ഒരിടത്തൊരിടത്ത്, ഒരു രാജ്യമുണ്ടായിരുന്നു. കാറ്റത്തുലയുന്ന കേരതരുക്കളും കുണുങ്ങിയോടുന്ന പുഴകളും പച്ചപ്പട്ടുടുത്ത പാടങ്ങളുമുള്ള ആ നാട്ടിൽ എല്ലാ പുരുഷന്മാരും ധീരോദാത്തരും എല്ലാ സ്ത്രീകളും പതിവ്രതകളും എല്ലാ കുട്ടികളും അടക്കമുള്ളവരും എല്ലാ വൃദ്ധരും ജ്ഞാനികളുമായിരുന്നു. അവിടെ, ഒരു നാട്ടിന്‍പുറത്ത്, മാ‍വും പ്ലാവും പുളിയും കരിമ്പും തെങ്ങും കവുങ്ങും നിറഞ്ഞ വിശാലമായ തൊടിക്കു നടുവിൽ വിളങ്ങിയിരുന്ന ഒരു വീട്ടിൽ, സൽസ്വഭാവിയായ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ സുന്ദരിയായ പത്നിയും പാർത്തിരുന്നു. എല്ലാ സൗഭാഗ്യവും ഉണ്ടായിട്ടും ഒരു ദുഃഖം അവരെ സദാ അലട്ടി. ഇരുപതുവയസ്സായിട്ടും ആ ഗൃഹലക്ഷ്മി പ്രസവിച്ചില്ല എന്നതായിരുന്നു ആ ദുഃഖം.
അധ്യാപകൻ എന്നും രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്, അലക്കിത്തേച്ച വസ്ത്രം ധരിച്ച്, ചോറ്റുപാത്രവും കുടയും ചൂരൽവടിയും പിടിച്ച്, അമ്പലപ്പറമ്പുകളും ആമ്പൽക്കുളങ്ങളും ഇല്ലിമുളംകാടുകളും കടന്ന്, രണ്ടുനാഴിക നടന്ന്‍, പള്ളിക്കൂടത്തിലേക്കു പോകും. ആ സമയംമുഴുവൻ, അനപത്യദുഃഖം സഹിക്കാൻ കഴിയാതെ കണ്ണുനീർ വാർത്തുകൊണ്ടാണ് അദ്ദേഹം നടന്നത്. കടുത്ത ദുഃഖത്തോടെ പള്ളിക്കൂടത്തിലെത്തിക്കഴിഞ്ഞാൽ, തന്റെ കൈയിൽ കിട്ടുന്ന കുട്ടികളെയെല്ലാം പൊതിരെ തല്ലുകയും അവരുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ വീണ്ടും കണ്ണുനീർ വാര്‍ക്കുകയും ചെയ്തു അദ്ദേഹം. ദുഃഖിതയായ ആ വീട്ടമ്മയാണെങ്കിൽ, വീട്ടുജോലികൾ കഴിഞ്ഞ് ഉച്ചഭക്ഷണം വരെയും, ഉച്ചയുറക്കം കഴിഞ്ഞാൽ വാല്യക്കാരികളെ ശകാരിക്കുന്ന സമയംവരെയും, അത്താഴം കഴിഞ്ഞാൽ ഉറങ്ങുന്നതുവരെയും ദുഃഖംസഹിക്കാൻ കഴിയാതെ ഭഗവദ്‌സ്മരണകീർത്തനാ‍ദികളിൽ മുഴുകുകയും ഭക്തിസഹിക്കാൻ കഴിയാതെ കണ്ണുനീർ വാര്‍ക്കുകയും ചെയ്തു. അവരുടെ കണ്ണില്‍നിന്ന്‍ ഒഴുകുന്ന കണ്ണുനീരു കോരിക്കളയാൻ മാത്രമായി ഒരു വെള്ളിക്കിണ്ണവും, കണ്ണീരുവീണു നനയുന്ന ആ ദേഹം തുടയ്ക്കാന്‍മാത്രമായി ഒരു വാല്യക്കാരിയും സദാ ഒപ്പമുണ്ടായിരുന്നു.

rajesh r varma, vishnu ram, short story

ഒരുദിവസം രാവിലെ, സന്താനവിഹീനയായ ഈ സാധ്വി തന്റെ ഗൃഹത്തിനു സമീപത്തിലുള്ള ഒരു അരുവിയിൽ തുടിച്ചുകുളിക്കുകയായിരുന്നു. അവർ ഒഴുക്കുന്ന കണ്ണുനീർ ധാരധാരയായി ആ കുളിര്‍വെള്ളത്തിൽ കലര്‍ന്ന്‍ അതിനെ ശുദ്ധീകരിക്കുന്നതു കണ്ടുകൊണ്ട് അടുത്തുള്ള മറ്റൊരു കടവിൽ ഒരു തവളയും തുടിക്കുന്നുണ്ടായിരുന്നു. സഹതാപം തോന്നിയ തവള അവരെ സമീപിച്ച് ഒരു വലിയ കുമിള സമ്മാനിക്കുകയും സന്തതിയുണ്ടാകട്ടെ എന്ന്‍ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം ആ ജീവി വെള്ളത്തില്‍ച്ചാടി മറഞ്ഞു. തന്റെ ദാസിമാരുടെ വിലക്കു വകവെയ്ക്കാതെ ആ കുമിള ഭക്ഷിച്ച സ്ത്രീ അടുത്ത നിമിഷം കുളപ്പടവുകളിൽ കുഴഞ്ഞുവീണു. ദാസിമാരുടെ സഹായത്തോടെ വല്ല വിധേനയും വീട്ടിലെത്തിയ അവർ തൽക്ഷണം പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു.
സന്താനസൗഭാഗ്യമുണ്ടായ ആ വീട്ടില്‍നിന്നും ദിഗന്തങ്ങളെ നടുക്കുന്ന ആര്‍പ്പുവിളികളും കുരവയും ഉയര്‍ന്നു. രണ്ടു നാഴിക ദൂരെയുള്ള സ്കൂളിൽ ജോലിത്തിരക്കിലായിരുന്ന അധ്യാപകന്റെ കാതിലും എത്തി ആ ശബ്ദഘോഷം. താൻ അടിക്കാനായി പിടിച്ച വിദ്യാർത്ഥിയെ വെറുതെവിട്ടിട്ട് അദ്ദേഹം വീട്ടിലേക്കു കുതിച്ചു. വഴിയില്‍വെച്ചുതന്നെ വിവരമറിഞ്ഞ അദ്ദേഹം സന്തോഷാശ്രു പൊഴിച്ചുകൊണ്ട്‌ തന്റെ വീട്ടിലേക്ക് ഓടിയെത്തുകയും നവജാതനായ പുത്രനെ വാരിപ്പുണരുകയും പത്നിയെ അഭിനന്ദിക്കുകയും ചെയ്തു.

കുഞ്ഞു ജനിച്ചതിന്റെ ഇരുപത്തെട്ടാം ദിവസം പുലര്‍ന്നു. നാമകരണം ആഘോഷിക്കുന്ന പിഞ്ചുകുഞ്ഞിനു മംഗളം ആശംസിച്ചുകൊണ്ട് കിളികൾ കളകൂജനം പൊഴിച്ചു. കുരുത്തോലകൊണ്ടും കുലവാഴകൊണ്ടും അലങ്കരിക്കപ്പെട്ട ആ ഗൃഹത്തിലേക്ക് ബന്ധുമിത്രാദികളും അഭ്യുദയകാംക്ഷികളും പ്രവഹിച്ചു. വിരുന്നു തുടങ്ങി. പൂവുപോലെ മനോഹരമായ ശരീരമുള്ള തന്റെ പിഞ്ചുപൈതലിനെ കൈയിലെടുത്ത അധ്യാപകൻ പുഷ്പാംഗദൻ എന്നു പേരുവിളിച്ചപ്പോൾ കതിനാവെടിയും കരഘോഷവും മുഴങ്ങി. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം നാട്ടിലെ പുരുഷശ്രേഷ്ഠന്മാർ ഗൃഹനാഥനെ സമീപിച്ച് സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ കുഞ്ഞിന് എല്ലാവിധ മംഗളങ്ങളും ആശംസിക്കുകയും ചെയ്തു.
“പുഷ്പാംഗദന് സമ്പത്ത് ഉണ്ടാകട്ടെ,” വ്യാപാരിവര്യൻ അരുള്‍ചെയ്തു.
“പുഷ്പാംഗദന് സൗന്ദര്യം ഉണ്ടാകട്ടെ,” നടൻ നേര്‍ന്നു.
“പുഷ്പാംഗദന് സംഗീത, സാഹിത്യാദികളിൽ പ്രാവീണ്യമുണ്ടാകട്ടെ,” കവി മംഗളവചസ്സുപൊഴിച്ചു.
“പുഷ്പാംഗദന് ഉന്നതവിദ്യാഭ്യാസം ലഭിക്കട്ടെ,” പ്രധാനാധ്യാപകൻ ആശീര്‍വദിച്ചു.
“പുഷ്പാംഗദന് ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ജോലിഭാരവുമുള്ള ഉദ്യോഗം ലഭിക്കട്ടെ,” തഹസില്‍ദാർ അനുഗ്രഹിച്ചു.
“പുഷ്പാംഗദന് സ്ത്രീകളെ വശീകരിക്കാനുള്ള ശേഷിയുണ്ടാകട്ടെ,” പുരോഹിതൻ പ്രാർത്ഥിച്ചു.

rajesh r varma, malayalam short story, vishnu ram

അടുത്ത നിമിഷം തറവാടിന്റെ പടിവാതിൽ ഒരലര്‍ച്ചയോടെ തുറന്നു. പന്തലിൽ നിശ്ശബ്ദത പരന്നു. ക്ലാവിന്റെ മണമുള്ള ഒരു പൊടിക്കാറ്റ് മുരണ്ടുകൊണ്ട് അകത്തേക്കു കടന്നുവന്നു. കാറ്റ് സദ്യയുടെ ഇലകളെ അലങ്കോലപ്പെടുത്തുകയും പട്ടുടുപ്പുകളിൽ പൊടിപുരട്ടുകയും ചെയ്തു.
കാറ്റ് ഒന്നടങ്ങിയപ്പോൾ പടിക്കൽ ഒരു രൂപം നില്‍ക്കുന്നതായി കാണപ്പെട്ടു. അലക്കിവെളുപ്പിച്ച ഉടുപ്പും മുണ്ടും ധരിച്ച്, കൈയിൽ ചൂരല്‍വടി പിടിച്ച്, കാടുപിടിച്ച പുരികങ്ങള്‍ക്കിടയിൽ കനല്‍പോലെ കത്തുന്ന കണ്ണുകൾ തുറിച്ച് കടന്നുവരുന്ന ആ രൂപത്തെക്കണ്ട കൊച്ചുകുട്ടികൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ഗൃഹനായകനായ അധ്യാപകന്റെ ഗുരുവായ അധ്യാപകനായിരുന്നു അത്. തന്നെ ആദ്യാക്ഷരം പഠിപ്പിച്ച, കുരുടനായിരുന്ന തന്റെ കണ്ണുതെളിയിച്ച, നന്മതിന്മകളുടെയും സദാചാരത്തിന്റെയും ബോധം പകർന്നുതന്നു മനുഷ്യനാക്കിയ, അദ്ദേഹത്തെ താൻ ക്ഷണിക്കാൻ മറന്നു എന്നു മനസ്സിലാക്കിയ യുവാവ് ഓടിച്ചെന്ന് കാലില്‍വീണു മാപ്പിരന്നു. ചീകിമിനുക്കിയ ആ ശിരസ്സ് കാലുകൊണ്ടു തട്ടിമാറ്റി, വയോവൃദ്ധനായ ആ ഗുരുഭൂതൻ സഞ്ചരിക്കുന്ന ഒരു അഗ്നിസ്തംഭംപോലെ മുമ്പോട്ടുനടന്നു. നാലുകെട്ടിൽ കടന്നുചെന്ന അദ്ദേഹം കുഞ്ഞിന്റെ തൊട്ടിലിനുനേര്‍ക്ക് നടന്നടുക്കുന്നതു കണ്ട് അതിന്റെ അമ്മ മോഹാലസ്യപ്പെട്ടുവീണു. പട്ടുവിരിപ്പിട്ട കുട്ടിമെത്തയിൽ പരിപൂര്‍ണ്ണനഗ്നനായി കിടക്കുന്ന കുട്ടിയെ കാണാതിരിക്കാൻ കണ്ണുപൊത്തിക്കൊണ്ട് അദ്ദേഹം ആക്രോശിച്ചു:

“തികച്ചും സദാചാരവിരുദ്ധമായ ഒരു ചെറുകഥയിലെ നായകനാണ് ഈ കുട്ടി എന്നു ഞാൻ മനസ്സിലാക്കുന്നു. പിതാവിന്റെ അറിവില്ലാതെ, തവളയുടെ സഹായത്തോടെ മുളച്ച ഈ അസുരവിത്തിനെ ഞാനിതാ ശപിക്കുന്നു: ഏതെങ്കിലും സ്ത്രീയുടെ വിവസ്ത്രമായ മാറിടം കാണാനിടയായാൽ തല്‍ക്ഷണം ഇവൻ മരിക്കും.”
ചൂരല്‍വടി ചുഴറ്റിക്കൊണ്ട് അദ്ധ്യാപകൻ കടന്നുപോയി. പൊടിക്കാറ്റ് പിറകേ പോയി.

“ആരെങ്കിലും എന്റെ കുഞ്ഞിനെ രക്ഷിക്കണം,” ആ പിതാവ് അവിടെക്കൂടിയിരുന്ന ദിവ്യപുരുഷന്മാരോട് അഭ്യര്‍ത്ഥിച്ചു.

“ഞങ്ങൾ കൊണ്ടുവന്ന അനുഗ്രഹങ്ങളൊക്കെ കൊടുത്തു കഴിഞ്ഞുവല്ലോ,” അവർ കൈമലര്‍ത്തി.

“സാറു പറഞ്ഞതു കേട്ടില്ലേ?” പഞ്ചായത്തുമെമ്പർ ചോദിച്ചു. “സ്വന്തം കുഞ്ഞിനെ സ്ത്രീയുടെ നഗ്നത കാണിക്കാതെ വളര്‍ത്താൻ കഴിയാത്ത താനെങ്ങനെ പള്ളിക്കൂടത്തിലെ പിള്ളേരെ നന്നാക്കും?” അദ്ദേഹം മുറുക്കാൻ പോയി.

“ഒരു വഴിയുണ്ട്,” അതുവരെ മൗനമായി ഇരുന്ന ഡോക്ടർ പറഞ്ഞു. “ഞാൻ ഒരു ഇഞ്ചക്ഷൻ കൊടുക്കാം. മരിക്കില്ല, മയങ്ങിക്കിടക്കും.”

“എത്രനാൾ മയങ്ങിക്കിടക്കും?” അദ്ധ്യാപകൻ ചോദിച്ചു.

“നൂറു കൊല്ലം.” ഡോക്ടർ പറഞ്ഞു.

“നൂറു കൊല്ലമോ?”

“അതെ. നൂറുകൊല്ലം കഴിയുമ്പോൾ പ്രണയം നിറഞ്ഞ ഒരു ചുടുചുംബനം കൊടുത്താൽ മതി, ഇവൻ ഉണര്‍ന്നോളും.”

ഡോക്ടർ തന്റെ തുകൽസഞ്ചി മേശപ്പുറത്തെടുത്തുവെച്ചു. സഞ്ചി തുറന്ന് ആശുപത്രിയും, ആശുപത്രി തുറന്ന് അലമാരിയും, അലമാരി തുറന്ന്‍ മരുന്നുപെട്ടിയും പുറത്തെടുത്തു. കരളലിയിക്കുന്ന കരഘോഷമുയര്‍ന്നു.

rajesh r varma, vishnu ram,malayalam short story

മാംസത്തിൽ സൂചി കയറിയ വേദനയിൽ ശിശു ഉറക്കെക്കരഞ്ഞു. മോഹാലസ്യപ്പെട്ടുകിടന്ന അമ്മ ഞെട്ടിയുണര്‍ന്ന്‍, കുഞ്ഞിനെ കടന്നെടുത്ത്, ആര്‍ക്കെങ്കിലും തടയാൻ കഴിയും മുമ്പ് അതിനെ മാറോടു ചേര്‍ത്തു. മുലക്കണ്ണുകളുടെ കാഴ്ചയും കുഞ്ഞിന്റെ നോട്ടവും കൂട്ടിമുട്ടിയ ബിന്ദുവിൽനിന്നും ഉറക്കം ഒരു നിശ്ശബ്ദമായ ഇടിമുഴക്കം പോലെ പ്രസരിച്ചു. ഉറക്കത്തിന്റെ തരംഗങ്ങൾ ശിശുവിന്റെ ശരീരത്തിൽ പ്രവേശിച്ച് അംഗപ്രത്യംഗങ്ങളിൽ വ്യാപിച്ചു. അതിന്റെ കവിളിലെ കണ്ണുനീർത്തുള്ളിയും തൊണ്ടയിലെ നിലവിളിയും മയങ്ങിവീണു. സിരകളിലെ രക്തവും അന്നനാളത്തിലെ മുലപ്പാലും കാതിലെ താരാട്ടുപാട്ടും ഉറക്കത്തിലാണ്ടു. ഒരുനൂറു വര്‍ഷത്തെ ഉറക്കത്തിനു തുടക്കമായി. നിറഞ്ഞ മാറിടങ്ങൾ ഘോഷയാത്രയായി കടന്നുപോകുന്ന ദൃശ്യം അതിന്റെ സ്വപ്നത്തിൽ തെളിഞ്ഞു.
ബോധംകെട്ടുറങ്ങുന്ന തങ്ങളുടെ പൈതലിനെ ചന്ദനത്തൊട്ടിലിൽ കിടത്തി, പട്ടുപുതപ്പിച്ച്, പരിമളം പൂശി, അച്ഛനുമമ്മയും കാവലിരുന്നു. അവന്റെ നിദ്രാധീനമായ ചുണ്ടുകളില്‍ക്കൂടി അവർ പാലും പഴസത്തുകളും ധാന്യക്കുഴമ്പുകളും കലര്‍ന്ന സന്തുലിതാഹാരം ചെലുത്തിക്കൊടുത്തു. വര്‍ഷങ്ങൾ കടന്നുപോയി. അവന്റെ ശരീരം വളര്‍ന്നപ്പോൾ, പുതിയ, വലിയ തൊട്ടിലുകളുണ്ടായി. വാല്യക്കാരത്തികളുടെ സംഘങ്ങൾ വന്ന്‍, ഉറങ്ങുന്ന കൈകാലുകളെക്കൊണ്ട് വ്യായാമങ്ങൾ ചെയ്യിച്ച്, അവന്റെ ആകാരസൌന്ദര്യം നിലനിര്‍ത്തി. വൈദ്യന്മാരും ഡോക്ടര്‍മാരും വന്ന്‍, നൂറുവര്‍ഷം ജീവിക്കേണ്ട ആ ശരീരത്തിനു പഴക്കം ബാധിക്കാതിരിക്കാനാവശ്യമായ ചൂര്‍ണ്ണങ്ങളും ആസവങ്ങളും കുത്തിവെച്ചു. തങ്ങളുടെ കുഞ്ഞിനുകിട്ടിയ അനുഗ്രഹങ്ങളൊന്നും പാഴായിപ്പോകാതിരിക്കാൻവേണ്ടി ആ അച്ഛനമ്മമാർ സമര്‍ത്ഥരായ അധ്യാപകരെ വരുത്തി. അവർ അവന്റെ ഉറങ്ങുന്ന കാതിനരികിൽ നിരന്നുനിന്ന്‍, കണക്കും ഇംഗ്ലീഷും ശാസ്ത്രവും ചൊല്ലിക്കൊടുത്തു. പൊതുവിജ്ഞാനവും സാമാന്യജ്ഞാനവും സദാചാരസംഹിതകളും നാലുകെട്ടിൽ മുഴങ്ങി.

നൂറുവര്‍ഷം നീണ്ടുനിന്ന ഉറക്കത്തിൽ മുഴുകി പുഷ്പാംഗദൻ കിടക്കവേ, അവന്റെ സ്വപ്നക്കാഴ്ചകൾ ശരീരത്തിനൊപ്പം മുതിര്‍ന്നു. താൻ സംഭവബഹുലമായ ഒരു ജീവിതം നയിക്കുകയാണെന്ന് അവൻ കിനാവുകണ്ടു. മത്സരപ്പരീക്ഷകളിൽ ജയിച്ച്, വിദ്യാഭ്യാസവും ഉദ്യോഗവും നേടുന്നതായി അവൻ ധരിച്ചു. തന്റെ സ്വപ്നങ്ങളിൽ പുഷ്പാംഗദൻ പെണ്‍കുട്ടികളെ കമന്റടിയ്ക്കുകയും അതിവേഗത്തിൽ വണ്ടിയോടിക്കുകയും തടയാൻ ശ്രമിച്ച പോലീസുകാരിയെ അശ്ലീലച്ചുവയുള്ള ഫലിതം പറഞ്ഞ് വായടപ്പിക്കുകയും ചെയ്തു. തന്റെ രൂപസൗന്ദര്യത്തിലും ധീരസാഹസികതകളിലും മയങ്ങിയ സുന്ദരികൾ വഴിവക്കിൽ നിരന്നുനിന്ന് കടാക്ഷംകൊണ്ട് മാടിവിളിക്കുന്നത് അവൻ കണ്ടു. പെണ്ണുകാണൽക്കാലമായി. ഗോളാകൃതിയിലുള്ള പലഹാരങ്ങളും വശ്യമന്ത്രം ജപിച്ച ചായയും നിരത്തിയ താലമേന്തിയ കന്യകമാരുടെ നിരകൾ അവന്റെ കണ്മുമ്പിലേക്കു കടന്നുവന്നു. നേത്രാരാധനകൊണ്ടു തന്നെ പ്രീതിപ്പെടുത്തിയ ഒരുവളെ അവൻ സുമംഗലിയാക്കി. നാഗരികത വിളിച്ചോതുന്ന പുത്തൻ വീടുപണിയിച്ച് പുഷ്പാംഗദൻ ഭാര്യയെയും മക്കളെയും അവിടെ താമസിപ്പിച്ചു. വീടിന്റെ പടിവാതില്‍ക്കൽ, വിവസ്ത്രമായ മാറിടമുള്ള സുന്ദരിയുടെ വെണ്ണക്കൽ പ്രതിമപിടിപ്പിച്ച തൂണിന്മേൽ, കറുത്ത കല്ലിൽ കൊത്തിയ സുവര്‍ണ്ണ അക്ഷരങ്ങളിൽ പുഷ്പാംഗദൻ ബി. എ. എന്ന പേരു തിളങ്ങി. അവൻ ഭാര്യയെയും മക്കളെയും ശാസിച്ചു നേരെയാക്കുകയും അവർ അവനെ ആരാധിക്കുകയും ചെയ്തു. അവന്റെ വായനമുറിയിൽ രാത്രി വൈകുന്നതുവരെ മേളിച്ച സുഹൃദ്സദസ്സുകളിൽ സാഹിത്യസംഗീതാദിവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.
പതിറ്റാണ്ടുകൾ കടന്നുപോയി. വാല്യക്കാരത്തികൾ ശേവുകമുപേക്ഷിച്ച് തങ്ങളുടെ പാട്ടിനു പോയി. അവർ ഭാഷയും സാഹിത്യവും കണക്കും സംഗീതവും പഠിച്ചു. സാഹിത്യസദസ്സുകൾ നടത്തുകയും വണ്ടിയോടിക്കുകയും സാഹസികത ശീലിക്കുകയും ചെയ്തു.
പുഷ്പാംഗദന്റെ ശരീരത്തിനു കാവലിരുന്ന അച്ഛനമ്മമാരുടെ ആത്മാക്കൾ തങ്ങളുടെ ജീര്‍ണ്ണമായ ശരീരങ്ങളോടു വിടപറഞ്ഞു. അവർ മരിച്ചുവീണസ്ഥലത്ത് ഒരു മുല്ലവള്ളിയും തേന്മാവും വളര്‍ന്നുപൊങ്ങി. അവ തങ്ങളുടെ ഉറങ്ങുന്ന മകന്റെമേൽ തണല്‍വിരിച്ചുകൊണ്ട് നാലുകെട്ടിൽ തലയുയര്‍ത്തിനിന്നു. അവയ്ക്കുചുറ്റും അപ്പയും തകരയും കൈതയും കമ്യൂണിസ്റ്റ് പച്ചയുമായി കാട്ടുചെടികൾ തലയുയര്‍ത്തി. അവ വളര്‍ന്നുവളര്‍ന്ന് നാലുകെട്ടിന്റെ മോന്തായം മറച്ചുപൊങ്ങി കൊടുങ്കാടായിമാറി. കാട്ടിനു നടുവിൽ ഉറങ്ങിക്കിടക്കുന്ന സുന്ദരനെപ്പറ്റിയുള്ള കഥമാത്രം ഐതിഹ്യം പോലെ ബാക്കിനിന്നു.
ഏറെക്കാലം കഴിഞ്ഞ് ഒരിക്കൽ, സാഹസികയായ ഒരു യുവതി ആ നാട്ടിലെത്തി. പട്ടണത്തിന്റെ നടുവിൽ പകൽപോലും പ്രകാശം കടക്കാത്ത ആ കൊടുങ്കാടുകണ്ട് അവൾ അത്ഭുതംകൂറി. കോടാലികൊണ്ട് കാടുവെട്ടിത്തെളിച്ച്, കാട്ടുമൃഗങ്ങളെയും വിഷസര്‍പ്പങ്ങളെയും തുരത്തി, ബൂട്ട്സിട്ട കാലുകൊണ്ട്‌ മുള്‍പ്പടര്‍പ്പുകൾ ചവിട്ടിമെതിച്ച് അവൾ തറവാടിന്റെ അവശിഷ്ടങ്ങളിലേക്ക് കടന്നുചെന്നു.
rajesh r varma, short story, vishnuram

പൊളിഞ്ഞ മേല്‍ക്കൂരയില്‍ക്കൂടി പൊഴിയുന്ന വെയിലിന്‍കീറിനു നടുവിൽ, ചെതുക്കുപിടിച്ച ചന്ദനത്തൊട്ടിലിൽ, ദ്രവിച്ച പട്ടുപുതപ്പിനു കീഴിൽ കിടക്കുന്ന യുവസുന്ദരനെ കണ്ട് അവൾ അനുരാഗപരവശയായി. റോസാപ്പൂവിതളുകൾ പോലുള്ള അവന്റെ ചുണ്ടുകളിൽ അവൾ ഒരു ചുടുചുംബനം അര്‍പ്പിച്ചു. യുവാവ് കണ്ണുതുറന്നു.

കാമൂഫ്ലാഷ് ധരിച്ച പെണ്ണിന്റെ കൈപിടിച്ച് അവൻ എഴുനേറ്റിരുന്നു.

“പേരെന്താ?” അവൾ ചോദിച്ചു. “നോട്ട് ദാറ്റ് ഇറ്റ്‌ മാറ്റേഴ്സ്.”

“പുഷ്പാംഗദൻ,” അവന്റെ സ്വരം വ്രീളാഭരിതമായിരുന്നു.

“ഓ…” അവൾ കോരിത്തരിച്ചു. “സോ ക്യൂട്ട്!” അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ തടങ്കലിലായി. അവന്റെ ചുണ്ടുകള്‍ക്ക് പനിനീരിന്റെ രുചിയായിരുന്നു.

“ഇതെന്താ ഈ പരിപാടി?” സുഖാലസ്യത്തിൽ അവൻ പിറുപിറുത്തു.

“യൂ സില്ലി ഫൂൾ,” അവൾ ചുണ്ടുകൾ പല്ലിനിടയിലാക്കി നോവിക്കാതെ കടിച്ചു. “ഇതല്ലേ ഉമ്മ.”

അപ്പോൾ, കഴിഞ്ഞ നൂറ്റാണ്ട് സാമാന്യം വലിയൊരു ശബ്ദത്തോടെ അവര്‍ക്കു ചുറ്റും തകര്‍ന്നുവീണു. ആ പൊടിപടലം അല്പനേരംകൂടി അവിടെയെല്ലാം തങ്ങിനിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook