തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം വി.ജെ.ജയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലിന്. ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നിരുന്നു. പുരസ്‌കാര നിര്‍ണയ സമിതിയില്‍ നിന്ന് എഴുത്തുകാരനായ എം.കെ.സാനു രാജിവച്ചത് വാര്‍ത്തയായിരുന്നു. അവസാന ഘട്ടത്തിലെത്തിയ കൃതികളെ ഒഴിവാക്കി പുറത്തുനിന്നുള്ള കൃതിക്ക് പുരസ്‌കാരം നല്‍കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ചായിരുന്നു രാജി.

പുരസ്‌കാരം നല്‍കുന്ന വര്‍ഷത്തിന് തൊട്ടുമുന്‍പുള്ള അഞ്ച് വര്‍ഷം ആദ്യ പതിപ്പായി പുറത്തിറക്കിയ മൗലിക കൃതികളില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തിരഞ്ഞെടുക്കുന്നത്. ഇത്തവണ എഴാച്ചേരി രാമചന്ദ്രന്റെ ‘ഇലത്തുമ്പിലെ വജ്രദാഹം’ എന്ന കൃതിയും അവസാന റൗണ്ടിലെത്തിയിരുന്നു.

ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി.ജെ.ജയിംസ് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ എഞ്ചിനീയറാണ്. പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക (നോവലുകള്‍), ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, ഒറ്റക്കാലൻ കാക്ക, ആന്റിക്ലോക്ക്, പ്രണയോപനിഷത്ത്, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാസമാഹാരങ്ങള്‍) എന്നിവയാണ്‌ കൃതികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook