ഉച്ചവെയിലിന്‍ ഒച്ച

ഉച്ചവെയിലിനൊച്ച
ഒരു കാറ്റ് അതിന്‍ ഇണയുടെ
മുടിയിഴകള്‍ ചീര്‍പ്പുന്നതാവാം.
പ്രണയമപ്പോള്‍ ലോഹത്തിന്ന-
യിരായുള്ളില്‍ അതിന്മേല്‍
കാലമെഴുതും കാന്തികസാമിപ്യങ്ങള്‍

ഉച്ചവെയിലിനൊച്ച
തൊട്ടാവാടികളില്‍ കുട്ടിക്കുറുമ്പുകള്‍
കയ്യോടിച്ചു കളിക്കുന്ന മട്ടില്‍
ശ്വാസകോശമാം ചെമ്പേലസ്സില്‍
തണുത്തവിരല്‍ തൊട്ടു
വിളിക്കുന്ന ആസ്തമയാവാം

ഉച്ചവെയിലിനൊച്ച
സ്മരണ തന്‍ വാദ്യോപകരണമൊന്ന്‍
ആരോലോ മീട്ടപ്പെടുന്നതാവാം
മറവിയുടെ ഋതുവതിന്‍
പകലില്‍ നിന്ന് ഉതിര്‍ത്തതാം
നെല്‍ക്കതിര്‍പ്പാട്ടുമാവാംrajesh chithira ,poem

ഉച്ചവെയിലിനൊച്ച
ഉള്ളിലെ നാഗമതിന്മോര്‍‍മ്മ‍കള്‍
ചാറ്റല്‍ മഴയായ് പെയ്തു തീര്‍ക്കുന്നതാവാം
ചൂടാറാത്തതാം തൊണ്ടിന്നുള്ളില്‍
ഏതോ മറവി ഘനീഭവിക്കുന്നതുമാവാം

ഉച്ചവെയിലനൊച്ച
കാടുവിട്ടുപോരുന്ന വേളയിൽ
മൃഗത്തിൽ ഉളളുപേക്ഷിക്കുന്നതാം
ഒരടയാള വാക്യമാകാം
നിശബ്ദനാം നാട്ടുമൃഗത്തിൻ
അനുസരണയുടെ വാലോടിക്കലാവാം

ഉച്ചവെയിലിനൊച്ച
ഒരു തോന്നല്‍ മാത്രമാവാം
ഒച്ചയില്ലാത്തൊരു ഉച്ചവെയില്‍
മറ്റൊരു തോന്നലുമാവാം.

ചലിക്കും ഒച്ചതന്‍ തിളക്കമോ
വെയിലിന്‍ മറുപിറവിയായിടുന്നു.
പ്രപഞ്ചത്തില്‍ അചഞ്ചലമായില്ലോന്നു-
മെന്ന മട്ടില്‍ ചലിക്കുന്നിതെല്ലാം
ഉച്ചവെയിലിന്നൊച്ചയുടെ വിരലോട്ടങ്ങളില്‍.

Read More: രാജേഷ് ചിത്തിര എഴുതിയ കവിതയും യാത്രയും ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook