പില്‍ ചായയുമായി അയാളുടെ ഭാര്യ സരളയോ മകള്‍ സുവര്‍ണയോ മുകളിലേക്ക് കേറി വന്നു എന്നിരിക്കട്ടെ. ഗോവിന്ദന്‍ അലറി വിളിക്കും-
‘കുരിപ്പേ…നീ ബേഗം അതാടെ ബെച്ചിറ്റ് സലം കൈച്ചലാക്കിക്കോ.. ഈടെ സീരിയസായിറ്റ് ആലോയിച്ച് ഇരിക്കുമ്പാന്ന് ഓളടെ അലാക്കിന്റെ ഒര് ച്ചായ!’
തന്റെ ഏകാന്തതയെ ഒരു ചായ കൊണ്ടു പോലും ആരെങ്കിലും സ്പര്‍ശിക്കുന്നത് അയാള്‍ക്ക് അത്ര മേല്‍ അസഹ്യമായിരുന്നു.
പുറത്തിറങ്ങാനോ ആളുകളെ കാണാനോ വിവാഹം, മരണം, പൊതു ചടങ്ങുകള്‍ തുടങ്ങിയവയില്‍ സാന്നിധ്യമറിക്കാനോ അയാള്‍ക്കിപ്പോള്‍ ഇഷ്ടമേ അല്ല.
പൊലീസുകാരനായ മകന്‍ പ്രഭാകരനോടും മകള്‍ സുവര്‍ണയുടെ മക്കളോടും ഗോവിന്ദന്‍ നേരെ ചൊവ്വെ ഒന്നു സംസാരിച്ചിട്ടു തന്നെ എത്രയോ യുഗങ്ങളായി!
മുകളിലേക്ക് നോക്കി ആ പൈതല്‍ മല കയറണോ എന്ന് സ്‌റ്റെയര്‍കേസിനു ചുവട്ടില്‍ ശങ്കിച്ചു നില്‍ക്കുന്ന ആറാം ക്ലാസുകാരായ ചെറുമക്കള്‍ ജിതയോടും ജിതേഷിനോടും സരള പറയും-
‘ആടെ പോയിറ്റ് ബെര്‌തേ എന്തിനാന്ന് കുഞ്ഞ്യളേ നിങ്ങള് അച്ചാച്ചന്റെ വെള്ളാട്ടം വാങ്ങ്ന്ന്… ഓറ് ആടെ സന്ന്യാസി ആയിറ്റ് ജീവിക്കട്ട്… നിങ്ങ ചൊക്കറയാക്കാണ്ട് പൊറത്തെങ്ങാനും പോയി കളിക്ക്പ്പാ…’
അതോടെ സുവര്‍ണയുടെ മക്കളായ ആ ഇരട്ടകള്‍ ആകാംക്ഷാ ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന തങ്ങളുടെ കാലുകള്‍ പിന്‍വലിക്കും. അച്ചാച്ചന്‍ എന്ന കൗതുകം എന്താണെന്നറിയാനുള്ള ആഗ്രഹം അവര്‍ക്കിപ്പോള്‍ കൂടുതലാണെങ്കിലും അമ്മാമ്മ പറഞ്ഞ ‘അച്ചാച്ചന്റെ വെള്ളാട്ടം’ അവര്‍ക്ക് കാണാനത്ര ഇഷ്ടമില്ല.
യാതൊരു പ്രകോപനവും ഇല്ലാതെ ഭാര്യയോട് വെള്ളാട്ടം കഴിച്ച പോലെ ഗോവിന്ദന്‍ ഉറഞ്ഞു തുള്ളുന്നത് അവര്‍ മുമ്പു കണ്ടിട്ടുണ്ടായിരുന്നു.
‘അച്ചാച്ചന് പ്രാന്തായിറ്റാ ആടെ അട്ടത്ത് ഒറ്റക്കിരിക്കുന്ന് അമ്മേ, അമ്മമ്മേ? എന്നൊക്കെ സംശയങ്ങളുന്നയിച്ച് അവര്‍ വരുമ്പോള്‍ സരളയും സുവര്‍ണയും ചുണ്ടത്ത് ‘സൈലന്‍സ് പ്ലീസ്’ എന്ന ആംഗ്യമുദ്ര കുത്തിയ വിരല്‍ വെക്കും. എന്നിട്ട് സ്വയം കുഴിച്ചുണ്ടാക്കിയ ഒരു താഴ്ചയിലേക്ക് തങ്ങളുടെ ശബ്ദത്തെ ഇറക്കിക്കൊണ്ട് പറയും – ‘ശ്..ശ്..മിണ്ടറ്…അച്ചാച്ചന്‍ കേട്ട്‌നെങ്കി രണ്ടിനേം തച്ച് പെരക്കലാന്ന്…’
വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഗോവിന്ദന് എവിടെയൊക്കെയോ സ്‌ക്രൂ കുറവുണ്ടെന്ന് സരളയ്ക്കു തോന്നിയിരുന്നു. ആദ്യ രാത്രിയില്‍ തന്നെ അവളോട് പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടേയും മാര്‍ക്ക് ചോദിച്ചയാളാണ്.
പ്രീഡിഗ്രിക്കും ഡിഗ്രിക്കുമൊന്നും പഠിക്കാത്തതെത്ര നന്നായി, അവള്‍ക്കന്നു തോന്നി. ഇല്ലെങ്കില്‍ ആ മാര്‍ക്കു ലിസ്റ്റുകള്‍ കൂടി വിസ്തരിച്ചു പറയിപ്പിച്ച് അയാള്‍ അന്നു നേരം വെളുപ്പിച്ചേനെ.
പിന്നീട് ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ, പരുപരുത്തതും വഴുവഴുത്തതുമായ നിരവധി സംഘര്‍ഷാവസ്ഥകളിലൂടെ ഗോവിന്ദന്‍ എന്ന മനുഷ്യനെ അടുത്തു മനസിലാക്കാന്‍ സരള ശ്രമിച്ചെങ്കിലും അതില്‍ തോറ്റമ്പുകയാണുണ്ടായത്.
സുവര്‍ണ ഉണ്ടായപ്പോഴും പിന്നീട് പ്രഭാകരന്‍ ജനിച്ചപ്പോഴുമെല്ലാം സരളയ്ക്കു തോന്നി. ഏതോ മാജിക്കിലാണ് അവരെ ഗര്‍ഭം ധരിച്ചത്. കാണുമ്പോള്‍ കണക്കും നിയമങ്ങളും മാത്രം പറയുന്ന, കൂടുതലും ആംഗ്യങ്ങളിലൂടെ സംസാരിക്കുന്ന ഒരു മനുഷ്യന് കൂടെ കെടക്കാന്‍ പോലും സമയമുണ്ടായിരുന്നില്ലല്ലോ.
ഒരു കാലം കഴിഞ്ഞപ്പോള്‍ ആ മനുഷ്യനെ സരള വെറുതെ വിട്ടു. പകല്‍ മേയാന്‍ പോകുന്ന ഒരു പശു രാത്രി ആലയിലേക്ക് തിരിച്ചു കയറും പോലെ, പകല്‍ ഓഫീസിലേക്കെന്ന് പറഞ്ഞ് പോകുന്ന ഒരാള്‍ രാത്രി ഈ വീട്ടിലും വന്നു കയറുന്നു-എന്നൊരു നാടന്‍ യുക്തിയിലേക്ക് കൂടി മനസിനെ അഴിച്ചു കെട്ടിയതോടെ അവര്‍ക്ക് പൂര്‍ണ സമാധാനമായി. പിന്നീടുള്ള കാലം മകള്‍ സുവര്‍ണയേയും ഗള്‍ഫിലുള്ളള മരുമകന്‍ സുഭാഷിനേയും അവരുടെ ഇരട്ടക്കുട്ടികളേയും അടുത്ത കാലത്ത് പൊലീസില്‍ കയറിയ മകന്‍ പ്രഭാകരനേയും കുറിച്ചു മാത്രമേ അവര്‍ സങ്കടപ്പെട്ടിട്ടുള്ളൂ. ഊഷരമായ ഒരു ഭൂമിയിലേക്ക് നോക്കി തണുപ്പും പച്ച ഇലകളും സ്വപ്‌നം കണ്ടു നടന്നിട്ടെന്തിനാണ്?
അന്ന് ഗോവിന്ദന്‍ പതിവിലും നേരത്തെ ഉറക്കമെണീറ്റു. കുറച്ചു മുമ്പ് കണ്ട ഒരു സ്വപ്‌നം അയാളെ ഒരു തേളു പോലെ,പിടി വിടാതെ വളരെ ഉറപ്പില്‍ അപ്പോഴും ഇറുക്കിപ്പിടിച്ചിരുന്നു. കട്ടിലില്‍ എണീറ്റിരുന്ന് ഫ്‌ളാസ്‌കില്‍ നിന്ന് ഒരു ഗ്ലാസ് ചൂടുവെള്ളമെടുത്ത് കുടിച്ച് അയാള്‍ തന്റെ ബോധത്തെ കൂടുതല്‍ ഉണര്‍ത്താന്‍ ശ്രമിച്ചു.
വിറ പടര്‍ന്ന കാലുകളില്‍ പതുക്കെ എഴുന്നേറ്റ് പ്രാഞ്ചി നടന്നു കൊണ്ട് ഗോവിന്ദന്‍ ചാരു കസേരയിലേക്ക് മലര്‍ന്നു.
മൂന്നു കാലഘട്ടങ്ങളെ ഒന്നിനു പിറകെ ഒന്നായി അവതരിപ്പിക്കുന്ന ചലച്ചിത്രം പോലെയുള്ളൊരു സ്വപ്‌നം തൊട്ടു മുമ്പ് കണ്ടു കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ അയാള്‍. ഗോവിന്ദന്റെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ മുഴുവന്‍ ഒരു തിരശ്ശീലയില്‍ പതിയും പോലെ അതില്‍ ഊര്‍ന്നു വീണിരുന്നു.
പത്തു വയസ്സുള്ള വികൃതിച്ചെക്കന്‍ ഗോവിന്ദനും ഇരുപതു വയസില്‍ പഴുതാരമീശക്കാരന്‍ ഗോവിന്ദനും മുപ്പതിന്റെ നവവരന്‍ ഗോവിന്ദനും നാല്‍പതിന്റേയും അന്‍പതിന്റേയും ഗോവിന്ദനുകളുമെല്ലാം അതില്‍ പല റോളുകള്‍ ചെയ്തു കൊണ്ട് വന്നു. സത്യത്തില്‍ ഗോവിന്ദന്‍ ജീവിതത്തില്‍ ആദ്യമായി തന്നെ-ഒരു ആത്മകഥയിലൂടെന്നവണ്ണം-വായിക്കുകയായിരുന്നു.
അതിന്റെയെല്ലാം അവസാനം വലിയൊരു കുറ്റബോധം എത്രയോ വര്‍ഷങ്ങളിലൂടെ ഒഴുകിപ്പരന്ന് അയാളുടെ ശരീരത്തിലേക്ക് ഒരു ഭൂതത്തെ പോലെ സന്നിവേശിച്ചിറങ്ങി.
താനിത്ര നാളും ജീവിച്ചതൊന്നും ശരിയായ വഴിക്കായിരുന്നില്ല.
ഖേദപ്രകടനം നടത്താന്‍ തയാറായിക്കൊണ്ട് ഭൂമിയിലേക്ക് ഉറ്റു നോക്കുന്ന ഒരു ആകാശമേഘത്തെപ്പോലെ അയാളുടെ മനസ് നിശബ്ദമായി മുരണ്ടു.
തന്റെ ഭാര്യയോടും മക്കളോടും ഒരു പോത്തു തലയും ശരീരവുമായാണ് താനിത്ര നാളും പെരുമാറിതെന്ന് അയാള്‍ക്ക് തോന്നി. എല്ലാത്തിനും പരിഹാരം ചെയ്യണം. അവരുടെ മനസിലുള്ള ‘ഗോവിന്ദസ്വരൂപത്തെ’ മാറ്റിയെടുക്കണം.
യഥാര്‍ത്ഥ ഗോവിന്ദന്‍ നമ്പ്യാര്‍ ഇനി ജനിക്കാനിരിക്കുന്നതേ ഉളളൂ.
അയാളുടെ മനസ് പുതുതായി എഴുതിത്തുടങ്ങിയ ഒരു പുസ്തകത്തിന്റെ താളുകള്‍ പോലെ നിഷ്‌കളങ്കമായി ഒന്നു വിടര്‍ന്നു.
കുളി കഴിഞ്ഞ് വേഷം മാറി പുറത്തേക്കിറങ്ങുമ്പോള്‍ വീടിന്റെ ഇരുമ്പു ഗേറ്റ് വലിയ ശബ്ദ കോലാഹലമില്ലാതെ ഗോവിന്ദന്‍ അടച്ചു. അകത്തുള്ളവര്‍ എഴുന്നേറ്റു വരുമ്പോഴേക്കും പട്ടണത്തില്‍ പോയി വരാനും ചില സാധനങ്ങളൊക്കെ വാങ്ങി സരളയേയും മക്കളേയും അമ്പരപ്പിക്കാനും അയാള്‍ക്കു പദ്ധതിയുണ്ടായിരുന്നു.
ഗേറ്റടയ്ക്കുമ്പോള്‍ നൂല്‍കമ്പി പൊട്ടി ഒരു വശം തൂങ്ങിക്കിടന്നിരുന്ന തന്റെ പഴയ നെയിം പ്ലെയിറ്റിലേക്ക് ഗോവിന്ദന്‍ സഹതാപത്തോടെ നോക്കി. അത് ഊരിയെടുത്ത് വീടിനു പുറത്തെ ഓടയിലേക്ക് തള്ളുമ്പോള്‍ ആത്മനിന്ദയിലൂടെ മാത്രം ചിലര്‍ക്ക് ലഭിക്കുന്ന പേരറിയാത്ത ഒരു ഹര്‍ഷം അയാളുടെ ഹൃദയത്തെ മൃദുവായി ഒന്നു തൊട്ടു.
‘മാറിയ ഗോവിന്ദനാണെടോ ഇത്. ഇനി എന്തെല്ലാം കാണാന്ണ്ട്…’
ഇടതു കൈ കൊണ്ട് തന്റെ ഹൃദയത്തെ ശരീരത്തിനു മുകളിലൂടെ ഒന്നു തലോടിയിട്ട് അയാള്‍ നിസ്സാരമട്ടില്‍ പറഞ്ഞു.
ബസ് സ്റ്റോപ്പില്‍ കുറേ നേരം നിന്നിട്ടും ബസ് വരാതിരുന്നത് ഗോവിന്ദന്‍ നമ്പ്യാരെ അല്‍ഭുതപ്പെടുത്തിയിരുന്നു. അയാള്‍ സര്‍വീസിലുണ്ടായിരുന്ന കാലത്ത് രാവിലെ അഞ്ചര മണിക്ക് വീട്ടിനു മുന്നിലൂടെ ‘ലിറ്റില്‍ സ്‌റ്റാര്‍’ പോകുന്ന ഒച്ച കേട്ടുകൊണ്ടാണ് ഉറക്കമുണര്‍ന്നിരുന്നത്. എന്നാല്‍ ഉദ്യോഗകാലം കഴിഞ്ഞതിനു ശേഷം അയാള്‍ ഇന്നലെവരെ ജീവിച്ചു പോന്ന പുറ്റു ജീവിതത്തില്‍ പുറം ലോകത്തിനോ ഇത്തരം യന്ത്രശബ്ദങ്ങള്‍ക്കോ വലിയ പ്രാധാന്യമുണ്ടായിരുന്നില്ലല്ലോ.
പുലരിയുടെ ആകാശത്തേക്കു നോക്കിയപ്പോള്‍ നടന്നാലോ എന്ന് ഗോവിന്ദനു തോന്നി. തലേ ദിവസത്തെ പുലരിയുടെ പേജില്‍ വീണ്ടും കാര്‍ബണ്‍ പേപ്പര്‍ വെച്ചെഴുതി വരച്ചതു പോലെ തന്നെ അന്നത്തെ സൂര്യോദയവും കിളികളുടെ പറക്കല്‍ ചിത്രത്തോടൊപ്പം ചക്രവാളങ്ങളുടെ പ്രഭാത മഷി പുരണ്ട വക്കുകളേയും കാണിച്ചു. പതുക്കെ, ഒരു മടിയന്‍ പുതപ്പില്‍ നിന്ന് തലയുയര്‍ത്തുന്നതു മാതിരി സൂര്യന്‍ തെളിയാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഗോവിന്ദന്‍ നമ്പ്യാര്‍ കാലുകള്‍ നീട്ടി വെച്ചു നടന്നു. അയാള്‍ തന്റെ നടരാജ് സര്‍വീസ് പുനരാരംഭിക്കുകയാണ്.
ഭാര്യയ്ക്കും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും സര്‍പ്രൈസായി ചില തുണിത്തരങ്ങള്‍ വാങ്ങണം. വീട്ടിലേക്ക് അല്ലറ ചില്ലറ ബേക്കറി ഐറ്റംസും വേണം. എല്ലാവരും എണീറ്റു രാവിലത്തെ ഭക്ഷണത്തിനു തന്നെ അന്വേഷിക്കുമ്പോഴേക്കും ഇതെല്ലാമായി മടങ്ങി വരണം. അയാള്‍ക്ക് പെട്ടെന്ന് ഓട്ട മല്‍സരത്തിന്റെ ഓര്‍മ്മ തിരിച്ചു കിട്ടിയ ആമയുടേതു പോലുള്ള ഒരു ഉല്‍സാഹവും ഉണര്‍വുമുണ്ടായി.
മേലാപ്പില്‍ നിന്നും പതിയെ താണു വന്നുകൊണ്ടിരുന്ന പ്രകാശത്തിന്റെ കര്‍ട്ടനും കണ്ടു കൊണ്ട് അങ്ങനെ ഗോവിന്ദന്‍ നമ്പ്യാര്‍ നടക്കവേ പെട്ടെന്നു റോഡിലൂടെ പാഞ്ഞു പോവുകയായിരുന്ന ഒരു ജീപ്പ് സഡന്‍ ബ്രേക്കിട്ട് നിന്നു.
ടയര്‍ റോഡിലുരഞ്ഞതിന്റെ ശബ്ദം പോലും ചെവിടു പൊട്ടിച്ചു വിളിക്കുന്ന ഒരു ചീത്ത വിളിയായാണ് അയാള്‍ക്ക് പെട്ടെന്നു തോന്നിയത്. അത് ഏറെക്കുറെ വാസ്തവവുമായിരുന്നു.
ജീപ്പു പുറകോട്ട് നീങ്ങി അയാള്‍ നില്‍ക്കുന്നതിന്റെ അരികിലേക്ക് വന്നു.
‘വെളുപ്പാന്‍ കാലത്ത് എങ്ങോട്ടാടാ…’
മുന്‍ സീറ്റില്‍ നിന്ന് എസ്ഐ ഇറങ്ങി വന്നു.
ഗോവിന്ദന്റെ പരിഭ്രമം ആ തണുത്ത വെളുപ്പാന്‍ കാലത്തും വിയര്‍പ്പിന്റെ ഉഷ്ണ വിരകള്‍ പോലെ അയാളുടെ വീതിയേറിയ നെറ്റിയിലൂടെ ഇഴഞ്ഞു.
‘എവിടെയാ മാസ്‌ക്?’എന്നു ചോദിച്ചു തല്ലാനായി കൈയുര്‍ത്തിയ എസ് ഐ അയാളുടെ നരയുടെ പൂപ്പല്‍ പടര്‍ന്ന തലയിലേക്ക് നോക്കി ശബ്ദം മാറ്റിയൊരീണത്തില്‍ ചോദിച്ചു ‘തനിക്കെത്ര വയസ്സായി..?’
ഏതോ വിഭ്രമത്തില്‍ നിന്ന് തന്റെ നാക്കിന്റെ ഉറയൂരിയെടുത്തുകൊണ്ട് അയാള്‍ ശബ്ദിച്ചു ‘അറുപത്തി രണ്ട് കഴിഞ്ഞിനി…’
‘ഫ’ എന്നാട്ടിയതും ‘നായിന്റെ മോനേ, എന്നിട്ടാണോ…ഇങ്ങനെ ഇറങ്ങി നടക്കുന്നത്….’ എന്നാക്രോശിച്ച് മുഖമടച്ച് ഒരടി കിട്ടിയതും ഒരുമിച്ചായിരുന്നു.
അച്ഛന്‍ കേളപ്പ നമ്പ്യാരുടെ കൂടെ ചെറുപ്പത്തില്‍ പറമ്പില്‍ തേനെടുക്കാന്‍ പോയത് അപ്പോള്‍ ഗോവിന്ദനോര്‍ത്തു. ചുറ്റും മഴയേക്കാള്‍ കട്ടി കൂടിയ ഒരാരവമായിരുന്നു. ചിറകുകളുടെ ചാറ്റല്‍മഴ ബോധക്കൂട്ടിലേക്ക് തുളച്ചു കയറിയ നിമിഷം. ശരീരത്തില്‍ ആ നിമിഷാര്‍ദ്ധത്തില്‍ പടര്‍ന്ന കൂരിരുട്ട്. അതേ ആരവം വീണ്ടും അയാള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു. അയാള്‍ വേച്ചു താഴേക്കു വീണു.
ജീപ്പില്‍ നിന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ ഇല്യാസ് പുറത്തിറങ്ങി വന്നത് അപ്പോഴാണ്.
‘പടച്ചോനെ… ഇത് നമ്മള ഗോവിന്ദന്‍ നമ്പ്യാര് സാറല്ലേ! റിട്ടേഡ് രജിസ്ട്രാറ്…’
ഇല്യാസ് താഴേക്കു നോക്കി അല്‍ഭുതപ്പെട്ടു. മുമ്പ് ഒര വലിയ ഭൂമിയിടപാട് നടത്തിയ വകയില്‍ അയാള്‍ക്ക് ഗോവിന്ദന്‍ നമ്പ്യാരെ പരിചയമുണ്ട്.
നമ്പ്യാരെ കൈ പിടിച്ച് നേരെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു കൊണ്ട് ഇല്യാസ് എസ് ഐയെ നോക്കി.
‘അല്ല സാറ് ഫസ്റ്റിനന്നെ കണ്ണുമ്പൂട്ടി അങ്ങ് പൊട്ടിച്ചിനല്ലാ… ഓറെ പല്ല് എളകിനോന്നാ എനക്കിപ്പോ സംശ്യം.’
ഇല്യാസ് ഗോവിന്ദനെ നേരെ പിടിച്ചു നിര്‍ത്തി. ഷര്‍ട്ടില്‍ പറ്റിയ ചെളി തുടയ്ക്കുന്നതായി ഭാവിച്ചു. അപ്പോള്‍ ചായക്കറയുടെ നിറം പോലെ ചെളി കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നു.
‘സാറിങ്ങ് വന്നാട്ടെ. ഞാമ്പറയട്ടപ്പാ.’ അയാള്‍ ഗോവിന്ദനെ കൈ പിടിച്ച് ജീപ്പിനു പിറകില്‍ കൊണ്ടു ചെന്നിരുത്തി. തനിക്കു മനസിലാകാത്ത മറ്റേതോ യുഗത്തിലേക്കാണ് താനിപ്പോള്‍ പിറന്നു വീണിരിക്കുന്നതെന്ന് ഗോവിന്ദന്‍ നമ്പ്യാര്‍ക്കു തല്‍ക്ഷണം തോന്നലുണ്ടായി.
മാറിയ ആ കാലഘട്ടത്തിന്റെ പ്രഹരമാണ് തനിക്കിപ്പോള്‍ കിട്ടിയത്. അയാള്‍ക്കു മുഖം വല്ലാതെ വേദനിച്ചു. സങ്കടവും വന്നു. പൊങ്ങി വരുന്ന മുഖവും തടവിക്കൊണ്ട് അയാള്‍ ജീപ്പിനകത്തു തന്നെ ഇരുന്നു.
ഇതിനിടയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ഇല്യാസ് എസ്ഐ യെ മാറ്റി നിര്‍ത്തി പറഞ്ഞു-
‘എന്താന്ന് നിങ്ങ ഈ കാണിച്ചത് സാറെ… എന്നാലും ചടപടേന്ന് ഓറെ കേറി അടിക്കണ്ടായ്‌നൂ… ഒന്നൂല്ലെങ്കിലും ഓറ് ഈട്‌ത്തെ പഴയ റജിസ്ട്രാറല്ലേ. മാത്രല്ല മൂപ്പറെ എളേ മോനും നമ്മളെ വര്‍ഗാ… പി സി പ്രഭാകരന്‍. കസബയിലുണ്ട്. എനി പറഞ്ഞിറ്റെന്താ കാര്യം. പോട്ട്. എപ്പോം പടക്കം പൊട്ടിച്ചിറ്റല്ലേ മ്മള് പൊലീസുകാര് തീപ്പെട്ടി ഏട്ത്തൂന്നു ചോയ്ക്കൂ. അതുകൊണ്ട് പറ്റിയതാന്ന്. സാരല്ലപ്പാ. ഞാനോറോട് എല്ലാം പറഞ്ഞ് സെറ്റാക്കാം.’
പതിവില്ലാതെ കോളിംഗ് ബെല്ല് രാവിലെ കരയുന്നതു കേട്ട് ഉറക്കച്ചടവോടെ വാതില്‍ തുറന്ന സരളയ്ക്കു മുന്നില്‍ ഗോവിന്ദനെ നിര്‍ത്തിയിട്ടാണ് ഇല്യാസ് പൊലീസും പൊലീസ് ജീപ്പും പോയത്.
ലോകാല്‍ഭുതം കാണും പോലെ വാ തുറന്ന് സരള ഭര്‍ത്താവിനെ വീണ്ടും വീണ്ടും നോക്കി. അത് പുലര്‍കാല സ്വപ്‌നമല്ലെന്നുറപ്പു വരുത്താന്‍ അവര്‍ക്ക് കണ്ണുകള്‍ കൂട്ടിത്തിരുമ്മേണ്ടി വന്നു. അയാളുടെ ശുഭ്ര വസ്ത്രത്തില്‍ അങ്ങിങ്ങായി ചെളി പുരണ്ടിരുന്നു.
സരള എന്തോ ചോദിക്കാനാഞ്ഞതും ഭാര്യയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ തേങ്ങി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഗോവിന്ദന്‍ നമ്പ്യാര്‍ കരഞ്ഞു കൊണ്ടേയിരുന്നു.
ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ ജിതയും ജിതേഷും അച്ചാച്ചന്റെ ചാരു കസേരയ്ക്കു വട്ടം നിന്നു. തിരിച്ചു കിട്ടിയ ഒരു നിധി പോലെ ഗോവിന്ദന്‍ തന്റെ കൊച്ചു മക്കളെ ചുറ്റിപ്പിടിച്ചിരുന്നു. അവര്‍ അയാളേയും. ‘അച്ഛന് ഇന്നൊരു സ്‌പെഷ്യല് പ്രഥമന്‍ ഇണ്ടാക്കട്ട് ഞാന്‍,’ സുവര്‍ണ അടുക്കളയില്‍ നിന്ന് വിളിച്ചു ചോദിച്ചു.
അയാള്‍ക്കെല്ലാം മനസിലായിരുന്നു. ലോകം മുഴുവന്‍ കൊറോണ എന്ന പേരുള്ള ഒരു വൈറസിനെ പേടിക്കുന്നതും രോഗികള്‍ കൂടുന്നതും ആളുകള്‍ മരിക്കുന്നതും അയാള്‍ ടി വി യില്‍ കണ്ടു. ചിലതെല്ലാം അയാള്‍ക്ക് കുട്ടികള്‍ തന്നെയാണ് വിശദീകരിച്ച് പറഞ്ഞു കൊടുത്തത്.
ഇത്ര കാലവും പത്രവും ടെവിലിഷനും മനുഷ്യരുമില്ലാ്ത്ത ഒരു ലോകത്ത് ജീവിച്ചതു കൊണ്ടാണ് ഗോവിന്ദന്‍ ഇതെല്ലാം അറിയാതെ പോയത്. പക്ഷേ, അയാള്‍ക്കതില്‍ സങ്കടമില്ലെന്നു തോന്നി.
‘അച്ചാച്ചാ..അച്ചാച്ചന്‍ ഇനി നമ്മക്ക് ഒരു കത പറഞ്ഞു തരുവാ,’ ഉച്ചയൂണും പായസവുമെല്ലാം കഴിഞ്ഞപ്പോള്‍ ജിതയും ജിതേഷും അയാളെ വീണ്ടും വട്ടം പിടിച്ചു. അവര്‍ക്ക് അച്ചാച്ചനെ നുണഞ്ഞു കൊതിയടങ്ങിയിട്ടില്ല.
‘അച്ചാച്ചന്‍ ഇപ്പോ ഒര് കഥ എഴ്ത്ന്നണ്ട് കുഞ്ഞ്യളേ… അത് തീര്‍ത്തിട്ട് പറഞ്ഞെരാ.’ അയാള്‍ അവരോട് തല്‍ക്കാലം അവധി പറഞ്ഞു.
‘ഇത് അച്ചാച്ചന് മുമ്പട്ടേ നമ്മള് എട്ത്ത് വെച്ചതാന്ന്… അച്ചാച്ചന്‍ നമ്മളോട് നേര്‍ക്ക് മിണ്ടായിറ്റല്ലേ…’
ഒരു പ്ലാസ്റ്റിക് കൂട് അയാള്‍ക്കു നേരെ നീട്ടിക്കൊണ്ട് പേരക്കുട്ടികള്‍ പറഞ്ഞു- ‘പിന്നേണ്ടല്ലാ…അച്ചാച്ചന്‍ നാളെ നമ്മക്ക് പറഞ്ഞരാന്‍ വെച്ചിട്ടുള്ള കഥക്ക്ള്ള ഒര് അഡ്വാന്‍സായിറ്റ് കൂട്ടിക്കോ ഇത്.’ ശരീരം വിറപ്പിച്ചുകൊണ്ട് അവര്‍ കുലുങ്ങിച്ചിരിച്ചു.
അയാള്‍ ആ കവറുമായി ഒന്നും മിണ്ടാതെ മുകളിലേക്കുള്ള സ്‌റ്റെപ്പുകള്‍ കയറിപ്പോയി.
അന്നു രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ ടേബിള്‍ ലാമ്പ് ഓണാക്കി ഗോവിന്ദന്‍ ഡയറി എഴുതാനിരുന്നു.
ഏകാന്തത എനിക്കിപ്പോഴും ഇഷ്ടമാണ്.
പതിനെട്ടാം വയസില്‍ ആധാരമെഴുതി പരിചയിച്ച വടിവൊത്ത കൈയ്യക്ഷരങ്ങളില്‍ അയാള്‍ എഴുതി.
പക്ഷേ എന്റെ ഏകാന്തത ഇതല്ല. എന്റെ പ്ലാന്‍ ഇതായിരുന്നില്ല. എന്റെ പ്ലാന്‍ ദൈവം തകര്‍ത്തു കളഞ്ഞു.
അയാളുടെ വാക്കുകള്‍ മഷിക്കൊപ്പം നിരാശയും കുടിച്ചിരുന്നു.
പേന ഒന്നു കുടഞ്ഞു തെറിപ്പിച്ച് നിബിലേക്കുള്ള മഷിയോട്ടം സുഗമമാക്കിക്കൊണ്ട് അയാള്‍ തുടര്‍ന്നെഴുതി-
ഏകനായി കുറേക്കാലം ഇരുന്ന് പൊതു സമൂഹത്തിലേക്കിറങ്ങാനായിരുന്നു എന്റെ പദ്ധതി. അതിനായി എത്രയോ കാര്യങ്ങള്‍ ഞാന്‍ സ്വരുക്കൂട്ടി വെച്ചു. പഴയ സുഹൃത്തുക്കളെ തിരഞ്ഞു പിടിച്ച് അവരോടൊപ്പം ചായ കുടിക്കണമായിരുന്നു എനിക്ക്. അതും എന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു. ശരിക്കും എനിക്കു തന്നെ തകര്‍ക്കാന്‍ പറ്റുന്ന ഒരു ഏകാന്തതയായിരുന്നു അത്. അതേ, അതു മാത്രമേ എനിക്കു സഹിക്കാനാവൂ. പക്ഷേ ഈ ഇരിപ്പ് എനിക്കു വയ്യ. ഈ ഏകാന്തത മറ്റാരുടേതോ ആണ്. വേരാറോ നിശ്ചയിച്ചതും.
അത്രയും എഴുതി അയാള്‍ ഡയറി അടച്ചു വെച്ചു.
പുറത്തെ ഇരുട്ട് ഭയാനകമായി അനങ്ങിത്തുടങ്ങിയിരുന്നു. ചിവീടുകള്‍ പോലും നിശബ്ദത കൊണ്ട് സമരം ചെയ്യുകയാണെന്ന് തോന്നി. മുകളിലെങ്കിലും നക്ഷത്രങ്ങളെ കാണാനാവുന്നുണ്ടോ എന്ന് ഗോവിന്ദന്‍ ആകാംക്ഷയോടെ നോക്കി. അവിടെയും കന്മഷത്തെ തോല്‍പ്പിക്കുന്ന ഇരുട്ടായിരുന്നു.
അകത്തു കടന്ന് വാതിലടച്ച് അന്നു പകല്‍ കുട്ടികള്‍ കൊടുത്ത പ്ലാസ്റ്റിക് കവര്‍ അയാള്‍ വീണ്ടും തുറന്നു.
അച്ചാച്ചനു വേണ്ടി അവര്‍ ശേഖരിച്ചു വെച്ച കുറേ മാസ്‌കുകളായിരുന്നു അതില്‍. പല നിറത്തിലും ആകൃതിയിലും ഉള്ളവ. ഗോവിന്ദന്‍ നമ്പ്യാര്‍ ബാത്‌റൂമില്‍ കയറി ആ മാസ്‌കുകള്‍ ഓരോന്നായി കഴുകി ബാല്‍ക്കണിയിലെ അയയില്‍ തൂക്കി.
ചാരു കസേരയില്‍ ചാരി ഇരുന്ന് ആ രാവു മുഴുവന്‍ അയാള്‍ ഉറങ്ങാതെ തീര്‍ത്തു. ഭാവിയെക്കുറിച്ച് ആദ്യമായി അയാള്‍ ഉല്‍കണ്ഠപ്പെട്ടു.
ഇതുവരെ താന്‍ ജീവിച്ചു തള്ളിയതും വായിച്ചു തള്ളിയതും എന്തായിരുന്നുവെന്ന് ആ നിമിഷങ്ങളില്‍ ഗോവിന്ദന്‍ ഒരു അവലോകനം നടത്തി നോക്കി. അപ്പോള്‍ അയാളുടെ പിന്‍ കഴുത്തിലേക്ക് ഒരു ഞെട്ടല്‍ വേഗതയോടെ പാഞ്ഞു വന്നു വീണു.
ഇല്ല,താനൊന്നും വായിച്ചിട്ടില്ല. ഒരു ചെറിയ ജീവിതം പോലും.
ചിന്തകള്‍ ദു:ഖം കുടിച്ചു ചീര്‍ത്ത പേനുകളായി അയാളുടെ തലയിലൂടെ ഓടി നടന്നു. അയാള്‍ക്കു പിന്നേയും ഭാരമുള്ളൊരു സങ്കടം വന്നു.
പുതിയ പുലരിയുടെ അറിയിപ്പുമായി തണുപ്പു നിറഞ്ഞ കാറ്റു വരുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഉറക്കക്ഷീണം കൊണ്ട് പാളി വീഴാന്‍ തുടങ്ങിയിരുന്നു.
പ്രകാശത്തെ വിരുന്നു വിളിച്ചു കയറ്റുന്നുണ്ടായിരുന്നു പ്രഭാതം. കുന്നിന്‍ മുകളിലെ പേരറിയാത്ത മരങ്ങള്‍ കടന്നെത്തിയ ഇളം കാറ്റില്‍ അയയിലെ മാസ്‌കുകള്‍ ഒരു നൃത്തത്തിലെന്നവണ്ണം അനങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് അവയ്ക്ക് ചില മനുഷ്യരൂപങ്ങള്‍ കൈ വന്നു. ആ നൃത്തം കണ്ടു കൊണ്ടിരിക്കെ തന്നെ പതിയെ അയാളുടെ കണ്ണുകള്‍ ഒരു നിദ്രാടനത്തിലേക്ക് കുഴഞ്ഞു വീണു.