കാറ് സ്റ്റാര്‍ട്ടാക്കി വച്ചുകൊണ്ട് പ്രമോദോര്ത്തു. യാത്രയ്ക്കു വേണ്ടി കനകാംഗി ഒരുങ്ങി വരുന്നേയുള്ളൂ. അതിവിചിത്രമായ സ്വഭാവമാണല്ലോ അവളുടേത്. പേര് പോലെതന്നെ പ്രത്യേകതകള്‍ ഒരുപാടുണ്ട്. കല്യാണം കഴിഞ്ഞിട്ടിപ്പോള്‍ കുറച്ച് മാസങ്ങളായിട്ടേയുള്ളൂ, അവളെയൊന്ന് നന്നായി അറിഞ്ഞുവരുന്നേയുള്ളൂ. അമ്പിളി അമ്മാവനെ വേണമെന്ന് പറഞ്ഞാല്‍ അപ്പോള്‍ പിടിച്ചുകൊണ്ടുവരണമെന്ന് പറയും. അര്‍ധരാത്രി തട്ടുദോശ തിന്നണമെന്ന് കൊതി തോന്നിയാല്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് സിറ്റി മുഴുവന്‍ കറങ്ങി തുറന്നിരിക്കുന്ന ഒരു കട കണ്ടെത്തണം.
ഈ വാശികളും ഭ്രാന്തുകളും തനിക്കും ഹരം പകരുന്നുണ്ടല്ലോ എന്നയാള്‍ ഓര്‍മ്മിച്ചു. അവളുടെ ഹൃദയത്തിന്റെ ഒരു കഷണം തന്റെ ജീവനോടൊട്ടി ചേര്‍ന്നിരിക്കുന്നു. അവള് വന്നതില്‍ പിന്നെ വീടിനെ ഒരു ലാല്ബാഗാക്കി മാറ്റിയിട്ടുണ്ട്. ഈയിടെയായി ഓഫീസില്‍ നിന്നും മടങ്ങി വന്നശേഷം പ്രമോദിന്റെ പ്രധാന പരിപാടി കാറുമെടുത്ത് അപരിചിതമായ വഴികളിലൂടെ അലഞ്ഞുതിരിയുക എന്നതാണ്.
അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലുമൊരു വീടിന്റെ മുന്നില്‍ കാണുന്ന ചെടി ഒടിച്ചെടുക്കുക. പിന്നെ തിരികെയുള്ള വഴി കണ്ടുപിടിച്ച് പുറത്തു ചാടുക, വഴിയോരത്തെ ഏതെങ്കിലുമൊരു കടയില്‍നിന്നും ഭക്ഷണം കഴിക്കുക. ഇങ്ങനെ പല നാടുകളില്‍ പല വഴികള്‍ പോയി കൊണ്ടുവന്ന പേരറിയാത്ത ഒരുപാട് പൂച്ചെടികളും ഇലച്ചെടികളുമിപ്പോള് വീട്ടിലുണ്ട്.
കനകാംഗിയെ കാണാന്‍ ആദ്യമായി അവളുടെ വീട്ടില്‍ പോയ ദിവസം പ്രമോദോര്ത്തു.
”എനിക്കീ മുറിയില്‍ കുറച്ചുനേരം ഒറ്റയ്ക്കിരിക്കണം,” അവളുടെ മുറിയിലേക്ക് കയറിച്ചെന്ന് അയാള്‍ പറഞ്ഞു. ഒന്ന് ഞെട്ടിയെങ്കിലും കനകാംഗി അയാളെ ഒറ്റയ്ക്കാക്കി പുറത്തിറങ്ങി. അവളുടെ മുറിയില്‍ പാതി വായിച്ചുവച്ച പുസ്തകങ്ങള്‍ക്കിടയില്‍ ഒരു മയില്‍പ്പീലി കാണുമോന്ന് തിരയാം. അവള് ഊരിയിട്ടിരിക്കുന്ന ഉടുപ്പെടുത്തൊന്ന് മണത്തുനോക്കാം. ഡ്രെസ്സിംഗ് ടേബിളിലെ നെയില്‍പോളിഷ് കുപ്പി നോക്കി അവള്‍ക്കിഷ്ടപ്പെട്ട നിറം കണ്ടുപിടിക്കാം. അലമാരയിലോ മേശപ്പുറത്തോ അവളുടെ കാമുകന്റെ പടമുണ്ടോ എന്ന് തിരയാം.
ഇതേസമയം കനകാംഗി ചിന്തിച്ചത് ഇങ്ങനെയൊക്കെയാണ്: എഴുതി കീറിക്കളഞ്ഞ പേപ്പറുകള്‍ മുറിയാകെ കുമിഞ്ഞുകൂടി കിടക്കുന്നുണ്ടാവും. അതെടുത്ത് വിടര്‍ത്തി നോക്കിയാല്‍ ലോകത്താരും കാണരുതെന്ന് വിചാരിച്ച് ഞാന്‍ എഴുതിക്കളഞ്ഞ പൊട്ടക്കവിതകള്‍ കാണും. നനയ്ക്കാതെയിട്ട ചുരിദാര്‍ ഷാളുകള്‍ ചെറിയ പന്തുകളെപ്പോലെ മുറിയാകെ പരന്നുകിടക്കുന്നത് കണ്ട് ‘അയ്യേ ഈ പെണ്ണിനിത്ര വൃത്തിയില്ലേ’ എന്ന് എന്നെക്കുറിച്ച് ചിന്തിക്കുമോ എന്തോ? അലമാരയില്‍ മടക്കിവയ്ക്കാന്‍ മറന്ന ഒരു പാന്റീസെങ്കിലും അവിടെ കിടപ്പുണ്ടാകുമോ? എംഎ ലാസ്റ്റ് സെം അസൈന്മെന്റിന്റെ മാര്‍ക്ക് മേശപ്പുറത്തു കാണുമോ? ഇന്നലെ കുടിച്ച ചായക്കപ്പ് കഴുകാന്‍ മറന്ന് ഉറുമ്പരിച്ച് അവിടെയിരിക്കുന്നുണ്ടാകുമോ? ഡെയറി മില്‍ക്കിന്റെ തൊലി, കൂട്ടുകാരിമാര് വന്നപ്പോള്‍ വലിച്ച സിഗരറ്റു കുറ്റികള്‍, ബിയര്‍ ഗ്ലാസുകള്‍, പപ്പായത്തണ്ടുമായി നില്ക്കുന്ന ഒരു ഫോട്ടോ. മെലിഞ്ഞ് എല്ലിന്‍കൂടുപോലെ നില്ക്കുന്ന ആ പഴയ ഫോട്ടോ കാണുമോ? കട്ടിലിനടിയിലെ പേര്‍ഷ്യന്‍ പൂച്ച എത്തിനോക്കുമോ? പ്രമോദിനെ കണ്ട് പൂച്ചയും പൂച്ചയെ കണ്ട് പ്രമോദും ഞെട്ടുമോ?
