എവിടെയാണ്, എന്തിലാണ് കവിതയില്ലാത്തത്? നടപ്പുരീതിയിലുള്ള കാവ്യസങ്കല്പനങ്ങളേയും സംവേദനശീലങ്ങളേയും അമ്പരപ്പിക്കുന്ന ചോദ്യമാണിത്. കവിതയുള്ളതും കവിതയില്ലാത്തതും എന്ന വിഭജനത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം കവികള്‍ അവരുടെ കവിതകളുമായി ഇപ്പോള്‍ നമ്മുടെ മുന്നിലെത്തുന്നു. അവരുടെ വാക്കുകളിലും വരികളിലും പരിചിതമല്ലാത്തത് അനുഭവിക്കാന്‍ കഴിയുന്നു. കവിത എന്ന ശീര്‍ഷകം എന്തിനെന്ന് അവര്‍ ചോദിക്കുന്നുവോ? കവിതയെ നിര്‍വ്വചിക്കാനുള്ള ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെടുമെന്നതിന്റെ തെളിവുകളായി പുതിയ കവികളുടെ ഇടപെടലുകളും മാറിത്തീരുന്നു. വ്യത്യസ്തമായ വാങ്മയങ്ങളിലൂടെ സംവേദകന് പരിചിതമല്ലാത്ത കാവ്യലോകം സൃഷ്ടിക്കുന്നവരില്‍ ബിജു കാഞ്ഞങ്ങാട് എന്ന കവിയുമുണ്ട്.

ബിജു കാഞ്ഞങ്ങാട് കവിതയില്‍ തന്റേതായ സവിശേഷലോകം നിര്‍മ്മിക്കാനാഗ്രഹിക്കുന്ന കവിയാണ്. പ്രദര്‍ശിപ്പിക്കാനുള്ള ആവേശവുമായി ബിജു വാക്കുകള്‍ എഴുതുന്നില്ല. വികാരാവേശങ്ങള്‍ നിറഞ്ഞ വാക്കുകളും ഈ കവിതയിലില്ല. ഒത്തിരി മൗനങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന വാക്കുകള്‍ കൊണ്ട് ഇയാള്‍ കവിത എഴുതുന്നു. സാധാരണം എന്നു വിശേഷിപ്പിക്കാവുന്ന വാക്കുകള്‍ കൊണ്ട്. നിശബ്ദതയെ അനുഭവിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. പലപ്പോഴും മൗനിയായി മാറിനില്‍ക്കുന്ന കവിയാണിത്. മൗനത്തോളം നീണ്ടകവിതയില്ലെന്ന് ഈ കവിക്കറിയാം. പറയാനുള്ളതെല്ലാം പറയാനാവാത്തതിനാല്‍ ഇത്തിരി വാക്കുകള്‍ കൊണ്ട് അകത്ത് അടക്കിവച്ചതിനെ ദ്യോതിപ്പിക്കുന്നു, ഈ കവി.
“നിന്റെ ലോകവും
അതിന്റെ വഴികളും വിശ്രമിക്കുന്ന
എന്റെ മൗനമേ,
കാലത്തിനും സ്ഥലത്തിനും
അപ്പുറത്തേക്കതാ
ഒരു പൂ ഒഴുകുന്നു”.
അനുഭവങ്ങളുടേയും കാഴ്ചകളുടേയും വാങ്മയങ്ങളാണ് ഈ കവിതകള്‍. ഇതിന്നകം തന്നെ പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ കവിയിലെ ചിത്രകാരന് കവിതയിലും കാര്യമായി ഇടപെടുന്നു. പലപ്പോഴും നിശ്ചലചിത്രങ്ങളോ ചലച്ചിത്രങ്ങളോ ആയി മാറിത്തീരുന്ന വാക്കുകള്‍, കവിതയോ ചിത്രമോ എന്ന സന്ദേഹങ്ങളിലേക്കു സംവേദകനെ കൊണ്ടുപോകുന്നു. ഒരു കവിതയില്‍ ഇയാള്‍ പുള്ളുവന്പാടത്തെ വരയ്ക്കുന്നു. മഴയെ കളിപ്പിച്ചു നില്ക്കുന്ന പൈക്കിടാവ്, ചാടിത്തിമിര്‍ക്കുന്ന ചെളിച്ചൂരുള്ള മീനുകള്‍, കൊറ്റികള്‍, ചിറ്റാടയും തിരുതാളിയും …മറ്റൊരു കവിതയില്‍ ക്ലോഡ് മോണയുടെ ചിത്രങ്ങള്‍ ഓര്‍ത്തുകൊണ്ട് താന്‍ സമയത്തെ വരയ്ക്കുകയാണെന്ന് സ്വയം തിരിച്ചറിയുന്നു. ക്ലോഡ് മോണയുടെ പ്രകൃതിചിത്രങ്ങളോട് ഈ കവിക്ക് നല്ല അടുപ്പമുണ്ടായിരിക്കണം. കവി വാക്കുകളില്‍ വരയ്ക്കുന്ന പ്രകൃതിചിത്രങ്ങള്‍ മോണയുടെ ചിത്രങ്ങളിലെ പ്രകൃതിയെ ഓര്‍മ്മിപ്പിക്കുന്നു.
“തോട്ടിലെ
ഇലയിളക്കത്തിലേക്കു
കൊറ്റിയുടെ തൂവെള്ളനിറം
വെളിച്ചത്തിന്റെ കഷണങ്ങളായി”
കാല്പനികനല്ല ഈ കവി. വാക്കുകളിലൂടെ പ്രകൃതി കടന്നു വരുന്നിടത്തോളം കാല്പനികനാണു കവി.
ആശയങ്ങളെ കാവ്യവല്ക്കരിക്കുന്നതില് ഈ കവിക്ക് വലിയ താല്പര്യങ്ങളില്ല. ‘ഇടതുപക്ഷമേ…’ എന്നു ശീര്‍ഷകം നല്കി ‘പാതി തീര്‍ന്ന സ്വപ്നങ്ങളുടെ
“ഒരു മ്യൂസിയം
വാക്കുകളില്‍ മെലിഞ്ഞ്
എന്റെ മുന്നില്‍”
എന്നിങ്ങനെ കവി എഴുതുന്നുണ്ട്. യുക്തിയുടെ പരിമിതിയെ കുറിച്ചുള്ള ചില വര്‍ത്തമാനങ്ങള്‍ പല രീതികളില്‍ ഈ കവിതയില്‍ കടന്നു വരുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരു ആശയസംവാദത്തിന്റെ ലോകം കവിതയിലൂടെ തുറക്കാന്‍ ശ്രമിക്കുന്ന കവിയാണ് ബിജുവെന്നു പറയാന്‍ കഴിയില്ല. ദൈനംദിനജീവിതത്തിന്റെ, ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ ഉപരിതലവിസ്തൃതിയില് എല്ലാ ആശയങ്ങളേയും ചര്‍ച്ച ചെയ്യുകയെന്നത് തന്റെ ദൗത്യമായി ഈ കവി ഏറ്റെടുക്കുന്നില്ല. ചിതറിയ, ശിഥിലമായ ലോകത്തെയാണ് കവി കാണുന്നതെന്നു നമുക്കു തോന്നുന്നു. ഇത് വ്യത്യസ്തമായ കാഴ്ചയാണ്. സവിശേഷമായ നോട്ടമാണിത്. ആഴങ്ങളിലേക്കു കടന്നുചെല്ലാനും ആരും കാണാതിരിക്കുന്നതു കാണാനും അതു ശ്രമിക്കുന്നു. എല്ലാവര്ക്കും കാണാനാവാത്തതിനെ കാണിച്ചു തരുന്ന വാക്കാണ്, കവിത.
“കാണാത്ത വീട്ടിലേക്ക്
കണ്ണും നട്ട്
കവിത.”
എന്നാല്‍, കവിതയും സന്ദേഹങ്ങളുടെ നിഴലിലാണ്. കവിത നുണകളാണെന്നു പറയുന്ന കവിയെയാണ് നാം വായിക്കുന്നത്.
“അകമഴിഞ്ഞ്
വായിച്ചിരിക്കെ
ഒരു പൂമ്പാറ്റ
ആകാശത്തേക്കു
വീഴുന്നു.”
ഇതിനെ കവിതാവായനയെന്നു ചരിത്രം രേഖപ്പെടുത്തില്ലെന്നു കവി എഴുതുന്നു. ശലഭത്തിന്റെ പാറലിനെയാണ് എഴുതിയത്. കവി സ്വയം ഖേദിക്കുന്നു, വിമര്‍ശിക്കുന്നു, എന്തേ ഭൂമിയില്‍ നിന്നുകൊണ്ട് വായിക്കാനാകുന്നില്ലെന്ന്. തീരെ നിലവിലില്ലാത്തിടങ്ങളിലാണ് കവിത ഉള്ളതെന്ന് മറ്റൊരു കവിതയില്‍ ബിജു എഴുതിയിരിക്കുന്നു!
ബിജുവിന്റെ കവിതകളിലൂടെ സഞ്ചരിക്കുന്നവര്‍ കാണുക, പൊട്ടിപ്പിളര്‍ന്ന് പലതായി തീരുന്ന കവിയെയാണ്. ഇതിനെ കുറിച്ച് സാമാന്യമായി പറഞ്ഞേക്കാവുന്ന ചില കാര്യങ്ങളുണ്ട്. ഒരാളും ഒരാളല്ല, എല്ലാവരും പലതാണ്, ബിജുവിലും പലതുകളുടെ സംഘര്‍ഷങ്ങളുണ്ട്..എന്നിങ്ങനെ. എന്നാല്‍, ഇവിടെ സ്കിസോഫ്രീനിയ വര്‍ദ്ധിതവീര്യത്തോടെ പ്രവര്ത്തിക്കുന്നുവോയെന്നു നാം സന്ദേഹിക്കുന്നു. ഒരുമിച്ചു കൂട്ടി നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തുന്ന വൈരുദ്ധ്യങ്ങള്‍ ഈ കവിയില്‍ പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍, നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നിടത്തോളം അത് അന്യമാകുന്നു. പെട്ടെന്ന് ആകര്‍ഷിക്കുന്ന മൂലകങ്ങളുമായി ബിജുവിന്റെ കവിതകള്‍ സംവേദകന്റെ മുന്നിലെത്തുന്നില്ല. ഇത് കവിതാപാരായണത്തെ ലഘുവല്ലാത്ത പ്രവൃത്തിയാക്കി മാറ്റിത്തീര്‍ക്കുന്നു. നടപ്പുരീതികളിലൂടെ നടക്കുന്നവന് ഈ കവിത രസദായകമോ അനുഭവക്ഷമമോ ആകണമെന്നില്ല. പുതിയ കവിതയെ പുതിയ രീതികളുമായി, പുതിയ ഉപകരണങ്ങളുമായി സമീപിക്കണം.

‘പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്’ എന്ന കാവ്യശീര്ഷകത്തെ നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്? കവിത മനസ്സിലാക്കാനുള്ള വ്യവഹാരമല്ല. എങ്കിലും ചിലതു പറയണം. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയൊരു ശീര്‍ഷകം എഴുതപ്പെടുമായിരുന്നില്ല. ഏതോ ഒരു വാര്‍ത്താചാനലിലെ രിപ്പോര്ട്ടര് സ്റ്റുഡിയോയിലെ വാര്ത്താവായനക്കാരിയോട് പറയുന്ന വാക്കുകളായി തോന്നുന്നില്ലേ, ഇത്. പുലിയും കുടിയേറ്റക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ തത്സമയസംപ്രേക്ഷണത്തിലെ വാക്കുകളാകാം. ഈ പുലി കാട്ടിലെ പുലി തന്നെയാകണമെന്നില്ല. തമിഴ്പുലിയുമാകാം. റിപ്പോര്‍ട്ടറുടെ സ്ഥാനം സന്ദിഗ്ദ്ധമാണ്, രണ്ടു രീതികളില്‍. അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച് വാര്‍ത്തകള്‍ ശേഖരിക്കുകയാണ്. സ്ഥലീയമായി അനിശ്ചിതാവസ്ഥയിലാണ്. മറ്റൊരു രീതിയിലും വായിക്കാം. വാര്‍ത്ത ശേഖരിക്കുന്നവന് ഇപ്പോള്‍ പുലിയുടെ പക്ഷത്താണ്, പുലിക്കു വേണ്ടി വാദിക്കുകയാണ്. പക്ഷേ, സന്ദിഗ്ദ്ധാവസ്ഥയിലാണ്. പുലിക്കെതിരായ വാദങ്ങളുമായി അയാള്‍ ഉടനെ നിറം മാറി പ്രത്യക്ഷപ്പെടാം. പ്രകൃതിയില്‍ നിന്ന് അകലുകയും തന്റെ ഭൗതികസുഖങ്ങള്ക്കായി മറ്റൊന്നിനേയും പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്, പാരിസ്ഥിതികമായ വിവേകത്തോടെ പെരുമാറുന്ന മനുഷ്യന് – വാര്‍ത്ത നിര്മ്മിക്കുന്നവന് സ്വയം മാറി മാറി വേഷം കെട്ടുകയാണ്. എപ്പോഴും പ്രശ്നവല്‍ക്കരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്ന് ഈ കാവ്യശീര്‍ഷകം പറയുന്നു. ‘വഴുതിപ്പോവതേ കാഴ്ച’. നാം ജീവിക്കുന്ന കാലമാണ് ഈ വായന സാദ്ധ്യമാക്കുന്നത്. നാളെ ഇത് ഇങ്ങനെ വായിക്കുകയില്ല. ശീര്‍ഷകം വായിക്കുന്ന പോലെ അകംവാക്കുകള് വായിക്കണമെന്നുമില്ല. വഴുതിപ്പോവുന്ന കാഴ്ചയിലെന്ന പോലെ, ‘കാഴ്ചയെക്കാണും കാഴ്ച’ യുടെ അര്ത്ഥലോപമോ കനമില്ലായ്മയോ പോലെ തെന്നിമാറുന്ന, ലോപിക്കുന്ന അര്‍ത്ഥങ്ങളുടെ ലോകം, നാം ജീവിക്കുന്ന ലോകം. കവിയുടെ വാക്കുകളില്‍ നിന്നും ഗുരുത്വമേറുന്ന അര്‍ത്ഥലോകം സൃഷ്ടിക്കപ്പെടാം.
ശ്വാസത്തിന്റെ പൂ പറിക്കാന്‍ അമ്മയുടെ കൈ പിടിച്ചു മുകളിലേക്കു കയറുന്ന കുട്ടി, പ്രണയം വന്നപ്പോളുണ്ടാകുന്ന ശരീരമാണു താനെന്നു തിരിച്ചറിയുന്ന കാമുകന്, പക്ഷികള്‍ കൂട്ടിലേക്കു തിരിച്ചുവരുമോയെന്നു കേഴുന്ന കെട്ടുപോയ മരത്തടിയിലെ പൂപ്പല്‍, വെള്ളത്തിനു മുകളില്‍ കവിത വരയ്ക്കുന്ന പ്രാണി…മലയാളകവിതയിലേക്കു ഇനിയും കടന്നുവരാത്തവരെ ഇങ്ങോട്ടു സ്വാഗതം ചെയ്യുകയാണ്, കവി. മലയാളകവിതയുടെ മൂല്യമണ്ഡലങ്ങളെ പുനര്‍നിര്‍വ്വചിക്കുന്ന ഈ കാലത്തിന്റെ കാവ്യപ്രവര്ത്തനങ്ങളില് ബിജു കാഞ്ഞങ്ങാട് എന്ന കവി പങ്കാളിയാകുന്നു.
പാലക്കാട് വിക്ടോറിയാ കോളജിലെ ശാസ്ത്ര അധ്യാപകനായ ലേഖകൻ, സാഹിത്യം, ശാസ്ത്രം, സംസ്കാരം, സിനിമ എന്നീ വിഷയങ്ങളിൽ ആനുകാലികങ്ങളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്നു.