1.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇവര്‍ രണ്ടു പേരു മാണ് എന്നൊക്കെ തങ്ങളുടെ സുഹൃത്തുക്കളെ അസൂയപ്പെടുത്തിയ അലോക് ചതുര്‍വേദിയും സ്മിഷ സിങ്ങും ഏറെ നാളായി താമസിച്ചിരുന്ന നഗരത്തില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത് അപ്രതീക്ഷിതമായാണ്. അവരുടെ മകള്‍ക്ക് എന്തോ രോഗമാണെന്നും ഏറെ നാളായി ചികിത്സയിലാണെന്നുമുള്ള അടക്കം പറച്ചിലുകള്‍ സുഹൃത്തുക്കള്‍ക്കിട യിലുണ്ടായിരുന്നു.

മടങ്ങിയെത്തിയ അലോകും സ്മിഷയും ആരെയും വീട്ടിലേക്ക് ക്ഷണിച്ചിരു ന്നില്ല. അതിനിഗൂഢമായതെന്തോ അവരുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സുഹൃത്തുക്കളുടെ ധാരണ. ആരെങ്കിലും ചെന്നാല്‍ തന്നെ അവരെ വീടിനുള്ളിലേക്ക് കടത്തുകയുമില്ല എന്നൊരു പരദൂഷണം സുഹൃത്തുക്കള്‍ക്കിടയിലുണ്ടായി.

അലോകും സ്മിഷയുമാവട്ടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു. സുഹൃത്ത് ഭവനങ്ങളിലായിരിക്കുമ്പോള്‍ സ്മിഷ ഒരു കുഞ്ഞിനെ താരാട്ടിയുറക്കുകയാണ് താനെന്ന മട്ടിലിരുന്നു. തന്റെ കയ്യിലുള്ള ശിശു അതീവ ശ്രദ്ധയര്‍ഹിക്കുന്നുവെന്ന മട്ടില്‍ ചിലപ്പോള്‍ സംസാര ത്തിനിടയ്ക്ക് ഇടവേളകളുണ്ടാക്കുകയും മറ്റു കുട്ടികളിലേയ്ക്ക് ഒരു പക്ഷിക്കണ്‍ നോട്ടങ്ങളയക്കുകയും ചെയ്തു. കുട്ടികളിലേയ്ക്ക് മാറുന്ന തന്റെ കണ്ണുകളെ ഒരു മായജാലക്കാരന്റെ വൈദഗ്ദ്യത്തോടെ മറ്റുള്ളവരില്‍ നിന്നും ഒളിപ്പിച്ചു. അത് പലപ്പോഴും അവളുടെ പ്രതികരണത്തില്‍ യാന്ത്രികത സൃഷ്ടിക്കുകയും അവളുടെ സ്വഭാവരീതികള്‍ അതിവിചിത്രമായവയെന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരമുണ്ടാക്കുകയും ചെയ്തു.

അലോകാവട്ടെ സുഹൃത്തുക്കള്‍ക്കിടയില്‍ ലഹരി നിറച്ച ഒരു പായ്ക്കപ്പലായി ഉലഞ്ഞാടിക്കൊണ്ടിരുന്ന നേരത്തുപോലും അവളെപ്പറ്റി ശ്രദ്ധാലുവായിരു ന്നു.

പൊലീസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ എഴുതിക്കൊണ്ടിരുന്ന കഥയില്‍ അലോകിന്റെയും സ്മിഷയുടെയും ജീവിതമടയാളപ്പെട്ടത് ഇങ്ങനെയൊ ക്കെയാണ്.

2.

ശ്രീവാസ്തവയെ പറ്റി പറയാം ഈയ്യടുത്ത് ഒരു കലാപകേസിന്റെ അന്വേഷ ണ പര്യവസാനത്ത് ശ്രീവാസ്തവ എഴുതിച്ചേര്‍ത്ത ചില കണ്ടെത്തലുകള്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തത്തിനു കാരണമായി. ആ കഥയുടെ കെട്ടുറപ്പ് അയാൾക്ക് ഒരു ഇരട്ടപ്രൊമോഷന്‍ ഉറപ്പു വരുത്തി. ചില പ്രത്യേക വാര്‍ത്താ ചാനലുകള്‍ വിടാതെ കണ്ടിരുന്ന അയാളുടെ ചലനത്തിലും സംസാരത്തിലും ചിന്തയിലും താനൊരു അന്വേഷകനിലുപരി പത്രപ്രവര്‍ത്തകനാ ണെന്ന ഭാവം തുളുമ്പി നിന്നു.

ഒരേ സംഭവത്തെ പറ്റി അന്വേഷിക്കുന്ന ഒന്നിലധികം ആള്‍ക്കാര്‍ എല്ലാക്കാലത്തും അയാളുടെ ഉള്ളില്‍ ഒളിച്ചു പാര്‍ത്തു. അതിലൊരാളുടെ പേര് എസ് എച്ച് ഒ യാദവ് എന്നായിരുന്നുവെന്ന് ഓര്‍ത്തു വെയ്ക്കേണ്ട താണ്. വ്യത്യസ്തങ്ങളായ കണ്ടെത്തലുകള്‍ പോലെ തോന്നിപ്പിക്കുന്ന ആ കഥകളില്‍ ഒന്നിലാണ് നഗരത്തില്‍ നിന്ന് ഏറെ ദൂരെ ഒരിടത്ത് കാവല്‍ക്കാരന്‍ ഗുര്‍മീതിന്റെയും കങ്കാണി പി സി സിങ്ങിന്റെയും കണ്ണുകള്‍ക്ക് മുന്നില്‍ ദൈവത്തിന്റെ ഒരു കണ്‍കെട്ടുവിദ്യ നടന്നതായി വായനക്കാരന്‍ അറിയുക. അത് എസ് എച്ച് ഒ യാദവിന്റെ ഭാവനയില്‍ മാത്രം പൂര്‍ണ്ണവളര്‍ച്ചയെത്തിയ കഥയാണ്‌.

3.

അലോകിന്റെയും സ്മിഷയുടെയും കഥ എഴുതികൊണ്ടിരുന്ന ശ്രീവാസ്തവ അവരുടെ കഥയിലേക്ക് മുഷ്താഖിന്റെയും മുംതാസിന്റെയും കഥ വിളക്കിച്ചേര്‍ക്കുമ്പോഴായിരുന്നു ഏറെനാളായി കാത്തിരുന്ന ഒരാളുടെ എന്ന മട്ടിലുള്ള മുഷ്താഖിന്റെ സന്ദര്‍ശനം.

“ഞാന്‍ ഗ്രാമം വിടുന്നതിന് മുന്നേ ഗ്രാമത്തില്‍ നിന്ന് പച്ചപ്പ്‌ കാണാതായിരുന്നു,” മുഷ്താഖ് പറഞ്ഞു.

അയാള്‍ ശ്രീവാസ്തവയോട് പറഞ്ഞ കഥയിലൂടെ ഒരു പുഴയുടെ ഓര്‍മ്മ ഒഴുകി വന്നു. അത് വിദൂര ദിക്കിലുള്ള നഗരങ്ങളുപേക്ഷിച്ച വസ്തുക്കള്‍ ഗ്രാമത്തിന് സമ്മാനിച്ചു. വലയെറിഞ്ഞവര്‍ക്ക് കിട്ടിയ മീനുകളുടെ ഉടലുകളില്‍ തറഞ്ഞു നിന്ന കുത്തിവെയ്പ് സൂചികള്‍ അതിലൊന്നായിരുന്നു. ഗ്രാമത്തിന്റെ രുചികളില്‍ നിന്നും ഗന്ധത്തില്‍ നിന്നും മത്സ്യങ്ങളിറങ്ങിപ്പോവുന്നതിനു മുന്നേയായിരുന്നു അത്.rajesh chithira ,story

പതിയെപ്പതിയെ പുഴയുടെ ഒഴുക്ക് കുറഞ്ഞു. വശങ്ങളിലുള്ള കാഴ്ച കാണാന്‍ നടത്തത്തിന്റെ വേഗത കുറയ്ക്കുന്ന കുട്ടിയായ പുഴ അധികനാള്‍ കഴിയുന്നതിനു മുന്നേ നിശ്ചലമായി.

നേരം തെറ്റിയ മഴക്കാലത്താല്‍ പുഴ നിറഞ്ഞൊഴുകിയ ഒരു ഋതുവില്‍ ഗ്രാമം വിഷദ്രാവകത്താല്‍ നിറയുകയും പാടങ്ങളില്‍ പച്ചപ്പ്‌ മുള പൊന്താതെയാവുകയും ചെയ്തു. തുടര്‍ന്ന് ആദ്യം കുട്ടികളും പിന്നെ മുതിര്‍ന്നവരും തങ്ങളുടെ കാലുകളില്‍ പതിവില്ലാത്ത വിധത്തിലുള്ള ചുവപ്പിന്റെയും തടിപ്പിന്റെയും ചിത്രപ്പണികള്‍ കണ്ടു. ക്രമേണ താമസക്കാരില്ലാതെയായ ഗ്രാമം ആര്‍ക്കും ഗുണം ചെയ്യാത്ത ചില സസ്യങ്ങളാലും രാത്രി വണ്ടികളിലെത്തിയ മാലിന്യങ്ങളാലും നിറഞ്ഞു. ഇര തേടിയെത്തിയ മൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ഒച്ച ഗ്രാമാതിര്‍ത്തി കടന്നു പോയി.

നിദ്രാവിഹീനങ്ങളായ അത്തരം രാത്രികള്‍ക്ക് തൊട്ടു മുന്‍പാണ് മുഷ്താഖ് നാടുവിടുന്നതും ഒരു ചായമടിക്കാരനായി രാജ്യാതിര്‍ത്തിയിലുള്ള മറ്റൊരു നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നതും.

ചായമടിക്കാരനായിരുന്ന മുഷ്താഖിനെ നഗരത്തിലുള്ള ദിവസക്കൂലിക്കാരുടെ ഒരു കൂട്ടത്തില്‍ വച്ചാണ് മുംതാസ് കണ്ടു മുട്ടിയത്. അടുത്തടുത്ത ദിവസങ്ങളിലെ കണ്ടു മുട്ടലുകള്‍ക്കും കഥ പറയലുകള്‍ക്കും ശേഷം ഞങ്ങള്‍ ഒരുമിച്ചു പാര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഷ്താഖ് പറഞ്ഞു.

