scorecardresearch

Latest News

5 മിനിക്കഥകൾ

‘നായാട്ട് തുടങ്ങി. കുതിരപ്പുറത്തേറി അതിഥി സംഘവേട്ടക്കിറങ്ങി. വീരനായിരുന്നു അയാൾ. ഉന്നം തെറ്റാത്ത അമ്പുകൾ എയ്ത് അയാൾ വൻ മൃഗങ്ങളെ വീഴ്ത്തി.” വി. ഷിനിലാൽ എഴുതിയ അഞ്ച് മിനിക്കഥകൾ

shini lal, story , iemalayalam
ചിത്രീകരണം : വിഷ്ണു റാം
  1. കിണർ

ഞാൻ നോക്കിയിരിക്കെ മുറ്റത്തെ കിണർ വാർന്നു പോയി.

അത്ഭുതം തന്നെ!

കിണർ നിന്ന, ഇരുന്ന, കിടന്ന ഭാഗത്ത്
ഒരു തുള.

ഈ തുളയിൽ ഇത്തിരി നേരം മുമ്പ് ജലം ഉണ്ടായിരുന്നു.

എവിടെ പോയി? ഞാൻ ഒരുപാട് മുങ്ങിയിട്ടുള്ള, കുളിച്ചിട്ടുള്ള ആ ജലം.

“കിണറ് പോയെടീ…”

“മറുപുറത്ത് പോയി പെയ്യാനായിരിക്കും…”

പണിക്ക് പോകാൻ ഒരുങ്ങിയിറങ്ങിയ ഭാര്യ പറഞ്ഞു. പോയെങ്കിൽ കണക്കായിപ്പോയി എന്ന ഭാവത്തിൽ വേഗത്തിൽ ഗേറ്റ് കടന്ന് ആക്ടീവ ഓടിച്ച് അവൾ പോയി.

എവിടെയാണിവൾ/ചെ/ ഈ കിണർ പോയത്?

ഞാൻ 80 മോഡൽ യെസ്ഡി എടുത്ത് പാഞ്ഞു. ഭൂമിയുടെ പിന്നാമ്പുറത്തെത്തി.

അവൾ പറഞ്ഞത് ശരി തന്നെ. എന്റെ കിണർ ഇവിടെ പെരുമഴയായി നിന്ന് ആർത്തുല്ലസിക്കുകയാണ്.

shini lal, story , iemalayalam
ചിത്രീകരണം : വിഷ്ണു റാം
  1. വീട്

ദശാശ്വമേഥ ഘട്ടിൽ മുങ്ങി നിവർന്നപ്പോഴാണ് പിന്നിൽ നിന്നും ആ വിളി കേട്ടത്.

“വാ…”

ഞാൻ തിരിഞ്ഞു നോക്കി. അതാ എന്റെ വീട്. ഇത്രയും ദൂരം നടന്നുവന്നിരിക്കുന്നു.

“പോ, ഞാൻ വരില്ല.”

വീട് അത് ഗൗനിച്ചില്ല. എന്നെ അകത്താക്കി, അത് തിരികെ നടന്നു പോയി.

സോനാഗച്ചിയുടെ കവാടം കടന്നുചെന്നപ്പോൾ ആ വിളി വീണ്ടും കേട്ടു. കൂടുതൽ ആധികാരികതയോടെ.

“വാ, പോകാം.”

തർക്കിക്കാൻ സാധ്യതയുണ്ടായിരുന്നില്ല. ഞാൻ തിരികെ നടന്നു.

കർഷക സമരത്തിനിടയിൽ ആവേശത്തോടെ നിൽക്കുമ്പോൾ വീട് വീണ്ടും വന്നു. ചുമലിൽ ബലമായി പിടിച്ചു. തിരികെ നടത്തിച്ചു.

ഒടുവിൽ എന്റെ ചലന സ്വാതന്ത്ര്യത്തെ സദാ തടഞ്ഞ വീടിനെ ഞാൻ പൊളിച്ചു മാറ്റി.

അപ്പോഴാണറിഞ്ഞത്; വീട് ഒരു കെട്ടിടമല്ലെന്നും അത് ഭാവനയിൽ സൃഷ്ടിച്ച ഒരാലയമാണെന്നും. അതിനെ തകർക്കാർ പറ്റില്ലെന്നും.

shini lal, story , iemalayalam
ചിത്രീകരണം : വിഷ്ണു റാം
  1. മൃഗയാ വിനോദം

“മൃഗയാ വിനോദത്തിന് പോണം.”

അതിഥിയായി വന്ന രാഷ്ട്രത്തലവൻ പറഞ്ഞു. അയാൾ ഇങ്ങനെ പറയും എന്ന് മുൻകൂട്ടി കണ്ടിരുന്നതിനാൽ, നഗരത്തിലെ വലിയ ചേരി ഒഴിപ്പിച്ച് കൃത്രിമമായി വനവും നദിയും നിർമ്മിച്ചിട്ടുണ്ടായിരുന്നു. ധാരാളം മൃഗങ്ങളുടെ രൂപങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ മനുഷ്യരെ നിയോഗിച്ചു. ആനയും കരടിയും കടുവയും സിംഹവും കാട്ടിൽ മദിച്ചു നടന്നു.

നായാട്ട് തുടങ്ങി. കുതിരപ്പുറത്തേറി അതിഥി സംഘവേട്ടക്കിറങ്ങി. വീരനായിരുന്നു അയാൾ. ഉന്നം തെറ്റാത്ത അമ്പുകൾ എയ്ത് അയാൾ വൻ മൃഗങ്ങളെ വീഴ്ത്തി.

“വീഴുമ്പോൾ അവയെല്ലാം മനുഷ്യ ശബ്ദത്തിലാണല്ലോ നിലവിളിക്കുന്നത്,” അയാൾ ചോദിച്ചു.

“മനുഷ്യരുമായി ദീർഘകാലമായി സഹകരണമുള്ള മൃഗങ്ങളാണ്. അതാണ്,” ആതിഥേയനായ രാഷ്ട്രത്തലവൻ പറഞ്ഞു.

shini lal, story , iemalayalam
ചിത്രീകരണം : വിഷ്ണു റാം
  1. ചക്രവ്യൂഹം

ആയിരം കാലുകൾക്കടിയിൽ ജീവനെ അടക്കിപ്പിടിച്ച് തേരട്ട ദേശീയപാത മുറിച്ചുകടക്കാനിറങ്ങി.

ആദ്യചുവട് വച്ചപ്പോൾത്തന്നെ പാഞ്ഞടുത്ത പാണ്ടിലോറിക്കടിയിൽ അത് ചുരുണ്ടു കൂടി.

അത് തുടക്കം മാത്രമായിരുന്നു. വാഹനങ്ങളുടെ മുഴക്കം കേട്ട് അവൻ ഭയന്നു വിറച്ചു. ആർജ്ജിച്ചെടുത്ത ധൈര്യം മാത്രം ബലമാക്കി ജീവിതത്തിന് കുറുകെ നടന്നു ആ അന്ധൻ.

ആയിരം ചക്രങ്ങളുടെ ഭയപ്പെടുത്തുന്ന ഒച്ചകൾ കടന്ന് ഒടുവിൽ അവൻ പാതയുടെ മറുകരയിലെത്തി. തലയുയർത്തി ദൈവത്തിന് സ്തുതി പറഞ്ഞു.

വിജയിയായി ഉന്മാദിച്ചു ഉന്മാദമടങ്ങിയപ്പോൾ തേരട്ട ഇങ്ങനെ ആത്മഗതം ചെയ്തു:

“ചക്രവ്യൂഹങ്ങൾക്കിടയിലെ ഉരുണ്ടുപിരളലാണ് ജീവിതം.”

shini lal, story , iemalayalam
ചിത്രീകരണം : വിഷ്ണു റാം
  1. സെൻ കഥ

സെൻ ഗുരു ഫേസ് ബുക്കിൽ ഒരു നെടുനീളൻ പോസ്റ്റിട്ടു. അതിന് ശിഷ്യൻ അതിനെടുങ്കനായി ഒരു കമന്റിട്ടു.

ഗുരു അതുകണ്ട് മനസ്സാലെ ചിരിച്ചു.

“പൊട്ടൻ, എന്റെ പാഴ് പോസ്റ്റ് വായിച്ച് ഞാനൊരു ബുദ്ധിജീവിയാണെന്ന് തെറ്റിദ്ധരിച്ചാണ് അവൻ ഈ നെടുങ്കൻ കമന്റ് ഇട്ടിരിക്കുന്നത്.”

shini lal, story , iemalayalam
ചിത്രീകരണം : വിഷ്ണു റാം

ഗുരു അവന് ഒരു താങ്ക്സും രണ്ട് ഉമ്മ സ്മൈലിയും ഇട്ടു കൊടുത്തു.

അതുകണ്ട് ശിഷ്യൻ ഇപ്രകാരം ചിന്തിച്ചു: “പാവം ഗുരു. ഞാൻ ആ പോസ്റ്റ് വായിച്ചു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പൊട്ടൻ!”

Read More: ഷിനിലാലിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: V shinilal 5 mini kathakal