
ഒരിക്കല്‍ പ്രകാശന് വീട്ടില്‍ വന്നു.
കൈയ്യില്‍ റോസാച്ചെടിയുടെ ചെറിയ ഒരു കൊമ്പും ഉണ്ടായിരുന്നു
മുള്ള് കുത്താതിരിക്കാന്‍ കടലാസ് കൊണ്ട് കൂട്ടിപ്പിടിച്ചിരുന്നു.
ഞാനും ലീലയും
അച്ഛനും അമ്മയുമായി
കളിക്കുകയായിരുന്നു.
ഇത് ആര്‍ക്കാണ്, ലീല അവനോടു ചോദിച്ചു
നിനക്കുതന്നെ, പ്രകാശന് പറഞ്ഞു.
അവന്റെ കൈയ്യില്‍ നിന്നും ലീല ചെടിയുടെ കൊമ്പ് വാങ്ങി
കൊമ്പ് പൊതിഞ്ഞ കടലാസ് മാറ്റി അതിന്റെ മുള്ളുകളില്‍ ഉഴിഞ്ഞു
പിന്നെ തോട്ടത്തിലേക്ക് ഓടി. മണ്ണില്‍ ഒരു കുഴി കുത്തി
കുഴിയില്‍ ചെടിയുടെ കൊമ്പ് വെച്ചു. കുഴി മൂടി.
ചെടിയുടെ നെറുകില്‍ ഊതി..
ആ നിമിഷംതന്നെ
ചെടി വളരുമെന്നും
ഇലകള്‍ നിവര്‍ത്തുമെന്നും
പൂവുകള്‍ വിടരുമെന്നും
മണം പരക്കുമെന്നും ഉറപ്പിച്ച
ഒരു പൂമ്പാറ്റ
ഞാനിരുന്നിടത്തു നിന്നും അവിടേക്ക് പറന്നു.
ഒരു കുയില്‍ വെറുതെ മൂളാന്‍ തുടങ്ങി.
മറ്റൊരു കുയില്‍ വെറുതെ മൂളാന്‍ തുടങ്ങി
പ്രകാശനും ലീലയും അവിടെത്തന്നെ ഇരുന്നു.
അതുവരെയും ഞങ്ങള്‍ കളിച്ചുകൊണ്ടിരുന്ന മുറ്റവും
അവരുടെ അടുത്തേക്ക് ഓടിപ്പോയി.
ഞാന്‍ അവിടെത്തന്നെ ഇരുന്നു
വേണ്ടപ്പെട്ട ഒരാളെ കാണാതായപോലെ.
മുപ്പതു വര്‍ഷം കഴിഞ്ഞു.
പ്രകാശന് മരിച്ചു.
പ്രകാശന് മരിച്ച ദിവസം ഞാന്‍
ലീലയെ ഫോണില്‍ വിളിച്ചു
പ്രകാശനെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു
അവന് മരിച്ചു എന്ന് പറഞ്ഞു.
ആളുകളുടെ പേരുകള്‍ മറക്കാന്‍ തുടങ്ങിയിരിക്കുന്നു, ലീല പറഞ്ഞു
എന്റെ പേര് ഓര്‍ക്കാന്‍ അവള് ഫോണിലേക്ക് നോക്കുന്നത്
കണ്ടപോലെ തോന്നി.
ആറു വർഷം കഴിഞ്ഞു.
മൂന്നാമത്തെ മകളുടെ കല്യാണത്തിനു അവളുടെ
വീട്ടില്‍ ചെന്നപ്പോള്‍ ലീല ആദ്യം എന്നെ
പ്രകാശന് എന്ന് തെറ്റി വിളിച്ചു.
നെറ്റിയില്‍ കൈകൊണ്ടു തട്ടി. സോറി പറഞ്ഞു.
വെള്ള തൂവാല കൊണ്ട് ചുണ്ട് തുടച്ചു.
തുവാലയില്‍ ഇലയും മുള്ളും പൂവുമുള്ള
ഒരു ചെടിയുടെ കൊമ്പ്
വരച്ചിട്ടുണ്ടാകുമെന്നു ഞാന്‍ വിചാരിച്ചു.
ഒരിക്കല്‍ പ്രകാശന് വീട്ടില്‍ വന്നത് ഞാന്‍ ഓര്‍ത്തു.
അപ്പോഴും അവന്റെ കൈയ്യില്‍ ഒരു ചെടിയുടെ കൊമ്പ് കണ്ടു.
മുള്ളുകള്‍ പൊതിഞ്ഞ കടലാസ് മാറ്റി മറ്റേ കൈയ്യില്‍
ചുരുട്ടി പിടിച്ചിരിക്കുന്നത് കണ്ടു.
ലീല എന്റെ കൈ പിടിച്ചു. കളിക്കാന്‍ കൂട്ടിനെന്നപോലെ
മുറ്റത്തുനിന്നും ഉമ്മറത്തേക്ക് കയറി. കളിക്കാന്‍ കൂട്ടിനെന്നപോലെ
അവിടെ നിന്നും ഇടനാഴികയിലേക്ക് വന്നു.
ആ സമയം അവളുടെ മകള്‍ എവിടെനിന്നോ ഓടി വന്നു
ഞങ്ങളുടെ മുമ്പില്‍ നിന്നു. അവളുടെ മൊബൈലില്‍
ഞങ്ങളുടെ ഫോട്ടോ പകര്‍ത്തി. എന്റെ കൈ പിടിച്ചു.
എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു
ഞാന്‍ അവളുടെ പേര് പറഞ്ഞു. വളരെപ്പതുക്കെ.
അവള് എന്നെ നോക്കി പൊട്ടിച്ചിരിച്ചു.
Read More: ഗാന്ധിജി കവിതകള്‍ എഴുതിയിട്ടില്ല
Read More: മൂന്ന് കവിതകൾ – വി. ജയദേവ്
Read More: മൂന്ന് അമ്മ കവിതകൾ -രതി സക്സേന