നഗരത്തിന്റെ ഹൃദയകവാടത്തിലാണ് വന്ധ്യതാ ചികില്‍സയ്ക്ക് പേരുകേട്ട ഈ ആശുപത്രി. തട്ടുതട്ടായ് തലയിലേറ്റി വിറകാലില്‍ മുകളിലേക്കല്ല, വശങ്ങളിലേക്ക് ഒരു വെള്ളരിവള്ളിപോലെ പടര്‍ന്ന് പരന്നാണ് ഇതിന്റെ വളര്‍ച്ച. ഒരേ സമയം ഒരു ഒളിത്താവളത്തിലെന്നപോലെ ആര്‍ക്കും സുരക്ഷിതമായി വന്നുപോകാനും, വിത്തുപൊട്ടാത്ത രഹസ്യങ്ങള്‍ തീപ്പെട്ടിക്കൂടുകള്‍ക്കകത്ത് സൂക്ഷിക്കുന്നവര്‍ക്ക് ചോദ്യപ്പെരുക്കങ്ങളുടെ തലവേദനകളില്ലാതെ കടന്നുവരാനും കഴിഞ്ഞിരുന്ന ഒരിടം. കണ്ണുപൊത്തികളിക്കുന്ന കുട്ടികള്‍ക്ക് ഒളിച്ചിരിക്കാന്‍ പാകത്തില്‍ ഒരുപാട് മൂലകളും, അവയ്ക്കിണങ്ങുന്ന സ്വകാര്യതയുടെ തിരുവുകളും ഈ ആശുപത്രിയുടെ മാത്രം പ്രത്യേകതയാണ്. നിറയെ ഇലച്ചാര്‍ത്തുകളുള്ള മാവും,മഹാഗണിയും,ആര്യവേപ്പും തുടങ്ങി കവരങ്ങള്‍ നിലം തൊട്ടുപരന്ന കുറച്ചധികം വൃക്ഷങ്ങളും, കലമ്പല്‍കൂട്ടി മറിയുവാന്‍ പ്രത്യേകം വൈദഗ്ധ്യം നേടിയ ചുട്ടിക്കുരുവികള്‍ ഉള്‍പ്പെടെ കുറച്ചധികം പക്ഷികളും ചേര്‍ന്ന് തണുപ്പുപെയ്യുന്ന ഒരു വനാന്തരീക്ഷത്തിന്റെ ഹരിതകവചം പണിതുവച്ചിട്ടുണ്ട്, നീണ്ടു പരന്നുകിടക്കുന്ന ഈ വലിയ വളപ്പിനുള്ളില്‍. അതിനിടയില്‍ കൊതിപ്പിക്കുന്ന ഒരു മിന്നായം പോലെയാണ് വെങ്കിടി സുധീറിനെ കണ്ടത്!! അവന്റെ കൗമാരകാലത്തെ ഉടല്‍ അനുഭൂതികളുടെ ജലഗോപുരങ്ങളിലേക്ക് ആവേശത്തിരകളാക്കി ഉയര്‍ത്തിയെറിഞ്ഞ സ്‌നേഹിതനെ…

ജീവന്റെ ഒസ്യത്തുള്ള ധാരാളം മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഉദരഭാരം പേറുന്ന മുതിര്‍ന്ന ജീവനക്കാരനെന്നനിലയില്‍ വെങ്കിടിക്ക് ഈ ആശുപത്രിയുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. ഒരാളില്‍ ശേഷിക്കുന്ന ജൈവികതയുടെ അവസാനത്തെ തുള്ളിയേയും കുലുക്കി ഉണര്‍ത്തുവാന്‍ ശേഷിയുള്ള ഉപകരണങ്ങളെക്കുറിച്ച് വാ തോരാതെ വര്‍ത്തമാനം പറഞ്ഞ് ഇങ്ങനെ ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേയ്ക്ക് സാമാന്യം വലിയ ഉടലുമിളക്കി ശ്വാസം കഴിക്കാതെ പായുന്നതാണ് അവന്റെ പ്രധാന പണി.ഇവിടേക്ക് നീളുന്ന എല്ലാ ഇടവഴികളും, നടവഴികളും ഏത് പാതിരാവിലും കണ്ണുംപൂട്ടി വണ്ടിയോടിച്ചുപോകാന്‍ കഴിയുന്ന തരത്തില്‍ അവന് ഹൃദിസ്ഥം. ചെറുതും,വലുതുമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്ന ഇവിടത്തെ ഓരോ മുറികളിലും ഏതേത് ഉപകരണങ്ങളാണെ ന്നും, അവയുടെ ശിരോരേഖകള്‍ പ്രകാരം ആയുര്‍ദൈര്‍ഘ്യത്തിന്റെ കുമിളപ്പാടകളുടയുന്നത് എന്നെല്ലാമാണെന്നും അവന് മിക്കപ്പോഴും ഗൃഹപാഠം ചെയ്തതുപോലെ മനഃപ്പാഠമാണ്.എന്നിട്ടും അവിടെയൊരി ടത്തും സുധീറിനെ രണ്ടാമതൊന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു,പലപ്പോഴും അവനില്‍ പടര്‍ന്ന് കയറിയ ഏറ്റവും വലിയ നിരാശ.

ആണ്‍കോയ്മയുടെ തലപ്പൊക്കത്തില്‍, അതിന്റെ ധാരാളിത്തത്തില്‍, കൊതിപ്പിക്കുന്ന നിഗൂഢതകളിലൂടെ ഒരിക്കല്‍ കൂട്ടുകാര്‍ക്കിടയില്‍ പ്രതിയോഗികളൊന്നുമില്ലാത്ത നായകനെപ്പോലെ നെഞ്ചും വിരിച്ച് നടന്നിരുന്ന ആ പതിനഞ്ച് വയസ്സുകാരന്റെ ചിതറിത്തെറിക്കുന്ന മാസ്മരികത ഇന്ന് മുപ്പത്തിയഞ്ച് പിന്നിട്ട യൗവ്വനശേഷിപ്പുകളിലും അസ്തമിക്കാതെ ശേഷിക്കുന്നുണ്ട്! അതുകൊണ്ടാണ് ഒരു മാന്ത്രികന്റെ ചടുലവേഗത്തില്‍ അവന്റെ കാഴ്ചവട്ടത്തിനുള്ളില്‍ നിന്നും മാഞ്ഞുപോകാ നും, മറഞ്ഞുപോകാനുമെല്ലാം സുധീറിനിപ്പോഴും കഴിയുന്നത്!! അതുതന്നെയാണ് പഴയ ആവേശത്തോടെ അവനെ പിന്‍തുടരാന്‍ ഇന്നും വെങ്കിടിയെപ്പോലുള്ളവരെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നതും!sreekandan karikkakam, story , malayalam writer

പിതൃക്കള്‍ക്ക് ബലിയിടുവാന്‍ ആയിരങ്ങള്‍ ദിവസവും വന്നുപോകുന്ന ഒരു പരശുരാമക്ഷേത്രം ഈ ആശുപത്രിയുടെ അരികിലായുണ്ട്.രണ്ട് കൂറ്റന്‍ വ്യാളികള്‍ കാവലും,പച്ചപ്പായല്‍ മൂടിനിറഞ്ഞ ഒരു വലിയ കുളവും,അന്‍പതിലേറെ ബലിത്തറകളും, അതിലും എത്രയോ മടങ്ങ് കാക്കകളും ഉള്ള ഒരു പുരാതന ക്ഷേത്രം. തിലഹോമം നടത്തി പരേതാത്മാവിന് മോക്ഷപ്രാപ്തിയേകാനും, കണ്ണീരുപ്പുമണക്കുന്ന മരണാനന്തരചടങ്ങുകള്‍ക്കുമായി വിദൂരങ്ങളില്‍ നിന്നുപോലും ഒട്ടനവധി വിശ്വാസികള്‍ ഇവിടെ വരാറുണ്ട്. അതില്‍ ഒരാളായി അവന്‍ വന്നു മടങ്ങു കയാവാം, എന്നാണ് പുറത്തുവച്ചുള്ള ആദ്യത്തെ കാഴ്ചയില്‍ വെങ്കിടി കരുതിയത്. പിന്നാലെ പാഞ്ഞുചെന്ന് കറയറ്റ ആരാധനയോടെ പേരുചൊല്ലി വിളിക്കുവാന്‍ ശ്രമിച്ചെങ്കിലും ഒരു കാളക്കൂറ്റന്റെ കരുത്തിലും, വേഗത്തിലും ഒരിക്കല്‍ക്കൂടി അവനെ തൊഴിച്ചെറിഞ്ഞ് പാഞ്ഞുപോകു കയായിരുന്നു, സുധീര്‍.പഴയ ഒന്‍പതാം ക്ലാസുകാരന്റെ കടുത്ത നിരാശയോടെ തലയില്‍ കൈയ്യും കെട്ടി വെങ്കിടി ഒരുവട്ടം കൂടി അസ്തമിച്ചുനിന്നു.

എന്നാല്‍, വെങ്കി എന്ന വെങ്കിടേഷിന്റെ കാഴ്ചക്കൊളുത്തില്‍ നിന്നും ഒരു തവണകൂടി തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തി ലായിരുന്നു,സുധീര്‍. ആണറിവുകള്‍ പത്തിവിരിക്കുന്ന ഹൈസ്‌കൂള്‍ ക്ലാസിലെ പിന്‍ബെഞ്ചില്‍ സകലപ്രതാപങ്ങളോടും കൂടി വാണിരുന്ന കാലത്ത് ശിഷ്യത്വം കൂടുവാനും ഔട്ട് ഓഫ് സിലബസിലെ പുളിരസമുള്ള കല്‍ക്കണ്ടങ്ങള്‍ നുണയുവാനുമായി കടുത്ത ആരാധനയോടെ പലപ്പോഴും വരാറുണ്ടായിരുന്ന നിരവധി ഭിക്ഷാംദേഹികളിലൊരാളായി രുന്നു, വെങ്കിടി. അത്തരം കിതപ്പടങ്ങാതെ ഓര്‍മ്മകളുടെ തള്ളിച്ചയില്‍ എ സി ഇട്ടിട്ടും പന്ത്രണ്ട് ലക്ഷത്തിന്റെ ഡസ്റ്ററില്‍ അവന്‍ ഒരു വിയര്‍പ്പു ചാലായി സ്വയം ഒഴുകി പരന്നു. പിന്‍കാഴ്ചകള്‍ തുറന്നുകൊടുക്കുന്ന കാറിന്റെ ചതുരന്‍ കണ്ണാടിയിലൂടെ പല്ല് ഞെരിയും വിധം ”മൈ**”എന്ന് അമര്‍ത്തി വിളിച്ച് ഹൈവേയിലൂടെ സുധീര്‍ വേഗക്കാല്‍ കൊടുത്ത് ചീറിപ്പാഞ്ഞു.കടന്നുപോയ അഞ്ചുവര്‍ഷത്തിനിടയില്‍ ജീവിതത്തെ കുഴച്ചുമറിച്ചിട്ട ചികില്‍സാവിധികള്‍ അന്നേരം അവന്റെ തലയ്ക്കുള്ളില്‍ വഴുക്കന്‍ പാമ്പുകളായി ഇഴഞ്ഞ് ചൂടുപിടിപ്പിച്ചു.പൊടുന്നനെ അവന്റെ വായ് നിറയെ കൊഴുത്ത മഞ്ഞ കഫം വന്ന് നിറഞ്ഞു. അര മണിക്കൂറിലേ റെയായി അടിവയറ്റിനെ ചവിട്ടിത്തൊഴിച്ചുകൊണ്ട് മൂത്രം ഒഴിക്കാനും മുട്ടുന്നുണ്ടായിരുന്നു,അവന്. അൽപ്പം വിജനമായ ഒരു വളവില്‍ കുറ്റിച്ചെടികള്‍ വളര്‍ന്ന് മറയൊരുക്കി നിന്നയിടത്ത് അവന്‍ കാറ് വേഗം കുറച്ച് ഓരം ചേര്‍ത്തുനിറുത്തി.പിടിവിട്ടുപോകുന്നൊരു ആശ്വാസത്തില്‍ സിബ്ബ് താഴ്ത്തി.അതിനിടയില്‍ പ്രകമ്പനം കൊണ്ടുനിന്ന മൂത്രത്തിന്റെ ഏതാനും തുള്ളികള്‍ അവന്റെ അടിവസ്ത്രത്തില്‍ ഒരു ഭൂപടം വരച്ച് നനച്ചിരുന്നു.ശീര്‍ഷാസനത്തില്‍ കിടന്ന തരിപ്പൊഴിഞ്ഞപ്പോള്‍ അവന്‍ വലതുകൈപ്പത്തിയില്‍ ഒരു കോവല്‍പിഞ്ചുപോലെ തണുത്തുകിടന്ന തന്റെ ആണ്‍ചിഹ്നത്തിലേക്ക് വെറുപ്പോടെ തുറിച്ചുനോക്കി.ഇനിയും തുപ്പിക്കളയാതെ വായില്‍ കൊണ്ടുനിന്ന കഫം തല കുനിച്ച് അതിലേക്ക് ഊറി വീഴ്ത്തി. തലങ്ങും,വിലങ്ങും നാലഞ്ച് വണ്ടികള്‍ അതിനകം പാഞ്ഞുപോയതൊന്നും അവന്‍ ഗൗനിച്ചതേയില്ല.

സത്യത്തില്‍ വെങ്കിടിയല്ല, സുധീറാണ് എന്നോ നിലച്ചുപോയ ഒരു വലിയ ക്ലോക്ക് തൂങ്ങി നിന്ന മാഞ്ഞൂരാന്റെ ആശുപത്രി വരാന്തയില്‍ വച്ച് കൂടുതല്‍ തവണ അവനെ കണ്ടിട്ടുള്ളത്.പലപ്പോഴും മീശയില്ലാത്ത സുധീറിനെ തിരിച്ചറിയാന്‍ സാധിക്കാത്ത അനേകം സഹപാഠികളില്‍ ഒരാളായി മാറിപ്പോയിരുന്നു,വെങ്കിടേഷും. ആ കടമ്പയും കടന്നാണ് ഇപ്പോള്‍ രണ്ടുമൂന്ന് വട്ടം സുധീര്‍ വെങ്കിടിയുടെ ദൃഷ്ടിവലയ്ക്കുള്ളില്‍ തേറ്റകള്‍ വിരിച്ച ഒരു കാട്ടുപന്നിയെപ്പോലെ പാഞ്ഞുവന്ന് കുടുങ്ങിയത്.sreekandan karikkakam, story , malayalam write

ഒന്നരമിനിട്ടോളം ദൈര്‍ഘ്യം വരുന്നൊരു ട്രാഫിക് സിഗ്നലില്‍ ചുവപ്പ് മായുന്നതും കാത്ത് അന്നേരം തണുത്ത് നില്‍ക്കുകയായിരുന്നു, സുധീര്‍. അൽപ്പം കടന്ന ആത്മനിന്ദയോടെ പിന്നെയും അവന്‍ ഓര്‍ത്തു; മുപ്പത്തിയഞ്ച് വയസ്സ് പിന്നിടുന്ന ഈ യാത്രയ്ക്കിടയില്‍ എത്ര എത്ര വേഷങ്ങള്‍! വെട്ടിമുറിച്ചിട്ടാലും പിന്നെയും, പിന്നെയും പശപച്ചയോടെ തിളിര്‍ത്തുകയറുന്ന ഓര്‍മ്മകള്‍. തണുത്ത തുടയിടുക്കുകള്‍ക്കിടയി ലൂടെയും,ചുടുള്ള നിശ്വാസങ്ങള്‍ക്കിടയിലൂടെയും കടന്നുപോയ നിരവധി പ്രകമ്പനങ്ങള്‍.അവരെ പിന്നീട് പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. അപ്പോഴെ ല്ലാം ആരും തന്നെ ഒരിക്കലും തിരിച്ചറിയരുതേ, എന്ന പ്രാര്‍ത്ഥനയോടെ, ഉള്‍ക്കിടിലത്തോടെ… .പ്രത്യേകിച്ച് ഒരിക്കല്‍ സ്‌കൂളിലും,കോളേജിലും വച്ചൊക്കെ ഒരുമിച്ച് പഠിച്ചവര്‍. മറിഞ്ഞുവീണും, വിരലൊടിഞ്ഞും, ശ്വാസം മുട്ടിയുമൊക്കെ അവര്‍ ഒപ്പം കൂടി പഠിച്ചെടുത്ത പാഠങ്ങള്‍. പറഞ്ഞു കൊടുത്ത ഒടിവിദ്യകള്‍…. അവര്‍ക്കിടയില്‍ ചിലപ്പോള്‍ ഒരു ഭീരുവിനെ പ്പോലെ. ചിലപ്പോള്‍ ഒരു ചിത്രകഥയിലെ വേട്ടക്കാരനെപ്പോലെ.ചിലപ്പോള്‍ കാണികളെ നിലത്തുനിർത്താതെ ആകാശത്ത് വട്ടം ചുറ്റിക്കുന്ന ജാലവിദ്യക്കാരനെപ്പോലെ. അതിനിടയില്‍ ഒരു പാവം മെഡിക്കല്‍ എക്‌സിക്യൂട്ടിവ്.വെങ്കിടേഷ്. ഒതുക്കം വരാത്ത ഉടലുമായി തിരക്കുപിടിച്ച് പായുന്ന അവന്‍ പലപ്പോഴും തന്നെ കാണാത്തതിലും, തിരിച്ചറിയാത്ത തിലും ആശ്വസിച്ചിട്ടുണ്ട്. തൂണുകള്‍ മറഞ്ഞുനിന്നും, ആള്‍ക്കുട്ടത്തിലേയ്ക്ക് നൂഴ്ന്ന് കയറിയുമെല്ലാം.മാത്രമല്ല, മാഞ്ഞൂരാന്‍ ഡോക്ടറുടെ വിശ്വസ്തയായ ഡോക്ടര്‍ അരുദ്ധതിയോട് അവനെക്കുറിച്ച് വിശദമായി അന്വേഷിക്കുക യും ചെയ്തിട്ടുണ്ട്.

ആശുപത്രികളുടെ ഇടനാഴികളില്‍ വച്ച് കാണുന്ന പരിചിത മനുഷ്യരുടെ മഹാരോഗങ്ങളില്‍ അനുതാപവും,സഹതാപവും സമാസമം ചാലിച്ച, നിശ്വാസങ്ങളുടെ വന്‍ പടം പൊഴിച്ച് കള്ളക്കണ്ണീരൊഴുക്കി സഹതപി ക്കേണ്ടവനല്ല താന്‍ എന്ന് മറ്റാരെക്കാളും നന്നായി അറിഞ്ഞിരുന്ന ഒരു സെയില്‍ റെപ്രസെന്റീവ് ആയിരുന്നു,വെങ്കിടേഷ്. ഈ ഭൂമിയിലെ കുടുതല്‍, കൂടുതല്‍ മനുഷ്യര്‍ക്ക് മാറാവ്യാധികളും, മഹാരോഗങ്ങളും ഉണ്ടാകണേ, എന്ന് കാരുണ്യമൂര്‍ത്തികളോട് ദിവസവും രണ്ട് നേരം മുട്ടുകാലില്‍ ഉയര്‍ന്ന് നിന്ന് പ്രാര്‍ത്ഥിച്ചിരുന്നവന്‍. അതിനിടയില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ചതഞ്ഞ ഒരു പുഞ്ചിരി പൊട്ടിച്ചുനല്‍കി, അതേസമയം തന്നെ മനസ്സാല്‍ നടുവിരല്‍ ഉയര്‍ത്തി ഒരു നല്ല നമസ്‌കാരം പറഞ്ഞ്, സ്‌നേഹപൂര്‍വ്വം ഒഴിവാക്കാറാണ് അവന്റെ പതിവ്. എന്നിട്ടും സുധീറാണ് മാഞ്ഞൂരാന്റെ ക്ലിനിക്കിലെ ഗ്രേനിറം അടിച്ച ചുവരുകളുള്ള ഇടവഴികളിലൂടെയും,നിലച്ച ക്ലോക്ക് തൂക്കിയ വരാന്തയിലൂടെയെല്ലാം കടന്നുപോകുന്നതെന്ന് തിരിച്ചറിഞ്ഞപ്പോഴെല്ലാം എല്ലാ തിരക്കുകളും മാറ്റിവച്ച് അവന്റെ പിന്നാലെ പഴയ കനല്‍കെടാത്ത ആരാധനയോടെ, വിയര്‍പ്പുമണക്കുന്ന ഓര്‍മ്മകളോടെ പായുകയായിരുന്നു, വെങ്കിടി.sreekandan karikkakam, story , malayalam write

അതോര്‍ക്കുമ്പോള്‍ അവന് കമ്പനി ഏല്‍പ്പിക്കുന്ന ഏത് കടുത്ത ടാര്‍ജെറ്റുകള്‍ക്കിടയിലും രോമാഞ്ചം പൂക്കും. സുധീര്‍ തനിക്ക് ആരായിരുന്നു? ഒരിക്കല്‍ താനും അവന്റെ സുഹൃത്‌വലയത്തിനുള്ളില്‍ ഒന്ന് കയറിക്കൂടു വാന്‍ നാല്‍പ്പത്തിയൊന്ന് നോമ്പുനോറ്റ് നടന്നിട്ടുണ്ട്.കൗമാരം ഇക്കിളിയിട്ട ഹൃദയഭിത്തിയില്‍ അവന്റെ ചിത്രം മാത്രമേ ചില്ലിട്ട് സൂക്ഷിച്ചിരുന്നുള്ളൂ. അതോര്‍ക്കുമ്പോള്‍ വെങ്കിടി എല്ലാ കിളികളേയും മറക്കും. ഋതുക്കളുടെ വരവറിയാത്ത തോണിക്കാരനായി തുഴഞ്ഞുനടന്നിരുന്ന തനിക്ക് ആദ്യമായി നീല പൂക്കുന്ന കടല്‍ കാണിച്ചുതന്ന ചങ്ങാതി. കല്‍പ്പടവില്‍ തുഴയിട്ട് കണ്ണു പൊത്തി ശങ്കിച്ചുനിന്നപ്പോള്‍ തുടയില്‍ നുള്ളി അതിലേക്ക് കൈപിടിച്ചിറക്കിയ കാരണവര്‍. തിരക്കോളില്‍ കിടന്ന് കൈകാലിട്ടടിച്ച പ്പോള്‍ ‘നീന്തിക്കയറടാ’ എന്ന് ചടുലമായി വിളിച്ചുപറഞ്ഞ ഏറ്റവും വലിയ ജ്ഞാനഗുരു!

ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന വലിയ സ്‌കൂള്‍.കറുപ്പും,വെളുപ്പും യൂണിഫോം.ഒരിക്കല്‍ ഒരു അദ്ധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം.അവിടെ അരക്കെട്ടില്‍ കുനിപ്പ് പൊട്ടുന്ന എട്ടാം ക്ലാസ്. കൂവിയും,കാറിയും,ചിനച്ചും ആണ്‍കോയ്മയിലേക്ക് തെളിയുന്ന കൗമാര ചന്തം. നിശ്വാസങ്ങളില്‍ പോലും തട്ടി ഗൗരവം ഉടയാതെ ക്ലാസിലേക്ക് കടന്നുവരുന്ന ഇരുണ്ട നിറമുള്ള ക്ലാസ്ടീച്ചര്‍. പൊടിമീശക്കാരന്‍.കനത്ത ഒച്ചയില്‍ പേരുകള്‍ ചൊല്ലി ഹാജര്‍ എടുക്കുന്നു. കാന്തം പിടിപ്പിച്ച കണ്ണാല്‍ എല്ലാ കുട്ടികളേയും നോക്കുന്നു.അൽപ്പം കഴിഞ്ഞ് പിന്‍ ബഞ്ചിന് തൊട്ടുമുന്നില്‍ രണ്ടാമതായി ഇരിക്കുന്ന ഒരു ആണ്‍കുട്ടിയെ അദ്ധ്യാപകന്‍ തന്റെ മേശക്കരികിലേയ്ക്ക് വടി ചൂണ്ടി വിളിക്കുന്നു.ക്‌ളാസ് കലമ്പല്‍ നിറുത്തി ജാഗ്രതയോടെ ഒരു നിമിഷം നിശബ്ദമാകുന്നു.ഒരു രഹസ്യം പൊട്ടിച്ച് തിന്നുന്ന ഒച്ചയില്‍ അവനോട് അയാള്‍ എന്തൊക്കെയോ ചോദിക്കുന്നു. അവന്റെ മുഖത്ത് ഊറി നിറയുന്ന ലജജ. പുരുഷപുരാണത്തിലെ നാണം. അദ്ധ്യാപകനും ചിരിക്കുന്നു. അവന്‍ കവിളില്‍ പൂത്തുനില്‍ക്കുന്ന കുഞ്ഞുതാടിയിലും, കനത്ത മേല്‍ച്ചുണ്ടിനെ മറച്ചുവളരുന്ന നനുത്ത മീശയിലും, പ്രഥമ പ്രണയത്താല്‍ വികാരതരളിതനായ കാമുകനെപ്പോലെ മെല്ലെ തടവുന്നു. അദ്ധ്യാപകന്‍ പിന്നെ അൽപ്പം ഉറക്കെ ചിരിക്കുന്നു. എണ്ണമില്ലാത്തത്ര കുട്ടികളെ രക്ഷിച്ചും ശിക്ഷിച്ചും തഴമ്പുവീണ വലത്തേ കൈകൊണ്ട് അയാള്‍ ഒരു കൂട്ടുകാരനോടെന്നപോലെ അവന്റെ തോളത്തുതട്ടി സീറ്റില്‍ പോയി ഇരിക്കാന്‍ പറയുന്നു. മറ്റുള്ള കുട്ടികള്‍ക്ക് കടുത്ത ആകാംഷ.എന്തായിരിക്കാം ക്ലാസ് ടീച്ചര്‍ കൂടിയായ അദ്ധ്യാപകന്‍ അവനോട് മാത്രമായി പറഞ്ഞ ആ രഹസ്യം.? സ്‌കൂളില്‍ പൊതുവേ ഗൗരവക്കാരനെന്ന് അറിയപ്പെടുന്ന കണക്ക് അദ്ധ്യാപകനാണ്. അയാള്‍ ചിരിക്കണമെങ്കില്‍….? അതും ഒരു കുട്ടിയോട്? അടുത്ത ദിവസം ക്ലാസില്‍ ക്ലീന്‍ ഷേവുചെയ്തുകൊണ്ട് അവന്‍ വന്നപ്പോഴാണ് മറ്റുള്ളവര്‍ ആ രഹസ്യം അറിയുന്നത്. അനാഗത സ്മശ്രുക്കളായ കുട്ടികളെ അവന്റെ ഏറ്റവും വലിയ ആരാധകരാക്കി മാറ്റിയ സംഭവമായിരുന്നു,അത്. അങ്ങനെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ക്കിടയില്‍ ശാന്തിയില്ലാതെ നീറിപ്പടരുന്ന നിഗൂഢതകളുടെ അരക്കെട്ടുകളില്‍ ആര്‍ത്തിയോടെ ചുറ്റിപ്പടര്‍ന്ന് പുളഞ്ഞ പത്തുതലയുള്ളൊരു സര്‍പ്പമായിരുന്നു,സുധീര്‍. പലതിലും വേഗം വേഗം മുതിര്‍ന്നപോയ കൗമാരക്കാരന്‍.sreekandan karikkakam, story , malayalam write

പല അദ്ധ്യാപകരും അവന്റെ തൊട്ടാല്‍ ഇക്കിളി പൂക്കുന്ന വലിയ കാതില്‍ വിറ ചുണ്ടുകള്‍ ചേര്‍ത്ത് മിന്നിപ്പറന്നു.ചില അദ്ധ്യാപകര്‍ക്ക് അവനുമായി ഇടുങ്ങിയ വഴിയില്‍ പതുങ്ങി നില്‍ക്കുന്ന ബീഡിമണമുള്ള ബന്ധങ്ങള്‍ ഉണ്ടായിരുന്നു.കാശുകൊടുക്കാതിരുന്നിട്ടും സഹപാഠികളില്‍ പലരും അവനെ എല്ലാ കൊല്ലവും വിനോദയാത്രകളില്‍ ഒപ്പം കൂട്ടി.അവര്‍ അവനുവേണ്ടി സൈഡ് സീറ്റുകള്‍ ഒഴിഞ്ഞുകൊടുത്ത് അടുത്തിരുത്താന്‍ മല്‍സരിച്ചു. അദ്ധ്യാപകര്‍ക്കും,കൂട്ടുകാര്‍ക്കും അവന്‍ ഇളിക്കുത്തില്‍ നിന്നും കുട്ടിബുക്കുകള്‍ എടുത്തുകൊടുത്തു. ശിഷ്യരുടെ തലമുടിയില്‍ അവന്‍ എപ്പോഴും അരുമയോടെ വിരല്‍പാമ്പുകളോടിച്ചു. ചുരം കയറി കാറ്റടിച്ചപ്പോള്‍ ഷട്ടറിട്ട് അവന്‍ അവരുടെ നെഞ്ചമര്‍ത്തി കല്ലുടച്ചു. മയക്കത്തില്‍ പലരേയും മടിയില്‍ കിടത്തി. അരക്കെട്ടില്‍ ചൂടോടെ തുന്നിക്കയറി. തിളച്ചുമറിഞ്ഞു. ഉരഞ്ഞുപൂത്തു.

മീശരോമങ്ങള്‍ പോയിട്ട് വൃത്തിയില്‍ ചീകിവയ്ക്കാന്‍ നല്ല നാല് തലമുടിപോലുമില്ലാത്തവരുടെ മുന്നില്‍ എത്തിപ്പിടിക്കുവാന്‍ കഴിയാത്ത ഉയരത്തിലായിരുന്നു,അവന്റെ സ്ഥാനം. സ്‌കൂളില്‍ എന്നും ഏറ്റവും കൂടുതല്‍ കഥകള്‍ പ്രചരിച്ചിരുന്നത്, അവനെക്കുറിച്ചായിരുന്നു. കള്ള് കുടിക്കുകയും, സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്യുന്നവന്‍. വിളഞ്ഞും, വിളയാതെയും ദിവസവും പൊട്ടിവിരിയുന്ന അവന്റെ ഒന്നും,രണ്ടും കടുത്ത പ്രണയങ്ങള്‍.മോഹന്‍ലാലും,മമ്മൂട്ടിയുമെല്ലാം അവന്റെ അടുത്ത ചങ്ങാതിമാര്‍. അവരുടെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന ആദ്യദിവസം തന്നെ ചെങ്കല്‍ച്ചൂളയിലുള്ള പ്രത്യേക ദൂതന്‍ വഴി അവര്‍ സ്‌കൂളില്‍ ടിക്കറ്റ് എത്തിക്കും. അവന്റെ അഭിപ്രായം കേള്‍ക്കാന്‍ അവര്‍ അക്ഷമയോടെ കാത്തിരിക്കും. മുന്തിയ മിഠായിയും, ഐസ്‌ക്രീമുമൊക്കെ വാങ്ങി ദക്ഷിണ വച്ച് ശിഷ്യത്വപെടാന്‍ ചെന്നാലും ചിറികോട്ടി,താടിയും,മീശയും ഒക്കെ തടവി ഒരു കുതിര്‍ന്ന പുഞ്ചിരിയോടെ അവന്റെ ചില നിര്‍ണ്ണായക ചോദ്യം ചെയ്യലൊക്കെയുണ്ട്. ശേഷം ഒടിഞ്ഞ ബഞ്ചും, ഡസ്‌കും ലാബിലെ പൊട്ടിയ ബ്യൂറററും, പിപ്പറ്റുമൊക്കെ കൂട്ടിയിട്ടിരിക്കുന്ന മൂത്രപ്പുരയോട് ചേര്‍ന്ന ചെറിയ ഷെഡിന്റെ കൊളുത്തുകള്‍ ഇളകിയാടുന്ന വാതില്‍ പൊക്കിത്തുറന്ന് അതിനകത്ത് കയറ്റും. പാന്റ് അഴിപ്പിച്ചുള്ള ചില നിര്‍ണ്ണായക പരിശോധനകള്‍ക്കും, തെളിവ് ശേഖരണങ്ങള്‍ക്കുമാണത്.ആ കടമ്പയിലും, ചോദ്യം ചെയ്യലിലും പരാജയപ്പെട്ടാല്‍ സുഹൃത് വലയത്തി ലോ, ശിഷ്യഗണങ്ങളുടെ കൂട്ടത്തിലോ സ്ഥാനമില്ല. പത്താം ക്ലാസുവരെ ലൈംഗിക വിജ്ഞാനത്തില്‍ ആര്‍ക്കും കയറാന്‍ കഴിയാത്ത അവസാന ത്തെ ശിഖരത്തിലായിരുന്നു,സുധീര്‍. സുധീറിനോട് ഒട്ടിച്ചേര്‍ന്ന് നിന്ന് ചങ്ങാത്തം കൂടുവാന്‍ എല്ലാത്തരക്കാരായ കുട്ടികളും പരസ്പരം മല്‍സരിച്ചു. അവന്‍ ആവശ്യപ്പെട്ടില്ലെങ്കിലും അവര്‍ അവന് സിഗരറ്റും, ഐസ്‌ക്രീമുമെല്ലാം വാങ്ങി നല്‍കി. പരസ്യപ്പലകയിലെ ആനക്കൊമ്പു പിടിച്ചുനില്‍ക്കുന്നവനോടുള്ള കൂറ്റന്‍ ആരാധനയില്‍ അവര്‍ ഒത്തിരി അഭിമാനിച്ചു.

ഡോക്ടര്‍ മാഞ്ഞൂരാന്റെ സ്‌പെഷ്യല്‍ ഓ.പിയില്‍ നൂറുരൂപ അധികമടച്ച് കാത്തുനിന്ന മദ്ധ്യവയസ്‌കരും,ചെറുപ്പക്കാരുമായ നിരവധി ദമ്പതിമാര്‍ക്കിടയില്‍ ഒരു വിദഗ്ധനായ കള്ളനെപ്പോലെ പതുങ്ങി നില്‍ക്കുകയായി രുന്നു സുധീര്‍. ഒരു കുറ്റാന്വേഷകന്റെ സൂചിക്കണ്ണുമായി ഒരു പരിചയക്കാ രന്‍ ഏതുനിമിഷവും തന്റെ ഉടലിനെ കോര്‍ത്തുപിടിച്ച് തയ്ക്കുമെന്ന് അവന്‍ അപ്പോഴെല്ലാം ഭയന്നിരുന്നു. ചികില്‍സയ്ക്ക് വന്നിരുന്നവരില്‍ ഏറെയും വിലകൂടിയ കാറുകളില്‍ വന്നവരായിരുന്നു.അവരുടെ കൈകളിലെല്ലാം ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. സ്ത്രീകളാണെങ്കില്‍ വിലകൂടിയ ആഭരണങ്ങളും അതിനിണങ്ങുന്ന അലങ്കാരങ്ങളും പേറുന്നവരായിരുന്നു.അവര്‍ പതുപതപ്പുളള കുഷന്‍ കസേരകളില്‍ അമര്‍ന്ന് ചുവന്ന വെളിച്ചത്തില്‍ തെളിയുന്ന ടോക്കണ്‍ നമ്പറുകളില്‍ അക്ഷമയോടെ നോക്കിയിരുന്നു. സുധീറിനുമുണ്ടായിരുന്നു, വിലകൂടിയ ഡസ്റ്റര്‍ കാറും, റാഡോ വാച്ചും, സ്വര്‍ണ്ണ ഫ്രെയിമുളള കണ്ണടയും, മൂന്നുപവനോളം പോരുന്ന ബ്രേയ്‌സ്‌ലെററുമെല്ലാം.ചപ്പാത്തി വലിപ്പമുള്ള മൊബൈല്‍ ഫോണില്‍ അവന്‍ ഇടവേളകളില്‍ വിലക്ഷണമായ ഇംഗ്ലീഷില്‍ ആരോടൊക്കെയോ ഒച്ച താഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു.       sreekandan karikkakom, story

എത്തിപ്പിടിക്കാന്‍ ഇതില്‍പ്പരം ഒരവസരം വരില്ലെന്ന ഉറപ്പോടെയാണ് വെങ്കിടേശ്വരന്‍ സുധീറിന്റെ തോളില്‍ ആരാധനകൊണ്ട് വിറയ്ക്കുന്ന കൈകളോടെ തൊട്ടത്. ആ ദിവസത്തെ അവന്റെ ആദ്യത്തെ അപ്പോയ്‌മെന്റ് ആ ആശുപത്രിയില്‍ ആയിരുന്നു. സുധീറപ്പോള്‍ നിലച്ച ആ വലിയ ക്ലോക്കിന് അഭിമുഖമായി നിന്ന് ആരുടെയോ ഫോണ്‍നമ്പര്‍ തിരഞ്ഞുപിടിക്കുകയായിരുന്നു. അപരിചിതത്ത്വം കോടമഞ്ഞ് കുടഞ്ഞെറിഞ്ഞ കുതറിയ മുഖഭാവത്തോടെ അവന്‍ വെങ്കിടിയെ കാളക്കഴുത്തുഴിഞ്ഞ് തിരിഞ്ഞുനോക്കി. വെങ്കിടിയുടെ ആ പഴയ ചിരിക്ക് യാതൊരുമാറ്റവുമില്ലല്ലോ, എന്ന് ഒരു വെള്ളിടിയുടെ തിളക്കത്തോടെ അതിശയിച്ചു. പിന്നെ ഒരു നല്ല അഭിനയത്തിനുവേണ്ട ഉള്ളൊരുക്കവും, മെയ്യൊരുക്കവുമായി സുധീര്‍ അവന്റെ നേര്‍ക്ക് തിരിഞ്ഞു. ഒരു പരാജിതന്റെ കനല്‍ മൂടിയ ഭീതിക്കുമേല്‍ പൊള്ളുന്ന ഒരു ചിരി ഒട്ടിച്ചുവച്ച് വളരെ നാടകീയമായൊരു തുടക്കത്തോടെ വെങ്കിടിയുടെ കൈകളില്‍ തൊട്ടുകൊണ്ട് അവന്‍ പറഞ്ഞു;

‘സോറി, ഞാന്‍ നിങ്ങള്‍ വിചാരിക്കുന്ന സുധീര്‍ അല്ല സുഹൃത്തേ, എടാ,പോടാ എന്നൊക്കെ വിളിച്ച്, തോളത്തടിച്ച് വെറുതെ നിരാശനാകണ്ട എന്നോര്‍ത്ത് ആദ്യമേ പറയുന്നതാണ്.എനിക്ക് തീര്‍ത്തും അപരിചിത നായ ഒരാള്‍ ഇപ്പോള്‍ എന്നെ നോക്കി ചിരിക്കുകയോ, തൊട്ടുവിളിക്കു കയോ ചെയ്യുമ്പോള്‍ എനിക്കറിയാം, അയാള്‍ എനിക്ക് തീര്‍ത്തും അപരിചിതനായ സുധീര്‍ എന്നൊരു കഥാപാത്രത്തെയാണ് അന്വേഷിക്കുന്നതെന്ന്. എന്തായാലും സ്‌നേഹിതാ, നിരാശയോടെ തന്നെ പറയട്ടെ, നിങ്ങള്‍ തിരയുന്ന ആ മഹാസംഭവം ഞാനല്ല.’

തന്റെ മേല്‍ മീശയില്ലാത്ത ചുണ്ടിലും,മുറം പോലെ പരന്ന ചെവിയിലു മെല്ലാം പരതി നോക്കുന്ന വെങ്കിടിയോട് സുധീറിന് മറ്റാരോടും തോന്നാത്ത സഹതാപം തോന്നി. പരകായം നടത്തി തിരമുറിച്ച് നീന്തുവാന്‍ ശ്രമിക്കുന്നവന്റെ തളര്‍ച്ച വാക്കുകളെ ഒരു പെരുമ്പാമ്പി നെപ്പോലെ വിഴുങ്ങാതിരിക്കുവാന്‍ അവന്‍ വെറുതെ മുട്ടുകാലുകള്‍ ഇളക്കി, അരയിലെ ബെല്‍റ്റില്‍ പിടിയിട്ട് ആടി,ആടി നിന്നു.

‘നിങ്ങളെപ്പോലെ പലരും പറഞ്ഞ് ഒത്തിരി കഥകള്‍ ഞാന്‍ അയാളെ ക്കുറിച്ച് കേട്ടിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി നഗരത്തിലെ പ്രമുഖ വന്ധ്യതാ ക്ലിനിക്കുകളിലെ വിലപിടിപ്പുള്ള ബീജദാതാവ്. മുപ്പതുകളുടെ മദ്ധ്യത്തിലും പതിനേഴുകാരികളുടെ സ്വപ്നകാമുകന്‍. പഠിപ്പിച്ച അദ്ധ്യാപികയെ പന്തയം വച്ച് പ്രണയിച്ചവന്‍. അവരുടെ ദാമ്പത്യ ജീവിതത്തെ ഒരു ചോക്കുകഷണം പോലെ ഒടിച്ചുകളഞ്ഞവന്‍. സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെ ഒപ്പമിരുത്തി മദ്യം ഒഴിച്ചു കൊടുത്ത വന്‍. സത്യത്തില്‍ രസം എന്താണെന്നോ, നാലഞ്ചുപേര്‍ എന്റെ മീശ കണ്ടാണ് തിരിച്ചറിഞ്ഞതെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ മീശയെടുക്കാന്‍ തുടങ്ങിയത്. അത്രയും ഉപദ്രവം കുറഞ്ഞിരിക്കുമല്ലോ, എന്നിട്ടോ,ഇപ്പോഴും ഇതാ,നിങ്ങളെപ്പോലുള്ളവര്‍ തോളില്‍ തട്ടി വിളിക്കുകയും, പിടിച്ചുനിറുത്തുകയും, വികാരം കൊള്ളുകയുമൊക്കെ ചെയ്യുന്നു. ഒന്നോര്‍ത്താല്‍ സുഹൃത്തേ, ചില സൂചനകള്‍ വിഷം പുരട്ടിയ വലിയ കളവാണ്. ജീവിതം തന്നെ മോഹിപ്പിക്കുന്ന വലിയൊരു തട്ടിപ്പാണ്.നോക്കൂ, ഒരുവേള, നിങ്ങള്‍ ഉള്‍ക്കുളിരോടെ അന്വേഷിക്കുന്ന, കാണാന്‍ വല്ലാതെ കൊതിക്കുന്ന ആ സുധീറിനെ കാണുവാന്‍ എനിക്കും ഇപ്പോള്‍ തിടുക്ക മായിട്ടുണ്ട്. ഒരുവേള, ഞാന്‍ തന്നെയാണ്, ആ സുധീര്‍ എന്നൊക്കെ പലരോടും പറയുവാന്‍ എനിക്ക് കൊതി തോന്നിയിട്ടുണ്ട്.അതേസമയം തന്നെ അതിന്റെ ഭീകരമായ പരിണിതിയോര്‍ത്ത് പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. കേട്ടറിഞ്ഞയിടത്തോളം അങ്ങനെയുള്ള ഒരാളുടെ അഴിച്ചിട്ട വേഷം പോലും എടുത്തണിയുവാന്‍ എനിക്ക് യോഗ്യതയില്ലെന്ന് ഞാന്‍ ഏറ്റം എളിമയോടെ തുറന്നുപറയട്ടെ.’ ക്ലൈമാക്‌സോളം മറ്റുളളവരെ തകര്‍ത്ത് കയറിയ ഒരു അഭിനേതാവിന്റെ തിളങ്ങുന്ന ആത്മവിശ്വാസമുണ്ടാ യിരുന്നു, ആ വിനയം കൊരുത്തിട്ട കണ്ണുകളില്‍. അവന്‍ വെറുതെ നാലഞ്ച് ചുവടുകള്‍ ആ നീണ്ട വരാന്തയിലൂടെ നടന്നു. വാട്‌സ്അപ്പില്‍ വന്ന ഒരു നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആവശ്യമില്ലെങ്കിലും മുട്ടിത്തുറന്നു. ഒപ്പം അത്രയും നേരം സൂക്ഷിച്ച ഊര്‍ജ്ജം തണുത്തു പോകുന്നതിന് മുന്‍പായി വെങ്കിടിയുടെ നേരെ തിരിഞ്ഞ് ചോദിച്ചു;

‘ഓ,സോറി,ഞാന്‍ ഇതുവരെ നിങ്ങളുടെ പേര് ചോദിച്ചില്ല.’ പതിമൂന്ന് എന്ന ടോക്കണ്‍ നമ്പറായിരുന്നു,അന്നേരം ആ സ്‌ക്രീനില്‍ തെളിഞ്ഞത്. അൽപ്പ നേരം ആ നമ്പര്‍ അങ്ങനെ തെളിഞ്ഞുനിന്നിട്ടും ആരും എഴുന്നേറ്റില്ല.അവര്‍ അടുത്ത നമ്പറിനായി പരസ്പരം നോക്കി.

‘ഞാന്‍ വെങ്കിടേശ്വരന്‍.എച്ച് എല്‍ എം എന്ന ലൈഫ്‌കെയര്‍ സ്ഥാപനത്തിലെ ബിസിനസ്സ് എക്‌സിക്യൂട്ടീവാണ്.’ ഉറയിലിട്ട ഒരു വാളിന്റെ തണുത്ത നിസ്സംഗതയോടെ വെങ്കിടി പറഞ്ഞു.

എന്നിട്ട് ഇടതുവശത്തെ പാന്റിന്റെ പോക്കറ്റില്‍ നിന്നും ശ്രമപ്പെട്ട് ഒരു വിസിറ്റിംങ് കാര്‍ഡ് ഊരിയെടുത്ത് സുധീറിന് നല്‍കി. സ്വര്‍ണ്ണനിറത്തില്‍ അക്ഷരങ്ങള്‍ ചരിച്ചുനിറുത്തിയ മനോഹരമായ ഒരു കാര്‍ഡ് ആയിരുന്നു,അത്.വീണ്ടും ഇടതുകൈകൊണ്ടുതന്നെ പോക്കറ്റില്‍ നിന്നും ഒരു കര്‍ച്ചീഫ് വലിച്ചെടുത്ത് മുഖത്തും പിന്‍കഴുത്തിലുമെല്ലാം പൊടിഞ്ഞ വിയര്‍പ്പുതുള്ളികളെ ഒപ്പി, ഒപ്പി നിന്ന വെങ്കിടിയെ കറുത്ത ഗ്ലാസിന്റെ സുരക്ഷിതവിടവിലൂടെ വീണ്ടും കണ്ടപ്പോള്‍ സുധീറിന് ഒന്‍പതാം ക്ലാസിലെ ഒരു ഇംഗ്ലീഷ് സ്‌പെഷ്യല്‍ ക്ലാസ് ഓര്‍മ്മയില്‍ വന്ന് മുട്ടി മറിഞ്ഞു. അന്നാണ് ഈ ഇടം കൈയ്യന്റെ കനത്ത തുടകള്‍ക്കിടയില്‍ മഴ നനഞ്ഞ ഒരു എലിക്കുഞ്ഞിനെപ്പോലെ തണുത്തുകിടന്ന ഗജേന്ദ്രനെ കൊമ്പും, കുഴലും ഊതി ആറാം കാലത്തിലേക്ക് തട്ടി ഉയര്‍ത്തി മോക്ഷം നല്‍കിയത്. വിശ്വാസം നഷ്ടപ്പെടാത്ത ഒരു അന്വേഷിയെപ്പോലെ അപ്പോഴും വെങ്കിടി ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.sreekandan karikkakom, story

ഇടയില്‍ രണ്ട് നമ്പറുകള്‍ പൊഴിച്ചുകളഞ്ഞ് പതിനാറ് എന്ന ഇരട്ടത്തലയിലേക്ക് ആ ടോക്കണ്‍ പലക അന്നേരം വളര്‍ന്നിരുന്നു.രംഗങ്ങള്‍ പൊടുന്നനെ മാറി മറിയുന്നൊരു ചലച്ചിത്രം പോലെയായിരുന്നു,പിന്നീടവന്റെ വര്‍ത്തമാനം.

‘നോക്കൂ,വെങ്കിടീ, ഞാന്‍ ഇപ്പോള്‍ ഇവിടെ വരുന്നത് പലപ്പോഴും പലവേഷങ്ങളില്‍.ഭാവങ്ങളില്‍. കഴിഞ്ഞ കൊറേ വര്‍ഷങ്ങളായി എന്നെ ചികില്‍സിക്കുന്ന മാഞ്ഞൂരാന്‍ ഡോക്ടര്‍പോലും ചില സമയങ്ങളില്‍ കുഴങ്ങിപ്പോയിട്ടുണ്ട്. വന്നുവന്ന് എനിക്കിപ്പോള്‍ ആരെയെങ്കിലും ദിവസവും വട്ടം ചുറ്റിച്ച് കറക്കണം.അവരുടെ ഉറക്കം കെടുത്തണം. അല്ലേല്‍ എനിക്ക് ഉറക്കം വരൂല്ല.അറിയാമോ, സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ നിന്നെപ്പോലുള്ള കുറേ പാവം പിടിച്ച അപ്പാവികളെ, പിന്നീട് കുറേ തലയും,മൊലയും വിളഞ്ഞ പെണ്‍പിള്ളാരെ,അതില്‍ നിന്നും പിടിവിടാതെ കഴുത്തില്‍ കയറി തൂങ്ങിയ ഭാര്യയെന്ന ഒരുത്തിയെ,പോരാത്തതിന് ഇപ്പോള്‍ ചികില്‍സിച്ചുകൊണ്ടിരിക്കുന്ന ഈ ഡോക്ടറിനെ….ഹ….ഹ….

അറിയാമോ, രഹസ്യമായി ഞാന്‍ പുരുഷവന്ധ്യതയ്ക്ക് ചികില്‍സിക്കുമ്പോഴും ആ പണ്ടാരത്തോട് പറയുന്നത്, കുട്ടികളുണ്ടാകാത്തത്, അവളുടെ കുഴപ്പം കൊണ്ടാണെന്നാണ്. അതിന്റെ പേരില്‍ എല്ലാ ദിവസവും അവളെ ഞാന്‍ കുറേ കണ്ണീര് കുടിപ്പിക്കും. കിടപ്പറയിലെ എന്റെ പരാജയങ്ങളെ അവളുടെ പരാജയമാക്കിത്തീര്‍ക്കുവാന്‍ എനിക്കുളള കഴിവാണ് ഇന്നും എന്നെ ജീവിപ്പിക്കുന്ന കരുത്ത്. അവളെ അധിക്ഷേപിച്ച്, കരയിച്ച്, പിന്നേയും പിന്നേയും തോല്‍പ്പിച്ച് അടിമയാക്കി ഞാന്‍ നിറുത്തും. എനിക്ക് വേറൊരുത്തിയില്‍ രണ്ട് പുള്ളരുണ്ടെന്ന് കാച്ചുകയും ചെയ്തിട്ടുണ്ട്.വെറുതെ. ഒരിക്കല്‍ നമ്മുടെ സ്‌കൂളിന്റെ മുന്നിലൂടെ പോകുമ്പോള്‍ ഒരു കൊഴുത്ത ചെറുക്കനെ ചൂണ്ടിക്കാട്ടി,ഇതാണ് എന്റെ മറ്റേവളിലുള്ള കുട്ടിയെന്ന് പറഞ്ഞു.ഹ…ഹ….

അൽപ്പം കനപ്പിച്ച് പറഞ്ഞാല്‍, മാഞ്ഞൂരാന്‍ ഡോക്ടര്‍ പറയുന്നതുപോലെ, ഞാന്‍ ജീവിതപരാജയങ്ങള്‍ മൂടിവയ്ക്കുവാന്‍ പലപ്പോഴും പ്രതാപശാലി യാണെന്ന് അഭിനയിക്കുന്നു.എന്റെ പോരായ്മകളെ ഏറ്റവും മികച്ച ഭാവനകൊണ്ട് പരാജയപ്പെടുത്തുന്നു. കഴിവും,ശേഷിയുമുള്ളവരെ കാല്‍ക്കീഴില്‍ നിറുത്തുന്നു.എന്തായാലും ഞാന്‍ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് വെങ്കിടീ, നീ എനിക്കൊരു സഹായം ചെയ്യണം.നിന്റെ കുട്ടികളി ലൊരാളെ ഒരു ദിവസം എനിക്ക് കടം തരണം.അവളെ, എന്റെ ഭാര്യയെ അതിന്റെ പേരില്‍ കുറച്ചുനേരം ഇരുത്തി എനിക്ക് കരയിക്കണം.വെറുതെ വേണ്ട വാടക തരാം.എവിടെ പരാജയപ്പെടുമെന്ന് തോന്നിയോ, അവിടെയെല്ലാം ഞാന്‍ വലിയ ജാഗ്രത കാണിച്ചിട്ടുണ്ട്.അങ്ങനെ എന്നെക്കാള്‍ കഴിവും ശേഷിയും ഒക്കെയുള്ള പതിനായിരങ്ങളെ പിന്‍തള്ളി ഞാന്‍ പലയിടത്തും കയറിപ്പറ്റിയിട്ടുണ്ട്.അത്രത്തോളം പേരെ നിയന്ത്രിച്ചിട്ടുണ്ട്. ഈ കാണുന്ന എല്ലാ പ്രതാപങ്ങളും അങ്ങനെ ഉണ്ടാക്കിയതാണ്. ഇപ്പോള്‍ ഇട്ടിരിക്കുന്ന ഈ അടിവസ്ത്രം വരെ. അധികാരങ്ങളുടെ ഇടനാഴികളിലും ഞാന്‍ അങ്ങനെയാണ്. ഒരു പത്രത്തിലും ഒരിക്കലും പേരുവരില്ല. ഒരു വാര്‍ത്തയിലും ഇടം പിടിക്കില്ല.ഒരു വേദിയിലും പ്രത്യക്ഷപ്പെടില്ല.എന്നാല്‍ ഞാന്‍ എല്ലായിടത്തും ഉണ്ടാകും. എല്ലാം വേണ്ടവിധം നിയന്ത്രിക്കും. അപ്പോഴെല്ലാം ഞാന്‍ ഒരാളെ, സത്യമായും ഒരേ ഒരാളെ മാത്രമേ ഭയക്കുന്നുള്ളൂ, അത് മറ്റാരെയുമല്ല, എന്നെ തന്നെയാണ്. ഞാന്‍ ഒറ്റയാകുന്ന നിമിഷങ്ങളെയാണ്. അതിനെയാണ് എനിക്കെപ്പോഴും ഭയം. തിരിഞ്ഞുകൊത്തുന്ന ആ മനസ്സാക്ഷിയെന്ന പക്ഷിയെ. അതിനെ.അതിനെ മാത്രം.അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത്,വെങ്കിടീ നിങ്ങള്‍ അന്വേഷി ക്കുന്ന സുധീര്‍ ഒരിക്കലും ഞാനല്ല.’

അത്രയും പറഞ്ഞ് അവന്‍ ഒരു കൊടുങ്കാറ്റുപോലെ ആ പരശുരാമക്ഷേത്രത്തിനുള്ളിലേയ്ക്ക് പാഞ്ഞുപോയി.ആഘോഷങ്ങള്‍ അവസാനിച്ച ഒരു ഘോഷയാത്ര അപ്പോള്‍ അതുവഴി നിശബ്ദം കടന്നുപോകുന്നുണ്ടായിരുന്നു.ശവമായിരുന്നില്ല, അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയ,എന്നോ നിലച്ചുപോയ, ഒരാള്‍ പൊക്കമുണ്ടായിരുന്ന ഒരു ഘടികാരമാണ് അവര്‍ ചുമന്നിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook