പണ്ടുപണ്ടത്തെ കവിതയില്‍ നിന്ന്
വെട്ടിക്കളഞ്ഞ വരി
ഉറക്കം വരാത്ത രാത്രിയില്‍
എന്നെ പിടികൂടി.

ചോദിക്കട്ടെ, അത് പറഞ്ഞു തുടങ്ങി:
“എന്തിനായിരുന്നു നീ എന്നെ
വെട്ടിമാറ്റിയത് ?
പകരം ചേര്‍ത്ത വരിയ്ക്ക്
എന്തു യോഗ്യതയായിരുന്നു കൂടുതല്‍?

അത്
ലോകത്തെ മാറ്റിയോ?
അല്പം കൂടി ഉയര്‍ത്തിയോ?
ആ കവിതയുടെ മരണം
ഒരു ദിവസം കൂടി നീട്ടിവെച്ചോ?

ആ വരി
വറ്റിപ്പോയ നദികള്‍ക്ക്
വെള്ളം തേകിയോ?
മഴയെ കൂടുതല്‍ മഴയാക്കിയോ?
മനുഷ്യരെ മുഴുവന്‍ മനുഷ്യരാക്കിയോ?

തിളങ്ങുന്നതും വലിപ്പമുള്ളതും മാത്രം
കാണുന്നതോ കവിതക്കാഴ്ച?
പരിചയത്തിനോട് മാത്രം
പ്രതികരിക്കുന്നതോ കവിതച്ചിരി?

ചൂഷണം ഒരു വെട്ടിമാറ്റലെങ്കില്‍
ചൂഷകനായിരുന്നു നീ.
കുടിയിറക്കല്‍ അനീതിയെങ്കില്‍
അനീതിമാനായിരുന്നു നീ.

 

p.n gopikrishnan , amalayalam, poet,

ഹേ,കവീ
നീയാകുന്ന മരത്തില്‍ പടരുന്ന
വല്ലി മാത്രമോ കവിത?
നീയാകുന്ന മാളില്‍ വില്പനയ്ക്കുവെച്ച
സോപ്പു മാത്രമോ കവിത?
നീയാകുന്ന അരങ്ങില്‍
മറവിയുടെ കൊട്ടിപ്പാടലോ കവിത?“

എനിയ്ക്ക് ദേഷ്യം വന്നു .
“ഞാന്‍ യുക്തിവാദിയാണ്.
പുരോഗമനവാദിയാണ്.
എനിയ്ക്ക് പ്രേതങ്ങളില്‍ വിശ്വാസമില്ല.“
അത് തിരിച്ചടിച്ചു.
“ഞാന്‍ യുക്തിവാദിയല്ല.
പുരോഗമനവാദിയല്ല.
പക്ഷേ, നീതി
യുക്തിവാദികള്‍ക്കും
പുരോഗമനവാദികള്‍ക്കും
മാത്രമല്ല കിട്ടേണ്ടത്
എന്നതില്‍ വിശ്വസിക്കുന്നു.”

എന്തൊരു കുരുത്തംകെട്ട വരിയാണത്.
ഓടിച്ചെന്നു കത്തിയെടുക്കാന്‍
അതിനൊരു മടിയുമില്ല.
ഉറക്കം വരാത്ത എന്റെ അടുത്തേയ്ക്ക്
കത്തിയുമായി അത് ഓടിയെത്തുന്നു .

ഞാനിനി എന്ത് പറയും?
കവിതയെയാണൊ
എന്നെയാണോ
ഞാന്‍ സംരക്ഷിക്കേണ്ടത്?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