പാലും വെണ്ണയും ശ്രേഷ്ഠമെന്നെണ്ണുമ്പോള് മാട്ടിറച്ചി നിരോധിക്കപ്പെടേണ്ട ഭക്ഷണമായത് എങ്ങനെയാണ്? മദ്യക്കടയുടെ മുന്നില്‍ സ്ത്രീകള്‍ ക്യൂ നില്‍ക്കുന്നത് അനുചിതവും അമാന്യവും പുരുഷന്റെ നില്‍പ്പ് ഉചിതവുമാകുന്നതെങ്ങനെയാണ്? യുക്തി സമ്മതിക്കുന്നില്ലെങ്കിലും ഇവയെല്ലാം ഇങ്ങനെ തന്നെ വേണമെന്ന് നാം ഉറച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? മറ്റു ഉത്തരങ്ങളേക്കാള്‍ നന്നായി മാര്‍ക്സിസം നല്കിയ ഉള്‍ക്കാഴ്ചകള്‍ ഇതിനു വിശദീകരണം നല്‍കും. സാമൂഹികാസ്തിത്വമാണ് മനുഷ്യരുടെ അവബോധത്തെ രൂപപ്പെടുത്തുന്നത്. പൊതുബോധം കീഴ്പ്പെട്ടു നില്‍ക്കുന്നത് അധീശത്വത്തിന്റേയും അധികാരത്തിന്റേയും ആശയങ്ങളോടാണ്. മാര്‍ക്സിസം നല്കിയ ഉള്‍ക്കാഴ്ചകള്‍ ഇപ്പോഴും പ്രസക്തമാണ്. എല്ലാവരും പൊതുബോധമെന്ന നീരാളിയുടെ പിടിയിലാണ്. ചിലര്‍ വഴുതി നില്‍ക്കുന്നുവെന്നേയുള്ളൂ. നാം പ്രതിരോധത്തിന്റെ പാഠങ്ങള്‍ ചമയ്ക്കുമ്പോള്‍ പൊതുബോധത്തിന്റെ നീരാളിപ്പിടിത്തത്തെ അറിയുന്നുണ്ട്. എങ്ങനെയാണ് സ്വേച്ഛാധിപത്യവും അവയുടെ ഏറ്റവും നൃശംസമായ രൂപങ്ങളായ ഫാസിസവും നാസിസവും സംഘിസവും മറ്റും നമ്മെ പിടികൂടുന്നത്? നമുക്ക് അധികം പരിചയമില്ലാത്ത എഴുത്തുകാരനായ രാജേഷ് ആര് വര്‍മ്മയുടെ ചുവന്ന ബാഡ്ജ് എന്ന ആദ്യനോവലിനെ കുറിച്ചു പറയാനാണ് ഈ ആമുഖവാക്യങ്ങള്‍.
Read More: ഉറങ്ങുന്ന സുന്ദരൻ (ഗ്രിം സഹോദരന്മാരോടു ക്ഷമാപണം)-രാജേഷ് ആർ. വർമ്മയുടെ കഥ
സ്ക്കൂളിലെ പരീക്ഷകളില്‍ ഒന്നാം സ്ഥാനം വാങ്ങി ചുവന്ന ബാഡ്ജ് നേടാനുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ആഗ്രഹത്തിന്റെ ആഖ്യാനമായിട്ടാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. വിദ്യാര്‍ത്ഥി എഴുത്തുകാരന് തന്നെ. രാജേഷ് വര്‍മ്മ. ഉയര്‍ന്ന ജാതിയില്‍ ജനിച്ചവന്. രാജേഷിന്റെ ജീവിതസാഹചര്യങ്ങള്‍ അയാളെ രൂപപ്പെടുത്തുന്ന കഥയാണിത്. അങ്ങനെ അതില്‍ സ്വാനുഭവങ്ങളുടെ ചൂടും വാസ്തവികതയുമുണ്ട്. മേല്ജാതിക്കാരനാണെന്ന ധാരണ അവനില്‍ അടിയുറച്ചിരിക്കുന്നു. ആ മനസ്സിലേക്കാണ് നാസികളുടെ ആശയലോകം പ്രക്ഷേപിക്കപ്പെടുന്നത്. വ്യവസ്ഥാപിതത്വത്തിന്റെ മൂല്യങ്ങളിലേക്ക് ഉദ്ഗ്രഥിക്കപ്പെടാനുള്ള വെമ്പല്‍ ആ പ്രവൃത്തികളിലുടനീളമുണ്ട്. ശ്രേഷ്ഠനാണെന്ന ധാരണയില്‍ നിന്നു കൊണ്ടാണ് അവന് സ്വയം രൂപപ്പെടുന്നത്. പലവിധ ധാര്മ്മികസന്ദേഹങ്ങള്ക്കിടയിലും തന്റെ ജാതി ശ്രേഷ്ഠമെന്നു സ്വയം വിശ്വസിക്കാനും പരിശീലിക്കാനും അവന് ശ്രമിക്കുന്നതു കാണാം. ആത്മവഞ്ചനാപരമായ പല കാര്യങ്ങളേയും മനസ്സില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. താന്‍ ജീവിക്കുന്ന സമൂഹം പെട്ടെന്നു തന്നിലേക്കു പകരുന്നതിനെയാണ്, തന്റെ ഉയര്‍ച്ചയേയും ശ്രേയസ്സിനേയും മുന്നില്‍ കാണുന്ന സ്ക്കൂള് വിദ്യാര്‍ത്ഥി സ്വാംശീകരിക്കുന്നത്. പൊതുബോധം അവനു സ്വീകാര്യമാകുന്നു. ഫാസിസം വേരുകള്‍ പടര്‍ത്തുന്നത് ഇങ്ങനെയാണ്. രാജേഷിന്റെ മനസ്സും ആഗ്രഹങ്ങളും രേഖീകൃതമാകുമ്പോഴും പ്രധാന ഫോക്കസ് മറ്റൊരു കാര്യത്തിലാണ്. അവനെ പിടികൂടിയിരിക്കുന്ന തിന്മയുടെ പ്രത്യയശാസ്ത്രത്തെ അനാവരണം ചെയ്യുകയും വായനക്കാരനെ അതിലേക്കു നയിക്കുകയും ചെയ്യുന്നു, എഴുത്തുകാരന്. തിന്മയുടെ ആഘോഷങ്ങളെ പൊതുബോധത്തോടൊപ്പം ചേര്‍ത്തു നിര്‍ത്തുകയും പൊതുബോധത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇതിനു യോജിച്ച ശൈലി സ്വീകരിക്കുന്നതിന് വളരെ സവിശേഷമായ ഒരു പാടവം എഴുത്തുകാരന് പ്രകടമാക്കിയിരിക്കുന്നു, കൈയ്യൊതുക്കത്തോടെ. കൗമാരപ്രായത്തിലുള്ളവര്‍, അവരുടെ സന്ദേഹങ്ങള്ക്കിടയിലും, പൊതുബോധത്തെ പെട്ടെന്നു പിടിച്ചെടുക്കുകയും അതിനു കീഴ്പ്പെടുകയും ചെയ്യുന്നുണ്ടോയെന്ന ചോദ്യം നോവല്‍ ശക്തിയോടെ ഉയര്‍ത്തുന്നുണ്ട്. ഫാസിസം, സംഘിസവും, കൗമാരത്തിലേ തന്നെ നമ്മെ പിടികൂടുന്നുവെന്ന് ഈ നോവല്‍ പറയുന്നു.
ഈ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതാനുഭവങ്ങളുടെ വിവരണമായിട്ടാണെങ്കിലും ഒരു രാജ്യത്തെ ജനത സ്വേച്ഛാധിപത്യത്തിനും അധികാരത്തിന്റെ അപ്രമാദിത്തങ്ങള്ക്കും കീഴ്പ്പെടുന്ന രൂപത്തില്‍ പാകപ്പെടുന്നതെങ്ങനെയാണെന്നതിന്റെ ആവിഷ്ക്കരണമാണിത്. ഹിന്ദുത്വവര്‍ഗ്ഗീയത നമ്മുടെ രാജ്യത്ത് ശക്തിപ്പെട്ടു കഴിഞ്ഞിരിക്കുന്ന സമകാലസ്ഥിതിയില് ഈ നോവലിന്റെ വായനകള്‍ക്കും പാഠങ്ങള്‍ക്കും കാലികമായ ചില മാനങ്ങളുണ്ട്. രാഷ്ട്രീയ സ്വയം സേവാ സംഘത്തിന്റെ ചെയ്തികളോട് സദൃശമായ പ്രവര്‍ത്തനങ്ങളാണ് ദേശസ്നേഹികളെന്നു സ്വയം അവകാശപ്പെടുന്ന നോവലിനുള്ളിലെ നൃശംസതയുടെ സംഘം നടപ്പിലാക്കുന്നത്. അവര്‍ രാഷ്ട്രത്തിന്റെ അപരത്തെ രാഷ്ട്രത്തിനുള്ളില്‍ തന്നെ കണ്ടെത്തുകയോ നിര്‍മ്മിച്ചെടുക്കുകയോ ചെയ്യുന്നു. ഇസ്ലാം മതത്തെയോ മുസ്ലീങ്ങളെയോ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നോവലില്ല. പാണ്ടികള്, പട്ടന്മാര്, തമിഴന്മാര്, ജൂതന്മാര് എന്നിങ്ങനെയുള്ള പേരുകളിലൂടെയാണ് രാഷ്ട്രത്തിന്റെ അപരത്വം നോവലില്‍ വിളിക്കപ്പെടുന്നത്. രാജ്യത്തെ കീഴടടക്കുന്ന ഫാസിസ്റ്റുശക്തികളെ നാസികളെന്നു തന്നെ വിളിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അവര്‍ പ്രചരിപ്പിക്കുന്ന ആചാരങ്ങളും ആഘോഷങ്ങളും ആശയങ്ങളും സമകാല ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടേതാണ്. ലളിതമായ ആഖ്യാനശൈലിയിലൂടെ നിര്‍മ്മമതയുടെ മുഖാവരണം അണിഞ്ഞു പ്രത്യക്ഷപ്പെടുന്ന പ്രത്യയശാസ്ത്രത്തിന്റെ നൃശംസതയെ കഥാകാരന് എഴുതുന്നു. ആ പ്രത്യയശാസ്ത്രത്തോടു കൂറുള്ള പ്രായപൂര്‍ത്തിയെത്താത്ത ഒരു വിദ്യാര്‍ത്ഥിയുടെ ആകാംക്ഷകളുടെ, സന്ദേഹങ്ങളുടെ, ആഗ്രഹങ്ങളുടെ, അത്യാഗ്രഹങ്ങളുടെ, കുറ്റബോധത്തിന്റെ… വാക്കുകളില്‍ മാനവികതാവിരുദ്ധമായ ഫാസിസത്തെ കുറിച്ചുള്ള വിമര്ശമനോഭാവത്തെ കഥാകാരന് രൂപപ്പെടുത്തുന്നു. ഫാസിസത്തിന്റെ യുക്തികള്‍ രേഖപ്പെടുത്തുന്നതോടൊപ്പം അതിനെ നിര്‍വീര്യമാക്കുന്ന ശക്തമായ എതിര് യുക്തികള്‍ സ്വയം രൂപപ്പെടുന്ന അന്തരീക്ഷമാണ് നോവലിസ്റ്റ് ഒരുക്കിയെടുക്കുന്നത്.
നമ്മുടെ സമകാലരാഷ്ട്രീയലോകത്തില് പ്രസക്തമായിരിക്കുന്ന അനേകം ചോദ്യങ്ങള്‍ ഉന്നയിക്കുകയും വായനക്കാരനെ അതിലേക്കു നയിക്കുകയും ചെയ്യുന്ന ഒരു ശൈലി കഥാകാരന് രൂപപ്പെടുത്തുമ്പോള്‍ തന്നെ ഭാഷയെ നവീകരിക്കുന്ന പ്രവര്‍ത്തനമായി അതു മാറിത്തീരുന്നില്ല. ഇതൊരു പരിമിതിയായി എടുത്തു പറയണം. അതുകൊണ്ട് നോവലിന്റെ ഭാഷാഖ്യാനത്തെയോ ശില്പഭദ്രതയെയോ കുറിച്ചുള്ള പഠനങ്ങളില്‍ ചുവന്ന ബാഡ്ജ് എന്ന നോവല്‍ വലിയ സംഭാവനകളൊന്നും നല്‍കുന്നില്ല. എന്നാല്‍, സമകാലരാഷ്ട്രീയത്തില്‍ പ്രസക്തമായ സംവാദങ്ങള്‍ ഉയര്‍ത്താന്‍ ഈ നോവലിനു കഴിയുന്നുവെന്ന കാര്യം തന്നെ അതിപ്രധാനമാണ്.
ചുവന്ന ബാഡ്ജ്
നോവൽ
വില: 320രൂപ
ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം
പാലക്കാട് വിക്ടോറിയ കോളജിലെ അധ്യാപകനായ ലേഖകൻ സാഹിത്യം, ശാസ്ത്രം, സിനിമ, രാഷ്ട്രീയം എന്നീ മേഖലകളിൽ വിമർശനാത്മക ലേഖനങ്ങളെഴുതുന്നു