വാക്കറ്റവരുടെ മുറി

1

ഇരുട്ടിന്റെ പൊത്തിൽ
ഒളിച്ചിരുന്നിട്ടും ഈ വീട്
വളയപ്പെട്ടിരിക്കുന്നു
തോക്ക്‌ ചൂണ്ടി നിൽക്കുന്നു
ബൂട്ടിട്ട മരങ്ങളുടെ
നീളൻ നിഴലുകൾ.

2

മുറിഞ്ഞു മുറിഞ്ഞു മുറിവുകളിൽ
നിന്നുണ്ടായതാണ് ഈ മുറി
നിങ്ങൾക്കറിയാമോ,
ഉറക്കമറ്റ രാത്രികളിൽ ഞാൻ
ചുമരിനെ നെഞ്ചോട് ചേർത്തു പിടിക്കാറുണ്ട്
തുറങ്കിലടയ്ക്കപ്പെട്ട കല്ലുകളുടെ
കരച്ചിൽ കേട്ടു, കേട്ടു തകർന്നടിയാറുണ്ട്
കുഴഞ്ഞു കുഴഞ്ഞു ചത്തുപോയിട്ടും കെടാത്ത
മണ്ണിന്റെ ആർത്തിമണം നക്കി,
നക്കിയെടുക്കാറുണ്ട്
ഒറ്റയായവർക്കു മാത്രം
വെളിപ്പെടുന്ന
ശ്വാസംമുട്ടലോടെ
വാക്കുകളെ ചുറ്റിലും
തുപ്പി, തുപ്പി നിറയ്ക്കാറുണ്ട്ash ashita,poem

3

കമിഴ്ന്നു കിടന്നൊറ്റയ്ക്ക്
വിതുമ്പുന്ന
ഈ മുറിയ്ക്കും
ഭ്രാന്താണ്,
വായുവിൽ
തലയിട്ടടിക്കും
വെപ്രാളച്ചുമരിനും
ഭ്രാന്താണ്.
കഴുത്തറുത്തറുത്ത് കൊന്ന
മരങ്ങൾ കൊണ്ടൊരുക്കിയ
അലങ്കാരപ്പലകകൾ
ഒറ്റു കൊടുത്തതാണ്
എന്നേ തകർന്നതാണ്,
ഒറ്റവാതിൽ
പൂട്ടുകൾ

4

കാണുക,
ഭയം
കടിച്ചു തുപ്പിയ ഉടലിൽ
പേ പിടിച്ച മുടിയിഴകളുടെ
പ്രേതത്തുള്ളൽ

5

ഇപ്പോൾ,
ഒച്ചയില്ലാതെയാണ്
ജനൽത്തുമ്പു പൊക്കി
കാറ്റിന്റെ
വരവും പോക്കും.
തടവിലാക്കപ്പെട്ട
ലോകത്തിന്റെ
മനോഹരമായ
വാക്കുകളെയെല്ലാം
മനുഷ്യർ കടത്തിക്കൊണ്ടു
പോയിരിക്കുന്നു.
നിശ്ശബ്ദത
മരിച്ചവരുടെ സംഗീതമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook