scorecardresearch
Latest News

ബഷീറിന്റെ ആദ്യ ചുംബനം

“ബഷീറാണ് മലയാളത്തില്‍ ഏറ്റവുമധികം ചുംബിച്ചിട്ടുള്ള എഴുത്തുകാരന്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട്. വേദനിച്ചുവിങ്ങുന്ന പരുവിനെ ചുംബിച്ചുപൊട്ടിക്കുന്ന സ്നേഹവിദ്യ നാം ബഷീറിലാണല്ലോ ആദ്യം കണ്ടത്. ഇത്രയേറെ സ്നേഹമുള്ള ഒരിടത്തല്ലാതെ മറ്റെവിടെയാണു ചുംബനങ്ങള്‍ പിറക്കുക”

ajay p.mangattu ,memories,basheer

സാഹിത്യവാസത്തിനിടെ നാം ഒരുപാടു നല്ല എഴുത്തുകാരെ വായിക്കുന്നു. പലരും നമ്മെ ആഴത്തില്‍ സ്വാധീനിക്കുന്നു. എന്നാല്‍ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ ആത്മവിശ്വാസം പകരുന്ന എഴുത്തുകാര്‍ വല്ലപ്പോഴും സംഭവിക്കുന്നു. സാഹിത്യത്തില്‍ വിശ്വസിക്കാനും അതില്‍ ജീവിക്കാനും എനിക്കു കഴിഞ്ഞതിന് ഒരു കാരണം ബഷീര്‍ നല്‍കിയ ആത്മവിശ്വാസമാണ്. ഇത് ആ രചനകളില്‍ കഥയ്ക്കൊപ്പം എഴുത്തുകാരന്‍ കൂടി വരുന്നതിന്റെ ഫലമാണ്. ബഷീര്‍ എന്ന മനുഷ്യനെ മാറ്റിനിര്‍ത്തിയാല്‍ ബഷീര്‍ കൃതികള്‍ക്ക് ഇന്നു നാം കാണുന്ന വലുപ്പമുണ്ടാകില്ല. ഇത് എഴുത്തും എഴുത്തുകാരനും വേര്‍പിരിയാതെ വളര്‍ന്നുപോകുമ്പോള്‍ സംഭവിക്കുന്നതാണ്. ഇത്, താനെഴുതിയ രചനകളിലൂടെ എഴുത്തുകാരനും കഥാപാത്രസ്വഭാവമാര്‍ജിക്കുക എന്നത്, വലിയ കാര്യമാണെന്നു ഞാന്‍ കരുതുന്നു. ഉദാഹരണത്തിന് ‘മതിലുകള്‍’. താന്‍ തന്നെയാണു ‘മതിലുകളി’ലെ നായകന്‍ എന്നു ബഷീര്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബാല്യകാലസഖിയില്‍ മജീദ് എന്നാണ് കഥാപാത്രത്തിന് പേരെങ്കിലും അതു ബഷീറിന്റെ വേറൊരു പേരുമാത്രമാണെന്നു വായനക്കാര്‍ക്കറിയാം. സാധാരണനിലയില്‍ കഥാപാത്രങ്ങളില്‍നിന്നും എഴുത്തുകാരന്‍ അകലം പാലിക്കും. ഇവിടെ ബഷീര്‍ ബോധപൂര്‍വം ആ അകലം ഇല്ലാതാക്കുന്നു.

ഇപ്രകാരം ബഷീര്‍ വായനക്കാരനെ വിശ്വാസത്തിലെടുത്തു എന്നതാണ് ആ എഴുത്തുകാരനെ സാഹിത്യപ്രസ്ഥാനങ്ങള്‍ക്കപ്പുറത്തേയ്ക്ക് വളരാന്‍ ഇടയാക്കിയത്.

ബഷീറുണ്ടാക്കിത്തന്ന ആത്മവിശ്വാസത്തില്‍നിന്നാണ് ബഷീറിനെയും പിന്നിട്ട് ഞാന്‍ കൂടുതല്‍ എഴുത്തുകാരെ അന്വേഷിച്ചുപോയത്. ഒരു എഴുത്തുകാരന്‍ മറ്റൊരു എഴുത്തുകാരനിലേക്കു തുറക്കുന്ന വാതിലാണെന്ന് എന്നോട് ആദ്യം പറഞ്ഞതു ബഷീറാണ്. നല്ല എഴുത്തുകാരെ തിരഞ്ഞെടുക്കാനുള്ള ആത്മബോധം എനിക്കുണ്ടായതു ബഷീര്‍ പഠിപ്പിച്ച സാഹിത്യസംസ്കാരത്തില്‍നിന്നാണ്.

അദ്ദേഹം തന്റെ അവസാന വര്‍ഷങ്ങളില്‍ സാഹിത്യമൊന്നും എഴുതിയില്ല. വര്‍ഷങ്ങളോളം സന്ദര്‍ശകരോടും കൂട്ടുകാരോടും വര്‍ത്തമാനം മാത്രം പറഞ്ഞു കഴിഞ്ഞു. അക്കാലത്തു ബഷീറിനെ കാണാന്‍ ചെല്ലുന്നവരോടു ബഷീര്‍ ചോദിച്ചിരുന്നത്, വിശക്കുന്നുണ്ടോ, ഭക്ഷണം കഴിച്ചോ എന്നെല്ലമായിരുന്നു. ഒരിക്കല്‍ ബുക്ക് സ്റ്റാള്‍ നടത്തിയിരുന്ന ബഷീറിന് അറിയാം പുസ്തകം ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ ഇടം ലഭിക്കുന്ന ഒരു വസ്തുവാണെന്ന്. അതുകൊണ്ടാണ് എഴുത്തിനേക്കാള്‍ വലിയ കല പാചകമാണെന്നു ബഷീര്‍ പറഞ്ഞത്. തനിക്ക് ഡസന്‍ കണക്കിനു ഇനം ചായകളുണ്ടാക്കാന്‍ അറിയാമെന്നു ബഷീര്‍ പറയുമായിരുന്നു.

ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ഒരിക്കല്‍ ദീര്‍ഘദൂരം ബസ് യാത്ര ചെയ്ത് , ക്ഷീണിച്ചുപരവശരായി ബഷീറിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഞങ്ങളോടു കാണിച്ച അലിവ് ഞാനിന്നുമോര്‍ക്കുന്നു. സാഹിത്യത്തെപ്പറ്റിയല്ല, തിരിച്ചുപോകാന്‍ വണ്ടിക്കൂലിക്കു കാശുണ്ടോ എന്നാണ് ബഷീര്‍ ചോദിച്ചത്. വേഗം വീട്ടിലെത്താന്‍ നോക്കൂ എന്നു ശാസിച്ച് എഴുത്തുകാരന്‍ ഞങ്ങളെ അദ്ദേഹത്തിന്റെ സന്നിധിയില്‍നിന്ന് ഓടിച്ചുവിടുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത്, നിങ്ങള്‍ പോയി ജീവിക്കൂ, മതിയാവോളം ജീവിക്കൂ എന്നു മന്ത്രിക്കുന്ന പോലെയായിരുന്നു.basheer,memories,ajay p mangattu

ബഷീറിന്റെ ഒരു കഥയെപ്പറ്റി പറയാം. ‘ആദ്യത്തെ ചുംബനം’ എന്നാണ് ആ കഥയുടെ പേര്. ചുംബനം എന്നു കേള്‍ക്കുമ്പോള്‍ നാം ചെക്കോവിന്റെ ‘ദ് കിസ്’ എന്ന കഥയും ഓര്‍ക്കുന്നു. അതു പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യയില്‍ നടക്കുന്ന കഥയാണ്. തരുണനായ ‌ഒരു പട്ടാളക്കാരന്‍ ഒരു വലിയ കൊട്ടാരത്തില്‍ വിരുന്നിനു പോകുകയാണ്. അയാളുടെ കൂടെ വേറെയും പട്ടാളക്കാരുണ്ട്. നാട്ടിലെ പ്രഭു പട്ടാളക്കാര്‍ക്ക് സ്വന്തം ഭവനത്തില്‍ അത്താഴവിരുന്നു നല്‍കുന്നതാണ്. വിരുന്നിന് മുന്നേ കൊട്ടാര ഇടനാഴികളിലൂടെ ഏകനായ നടന്ന പട്ടാളക്കാരന്‍ യുവാവിന് വഴിതെറ്റി. അയാള്‍ ഇരുട്ടുള്ള മുറികളിലൂടെ തപ്പിത്തടഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍, തൊട്ടുപിന്നില്‍ പട്ടുവസ്ത്രമുലയുന്നതിന്റെ മര്‍മരം. സുഗന്ധം. ഒരു സ്ത്രീസ്വരം ‘എന്തേ വൈകിയത്?’ തിരിഞ്ഞുനോക്കാന്‍ കഴിയും മുന്‍പേ പിന്നില്‍നിന്നു രണ്ടു കരങ്ങള്‍ അയാളെ ചുറ്റിവരിഞ്ഞു കഴുത്തില്‍ ചുംബിച്ചു. എന്നാല്‍, അപ്പോള്‍ ആ പെണ്ണ് ‍ഞെട്ടിപിന്നാക്കം മാറി. ആളു മാറിയതായി അവള്‍ക്കു മനസ്സിലായി അവള്‍ ഓടിമറയുകയും ചെയ്തു. ഇരുട്ടില്‍ നിമിഷാര്‍ധത്തിലുണ്ടായ ആ മധുശീതളിതമായ അനുഭവം അയാളെ മാറ്റിമറിച്ചതാണ് ചെക്കോവിന്റെ കഥയില്‍ നാം വായിക്കുന്നത്. അയാള്‍ വിരുന്നുശാലയിലേക്കു ചെല്ലുമ്പോള്‍ അവിടെ എത്രയോ സുന്ദരികളായ യുവതികള്‍. അവരിലാരാണു തന്നെ ചുംബിച്ചതെന്നോര്‍ത്ത് അയാള്‍ ആര്‍ത്തനാകുന്നു.

ചെക്കോവിന്റെ കഥാവിവരണം ഞാനിവിടെ നിര്‍ത്താം. ആദ്യത്തെ ചുംബനത്തെക്കുറിച്ചാണ് ബഷീറിന്റെ കഥ. ഒരു ലോഡ്ജില്‍ നാലഞ്ചു കഥാകൃത്തുക്കളും രണ്ടു കവികളും രണ്ടു നിരൂപകരും ഒരുമിച്ചിരുന്നു വര്‍ത്തമാനം പറയുന്നു. സംസാരം സ്വാഭാവികമായും സ്ത്രീകളിലെത്തി. അപ്പോഴാണു ചോദ്യമുയര്‍ന്നത് നിങ്ങള്‍ ആരെയാണു ജീവിതത്തില്‍ ആദ്യമായി ചുംബിച്ചത്? അങ്ങനെയാണു കഥാനായകന്‍ തന്റെ അനുഭവം വിവരിക്കുന്നത്. ബഷീര്‍ പറയുന്നതു താന്‍ ആദ്യം ചുംബിച്ചത് ഒരു നിരൂപകയെ ആണെന്നാണ്! കഥാനിരൂപക. ബഷീര്‍ കഥയെഴുതി അവളുടെ അടുക്കല്‍ കൊണ്ടുപോകും. വായിച്ചിട്ട് അവള്‍ക്ക് ഇഷ്ടമായാല്‍ കഥയില്‍ ചുംബിച്ചിട്ട് തിരിച്ചുതരും. ഇഷ്ടമായില്ലെങ്കില്‍ ചുംബിക്കാതെ തിരിച്ചുതരും. കീറിക്കളഞ്ഞേക്കൂ എന്നും പറയും. നിര്‍ദയമായി കഥയെ സമീപിക്കുന്ന ആ നിരൂപകയെയാണു താനാദ്യംചുംബിച്ചത്.

ബഷീറാണ് മലയാളത്തില്‍ ഏറ്റവുമധികം ചുംബിച്ചിട്ടുള്ള എഴുത്തുകാരന്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട്. വേദനിച്ചുവിങ്ങുന്ന പരുവിനെ ചുംബിച്ചുപൊട്ടിക്കുന്ന സ്നേഹവിദ്യ നാം ബഷീറിലാണല്ലോ ആദ്യം കണ്ടത്. ഇത്രയേറെ സ്നേഹമുള്ള ഒരിടത്തല്ലാതെ മറ്റെവിടെയാണു ചുംബനങ്ങള്‍ പിറക്കുക.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Vaikom muhammad basheer first kiss