scorecardresearch

വഴി പറഞ്ഞു തരാമോ?

കാറാദ്യം നാലാം ലെഫ്റ്റിലേക്ക് തിരിയുന്നു, അല്ലേ അല്ല. പിന്നെ രണ്ടാം ലെഫ്ററിലേക്ക്, അല്ല, അല്ലല്ലോ. ഒന്നാം ലെഫ്റ്റിലോ മൂന്നാം ലെഫ്റ്റിലോ എന്റെ ചെത്തിതേയ്ക്കാത്ത വീടെന്ന് ഓർത്തെടുക്കാനാവുന്നുമില്ല: ഞാനാരാ നാണ്വായരേ, എന്റെ വീടേതാ അക്ക്ങ്ങ ആയ്ങ്ങ മാധവേട്ടാ...

കാറാദ്യം നാലാം ലെഫ്റ്റിലേക്ക് തിരിയുന്നു, അല്ലേ അല്ല. പിന്നെ രണ്ടാം ലെഫ്ററിലേക്ക്, അല്ല, അല്ലല്ലോ. ഒന്നാം ലെഫ്റ്റിലോ മൂന്നാം ലെഫ്റ്റിലോ എന്റെ ചെത്തിതേയ്ക്കാത്ത വീടെന്ന് ഓർത്തെടുക്കാനാവുന്നുമില്ല: ഞാനാരാ നാണ്വായരേ, എന്റെ വീടേതാ അക്ക്ങ്ങ ആയ്ങ്ങ മാധവേട്ടാ...

author-image
Civic Chandran
New Update
civic chandran, poem, iemalayalam

എവിടേക്കാണോ പോണത് ഏതാണ്ടവ്ടെ എത്താറാറുമ്പോ ഇനിയെങ്ങോട്ട് എന്ന സ്ഥല-ജല വിഭ്രാന്തിയിൽ പെടുന്നതാണ് ഈയിടെ എന്റെ പ്രശ്നം.

Advertisment

ഉദാഹരണമായി പെങ്ങൾടെ വീട്ടിലേക്ക് പോകുമ്പം പെരുവഴിക്കടവ് പാലത്തിനടുത്തൂന്ന് വലത്തോട്ടോ ഇടത്തോട്ടോ തെക്കോട്ടോ വടക്കോട്ടൊ പോണ്ടത്? അവൾടെ വീടിനു മുമ്പിലുള്ള അമ്പലം ശ്രീരാമന്റേതോ മുത്തപ്പന്റേതോ? ഓരോ കരയിൽ നിന്നും അവരവര്ടെ കൊടിയുമായെത്തി മഴവില്ലാകാശം തീർക്കുന്ന ആ ഉത്സവം ഇന്നോ നാളെയോ, അതോ ഇന്നലെയായിരുന്നോ ?

മകള്ടെ വീട്ടിന്നടുത്ത് ഓട്ടോയിൽ ചെന്നിറങ്ങുന്നു. മുസ്ല്യാര്ടെ കോളേജ് എന്നോർമയുണ്ട്. നവോത്ഥാന കാലത്തുയർന്ന പള്ളിക്കൂടങ്ങൾടെ കോoപ്ളക്സാണ്.  കുഞ്ഞുമോൾ പോകണ ഡേ കെയർ സെന്ററും ഓർമേണ്ട്. ബാർബിയും കാപ്പിരിയും ശൂർപണഖയും സീതയും അയ്യപ്പനും വാവരും - പാവകളുടെ വലിയൊരു കാഴ്ചക്കാവുണ്ടവിടെ. അവിട്ന്ന് കിഴക്കോട്ടാ പടിഞ്ഞാട്ടോ തിരിയണ്ടത്? വീടിനു മുമ്പൊരു നാട്ടുവൈദ്യനുണ്ട്, സ്പെഷ്യലിസ്റ്റ് ഡോക്റ്ററുടെ വഴികാട്ടി ബോർഡും. അവിടന്ന് മൂന്നാമത്തേയോ നാലാമത്തെയോ വീടാണവൾടേത്. പക്ഷേ ആ വാടകവീട് ഇടത്തോ വലത്തോ? ഈയിടെ കാണണ പഴയ സ്കൂൾ സ്വപ്നങ്ങളിലൊന്നും ഒരിക്കലും ഞാൻ സ്റ്റാഫ് റൂമിലോ ക്ലാസ് മുറിയിലോ എത്തുന്നേയില്ല. അമ്പലവയൽ ജങ്ഷനിൽ ഏതാണ്ട് കൃത്യ സമയത്ത് ബസ്സിറങ്ങുന്നുണ്ട്. അവിട്ന്ന് താളൂർ വഴിക്കാണോ മേപ്പാടി വഴിക്കാണോ കൊളഗപ്പാറ വഴിക്കാണോ സ്കൂളിലേക്ക് പോണ്ടത്? ബെല്ലടിച്ചു കഴിഞ്ഞു, ഹാജരുമെടുത്തു കഴിഞ്ഞല്ലോ, എന്റെ ക്ലാസ് 7 ബി യിലോ                          5 ഈയിലോ? വിഷയം ഇംഗ്ലീഷോ കണക്കോ സാമൂഹ്യ ശാസ്ത്രമോ? ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുക്കാമെന്നേറ്റിരുന്നു, എടുക്കാൻ മറന്നല്ലോ. എന്ത് കണശ കുണശ വാദ്ധ്യാരാണ് ഞാൻ! civic chandran, poem, iemalayalam

ഓർമയിൽ പഴയൊരു വലിയ വഴിതെറ്റലുണ്ട്. വള്ളിയൂർക്കാവിലായിരുന്നു പുതിയ ആക് ഷൻ പ്ളാൻ ചെയ്യാനുള്ള ആ രഹസ്യ യോഗം. രാത്രി ഏറെ വൈകി. വീഴുന്നുണ്ട് കനത്ത കോടമഞ്ഞ്. ചുരം കയറി ബസ്സിറങ്ങി നടക്കുകയാണ് ഞാൻ. അകലയെവിടെയോ കാപ്പി പൂത്തിട്ടുണ്ട്. സുഗന്ധത്തിന്റെ തുരങ്കത്തിലൂടെ രാത്രിയാത്ര ചെയ്തിട്ടുണ്ടോ? നേരത്തെ അടിമലേലം നടന്നിരുന്ന കാവിനപ്പുറത്തൊ ഇപ്പുറത്തോ ഉള്ള വീട്ടിലാണ് യോഗം നടക്കണത്. മരപ്പണിക്കാരൻ സഖാവ് എസിന്റെ പുല്ല് മേഞ്ഞ കുടിൽ. ഉമ്മറത്ത് രണ്ട് മണ്ണെണ്ണ വിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ടാവും. വാതിലിൽ മൂന്ന് മുട്ട്. സത്രത്തിലൊന്നും മുറി കിട്ടിയില്ല എന്ന കോഡ് വാക്ക് പറയണം. പക്ഷെ വിദ്വാന്മാർക്ക് നക്ഷത്രo എപ്പോഴും വഴി കാണിക്കണമെന്നില്ലല്ലോ. രണ്ട് മണ്ണെണ്ണ വിളക്കുകൾ മുനിഞ്ഞുകത്തുന്ന വീട് കണ്ടെത്താനാവാതെ ഞാൻ മടങ്ങുന്നു.

Advertisment

പഴശ്ശിയുടേയും പെരുമന്റേയും ഓർമയിൽ തിരിച്ചു മാനന്തവാടിയിൽ ചെന്നപ്പോൾ കെഞ്ചിക്കിട്ടിയ ചെറു സത്രത്തിലെ പുകമുറിയിൽ തിരിഞ്ഞുംമറിഞ്ഞും കിടന്ന് ഞാനെന്റെ ആദ്യ കവിത എഴുതുന്നു: ചുരത്തിനു മുകളിൽ ഗുമസ്തപ്പണി ചെയ്യുന്ന സുഹൃത്ത് രഘുരാമൻ, കോളേജില്‍  പഠിക്കുന്ന സതീർഥ വിജയലക്ഷ്മി, രാധാകൃഷ്ണൻ എന്ന പത്രപ്രവർത്തകൻ, മാധവനുണ്ണിത്താൻ എന്ന നിയമസഭാ സാമാജികൻ - ഇവരുടെ നാൽവരുടേയും നിഗമനങ്ങൾ കൂട്ടി വായിക്കുമ്പോൾ എനിക്കും തോന്നുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്: സർവംസഹയാന്നുമായിരിക്കില്ല കബനി എല്ലായ്പോഴും... പാണ്ഡുരംഗന് ഒളിച്ചോടാനും തേമക്ക് നാടുവാഴിയെ ശിരഛേദം ചെയ്യാനും മരച്ചാത്തന് പെരുമന്റെ വഴി പിന്തുടരാനും പേമ്പിയുടെ കുഞ്ഞിന് ആർത്തട്ടഹസിക്കാനും അവകാശാധികാരങ്ങളുണ്ടെന്നു തന്നെ ഞാൻ കരുതുന്നു ... പിന്നെ ഒരു രഹസ്യ യോഗത്തിലേക്കും ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല, ഇടവേളകളുണ്ടാകാമെങ്കിലും കവിത പിന്നെ ഉപേക്ഷിച്ചുമില്ല.

സുഹൃത്തുക്കളിപ്പഴും പരിഹസിച്ച് ചിരിക്കുന്നൊരു സ്വന്തം വഴിക്കഥയുമുണ്ടെനിക്ക്. കോഴിക്കോടൻ നാടകോത്സവം കഴിഞ്ഞ് മടങ്ങുകയാണ്. ഒരു ലിഫ്റ്റ് തന്നേക്കാം, വീട്ടിലിറക്കാമെന്ന് തന്റെ കുഞ്ഞു കാറിന്റെ ഹോൺ തുരുതുരാ മുഴക്കി നാടകക്കാരൻ ശിവൻ. കവി ജയദേവനും ലോഹ്യൈറ്റ് വിജയനുമുണ്ട് കൂടെ. മാരുതി ഷോറൂമിൽ നിന്നിടത്തൊട്ട്. ഉമ്മപ്പാലം എന്ന് സദാചാര പോലിസ് വിളിക്കുന്ന അണ്ടർബ്രിഡ്ജ് കഴിഞ്ഞ് വലത്തോട്ട്,  റെയിൽപ്പാളത്തിന് സമാന്തരമായി നേരെ പോകണം. സ്റ്റേഷനെത്തുന്നതിനു മുമ്പ് ...ഒന്നാം ലെഫ്റ്റോ രണ്ടാം ലെഫ്റ്റോ മൂന്നാം ലെഫ്റ്റോ? നേരെ എതിരിൽ അടിമുടി പൂത്തൊരു വാക നില്ക്കുന്നതാണടയാളം.  ഇരുട്ടിൽ മരങ്ങളൊന്നും കണ്ണിൽ പെടുന്നില്ലല്ലോ. കാറാദ്യം നാലാം ലെഫ്റ്റിലേക്ക് തിരിയുന്നു, അല്ലേ അല്ല. പിന്നെ രണ്ടാം ലെഫ്ററിലേക്ക്, അല്ല, അല്ലല്ലോ. ഒന്നാം ലെഫ്റ്റിലോ മൂന്നാം ലെഫ്റ്റിലോ എന്റെ ചെത്തിതേയ്ക്കാത്ത വീടെന്ന് ഓർത്തെടുക്കാനാവുന്നുമില്ല: ഞാനാരാ നാണ്വായരേ, എന്റെ വീടേതാ അക്ക്ങ്ങ ആയ്ങ്ങ മാധവേട്ടാ...

തെരുവിലിപ്പോ തലങ്ങും വിലങ്ങും പ്രകടനങ്ങൾ. ഏത് ജാഥയിലാണ് ചേരേണ്ടത്, എൽ ഡി എഫ്, യൂ ഡിഎഫ്,  സംയുക്തം? സുന്നി, സൂഫി,  യൂത്ത് ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്?  യുക്തിവാദി, അമാനവ സംഘം? കാമ്പസ് ജാഥ? പെൻഷൻ പറ്റിയവരുടേത്? ചുമട്ടു തൊഴിലാളികളുടേത്? കവി സുഹൃത്തുക്കളുടേത്? ഏത് മുദ്രാവാക്യമേറ്റു വിളിക്കണം?ജയ്ഹിന്ദ്, ഇൻശാഅള്ളാ, ഇന്ക്വിലാബ്, നീൽസലാം, ഹേ റാം?

ഈ നാൽക്കൂട്ട പെരുവഴിയിൽ ഞാനെന്നെത്തന്നെ കൈകളും കാലുകളും നീട്ടി നിവർത്തി തറച്ചു നിർത്തുന്നു: ദൈവമേ, ദൈവമേ ,ദൈവമേ, നീ കൂടിയെന്നെ കൈവിട്ടതെന്ത്? കൈവിട്ടതെന്ത്?

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: