എന്തിനിത്ര സങ്കടപ്പെടണം.
പോയത് വെറും കോഴികളല്ലേ.
അതാണോ ഇത്ര വലിയകാര്യം.
എങ്കിലും
ഇന്നലെയും കൂടി അവർക്ക് വെള്ളം കൊടുത്തതല്ലേ?
കഞ്ഞീംകലത്തിലെ അവസാന വറ്റുകളും തിന്ന്
നിറഞ്ഞ തൃപ്തിയോടെ
തറയിൽ കൊക്കുരച്ചവരല്ലേ.
പൂക്കൾ തുന്നിയ തലയിൽ തലോടിയപ്പോൾ
കൂമ്പിയ കണ്ണുകളുമായി
കുണുങ്ങിയവരല്ലേ..
ഒന്ന് വെള്ളപ്പിട.
ഒന്ന് കറുത്തപ്പിട.
കുഞ്ഞുങ്ങളെ ചിറകിൽ ഒതുക്കുന്ന സ്വപ്നവും കണ്ട്
ഇല്ലാത്ത മുട്ടപ്പുറത്ത്‌
ഇരുവരും
ധ്യാനിച്ചിരിക്കുകയായിരുന്നു.

ഇന്നലെയാണ് പുറംലോകത്തേക്ക് തിരിച്ചു വന്നത്.
ഒന്നും തിന്നാതെ
എല്ലുംതോലുമായിരുന്നു.
ചിതലിനെയും
ഇയാംപാറ്റയേയും
ചാടിക്കൊത്തി,
എന്ത് പരാക്രമമായിരുന്നു.
എന്നാൽ ഇന്നലെ,
കതകടയ്ക്കാൻ മറന്ന നശിച്ച രാത്രിയിൽ
ആരോ അവരെ പിടിച്ചുകൊണ്ട് പോയിരിക്കുന്നു.
കതകടയ്ക്കാത്ത
പേടിച്ചു വിറച്ച രാത്രി.
ഇനി ഞങ്ങളെ എവിടെയും തേടേണ്ട എന്ന കുറിപ്പ് പോലെ
ചിതറിക്കിടക്കുന്ന കറുത്ത, വെളുത്ത പപ്പുകൾ.
ഞെട്ടൽ മാറാത്ത കൂടിപ്പോഴും
വാ തുറന്ന് പകച്ചുനിൽക്കുന്നു.
അടയ്ക്കാൻ മറന്ന വാതിൽ.

നശിച്ച രാത്രി.
തിളങ്ങുന്ന കണ്ണുകൾ.
ഉറങ്ങാതിരുന്ന രാത്രി.
വാതിൽ അടയ്ക്കാൻ മറന്ന രാത്രി.
ആ രാത്രി വെളുക്കും മുമ്പേ
അവരെ ആരോ പിടിച്ചിരിക്കുന്നു.
കൂട് മുതൽ പുളിമരം വരെ
തൂവലുകൾ
തെളിവുകളുമായി
വഴികാണിച്ചു കിടക്കുന്നു.
ഒരു തൂവൽ കൈയിലെടുത്തു.
അതിൽ
അടയിരുന്നതിൻ ചൂട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook