പിശാചിന്റെ പിടിയിൽ നിന്നെന്നപ്പോലെ തിരക്കിൽ നിന്നും കുതറിയോടിയ ആ തീവണ്ടി ബാരമുള്ലേളായിലേക്കായിരുന്നു. സ്ളീപ്പർ  കോച്ചിലെ ഇരുപത്തിയൊന്നാം നമ്പർ  സീറ്റ് ആയിരുന്നു അയാളുടേത്. അഫ്ഘാനിസ്ഥാനിലേക്ക് ജിഹാദിന് പോവുകയായിരുന്നു വൃദ്ധനായ വാസനമൊല്ലാക്ക.  തോറാബോറ ‎ മലനിരകളിൽ ഒരുപക്ഷേ ഇപ്പോൾ വസന്ത കാലത്തിന്റെ ആരംഭം ആയിരിക്കാം.

വരണ്ട കാറ്റിൽ അലക്ഷ്യമായി പതറിയ നരച്ച താടിരോമങ്ങൾക്ക് മീതെ മുഷിഞ്ഞ തലപ്പാവിന്റെ നേരിയ നിഴൽ പരന്നു. എങ്ങനെയോ, നിശ്ചയമില്ലാത്ത ജീവിതത്തിന്റെ അങ്ങേ തലവരെ തൊട്ട് മടങ്ങി കാഴ്ചകൾ വെറുത്ത് പോയ കണ്ണുകൾ. വളഞ്ഞ് പൂട്ടി അസ്ഥിവേലികളിൽ തടവിലിട്ട ശ്വാസത്തിന്റെ നേർത്ത ഇഴച്ചിൽ…‎ പല ഭാഷകൾ അദൃശ്യരായ അന്വേഷകരെ പോലെ അലയുന്ന ബോഗിയുടെ ഞരക്കം സ്വാസ്ഥ്യം കെടുത്തുന്നു…

ജാലകം വിട്ടയാൾ പുറത്തെ തിളച്ച വെയിലിലേക്ക് ചെന്നു. അകലും തോറും പട്ടണങ്ങളൊക്കെ അഴുക്ക് പുരണ്ട, പൊടിഞ്ഞ കെട്ടിടങ്ങളിലേക്ക് തന്നെ പിന്നെയും  ഗതകാലത്തിലേക്കെന്നോണം ശുഷ്കിക്കുന്നു…

എല്ലാ നഗരങ്ങളുടെയും ആദ്യത്തെയും അവസാനത്തെയും കാഴ്ചകൾ ഇങ്ങനെ തേഞ്ഞ് തീരുന്ന അവശിഷ്ടങ്ങളാണ്…നേരം പോക്കിനെന്നോണം ഓരോന്നുമയാൾ ഓർമ്മകളിൽ നിന്നും പെറുക്കിയെടുത്തു പായൽ പച്ചപ്പടിഞ്ഞ പള്ളിക്കുളത്തിൽ ഒളു നിവർത്തിച്ച് കയറുമ്പോഴാണ് ഇന്റലിജന്റ്സ് ബ്യൂറോയിൽ നിന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വാസനമൊല്ലാക്കായെ തേടി അവസാനമായി വന്നത്…

” നിങ്ങള് പുതിയ ഫോണും സിം കാർഡുമെടുത്തോ?”
സംശയിച്ച് ജീവിക്കുവാൻ വേണ്ടി മാത്രം ജനിച്ച പോലെ തോന്നിച്ച മുഖമുള്ള ഒരാൾ അങ്ങനെ ചോദിച്ചപ്പോൾ മൊല്ലാക്ക മെല്ലെ തലയാട്ടി.

ഇളം കാറ്റിൽ പാകമായ പുൽതലപ്പുകൾ ചരിഞ്ഞ് നിവർന്നപ്പോലെ…
മുറ്റത്തെ ഓട്ടുമാവ് ഇലകൾ തിക്കിയ തടിച്ച കൈകൾ വിടർത്തിയിട്ടിരുന്നെങ്കിലും മേൽക്കൂരയില്ലാത്ത ജാറത്തിങ്കൽ അൽപ്പാൽപ്പമായി ചോർന്ന് വീണ പോക്ക് വെയിൽ തിളക്കം…

മാവ് ചാഞ്ഞ് മറപിടിച്ച സൈതലവി തങ്ങളുടെ മഖ്ബറയിൽ ആരോ കത്തിച്ച ചന്ദന തിരിയുടെ സുഗന്ധം അവരെ തഴുകി ഖബർസ്ഥാനിൽ പതിവ് പോലെ അലഞ്ഞു…
“എന്നിട്ടെന്തെ സ്റ്റേഷനിൽ അറിയിച്ചില്ല?” മൊല്ലാക്കയെ എന്നന്നേക്കും വാസനയുള്ളവനാക്കിയ മജ്മ അത്തറിന്റെ ഗന്ധം പോലീസുകാരിൽ തടഞ്ഞു നിന്നു..

majeed syed,short story,iemalayalam

“ഇവിടെ ഉറൂസിന്റെ തിരക്കോളൊഴിഞ്ഞ് വരാന്ന് വിചാരിച്ചു…പഴയ ഫോൺ ജാറത്തിങ്കലെ ബഹളത്തില് പോയി. വേറൊന്നിന് മാർഗ്ഗമുണ്ടായിട്ട് എടുത്തതല്ല സാറെ. വയറ്റിലൊള്ള പെണ്ണും കിടപ്പ് രോഗിമുള്ള വീടല്ലെ. എപ്പഴാ ഏതിനാ വിളി വരുകാന്ന് ഒരു നിശ്ചയോമില്ല. അതോണ്ടാ…”

മനുഷ്യ ശബ്ദത്തിന് ഇത്രമേൽ ക്ഷീണിക്കാൻ ആവില്ലാത്ത പോലെയിരുന്നു അയാളുടെ വാക്കുകൾ. പള്ളിയുടെ മോന്താരത്തിൽ നിന്ന് കുളപ്പടവിലേക്ക് ഊർന്നിറങ്ങിയ ഓട് മേഞ്ഞ മേൽക്കൂരയുടെ ദയ കൽപ്പടവുകളിൽ നിശബ്ദമായൊരു തണുപ്പ് നിഴലിൽ കോർത്തിട്ടു.

അവരിലൊരാൾ അയാളുടെ വില കുറഞ്ഞ മൊബൈൽ ഫോൺ വാങ്ങി. കോൾ ലിസ്റ്റുകളും മെസേജുകളും പരിശോധിച്ച ശേഷം കവറും ബാറ്ററിയും അടർത്തി ഐ.എം.ഇ.നമ്പരും, സിം കാർഡ് നമ്പരും എഴുതിയെടുത്തു.  ചാഞ്ഞും, നിവർന്നും, തിരിഞ്ഞുമെല്ലാം മൊല്ലാക്കയുടെ പഴഞ്ചൻ രൂപം പോലീസുകാരുടെ ക്യാമറയിൽ എന്നത്തേയും പോലെ അന്നുമലിഞ്ഞു…
ഓഫീസ് മുറിയിലേക്ക് നീളുന്ന പോലീസുകാരുടെ നിഴലനക്കത്തിലേക്ക് അയാൾ ഒട്ടും ശ്രദ്ധിച്ചില്ല …

‎അറബികളുടെ സഞ്ചാര കാലത്ത് പണി കുറ്റം തീർന്ന പള്ളിയുടെ കുമ്മായ വിരിപ്പിൽ നിറം മങ്ങിയ ജനാലകളെല്ലാം ശൂന്യമായ ഖബറുകളെ പോലെ തുറന്ന് കിടന്നു…‎ തുറന്ന ജാലക പഴുതുകളിൽ പരിഹാസങ്ങൾ വിരലമർത്തി …

‎”ഡോക്ടറാകണോന്ന്,… ഓതിക്കന്റെ മകന്റെ പൂതി ചില്ലറയാരുന്നോ… ”
‎ജാറത്തിങ്കലെയും പള്ളി മിമ്പറിലെയും ചായ പുരകളിലെയും അടക്കം പറച്ചിലുകൾ…
‎കേട്ടതൊന്നും വീടരോട് പറയാൻ മൊല്ലാക്ക കൂട്ടാക്കിയില്ല. കാത് തൊട്ട പോലീസ് ജീപ്പിന്റെ തൊണ്ടയനക്കം അകലുമ്പോ സൈതലവി തങ്ങളുടെ ജാറത്തിലേക്കയാൾ മുഖമമർത്തി.

മൊല്ലാക്കയുടെ നെറ്റിയിലെ സുജൂദിന്റെ വട്ട കറുപ്പ് ഖബറിന് മേൽ ശാന്തമായി കിടന്ന പച്ച പട്ടിന് തീപ്പൊള്ളലേൽപ്പിച്ചു. ചകിരിനാര് പോലെ നിവർന്ന താടിരോമങ്ങൾ മതിവരാത്ത വേരുകളെ പോലെ കണ്ണീർ ജലം കുടിച്ച് വറ്റിച്ചു.

ചുണ്ടുകളിൽ വിറഞ്ഞ തന്റെ എല്ലാ വേദനകളും സൈതലവി തങ്ങളുടെ ഹൃദയത്തിന് മാത്രം ഒറ്റ് കൊടുത്ത് വാസനമൊല്ലാക്ക ജാറം വിട്ട് പുറത്തിറങ്ങി. മരിച്ചവർ ഉണങ്ങിയ ഇലകളും, വാടിയ പൂക്കളുമായി ഖബർസ്ഥാനിൽ കൊഴിഞ്ഞ് കിടന്നു. അന്തിനൊമ്പരം ചേക്കേറിയ പള്ളി മുനാരത്തിൽ മഗ്‌രിബിന്റെ വിളി മുഴങ്ങിയത് കേട്ട് ആകാശം ചിരിച്ചത് പോലെ തോന്നി. കാലത്തിന് കണക്ക് പിഴച്ച പോലെ എവിടെയൊക്കെയോ നേരത്തെ തന്നെ നക്ഷത്രങ്ങൾ ഉദിച്ചിരിക്കുന്നു…

ഇത്ര കാലം തന്റെ സ്വരമായിരുന്നു മൈക്കിലൂടെ ഉയർന്ന് കേട്ടത്. മിമ്പറിലെ വാങ്ക് വിളിയും, മദ്രസ്സയിലെ ഓത്ത് ചൊല്ലി കൊടുക്കലും, ജാറത്തിങ്കലെ പട്ട് വിരിയും, യാസീനോത്തും ഒന്നിനും ഇപ്പൊ തന്നെ വേണ്ട. ഇന്നിനി നിസ്കരിക്കാൻ വയ്യ…

ഖബർസ്ഥാനിലെ മണൽ പാതയുടെ അഗ്രതലപ്പിൽ ഏന്തി കയറാൻ തുനിഞ്ഞ റോഡിലേക്കിറങ്ങാൻ പടിപ്പുരയുടെ ഒതുക്കിൽ കാല് വെച്ചപ്പോഴാണ് നിസ്കരിക്കാതെ നടക്കുന്ന കോയാസ്സൻ ചോദിച്ചത് “ന്നാ ഓരോ ചായ കുടിക്കാല്ലെ…”
മുറുക്കാൻ ചവച്ച് കിനിഞ്ഞ രക്തച്ചാല് അയാളുടെ നെഞ്ചിലുണങ്ങി കറുത്തു കിടക്കുന്നു.
നാട്ട് ചൊല്ലിനൊര് ഭ്രാന്തൻ…

സമ്മതമോ മറുപടിയോ പറയാതെ നീണ്ട് മെലിഞ്ഞ കോയസ്സന്റെ മുഷിഞ്ഞ മണത്തെ അയാൾ പിൻതുടർന്നു.  ചായക്കടയിൽ അധികമാരുമുണ്ടായില്ല. ചായയുടെ ചൂട്, വാസന മൊല്ലാക്ക അറിഞ്ഞില്ല.

majeed syed,short story,iemalayalam

“നിന്റെ മോനല്ലെ തീവ്രവാദി, ഇയ്യല്ലല്ലോ. ഈമാൻ ഉറപ്പിച്ചോളു, മനുഷ്യനെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് മനുഷ്യൻ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടത്…”

ബീഡിപ്പുകയുടെ നിബിഢതയിൽ നിന്നും കോയാസ്സന്റെ ജഢ കെട്ടിയ മുടിയും, താടിയും മെല്ലെ അഴിച്ചെടുത്ത് അയാളുടെ മുഖത്തേക്ക് നോക്കിയതല്ലാതെ വാസന മൊല്ലാക്ക ശബ്ദിച്ചതേയില്ല. “പടപ്പുകളെ പടച്ചവൻ പരീക്ഷിക്കും… അതവന്റെ അവകാശാണ്.”

പെട്ടെന്ന് എന്തിനോ മുന്നൊരുക്കം തുടങ്ങിയ പോലെ മേഘങ്ങൾ വല്ലാതെ കറുക്കുകയും കാറ്റ് നിലക്കുകയും ചെയ്തു. കോയസ്സനും മേഘങ്ങളെ പോലെയാണ് പെട്ടെന്നാണ് മറയുക…
‎ഇറ്റ് വീണ മഴതുള്ളികൾ വകഞ്ഞ് വാസനമൊല്ലാക്ക വീട്ടിലേക്ക് നടന്നു.

ഇതുപോലെ ഓർക്കാപ്പുറത്തായിരുന്നു അന്നും മഴ. കഴുകന്റെ ചിറകുകൾ പോലെ വിടർന്ന കുടകളിൽ മൂടി കടത്ത് വഞ്ചി പുഴയുടെ നേരിയ ഒഴുക്കിനൊത്ത് നീന്തി. കോയസ്സനെ ആദ്യമായ് കണ്ട് ഉവൈസിന്റെ പേടിച്ചരണ്ട മുഖം തന്റെ പിന്നിൽ മറഞ്ഞു നിന്ന് വിരൽ തുമ്പ് മുറുക്കി …

“എന്താ, ഓന് പേര് വെച്ചേക്കണത്?”

കോയസ്സൻ തുപ്പി ചുവപ്പിച്ച പോലെ കലങ്ങി മറഞ്ഞ പുഴ വെളളം…

” ഉവൈസ്,” വാസനമൊല്ലാക്ക മെല്ലെ പറഞ്ഞു.

” ഓത്ത് പഠിക്കണില്ലെ?”

“അഖ് ലാക്കും, ” ദീനിയാത്തും തീർത്തു. യാസീൻ പകുതി മന:പാഠം…”

അവരെ മടുത്തെന്നോണം മഴ പുഴക്കക്കരെ തെങ്ങിൻ തലപ്പിലേക്ക് നീന്തി. വഞ്ചിയുടെ വളഞ്ഞ ഞരമ്പുകളിൽ വിസ്തൃതി വ്യാപിച്ച കുടകൾ ആവുംവിധം മെലിഞ്ഞ് നൂണ്ടു.

“ഉം…”

കോയസ്സന്റെ മന്ത്രണം കേക്കാനെന്ന പോലെ കാത് കൂർപ്പിച്ച് വില്ല് കോണിൽ ഒരു നീർകാക്ക വന്നിരുന്നു.

” ഇവനെ അക്കരെ സ്കൂളില് ചേർക്കാന് പോകുവാ,” മൊല്ലാക്ക പറഞ്ഞു.

കോയസ്സന്റെ വെള്ള പൊതിഞ്ഞ തലപ്പാവിനുളളിൽ നിന്നും പുറത്ത് ചാടിയ കൽക്കണ്ടം വാങ്ങി ഉവൈസ് ആകാശമിറ്റിച്ച വെളിച്ചത്തിലേക്ക് മുഖം നീട്ടി… നീണ്ട കൈതലപ്പിൽ മൊല്ലാക്ക ചുണ്ടമർത്തി പുലമ്പി…

” വീടരുടെ വയറ്റിലുണ്ട് …നിങ്ങൾക്ക് ദുആ വസിയ്യത്തുണ്ട്.”

പുഴയിൽ കൂപ്പ് കുത്തിയ നീർകാക്ക മേലോട്ട് പറന്ന് മേഘത്തിലൊളിച്ചു.

“കുട്ടി, പെണ്ണ്”

വഞ്ചി കരക്കടിഞ്ഞതും മറുപടിയോടൊപ്പം കോയസ്സനും മറഞ്ഞു…

ഉവൈസ് മെഡിക്കലിന് അപേക്ഷിച്ച രാത്രി കോയസ്സൻ വീട്ടിലെത്തിയപ്പോൾ
വറ്റൊഴിച്ച കിണ്ണത്തിലേക്ക് അനക്കമറ്റ് തലനീട്ടി പിടിച്ച മണ്ണെണ്ണ വെട്ടം ഒന്ന് കൂടി തുളുമ്പി…
ചണ ചാക്ക് വിടർത്തി അട്ട കണക്കെ ചുരുണ്ട് കോയസ്സൻ മൊല്ലാക്കയുടെ കാതിൽ പറഞ്ഞു
‎” ഓതിക്കന്റെ മോൻ ഡാക്കിട്ടാറൂകല്ല…”

‎ മണ്ണെണ്ണ കറുപ്പിച്ച പുക ഏതൊക്കെയോ രൂപം പ്രാപിച്ച് ഇരുളിന്റെ അണ്ണാക്കിലൊതുങ്ങി..
‎ വായിച്ചെടുത്തെങ്കിലും കോയസ്സന്റെ ജല്പനങ്ങളുടെ അർത്ഥങ്ങളറിയാതെ വിളറിയ
വാസനമൊല്ലാക്കയുടെ അയഞ്ഞ മുഖത്ത് അവശേഷിച്ച ഉറപ്പില്ലായ്മകൾ കൂടി പിന്നീട് ഉവൈസ് പറഞ്ഞുടച്ചു.

‎എൻട്രൻസ്സ് നല്ല റാങ്കിൽ പാസ്സായപ്പോ ഉവൈസ് കോയസ്സനെ ചീത്ത വിളിച്ചു തീവണ്ടി കയറി പോകുമ്പോൾ സ്റ്റേഷന് പുറത്ത് പുക ചുരുളുകളുടെ ഇടയിൽ കണ്ണടച്ച് കിടന്നതല്ലാതെ മൊല്ലാക്കയെ അയാൾ നോക്കിയതേയില്ല.

മഴ ഇമ വെട്ടാതെ മണ്ണിനെ നോക്കി. മൊല്ലാക്ക വീടെത്തി. ഇറയത്ത് പറ്റിപ്പിടിച്ച വെളിച്ചത്തിന്റെ നൂലനക്കം. ജാലക വടിവിനുള്ളിൽ പേടിച്ചരണ്ട രണ്ട് കണ്ണുകൾ. കോയസ്സൻ പറഞ്ഞ പോലെ രണ്ടാമത്തെ കുട്ടി പെണ്ണായിരുന്നു.

വാതിലുകളുടെ വിറഞ്ഞ ശബ്ദം. ഭയപ്പെടുത്തലുകൾ കൊന്നുകളഞ്ഞ സമാധാനം അവിടമാകെ അളിഞ്ഞ് കിടന്ന് ദുർഗന്ധം പടർത്തി…

‎” പോലീസ് ഇവിടെം വന്നോ…”

‎” ഉം… ”

‎ വളരുന്ന വയർ മെല്ലിച്ച ശരീരത്തിന് അധികപ്പറ്റായി അയാൾക്ക് തോന്നി. ‎അയനോക്കാട്ടിലെ ബശീറൂന്റെ മോൻ സുഹൈലിനൊപ്പം പോയ നാലുപേരും കഴിഞ്ഞ നോമ്പുകാലത്ത് കാശ്മീരില് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു…അതിർത്തി കടക്കാൻ ഒരു ദിനം ബാക്കി നിൽക്കെ സുഹൈൽ സൈന്യത്തിന്റെ പിടിയിലായി… ഉവൈസ് മാത്രം രക്ഷപ്പെട്ടിരിക്കുന്നു.majeed syed,short story,iemalayalam
‎ വാർത്തകൾക്ക് ജീവൻ വെച്ച് തുടങ്ങും മുൻപേ ഉവൈസിനെ തേടി പോലീസെത്തി..
പോലിസ് വാഹനങ്ങളിലും ഓഫീസ് മുറികളിലും പടച്ചവനെ തേടി വാസനമൊല്ലാക്ക നിസ്സംഗനായി…

‎ ആയുസ്സറ്റ നാൽക്കാലിയെ പോലെ തളർന്ന അയാളുടെ വീടും, ഓത്ത്പള്ളിയിലെ കുടുസ്സു മുറിയും പലവട്ടം കുഴഞ്ഞ് മറിഞ്ഞു…

ക്രമേണ മുക്കും മൂലയും അറിഞ്ഞ വീടര് വീണതോടെ കിടപ്പിലായി…‎ ഓത്ത് പള്ളിക്കൂടത്തിലും, മിമ്പറിലും വാസനമൊല്ലാക്ക വിലക്കപ്പെട്ടു. ഖത്തം വഴങ്ങലും, കുത്തുബിയത്ത് റാത്തിബും, മയ്യിത്ത് കുളിപ്പീരും, ചന്തയിലെ ആട് മാട്‌ അറുക്കലുമെല്ലാം ചന്തിരൂർ മുക്രിക്ക് കൈമാറ്റപ്പെട്ടു…

വഴിയിടങ്ങളിലെ വാതിലുകൾ ഭയം കൊണ്ട് അയാളുടെ അനക്കങ്ങളിൽ അടഞ്ഞ് കിടന്നു…
‎മൂന്ന് മാസം കഴിഞ്ഞ മകളും നിറഞ്ഞ വയറും ചേർന്ന് ഒറ്റ മുറിയിൽ വെറുക്കപ്പെട്ട നിഴലുകളുടെ എണ്ണം പെരുക്കി…

‎ സൈതാലി തങ്ങളുടെ ജാറത്തിനും കോയസ്സന്റെ ചുമലിനും മാത്രം എന്തോ മൊല്ലാക്കയോട് അറപ്പ് തോന്നിയില്ല…‎ ആളൊഴിഞ്ഞ നേരങ്ങളിൽ പളളിയുടെ ഇരുണ്ട മൂലകളിൽ ഖുർആനിന്റെ അക്ഷരങ്ങളിൽ മോചനം തേടിയ വരളാത്ത കണ്ണുകൾ…

‎ വ്യക്തതകളില്ലാതെ രാവും പകലും ഒരേ മുഖത്തോടെ ഇരച്ച് കയറുന്ന തിര പോലെ … ശൂന്യതയിൽ നിറയെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ കുത്തിനിറച്ച് ആരോ തന്നെ കുരുക്കിയിടുന്ന പോലെ…

‎ ഭംഗിയുള്ള കസേരകൾ…ഭംഗിയുള്ള മുറി. മിമ്പറിൽ സുജൂദിന് വിരിച്ച പോലത്തെ ചിത്രരശ്മികൾ കുരുങ്ങി കിടന്ന വിരിപ്പിനെ പാതി മറച്ച് ഇരുന്ന അയാൾ വൃത്തിയായി വാസനമൊല്ലാക്കയെ അളന്ന് തീർപ്പാക്കി…

‎അയാളെ കൂടാതെ മുറിയിൽ നാലഞ്ച് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ‎ ആയിരം കണ്ണുകൾ അരക്കാഴ്ച കൊത്തി വിശപ്പടക്കാൻ കൊതിക്കുന്ന പോലെ…

‎”എങ്ങനാ അവോക്കർ മൊല്ല വാസനമൊല്ലാ ആയത് ” … തീർപ്പാക്കാനാവാത്ത വീർപ്പ് മുട്ടലുകൾക്ക് ഇത്തരം, മൃദുവായ ചില ചോദ്യങ്ങൾ കൊണ്ട് ലാഘവത്വം പകരാമെന്ന് അയാൾ മാത്രമല്ല അവരെല്ലാവരും ഏതാണ്ട് ധരിച്ചിരുന്നു…

‎” ഓത്ത് കുട്ടികൾ…”‎സത്യത്തിൽ ഓത്ത് പിള്ളേരാണ് അയാളെ വാസനമൊല്ലാക്കയെന്ന് കളിയായി ആദ്യം വിളിച്ചത്…

തൊണ്ട പിഴിഞ്ഞെടുത്ത് പാതിയിൽ മുറിഞ്ഞ അയാളുടെ വാക്കുകൾ അവരുടെ ധാരണകൾക്ക് തീർത്തും വിപരീതമായിരുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളെയും വികാരങ്ങളെയും തങ്ങളുടെ തോന്നലുകൾ കൊണ്ട് അർത്ഥം കൽപ്പിക്കുന്ന വിഡ്ഢികളാണ് മനുഷ്യർ…

‎”ഓത്ത് കുട്ടികളും കൂടെ ഉവൈസും അങ്ങനെയാണോ തന്നെ വിളിച്ചിരുന്നത്?”
‎ ധാരണകൾ പെട്ടെന്ന് തിരുത്തപ്പെടുമ്പോഴാണ് മനുഷ്യൻ ദയയില്ലാതെ പെരുമാറുകയെന്ന് മൊല്ലാക്കയെ തോന്നിപ്പിച്ചു മന:പൂർവ്വം എറിയപ്പെട്ട ആ ചോദ്യം.

‎ ഉവൈസിന്റെ സുന്നത്തിന്റെ തലേ രാത്രി അന്നേരമയാൾ ഓർത്തെടുത്തു. നിലാവിന്റെ ചരിഞ്ഞ ഒരു കൊത്ത് കീറും നക്ഷത്രവും മാറിലേറ്റിയ ചുവപ്പ് ചായം പൂശിയ അരത്തളത്തിന് തലക്കെട്ട് പോലെ പെട്രോമാക്സ്.  സിമന്റടർന്ന തറയിൽ കീറിയ തഴപ്പായകൾ… പൊതിഞ്ഞ തലയണയുടെ നെഞ്ചിൽ ഇരട്ടവാലൻ കുത്തി തുളച്ച തുരുമ്പ് നിറത്തിൽ മൗലൂദ് കിത്താബ്… വട്ടമിട്ട വെളിച്ചത്തെ ദീർഘാകാരത്തിൽ മൗലീദിന്റെ ഈണത്തിനൊപ്പം കൃത്യമായി മുറിച്ചാടിയ വെൺ കോലങ്ങൾ.

‎മൗലൂദും, റാത്തീബും കഴിയും വരെ നെഞ്ച് നെഞ്ചോട് ചേർത്ത് മടിയിൽ മയങ്ങുമ്പോൾ ഉവൈസിന്റെ ഹൃദയം മിടിച്ചത് പോലൊരു നിർമ്മലമായ മിടിപ്പ് മൊല്ലാക്കയുടെ ഉള്ളിൽ മുഴങ്ങി.

‎പിറ്റേന്ന് ദിക്റുകളുടെ ഉയർച്ച താഴ്ച്ചകളിൽ വേദന തളച്ചിട്ടൊരു ഞരക്കം ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങാൻ മടിച്ച പോലെ…ഒക്കെ കഴിഞ്ഞ് കരിപിടിച്ച‎ കഴുക്കോലിൽ തൂങ്ങിയ വെള്ള തുണിയുടെ വിടർപ്പിൽ നേരിയൊരു നിഴലനക്കം.

വീശ് വലയിൽ കുടുങ്ങിയ വെള്ളിപ്പരലിനെ ആരോ മുകളിലിരുന്ന് കൗതുകത്തോടെ വലിച്ചുയർത്തുന്ന പോലെ. വീടരുടെ കൈയ്യിലിരുന്ന പാള വിശറി വിളറിയ മുഖം പോലെ വായുവിൽ നീരസമില്ലാതെ ഉലാത്തി മുറിവ് നീറ്റലിനെ തെല്ല് ശകാരിച്ചു…

‎”വാസനമൊല്ലാക്കാന്നാ ഉപ്പാനെ ഓത്ത് പൊരേല് എല്ലാരും വിളിക്കണത്…”
‎അന്നൊരിക്കലെ ഉവൈസ് അങ്ങനെ വിളിച്ചിട്ടുള്ളൂന്നയാൾ ഓർത്തു…

majeed syed,short story,iemalayalam

‎” അയാൾ ഒന്നുകിൽ കാശ്മീരിലാകാം. അല്ലെങ്കിൽ പാകിസ്താനിലോ, അഫ്ഗാനിസ്ഥാനിലോ ,സിറിയയിലോ എവിടെയുമാകാം… യുദ്ധവും രക്തസാക്ഷിത്വവുമൊക്കെ അവിടാണല്ലോ ഇപ്പോ ലഭ്യം… ദാരിദ്ര്യത്തിന്റെ കൊടും തണുപ്പിലും പഠിച്ച് മികവേറിയ ഒരു കുട്ടി. ഒരു വർഷം കൂടി കഴിഞ്ഞാൽ സമൂഹത്തിന് ഉപകാരപ്പെടേണ്ട ഡോക്ടർ…ഐ.എസ്ന്റെ ദക്ഷിണേന്ത്യൻ കമാണ്ടറെന്ന നിലയിലേക്ക് ഉവൈസ് വളരെ വേഗം വളർന്നിരിക്കുന്നു… നിങ്ങളോ ഓത്തു കുട്ടികളുടെയും ജാറത്തിങ്കലെത്തുന്ന അശരണരുടെയും ഒക്കെ പാവം വാസനമൊല്ലാക്കയിൽ നിന്നും രാജ്യദ്രോഹിയുടെ പിതാവിലേക്കും വളർന്നിരിക്കുന്നു… മാറ്റങ്ങൾ എത്ര വേഗവും ക്രൂരവുമാണെന്ന് ചിന്തിച്ചിട്ടുണ്ടോ മൊല്ലാക്ക നിങ്ങൾ? നിങ്ങളാണോ ഓത്തുപുരകളിൽ വെച്ച് മകനെ ജിഹാദ് പഠിപ്പിച്ചത്?”

ഓഫീസറുടെ ഉറച്ച ശബ്ദത്തത്തോട് വയസ്സ് ചെന്ന കിതപ്പ് പരാജയപ്പെട്ടു.‎ മോനിട്ടറിൽ കണ്ട ഉവൈസിന്റെ താടിരോമങ്ങൾ വല്ലാതെ നീണ്ടിരിക്കുന്നു.‎ ചിരി വറ്റിയ മുഖം. തോളിൽ മാറാവ്യാധി പോലൊരു യന്ത്ര തോക്ക്. ‎ ശരിയാണ് ഇലകൾ ആകാശങ്ങളിലേക്കും വേരുകൾ മണ്ണിനടിയിലേക്കും വിത്തിൽ നിന്നുമകലുന്ന പോലെ ഇനിയൊരിക്കലും കൂട്ടിമുട്ടാത്ത
‎ധ്രുവാഗ്രങ്ങളായിരിക്കുന്നു തങ്ങളിപ്പോൾ…

‎ കേൾവിയും കാഴ്ചയും, മരിച്ച നിമിഷങ്ങൾ… ഉത്തരമറിയാത്ത അനേകമനേകം ചോദ്യങ്ങൾ അലഞ്ഞ ഭംഗിയുള്ള ആ മുറിയിൽ വാസന മൊല്ലാക്കയുടെ മൗനം വീണ് പിടഞ്ഞു..
മൈലാഞ്ചിക്കാടുകളുടെ മൊഞ്ചൽ കുറുങ്ങലുകളിൽ കാറ്റെടുത്ത് വന്ന അനേകം അവധൂതന്മാരുടെ അത്ഭുത കഥകൾക്ക് ഹൃദയത്തിൽ പായ വിരിച്ച് കൊടുത്ത ഓത്തുപുര…
‎ ക്ലാസ്സ് മുറിയിലെ ബഞ്ചുകാലുകളുടെ മുരടനക്കത്തിന് മുകളിൽ കുട്ടിയൊച്ചകൾ മേഞ്ഞ് നടന്നു. ഖബർസ്ഥാനിലെ മൈലാഞ്ചിയിലകൾ കാറ്റിലൊളിച്ച് എങ്ങോട്ടോ പോവാൻ വെമ്പുന്ന പോലെ.

‎” മനുഷ്യൻ സ്വന്തം ശരീരത്തോട് ജയിക്കേണ്ട യുദ്ധമാണ് ഏറ്റവും വലിയ ജിഹാദ്,” ‎ കൈകൾ രണ്ടും തുടകളിൽ ചേർത്തമർത്തി ഉയർന്ന ശബ്ദത്തിൽ ഉവൈസ് ഉത്തരം പറഞ്ഞു.
മൊല്ലാക്കയുടെ മുഖത്ത് ഖമറിന്റെ തിളക്കം ഉദിച്ചു.

