ടിപ്പുവിന്‍റെ കുതിര

ടിപ്പുവിന്‍റെ പട ഒരിക്കല്‍
അന്തിയുറങ്ങിയ മൈതാനത്ത്‌
പിന്നൊരിക്കല്‍ ഒരു
സിനിമാകൊട്ടകയും

പിന്നൊരിക്കല്‍ അതേ
മൈതാനവും

പിന്നൊരിക്കല്‍ ഒരു രാത്രി
ടിപ്പുവിന്‍റെ കുതിരയുടെ പ്രേതവും
പ്രത്യക്ഷപ്പെട്ടിടത്ത്

ഒരു പകല്‍ മുഴുവന്‍ ഞാന്‍
അലഞ്ഞു.

വൈകുന്നേരം
ഞാന്‍ വീട്ടിലേക്ക്‌ മടങ്ങി.

എനിക്ക് തോന്നി
ഒരു യുദ്ധ മുന്നണിയില്‍നിന്നും ഞാന്‍
ഒളിച്ചോടുകയാണെന്ന്.

എന്നെ ചോരയോ
മണ്ണോ, അതോ
കൊടും വഞ്ചനപോലെ
പഴകിയ എന്തോ
മണക്കുന്നുവെന്ന്.

ഒരുപക്ഷെ വീട്ടുമുറ്റത്ത്‌
വാളിന്‍റെ മൂര്‍ച്ചയിലേക്ക്‌ കഴുത്ത് ചേര്‍ത്ത്‌
ടിപ്പുതന്നെ ഇപ്പോള്‍ നില്‍ക്കുന്നുണ്ടാകുമെന്നും
ഞാന്‍ വിചാരിച്ചു.

karunakaran ,poem,malayalam writer

വളരെ മുമ്പേ ഓര്‍മ്മ നഷ്ടപ്പെട്ട
വൃദ്ധനായ സൈനികന്‍റെ മരണദിവസം
അയാളുടെ പട്ടാള ഉടുപ്പുകൾ
ചിട്ടയായി മടക്കി വെയ്ക്കുന്ന
കൊച്ചുമകളുടെ നിരുത്സാഹംപോലെ

മനം കയ്ക്കുന്ന ഓരോര്‍മ്മ, അതിന്‍റെ
പിറകെ വന്നു.

ഞാന്‍ പടയോട്ടങ്ങള്‍ വെറുത്തു
രാത്രി വളരെ വൈകി ഞാന്‍ ഉറങ്ങി.

അതിനുമുമ്പേ,

മൈതാനത്തെ സിനിമാകൊട്ടകയിലേക്ക്
രാത്രിയിലെ ആദ്യത്തെ പ്രദര്‍ശനം
കാണാനെത്തുന്ന ടിപ്പു തൊട്ടുമുമ്പേ
അയാളുടെ കുതിരയെ ലാളിക്കുന്നത്
സങ്കല്‍പ്പിക്കുമ്പോള്‍
തൊട്ടുപിന്നെ
മരിച്ചപോലെ കാലുകള്‍ നീട്ടി കുതിര
മുറ്റത്ത് കിടക്കുന്നത് സങ്കല്‍പ്പിക്കുമ്പോള്‍

ഞാന്‍ ഉറപ്പിച്ചു :

ചോര വാര്‍ന്ന് ഞാന്‍
മരിക്കാന്‍ പോവുകയാണ് എന്ന്.

പടയോട്ടങ്ങളുടെയോ രാജ്യങ്ങളുടെയോ
ഉറക്കത്തില്‍ പെട്ടുപോയ
ഒരാളെപ്പോലെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