/indian-express-malayalam/media/media_files/uploads/2017/08/ash1.jpg)
കല്ലിനെ പോലും വിറപ്പിക്കുന്ന ധനുമാസത്തിലെ കൊടിയ തണുപ്പിലും പുലര്‍ച്ചെ അഞ്ചുമണിക്ക് തന്നെ കല്ലേഷി ഉണര്‍ന്നു. അമ്മൂമ്മ വിളിക്കാനൊന്നും നിന്നില്ല. സത്യം പറഞ്ഞാല്‍ അവന്‍ രാത്രി ഉറങ്ങുകയേ ഉണ്ടായില്ല. എണീറ്റ് ലൈറ്റിട്ടപ്പോള്‍ അമ്മൂമ്മ വിളിച്ചു ചോദിച്ചു.
“നീ എണീറ്റോ?”
“ഹാ അജ്ജീ..”
വൃദ്ധ വീണ്ടും ഉറക്കത്തിലേക്ക് വീണുപോയി.
സത്യം പറഞ്ഞാല്‍ കല്ലേഷിയുടെ മനസ്സിൽ പരീക്ഷയെ കുറിച്ചായിരുന്നില്ല ചിന്ത.
അവന്‍ മെല്ലെ വാതില്‍ അടച്ചു. ചെരുപ്പിടാതെ, പതുങ്ങി ചെന്ന് പുറകിലത്തെ വാതില്‍ തുറന്നു. വാതിലിന്റെ വിജാഗിരി തലേന്ന് രാത്രി തന്നെ അവന്‍ എണ്ണയൊഴിച്ച് മിനുസപ്പെടുത്തിയിരുന്നു. വാതില്‍ ഒച്ചപ്പാടില്ലാതെ തുറന്നു. അപ്പ വീട്ടില്‍ ഇല്ലാത്തതിന്റെ ധൈര്യത്തിലാണ്. അമ്മയുടെ മരണത്തിനു ശേഷം അപ്പ അപൂര്‍വ്വമായേ വീട്ടില്‍ കിടന്നുറങ്ങിയുള്ളൂ. ഈ പോക്ക് അപ്പയെങ്ങാനും കണ്ടുപിടിച്ചാല്‍ അവനെ തല്ലിക്കൊല്ലും.
വീട്ടിനു പുറത്തിറങ്ങിയ ഉടനെ കല്ലേഷി സൂഗം കിണറിനു നേരെ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. ഓടിയേനെ പക്ഷെ, നശിച്ച പട്ടികള്‍ പിന്നാലെ കൂടും. ആളുകള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന ആ കിണര്‍ പട്ടണത്തിന്റെ അറ്റത്ത് ആയിരുന്നു, വീട്ടില്‍ നിന്നും അധികം അകലം ഉണ്ടായിരുന്നില്ല. സ്ഥലത്തെത്തിയപ്പോള്‍ ആണ് അവന്റെ ശ്വാസം നേരെ വീണത്. സോമണ്ണ അപ്പോളും എത്തിയിരുന്നില്ല. അയാള്‍ ടൗണില്‍ ഉണ്ടെന്നുറപ്പാണ്. ഇന്നലെ വൈകുന്നേരം അയാള്‍ കിണറ്റില്‍ വീണ പൂച്ചയെ എടുക്കുന്നത് അവന്‍ കണ്ടതാണ്. ധനുമാസമായത് കൊണ്ട്, അയാള്‍ അതിരാവിലെ കുളിക്കാന്‍ എന്തായാലും ഇവിടെ വരും.
കല്ലേഷി ഒരു വേപ്പ് മരത്തിനു പിന്നില്‍ ഒളിച്ചു നിന്നു. പുലരിയുടെ ആദ്യകിരണങ്ങള്‍ ഇരുട്ടിനെ ചെറുതായി മായ്ച്ചുകളയുന്നുണ്ട്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ റോഡിനറ്റത്ത് ഒരു മനുഷ്യരൂപം കാണാനായി. അയാള്‍ ഒരു കല്ലെടുത്ത് പുറകി ല്‍ കൂടിയ നായയെ എറിഞ്ഞു. അത് മോങ്ങിക്കൊണ്ട് തിരിഞ്ഞോടി. അത് സോമണ്ണ തന്നെ, സംശയമില്ല. കല്ലേഷിയുടെ ഹൃദയം ആ രൂപം അടുത്ത് വരുന്നത് കണ്ടതോടെ പെരുമ്പറ കൊട്ടാന്‍ തുടങ്ങി.
സോമണ്ണ തോളിലിരുന്ന തോര്‍ത്തുമുണ്ട് എടുത്ത് കിണറിനടുത്തുള്ള കല്‍പ്പടവില്‍ വിരിച്ചു. അതിനു മീതെ കയറി നിന്ന്, ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി, കൈപ്പത്തികള്‍ കൂട്ടിപ്പിണച്ചു. കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. തണുപ്പിനെ വക വെയ്ക്കാതെ ഷര്‍ട്ടും മുണ്ടും ഊരി തറയിലേക്ക് എറിഞ്ഞു.
ഒരു ലങ്കോട്ടി മാത്രമുടുത്ത് നില്‍ക്കുന്ന സോമണ്ണയില്‍ കണ്ണുകള്‍ തറഞ്ഞപ്പോള്‍ കല്ലേഷി തുപ്പലിറക്കി. തീയില്‍ കത്തിത്തിളങ്ങി നില്‍ക്കുന്ന ഇരുമ്പ് പോലെ അയാളുടെ ഉടല്‍ മിന്നി. പക്ഷെ, ഉള്ളില്‍ അയാള്‍ തണുപ്പുമായി മല്ലിടുകയായിരുന്നു. വിറയലോടെ അയാള്‍ പല്ലുകള്‍ കൂട്ടിക്കടിച്ചു. പൂവിനു ചുറ്റും എന്ന പോലെ ഒരു ശലഭം കറങ്ങി നടക്കുന്നുണ്ടെന്ന് അവനു തോന്നി. അവന്‍ മരത്തെ ചുറ്റിപ്പിടിച്ചു. സോമണ്ണ വ്യായാമം ചെയ്യുന്നത് നോക്കി നില്‍ക്കെ അവന്റെ കണ്ണില്‍
മോഹം തിളങ്ങി.
സോമണ്ണയ്ക്കു ഒത്ത തടിയാണ്. ഒരു ആന ഉഴിഞ്ഞാലും ഒന്നും പറ്റില്ല. അയാള്‍ അനങ്ങുന്നതിനനുസരിച്ചു മലമ്പാമ്പിനെ പോലുള്ള അയാളുടെ മസില്‍ താഴേക്കും മീതെക്കും ഉരുണ്ടു കളിച്ചു. ഓരോ തവണ പുഷപ്പ് എടുക്കുമ്പോളും അയാളുടെ കയ്യിലെ ലോഹവള തറയിലടിച്ച് ധും...എന്ന് ശബ്ദമുണ്ടാക്കി. നിശ്ശബ്ദതയെ മുറിച്ചു കൊണ്ടുള്ള താളം.
പിടിച്ചു നില്‍ക്കാനാകാതെ കല്ലേഷി അയാളുടെ അടുത്തേക്ക് നടന്നു.
“സോമണ്ണാ...” അവന്‍ മന്ത്രിച്ചു.
ശൂന്യതയില്‍ നിന്നെന്ന പോലെ ഒരാള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞെട്ടിത്തിരിഞ്ഞ സോമ്മണ്ണയുടെ കൈ അവന്റെ ദേഹത്ത് വീണേനെ. അവനെ തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ നാക്ക് കടിച്ചു, കൗതുകത്തോടെ പുഞ്ചിരിച്ചു.
Read More : മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് കോർത്തെടുത്ത സൗഹൃദം
ആവേശം കൊണ്ട് ശ്വാസം നിലച്ചു പോയ കല്ലേഷി വിറയ്ക്കുന്ന വിരല്‍ കൊണ്ട് അയാളുടെ പൊക്കിളിനു മുകളില്‍ ഉരുണ്ടു കൂടി നിന്ന വിയര്‍പ്പു തുള്ളിയെ പൊട്ടിച്ചു കളഞ്ഞു. അവന്‍ നോക്കിയപ്പോള്‍ സോമണ്ണയുടെ മുഖത്ത് ഒരു പുഞ്ചിരി തത്തിക്കളിക്കുന്നു. കാല്‍ വിരലുകള്‍ നിലത്തു കുത്തി, മുന്നോട്ട് നീങ്ങി അവന്‍ അയാളുടെ മുഖം കയ്യിലെടുത്തു. അയാളുടെ ചുടുനിശ്വാസം. അവന്റെ കൈകള്‍ മെല്ലെ കഴുത്തിലൂടെ, കൈകളിലൂടെ, നെഞ്ചിലൂടെ, മുലക്കണ്ണിലൂടെ, വയറിലൂടെ ഒഴുകി നടന്നു. അവന്‍ അയാളുടെ കാല്‍ക്കല്‍ മുട്ടുകുത്തിയിരുന്നു. മെല്ലെ തള്ളവിരലില്‍ തുടങ്ങി അയാളുടെ തുടയിലേക്ക്
കൈകളോടിച്ചു കൊണ്ട് ശരീരം ഉയര്‍ത്തി. എതിര്‍പ്പൊന്നുമുണ്ടായില്ല.