“ഞങ്ങള്‍ പണിയ്ക്ക് സാധ്യതയുള്ള മറ്റൊരു പട്ടണത്തിലേക്ക് പോവുന്നു”.
അവര്‍ ഒരുമിച്ചു പാര്‍ക്കാനാരംഭിച്ച് മൂന്നു മാസം കഴിഞ്ഞിട്ടുണ്ടാവണം, ഒരു രാത്രി മുഷ്താഖ് മുംതാസിനോട് പറഞ്ഞു.
നാല് കുടുംബങ്ങള്‍ പങ്കിടുന്ന ഏറെപ്പഴകിയ ഒറ്റ മുറിയില്‍, നിലത്തു വിരിച്ച പായില്‍ പരസ്പരം പുതച്ച് കിടക്കുകയായിരുന്നു അവരപ്പോള്‍.

ഏതു നിമിഷവും നിലച്ചു പോയേക്കാവുന്ന വൈദ്യുതവിളക്കിന്റെ മഞ്ഞ വെളിച്ചം ചിതറി കിടന്നു. അവര്‍ക്കായി അനുവദിച്ച പായയ്ക്കപ്പുറം,ചാക്ക് കൊണ്ട് വലിച്ചുകെട്ടിയ അതിന്റെ അതിരിന്റെ അപ്പുറം, മറ്റൊരാളും ഏതാണ്ട് ഇതേ കഥ പറഞ്ഞു തുടങ്ങുന്നത് അവര്‍ക്ക് കേള്‍ക്കാമായിരുന്നു.

ഈ നാട്ടില്‍ ഓരോ പുരുഷനും തന്റെ സ്ത്രീയോട് ഒരിക്കലെങ്കിലും ഈ വരി പറഞ്ഞിട്ടുണ്ടാവണം. ഈ നേരം ആ പകലില്‍ മുംതാസ് ശേഖരിച്ച പഴയ തകരപ്പത്രങ്ങളില്‍ നിന്ന് പുറപ്പെട്ട ഒച്ചകള്‍ കൂട്ടിയിടിച്ചു. ഇപ്പോള്‍ വീടിനുള്ളില്‍ മറ്റേതോ ലോഹങ്ങളുടെ കൂട്ടിമുട്ടല്‍ പോലെ ഒച്ചകളുണ്ടായി.rajesh chithira ,story

4.

പിറ്റേന്ന് രാവിലത്തെ തീവണ്ടിയില്‍ പുറപ്പെട്ടതിന് ശേഷമുള്ള കഥ മുഷ്താഖ് മുംതാസിന് എഴുതിയ കത്തുകളിലാണ് ശ്രീവാസ്തവ കണ്ടെത്തിയത്.

കടന്നു വരുന്ന ആരെയും സ്വീകരിക്കാന്‍ തയ്യാറുള്ള നഗരം ഉണര്‍ന്നു തുടങ്ങിയിരുന്നു മുഷ്താഖ് എത്തുമ്പോള്‍. രണ്ട് രാജ്യങ്ങളുടെ മണ്ണ് പുരണ്ട അയാളുടെ ഉടല്‍ അപ്പോഴും ഉറങ്ങിക്കിടന്നിരുന്നു. നഗരപ്രാന്തത്തിലുള്ള കെട്ടിടങ്ങളില്‍ നിന്ന് പുകക്കുഴലുകള്‍ ആകാശത്തോട് സംസാരിച്ചും മേഘങ്ങള്‍ മുഖം കറുപ്പിച്ച് മെല്ലെ സഞ്ചരിച്ചു കൊണ്ടുമിരുന്നു.

റെയില്‍ ആഫീസിനു വെളിയില്‍ തങ്ങളുടെ പ്രത്യാശനിറഞ്ഞ കണ്ണുകള്‍ കൊണ്ട് പ്രഭാതത്തിന്റെ തിളക്കം കൂട്ടി ജീവിതാന്വേഷകര്‍.

അപ്പോള്‍ മാത്രം പിറന്നു വീണ ഒരു കുഞ്ഞ്, കരച്ചിലിന്റെ ഒച്ച കൊണ്ട് അപരിചിത ലോകത്ത് തന്നെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതു പോലെ, ആ നേരം ആ ഇടത്ത് വന്നിറങ്ങിയ പലരും ചുറ്റുപാടുകളില്‍ നിന്ന് സ്വന്തം ഭാഷയുടെ സാദ്ധ്യതകള്‍ തിരഞ്ഞ് നടന്നു; മുഷ്താഖും.

നേരം തെറ്റിയ നേരത്ത് ഗ്രാമത്തെ കൂകിയുണര്‍ത്തിയിരുന്ന തന്തയില്ലാത്ത കോഴിയെപ്പോലെ നഗരത്തിലെ റെയില്‍ ആഫീസിനു മുന്നിലൂടെ ആരുടെയൊക്കെയോ പേര് വിളിച്ചിട്ടെന്നോണം ചുറ്റി നടക്കുകയായിരുന്നു ഞാന്‍.

ആ പകലിനെ, ആ നഗരത്തെ മുഷ്താഖ് തന്റെ ആദ്യ കത്തിലൂടെ മുംതാസിനോട് പരിചയപ്പെടുത്തി.

മദ്ധ്യാഹ്നം വരെ തുടര്‍ന്നു ആ തിരഞ്ഞു നടക്കല്‍. ഉച്ചയോടെ ഭാഗ്യാന്വേഷകരെ തിരഞ്ഞ് ഒരു കമ്പനിയുടെ ഉദ്യോഗസ്ഥരെത്തി.

“ഐഡി വല്ലതുമുണ്ടോ? ” കമ്പനി ഉദ്യോഗസ്ഥന്‍ ചോദിച്ചു. “ഇല്ലെങ്കിലും കുഴപ്പമില്ല, ഈ നഗരം നമ്മുടെ സാബിന്റെതാണ്.” തുടര്‍ന്ന് ചില ചോദ്യങ്ങള്‍. ആരോഗ്യപരിശോധന.

അതിനൊടുവില്‍ ഇരുപത് പേര്‍ക്കിരിക്കാവുന്ന ഒരു വാഹനത്തിലെ മുപ്പത്തിയാറാമനായി മുഷ്താഖ് പുതിയ നഗരത്തിന്റെ അതിര്‍ത്തികള്‍ക്ക് വെളിയിലുള്ള ഒരു സ്വര്‍ഗ്ഗകവാടത്തിലേക്ക് യാത്രയായി.

ഇവിടെയാണ്‌ എന്റെ ജീവിതം. അടുത്തുതന്നെ നിനക്കൊപ്പമുള്ളത് . മുഷ്താഖ് എഴുതി.

കൈകള്‍ രണ്ടും നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചിരുന്നു. കൈകള്‍ക്കും നെഞ്ചിനുമിടയിലിരുന്ന പ്ലാസ്റിക് സഞ്ചി മുഷ്താഖിന്റെ വിയര്‍പ്പു കൊണ്ട് പാലായനഭൂപടത്തിന്റെ പുതിയ അതിര്‍ത്തികളെ വരച്ചുകൊണ്ടിരുന്നു.

കുറച്ചു മണിക്കൂറുകള്‍ മുന്നേ തീവണ്ടിയാപ്പീസിന് മുന്നില്‍ വരിവരിയായി നിന്ന സന്ദര്‍ശകരില്‍ നിന്ന് ഉടല്‍ വലിപ്പവും കായശേഷിയുമുള്ള മുപ്പത്തിയാറ് പേരെ തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട കമ്പനി ഉദ്യോഗസ്ഥന്‍, അതേ വാഹനത്തിന്റെ മുന്‍സീറ്റിലിരുന്നു കോട്ടുവായിട്ടു. പോക്കറ്റില്‍ നിന്ന് പാന്‍പരാഗിന്റെ ഒരു കവറെടുത്ത് വലതു കൈവെള്ള യിലേയ്ക്ക് കുലുക്കി. ഇടതു തള്ളവിരല്‍ കൊണ്ട് ഞെരടി വായിലേയ്ക്ക് നിക്ഷേപിച്ചു.

അടുത്ത മൂന്നു മാസങ്ങളില്‍ പോസ്റ്റുമാന്‍ മുംതാസിനെ തിരഞ്ഞെത്തി. മുഷ്താഖ് അവള്‍ക്കായയച്ച കറന്‍സി നോട്ടുകളും നഗര ജീവിത വൃത്താന്തങ്ങളും മുംതാസിന് കൈമാറി. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി കൊടുക്കുകയും കത്തുകളുടെ കെട്ടഴിച്ച് കഥകളെ പറത്തിവിടുകയും ചെയ്തു.

എന്റെ ഗ്രാമത്തിലെ പുഴയുടെ അമ്മേ, ഫാക്ടറിയുടെ പിന്നിലൂടെ കറുത്ത് കൊഴുത്തു ഒഴുകാന്‍ മടിച്ചു കിടക്കുന്ന നദിയെ നോക്കി മുഷ്താഖ് വിളിച്ചതായി, പുഴയുടെ കരയില്‍ നിന്ന് ദൂരെ ആശുപത്രികളുടെ വലിയ നിരയെപ്പറ്റി. ദേവാലയങ്ങളോളം തലയെടുപ്പുള്ള, കൊട്ടാരങ്ങളോളം ചിത്രപ്പണികളുള്ള ആശുപത്രികളെപ്പറ്റി അയാളുടെ കത്തുകള്‍ അവളോട്‌ പറഞ്ഞു.

പുഴയുടെ കരയില്‍ ശവദാഹം നടക്കാറുണ്ട്. തീയില്‍ ഉടല്‍ വേവുന്ന മണം അറിയാനാവും ഫാക്ടറിയില്‍ രണ്ടാം ഷിഫ്റ്റില്‍ നില്‍ക്കുമ്പോള്‍. കൂടുതലും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളോ ബന്ധുക്കളോ ഇല്ലാത്തവര്‍. രക്തം വാര്‍ന്നു പോയത് പോലെ മെല്ലിച്ച, നഗ്നയുടലുകള്‍ നദിയുടെ ഒഴുക്കില്‍ മുക്കിയെടുക്കുന്നത് ഫാക്ടറി ജനാലയിലൂടെ കാണാമായിരുന്നു.

ഒരാള്‍ ഈ ലോകത്ത് ജീവിച്ചു എന്നതിന്റെ അടയാളം പോലെ കൈവെള്ളയോളം ഒതുങ്ങുന്ന പൊടി ജലത്തിന് മീതേ പരന്നുകിടന്നു പല പകലുകളി ലും.

കത്തുന്ന മാംസത്തിന്റെ ഗന്ധം കൊണ്ട് എന്ത് തരം ദീനക്കാരനായിരുന്നു ഉടലുപേക്ഷിച്ചു പോയതെന്ന് പറഞ്ഞിരുന്നു സ്വയം ജലത്തിന് മീതെ തന്റെ തന്നെ പരശതം കണികകളായി പരന്നു കിടന്ന അസ്‌ലം, മുഷ്താഖിന്റെ ചങ്ങാതി.rajesh chithira ,story

ഫാക്ടറിയുടെ മേലെത്തന്നെയുളള തന്റെ താമസസ്ഥലത്തെ ഇടുങ്ങിയ ഇടത്തിരുന്നു എഴുതുമ്പോള്‍ മുഷ്താഖിന്റെ ഉള്ളില്‍ ഗ്രാമത്തിന്റെ ചിത കത്തിത്തീര്‍ന്നുകൊണ്ടിരുന്നു.

ഈ നേരം പോസ്റ്റുമാന്റെ വാക്കുകളില്‍ മുംതാസ് തങ്ങള്‍ പിന്നിട്ടു പോന്ന ദേശങ്ങളെ ഓര്‍ത്തെടുത്തു.

ഈ നഗരത്തിലെ തൊണ്ണൂറു ശതമാനം ഫാക്ടറികളും ഞങ്ങളുടെ മുതലാളി യുടെ സ്വന്തമാണ്. പോസ്റ്റ്‌ മാന്‍ കത്തു വായന തുടര്‍ന്നു. ഒരേ വാഹനത്തില്‍ വന്ന മുപ്പത്തിയാറ് പേര്‍ ഇതിലെ പലയിടങ്ങളിലുണ്ടാവും ഇപ്പോള്‍.

ഒരുപക്ഷേ, എന്റെ ഉടലിന്റെ അവശിഷ്ടങ്ങളും ഈ നദിയിലാവും അടിഞ്ഞു കൂടുക. മുഷ്താഖിന്റെ മൂന്നാമത് വന്ന കത്ത് പോസ്റ്റുമാന്‍ വായിച്ചപ്പോള്‍ മുംതാസിന്റെ കണ്ണ് നിറഞ്ഞു.

മൂന്നു മാസങ്ങള്‍ക്ക് ശേഷം മുംതാസിന്റെ വീട്ടിലേക്കുള്ള പോസ്റ്റുമാന്റെ വരവ് നിലച്ചു.

കത്തുകളില്‍ അയാള്‍ എഴുതാതെ വിട്ട കഥകളില്‍, വന്ന മാസം തന്നെ അയാളുടെ ജോലി നഷ്ടപ്പെട്ടതുള്‍പ്പെട്ടിരുന്നില്ല. അയാള്‍ക്ക് മാത്രമല്ല കൂടെയുണ്ടായിരുന്ന അഞ്ചു പേര്‍ക്കും ജോലിക്കൊപ്പം താമസസ്ഥലവും നഷ്ടപ്പെട്ടിരുന്നു എന്നത് ശ്രീവാസ്തവയുടെ കഥയിലൂടെ മാത്രം വായിച്ചെടുക്കാ നാവുന്നതാണ്.

അവര്‍ക്കൊപ്പം താമസിച്ചിരുന്ന മധ്യവയസ്കനായ ഒരു തൊഴിലാളിയുടെ അപകടമരണത്തിന് ശേഷമായിരുന്നു അത്. അടുത്ത ദിവസം മുതല്‍ മുഷ്താഖിന്റെയും ചങ്ങാതിമാരുടെയും ജീവിതം മാറിയതിങ്ങനെയാണ്. അവര്‍ പകലുകളില്‍ തൊഴിലന്വേഷകരായി നഗരത്തിലലയുകയും രാത്രി കളില്‍ നഗരത്തിന്റെ ഏതെങ്കിലും കോണില്‍ ഉറങ്ങുകയും ചെയ്തു.

“മുഷ്താഖ് നിന്നെ കണ്ടത് നന്നായി. നിനക്ക് ഗുണമുള്ള ഒരു കാര്യമുണ്ട്.”
പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അവരെ ഫാക്ടറിയില്‍ എത്തിച്ച ആള്‍ -കിഷോരി- മുഷ്താഖിനെ കണ്ടു മുട്ടി. നഗരത്തിലെ ഇടുങ്ങിയ ഒരു തെരുവില്‍ വച്ചായിരുന്നു അത്. ലഹരിയുടെ ഒരു നുള്ള് വിരലുകളാല്‍ ഞെരടിക്കൊണ്ട് കിഷോരി പറഞ്ഞു. വാക്കുകളില്‍ സഹതാപത്തിന്റെ ധാരാളിത്തമുണ്ടായി

“ജോലിയില്ലാതായ നിനക്ക് ഒരു സഹായവുമാവും അത്. പിന്നെ ഒരാളുടെ ജീവനേക്കാള്‍ വലുതായി, അതും ഒരു കൊച്ചു കുട്ടിയുടെ ആയുസ്സിനേക്കാള്‍ എന്താണ് ലോകത്ത് ബാക്കിയുള്ളത് ?”

ആശുപത്രിയില്‍ മുഷ്താഖ് തന്റെ ഉടലില്‍ നിന്ന് ഒഴിഞ്ഞു പോവുന്ന രക്തം ഒരാളിന്റെ ജീവനെ നിലനിര്‍ത്താനാണെന്ന്‍ ഓര്‍ത്തുകിടന്നു.

പ്രതിഫലമായി കിട്ടിയ തുകയില്‍ ചിലവിനുള്ളത് എടുത്ത് ബാക്കി മുംതാസിനയച്ച ദിവസം തന്റെ മരണത്തെക്കുറിച്ചാണ് മുഷ്താഖ് എഴുതിയത്.

“മതവും ജാതിയുമില്ലാത്ത ഒരു മറുക്” തന്റെ കയ്യില്‍ നിന്ന് രക്തമെടുത്ത ഇടത്തെ കറുത്ത പൊട്ടു കാണിച്ചു കൊണ്ട് ആ രാത്രി അയാള്‍ അസ്‌ലമിനോട് പറഞ്ഞു.

5.

മുഷ്താഖിന്റെ ഈ വരിക്കു ശേഷമുള്ള അയാളുടെ കഥ എസ് എച്ച് ഒ യാദവെഴുതിയ സ്റ്റേഷന്‍ റെക്കോര്‍ഡിലാണുള്ളത്.

പ്രഥമവിവരറിപ്പോര്‍ട്ട് എഴുതുമ്പോള്‍ യാദവ് തന്റെ കോളജ് കാലത്തെ ക്കുറിച്ച് ഓര്‍ത്തു. നഗരത്തിലെ ഒരു ഹോസ്പിറ്റലിന് വേണ്ടി സുഹൃത്തുക്ക ളുടെ രക്തവില്‍പ്പനയ്ക്ക് ഇടനിലക്കാരനായി പ്രതിഫലം വാങ്ങിയ യൗവ്വനത്തിന്റെ ഓര്‍മ്മ അയാളെ ഗൃഹാതുരനാക്കി.

യാദവ് മുഷ്താഖിനെയും അയാളുടെ നാല് സുഹൃത്തുക്കളെയും കണ്ടെത്തുമ്പോള്‍ അവര്‍ മൃതപ്രായാവസ്ഥയിലായിരുന്നു. അവരുടെ ഇരു കൈത്തണ്ടയിലും നിറയെ കറുത്ത പൊട്ടുകള്‍ പടര്‍ന്നു കിടന്നു.

അവര്‍ ആദ്യ മാസത്തില്‍ രണ്ടു പ്രാവശ്യം സ്വമേധയാ രക്തദാനത്തി നെത്തുകയും പിന്നീട് അവരുടെ സംരക്ഷകരുടെ താൽപ്പര്യപ്രകാരം ദാനത്തിന്റെ ഇടവേള ആഴ്ചകളിലേക്ക് കുറയുകയും ചെയ്തതിനു ശേഷമായിരുന്നു യാദവ് അവരിലേയ്ക്ക് എത്തിയത്.

“ഭാഗ്യവാനാണ് നീ, മുഷ്താഖ്. ആയിരത്തില്‍ ഒരാള്‍ക്കുള്ള രക്തത്തിന്റെ ഉടമയാണ് നീ” ആദ്യ ശ്രമത്തിനു ശേഷം മുഷ്താഖിന്റെ തോളില്‍ തട്ടി കിഷോരി പറഞ്ഞതിന് ശേഷം അയാള്‍ക്ക് പ്രത്യേക പരിചരണം കിട്ടിത്തുടങ്ങിയിരുന്നു.

അയാളുടെ ഉടലില്‍ നിന്ന് രക്തം കറന്നെടുക്കുന്നതിനിടയിലെ ഇടവേള കുറഞ്ഞു തുടങ്ങുകയും നഗരത്തില്‍ രക്തവിപണനത്തിന്റെ സാധ്യത കളെ പറ്റി സംസാരമുണ്ടാവുകയും ചെയ്ത ദിവസങ്ങളിലാണ് യാദവ് മുഷ്താഖിനെ കണ്ടു പിടിച്ചത്. രാജ്യാതിര്‍ത്തിയിലുള്ള ആ നഗരത്തിലേയ്ക്ക് വിദൂര നഗരങ്ങളില്‍ നിന്ന് പോലും ഉപഭോക്താക്കളെത്തുന്നതിനെ പറ്റി ആളുകള്‍ അടക്കം പറയാന്‍ തുടങ്ങിയിരുന്നു.rajesh chithira , story

6.

“സാലാ ഗാണ്ടൂ ലോഗ്, ദേഖ്ത്തെ ഹി ഗോലി മാര്‍ ദേനാ ചാഹിയെ. സബ് ക്രിമിനല്‍, ബദ്മാഷ്‌ ഹൈ. ബോര്‍ഡര്‍ കി ഉസ് പാര്‍ സേ ഹറാം കാ മാല്‍ കമാനേ കേലിയെ ആതെ ഹേ.” താനെഴുതുന്ന കഥയ്ക്കിടെ യാദവ് സ്വയം പ്രാകുകയായിരുന്നു.

നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ നിന്നും കാണാതായ ഒരു കുട്ടിയു ടെ കഥയിലേയ്ക്ക് എസ് എച്ച് ഒ യാദവ്, മുഷ്താഖിനെ കുടിയിരുത്തിയതാണ്. കുട്ടിക്ക് പിന്നാലെ അലോകിന്റെയും സ്മിഷയുടെയും പേരുകള്‍ അയാള്‍ ഈ കഥയിലേയ്ക്ക് ചേര്‍ക്കുന്നുണ്ടാവും.

“ദൈവം നടത്തിയ ഒരു മറിമായമാണ് മുഷ്താഖേ, നീയവിടെ ചെല്ലാനും ആ കുട്ടിയുടെ എടുക്കാനും അതിന്റെ ആയുസ്സറ്റ്‌ പോവാനും.” യാദവ് അയാളെ സമാധാനിപ്പിച്ചു. യാദവിന്റെ കഥയില്‍ നിന്നും മുഷ്താഖ് രക്ഷപെട്ടതിന്റെ തലേന്നായിരുന്നു അത്.

7.

ഗുര്‍മീതിന്റെയും കങ്കാണി പി സി സിങ്ങിന്റെയും കണ്മുന്നിലൂടെ ഒരു കുട്ടിയുമായി മുഷ്താഖ് മുംതാസിന്റെ അടുത്തെത്തുകയായിരുന്നു. തീരെ പ്രതീക്ഷിക്കാതെ മുഷ്താഖിനെ കണ്ട മുംതാസ് അതിശയപ്പെട്ടിട്ടുണ്ടാവണം. ഇനിയൊരിക്കലും തന്റെ ഉടലില്‍ നിന്നോ ഉയരില്‍ നിന്നോ ഉപേക്ഷിക്കാനാവാത്ത ഒന്നിനെ ചുമന്നുള്ള ഒരാളുടെ നടത്തം. മുഷ്താഖിന്റെ വരവിനെ പറ്റി ശ്രീവാസ്തവ എഴുതി.

മുംതാസ് ഖനിത്തൊഴിലാളിയായി എത്തിയതിന്റെ മൂന്നാം മാസത്തിലാണ് മുഷ്താഖ് അവളെ കാണാന്‍ എത്തിയത്.

മുംതാസിനടുത്തെത്തിയ മുഷ്താഖ് ദീര്‍ഘമായി നിശ്വസിച്ചു. അപ്പോള്‍ അയാളിട്ടിരുന്ന കുപ്പായത്തിന്റെ ചുളിവുകള്‍ നിവരുകയും അതില്‍ ഒളിച്ചിരുന്ന മറ്റൊരു ദേശത്തിന്റെ ഗന്ധമുള്ള ചുവന്ന മണ്ണ് കൂടുവിട്ടുപോവുന്ന കിളികളെപ്പോലെ ചിറകടിച്ചു ചിതറുകയും ചെയ്തു. മുഷ്താഖിനും മുംതാസിനുമിടയില്‍ നിന്ന് വാക്കുകള്‍ ദൂരം പാലിച്ചു നിന്നു.

അയാള്‍ ഏതോ കഥ പറയാന്‍ തയാറെടുക്കുകയാണെന്ന് അവള്‍ക്ക് തോന്നി. അയാള്‍ കഥയവസാനിക്കും ഉറങ്ങിപ്പോയ മുംതാസ് പിറ്റേന്ന് രാവിലെ അയാള്‍ നടന്നു തീര്‍ത്ത വഴിയിലൂടെ വീടിനുള്ളിലേയ്ക്ക് ഉറുമ്പുകളുടെ സഞ്ചാരപഥം കണ്ടെത്തി.

ഉറുമ്പുകളിലൂടെ നടന്നെന്റെ മുറ്റത്തെത്തുന്നത് എന്റെ രക്തമാണ് എന്ന് പുലര്‍ച്ചെ മടങ്ങും മുന്നേ മുഷ്താഖ് പറഞ്ഞിരിക്കാനിടയില്ല.

പക്ഷേ, ഒരിക്കലും സംഭവിക്കാനിടയിലാത്ത ഈ സന്ദര്‍ശത്തിന്റെ ഓര്‍മ്മ ഏറെക്കാലം മുംതാസിനെ പിന്തുടര്‍ന്നേക്കാനിടയുണ്ട്. ശ്രീവാസ്തവ എഴുതി. അയാള്‍ എഴുതിയ കഥകളുടെയെല്ലാം തുടക്കം യാദവിന്റെ സങ്കല്‍പ്പസഞ്ചാരങ്ങളായിരുന്നു.

8.

യാദവിന്റെ കഥയ്ക്ക്‌ പുറത്തായിരുന്ന മുഷ്താഖ് അപ്പോഴും അതിര്‍ത്തിക്ക് ഉള്ളില്‍ തന്നെയായിരുന്നു. അയാള്‍ തന്റെ കൈകളില്‍ ഒരു കുട്ടിയുണ്ടെ ന്ന് സങ്കല്‍പ്പിച്ചു. അതുവരെ കണ്ടിട്ടില്ലാത്ത ആ കുട്ടിയുടെ ചിരിയില്‍ അയാളും പങ്കു ചേര്‍ന്നു .അതിനെ ഉറക്കാന്‍ എന്നവണ്ണം അയാള്‍ തന്റെ കൈകളെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു കൊണ്ടിരുന്നു. കുട്ടിയുടെ കരച്ചില്‍ സഹിക്കാനാവാത്ത രാത്രികളില്‍ അയാളുടെ ഉറക്കം മുറിഞ്ഞു.rajesh chithira .story

അതേ രാത്രികളില്‍ അലോകിന്റെ കുട്ടിയുടെ കരച്ചില്‍ കേട്ടതായും ആ കരച്ചിലിനും ഉച്ചത്തില്‍ സ്മിഷയുടെ താരാട്ട് കേട്ടതായും അയാള്‍ സങ്കല്‍പ്പിച്ചു.

9.

“എഴുത്തുകാരാ” സ്വപ്നസഞ്ചാരത്തിനിടെ വിളി കേട്ട് തിരിഞ്ഞു നോക്കിയ ശ്രീവാസ്തവ മുഷ്താഖിനെ കണ്ടു. കൈയ്യിലെ രക്തക്കുഴലില്‍ സൂചി തറച്ചു കിടക്കുന്നുണ്ടായിരുന്നു.

ബന്ധനത്തില്‍ നിന്നും വിടുതല്‍ നേടാനുള്ള ഉള്‍പ്രേരണയും എന്നാല്‍ അതിനു സാധിക്കാത്തതിന്റെ നിസ്സഹായതയും ഏറെ ക്ഷീണിതനായ മുഷ്താഖിന്റെ കണ്ണിലുണ്ടായി. അയാളുടെ വായില്‍ നിന്നേതോ ദ്രാവകം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.

ചുറ്റും നിന്നവരുടെ കണ്ണുകള്‍ തന്നില്‍ നിന്ന് തെന്നി മാറുന്ന ഒറ്റ നിമിഷത്തിനു വേണ്ടിയാണ് മുഷ്താഖിന്റെ കാത്തിരിപ്പെന്നും അതേ ആശുപത്രിയിലെ മറ്റൊരു മുറിയില്‍ അലോകിനെയും സ്മിഷയെയും അവരുടെ മകളെയും കണ്ടതായും ശ്രീവാസ്തവയ്ക്ക് തോന്നി. തന്റെ അദൃശ്യ സഞ്ചാരങ്ങളില്‍ ശ്രീവാസ്തവ അഭിമാനിച്ചു. കിഷോരി അലോകിന്റെ തോളില്‍ തലോടുന്നത് അയാള്‍ കണ്ടു. അവരുടെ സംഭാഷണം നോക്കിയിരുന്ന ശ്രീവാസ്തവ ഉറങ്ങിപ്പോയി.

10.

യാദവ് എഴുതിയ കഥ വായിക്കുകയായിരുന്നു ശ്രീവാസ്തവ. മുഷ്താഖിന്റെ രക്തം സ്വീകരിക്കാന്‍ ആ മാസം അയാളുടെ ഉടലില്‍ നിന്നും രക്തം വാര്‍ന്നെടുക്കാന്‍ വന്ന നാലാമത്തെ അവകാശി ഒരു കുട്ടിയായിരുന്നു. ആ രാത്രി ആശുപത്രിയും നഗരവും കടന്നു മുഷ്താഖ് മുംതാസിന്റെ ലയത്തി ലേയ്ക്ക് കടന്നുപോയി. അയാള്‍ക്കൊപ്പം ആ കുട്ടിയുമുണ്ടായിരുന്നിരിക്കണം. ഉറുമ്പിന്റെ ഒരു കൂട്ടം വരി വച്ചു അയാളെ പിന്തുടര്‍ന്നു.

യാദവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാരെ മുഷ്താഖിനെ തിരയാന്‍ പോയ രാത്രി ശ്രീവാസ്തവ താനെഴുതിക്കൊണ്ടിരുന്ന കഥയ്ക്ക് പിന്നാലെ യാത്ര തിരിച്ചു. മുഷ്താഖിനെ പിന്തുടര്‍ന്ന ശ്രീവാസ്തവ അയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെത്തി.

കമ്പനിക്കരികിലെ നദിയില്‍ അതിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോവുന്ന ഒരുടല്‍ കണ്ടതായി തോന്നി.നദി അതിര്‍ത്തികളില്ലാത്ത ഒരു രാജ്യത്തിലേയ്ക്ക് എന്നത് പോലെ ആ ഉടലിനെ തന്റെ ഉള്ളിലേക്ക് ആനയിച്ചു കൊണ്ടിരുന്നു. സൂചിമുനകള്‍ കൊണ്ട് പച്ചകുത്തപ്പെട്ട ഒരു കൈത്തണ്ട അയാളോട് യാത്ര പറയുന്നത് പോലെ ചലിച്ചുകൊണ്ടിരുന്നു..

ഈ നേരം മുംതാസിന്റെ അടുക്കളയും കടന്ന് ഉറുമ്പുകളുടെ നിര ശ്രീവാസ്തവയെഴുതി കൊണ്ടിരുന്ന കഥയ്ക്ക് ചുറ്റും കടലാസില്‍ ചുവപ്പു നിറമുള്ള അതിര്‍ത്തി രേഖ വരച്ചുകൊണ്ടിരുന്നു. നദിയുടെ ആഴങ്ങളില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടുവോയെന്ന് ഓര്‍മ്മിച്ചെടുക്കാനുള്ള ശ്രമത്തിലാ യിരുന്നു ശ്രീവാസ്തവയപ്പോള്‍. തന്റെ കയ്യില്‍ ഒരു കുഞ്ഞുണ്ടെന്നും അത് ഉറക്കെക്കരയുന്നുവെന്നും സ്മിഷ ഉറക്കം വിട്ടുണര്‍ന്ന നേരം കൂടിയായിരുന്നു അത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook