ഉറക്കം- കരിയിലകൾക്കടിയിൽ

————————————————-

അസ്തമയങ്ങളുടെയും
ഉടഞ്ഞ കളിപ്പാട്ടങ്ങളുടെയും
ചവറ്റുകുട്ടയിൽ
നൂറു വയസ്സുള്ള ഒരുവളും
ദൈവവും പ്രണയിക്കുന്നത്
എനിക്കിനി കാണേണ്ട.

നാരകയിലകൾ ചൂടി
മഞ്ഞവഴിയിലൂടെ
മരണം നടന്നുപോകുന്നു
അരിവാളിന്‍റെ മൂർച്ച കൂട്ടുന്ന
ഒറ്റവാക്കുള്ള പാട്ട് പാടിക്കൊണ്ട്:
“നിന്നെയും നിന്നെയും
നിന്നെയും നിന്നെയും….”
ആ പാട്ടും ഇനി കേൾക്കേണ്ട.

രാത്രിയിൽ, ഉടലഴിച്ചു വെച്ച്
ഉടുപ്പിനെകുളിപ്പിക്കുമ്പോൾ
സോപ്പുപതയോടൊപ്പം
ഞാനും ഇല്ലാതാകേണ്ട.

jayakrishnan , poem

ഒന്നു മാത്രം;
മണ്ണുകൊണ്ടുണ്ടാക്കിയ മരങ്ങളിൽ
ഇലകൾക്കെല്ലാം
പച്ചനിറമായിരിക്കണം ;

കരിയിലകൾക്കടിയിൽ
മഴ തിരയുന്നവന്‍റെ
ഉറക്കം പോലുള്ള പച്ചനിറം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook