കിലുക്കിക്കുത്തുകാരന്‍ സുധാകരന്‍ പൊട്ടക്കിണറ്റില്‍ വീണുചത്ത വാര്‍ത്ത കേട്ടാണ് അന്നു നാടുണര്‍ന്നത്. തലേന്ന് രാത്രി കളി തകൃതിയായി നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വന്ന പോലീസുകാരെക്കണ്ട് പടം പണത്തോടെ വാരിച്ചുരുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു അയാള്‍. സുധാകരന്‍ വേണ്ടപോലെ കാണുന്നതുകൊണ്ട് സാധാരണ രീതിയില്‍ അതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അവര്‍ വരുന്നുണ്ടെങ്കില്‍ അവര്‍തന്നെയത് അയാളെ നേരത്തേ അറിയിക്കുമായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ പടംമടക്കി രണ്ടെണ്ണം വീശി വീട്ടില്‍ ചുരുണ്ടുകൂടുകയായിരുന്നു അയാളുടെ രീതി. ഇതിപ്പോള്‍ പുതുതായി ചാര്‍ജെ്ജടുത്ത ഓഫീസര്‍ നാടുകാണാനിറങ്ങിയതായിരുന്നു അന്ന്. ഏറെ നാളായി ഉപയോഗിയ്ക്കാതെ കിടന്ന പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്തുകിണറ്റില്‍ അങ്ങനെയാണയാള്‍ വീണുചത്തത്.
ആ കിണറിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. ഒരുകാലത്തു നാട്ടില്‍ ആകെയുണ്ടായിരുന്ന കിണറായിരുന്നു അത്. നല്ലൊന്നാന്തരം ചെങ്കല്ലില്‍ കെട്ടിയ, ഒരിയ്ക്കലും വറ്റാത്ത കണ്ണീരുപോലത്തെ വെള്ളമുള്ള സുന്ദരന്‍ കിണര്‍. രാവിലെയും വൈകുന്നേരവും പെണ്ണുങ്ങളായിരുന്നു കിണറിന്റെ ഉടമകള്‍. ഇടയ്ക്കുള്ള സമയം ചുറ്റുമുള്ള കടക്കാരുടേതും. നാട്ടുവാര്‍ത്തകളുടെ വിപുലമായ ശേഖരണവും വീണ്ടുവിചാരമില്ലാത്ത വിതരണവും ആ കിണറിനെ ചുറ്റിപ്പറ്റിയായിരുന്നു നടന്നിരുന്നത്. ചീട്ടുകളിക്കാരുടെ ചെറിയൊരു കൂട്ടവും ഇടയ്ക്കതിന്റെ ചോട്ടില്‍ വട്ടം കൂടാറുണ്ട്. കള്ളുഷാപ്പ്, ഇറച്ചിക്കട, ചായക്കട, മുറുക്കാന്‍ കട ഇത്രയുമായിരുന്നു അതിനു ചുറ്റുമുള്ള ആവാസവ്യവസ്ഥ. ഓല മേഞ്ഞ അവയിപ്പോള്‍ ഓടുമേഞ്ഞവയായി എന്നുമാത്രം, ആ കടകള്‍ ഇപ്പോഴും അവിടെയുണ്ട്. കാലം പോകെപ്പോകെ എല്ലാ വീടുകളിലും കിണറായി. കടകളില്‍ വാട്ടര്‍ അതോറിട്ടിയുടെ ടാപ്പ് വന്നു. ആളനക്കമില്ലാതായതോടെ, അടിയിലെവിടെയോ ഉള്ള വിള്ളലില്‍ മുളച്ച് ആരോരുമറിയാതെ വളര്‍ന്ന് പടര്‍ന്നുപന്തലിച്ച കൂറ്റന്‍ ആല്‍മരവും ചുറ്റിനും വളര്‍ന്നുപൊങ്ങിയ പേരറിയുന്നതും അറിയാത്തതുമായ കുറ്റിച്ചെടികളും, പുല്ലുകളും, മരങ്ങളും, വള്ളികളുമൊക്കെച്ചേര്‍ന്ന് ഒരു പൊന്തക്കാട് പോലെയായിത്തീര്‍ന്നു ആ കിണര്‍. ചുറ്റുമുള്ള കടകളിലെ വേയ്‌സ്റ്റുകള്‍ തള്ളുന്നതിന്റെ വാടമാണമായിരുന്നു പിന്നീടങ്ങോട്ട് ആ കിണറിന്.
അക്കാലത്തൊന്നും ആ അമ്പലം അവിടെയുണ്ടായിരുന്നില്ല. ഒരു പത്തു കിലോമീറ്ററപ്പുറത്ത് ഒരു അമ്പലമുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. പക്ഷേ, ആ അമ്പലമോ അവിടുത്തെ ദൈവമോ, അവിടുത്തെ പൂജകളോ ഉത്സവമോ, പൂജാരിയോ ആചാരങ്ങളോ ഒന്നും ഒരിയ്ക്കലും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. അവര്‍ക്കാകെ പരിചയമുണ്ടായിരുന്ന പൂജാരിയും ജ്യോത്സ്യനും കിണറ്റിന്‍കരയില്‍ മുറുക്കാന്‍കട നടത്തുന്ന തങ്കപ്പനായിരുന്നു. അയാളാണ് അവരുടെ നാട്ടില്‍ മരണമുണ്ടാകുമ്പോള്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പൂജകള്‍ ചെയ്തിരുന്നത്. ചത്തയാളുടെ ആത്മാവിന്റെ ഇംഗിതങ്ങള്‍ അവരറിഞ്ഞിരുന്നതും അയാളിലൂടെയായിരുന്നു. അതയാളുടെ കുടുംബത്തൊഴിലായിരുന്നു. ചത്തയാളുടെ പതിയ്ക്കു മുന്നില്‍ വര്‍ഷത്തിലൊരു ദിവസം നല്ല വാറ്റുചാരായം വീതുവയ്ക്കുന്നതായിരുന്നു അന്നാട്ടുകാരുടെ വിശ്വാസജീവിതത്തിലെ ആര്‍ഭാടത്തോടെയുള്ള ഉത്സവം. അതിനുമവര്‍ക്ക് തങ്കപ്പന്‍ വേണമായിരുന്നു. സന്ധ്യയ്ക്കാണ് വീതുവയ്ക്കുക. അങ്ങനെ വീതുവയ്ക്കുന്ന ചാരായം പാതിരാത്രി ആരോരുമറിയാതെ കുടിച്ചുതീര്‍ത്ത് പകരമതില്‍ പച്ചവെള്ളം നിറച്ചുവച്ച് രാവിലെ വീണ്ടുമവിടെയെത്തി ‘ഇത് നോക്കൂ, ആത്മാവിതിലെ ലഹരി മുഴുവന്‍ ഊറ്റിക്കുടിച്ച് സംതൃപ്തിയടഞ്ഞിരിയ്ക്കുന്നു’വെന്ന് വീട്ടുകാരെ അറിയിയ്ക്കുന്നതായിരുന്നു അയാളുടെ മുഖ്യ ബിസിനസ്സ് ടെക്‌നിക്ക്. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് നാലഞ്ചു മരണമൊക്കെയുണ്ടാകും. മുറുക്കാന്‍കടയില്‍ നിന്നും ജ്യോത്സ്യത്തില്‍ നിന്നൊക്കെയുള്ളതിനേക്കാള്‍ കൂടുതല്‍ വരുമാനം ആ മരണാനന്തര ചടങ്ങുകളില്‍ നിന്നും വീതുവയ്പ്പു ചടങ്ങുകളില്‍ നിന്നുമൊക്കെ കിട്ടാറുള്ളതുകൊണ്ടയാള്‍ തന്റെ കുടുംബത്തൊഴില്‍ പൊന്നുപോലെ കൊണ്ടുനടന്നു.
ഇതിപ്പോള്‍ ഒരു ഇരുപതു കൊല്ലമായിക്കാണും, പുറത്തുനിന്നും വന്ന് സ്ഥലം വാങ്ങി താമസമാക്കിയ ഒരാളായിരുന്നു ആ അമ്പലം തുടങ്ങിയത്. അഞ്ചേക്കറോളം വരുന്ന പാടം മണ്ണിട്ടു നികത്തിയതിന്റെ ഒത്ത നടുക്കായിരുന്നു അമ്പലം. അമ്പലത്തിന്റെ പുറകില്‍ ഉടമസ്ഥന്റെ നാലുകെട്ട് തലയെടുപ്പോടെ നിന്നു. ഏറ്റവും മുന്നില്‍ മതിലിനു പകരം അതിരു കാത്തിരുന്നത് കുറച്ചു കടമുറികളായിരുന്നു. ഇരുനിലകളിലുള്ള കടമുറികളുടെ ആ മാലയ്ക്കയാള്‍ കൃപ ഷോപ്പിങ്ങ് കോംപ്ലക്‌സ് എന്നൊരു പേരുമിട്ടു. അതിനു തൊട്ടുപുറകില്‍ കരിങ്കല്ലുകെട്ടിത്തിരിച്ച രണ്ടു കുളിക്കടവുകളുള്ള വലിയൊരു കുളമാണ്. താഴിട്ടു പൂട്ടിയ കടവ് പൂജാരിയ്ക്ക് മാത്രമുള്ളതാണ്. തുറസ്സായത് പുറത്തു നിന്നു വരുന്നവര്‍ക്ക് കുളിച്ചു ശുദ്ധി വരുത്താനുള്ളതും. പോകെപ്പോകെ, കടമുറികളുടെ മുകള്‍നില പുറത്തുനിന്നും വരുന്നവര്‍ക്ക് തങ്ങാനുള്ള ലോഡ്ജായും നാട്ടുകാരില്‍ ചിലര്‍ ആ കടമുറികളിലെ കച്ചവടക്കാരായും രൂപാന്തരപ്പെട്ടു. മുറുക്കാന്‍കടക്കാരന്‍ തങ്കപ്പന്റെ മകനാണിപ്പോള്‍ ആ ലോഡ്ജിന്റെ മാനേജര്‍.
ഉടമസ്ഥന്‍ തന്നെയായിരുന്നു ആ അമ്പലത്തിന്റെ പൂജാരിയും പ്രചാരകനുമെല്ലാം. ആദ്യമാദ്യം ആളുമനക്കവുമൊന്നുമില്ലാതിരുന്ന അതിനുമുന്നില്‍ പതിയെപ്പതിയെ ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കുള്ള നെയ്‌വിളക്ക്, കഷ്ടകാലം മാറാനും സമ്പത്തുണ്ടാവാനും സന്താനലബ്ദ്ധിയ്ക്കുമൊക്കെയുള്ള പൂജകള്‍ എന്നിവയുടെ ചെറിയ ബോര്‍ഡുകള്‍ കാണാന്‍ തുടങ്ങി. ആഴ്ച്ചയിലൊരിക്കലെങ്കിലും പുറംനാട്ടുകാരില്‍ ചിലര്‍ ആ അമ്പലം അന്വേഷിച്ച് എത്തുന്നതും അന്നാട്ടുകാര്‍ക്ക് ശീലമായി. ഒരു രണ്ടുകൊല്ലമൊക്കെ കഴിഞ്ഞപ്പോഴേയ്ക്കും ദുരിതനിവാരണത്തിനായി ദിവസവും പുറത്തുനിന്നുള്ള നൂറോളമാളുകളൊക്കെ വരുന്ന നിലയിലേക്കുയര്‍ന്നു ആ അമ്പലം. അങ്ങനെയാണ് മെല്ലെമെല്ലെ അന്നാട്ടുകാരും ആ അമ്പലത്തിലെ ഭക്തരാകുന്നത്. അങ്ങനെ ആത്മാവിന്റെ സംതൃപ്തിയോടൊപ്പം തന്നെയുള്ള മാര്‍ക്കറ്റ് അന്നാട്ടിലെ ജീവിച്ചിരിയ്ക്കുന്നവരുടെ മോഹങ്ങള്‍ക്കും പതിയെപ്പതിയെ കിട്ടിത്തുടങ്ങി. അതോടെ അമ്പലത്തിലെ പൂജാരിയുടെ ജ്യോത്സ്യപ്പണി ആളുകള്‍ക്ക് കൂടുതല്‍ ഹിതകരമാവുകയും തങ്കപ്പന്റെ ജ്യോത്സ്യപ്പണി അവതാളത്തിലാവുകയും ചെയ്തു. വൈകാതെ ഉടമസ്ഥന്റെ കീഴില്‍ നാട്ടുകാരുടെ സഹകരണത്തോടെ എല്ലാ വര്‍ഷവും അവിടെ ഉത്സവം നടക്കാന്‍ തുടങ്ങി. അങ്ങനെയൊരു ഉത്സവത്തിന്റെ അവസാനദിവസമായ ഇന്നലെ ബാലെ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കിലുക്കിക്കുത്തുകാരന്‍ സുധാകരന്‍ പോലീസിനെക്കണ്ട് പേടിച്ചോടി കിണറ്റില്‍ വീണുചത്തത്.
ഞരക്കം കേട്ട ആരോ ആണ് കിണറ്റില്‍ വീണുകിടന്ന സുധാകരനെ പൊക്കിയെടുക്കാനായി ആളെക്കൂട്ടിയത്. പൊട്ടിയ കുപ്പിച്ചില്ലുകള്‍ ശരീരത്തിലാകെ തറച്ചുകയറിയും ചീഞ്ഞ മാംസത്തിന്റെയും ഭക്ഷണാവശിഷ്ടങ്ങളുടെയും ദുര്‍ഗന്ധമുള്ള കൊഴുത്ത വായു ശ്വസിച്ചും അയാളപ്പോഴേയ്ക്കും തീരെ അവശനായിക്കഴിഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ച് അയാളൊന്ന് ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് ഞരങ്ങി. പെട്ടെന്ന് നാവ് പുറത്തേയ്ക്കിട്ട് അതിലൊന്ന് കടിച്ചു. പുറത്തേയ്ക്കിട്ട നാവ് അതേ വേഗത്തില്‍ അകത്തേയ്ക്ക് വലിച്ചിറക്കുന്നതിനിടയില്‍ അയാളുടെ തുറന്നുപിടിച്ച കണ്ണുകള്‍ അനക്കമറ്റു.
മരണവാര്‍ത്തയറിച്ചെത്തിയ ആളെ ‘പൊയ്‌ക്കോ, ഞാനെത്തിക്കോളാം”എന്നുപറഞ്ഞ് തിരിച്ചയച്ചതിനുശേഷം തങ്കപ്പന്‍ തന്റെ സൈക്കിളില്‍ തട്ടാന്‍ കുമാരന്റെ വീട്ടിലേയ്ക്ക് തിരിച്ചു. ‘ഇതാ ഇവിടെയൊരാള്‍ കാത്തുനില്‍ക്കുന്നെന്ന്” അകത്തുള്ളവരെ അറിയിയ്ക്കാനായി അയാള്‍ ഉമ്മറക്കോലായില്‍ നിന്ന് ചുമച്ചു കേള്‍പ്പിച്ചു. ചുമരില്‍ തറച്ച ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കുമുന്നില്‍ വിളക്കുകത്തിച്ച് പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് തന്റെ കടയിലേക്ക് പോകാന്‍ തയ്യാറാവുകയായിരുന്ന കുമാരന്‍ പരിചിതമായ ആ ചുമശബ്ദം കേട്ട് ‘എന്താ തങ്കപ്പാ വിശേഷം” എന്നു ചോദിച്ചുകൊണ്ട് പുറത്തേയ്ക്ക് വന്നു.
‘അഞ്ചു ദിവസം കഴിഞ്ഞു കാണാം, എനിയ്‌ക്കൊരു അഞ്ഞൂറു രൂപ വേണം.” മുഖവുരയില്ലാതെ തങ്കപ്പന്‍ കാര്യം പറഞ്ഞു. അയാളാദ്യം റേഷന്‍ കടയിലേക്കാണ് പോയത്. അരിയും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ വാങ്ങി വീട്ടിലേല്‍പ്പിച്ചതിനു ശേഷം അമ്പലത്തിനടുത്തുള്ള ഷോപ്പിങ്ങ് കോംപ്ലക്സിലെ കടയില്‍ നിന്ന് പൂജയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി അയാള്‍ മരിച്ചവീട്ടിലേയ്ക്ക് പുറപ്പെട്ടു. അയാള്‍ സുധാകരന്റെ വീട്ടിലെത്തുമ്പോള്‍ നാട്ടുകാര്‍ക്ക് മരണത്തിന്റെ പുതുമ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അവര്‍ മുറ്റത്തും പുറത്തെ വഴിയിലുമൊക്കെ ചിതറി നിന്ന് കുശലം പറഞ്ഞു തുടങ്ങിയിരുന്നു. എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് പരിസരം മറന്ന് പൊട്ടിച്ചിരിയ്ക്കുന്ന ചെറുപ്പക്കാരുടെയും ചെവി പതുക്കെയായതിനാല്‍ പരസ്പരം ഉറക്കെ സംസാരിയ്ക്കുന്ന വയസ്സായവരുടെയും ശബ്ദമായിരുന്നു ഏറ്റവും ഉയര്‍ന്നു കേട്ടിരുന്നത്. അകത്തുനിന്നും നേര്‍ത്ത കരച്ചില്‍ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. തങ്കപ്പന്‍ ആരെയും ശ്രദ്ധിച്ചില്ല. കൊണ്ടുവന്ന സാധനങ്ങള്‍ മുറ്റത്തിറക്കി വച്ച്, ഉടുമുണ്ടും ഷര്‍ട്ടും ഊരി ഒരു പ്ലാസ്റ്റിക് കവറില്‍ തിരുകി സൈക്കിളില്‍ തൂക്കി ഒരു കോടിമുണ്ടെടുത്ത് കുടഞ്ഞുടുത്ത് അയാള്‍ വീടിനു പുറകിലെ കിണറ്റിന്‍കരയിലേക്ക് നടന്നു. കിണറിനടുത്തുള്ള വയസ്സന്‍ മാവിന്റെ നെടുങ്കന്‍ കൊമ്പ് മുറിച്ചു താഴെയിടുന്നത് അയാള്‍ അല്‍പ്പനിമിഷങ്ങള്‍ നോക്കിനിന്നു. ഇലകള്‍ കിലുക്കിക്കൊണ്ട് ആര്‍ത്തലച്ചു വീണ അതില്‍ നിന്ന് രണ്ടു മുട്ടകളോടു കൂടിയ ഒരു കിളിക്കൂടാണ് ആദ്യം നിലംതൊട്ടത്. മരംവെട്ടുകാരന്റെ ‘ങ്ഹാ, തങ്കപ്പേട്ടാ’ എന്ന ഉപചാരവിളിയ്ക്ക് നേരെ ചിരിച്ചെന്നു വരുത്തി അയാള്‍ തന്റെ പ്രവര്‍ത്തിയിലേയ്ക്ക് കടന്നു.
സുധാകരന്റെ കിണറിന് നല്ല ആഴമുണ്ടായിരുന്നു. ആകാശത്തെ പ്രതിഫലിപ്പിച്ചു കൊണ്ട് അങ്ങുതാഴെ പ്രകാശഗോളം പോലെ കിടക്കുന്ന അതിന്റെ അടിത്തട്ടിലേയ്ക്ക് തങ്കപ്പന്‍ ഇരുമ്പുപാള തള്ളിയിറക്കി. തുരുമ്പുപിടിച്ച കപ്പിയുടെ ഈണത്തിലുള്ള കിരുകിരുപ്പിനോടൊപ്പം ആയാസപ്പെട്ട് ഉയര്‍ന്നെത്തിയ പാളയിലെ വെള്ളം അയാള്‍ ഒറ്റയടിയ്ക്ക് തലവഴി കമഴ്ത്തി. ഒന്നുരണ്ടു പാള വെള്ളം കൂടി തലവഴിയൊഴിച്ച് കുളിരിനെ കുടഞ്ഞകറ്റി അയാള്‍ ഉടുമുണ്ടഴിച്ച് തോര്‍ത്തി അതുതന്നെ പിഴിഞ്ഞു താറുപോലുടുത്തു. ഒരു നീളന്‍തോര്‍ത്ത് വടംപോലെ തെറുത്തുപിരിച്ച് ശരീരത്തില്‍ കുറുകെക്കെട്ടി നെറ്റിയിലും ദേഹത്തുമെല്ലാം ഭസ്മക്കുറികള്‍ വരച്ച് പൂജാരിയുടെ ഭാവഭേദങ്ങളോടെ അയാള്‍ ശവത്തെ കിടത്തിയിരിയ്ക്കുന്നയിടത്തേയ്ക്ക് നടന്നു.
മുയലിന്റെ രൂപത്തിലുള്ള വെളുവെളുത്ത ഉടുപ്പിട്ട നേഴ്സറിക്കുട്ടികളെ കണ്ടിട്ടില്ലേ? നേര്‍ത്തൊരു പുഞ്ചിരിയുള്ള മുഖം മാത്രം പുറത്തുകാണാം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തിരിച്ചെത്തിയ സുധാകരന് അങ്ങനെയൊരു നേഴ്സറിക്കുട്ടിയുടെ മുഖച്ഛായയായിരുന്നു. എപ്പോഴും കിലുക്കിക്കുത്തുകാരന്റെ വലിഞ്ഞുമുറുകിയ ബദ്ധശ്രദ്ധമായ മുഖത്തോടെ മാത്രം സുധാകരനെ കണ്ടിട്ടുള്ള തങ്കപ്പന്‍ അയാളുടെ നിഷ്‌കളങ്കമായ പുഞ്ചിരി വിടര്‍ന്ന ജീവനറ്റ മുഖത്തേയ്ക്ക് അത്ഭുതത്തോടെ നോക്കി ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ തൊഴുതു.
ചുവന്നുകലങ്ങിയ കണ്ണുകളോടെ ശവത്തിനടുത്തിരുന്ന് ഏങ്ങലടിയ്ക്കുന്ന സുധാകരന്റെ ഭാര്യയെ അയാള്‍ ഒന്നു പാളിനോക്കി. അവരുടെ കരച്ചിലില്‍ ഒട്ടുംതന്നെ ആത്മാര്‍ത്ഥതയില്ലെന്നും ആളുകളെ കാണിയ്ക്കാനായി അവര്‍ അഭിനയിയ്ക്കുകയാണെന്നും അയാള്‍ക്ക് തോന്നി. അങ്ങനെ തോന്നാന്‍ അയാള്‍ക്ക് ഒരു കാരണവുമുണ്ടായിരുന്നു. കുറച്ചുകൊല്ലങ്ങള്‍ക്ക് മുന്‍പയാള്‍ ആ സ്ത്രീ ശരിയ്ക്കും കരയുന്നത് നേരിട്ടു കണ്ടിട്ടുള്ളതാണ്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും കിടപ്പാടമൊഴിച്ച് ബാക്കിയെല്ലാം വിറ്റുപെറുക്കിയും പെങ്ങളെ കെട്ടിച്ചയച്ചതിന്റെ പിന്നാലെ ദാരിദ്ര്യം അയാളുടെ ജീവിതത്തില്‍ തിന്നുകൊഴുത്തു വിലസുന്ന സമയമായിരുന്നു അത്. അക്കാലത്ത് സുധാകരന് അല്‍പ്പസ്വല്‍പ്പം പലിശയ്ക്കുകൊടുക്കലൊക്കെ ഉണ്ടായിരുന്നു. തങ്കപ്പനന്ന് സുധാകരന്റെ കയ്യില്‍ നിന്നും കുറച്ചു പണം പലിശയ്ക്ക് വാങ്ങാനായി ചെന്നതായിരുന്നു. ചായയില്‍ നിന്ന് പാല്‍പ്പാട വായില്‍ത്തടഞ്ഞ് ഓക്കാനം വന്നതിന്റെ പേരില്‍ വിലാസിനിയോടയാള്‍ കലിതുള്ളിനില്‍ക്കുന്ന നേരമായിരുന്നു അപ്പോള്‍. ചായഗ്‌ളാസ് മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ് ഒരു കട്ടത്തെറി ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് സുധാകരനവരെ കൈവീശി മുഖത്തടിച്ചതിന്റെ പുറകേ ഉറക്കെക്കരഞ്ഞുകൊണ്ടവര്‍ അകത്തേയ്ക്ക് ഓടിക്കയറുന്നത് കണ്ടുകൊണ്ടാണ് തങ്കപ്പന്‍ മുറ്റത്തേയ്‌ക്കെത്തിയത്. ‘എന്തേ വന്നതെന്ന്’ അപ്പോഴും ശമിയ്ക്കാത്ത ദേഷ്യത്തോടെ അയാള്‍ ചോദിയ്ക്കുന്നതു കേട്ട് പുറത്താരോ വന്നിട്ടുണ്ടെന്ന തോന്നലില്‍ വിലാസിനി അവരുടെ കരച്ചില്‍ ചുണ്ടുകടിച്ച് എങ്ങലാക്കി ഒതുക്കിപ്പിടിച്ചു. ആ എങ്ങലിന്റെ ആയം തങ്കപ്പനപ്പോഴും കേള്‍ക്കാമായിരുന്നു. അത് ശ്രദ്ധിയ്ക്കാതെ അയാള്‍ വന്ന കാര്യം സുധാകരനോട് പറഞ്ഞു. ‘ഈടെന്ത് തരും’ എന്ന അയാളുടെ ചോദ്യത്തിന് മുന്നില്‍ തങ്കപ്പനൊന്ന് പതറി.
‘അതുപിന്നെ, അവളുടെ കഴുത്തില്‍ക്കിടക്കുന്നത് റോള്‍ഡ് ഗോള്‍ഡാണ്. അതേല്‍ത്തൂങ്ങുന്ന താലിയാണ് ആകെയുള്ള ഒരുതരി സ്വര്‍ണ്ണം,’ തങ്കപ്പന്‍ വിനീതനായി.
‘താലിയെങ്കില്‍ താലി. താനത് എടുത്തോണ്ട് വാ.’
‘കെട്ട്യോന്‍ ചത്താലേ താലി ഊരാവൂന്നല്ലേ സുധാകരാ. ഈടൊന്നുമില്ലാതെ പറ്റില്ലേ? ഒട്ടും വൈകാതെ ഞാന്‍ തിരിച്ചു തന്നോളാം.’
‘അതെങ്ങനെ ശരിയാവും തങ്കപ്പാ. ഈട് വേണം. പിന്നെ ഈ താലിയെക്കുറിച്ചോര്‍ത്തൊന്നും താനിങ്ങനെ വിഷമിയ്ക്കണ്ട. അതൊക്കെ മനുഷ്യരുണ്ടാക്കിയ ഓരോ ആചാരമല്ലേ. കല്ല്യാണം കഴിഞ്ഞതിനൊരു തെളിവ്, അല്ലാതെന്ത്. ഇനി അത്ര ബുദ്ധിമുട്ടാണെങ്കില്‍ തത്ക്കാലം സ്വര്‍ണ്ണം പൂശിയ ഒരെണ്ണം വാങ്ങിക്കൊടുക്ക്.’
തങ്കപ്പന് ആ സംസാരം തീരെ ദഹിച്ചില്ല. അയാള്‍ മറുത്തൊന്നും പറയാതെ തിരിച്ചുപോയി. അതിനു ശേഷമയാള്‍ സുധാകരനെ കണ്ടാലും കണ്ടപോലെ നടിയ്ക്കാറില്ല. ദൂരെനിന്നേ കണ്ടാല്‍ മാറിനടക്കുകയാണ് പലപ്പോഴും പതിവ്. ഇതിപ്പോള്‍ കുറേ കാലത്തിനു ശേഷം അന്നായിരുന്നു അയാള്‍ സുധാകരനെ നേര്‍ക്കുനേര്‍ കാണുന്നത്.
‘എല്ലാവരും കണ്ടുകഴിഞ്ഞെങ്കില്‍ ഇനി വൈകിയ്ക്കണ്ട, കുളിപ്പിയ്ക്കാം’.അയാള്‍ ആരോടെന്നില്ലാതെ അല്‍പ്പമുച്ചത്തില്‍ പറഞ്ഞു. കര്‍മ്മം ചെയ്യാനെത്തുമ്പോള്‍ അയാള്‍ അങ്ങനെയാണ്, കര്‍ക്കശക്കാരനാകും. ഇയാളെന്തൊരു കരുണയില്ലാത്തവനാണെന്ന് കേട്ടുനില്‍ക്കുന്നവര്‍ക്ക് തോന്നിപ്പോകും. ശവങ്ങള്‍ കണ്ടുകണ്ട് അയാളുടെ മനസ്സ് കല്ലിച്ചുപോയതാണെന്നാണ് ചിലര്‍ പറയാറുള്ളത്. പക്ഷേ, സത്യത്തില്‍ അതൊന്നുമല്ല കാര്യം, കൂട്ടംകൂടി നില്‍ക്കുന്ന ആളുകളുടെ നടുക്ക് കിടക്കുന്നത് ശവമാണെന്ന് അയാള്‍ മാത്രമേ അംഗീകരിക്കാറുള്ളൂ എന്നതാണ്. വൈകുന്തോറും വെക്കവിട്ട മാംസം ചീഞ്ഞുനാറിത്തുടങ്ങുമെന്നത് അയാളുടെ അറിവാണ്. ചത്തുകഴിഞ്ഞാല്‍ ചീയുമെന്നും, ചീഞ്ഞാല്‍ പിന്നെ തന്തയെന്നോ തള്ളയെന്നോ മക്കളെന്നോ ഒന്നുമില്ല, ജീവിച്ചിരിയ്ക്കുന്നവര്‍ക്ക് അതൊരു ബാധയായി മാറുമെന്നും അപ്പോള്‍ അയാള്‍ക്ക് മാത്രം ഓര്‍മ്മയുള്ള അറിവായിരിയ്ക്കും.
സുധാകരന്റെ മകനും ബന്ധുക്കളായ മൂന്നുപേരുമൊഴിച്ച് ബാക്കിയെല്ലാവരും ശവം കിടത്തിയ മുറിയില്‍ നിന്നും പുറത്താക്കപ്പെട്ടു. നിലത്തു മലര്‍ക്കെ നിവര്‍ത്തിയിട്ട ഒരു മുഴുനീളന്‍ വാഴയിലയിലേയ്ക്ക് നാലുപേര്‍ ചേര്‍ന്ന് ശവത്തെ കിടത്തി. പോസ്റ്റ്‌മോര്‍ട്ടം ചെയ്തവര്‍ ഉടുപ്പിച്ച ഉടുപ്പോടെ കുളിപ്പിയ്ക്കുകയാണെന്ന സങ്കല്‍പ്പത്തില്‍ ദേഹമാസകലം വെള്ളം തളിച്ച് നെറ്റിയിലും കൈകളിലും നെഞ്ചിലും കാലിലുമെല്ലാം ഭസ്മക്കുറികള്‍ വരച്ച സുധാകരന്റെ ശവത്തെ അവര്‍ കോടിയുടുപ്പിച്ചു. വിരിച്ചിട്ട പത്തടിയോളം വരുന്ന നെടുനീളന്‍ തോര്‍ത്തിലേയ്ക്ക് നാലുപേരും ചേര്‍ന്ന് തണുത്തുറഞ്ഞ സുധാകരനെ നിശ്ശബ്ദമായി എടുത്തുകിടത്തി. തങ്കപ്പന്‍ നിര്‍ദ്ദേശിച്ചതുപോലെ അവരിലൊരാള്‍ ശവത്തിന്റെ മുഖമൊഴികെയുള്ള ശരീരം തോര്‍ത്തിന്റെ നീണ്ടുകിടക്കുന്ന ഭാഗംകൊണ്ട് മൂടി. തുണി കീറി പിരിച്ചുണ്ടാക്കിയ കയര്‍കൊണ്ട് തങ്കപ്പന്‍ ശവത്തെ ഭംഗിയായി പൊതിഞ്ഞുകെട്ടി. തങ്കപ്പന്‍ യാതൊരു കരുണയുമില്ലാതെ തന്റെ അച്ഛന്റെ ദേഹത്ത് തുണിക്കയറു കൊണ്ട് ആഞ്ഞു മുറുക്കിക്കെട്ടുന്നത് സുധാകരന്റെ മകന്‍ നെടുവീര്‍പ്പോടെ കണ്ടുനിന്നു. സുധാകരന്റെ പുഞ്ചിരിനിറഞ്ഞ മുഖത്തേയ്ക്ക് അലസമായി നോക്കിക്കൊണ്ട് ‘ഇനിയാരുമില്ലല്ലോ ല്ലേ?’ എന്ന ഉത്തരം വേണ്ടാത്ത അലക്ഷ്യമായ ചോദ്യത്തോടെ തങ്കപ്പന്‍ ശവത്തിന്റെ തലയ്ക്കല്‍ നീട്ടിയിട്ട തോര്‍ത്തിന്റെ ഭാഗം മടക്കി സുധാകരന്റെ മുഖം മുഴുവനായും മൂടി കഴുത്തില്‍ അതിന്റെ തുമ്പ് മുറുക്കിക്കെട്ടി നിവര്‍ന്നു നിന്നു. അതോടെ പരസ്യജീവിതം അവസാനിച്ച സുധാകരന്റെ ശവം കണ്ണും മൂക്കും വായുമൊന്നും വരച്ചിട്ടില്ലാത്ത തുണിപ്പാവ പോലെ നീണ്ടുനിവര്‍ന്നു കിടന്നു.
പേനാക്കത്തി കൊണ്ട് വായുടെ ഭാഗത്തെ തുണി മുറിച്ച് ചെറിയൊരു വിടവുണ്ടാക്കുന്നതിനിടയില്‍ ‘വാതില്‍ തുറന്ന് വായ്ക്കരി ഇടാനുള്ളവരെ വിളിച്ചോ’ എന്നയാള്‍ പിറുപിറുത്തു. അരിയും, നെല്ലും, എള്ളും, തൈരും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ഒരു ചെറിയ പാത്രത്തില്‍ എടുത്ത് അതില്‍ മൂന്നാല് തുളസിയിലകള്‍ കൂടിയിട്ട് ചൂണ്ടുവിരല്‍ കൊണ്ടിളക്കി അയാളത് അവരിലൊരാളുടെ കയ്യില്‍ കൊടുത്തു. പരേതന് അവസാനത്തെ അന്നം നല്‍കുകയാണെന്ന ഭാവത്തില്‍ ഓരോരുത്തരും സുധാകരന്റെ അടച്ചുപിടിച്ച ചുണ്ടിനു മുകളില്‍ വായ്ക്കരി തിരുകിവച്ചു. ബന്ധുക്കളെല്ലാം വായ്ക്കരിയിട്ടതിനു ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കരഞ്ഞുകരഞ്ഞവശയായ സുധാകരന്റെ ഭാര്യയെ താങ്ങിപ്പിടിച്ച് കൊണ്ടുവന്നു. വായ്ക്കരിയോടൊപ്പം മാലയില്‍ നിന്നും ഊരിയെടുത്ത താലിയും ചേര്‍ത്ത് ചുരുട്ടിപ്പിടിച്ച അവരുടെ വലതുകൈ അടക്കിപ്പിടിച്ച ഏങ്ങലിന്റെ അകമ്പടിയോടെ സുധാകരന്റെ മുഖത്തിനടുത്തേയ്ക്ക് നീങ്ങുന്ന കാഴ്ച്ച കണ്ട് തങ്കപ്പന്റെ കണ്ണില്‍ ഒരു തിളക്കം മിന്നിമാഞ്ഞു.
മുളങ്കമ്പുകള്‍ കൊണ്ടുണ്ടാക്കിയ ഏണിയില്‍ വച്ചുകെട്ടിയ ശവവുമായി അവര്‍ പുറത്തേക്കിറങ്ങി. ശവത്തിന്റെ തലയ്ക്കല്‍ കത്തിച്ചുവച്ചിരുന്ന നിലവിളക്കും കയ്യിലെടുത്ത് തങ്കപ്പനവരെ ശവം കത്തിയ്ക്കാനായി വീടിനു പുറകില്‍ ചെത്തിവൃത്തിയാക്കിയ സ്ഥലത്തേയ്ക്ക് നയിച്ചു. പച്ച മാവിന്‍കൊമ്പുകള്‍ കൊത്തിയെടുത്ത മരക്കഷ്ണങ്ങള്‍ കൂട്ടിവച്ച ചിതയ്ക്ക് ചുറ്റും കാണികള്‍ നിറഞ്ഞിരുന്നു. ശവത്തിന്റെ തല തെക്കുദിക്കു തെറ്റാതെ പിടിച്ച് അവര്‍ ഏണിയില്‍ കെട്ടിയുറപ്പിച്ച ശവവുമായി ചിതയെ മൂന്നുരു വലം വച്ച് ഏണി താഴെ വച്ചു. പെട്ടെന്ന് കാണികള്‍ക്കിടയിലെ ഒരാള്‍ വെട്ടിയിട്ട വാഴപോലെ നിന്നനില്‍പ്പില്‍ മറിഞ്ഞു വീണു. സുധാകരന്റെ അനുജന്‍ ഷണ്മുഖനായിരുന്നു അത്. രാവിലെ മുതല്‍ ഭക്ഷണമൊന്നും കഴിയ്ക്കാതെ മദ്യം മാത്രം വിഴുങ്ങി തെന്നിത്തെറിച്ചു നടക്കുകയായിരുന്ന അയാള്‍ തലയ്ക്കുമുകളില്‍ കത്തിക്കാളിനില്‍ക്കുന്ന സൂര്യന്റെ ചൂടുകൂടിയായപ്പോള്‍ തലകറങ്ങി വീണതായിരുന്നു. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് അയാളെ പൊക്കിയെടുത്ത് വീടിനു മുന്നിലേയ്ക്ക് കൊണ്ടുപോയി.
തങ്കപ്പന്‍ പറഞ്ഞുകൊടുത്ത രീതിയില്‍ ശവത്തിന്റെ കാല്‍ക്കലിരുന്ന് സുധാകരന്റെ മകന്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. ‘ഇനി കെട്ടഴിയ്ക്കാം’ എന്ന തങ്കപ്പന്റെ ശബ്ദത്തെ യാന്ത്രികമായി അനുസരിച്ച് അയാളും മറ്റു മൂന്നുപേരും ചേര്‍ന്ന് ഏണിയിലെ കെട്ടഴിച്ചു. നാലുപേരും ചേര്‍ന്ന് ശവത്തെ ശ്രദ്ധയോടെ ചിതയ്ക്കു മുകളില്‍ ഭംഗിയായി വിരിച്ച രാമച്ചമെത്തയിലേയ്ക്ക് എടുത്തു വച്ചു. ചിതയുണ്ടാക്കാന്‍ വന്നവര്‍ ബാക്കിയുള്ള മരക്കഷ്ണങ്ങളെടുത്ത് അതിനു മുകളില്‍ വച്ച് കത്തിയ്ക്കാന്‍ തയ്യാറാക്കി. ഇരുവശങ്ങളിലും തിരുകിവച്ച ചിരട്ടകത്തിച്ച കനല്‍ അവര്‍ മുറം കൊണ്ട് ആഞ്ഞുവീശി ജ്വലിപ്പിച്ചു കൊണ്ടിരുന്നു. ആദ്യം മടിച്ചുമടിച്ച് മുനിഞ്ഞുകത്തിയ തീ അധികം വൈകാതെ ആളിപ്പടര്‍ന്നു. തീ ഉയരുന്നതിനോടൊപ്പം ആളുകള്‍ പിരിഞ്ഞുപോകാനും തുടങ്ങി. പച്ചമാവിന്‍കൊമ്പുകള്‍ കത്തുന്നതിന്റെയും പച്ചമാംസം കരിയുന്നതിന്റെയും ഗന്ധമിശ്രിതം ചുറ്റും പരന്നു. പച്ചമരം പൊട്ടിയും ചീറ്റിയും ആളിക്കത്തുന്ന ശബ്ദത്തിനിടയില്‍ ‘ഇനിയുള്ളത് നടു പൊട്ടിയിട്ടു വേണം, ഒരൊന്നൊന്നര മണിക്കൂറെടുക്കും’ എന്ന തങ്കപ്പന്റെ ചിലമ്പിച്ച ശബ്ദം അല്‍പ്പനേരത്തെ വിശ്രമത്തിന് വഴിയൊരുക്കി.
തീയിലിട്ട ചക്കക്കുരു പൊട്ടുന്നതു പോലൊരു ശബ്ദം ചിതയില്‍ നിന്നും കേട്ടു. തങ്കപ്പന്‍ വെള്ളംനിറച്ച മണ്‍കുടം സുധാകരന്റെ മകന്റെ തോളില്‍ വച്ചുകൊടുത്തു. അയാള്‍ അതുമായി ചിതയ്ക്ക് ഒരോ പ്രദക്ഷിണം വയ്ക്കുമ്പോഴും തങ്കപ്പന്‍ തന്റെ കയ്യിലെ വാക്കത്തി കൊണ്ട് കുടത്തില്‍ മെല്ലെ തട്ടി ഓരോ ദ്വാരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. പുഴയില്‍ കളിയ്ക്കുന്ന കുട്ടികള്‍ കവിള്‍ നിറയെ വെള്ളമെടുത്ത് ചുണ്ടുകൂര്‍പ്പിച്ച് അത് ഊക്കില്‍ പുറത്തേയ്ക്ക് എയ്തുവിടുന്നതിന്റെ അതേ തിമര്‍പ്പില്‍ കലത്തിന്റെ ഓട്ടകളിലൂടെ തള്ളിവരുന്ന വെള്ളം അയാള്‍ നടക്കുന്ന വഴികയിലെ മണ്ണിനെ ചെളിപ്പരുവമാക്കി. മൂന്നാമത്തെ പ്രദക്ഷിണവും കഴിഞ്ഞ് ശവത്തിന്റെ കാല്‍ക്കല്‍ വടക്കുദിക്ക് നോക്കിനിന്ന് ചിതയ്ക്കപ്പുറത്തേയ്ക്ക് എത്തുന്നവിധം കുടം പുറകോട്ടെറിഞ്ഞ് സുധാകരന്റെ മകന്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. ‘എന്നാ ശരി, ഇനി അഞ്ചാം ദിവസം കാണാം. കര്‍മ്മത്തിന് വേണ്ടതൊക്കെ ഞാന്‍ തന്നെ കൊണ്ടുവന്നോളാം’ എന്നുറപ്പു കൊടുത്ത് കിട്ടിയ ദക്ഷിണ എളിയില്‍ത്തിരുകി തങ്കപ്പന്‍ തിരിച്ചുപോയി.
അഞ്ചാം ദിവസമായപ്പോഴേയ്ക്കും സങ്കടം ആ വീട്ടില്‍ നിന്നും കുടിയൊഴിഞ്ഞു പോയിരുന്നു. ചടങ്ങിനെത്തിയ ബന്ധുക്കളായ സ്ത്രീകളുടെ വീടിനകത്തുനിന്നുള്ള കിലുക്കാംപെട്ടിച്ചിരികളും അവരുടെ പുരുഷന്മാരുടെ ഉറക്കെയുള്ള സംസാരങ്ങളും അവരുടെ കുട്ടികളുടെ ഓടിക്കളികളും വീടിനു പുതുജീവന്‍ നല്‍കി. കിണറ്റിന്‍കരയിലെ പ്ലാവിന്‍ചോട്ടില്‍ കുറുക്കിക്കെട്ടിയ പശുവിന്റെ പരിചയമില്ലാത്തവരെ കണ്ടപ്പോഴുള്ള നിര്‍ത്താതെയുള്ള അമറലുകള്‍ ‘മിണ്ടാതിരിയ്‌ക്കെടീ’ എന്ന വിലാസിനിയുടെ ശബ്ദം നിശ്ശബ്ദമാക്കി.
സഞ്ചയനത്തിന് പുറത്തുനിന്നുള്ള പത്തുപതിനഞ്ചു പേരെയാണ് ആകെ വിളിച്ചിരുന്നത്. തങ്കപ്പന്‍ അവിടെയെത്തുമ്പോഴേയ്ക്കും ക്ഷണിയ്ക്കപ്പെട്ടവരെല്ലാം എത്തിക്കഴിഞ്ഞിരുന്നു. കര്‍മ്മം ചെയ്യുന്നതിനുള്ള സാധനങ്ങളുമായി അയാള്‍ ചിതയുടെയടുത്തേയ്ക്ക് നടന്നു. കിണറ്റിന്‍കരയില്‍ നിന്ന് കുമാരന്‍ ആരോടോ സ്വര്‍ണ്ണത്തിന് വിലകൂടിയതിനെക്കുറിച്ച് വിശദീകരിയ്ക്കുന്നുണ്ടായിരുന്നു. അയാളവരെ ശ്രദ്ധിയ്ക്കാതെ മുന്നോട്ട് നടന്നു. ഒരു ചെറിയ വാരം മാടി അതില്‍ ചുള്ളിക്കമ്പുകളും കരിയിലയുമിട്ട് കത്തിച്ചതുപോലെ ഒരു കൂന ചാരമായി മാറിക്കഴിഞ്ഞിരുന്നു സുധാകരനപ്പോള്‍. അയാള്‍ ചിതയുടെ വശങ്ങളില്‍ കത്താതെ കിടന്ന മരമുട്ടികളുടെ കഷ്ണങ്ങള്‍ പെറുക്കിമാറ്റി അതിന്റെ പരിസരം വൃത്തിയാക്കി. ഒരു കുടം വെള്ളം കോരിക്കൊണ്ടുവന്ന് അയാള്‍ ചാരംമൂടിയ ചിതയില്‍ ഒഴിച്ചപ്പോള്‍ ബാക്കിയായ ചില എല്ലിന്‍കഷ്ണങ്ങള്‍ ദൃശ്യമായി.
കര്‍മ്മങ്ങള്‍ തുടങ്ങി. തങ്കപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ സുധാകരന്റെ മകന്‍ ഭക്തിയോടെ ചെയ്തുതീര്‍ത്തു. ‘ഇനി എല്ലുപെറുക്കാം’ എന്നറിയിച്ച് തങ്കപ്പന്‍ ഒരു കഷ്ണം കവുങ്ങിന്‍പാളയും പാതിപിളര്‍ത്തി ചവണപോലെയാക്കിയ ഞഴുവിന്‍കോലും അയാളെ ഏല്‍പ്പിച്ചു. കൂടെ, ‘കാലിന്റെയും കയ്യിന്റെയും ഭാഗത്ത് തെരഞ്ഞാ മതി, ബാക്കിയൊക്കെ പൊടിഞ്ഞിട്ടുണ്ടാകും’ എന്നൊരുപദേശവും.
ഒരു നീളന്‍ കമ്പുമായി തലയോട്ടിയുടെ ഭാഗത്തേയ്ക്ക് നീങ്ങുമ്പോഴാണ് തങ്കപ്പന്‍ കുമാരനുമായി മുഖാമുഖം കണ്ടത്. അവര്‍ തമ്മില്‍ പറയത്തക്ക വികാരങ്ങളൊന്നുമില്ലാത്ത ഒരു ചിരി കൈമാറ്റം ചെയ്യപ്പെട്ടു. സത്യത്തില്‍ കുമാരനും അയാളും തമ്മിലുള്ള ബന്ധത്തെ ഒരിയ്ക്കലും മുറിയാതെ ഊട്ടിയുറപ്പിയ്ക്കുന്നത് ചിതകളാണ്. വായ്ക്കരിയിടുന്ന സ്വര്‍ണ്ണം കര്‍മ്മം ചെയ്യിയ്ക്കുന്നയാളുടെ അവകാശമാണ്. അതയാള്‍ എത്ര കഷ്ടപ്പെട്ടും ചിതയില്‍ നിന്ന് ചികഞ്ഞെടുക്കും. ദക്ഷിണയോടൊപ്പം കിട്ടുന്ന അയാളുടെ വിലപ്പെട്ട വരുമാനയിരുന്നു അത്. ആ ഒരുപൊടി സ്വര്‍ണ്ണം കുമാരന്റെ കടയിലാണയാള്‍ വില്‍ക്കാറുള്ളത്. അങ്ങനെ ഓരോ ചിതയും കത്തിയമരുമ്പോള്‍ അവര്‍ തമ്മിലുള്ള ബന്ധം തീയില്‍ ഊതിക്കാച്ചിയ പൊന്നുപോലെ കൂടുതല്‍ക്കൂടുതല്‍ തിളങ്ങിനിന്നു.
കയ്യടക്കം വേണ്ട ഒരു കളിയെപ്പോലെയാണ് കത്തിയമര്‍ന്ന ചിതയില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുക്കല്‍. അതിനു വലിയ ശ്രദ്ധ വേണം. താന്‍ സ്വര്‍ണ്ണം തിരയുകയാണെന്ന് കാണികള്‍ക്കും ചത്തയാളുടെ ബന്ധുക്കള്‍ക്കും തോന്നുകയുമരുത്. എല്ലു തിരയുകയാണെന്ന മട്ടില്‍ ചിതയുടെ തലയ്ക്കല്‍ കുനിഞ്ഞുനിന്നയാള്‍ കത്തിയടര്‍ന്ന തലയോട്ടിയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് അതിനകം കുത്തിയിളക്കിക്കൊണ്ടിരുന്നു. കരുതലൊട്ടുമില്ലാതെ കുത്തിപ്പൊട്ടിച്ച തലയോട്ടിയുടെ വായുടെ ഭാഗത്തുള്ള ചാരം വലതുകൈയില്‍ വാരിയെടുത്ത് അതിലേയ്ക്കയാള്‍ കുറച്ചു വെള്ളമെടുത്തൊഴിച്ച് ശ്രദ്ധയോടെ തിരുമ്മിക്കൊണ്ട് വീണ്ടും കുറച്ചുകൂടി വെള്ളമൊഴിച്ചു. കാലങ്ങളായുള്ള അയാളുടെ കൈവഴക്കമാണ്, ആ ഒരു പിടി ചാരത്തില്‍ താലിയുണ്ടായിരുന്നു. അയാളത് വീണ്ടുവീണ്ടും കഴുകി വൃത്തിയാക്കിക്കൊണ്ടിരുന്നു. ഓരോ കഴുകലിലും സ്വര്‍ണ്ണത്തിന്റെ ആവരണം പൊടിപൊടിയായി അതില്‍നിന്ന് വേര്‍പെട്ടുകൊണ്ടിരുന്നത് അയാളെ അസ്വസ്ഥനാക്കി. നാലഞ്ചു കഴുകലോടെ അവിടവിടെ കറുത്ത പുള്ളിക്കുത്തുകള്‍ വീണ ചുവന്ന ലോഹമായിത്തീര്‍ന്ന താലി തികട്ടിവന്ന ദേഷ്യത്തോടെ സുധാകരന്റെ മുഖം സങ്കല്‍പ്പിച്ചയാള്‍ ചിതയിലേയ്ക്കുതന്നെ വീശിയെറിഞ്ഞ് തലതിരിച്ചൊന്ന് കാര്‍ക്കിച്ചു തുപ്പി.