‎ഉവൈസ്സിന്റെ കരം പിടിച്ച് ഓത്തു പുരയുടെ മുറ്റം വിടുമ്പോൾ ഉണങ്ങിയ നെഞ്ചിൽ നട്ട വെയിൽ കോരിയിട്ട് സൈതലവി തങ്ങളുടെ ജാറത്തിന്റെ വരാന്തയിൽകിടന്ന് കോയസ്സൻ പാടി കൊണ്ടേയിരുന്നു.

“പൊട്ടാ നീ മുൻതുള്ളി പിൻചോരക്കട്ട
പിന്നെ നീ കാഷ്ഠം ചുമന്നൊരു കുട്ട
പെട്ടാലൊ ചത്ത ചകമല്ലെ പൊട്ടാ.
പറ നിൻ ഉടൽക്ക് പിന്നെന്താ ബഹുമാനം പൊട്ടാ…”

അയാളുടെ വിയർപ്പ് കണങ്ങൾ വൈഡൂര്യ മണികളെ പോലെ പ്രകാശം പൊഴിച്ചു. ജയിൽ മുറ്റത്തെ തിരക്കിൽ നിന്ന് അല്പം മാറി ആരോടും പിണക്കമില്ലാതെ എന്നോ വേരൂന്നിയ പേരാലിന്റെ കടയ്ക്കൽ ക്ഷമയോടെ മൊല്ലാക്ക സുഹൈലിനെ കാണാൻ കാത്തിരുന്നു.

ഇളകിയ വിടവുകളിൽ ഇരുളിനെ കൂടി തടവിലിട്ട പൂപ്പല് പിടിച്ച മേൽക്കൂര. പ്രാവുകൾ കുറുകുന്ന മച്ച് പലകകൾ. കണ്ണുകൾ കാഴ്ചക്കാരുടെ നിഴലുകളിൽ പൂഴ്ത്തുന്ന പാറാവുകാരൻ….
ഒച്ച പോലും നേർപ്പിച്ച് ഒന്ന് രണ്ട് വാഹനങ്ങൾ കടന്ന് പോയി.

‎ ഭൂമിയോളം വലിയ തടവറയേത്? തടവുകാരല്ലാത്ത മനുഷ്യരാരുണ്ട് ഭൂമിയിൽ? ജീവിതത്തെ തടവിലാക്കി രസിക്കുന്ന ഓർമ്മകളിൽ നിറയെ അന്ധകാരംപുതയുന്നു…

‎ “പീടികപറമ്പിൽ അവോക്കർ മൊല്ലാക്ക…”

‎ആവർത്തിച്ച വിളികൾ ഇറങ്ങി വന്ന പരുക്കൻ പടികളിലൂടെ ഒരു വിധം ഏങ്ങി കയറി അയാൾ കാഴ്ച മുറിയിലെത്തി. ഒരു മതിൽക്കെട്ടിനാലോ, നേർത്ത ലോഹ നൂലുകളാലോ മാത്രമാണോ സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവുംമനുഷ്യർ വേർതിരിക്കുന്നത്…അല്ല.. നോക്കും വാക്കും ചിന്തയും ചിന്താശൂന്യതയുമെല്ലാം ഈ വേർതിരിവിന് തന്നെയാണ് മനുഷ്യൻ ഉപയോഗിക്കുന്നത്.

‎ഇരുമ്പ് വല കണ്ണിയിൽ വിരലുകൾ അള്ളി ചേർത്ത മൊല്ലാക്ക ‎അയനോക്കാട്ടിലെ ബശീറൂന്റെ മോൻ സുഹൈലിന്റെ മുഖം അഴികൾക്കിടയിലൂടെ ബന്ധപ്പെട്ട് വരച്ചെടുത്തു. സമുദ്രത്തെ കൃത്യതയാടെ വെട്ടിമുറിച്ച് വേർതിരിച്ച പോലെ മധ്യത്തിൽ പാകിയ വലയുടെ ഇഴയടുക്കിൽ രണ്ട് ചെറു മത്സ്യങ്ങളെ പോലെ ഇരുപുറങ്ങളിലായി അവർ കുരുങ്ങി കിടന്നു.

majeed syed,short story,iemalayalam

‎”അസ്സലാമു അലൈക്കും,” ഓത്ത് പള്ളിക്കൂടത്തിലെന്ന പോലെ സുഹൈൽ കൂകി പറഞ്ഞു.

ചെത്തി കൂർപ്പിച്ച താടിരോമങ്ങൾ നെഞ്ചിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ചലനമില്ലാതെ കിടക്കുന്നു. അതിര് കോറി കാഴ്ചകൾക്ക് അടയാളം വെച്ച പോലെ കൺതടങ്ങളിൽ മങ്ങലേറ്റ സുറുമ.

‎”വ അലൈക്കു മുസ്സലാം…”

‎ചിലപ്പോൾ നിശബ്ദതയ്ക്ക് ആയുസ്സ് തീരെ കുറവായിരിക്കുമെന്ന് ഓർമ്മിപ്പിക്കുംപോൽ മൊല്ലാക്ക അവർക്കിടയിൽ പൊടുന്നനെ ഉറഞ്ഞ് കൂടിയ മൗനം ഭഞ്ജിച്ചു…

‎”എനിയ്ക്ക് ഉവൈസിനെ കാണണം…”

‎എന്തിനെന്നൊരു ചോദ്യം അവന്റെ മുഖത്ത് തികട്ടിയത് കണ്ടിട്ട് ആവശ്യമില്ലാതിരുന്നിട്ടും അതിനുള്ള ഉത്തരവും മൊല്ലാക്ക തന്നെ പൂരിപ്പിച്ചു.

‎”എനിക്ക് ജിഹാദ് ചെയ്യണം…”

അത് കേട്ടപ്പോൾ സുഹൈൽ വാസനമൊല്ലാക്കയെ നോക്കി പുഞ്ചിരിച്ചു. ഉവൈസിലേയ്ക്കുള്ള വഴി അവൻ തുറന്നു. കോയസ്സനും എവിടെ നിന്നോ ചിരിച്ച പോലെ അയാൾക്ക് തോന്നി.

മംഗലാപുരത്ത് നിന്ന് കാറിൽ മൂന്ന് മണിക്കൂറിലധികം യാത്രയുണ്ടായിരുന്നു അവിടേയ്ക്ക്. സഹയാത്രികർ രണ്ട് പേരും നാവ് വിലക്കപ്പെട്ടവരെപ്പോലെ അധികം സംസാരിച്ചില്ല…കാപ്പി ചെടികൾ നിരന്ന വലത്തോട്ടുള്ള വളവിൽ വെച്ച് വലിയ റോഡ് തങ്ങളാൽ ഉപേക്ഷിക്കപ്പെടുന്നത് മൊല്ലാക്ക കണ്ടു, തലയെടുത്ത് നിന്ന കാട്ടിലെ വന്മരങ്ങളുടെ ഉടലിൽ ബാധിച്ച പൂപ്പൽ ശൽക്കങ്ങൾ ഉന്മാദ ചിത്രങ്ങൾ പോലെ പതിഞ്ഞ് കിടക്കുന്നു…

കുന്നിനെ ഒന്നാകെ ചുറ്റി പിണഞ്ഞ പോലെ ചുരുണ്ട് കിടന്ന റോഡിലൂടെ മുകളിലെ ആകാശ മുനമ്പിലേക്കെന്നോണം കാർ പുളഞ്ഞ് കയറന്നു… എപ്പഴോ കണ്ണുകൾ അടച്ചിരുന്നെങ്കിലും കാഴ്ചകൾ എന്തോ മറയുവാൻ കൂട്ടാക്കാത്തപ്പോലെ വികൃതി കൂട്ടി. വീടിറങ്ങുന്നേരം പാതിരാവിട്ടിരുന്നു…

അലക്ഷ്യമായി ഭൂമിയിൽ പരതിയ നിലാവെളിച്ചത്തിന് മുഖം കൊടുക്കാതെ നിന്ന വേപ്പ് മരച്ചോട്ടിൽ, മൊല്ലാക്കയെ കൊണ്ട് പോവാൻ വന്ന നിഴലുകൾ വീർപ്പ് മുട്ടി …..
വീടര് അനക്കമില്ലാത്ത കണ്ണ് അന്തമില്ലാത്ത ചിന്തകളിൽ തറപ്പിച്ചതല്ലാതെ ഒന്നും ചോദിച്ചില്ല..
മഴയില്ലാത്ത മാനത്ത് വെയിലേറ്റ തീർത്ഥയാത്രികരെ പോലെ തെളിഞ്ഞ മേഘപാളികൾ അവർക്ക് വഴികാട്ടി.

കാത്ത് നിന്ന നിഴലുകൾക്ക് പിന്നിൽ മൊല്ലാക്കയുമൊരു നിഴൽ രൂപം പോലെയനങ്ങി.
വേലിക്കല്ല് വരെ പെണ്ണിന്റെ ഉന്തിയ വയർ ഇടം കൈതാങ്ങി വന്നു. പൊടിഞ്ഞ കണ്ണീരിൽ ചവിട്ടാതെ മൊല്ലാക്ക നടക്കുമ്പോൾ കോയസ്സൻ ചാരു തിണ്ണയിൽ ഇരുന്ന് ഉറക്കെയുറക്കെ ബദർമാല പാടി.

മഞ്ഞ് കീഴടക്കിയ മലയുടെ ഉച്ചസ്ഥായിയിൽ അവരെത്തി. ചെറിയ തീക്കുണ്ഡങ്ങൾക്ക് നടുവിൽ മൂന്ന് ടെന്റുകൾ. പരസ്പരം ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാൻ മറന്ന പന്ത്രണ്ട് പേർ ചതുരംഗക്കളത്തിൽ ആരോ നിരത്തി വെച്ച കറുത്ത പടയാളികളെ പോലെ നിരന്ന് ഇരുന്നു.

അവർക്ക് മുന്നിൽ വലിച്ച് കെട്ടിയ വെളുത്ത തുണിയുടെ മറുവശത്തൊരു അവ്യക്തമായൊരു മനുഷ്യ രൂപം. സ്വച്ഛന്ദമലയുന്ന അരുവിയൊഴുക്ക് പോലെയായിരുന്നു അയാളുടെ വാക്കുകളുടെ വ്യക്തത. ‎ മരണം എത്ര ലാഘവത്തോടെയാണ് അവർക്കിടയിൽ നിർവ്വചിക്കപ്പെടുന്നതെന്ന് മൊല്ലാക്ക അമ്പരന്നു.

മുപ്പത്തിമൂന്നാമത്തെ ദിവസം പരിശീലനം കഴിഞ്ഞ് മലയിറക്കം..
പന്ത്രണ്ട് പേരെ ആറ് കഷണങ്ങളാക്കി കൊല്ലാനും ചാകാനും പ്രാപ്തരാക്കി പല ദിക്കിലെറിയപ്പെട്ടു.

മെഹ്ബൂബ് എന്നായിരുന്നു അവന്റെ പേര്. അവനെയാണ് മൊല്ലാക്കയുടെ ഒപ്പം വിട്ടത്.
ഇളകി തെറിച്ച ബസ്സിൽ മൊല്ലാക്കയുടെ തോൾ ചേർന്ന് അവനുറങ്ങുമ്പോൾ അയാളോർത്തു ഏതാണ്ട് ഉവൈസിനൊപ്പം പ്രായം.

അവന്റെ ചെമ്പിച്ച മുടിയിഴകളുടെ അരിക് തലപ്പാവിനെ അനുസരിക്കാത്തപ്പോലെ കാറ്റിലിളകി. ബംഗാളിൽ കാടിനോരം ചേർന്ന് പട്ടിണി മേഞ്ഞ പുൽക്കുടിലിൽ പത്തിലൊരാൾ ആയിരുന്നു മെഹ്ബൂബ്.

ഒൻപത് പേരുടെ വിശപ്പിന് വില പറഞ്ഞ് ഉറപ്പിച്ച് ചാവേറിന്റെ മനസ്സ് അവനിൽ തുന്നിയെടുത്തെങ്കിലും അതെന്തോ പാകമാവാത്തപ്പോലെ അയാൾക്ക് തോന്നി. പെയ്യാത്ത മഴ തടം കെട്ടിയ ചാര നേത്രങ്ങൾ ആയിരുന്നു അവന്റെത്.

ഹൈദരാബാദിലെ പട്ടണം വിട്ട് നാല് ദിവസത്തെ യാത്ര ചെന്നെത്തിയത് കരിമ്പ്തോട്ടങ്ങളിൽ ഒളിഞ്ഞ് കിടന്ന കുറുകിയ വഴിച്ചാലുകളിൽ. മൺകട്ടകൾ കൊണ്ട് ഏതോ വികൃതി കുട്ടികൾ അവധിക്കാലത്ത് അടുക്കിയെടുത്തപ്പോലെ ദൂരെ കുന്നിൻ മുകളിൽ ആട് മേച്ച് മാത്രം നടന്ന ഗ്രാമം. അതിർത്തി കടക്കും വരെ അവർക്ക് അവിടെ താമസിക്കേണ്ടതുണ്ടായിരുന്നു.

ചെളി പുരണ്ട ഇടുങ്ങിയ വഴിയുടെ കാൽചുവട്ടിൽ പറ്റി കിടന്ന മൺകുടിൽ വല്ലപ്പോഴും വന്ന് പോകുന്ന ജിഹാദ് വാഹകരെയൊഴിച്ചാൽ ഏതാണ്ട് അവർ രണ്ട് പേരുടെയും മാത്രമായിരുന്നു.
ഓർക്കത്താപ്പുറത്ത് സംസാരം വീണ്ടെടുത്തപ്പോലെ പിന്നീടെന്നും മെഹ്ബൂബ് മൊല്ലാക്കയോട് നിറയെ സംസാരിച്ചു.

രാത്രികളിൽ തുറന്നിട്ട മുളപ്പാളിയുടെ ജനാലക്കപ്പുറത്ത് നിശബ്ദമാകുന്ന നീലവാനം. ഒന്നൊന്നായി വിശന്നൊട്ടിയ ഒൻപത് വയറുകൾ മെഹ്ബൂബിലൂടെ മൊല്ലാക്കയുടെ കാഴ്ചയിൽ നിരന്നു.

“മരപ്പാവകളെ ഉണ്ടാക്കുവാൻ ഞാനും ഷെഹരിയാറും ഉപ്പയെ സഹായിക്കുമായിരുന്നു. അവൾ ഉപ്പയുടെ സഹോദരിയുടെ മകളാണ്.  കാട്ടിൽ കയറി ചെറിയമുളം തണ്ടുകൾ ഞങ്ങൾ വെട്ടി കൊണ്ട് വരും. ഉപ്പ മുളന്തണ്ടുകൾ ചീകി വെയിലത്ത് ഉണക്കും.  വിരലോളം പോന്ന മരപ്പാവകളിൽ ഞങ്ങൾ കുട്ടികളാണ് മഞ്ഞയും ചുവപ്പും ചായം പൂശുക.. കാട്ടിൽ ഗാജി ബാബയുടെ ഉറൂസെത്തുമ്പോഴേക്കും കൈകളിലും കവിൾ തടങ്ങളിലും നിറം പുരണ്ട് ഞങ്ങളും മരപ്പാവകളെപ്പോലെ ഭംഗിയാവും.. പാവം ഷെഹരിയാർ ഈ രാത്രിയിലും എന്നെ കാത്തിരിക്കുന്നുണ്ടാകും…”

majeed syed,short story,iemalayalam

ദൂരെയെവിടെ നിന്നോ ഉതിർന്ന ചകോരപ്പക്ഷിയുടെ തേങ്ങൽ.  മൊല്ലാക്കയുടെ വരണ്ട കൈ തടങ്ങളിൽ മെഹ്ബൂബ് ചേർന്നു. ‎അരവർഷക്കാലം കൊണ്ട് മണൽപരപ്പിൽ വരഞ്ഞ നീളൻപാട് പോലെ മൊല്ലാക്ക മെലിഞ്ഞൊട്ടി.

ഭൂമി തുരന്ന് ഇരുട്ട് നിറച്ചപ്പോലെ കൺതടങ്ങൾ കറുത്തു. വെളുത്ത തൊലിപ്പുറങ്ങളിൽ പൊള്ളിയ വട്ടപ്പുകൾ തിണർത്തു. അന്നൊരാൾ അവരെ കാണുവാൻ വന്ന. അവർ മലഞ്ചെരുവിലെ കാട്ടരുവിയുടെ തീരത്തായിരുന്നു.

ഒഴുക്കിനടിയിൽ ചലനമറ്റ തെളിഞ്ഞ വെള്ളാരം കല്ലുകൾ നദിയുടെ സ്ഥായിയായ അനേകം കണ്ണുകളെപ്പോലെ അവരെ നോക്കി. മൊല്ലാക്കയും മെഹ്ബൂബും ആഗതനെ കേട്ടിരിന്നു. മെഹ്ബൂബ് തലപ്പാവ് ധരിച്ചിരുന്നില്ല. സൂര്യന്റെ ഉരുക്ക് രശ്മികൾ അവന്റെ ചെമ്പൻമുടി തിളപ്പിച്ചു.

‎” വെള്ളിയാഴ്ച അതിർത്തി കടക്കണം. നാളെ ഇവിടുന്ന് യാത്ര തിരിക്കണം. അതിർത്തി കടന്ന് വന്നാൽ പിന്നെ വീര സ്വർഗ്ഗത്തിലേക്ക് അധികംദിവസമില്ല,” ആർത്തലക്കുന്ന നദി പോലെ അയാളുടെ താടിരോമങ്ങൾ കാറ്റിൽ പറന്നു.

അയാൾ കൊണ്ട് വന്ന ഭക്ഷണപ്പൊതി മൂവരും പങ്കിട്ടതല്ലാതെ പിന്നെ മിണ്ടിയതേയില്ല. മലയുടെ അങ്ങേ തല വരെ അയാളോടൊപ്പം ഒഴുകി അരുവി എങ്ങോട്ടോ മറഞ്ഞു. അന്ന് രാത്രി ഇത്രനാളും കെട്ടിക്കിടന്ന മഴ മെഹ്ബൂബിന്റെ ചാരക്കണ്ണിൽ നിന്നും തീക്കടൽ കണക്കെ തോർന്നു. മൊല്ലാക്ക അവനെ അണച്ചു.

”നിന്നെ കാത്തിരിയ്ക്കുന്ന ഷെഹരിയാറിലേയ്ക്ക് നിനക്ക് പൊയ്ക്കൂടെ മോനെ,”പകലിനെ കണ്ട് കൊതിതീരാത്ത സന്ധ്യയോടൊപ്പം കുടിലിലേയ്ക്ക് നടക്കുമ്പോൾ മൊല്ലാക്ക അവനോട് ചോദിച്ചു.

രാത്രി നിലാവോ നക്ഷത്രങ്ങളോ തീർത്തുമില്ലായിരുന്നു. മെഹ്ബൂബ് ലയിച്ച ഇരുളിലേക്ക് മൊല്ലാക്ക നിർവ്വികാരതയോടെ നോക്കിയ ആ രാത്രിയുടെ അങ്ങേ കോണിൽ പെണ്ണിന് പേറ്റ് നോവ് തുടങ്ങിയിരുന്നു.

പെണ്ണിന്റെ കരച്ചിൽ കേട്ട് വീടര് മൊല്ലാക്കയെ തേടി.

“പേടിക്കണ്ട, കുട്ടി, ആണ്,” കോയസ്സൻ അവരുടെ കാതിൽ മന്ത്രിച്ചു.

മല ചുറ്റിയ പെരുങ്കാറ്റിൽ പെട്ടപ്പോലെ മെല്ലെ മെല്ലെ നിലാവും നക്ഷത്രങ്ങളും ആകാശത്ത് പരക്കുന്നത് കണ്ട മൊല്ലാക്ക വാതിലടച്ചു.

പെണ്ണ് പ്രസവിച്ച കുട്ടി ആണ് തന്നെയായിരുന്നു… വീടര് ഏതാണ്ട് സമാധാനിച്ചപ്പോലെ. പകൽ വെളിപ്പെടും മുന്നെ അവർക്ക് ഗ്രാമം വിടേണ്ടതുണ്ടായിരുന്നു. പഴകിയ ട്രക്കിൽ മെഹബൂബ് ഒഴിച്ച് പഴയ മലമുകളിലെ പത്ത് പേരുമുണ്ടായിരുന്നു.

മെഹ്ബൂബിനെ കുറിച്ച് ആരും മൊല്ലാക്കയോട് ചോദിച്ചതേയില്ല. എന്തോ ഒരാളുടേയും ശൂന്യത ആരെയും അലട്ടാത്തത് പോലെ. ഡൽഹി വരെ ഒരാൾ കൂട്ടിനുണ്ടായിരുന്നു.  തീവണ്ടിക്ക് പുറത്തെ രാത്രി തണുത്ത് വിറച്ച പോലെ ഇളകി. അന്ന് ഓത്തു പുരയിൽ ഫതഹുൽ മുഈന്റെ ക്ലാസ്സ് തുടങ്ങി വെച്ച ദിവസമായിരുന്ന്. വീടര് ആളയച്ച് വീട്ടിലേയ്ക്ക് വിളിപ്പിച്ചു.

‎”പെണ്ണിന് വയസ്സറീച്ചു…”
‎ ചെല്ലുമ്പോൾ ആധിയും തുള്ളലും, കൂടെ അയലോക്കത്തെ പെണ്ണുങ്ങളും.
പെട്ടെന്നൊരു കെണിപ്പെട്ടില് കുടുങ്ങിയ എലി കണക്കെ തന്നെ കണ്ട മാത്ര ഭയപ്പോടെ പെണ്ണ് അര ചുറ്റിപ്പിടിച്ച് ഒറ്റ ഏങ്ങല്.

നെറ്റിയൊക്കെ ചൂട്. വിറഞ്ഞ് കൂടാത്ത ചുണ്ട്. വേലിക്കെട്ടിൽ നട്ടെല്ല് ചാരി താങ്ങി നിന്ന ‎ ആട്ടിൻ കൂടിന്റെ പ്ലാസ്റ്റിക് വിരി മറയുടെ പള്ള തുരന്നെടുത്ത കൈപ്പൊത്തിലൂടെ വാര്യത്തെ പറമ്പീന്ന് മഞ്ചാടിക്കുരു പെറുക്കാൻ കുനിഞ്ഞ നേരത്തൊരു ചോരകിനിപ്പ്. അടിവയറ്റീന്ന് പൊള്ളിപിടിച്ച പെണ്ണിന്റെ നിലോളി വീടരാണ് വാരിയെടുത്തത്.

അന്ന് രാത്രി ഇളം തിണ്ണയിലേക്ക് തല ചായ്ച്ച സഫർമാസ കുളിരിൽ തന്റെ മടിയിൽ കിടന്ന് നഫീസത്ത് മാല മുഴുക്കെ പെണ്ണ് പാടി തരുമ്പോൾ ‎മാനത്തിന്റെ ഏതോ കോണീന്ന് പൊട്ടിവീണ മിന്നൽ പോലെ കോയസ്സൻ.

കുറുകിയ ഇളം മഞ്ഞ നിറമുള്ള ചതുര കുപ്പി നിറയെ മഞ്ചാടിക്കുരുവും, തിളക്കമുള്ള മൂക്ക് കമ്മലും പട്ടുറുമ്മാലും കൈ നിറയെ കാശും അവളുടെ കൈയ്യിൽ കൊടുത്ത് വന്ന പോലൊരു പോക്കും.

“കോയസ്സൻ ആരാണ് ഉപ്പ.. പൊട്ട പ്രാന്തനാ?”

“ആരാന്ന് ഉപ്പാക്കറിയൂല്ല മോളെ…. പക്ഷേ ഉപ്പാക്ക് അയാളൊരു കൂട്ടാ വലിയ കൂട്ട്…”

‎ ഓർമ്മകളുടെ പെരുമഴയേറ്റ് എപ്പഴോ ഉറങ്ങിപ്പോയ വാസനമൊല്ലാക്ക ഉണരുമ്പോൾ തീവണ്ടി സ്റ്റേഷനിൽ ഉലഞ്ഞു നിന്നു.  അവിടെ അവരെ കാത്ത് ആളുണ്ടായിരുന്നു. നേർത്ത മഞ്ഞ് കോയസ്സന്റെ ബീഡി പുക പോലെ വായുവിൽ അലയുന്നു. ശിശിരം കൊഴിച്ച് നഗ്നരായ മരങ്ങൾ ആകാശത്തോട് നീരസം പങ്കിടുന്നു. കുപ് വാരയിലെത്തുമ്പോൾ ഉച്ച നമസ്ക്കാരം കഴിഞ്ഞിരുന്നു.

അട്ടിനിരത്തിയ പോലെ ഷീറ്റ് പാകിയ ചെറു വീടുകളുടെ ചുമലുകൾ പരസ്പരം ചാരി നിന്നു താഴ്വരയിലേക്ക് നീണ്ട് കിടന്നു. ചെറിയ ഇടവഴികളിൽ പലയിടത്തും നടക്കല്ലുകൾ ഉണ്ടായിരുന്നില്ല.

സന്ധ്യയോടെ താഴ്വരയിൽ നിറഞ്ഞ് കിടന്ന് മലയുടെ പിന്നാമ്പുറത്തേക്ക് ഒഴുകി മറഞ്ഞ ഓളങ്ങളോടൊപ്പം അവർ കയറിയ പൂക്കൂടകൾ നിരത്തി വെച്ച വഞ്ചികളും മറഞ്ഞു…
യന്ത്ര തോക്കുകൾ തൂക്കിയ ചെറുപ്പക്കാരുടെ ഒരു ചെറു സംഘമാണ് അവരെ കാട് വലയം ചെയ്ത നദിക്കരയിലെ ആ വീട്ടിൽ എത്തിച്ചത്.  ഇരുളിനെ ഭയന്ന് കത്തും പോലെ ചെറിയൊരു മൺചിരാത് അവിടെ വിറഞ്ഞു.

“നാളെ സുബ്ഹി കഴിഞ്ഞ് നമ്മൾ അതിർത്തി  കടന്ന് പാകിസ്ഥാനിലെത്തും. അവിടുന്ന് അഫ്ഗാൻ… ” അത്രമാത്രമെ അവർ സംസാരിച്ചുള്ളൂ. എല്ലാവർക്കും ഓരോ യന്ത്ര തോക്ക് നൽകപ്പെട്ടു. ശേഷമവരെല്ലാം കാട്ടിലേക്ക് തന്നെ പിരിഞ്ഞ് പോയി. മൊല്ലാക്ക‎ അത്താഴം കഴിച്ചില്ല.

‎”മെഹ്ബൂബ് എവിടെ.നിങ്ങളോടൊപ്പമല്ലെ അവനുണ്ടായിരുന്നത്?”  മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കുവാൻ വേണ്ടി മന: പൂർവ്വം സ്വരം താഴ്ത്തി  ചോദിക്കുകയായിരുന്നു നീണ്ട മൂക്കുള്ള ആ യുവാവ്.

“അവൻ, അവന്റെ സ്വർഗ്ഗത്തിലേക്ക് പോയി…”

മൊല്ലാക്കയുടെ ചുണ്ടിൽ നിന്നുമൊരു ചിരി വഴുതി. പെട്ടെന്ന് വാതിലിൽ മുട്ട് കേട്ടു.
ആരുടേയോ വിഹ്വലമായ ശ്വാസം പതിഞ്ഞ് മൺവിളക്ക് അണഞ്ഞു. തോക്കുകൾ ഉയർത്തി ഭിത്തി ചാരി ബാക്കിയുള്ളവർ കിതയ്ക്കുമ്പോൾ മൊല്ലാക്ക വാതിൽ തുറന്നു. അവരെ അവിടെയെത്തിച്ച യുവാക്കളിലൊരാളായിരുന്നുവത്.

‎”ഒരു മയ്യിത്ത് നിസ്കരിക്കുവാൻ നമുക്ക് നദിക്കരയിലേയ്ക്ക് പോകണം.. ഒരു പോരാളിയുടെ മാതാവ് മരണപ്പെട്ടിരിക്കുന്നു.”

ഇരുൾ മന്ത്രിച്ചോതി കൊടുത്ത വഴിയെ നിരതെറ്റാതെ അവർ നടന്നു. പുൽനാമ്പുകളിൽ ഇളം മഞ്ഞ് ഉയിര് കുടഞ്ഞു. നദിക്കരയിൽ കത്തിച്ചു വെച്ച തുണി പന്തം. ശാന്തമായ ജലവിതാനത്തിൽ വിഷാദത്തിനടിപ്പെട്ട് നൃത്തം ചെയ്യുന്നപ്പോലൊരു തീപ്പൊട്ട്. കരയിൽ നാലഞ്ച് നിഴലുകളുടെ അവ്യക്തമായ നിശ്ചലത.

നദിക്കഭിമുഖമായി പുറം തിരിഞ്ഞ് നെടുങ്കൻ കുപ്പായത്തിലൊരു നീളൻ രൂപം. യന്ത്രതോക്കുകൾ കാൽചുവട്ടിലേക്കിട്ട് ഉയരമുള്ള ആ നിഴലിനെ പിൻപറ്റി നിസ്കാരത്തിനായി അവർ നിരന്നു. മൊല്ലാക്ക വരിയുടെ പാർശ്വത്തിൽ അള്ളി നിന്നു.  ഉ‎റഞ്ഞ നദിയിൽ നിന്നും മുഖം കുത്തിയെഴുന്നേറ്റപ്പോലെ അയാൾ അവർക്ക് നേരെ തിരിഞ്ഞു.

‎”ഉവൈസ്…”

‎മൊല്ലക്കയുടെ ചുണ്ടുകൾ കുതിർന്ന് വിറഞ്ഞപ്പോഴേക്കും ‎ഉറച്ച ഒരശരീരി പോലെ അയാളുടെ വാക്കുകൾ അടർന്നു.

‎”പീടികപ്പറമ്പിൽ അവോക്കർ ഹാജിയുടെ ഭാര്യയും എന്റെ ഉമ്മയുമായ സൈനബന്നൊരുടെ മയ്യിത്ത് നിസ്കാരമാണിത്. അവരുടെ പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കാ…”

കാറ്റിൽ ‎ കത്തിയ തുണി പന്തമണഞ്ഞു. ‎കൈകൾ ഉയർത്തി കെട്ടി അയാൾ നിസ്കാരത്തിലേക്ക് കടന്നു. വീടരുടെ ഓർമ്മയിൽ ‎മൊല്ലാക്കയുടെ കാലുകൾ ഇടറി. കരിമ്പടം വാരി പുതച്ച പോലൊരു കറുത്ത മരവിപ്പ് ഹൃദയത്തിൽ വ്യാപിച്ചു. ആരോ അയാളെ താങ്ങിപ്പിടിച്ചപ്പോലെ.
കോയസ്സന്റെ ബീഡി ചുവ അയാളുടെ മുഖമുഴിഞ്ഞപ്പോലെ.

കോയസ്സൻ കൈയ്യിൽ വെച്ചു കൊടുത്ത പോലെ അയാൾക്ക് തോന്നിച്ച തോക്കിന്റെ മുനപ്പ് ഉവൈസിന്റെ നെറ്റിയിൽ മരണത്തിന്റെ അടയാളം തറച്ചു. മൊല്ലാക്കയുടെ മുഖം കനത്ത ഇരുട്ടിലും അവന് മാത്രം നന്നായി വെളിപ്പെട്ടു.

“ഓരോ മനുഷ്യനും സ്വന്തം ശരീരത്തോട് ജയിക്കേണ്ട യുദ്ധമാണ് മോനെ ഏറ്റവും വലിയ ജിഹാദ്. നീയത് മറന്ന് പോയി…”

അവശേഷിച്ചവരുടെ കാതിൽ മൊല്ലാക്കയുടെ ശബ്ദം മുഴങ്ങുമ്പോൾ നേർത്തൊരു കാറ്റ് ഊളിയിട്ടതല്ലാതെ കാടിനുള്ളിലോ നദിക്കരയിലോ മറ്റനക്കങ്ങൾ ഒന്നുമുണ്ടായില്ല…
കോയസ്സൻ മുന്നെയും വാസനമൊല്ലാക്ക പിന്നാലെയുമായി കാട് കടന്നു…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook