Jayakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/uploads/2018/03/j-k-1.jpg)
ഉറക്കം- കരിയിലകൾക്കടിയിൽ
-------------------------------------------------
അസ്തമയങ്ങളുടെയും
ഉടഞ്ഞ കളിപ്പാട്ടങ്ങളുടെയും
ചവറ്റുകുട്ടയിൽ
നൂറു വയസ്സുള്ള ഒരുവളും
ദൈവവും പ്രണയിക്കുന്നത്
എനിക്കിനി കാണേണ്ട.
നാരകയിലകൾ ചൂടി
മഞ്ഞവഴിയിലൂടെ
മരണം നടന്നുപോകുന്നു
അരിവാളിന്‍റെ മൂർച്ച കൂട്ടുന്ന
ഒറ്റവാക്കുള്ള പാട്ട് പാടിക്കൊണ്ട്:
"നിന്നെയും നിന്നെയും
നിന്നെയും നിന്നെയും...."
ആ പാട്ടും ഇനി കേൾക്കേണ്ട.
രാത്രിയിൽ, ഉടലഴിച്ചു വെച്ച്
ഉടുപ്പിനെകുളിപ്പിക്കുമ്പോൾ
സോപ്പുപതയോടൊപ്പം
ഞാനും ഇല്ലാതാകേണ്ട.
ഒന്നു മാത്രം;
മണ്ണുകൊണ്ടുണ്ടാക്കിയ മരങ്ങളിൽ
ഇലകൾക്കെല്ലാം
പച്ചനിറമായിരിക്കണം ;
കരിയിലകൾക്കടിയിൽ
മഴ തിരയുന്നവന്‍റെ
ഉറക്കം പോലുള്ള പച്ചനിറം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.