വേലായുധന്‍

 

കഴിഞ്ഞ ദിവസം ഞാന്‍
വേലായുധനെ സ്വപ്നം കണ്ടു.

വീട്ടുമുറ്റത്തെ
നനഞ്ഞ തറയില്‍ അവന്‍
ചമ്രംപടിഞ്ഞിരിക്കുന്നു.

അവന്റെ മുമ്പില്‍
പീലി വിരിച്ചും
പീലി പൂട്ടിയും
ഒരു മയില്‍
നില്‍ക്കുന്നു.

ഞാന്‍ ചോദിച്ചു, നീയതിനെ
നൃത്തം പഠിപ്പിക്കുകയാണോ,
വേലായുധാ  –karunakaran,poem

പീലി നീര്‍ത്തി മയില്‍ അവനെ
വട്ടം വെയ്ക്കുന്നു. അതിന്റെ
കാലുകളില്‍ നോക്കി അവനിരിക്കുന്നു.
അവന്റെ കണ്ണുകളുടെ ചതുപ്പില്‍
മയില്‍ നൃത്തം വെയ്ക്കുന്നു.

ഞാന്‍ ചോദിച്ചു, നീയതിനെ
നൃത്തം പഠിപ്പിക്കുകയാണോ,
വേലായുധാ  –

ഞാന്‍ കുന്നുകള്‍ സ്വപ്നം കാണുന്നു.
ഞാന്‍ തെരുവുകള്‍ സ്വപ്നം കാണുന്നു.

പക്ഷികള്‍ക്കു പിറകെ കുതിക്കുന്ന
മീനുകളെ സ്വപ്നം കാണുന്നു.

പക്ഷേ, മരിച്ചവരുടെ മുമ്പില്‍
നൃത്തമഭ്യസിയ്ക്കുന്ന മയിലിനെ
ആദ്യം കാണുകയായിരുന്നു.

മരിച്ചുപോയ അവനെയും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