ഏകദേശം അരമുക്കാല്‍ മണിക്കൂര്‍നേരം പ്രമോദവിടെ ധ്യാനത്തിലെന്നപോലെയിരുന്നു. കാറ്റ് വരുമ്പോള്‍ സംഗീതം പൊഴിക്കുന്ന ഒരു കാറ്റാടിക്കുഴല് ഇമ്പമായി പാടി. അടുക്കിവച്ച ഒന്നുരണ്ട് പലാസ്സോകള്ക്കിടയില് നിന്നും ഒരു ചെമ്പകപ്പൂവ് അയാള്‍ കണ്ടെത്തി. ജനാല തുറന്നപ്പോള്‍ പുറത്ത് മഞ്ഞച്ചിരിയോടെ ഒരു ചെമ്പകമരം പൂത്തുനില്ക്കുന്നു. ചെമ്പകമരം അതിന്റെ കഥ പറഞ്ഞു.
മഞ്ഞപ്പൂക്കളിലൂടെ ഞാന്‍ മണമൊഴുക്കും. വാടിപ്പോയ എന്നെ ഈ വീട്ടിലെ പെണ്‍കുട്ടി അവളുടെ സാരികളിലും ചുരിദാറുകളിലും അടിപ്പാവാടകളിലും പൊതിഞ്ഞുവയ്ക്കും. ആരെയും മയക്കി ഉറക്കുന്ന മണമുണ്ട് ഈ ചെമ്പകപ്പൂവിന്. കട്ടിലില്‍ അവള് ഏതുവശത്തേക്ക് തല വച്ചായിരിക്കും ഉറങ്ങുക എന്നോര്ത്തയാള് കട്ടിലിലൊന്ന് ഇരുന്നുനോക്കി. അവിടെ കിടന്നാല്‍ ആ മുറിയില്‍ ചെടിച്ചട്ടികളിലും വെള്ളത്തിലും വളര്‍ന്നു നില്ക്കുന്ന ചെടികള്‍ കാണാം. ഒരു ചെറിയ കാടാണീ മുറി.
കനകാംഗി ചായയുമായി വന്നു വിളിക്കുന്നതുവരെ അയാള്‍ അവിടെ ആ കട്ടിലില്‍ കിടന്നുറങ്ങിപ്പോയി. പെണ്ണ് കാണാന്‍ പോയി അവിടെ കിടന്ന് സുഖമായി ഉറങ്ങിപ്പോയ ലോകത്തെ ഏകയാള്‍ താനായിരിക്കുമെന്ന് അപ്പോള്‍ പ്രമോദ് ഓര്‍ത്തു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് കനകാംഗി വന്ന് വിളിച്ചുണര്‍ത്തിയപ്പോള്‍ അയാള്‍ അവള്‍ക്കൊന്ന് തയ്യാറെടുക്കാന്‍ ഒട്ടും സമയംപോലും കൊടുക്കാതെ അവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. ആദ്യമായി കാണുന്ന ഒരാളെ അയാളുടെ സമ്മതമില്ലാതെ ഉമ്മ വയ്ക്കുന്നത് ശരിയാണോ എന്നൊന്നും അയാള്‍ അപ്പോള്‍ ചിന്തിച്ചില്ല. ഒന്ന് ഞെട്ടിയെങ്കിലും പൊട്ടിച്ചിരിച്ചുകൊണ്ട് കനകാംഗി അതേറ്റു വാങ്ങി. ‘വട്ടാണല്ലേ? എനിക്കും വട്ടുണ്ട്’ എന്നു പറഞ്ഞവള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.
ഇവള് തന്റെ മുറി കണ്ടാലെങ്ങനെയുണ്ടാവും. എന്നയാളോര്‍ത്തു. ജോലി കിട്ടി ഒറ്റയ്ക്ക് താമസമായ ശേഷം മുറി തൂത്തു തുടച്ചിട്ടേയില്ല. പകുതി ചുളുങ്ങിയ കിടക്കവിരികള്‍, വഴിയില്‍ ചുരുട്ടിക്കൂട്ടിയിട്ടിരിക്കുന്ന പത്രങ്ങള്‍, ഒറ്റച്ചെടിപോലുമില്ലല്ലോ ആ മുറിയില്‍. കല്ല്യാണം കഴിഞ്ഞദിവസം മുതല്‍ അവളുടെ അസാധാരണമായ ശീലങ്ങള്‍ തലചാടി പുറത്തുവരാന്‍ തുടങ്ങി.
കനകാംഗിയുടെ ചില പിടിവാശികള്‍ അയാള്‍ ഓര്‍ത്തു. ബൈക്കില്‍ മഴ നനഞ്ഞ് ഓംലെറ്റ് കഴിക്കാന്‍ പോണം. ആണ്‍വേഷം കെട്ടി സിനിമ കാണാന്‍ പോണം. പ്ലാവില്‍ വലിഞ്ഞുകേറി അവിടെയിരുന്ന് ഒരു ഫോട്ടോയ്ക്ക് വേണ്ടി ചിരിക്കണം. പൂവേട്ടയാണ് ഇനിയൊന്ന്. കാറില്‍ കയറിയിരുന്നങ്ങനെ പോകുമ്പോള്‍ ഏതെങ്കിലുമൊരു വീടിന്റെ മുറ്റത്ത് ഭംഗിയുള്ള പൂ കണ്ടാല്‍ കനകാംഗി ഉറക്കെ അലറും ‘സ്റ്റോപ്പ്!’ പിന്നെ അവിടെയൊക്കെ ചുറ്റിപ്പറ്റി നില്ക്കും. അതാണ് കനകാംഗിയുടെ രീതി. എന്നിട്ടേ മോഷ്ടിക്കൂ.
‘മോഷ്ടിച്ചെടുത്താലേ ഒരു ത്രില്ലുള്ളൂ. കെഞ്ചി വാങ്ങുന്നതെനിക്കിഷ്ടമല്ല,’ എന്ന് എത്രയോ തവണ അവള് പറഞ്ഞിട്ടുണ്ട്. മോഷ്ടിച്ചുകൊണ്ടുവന്ന ചെടികളെല്ലാം വീട്ടില്‍ പൂത്തും തളിര്‍ത്തും കായ്ച്ചും നില്പ്പുണ്ടിപ്പോള്. കനകാംഗിയുടെ ഈ വട്ടുകള്‍ അയാള്‍ക്കും ഇഷ്ടമായി തുടങ്ങിയിരുന്നു. വിരസമായിരുന്നു ജീവിതം അതുവരെ. ഒരു പെണ്ണിന്റെ കണ്ണുകളിലൂടെ നോക്കിയപ്പോള്‍ ഈ പ്രപഞ്ചത്തിനെന്തൊരു മാറ്റം! വീടിനു മുന്നില്‍ പൂത്തുനില്ക്കുന്ന പനിനീര്പ്പൂച്ചെടികള്ക്ക് ഇരട്ടി മണം. ആകാശവും ഭൂമിയും ഇവിടെയുള്ള അസംഖ്യം ജീവജാലങ്ങളും മണ്ണിനടിയിലും പൊത്തുകളിലും ഒളിച്ചിരിക്കുന്ന അദൃശ്യജീവികളുമെല്ലാം രണ്ടേ രണ്ടുപേര്‍ക്കായി ജീവിക്കുന്നുവെന്ന തോന്നല്‍.
‘എന്തുകൊണ്ടാണെന്നെ ഇഷ്ടപ്പെട്ടതെന്ന് ഒരു യാത്രയ്ക്കിടെ കനകാംഗി പ്രമോദിനോട് ചോദിച്ചു. ‘നിന്റെ മുറി എനിക്കിഷ്ടമായി. അവിടെ ഒരടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നതെനിക്കിഷ്ടമായി. കനകാംഗി ഉന്മാദം പിടിച്ചപോലെ ഉറഞ്ഞുചിരിച്ചു. പൂച്ചെടി മോഷ്ടിക്കാന്‍ പോകുമ്പോള്‍ അവര്‍ സാധാരണ ദമ്പതിമാരെപ്പോലെയല്ല. ഒരു കൊടും കുറ്റകൃത്യത്തിന് തയ്യാറെടുക്കുമ്പോലെ ചില കൈവേലകളൊക്കെ ചെയ്യും. വഴിയില്‍ അരണയോ ഓന്തോ പുല്‍ച്ചാടിയോ വന്നാല്‍ നോക്കിനില്‍ക്കില്ല. പൂച്ചെടി മോഷ്ടിച്ചു കഴിഞ്ഞാലാ നിമിഷം കാറില്‍ കയറി സ്ഥലം വിടും.
വളരെ സ്വാഭാവികമായി ആര്‍ക്കും സംശയത്തിനിട നല്‍കാതെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോലെ കുടകിലെ ഒരു വീടിന് മുന്നിലൊരിക്കല് കനകാംഗി നിന്നു ചിരിച്ചു. ആ നേരം കൊടും മഞ്ഞില്‍ ആ വീടും വീട്ടുകാരും ഉറക്കമായിരുന്നു. അന്ന് അരിപ്പൂവിന്റെ ഒരു കമ്പാണ് അവിടന്ന് കിട്ടിയത്. ഒരിക്കല്‍ വഴിയില്‍ നിന്നുമൊരു പാമ്പിന്റെ പടം കിട്ടിയത് വീട്ടില്‍കൊണ്ട് വയ്ക്കണമെന്ന് പറഞ്ഞ് കനകാംഗി വഴക്കിട്ടു. ‘എന്നാലെനിക്ക് ബിയറടിച്ച് കന്യകുമാരിയുടെ തീരത്തുകൂടെ ഓടണം’ അയാളുമൊരു ഭ്രാന്ത് പറഞ്ഞു.
‘സാരമില്ല പരസ്പരം വട്ടുകളും പ്രാന്തുകളും ചാരിവയ്ക്കുന്നതല്ലേ ജീവിതം’ വഴക്കടിച്ചും ദേഹോപദ്രവം ചെയ്തും സ്നേഹിച്ചും ഇണചേര്ന്നുമൊക്കെയാണ് കഴിഞ്ഞ കുറേ മാസങ്ങള്‍ കടന്നുപോയത്. ഉദാഹരണത്തിന് അവള് അടുക്കളയില്‍ ചായയിട്ടുകൊണ്ടു നില്ക്കുന്നുവെന്നിരിക്കട്ടെ. അവള് മഴ ചാറുന്നത് കണ്ടുവെന്നിരിക്കട്ടെ. ‘തുണിയെടുത്തകത്തിട്’ എന്ന് പറയാന്‍ വരുന്ന വാക്കുകളെയവള് ചായയ്ക്കൊപ്പം കുടിച്ചിറക്കും. അന്നേരം പ്രമോദ് ഫോണില്‍ കുത്തിയോ പുസ്തകം വായിച്ചോ മഴ വന്നതറിയാതെ വെയിലത്തുണക്കാന്‍ അയയിലിട്ട തുണികളുടെ കാര്യം മറന്നിരിക്കേ, അവള്‍ക്കൊരു വിഷയമ്പ് എയ്യാം. ‘ദൈവമേ മഴ പെയ്തതറിഞ്ഞില്ലേ. ആ നീല ചുരിദാര്‍ ഞാന്‍ നാളെ പുറത്തിടാന്‍ ഉണങ്ങാനിട്ടതായിരുന്നല്ലോ.’
ഹൃദയം മുറിഞ്ഞ് പ്രമോദവളെ നോക്കുമ്പോള്‍ അവളുടെയുള്ളില്‍ ആരോ ഉറക്കെയുറക്കെ ചിരിക്കും. മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ടുകൊണ്ട് അവള് കുളിക്കാന്‍ പോയെന്നിരിക്കട്ടെ. ഒരുപാടു സമയമെടുത്ത് കുളിച്ച് വന്നതിനുശേഷം അടുക്കളയില്‍ അരിക്കലം തട്ടിയിട്ടു പൊട്ടിച്ച പൂച്ചയെ പുറത്താക്കിയ ശേഷമവള് ‘ഈ കതക് അടച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ?’ എന്നു ചോദിച്ച് പ്രമോദിനെ ഈ ഭൂമിയുടെ വായിലേക്ക് ചവിട്ടിത്താഴ്ത്തും. കുറ്റബോധം കൊണ്ടു പിടയുന്ന പ്രമോദിന്റെ മുഖം കണ്ട് അവളുടെയുള്ളില്‍ ഹെഡ്രാഞ്ചിയപ്പൂക്കള് വിടര്‍ന്നുവരും.
പ്രമോദും ആളൊട്ടും മോശക്കാരനല്ല. കാറിന്റെ താക്കോല്‍ എടുത്തില്ല എന്നറിഞ്ഞുതന്നെ ഷൂസ്സിട്ട് വീടിന് പുറത്തിറങ്ങിയ ശേഷം ‘കനകാംഗീ എന്റെ കീ… വേഗം വാ’ എന്നുറക്കെ വിളിക്കുമ്പോള്‍ അവള് കാറ്റുപോലെ വേഗത്തില്‍ താക്കോലുമെടുത്ത് പായുന്നതു കാണുമ്പോള്‍ അയാള്‍ അവള്‍ക്കൊരു ഉമ്മ കൊടുക്കും. ഉള്ളിയരിഞ്ഞ് അവളെ സഹായിക്കാന്‍ അടുക്കളയില്‍ കേറി ഒരുള്ളി അരിഞ്ഞു തീരും മുമ്പേ ‘അയ്യോ… കണ്ണു നീറുന്നേ’യെന്ന് കരഞ്ഞ് കണ്ണ് പൊത്തി പിടിക്കുമ്പോള്‍ അവള് പ്രാണവെപ്രാളത്തോടെ വെള്ളമെടുക്കാന്‍ ഓടുന്നതും വെള്ളമെടുത്ത് ഒരു കുട്ടിയെപ്പോലെ പ്രമോദിനെ ചേര്‍ത്തുപിടിച്ച് പതിയെ കണ്ണില്‍ വെള്ളമൊഴിച്ചും ഊതിയും ഉണക്കുമ്പോള്‍ ‘എന്തൊരു കള്ളം’ എന്നാരോ മനസ്സിലിരുന്ന് നൃത്തം ചവിട്ടും.
ഇപ്പോള്‍ ഈ യാത്ര തന്നെ പഴയൊരു വട്ടിന്റെ ബാക്കിയാണ്. നാഗര്‍കോവിലിന്റെ നാട്ടിടവഴികളിലൂടെയാണ് യാത്ര. സാധാരണ വഴിയില്‍ നിര്‍ത്തി നിര്‍ത്തി ചെമ്പരത്തി കമ്പുകളും തെറ്റിക്കമ്പുകളും ശേഖരിച്ച് ശേഖരിച്ചാണവര് യാത്ര ചെയ്യാറുള്ളത്. അന്നങ്ങനെ പോകുമ്പോള്‍ നാഗര്‍കോവിലെത്തും മുമ്പേ വഴിയോരത്ത് നിറയെ പൂക്കളുള്ള ഒരു വീടിന്റെ മുന്നില്‍ വണ്ടി നിര്‍ത്താന്‍ കനകാംഗി പറഞ്ഞു. അവള് വണ്ടിയില്‍ നിന്നുമിറങ്ങി നിറയെ പൂക്കളുള്ള വീടിനെ ലക്ഷ്യമാക്കി നടന്നു. പുളി കൊത്തിയെടുക്കുന്ന കൊച്ചു പിച്ചാത്തി ദുപ്പട്ടയില്‍ പൊതിഞ്ഞെടുത്തിട്ടുണ്ടായിരുന്നു. അവള് ചെടിയെടുക്കാന്‍ അപരിചിതമായ ഏതെങ്കിലുമൊക്കെ സ്ഥലത്തിറങ്ങി പോകുമ്പോള്‍ പതിവായി ചെയ്യാറുള്ളത് പോലെ അയാള്‍ അലസമായി പാട്ടും കേട്ട് കാറിലിരുന്നു. ചിലപ്പോള്‍ അവള് വേഗം തിരിച്ചെത്തും. ചിലപ്പോള്‍ അങ്ങനെയല്ല. കുറേ നേരമെടുക്കും. മിക്കവാറും ഒരു റോസ്സാക്കമ്പെങ്കിലുമില്ലാതെ തിരിച്ചു വരാറില്ല. ചിലപ്പോള്‍ കയ്യിലൊരു കെട്ടു ചെടികള്‍ കാണും.
വൈകുന്നേരമാകുന്നതിന്റെ ഭാവമാറ്റം ആകാശത്തില്‍ കാണാമായിരുന്നു. കൂട്ടിലേക്കു മടങ്ങുന്ന ഒരു കിളിയെ പ്രമോദ് നോക്കിയിരുന്നു. അതിന് ഒരു മനസ്സുണ്ടാകുമോ. എന്തുമാത്രം കളവുകളും രഹസ്യങ്ങളും കുറ്റകൃത്യങ്ങളും ആ മനസ്സില്‍ മൂടിയിട്ടായിരിക്കുമത് ഒന്നുമറിയാത്ത പോലെ ചിറകടിച്ചു പറന്നുപോകുന്നത് എന്നയാള്‍ ഓര്‍ത്തു.
കാറിലിരുന്നാല്‍ ദൂരെ ഒരു പുളിമരം കാണാം. അയാള്‍ കാറിലിരുന്നുകൊണ്ടുതന്നെ ആ മരത്തിന്റെ ഒരു ഫോട്ടോയെടുത്തു. പുളിമരത്തിന്റെ കഥ എന്താണെന്നു വച്ചാല്‍, അതിലൊരു പാട് കിളികള്‍ വൈകുന്നേരങ്ങളിലുറങ്ങാനായി വരും. രാത്രിയില്‍ മരിച്ചുപോയവരും അവിടേക്ക് പറന്നുവരും. പുളിമരം മനസ്സു തുറന്നു. ദൂരെ, ആ വീട്ടിലെ സ്ത്രീ പളുങ്കുമണി പോലെയുള്ള എന്റെ ഇലകള്‍ പെറുക്കി എടുത്തുകൊണ്ട് പോകും. ആ ഇലകള്‍ ചേര്‍ത്ത് ചെറിയ മത്തികഷണങ്ങള് പൊരിച്ചെടുക്കും. ആ മണം ഈ നാടു മുഴുവനും പടരും.
ഈ സമയം കനകാംഗി ആ വലിയ വീടിന്റെ തുറന്നു കിടന്ന ഗേറ്റ് കടന്ന് അകത്തെത്തിയിരുന്നു. ഇവര്‍ ഗേറ്റടയ്ക്കാറില്ലേ. അവള് ചുറ്റും നോക്കി. ഗേറ്റില്‍ രണ്ട് സിംഹങ്ങള്‍ കാവല്നില്ക്കുന്നു. മുറ്റം മുഴുവനും പൂത്തുലഞ്ഞുനില്ക്കുന്ന ചെടികള്‍ നാലുമണിപ്പൂക്കള്‍ കുറച്ച് മുമ്പേ വിടര്‍ന്ന പ്രസന്നതയോടിരിക്കുന്നു. പവിഴമല്ലിച്ചെടി രാത്രി പൂക്കാനായി തയ്യാറെടുക്കുന്നു. ചെമ്പരത്തിപ്പൂക്കള്‍ ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
വൈകുന്നേരം സന്ധ്യയിലേക്കു കടക്കുമ്പോള്‍ പടര്‍ന്നുവരുന്ന ഒരു പ്രത്യേകതരം വെളിച്ചത്തില്‍ ആ വീടും അവിടുത്തെ ചെടികളും കുളിച്ചുനില്ക്കുന്നു. ചെടി ഏതെടുക്കും എന്നവള്‍ ആശയക്കുഴപ്പത്തിലായി. ചെമ്പരത്തികളുടെ ഒരു കാട് തന്നെയുണ്ട്. കുറ്റിമുല്ലയും പിച്ചിയും പ്രമോദിനേയും അവളേയും പോലെ ഒളിച്ചുകളിക്കുന്നു. കരിയിലകള്‍ വീണ മണ്ണ് മനസ്സിന്റെ അടിത്തട്ടുപോലെ പിടിതരാതെ കിടക്കുന്നു.
പെട്ടെന്ന് ആ വീട്ടില്‍ നിന്നുമാരെങ്കിലുമിറങ്ങി വന്നാല്‍ പറയാന്‍ ഒരു പച്ചക്കള്ളം അവള് മനസ്സില്‍ ഒരുക്കിവച്ചു. ഈ ചെടികള്‍ കണ്ട് ഇവിടെനിന്ന് ഒരു ഫോട്ടോ എടുക്കാന്‍ കയറിയതാണെന്നോ, എണ്ണ കാച്ചാന്‍ ഒരു പിടി തുളസി തരുമോന്നോ, ഒരു ദൂരയാത്രയിലാണ്, പെട്ടെന്നൊരു തളര്‍ച്ച തോന്നി ഒരു ഗ്ലാസ് വെള്ളം തരുമോന്നോ… അങ്ങനെയൊന്ന്.
വീടിനു പുറകിലും ചെടികള്‍ തഴച്ചുവളര്‍ന്നു നില്‍പ്പുണ്ട്. മുറ്റത്തുകൂടെ വീടിന്റെ പുറകുവശത്തേക്ക് നടക്കുന്നതിനിടയില്‍ മാറി കിടന്ന കര്‍ട്ടനിടയിലൂടെ അവളൊരു ഞെട്ടിക്കുന്ന കാഴ്ച കണ്ടു. ഒരു സ്ത്രീയും പുരുഷനും. അതി സുന്ദരിയാണ് സ്ത്രീ. പുരുഷനും കാണാന്‍ തരക്കേടില്ല. അവര്‍ ഊണുമേശയിലിരിക്കുകയാണ്. അയാളുടെ മടിയിലാണ് ആ സ്ത്രീ ഇരുന്നിരുന്നത്.
ഒരൊളിഞ്ഞു നോട്ടത്തിന്റെ സുഖത്തോടെ തല താഴ്ത്തി കുനിഞ്ഞിരുന്ന് കര്‍ട്ടനിടയിലൂടെ അവള് അവരെ നോക്കി. നല്ല മധുരമുള്ള ഒരു പാട്ട് അവരിരിക്കുന്ന മുറിയില്‍ നിന്നുമൊഴുകി വരുന്നുണ്ട്. ഊണുമുറിയുടെ ഇടതുവശത്തായി അവരുടെ കിടപ്പുമുറി കാണാം. അലങ്കോലമായി വാരിയിട്ട ഉടുപ്പുകള്‍ പല നിറങ്ങളില്‍ ചിതറിക്കിടപ്പുണ്ടവിടെ. അയാള്‍ അവളെ നോക്കി അനുരാഗത്തോടെ എന്തൊക്കെയോ പറയുന്നുണ്ട്. അവളൊരു പൂച്ചക്കുട്ടിയെ പോലെ തലയാട്ടുന്നുണ്ട്.
കനകാംഗിയുടെ കാലിനിടയിലൂടെ ഒരു കട്ടുറുമ്പ് പോയി. അവള്‍ക്കൊരു വിറയല്‍ അനുഭവപ്പെട്ടു. അവരിരുന്ന ഊണുമേശയ്ക്കു ചുറ്റും പല നിറം പൂക്കളുടെ ഒരു കൂമ്പാരം കണ്ട് കനകാംഗി അന്തംവിട്ടു. ഏതൊക്കെ പൂക്കളാണവ. രാജമല്ലിയും ശംഖുപുഷ്പവും റോസാപ്പൂക്കളും. ഇങ്ങനെ ഒരു പ്രണയരംഗം അപ്രതീക്ഷിതമായി കണ്ട ഞെട്ടല്‍ അവള് ഉള്ളിലൊതുക്കി. ഈ പൂന്തോട്ടത്തില്‍ നിന്നുമവര്‍ പറിച്ചുവച്ച പൂക്കളായിരിക്കുമവ.
സുന്ദരിയായ ചെറുപ്പക്കാരി ഒരു കല്യാണപ്പെണ്ണിനെപോലെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. അവളുടെ നെറ്റിച്ചുട്ടി അയാള്‍ തൊട്ടപ്പോള്‍ ഒന്നുലഞ്ഞു. കഴുത്തിലൊരു ഇളക്കത്താലിയും കാതിലൊരു കുട ജിമിക്കിയുമുണ്ട്. തിളക്കമുള്ള അവളുടെ മൂക്കുത്തി മൂന്നാം കണ്ണുപോലെ ജ്വലിച്ചു നില്‍പ്പുണ്ട്.
അയാള്‍ ഒരു പാത്രത്തില്‍നിന്നും പൂളിവച്ച മാങ്ങ അവളുടെ വായിലിട്ടുകൊടുത്തു. അവള് തിരിച്ചും. ചൈനീസ് പിഞ്ഞാണം പോലുള്ള ഒരു പാത്രത്തില്‍ നിന്നും എന്തോ അയാള്‍ സ്പൂണ്‍ കൊണ്ടവളുടെ വായിലൊഴിച്ചു കൊടുത്തു. പാല്‍ക്കഞ്ഞിയോ പായസമോ സൂപ്പോ ആയിരിക്കും. അവള് തിരിച്ചയാള്‍ക്കും കോരി വായിലൊഴിച്ചുകൊടുത്തു. അയാളത് ആര്‍ത്തിയോടെ കുടിക്കുന്നതവള് കണ്ടു. ഇനിയവര്‍ പരസ്പരം പൂക്കള്‍ വാരിയെറിഞ്ഞു സ്നേഹിക്കും. പെട്ടെന്ന് കനകാംഗിക്ക് ആരോ വിളിച്ചുണര്‍ത്തിയതുപോലെ ബോധം വന്നു. ഈ വീട്ടില്‍ മറ്റാരും ഉണ്ടാവാന്‍ വഴിയില്ല. അതാണിവര്‍ ഇത്ര സ്വാതന്ത്ര്യത്തോടെ സ്നേഹപ്രകടനങ്ങള്‍ നടത്തുന്നത്.
ഇരുട്ട് പതുക്കെ പടരുന്നുണ്ട്. ചെടിയൊന്നുമെടുത്തില്ലല്ലോ എന്നവള്‍ ഓര്‍ത്തു. കുറച്ചുമുമ്പേ നനച്ചു എന്നുതോന്നിയ മാഞ്ചോട്ടില്‍ നല്ല ഇളം തളിരുകളുള്ള ഒരു മാന്തൈ നില്ക്കുന്നതു കണ്ടു. അവിടെ ആ വീടിനു ചുറ്റും പുരയിടം മുഴുവനും പലയിടത്തായി മാവിന് തൈകള്‍ പൊടിച്ച് ചിതറി നില്ക്കുന്നതവള് കണ്ടു. കനകാംഗി വേരു പൊട്ടാതെ ഒരു മാന്തൈ പറിച്ചെടുത്തു ഗേറ്റു കടന്നു. മള്‍ബറിചെടി അവളെ നോക്കി. പറയാന്‍ ഒരുപാടുണ്ട്. എന്റെ ശരീരത്തിലൂടെ ആട്ടാമ്പുഴുക്കള് ഇഴഞ്ഞുപോകും. മള്ബറിച്ചെടിക്കും ആട്ടാമ്പുഴുവിനും ഇടയിലൂടെ, മരങ്ങളും പൂക്കളും ചേര്‍ന്ന് ഒരു കാടൊളിഞ്ഞിരിക്കുന്നതുപോലെ അവള്‍ക്കു തോന്നി. ഒരായിരം പൂക്കള്‍ ഒരുമിച്ചു മണംചൊരിഞ്ഞാലെങ്ങനെയിരിക്കും അങ്ങനെ ഒന്ന് അവള്‍ക്കപ്പോള്‍ കിട്ടി.
ഒരിക്കല്‍ക്കൂടി തിരികേ പോയി ചെറുപ്പക്കാരിയേയും അയാളേയും നോക്കണമെന്ന അതിയായ ആഗ്രഹം അവള്‍ക്കുണ്ടായി. അത് മനസ്സിലടക്കി കാറ് കിടന്ന സ്ഥലത്തേക്കവള്‍ ഓടുന്നതുപോലെ നടന്നു. പ്രമോദപ്പോള്‍ കാറില്‍ നല്ല ഉറക്കത്തിലായിരുന്നു. ‘ഈ മാന്തൈ എടുക്കാനാണോ നീയിത്രനേരം കളഞ്ഞത്?’ പരസ്പരം മുനവച്ച വാക്കുകള്‍ എപ്പോഴുമെന്നപോലെ അവര്‍ക്കിടയില്‍ പെയ്തു. അയാളൊരു തമാശ പൊട്ടിച്ചതാണെങ്കിലും അവളുടെ തീ നോട്ടത്തിലയാള് ദഹിച്ചുപോയി.
കോട്ടുക്കോണം മാവായിരുന്നു അത്. അവള്‍ക്കേറ്റവുമിഷ്ടമുള്ള മാങ്ങ. നിറച്ച് നാരും ചാറും മധുരവും അതില്‍ തുളുമ്പിനിന്നിരുന്നു. തിരികെയുള്ള യാത്രയില്‍ സാധാരണ വാതോരാതെ സംസാരിക്കുന്ന അവള് ഇന്നൊന്നും മിണ്ടാതിരിക്കുന്നതെന്തെന്ന് പ്രമോദ് ചിന്തിച്ചു. മാന്തൈ അവളുടെ കയ്യില്‍ തളര്‍ന്നുറങ്ങി. ഇത് അവരുടെ വീട്ടുമുറ്റത്ത് നടുന്നതും കായ്ച്ച് തളിര്‍ക്കുമ്പോള്‍ അതിലെ മാങ്ങ അയാള്‍ തോട്ടികൊണ്ട് വലിച്ചിടുന്നതും നീറുറുമ്പുകള്‍ അയാളെ കൊത്തിവലിക്കുന്നതും ‘അയ്യോ മാങ്ങ പറിക്കേണ്ടായിരുന്നല്ലോ’ എന്നൊരു കള്ളം പറഞ്ഞ് അവള് പുറത്തേക്കോടുന്നതും ആ മനോഹര സായാഹ്നത്തില്‍ അയാള്‍ ഒരു ചൈനീസ് പിഞ്ഞാണത്തിലേക്ക് ആ പഴുത്ത മാങ്ങ പൂളിയിടുന്നതും അത് അവളുടെ വായില്‍വച്ചു കൊടുക്കുന്നതും അവള് സ്വപ്നം കണ്ടു.
ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് കനകാംഗിയുടെ ഉള്ള് ആയാള്‍ തൊലിച്ചു നോക്കിയത്. ഒരാള്‍ മറ്റൊരാളുടെ ഹൃദയത്തിലേക്ക് കയറി നോക്കിയാല്‍ നീറിനീറി ചത്തുപോകും. ഒരു ദിവസം അവള് പാഡ് മാറ്റുന്നതുകണ്ട് പ്രമോദ് ഞെട്ടിപ്പോയി. അയാള്‍ക്ക് തല കറക്കം വന്നു. അയാള്‍ കിടുങ്ങലോടെ കതകടച്ച് പുറത്തിറങ്ങി. അന്നയാള്‍ അവളുടെ കാലില്‍ കെട്ടിപ്പിടിച്ച് അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെപ്പോലെ ഉറങ്ങിപ്പോയി. എന്നാല്‍ ശക്തമായ ഒരു വഴക്കായിരുന്നു പിറ്റേന്ന്. അവള് അയാളെ പിടിച്ചുതള്ളി. അയാളുടെ നെറ്റി മതിലിലിടിച്ചു പൊട്ടി. അന്നുതന്നെ അയാള്‍ പ്രതികാരം ചെയ്തു. കെട്ടിപ്പിടിക്കുന്നതിനിടെ തലയിണകൊണ്ട് അവളെ ശ്വാസം മുട്ടിച്ചു.
പരസ്പരം മാല പോലെ അണിയിച്ച ആയിരമായിരം രഹസ്യങ്ങളുമായാണ് പിറ്റേന്ന് അവര്‍ ഒരു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തത്. വീട്ടിലെത്തി ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് കനകാംഗി ഈ സംഭവം പ്രമോദിനോട് പറയുന്നതുതന്നെ. പ്രമോദ് അത് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിത്തരിച്ചുപോയി. പിന്നീടുമവര്‍ പല നാടുകള്‍ കറങ്ങി. പല പല രീതികളില്‍ സ്നേഹവും പിണക്കവും പങ്കുവച്ചു. പ്രമോദ് കനകാംഗിയെ കൂടുതല്‍ അറിഞ്ഞു. അവള് അയാളേയും. സ്ത്രീയും പുരുഷനും ചേര്‍ന്നുണ്ടാക്കിയ ലോകത്തെ അവര്‍ പുതുമയോടെ കണ്ടുതുടങ്ങി.
മൂന്നുനാല് മാസം കഴിഞ്ഞ് പിന്നെ ഇന്നാണ് നാഗര്‍കോവില്‍ വഴിയൊന്ന് പോയാലോയെന്ന് കനകാംഗി പറഞ്ഞത്. അവളങ്ങനെ ഒരിക്കല്‍ പോയ വഴികളില്‍ പിന്നീട് പോണമെന്ന് ആവശ്യപ്പെട്ടിട്ടേയില്ല. ഇന്ന് അവള്‍ക്കൊപ്പം സിംഹങ്ങള്‍ കാവല്നില്ക്കുന്ന ആ വീടിന്റെ പടി വരെ പോകണമെന്ന് അയാളും ആഗ്രഹിച്ചു. അവള് പറഞ്ഞ കഥയിലെ സുന്ദരിയായ നായികയേയും നായകനേയുമൊന്ന് കാണണം. വൈകുന്നേരമാകാറായപ്പോള്‍ അവരവിടെയെത്തി. ഗേറ്റ് അടഞ്ഞുകിടപ്പുണ്ടായിരുന്നു. അവിടെയാകെ കാടും പടലവും മൂടിക്കിടക്കുന്നു. ചെടികള്‍ വീടിനെത്തന്നെ മറച്ചുകഴിഞ്ഞിരിക്കുന്നു.
‘അവള് ഗര്ഭിണിയായിക്കാണും. അവളുമയാളും അവളുടെ വീട്ടില്‍ പോയി കാണും’ മുഖം നാണംകൊണ്ട് പനിനീര്‍പ്പൂവായി കനകാംഗി പറഞ്ഞു. കുറച്ച് സമയം അവിടെ നിന്നു നോക്കിയിട്ടും ഭീമാകാരന്‍ ഗേറ്റും സിംഹങ്ങള്‍ കാവല്‍ നില്ക്കുന്ന മതിലും അടഞ്ഞു തന്നെ കിടന്നു. ഇനിയവിടെ നിന്നിട്ടു കാര്യമില്ല. മതിലുചാടി കടന്നാലോന്ന് കനകാംഗി ഒരു വട്ട് പറഞ്ഞു. ‘വേണ്ട വേഗം പോകാം. ഈ സിംഹങ്ങള്‍ നമ്മളെ പിടിച്ചു തിന്നുകളയും’ പ്രമോദ് അവളുടെ കൈ പിടിച്ച് നടന്നു.
തിരിച്ചു നടന്നപ്പോള്‍ അയാളൊന്നുകൂടി തിരിഞ്ഞുനോക്കി. ഏകാന്തതയില്‍ ആ പൂക്കളുള്ള വീട് മയങ്ങിക്കിടക്കുന്നു. തിരികെ പോകുന്ന വഴിയില്‍ അവര്‍ ഒരു നാരങ്ങാവെള്ളം കുടിക്കാനിറങ്ങി. നിറയെ ചെടികളുള്ള, വളവിലൊറ്റയ്ക്കു നില്ക്കുന്ന, വലിയ സിംഹത്തല ഗേറ്റുള്ള മഞ്ഞ പെയിന്റടിച്ച വീട്ടിലാരുമില്ലേ എന്ന് കനകാംഗി മുറുക്കാങ്കടക്കാരനോട് ചോദിച്ചു. ‘ങ്ങേ… വളവിലെ നിറച്ച് ചെടികളുള്ള വീടാണോ? നിങ്ങളവിടെ വന്നതാണോ? അറിഞ്ഞിരുന്നില്ലേ വിവരം…?
‘ഈയടുത്ത് കല്യാണം കഴിഞ്ഞുവന്നവരായിര്ന്ന് അവിടെ താമസം. നല്ല സുന്ദരി ഒരു പെങ്കൊച്ച്. പറഞ്ഞിട്ടെന്ത് കാര്യം? ആയുസ്സില്ല. ജീവിതം പറഞ്ഞിട്ടില്ല. മൂന്ന് മാസം മുമ്പേ അവര്‍ ആത്മഹത്യ ചെയ്തു.’
കനകാംഗി പേടിയോടെ പ്രമോദിന്റെ കയ്യിലിറുക്കി പിടിച്ചു. അവള് വിറയ്ക്കാന്‍ തുടങ്ങി. നില്‍പ്പുറയ്ക്കാതെ അവള് അവിടെക്കിടന്ന ഒരു സ്റ്റൂളില്‍ വിറച്ചിരുന്നു. ‘ആത്മഹത്യ ചെയ്ത വിധം കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കൂല…’ മുറുക്കി ചൊവന്ന ചുണ്ടുള്ള അയാള്‍ തുടര്‍ന്നു.
‘ഭാര്യയും ഭര്‍ത്താവും കല്യാണവേഷമൊക്കെയിട്ട്, ആ പെണ്ണ് ഉരുപ്പടിയൊക്കെയിട്ട് ആ വീട് മുഴുവനും പൂ പറിച്ച് അലങ്കരിച്ചിട്ടുണ്ടായിരുന്നു. പായസത്തില്‍ എലിവിഷം കലക്കിയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാങ്ങയൊക്കെ കുട്ടകളില്‍ പറിച്ചുവച്ചിട്ടാണ് അവരീ പണി ചെയ്തത്. അവര്‍ക്കതിന്റെ ആവശ്യം ഒണ്ടായിരുന്നോ? പണത്തിന് പണം. സൗന്ദര്യത്തിന് സൗന്ദര്യം. നല്ല വീട്ടുകാര്‍. ആ പെങ്കൊച്ചും അയാളും കൂടെ എവിടെനിന്നെല്ലാം കൊണ്ട് എത്ര ചെടികള്‍ വച്ചിരുന്നെന്നോ. ആ രംഗം കണ്ടാ മനസ്സീന്ന് പോവില്ല മക്കളേ…’ മുറുക്കാങ്കടയ്ക്കടുത്ത് കുല കുലകളായി ചുവന്ന പൂക്കള്‍ നിറഞ്ഞുനിന്ന രാജമല്ലിചെടി അവരെ നോക്കി. നേരം പുലരുമ്പോള്‍ എന്നെ തേടി തത്തകള്‍ വരും.
കനകാംഗി പ്രമോദിനെ പേടിനിറഞ്ഞ ഒരു നോട്ടം നോക്കി. പേടികളുടെ ഒരു ജാഥ അവര്‍ക്കിടയിലൂടെ ഒഴുകി. ഒറ്റയ്ക്ക് ഇരുട്ടത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയപ്പോള്‍ പിറകില്‍ ആരോ പിന്തുടരുന്നതുപോലെ തോന്നിയത്, അടുക്കളയുടെ തണുപ്പില്‍ ഇഴഞ്ഞുപോകുന്ന വാലില്ലാത്ത പല്ലികളെ കണ്ടത്, നിര്‍ത്താതെ ഒരുപാട് ദിവസം പെയ്ത മഴയ്ക്ക് ശേഷം വീടിന്റെ ചുവരില്‍ ആരോ വരച്ചതുപോലെ തോന്നിയ പായല്‍ ചിത്രം.
വലിയ ഒരു കാപ്പിമരം വീട്ടിലുള്ളത് പ്രമോദോര്ത്തു. പണ്ട്, പേടി തട്ടി പനി വന്നപ്പോള്‍ കാപ്പിയിലകള്‍ പറിച്ചെടുത്ത് അടുക്കളയിലേക്കോടി. വെളുത്ത കാപ്പിപ്പൂക്കളുടെ മണം തലച്ചോറിനെ മത്തുപിടിപ്പിച്ചു. വലിയ ഒരു കലത്തില്‍ വെള്ളം തിളപ്പിച്ച് കാപ്പിയിലകളിട്ട് ആവി പിടിച്ചു. ഇപ്പോള്‍ പുതപ്പു മൂടി ആവി പിടിക്കുമ്പോളാണെങ്കില് ഒറ്റയ്ക്കു പറ്റില്ല. കനകാംഗി കൂടെ ചേരും. ഈ ഭൂമിയില്‍ നാലേ നാലു കണ്ണുകള്‍ മാത്രം ബാക്കിയാവും. വിയര്‍ത്തു കിടന്നുറങ്ങുമ്പോള്‍ പനി ഈ രാജ്യം വിട്ട് യാത്ര ആരംഭിക്കും. എത്രയും പെട്ടെന്ന് അവിടന്ന് രക്ഷപെട്ടാല്‍ മതി എന്നൊരു ഭാവം അവളുടെ മുഖത്ത് എഴുതിവച്ചിട്ടുണ്ട്. അയാള്‍ക്കും അത് അങ്ങനെ തന്നെയായിരുന്നു.
കാറോടിച്ച് തിരികെപ്പോകുമ്പോള്‍ സന്ധ്യമാറി പെട്ടെന്ന് രാത്രിയാകരുതേയെന്ന് പ്രാര്‍ഥിച്ച് പ്രമോദ് വേഗത കൂട്ടി. പിന്‍സീറ്റിലേക്ക് തിരിഞ്ഞുനോക്കാനും അയാള്‍ക്ക് പേടിയായി. സിംഹങ്ങള്‍ കാവല്നില്ക്കുന്ന വീട്ടില്‍നിന്നുമിറങ്ങി വന്ന ഒരു സിംഹം കാറില്‍ ഒപ്പമുള്ളത് പോലെ. രാത്രി കാലങ്ങളില്‍ പൂക്കുന്ന ഏതെല്ലാമോ വെളുത്ത പൂക്കളുടെ നറുമണം പടര്‍ന്നു.
അയാള്‍ കനകാംഗിയുടെ മുഖത്തേക്ക് നോക്കാന്‍ ധൈര്യപ്പെട്ടില്ല. ആദ്യമായി അവളുടെ വീട്ടില്‍ പോയപ്പോള്‍ അവളുടെ മുറിയുടെ മേശയ്ക്ക് താഴെ മേശവിരി വകഞ്ഞു നോക്കിയപ്പോള്‍ കണ്ട മീന്‍ മുള്ളുകളേയും മുടിച്ചുരുളുകളേയൂം എന്തുകൊണ്ടോ ഇപ്പോള്‍ പ്രമോദോര്ത്തു. താന്‍ കാണാതിരുന്ന എത്രയെത്ര ഇടങ്ങള്‍ മേശവിരിക്ക് താഴെ, പൂപ്പാത്രത്തിനകത്ത്, അലമാരയ്ക്കകത്ത് – അവിടെ എന്തെല്ലാം എന്തെല്ലാം ഉണ്ടായിരുന്നിരിക്കണമെന്നോര്ത്ത് പ്രമോദ് കാറിന്റെ വേഗത കൂട്ടി. വീട്ടില്‍ കൊണ്ടുനട്ട കോട്ടുകോണം മാവ് ആരെങ്കിലും പിഴുത് കളഞ്ഞിരുന്നെങ്കിലെന്ന് ആ വൈകുന്നേരം അയാള്‍ അതിയായി ആഗ്രഹിച്ചു.