പിന്നെ ഒന്നും നോക്കാതെ അവന്‍ സോമണ്ണയുടെ ലങ്കോട്ടിയുടെ ഉള്ളിലേക്ക് കൈകള്‍ ഇറക്കി വെച്ചു. അമര്‍ത്തി.
അയാള്‍ അവന്‍റെ കരണത്ത് ഒറ്റ അടി വെച്ച് കൊടുത്തു. ആഘാതത്തില്‍ അവന്‍ മൂക്കും കുത്തി വീണു. “തന്തയില്ലാത്തവനേ’ അയാള്‍ അലറിക്കൊണ്ട് അവനെ പട്ടിയെ എന്ന പോലെ തറയിലിട്ട് ചവുട്ടി.
കല്ലേഷി അയാളുടെ കാലു പിടിച്ച് കരഞ്ഞു.
“ത്ഫൂ...”അയാള്‍ അവന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. ലങ്കോട്ടിയഴിച്ചു ഉടുപ്പിനു മീതേക്ക് എറിഞ്ഞ്, വെള്ളത്തിലേക്ക് ചാടി.
കുറച്ചു സമയം വേണ്ടി വന്നു കല്ലേഷിക്ക് നടന്നതെന്തെന്ന് തിരിച്ചറിയാന്‍. അവന്‍ വേദനയോടെ കവിളില്‍ തൊട്ടു നോക്കി. നടുവിൽ കൈ കുത്തി എണീറ്റ് അവൻ കിണറിനടുത്ത് വന്നു നോക്കി. സോമണ്ണയെ എങ്ങും കണ്ടില്ല. വെള്ളത്തില്‍ നിന്നും കുമിളകള്‍ മാത്രം പൊങ്ങി വന്ന് ഒച്ചയുണ്ടാക്കി.
അവന്‍ തുണിക്കൂമ്പാരത്തില്‍ നിന്നും ലങ്കോട്ടിയെടുത്തു മൂക്കിനോട് ചേര്‍ത്ത് മണം ഉള്ളിലേയ്ക്കെടുത്തു. കൊതി മൂത്ത് അവന്‍ അത് ശരീരത്തില്‍ എല്ലായിടത്തും ഉരസി. പാന്റിനുള്ളിലേക്ക് നൂഴ്ത്തി വെച്ച് അരക്കെട്ടില്‍ ചുറ്റി. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ബീഡിയുടെ പാക്കറ്റും തീപ്പെട്ടിയും പുറത്തെടുത്തു. ബീഡിക്ക് തീ കൊളുത്തി ഉള്ളിലെക്കൊരു പുകയെടുത്തിട്ട്, തീപ്പെട്ടിക്കൊള്ളി അയാളുടെ ഉടുപ്പുകള്‍ക്ക് മീതെ ഇട്ടു. എന്നിട്ട് വീട്ടിലേക്കു നടന്നു.
സോമണ്ണ നീന്തിത്തുടിക്കുമ്പോള്‍ തുണിക്കെട്ടില്‍ നിന്നും തീനാളങ്ങള്‍ ആകാശം തൊടാനായി പൊങ്ങി.
കല്ലേഷിയുടെ വീടിനു പുറകില്‍ പഴകി ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ ഒരു കിണര്‍ ഉണ്ടായിരുന്നു. കുറച്ചു കാലം വരെ അയല്‍വക്കത്തുള്ളവര്‍ അതില്‍ നിന്നും വെള്ളം ശേഖരിക്കുമായിരുന്നു. കല്ലേഷിയുടെ അമ്മ അതില്‍ വീണതിനു ശേഷമാണ് എല്ലാവരും ആ കിണറിനെ ഉപേക്ഷിച്ചത്. പത്തൊമ്പത് അടി ആഴമുള്ള കിണറില്‍ പായല്‍ നിറഞ്ഞു വെള്ളം ചീത്തയായി. മീനുകളും ആമകളും പണ്ടേ ചത്തു. ബാക്കിയായത് പായല്‍ തിന്നു ജീവിക്കുന്ന നീളന്‍ പുഴുക്കളും എലിയെ വിഴുങ്ങുന്ന പാമ്പുകളുമാണ്. വൈകുന്നേരങ്ങളില്‍ വവ്വാലുകള്‍ അതിനു ചുറ്റും പറന്നു നടന്നു.
പക്ഷെ, അന്ന് ജീവികള്‍ പോലും പേടിക്കുന്ന കരച്ചിലാണ് കല്ലേഷി കരഞ്ഞത്. “അപ്പാ ഇനി ചെയ്യൂല്ല അപ്പാ...” കിണറിലെ വെള്ളത്തില്‍ നിന്നും ആറടി ഉയരത്തില്‍ തലകീഴായി കിടന്ന് അവന്‍ നിലവിളിച്ചു. താഴെ നിന്നും പാമ്പുകളുടെ ഒച്ച കേട്ടപ്പോള്‍ അവന്‍ ഭയത്തോടെ വീണ്ടും അപ്പയെ വിളിച്ചു. “അജ്ജീ..ഓടി വായോ എന്നെ രക്ഷിക്ക്...” അവന്‍ അമ്മൂമ്മയെയും വിളിച്ചു നോക്കി. മറുപടിയൊന്നും കിട്ടിയില്ല .
“അമ്മാ...” മരിച്ചു പോയ അമ്മയെ വിളിച്ചവന്‍ കരഞ്ഞു. കാലിലും നെഞ്ചിലും ചുറ്റിയിട്ടിരുന്ന കയര്‍ മുറുകി അവനു ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
കയറിന്റെ അറ്റം കിണറിനപ്പുറത്തെ മരക്കുറ്റിയില്‍ ചുറ്റിയിട്ട്, വീരഭദ്രപ്പ വേപ്പുമരത്തിന്റെ ചുവട്ടില്‍ ഇരുന്ന് ഒരു ബീഡിക്കു തീ കൊളുത്തി.
അടുക്കളയിലിരുന്ന് അവന്റെ അമ്മൂമ്മ നിര്‍ത്താതെ കരഞ്ഞു. അവരിടക്ക് വന്ന് ബലം ക്ഷയിച്ച കൈകള്‍ കൊണ്ട് കയറില്‍ പിടിച്ചുവലിച്ച് അവനെ രക്ഷിക്കാന്‍ ശ്രമിക്കുകയുണ്ടായി.
ഒന്നും മിണ്ടാതെ ഇരിക്കുമ്പോള്‍ വീരഭദ്രപ്പയുടെ ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു. തലേന്ന് രാത്രി അയാള്‍
കുടല്‍ഗിയില്‍ ഉള്ള സുനന്ദയുടെ വീട്ടിലാണ് അന്തിയുറങ്ങിയത്.
തിങ്കളാഴ്ച ആയിരുന്നതില്‍ അയാള്‍ നേരത്തെ എണീറ്റ് ബാലസ്വാമിബേട്ടയില്‍ പോയി പൂജയും കഴിഞ്ഞാണ് ടൗണിലേയ്ക്ക് മടങ്ങിയത്.
“എന്തൊക്കെയാ വീരണ്ണാ ഈ കേള്‍ക്കുന്നേ? നിങ്ങടെ മോന്‍ നമ്മ്ടെ സോമണ്ണേടെ മറ്റവടെ കേറി പിടിച്ചെന്ന് കേട്ടല്ലോ..” ഒരു പരിചയക്കാരന്‍ പരിഹാസച്ചിരിയോടെ ചോദിച്ചു.
ആ വാക്കുകള്‍ വീണ്ടും വീരഭദ്രപ്പയുടെ ചെവിയില്‍ മുഴങ്ങി. കുറെ നേരം നിര്‍ത്താതെ കരഞ്ഞ കല്ലേഷി മിണ്ടാതെയായി. അവന്റെ വായിലെ വെള്ളം വറ്റിയിരുന്നു. ഒരു വവ്വാല്‍ അവന്റെ മുഖത്തിന് മീതെ ചിറകടിച്ചു കൊണ്ട് പേടിപ്പെടുത്തുന്ന ഒച്ചയുണ്ടാക്കി. ഭയം ഇരട്ടിച്ച് അവന്‍ മുള്ളി. മൂത്രം അവന്റെ ഷര്‍ട്ടിലൂടെ ഇറങ്ങി വന്ന് അവന്റെ മുഖത്തെ നനച്ച്, താഴെ ഇണ ചേരുന്ന രണ്ടു പാമ്പുകളുടെ മീതെ വീണു. അവയുടെ വീര്യത്തോടെയുള്ള ശീല്‍ക്കാരമാണ് ബോധം മറയും മുമ്പ് കല്ലേഷി അവസാനമായി കേട്ടത്.
സന്ധ്യയായിരുന്നു. സങ്കമ്മയുടെ വീടിന്റെ ഭിത്തിയിലെ ഓട്ടയില്‍ കത്തിച്ചു വെച്ച വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട്. ആദ്യം വരുന്ന ആള്‍ അത് ഊതിക്കെടുത്തി വീടിനുള്ളിലേക്ക് പ്രവേശിക്കുകയാണ് പതിവ്. അകത്താള് കേറിയാല്‍ സങ്കമ്മ വാതില്‍ അടയ്ക്കും. ഒരുത്തനുമായി രതിയിലേര്‍പ്പെടുമ്പോള്‍ വേറെ ആണുങ്ങള്‍ വന്ന് വാതിലില്‍ മുട്ടുന്നത് ഒഴിവാക്കാനായിരുന്നു ഈ സമ്പ്രദായം.
കൂടെ കിടക്കുന്നവരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സങ്കമ്മയ്ക്ക് നല്ല ശ്രദ്ധ ഉണ്ടായിരുന്നു. പരിചയക്കാരെ കിടക്ക പങ്കിടാന്‍ പാകപ്പെടുത്തുന്നതിന് അവള്‍ സമയം ചെലവഴിച്ചു. ആദ്യത്തെ ദിവസങ്ങളില്‍ വര്‍ത്തമാനം മാത്രം പറഞ്ഞിരിക്കും. വിശ്വസിക്കാന്‍ കൊള്ളാവുന്നവനെന്നു ഉറപ്പായാല്‍ മാത്രമേ അവൾ കിടപ്പറയിലേയ്ക്ക് കയറ്റിയുള്ളൂ.
അന്ന് രാത്രി ആരും വരാത്തത് കൊണ്ട് സങ്കമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കെട്ട ദിവസമെന്ന് സ്വയം പഴിച്ച് വാതിലടക്കാന്‍ നോക്കുമ്പോളാണ് ഒരു രൂപം വീടിനു നേരെ വരുന്നത് കണ്ടത്.
അത് വീരഭദ്രപ്പയായിരുന്നു.
അങ്ങേര്‍ക്ക് കുടല്‍ഗി സുനന്ദാമ്മയെ മടുത്തു കാണുമെന്ന് അവള്‍ മനസ്സില്‍ പറഞ്ഞു. അടുത്തെത്തിയപ്പോളാണ് കൂടെ ഒരാള്‍ ഉണ്ടെന്നു മനസ്സിലായത്.
രണ്ടു പേരുടെ കൂടെ കിടക്കാനൊന്നും എന്നെ കിട്ടില്ല. അങ്ങനെ ആരും നിര്‍ബന്ധിക്കുകയും വേണ്ട...അവള്‍ മനസ്സില്‍ പറഞ്ഞു.
അവര്‍ വാതില്‍ക്കല്‍ എത്തി. കൂടെ അയാളുടെ മകന്‍ കല്ലേഷി ആണ്. രാവിലെ കേട്ട കിംവദന്തി അവള്‍ക്കോര്‍മ്മ വന്നു. എന്തോ കുഴപ്പമുണ്ട്.
“ആ വിളക്കൂത്” വീരഭദ്രപ്പ മകനോട് പറഞ്ഞു.
കല്ലേഷി തളര്‍ച്ചയോടെ ഊതി. തീ ഒന്നുലഞ്ഞു, പക്ഷേ അടുത്ത നിമിഷം തെളിഞ്ഞു നിന്നു.
“ഹേയ് ശരിക്കും ഊത്. ശക്തിയില്‍..” അയാള്‍ ക്ഷമ കേട്ട് അവനോട് ആജ്ഞാപിച്ചു.
ഭയത്താല്‍ കല്ലേഷി ശക്തി മുഴുവനെടുത്ത് വിളക്ക് ഊതിക്കെടുത്തി.
“വീരണ്ണാ.. അപ്പന്‍റെ കൂടെ കെടന്നിട്ട് പിന്നെ മോന്‍റെയും കൂടെ വയ്യ എനിക്ക്”
സങ്കമ്മ വെട്ടിത്തുറന്നു പറഞ്ഞു.
Read More : കേരളത്തിലെ നവോത്ഥാന വനിതകൾ 'ആ നിലവാരത്തിൽ' നിന്നും ഉയരേണ്ടതുണ്ട്
വീരഭദ്രപ്പ പെട്ടെന്നൊരു മറുപടി പറഞ്ഞില്ല. പകരം പോക്കറ്റില്‍ നിന്നും രണ്ടു വെറ്റിലകള്‍ എടുത്തു. അതിനു മീതെ അടയ്ക്ക കഷ്ണങ്ങളും രണ്ടു നൂറിന്‍റെ നോട്ടുകളും എടുത്തു വെച്ചിട്ട് കല്ലേഷിയോട് അത് സങ്കമ്മയ്ക്ക് കൈമാറാന്‍ പറഞ്ഞു.
“സങ്കമ്മാ..നിന്റെ ധര്‍മ്മസങ്കടം എനിക്ക് മനസ്സിലാവും. നിന്നോടവന്റെ കൂടെ കെടക്കാന്‍ ഞാന്‍ പറയുന്നില്ല. നീയും കേട്ടിട്ടുണ്ടാവും ഈ പട്ടീടെ മോന്‍റെ കയ്യിലിരുപ്പിനെ പറ്റി. രാവിലത്തെ ആ കാര്യം കേട്ടപ്പോ ഞാൻ തളര്‍ന്നു പോയി. എനിക്കൊരു സഹായം ചെയ്തു താ. അവനെ ഉള്ളിലേക്ക് കൊണ്ടു പോയിട്ട് ഒന്ന് പരിശോധിക്ക്. ആണ് തന്നെ ആണോന്ന്. ഡോക്ടര്‍മാര്‍ നോക്കണ പോലെന്ന് വിചാരിച്ചാ മതി. എനിക്ക് വേണ്ടി ഇത് ചെയ്തേ തീരൂ..” അയാള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് അവളോട് യാചിച്ചു.
അയാളുടെ അവസ്ഥയും കല്ലേഷിയുടെ കയ്യിലിരിക്കുന്ന നോട്ടുകളും കണ്ടപ്പോള്‍ അവളുടെ മനസ്സിളകി. അവള്‍ കല്ലേഷിയുടെ കയ്യില്‍ പിടിച്ചപ്പോള്‍ അവന്‍ കുതറി.
“ഹേയ് കഴുവേര്‍ടെ മോനേ... അകത്തു പോ..” വീരഭദ്രപ്പ അവന്റെ തലയില്‍ ഇടിച്ചു.
നിവൃത്തിയില്ലാതെ കല്ലേഷി സങ്കമ്മയോടൊപ്പം മുറിയിലേക്ക് നടന്നു. ഒരു ബീഡിയും പുകച്ചു കൊണ്ട് ആശങ്കയോടെ വീരഭദ്രപ്പ മുറ്റത്തിന്റെ മൂലയ്ക്ക് പോയിരുന്നു.
കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ വാതില്‍ തുറക്കപ്പെട്ടു. സങ്കമ്മ പുറത്തു വന്നു. ബ്ലൗസ് അഴിച്ചു മാറ്റിയ അവള്‍ സാരി കൊണ്ട് മാറ് മറച്ചിരുന്നു.
“എന്ത് പറ്റി?” വീരഭദ്രപ്പയ്ക്ക് ആകാംഷ സഹിക്കാനായില്ല.
“കാമദേവന്‍ നിങ്ങടെ മകനെ അനുഗ്രഹിച്ചിട്ടില്ല”
അവള്‍ നെടുവീര്‍പ്പിട്ടു.
വീരഭദ്രപ്പ അവസാനത്തെ പുക എടുത്തിട്ട് ബീഡിക്കുറ്റി ചാണകം മെഴുകിയ തറയിലിട്ട് ഞെരിച്ചു.
സങ്കമ്മയോടൊപ്പം അയാള്‍ ഉള്ളിലേക്ക് കുതിച്ചു.
ഉടുപ്പുകള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു കല്ലേഷി ഗര്‍ഭപാത്രത്തിലെന്ന പോലെ ചുരുണ്ട് കൂടി കിടക്കുകയായിരുന്നു. നഗ്നയായ ഒരു സ്ത്രീയെ കണ്ടപ്പോള്‍ അവന് ഭയവും അറപ്പുമല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല.
വീരഭദ്രപ്പ ഒരക്ഷരം മിണ്ടിയില്ല. നേരെ മകന്റെ അടുത്തേക്ക് പാഞ്ഞുചെന്ന് സര്‍വ്വ ശക്തിയുമെടുത്ത് അവനെ ചവിട്ടാന്‍ തുടങ്ങി. ആന ഉറുമ്പിനെ എന്ന പോലെ കാലിനിടയില്‍ കിടക്കുന്ന ശരീരത്തെ അയാള്‍ മെതിച്ചു.
“എന്നെ ഒന്നും ചെയ്യല്ലേ..കാലു പിടിക്കാം..എന്നെ വിട്..” കല്ലേഷി മോങ്ങിക്കൊണ്ടിരുന്നു.
പയ്യന്‍ ചത്ത് പോകുമെന്ന് ഭയന്ന് സങ്കമ്മ വീരഭദ്രപ്പയെ തള്ളി മാറ്റി അവനെ പൊതിഞ്ഞു പിടിച്ചു.
“ഇനിയും തല്ലല്ലേ”
പക്ഷെ അയാള്‍ അതൊന്നും ചെവിക്കൊള്ളാനുള്ള മാനസികാവസ്ഥയി ല്‍ ആയിരുന്നില്ല. അയാളുടെ തൊഴി കൊണ്ട് അവള്‍ക്കും നൊന്തു.
“നിര്‍ത്ത് വീരണ്ണ. ഇതും ദൈവം സൃഷ്ടിച്ചത് തന്നെയാ...ദൈവം ഉണ്ടാക്കിയതിനെ അപമാനിക്കരുത്..”
അവള്‍ ചീറി.
വീരഭദ്രപ്പ നിര്‍ത്തി. സങ്കമ്മയെ പുച്ഛത്തോടെ നോക്കിയിട്ട് അയാള്‍ പറഞ്ഞു.
“നിന്നെ പോലെ അഞ്ചു പെണ്ണുങ്ങളെ കൊണ്ട് നടക്കുന്നവനാ ഞാന്‍. പക്ഷെ ദൈവമെന്തിനാ ഇത്രേം കെല്‍പ്പുള്ള എനിക്ക് ഷണ്ഡനായ ഒരുത്തനെ മകനായി തന്നതെന്ന് മനസ്സിലാകുന്നില്ല.”
അയാള്‍ തറയില്‍ തുപ്പി.
“ഇന്ന് മുതല്‍ ഈ കഴിവുകെട്ട ജന്തു എന്റെ മകനല്ല. ഞാനവന്റെ തന്തേം.”
തറയില്‍ വീണ തോര്‍ത്തുമുണ്ട് എടുത്ത് അയാള്‍ പൊടി കുടഞ്ഞു തോളത്തിട്ടു. എന്നിട്ട് പുറത്തേക്ക് കുതിച്ചു.
സങ്കമ്മ വാതില്ക്കലോളം ചെന്നു. “വീരണ്ണാ..” അവള്‍ വിളിച്ചപ്പോള്‍ അയാള്‍ തിരിഞ്ഞു നിന്നു.
“ഞാനൊരു കാര്യം പറയട്ടെ. ശരിക്കും ഓര്‍ത്തു വെച്ചോ. നിങ്ങളെ പോലെ അഞ്ചു പെണ്ണുങ്ങളെ വെപ്പാട്ടികളായി
വെയ്ക്കേം ഭാര്യേ കിണറ്റില്‍ തള്ളിയിട്ട് കൊല്ലുകേം ചെയ്തിട്ടില്ല നിങ്ങടെ മോന്‍. എല്ലാ തിങ്കളാഴ്ച്ചയും നിങ്ങള് പോയി പൂജ കഴിക്കുന്നുണ്ടല്ലോ, ആ ദൈവത്തിനും പെണ്ണുങ്ങളോടല്ല താല്‍പ്പര്യം, ആണുങ്ങളെ മാത്രാ ഇഷ്ടം.”
“നായിന്‍റെ മോളേ...കൂത്തിച്ചി...”
വായില്‍ വന്ന തെറി അവളുടെ നേരെ വലിച്ചെറിഞ്ഞിട്ട് അയാള്‍ ഇറങ്ങിപ്പോയി.
സങ്കമ്മ ബ്ലൌസിട്ടു. അടുക്കളയില്‍ പോയി ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്തു വന്നു. അവള്‍ കല്ലേഷിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് വെള്ളം കുടിപ്പിച്ചു. അവളുടെ മുന്നില്‍ നിന്ന് അവന്‍ വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങി. ജെട്ടിയിടാന്‍ നോക്കുമ്പോള്‍ കാലുറക്കാതെ അവന്‍ വീഴാന്‍ പോയി. സങ്കമ്മ അവന്റെ കയ്യില്‍ പിടിച്ചു സഹായിച്ചു.
“ഇനിയുള്ള ജീവിതം നിനക്ക് വല്ലാത്ത കഷ്ടപ്പാടായിരിക്കും എന്റെ കുട്ടീ.. ആളുകള്‍ ഒരിക്കലും ഷണ്ഡന്മാരേം വേശ്യകളേം ബഹുമാനിക്കില്ല..” അവര്‍ വിഷമത്തോടെ പറഞ്ഞു.
“ഞാന്‍ ഷണ്ഡനല്ല...” കല്ലേഷി കയ്പ്പോടെ പറഞ്ഞു.
അവന്‍ ഞൊണ്ടിക്കൊണ്ട് വാതിലിനടുത്തെത്തി. അവന്‍ അവന്റെ വീടിന് എതിര്‍വശമുള്ള വഴിയിലേക്ക് നടക്കുന്നത് സങ്കമ്മ നോക്കി നിന്നു. അവര്‍ക്ക് വീരഭദ്രപ്പ കൊണ്ടുവന്ന പണം ഓര്‍മ്മ വന്നു. പിന്നാലെ ഓടിച്ചെന്ന് നോട്ടുകള്‍ അവന്റെ കയ്യില്‍ അവള്‍ തിരുകി.
“എവിടെയാണേലും സന്തോഷമായിട്ടിരിക്ക്...”
കല്ലേഷി ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നു.
സങ്കമ്മ ഒരു തീപ്പെട്ടി എടുത്തു കൊണ്ടുവന്ന് ഇറയത്തെ ചുമരിലെ വിളക്ക് വീണ്ടും തെളിയിച്ചു.
വസുധേന്ദ്ര (കഥാകൃത്ത്)
കര്‍ണാടകയിലെ ബല്ലാരിജില്ലയിലെ സന്തൂറില്‍ ജനനം. ഇരുപതിലേറെ വര്‍ഷങ്ങള്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ചന്ദ പുസ്തക എന്ന പുസ്തകപ്രസാധക സ്ഥാപനം നടത്തുന്നു. കന്നഡയിലെ നവീന എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, ചന്ദ പുസ്തക അവാര്‍ഡ് മികച്ച യുവചെറുകഥാകൃത്തുകള്‍ക്ക് നല്‍കി വരുന്നു. ഭിന്നലൈംഗിക (LGBT) വിഭാഗങ്ങള്‍ക്കായുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കന്നഡ സാഹിത്യ അക്കാഡമി ബുക്ക് പ്രൈസ്, ദാ രാ ബേന്ദ്രെ സ്റ്റോറി അവാർഡ്, യു ആർ അനന്തമൂർത്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എണ്‍പതിനായിരം കോപ്പികള്‍ വിറ്റു പോയിട്ടുള്ള പതിമൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഷ് അഷിത (പരിഭാഷക)
ടൈംസ് ഓഫ് ഇന്ത്യയിൽ ബെംഗളൂരു എഡിഷനിൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതുന്നു. ജെന്നിഫറും പൂച്ചക്കണ്ണുകളും എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈരളി-അറ്റ്‌ലസ് സാഹിത്യ പുരസ്‌കാരം, ടി എം ചാക്കോ മാസ്റ്റര്‍ സാഹിത്യ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകള്‍ നേടി. ഏതാനും കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം റെഡ് ലീഫ് എന്ന ഓണ്‍ലൈന്‍ ജേണലിലും ജര്‍മന്‍ വിവര്‍ത്തനങ്ങള്‍ Strassenstimmen (സ്ട്രീറ്റ് വോയ്സ്) എന്ന ജേണലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന വസുധേന്ദ്രയുടെ മോഹനസ്വാമി എന്ന സമാഹാരത്തിൽ ഉൾപ്പെട്ടതാണ് ഈ കഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.