നഗരം ഉണര്‍ന്നു തുടങ്ങുന്നതിനു മുന്നോടിയായി അമ്പലങ്ങളിലെ സ്പീക്കറുകളില്‍ ഭക്തി ഗാനങ്ങള്‍ ഉയര്‍ന്നു. ചാലയില്‍ നിന്ന് മൊത്തവിലക്ക് സാധനങ്ങള്‍ എടുക്കാന്‍ പോകുന്ന ചെറുകിട വ്യാപാരികളുടെയും നഗരാതിര്‍ത്തിയില്‍ നിന്ന് ആദ്യബസ്‌ പിടിച്ചെത്തിയ വഴിക്കച്ചവടക്കാരികളുടെയും ഉറക്കച്ചടവ് മായാത്ത പിറുപിറുക്കലുകള്‍. തലേന്ന് നഗരത്തിനു മുകളില്‍ ഘനീഭവിച്ചു നിന്ന പുകപടലങ്ങള്‍ രാവിലെയായപ്പോഴേക്കും ഡിസംബറിലെ നേരിയ തണുപ്പില്‍ അലിഞ്ഞ് റോഡില്‍ പറ്റിക്കിടന്നു. എല്ലാ പ്രഭാതങ്ങളെയും ശുദ്ധമായി തോന്നിപ്പിക്കാന്‍ പ്രഭാത സൂര്യനൊരു മിടുക്കുണ്ട്. ഉളളിലെ ചുവന്ന വിസ്ഫോടനങ്ങളെ കാഴ്ചയില്‍ നിന്നും മറച്ച് ചെമ്പുകുടം പോലെ ഒഴുകി നടക്കുന്ന അതേ ചതുരതയോടെ സൂര്യന്‍ മനുഷ്യന് കപടമായ ഒരു പ്രതീക്ഷ നല്‍കുന്നു. എല്ലാം മുന്നോട്ടു ചലിക്കുകയാണെന്ന തോന്നലുണ്ടാക്കുന്നു. തോന്നലാണെങ്കിലും മനുഷ്യന് ജീവിക്കാനതു വേണം. ഇല്ലെങ്കില്‍ രാവിലെ സ്നീക്കറുകള്‍ക്കുള്ളില്‍ കയറിപ്പറ്റിയ വയസ്സന്‍കാലുകള്‍ പിച്ചവച്ച് ദീര്‍ഘായുസ്സ് സ്വപ്നം കാണില്ലല്ലോ. തങ്ങളില്‍ ആരാണ് പെട്ടെന്ന് മരിച്ചു പോകുന്നതെന്ന് ചിന്തിച്ച്, എന്നാല്‍ പരസ്പരം അത് വിനിമയം ചെയ്യാതെ നടന്ന വൃദ്ധദമ്പതികളില്‍ പലരും റോഡിന്‍റെ വശത്തുള്ള വെളിച്ചം നിറഞ്ഞ മുറികളുമായി പിറുപിറുത്തു കൊണ്ടിരുന്ന ഇരുനിലവീടിന്റെ മുന്നില്‍ വായ് തുറന്നു നിന്നു. കുറെനേരം കാത്തിട്ടും കാര്യം പിടികിട്ടാത്തത് കൊണ്ട് തങ്ങള്‍ക്കു മുന്നോട്ടു പോകേണ്ടതുണ്ടല്ലോ എന്നോര്‍ത്ത് വീണ്ടും നടന്നു.

പത്തു പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഗേറ്റു തുറന്നു വന്ന് റോഡിനിരുഭാഗവും ഓടിനടന്ന് എന്തോ തിരയാന്‍ തുടങ്ങി. ഇതേസമയം വീടിന്റെ ചുറ്റുമതിലിനുള്ളില്‍ മറ്റു കുടുംബാംഗങ്ങളും കാണാതായ എന്തിനെയോ തിരഞ്ഞു നടക്കുന്നുണ്ടായിരുന്നു. നാലുപാടും ഉള്ള കക്കൂസ് മാലിന്യങ്ങള്‍ ഇറങ്ങി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന വലയിട്ടു മറച്ച കിണറിനുള്ളിലും വീടിനു പുറകുവശത്തുള്ള സിമന്റു പൂശി മിനുസപ്പെടുത്തിയ തറയിടങ്ങളിലും പോയി നോക്കി. പ്രതീക്ഷയോടെ അല്ലെങ്കിലും രണ്ടാം നിലയിലെ ടെറസ്സിലും അന്വേഷിച്ചു. അവരുടെ പ്രതീക്ഷയ്ക്കപ്പുറത്തു സ്ഥാനചലനം സംഭവിച്ച വസ്തുവിനെപ്പറ്റി ആകുലപ്പെട്ട്‌ അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടികള്‍ക്കായി പോര്‍ട്ടിക്കൊവിനു കീഴെ വട്ടംകൂടി. അല്‍പ്പസമയത്തിനുള്ളില്‍ത്തന്നെ വീട്ടിലുള്ള ആണുങ്ങള്‍ രണ്ടുപേരും ബൈക്കെടുത്ത് പുറത്തേക്കു പോയി. ഇത്രയുമായപ്പോഴേക്കും പത്തന്‍പത് വയസ്സുള്ള ഒരു സ്ത്രീ ‘എന്റമ്മേ…എന്റമ്മേ’ എന്ന് പറഞ്ഞു വിതുമ്പാന്‍ തുടങ്ങി.

വീട്ടിലെ ഇളമുറക്കാരിയായ പെണ്‍കുട്ടി റോഡു മുറിച്ചു കടന്ന് ഗേറ്റിനഭിമുഖമായുള്ള പറമ്പില്‍ ഒന്ന് കണ്ണോടിച്ച് ഗേറ്റിനടുത്ത് തന്നെ തിരികെവന്ന് അക്ഷമയായി നിന്നു. തുറന്നു കിടന്ന ഗേറ്റിനു സമീപത്ത് ഇടുപ്പത്തു കയ്യും വച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയെ രാവിലെ തന്നെ കണ്ടപ്പോള്‍ കിലുങ്ങുന്ന സൈക്കിളില്‍ പത്രം വിതരണം ചെയ്യുന്ന ചെറുക്കന്‍ ജാള്യതയോടെ പത്രക്കെട്ടില്‍ നിന്ന് രണ്ടു പത്രങ്ങള്‍ വലിച്ചെടുത്ത് കളക്ഷന്‍ ബോക്സില്‍ നിക്ഷേപിച്ചു. അവന്റെ തന്നെ സ്കൂളില്‍ പഠിക്കുന്ന പെണ്ണാണ്‌ അത്. പത്രം ഇടുന്നു എന്നല്ലാതെ ആ വീട്ടില്‍ ആരാണ് താമസിച്ചിരുന്നത് എന്ന് അവന് അറിയില്ലാരുന്നു. പെണ്‍കുട്ടി പരിഭ്രമവും വിഷമവും കലര്‍ന്ന സ്വരത്തില്‍ ചെറുക്കനോട് ചോദിച്ചു.

‘ഇവുടുത്ത അമ്മൂമ്മയെ വഴീലെങ്ങാനും കണ്ടാ?’

‘ഇവിട അമ്മൂമ്മ ഒണ്ടാ? ഞാന്‍ ഇതുവര കണ്ടിറ്റില്ല’ ചെറുക്കന്‍ വാപൊളിച്ചു. ‘അതോണ്ട് ഇനി കണ്ടാലും എനിക്ക് മനസ്സിലാവൂല്ലല്ലാ…

രാവില എവിടപ്പോയി?’

‘അമ്മൂമ്മക്ക്‌ നല്ല ഓർമ്മേന്നൂല്ല…ചെലപ്പോക്ക എറങ്ങി നടക്കും. വീട്ടീ കാണണില്ല’

Read More: യമയെഴുതിയ കഥ സതി ഇവിടെ വായിക്കാം

‘എന്നാലും ഞാന്‍ അങ്ങോട്ട്‌ പോവുമ്പ വല്ലോം കാണേണെങ്കി തിരിച്ചു വന്നു പറയാം…’ പെണ്ണിനോട് സംസാരിക്കാന്‍ അവസരം കിട്ടിയതിന്റെ ഉത്സാഹത്തോടെ അവന്‍ സൈക്കിള്‍ ചവിട്ടി ഓടിച്ചുപോയി. അവന്‍ ആ വൃദ്ധയെ വഴിയില്‍ക്കണ്ടാല്‍ തന്നെ ശ്രദ്ധിക്കാന്‍ സാധിക്കാത്തവിധം ഇളകിമറിഞ്ഞാണ് സൈക്കിളോടിച്ചത്. വീടിനകത്തെ തേങ്ങിക്കരച്ചില്‍ ഒരാളില്‍ നിന്ന് രണ്ടിലേക്ക് വികസിക്കപ്പെട്ടു.

കാണാതായ വൃദ്ധയുടെ മകളും ചെറുമകളും താഴത്തെ നിലയില്‍ കാണാതാകുന്നതിനു മുന്‍പ് വൃദ്ധ കിടന്നിരുന്ന മുറിക്കുള്ളില്‍ കയറി മൂത്രം മണമുള്ള മുഷിഞ്ഞു കിടന്ന ബെഡിനടിയില്‍ തലകുനിച്ചു നോക്കി. ഇനി അവിടെയെങ്ങാന്‍ അവര്‍ ഒളിച്ചിരിക്കുകയാനെങ്കിലോ? ഡെറ്റോള്‍ നാറിയ തറയ്ക്കു മുകളിലുള്ള എല്ലാത്തിലും മരണവും മറവിയും മണക്കുന്നു. വെളുത്തമുടിനാരുകള്‍ കൊഴിഞ്ഞു കിടന്നിരുന്ന കിടക്കയില്‍ ചെറുമകള്‍ വിഷാദത്തോടെ വിരലോടിച്ചു.
‘എനിക്ക് ലീവെടുക്കാന്‍ പറ്റൂല്ല. ഞാനൊന്ന് ഒഫീസ്സീ വിളിച്ചു നോക്കട്ട്. അമ്മച്ചി ദൂരേന്നും പോയിക്കാണൂല്ല. അമ്മ ഇന്നലെ പൊറത്തൂന്നു പൂട്ടീല്ലാരുന്നാ?’

‘എനിക്കൊന്നും അറിഞ്ഞൂടേ…. ഇതെന്തൊരു കഷ്ടോണ്! എത്രേന്നും പറഞ്ഞാണ് ഈ പൂട്ടീടണത്? ഒരാളെ ഇങ്ങനെ പൂട്ടീടണതും ഓർത്തിങ്ങനെ നടക്കാന്‍ പറ്റ്വോ? എത്ര വര്‍ഷോയീ….യിത്’

‘അമ്മച്ചീട തല മൊട്ടയടിക്കാന്‍ അയാള് കൊറച്ചു കഴിഞ്ഞ് വരും. ഒറങ്ങി എണീക്കണേനു മുന്നേ വെട്ടാംന്നല്ലേ വിചാരിച്ചത്…ഇന്നിനീപ്പ നടക്കൂല്ല… ഈ ബെഡ് മുഴുവന്‍ പേനാണ്..’

‘ഇന്നല… നിങ്ങള് പറയണ വല്ലോം അമ്മ കേട്ട് കാണ്വോ മക്കളേ? കഴിഞ്ഞ രണ്ടു തവണേം അമ്മേര കരച്ചില് കണ്ടിട്ടാണ് അയാള്‍ വെട്ടാത്തത്.’ അവര്‍ വെപ്രാളത്തോടെ നെഞ്ചില്‍ കയ്യമര്‍ത്തിക്കരഞ്ഞു.

മുടിത്തുമ്പിലൂടെയാണ് ജീവോര്‍ജ്ജം ജീവികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് പറഞ്ഞാണ് അന്നാ വൃദ്ധ കരഞ്ഞത്. യോനീരോമം അടക്കം തൊലിപ്പുറത്തുള്ള സകല രോമവും കൊഴിഞ്ഞ് മെഴുകായിപ്പോയ ശരീരത്തിലവശേഷിച്ച തലമുടി വെട്ടിയെടുക്കാന്‍ വന്ന ബാര്‍ബറുടെ കൈകളെ, അഴുക്കുകയറിയ ദുര്‍ബലമായ കൈപ്പത്തികള്‍ കൊണ്ട് തടഞ്ഞ് അവര്‍ കരഞ്ഞു. കടല്‍ക്കാറ്റില്‍ നിന്നുയരുന്ന ജീവന്റെ വിളിക്ക് കാതോര്‍ക്കാന്‍ തനിക്കു ഈ മുടി കൂടെ മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞ് അവര്‍ വിലപിച്ചു. അവര്‍ പറയുന്നതെന്തെങ്കിലും മനസ്സിലാക്കാന്‍ ബാര്‍ബര്‍ക്കു കഴിഞ്ഞില്ല. വിങ്ങുന്ന ഹൃദയവുമായാണ്‌ അയാള്‍ അവിടം വിട്ടത്. കൈയില്‍ വൃദ്ധയുടെ ചെറുമകളുടെ ഭര്‍ത്താവു ചുരുട്ടിക്കൊടുത്ത കാശയാള്‍ തിരിച്ചു കൊടുത്തു.

ഉറക്കഗുളികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതോടെ ഉയിർത്തെഴുന്നേല്‍ക്കുന്ന ഒരു സ്മൃതിപഥം എപ്പോഴും കടലിലേയ്ക്കുള്ള വഴി തിരഞ്ഞു. പുറം ലോകത്തേക്കുള്ള വഴി തിരഞ്ഞുനടന്ന ഗതികെട്ട വിരലുകള്‍ ചുവരിലുണ്ടാക്കിയ പാടുകള്‍ ഗുഹാചിത്രങ്ങളിലെ മനുഷ്യരെപ്പോലെ വരിവരിയായി നടന്നു. ആ മുറിയിലെ എണ്ണയും ഡെറ്റൊളും മണക്കുന്ന ഇരുട്ടില്‍ നിന്ന് ആ അഴുക്കിന്റെ വിരല്‍മനുഷ്യര്‍ കാറ്റുള്ളിടത്തേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ആ വൃദ്ധയില്‍ നിരന്തരം ജീവിച്ചു കൊണ്ടിരുന്ന ഒരു സ്മൃതിയുടെ അകാലമരണത്തിനായി വാങ്ങിക്കൂട്ടിയ മരുന്നുകളുടെയും പലതവണ മാറ്റിയ കിടക്കവിരികളുടെയും കഥയില്ലായ്മ ഓര്‍ത്ത് ആ സ്ത്രീകള്‍ വിഷമിച്ചു. എങ്കിലും ഇനിയും മരണം സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു മൃതദേഹത്തിന്‍റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് കിടക്ക കുടഞ്ഞു വിരിക്കുകയും കട്ടിലിലേക്ക് അരിച്ചു കയറിക്കൊണ്ടിരുന്ന ചെറിയ കടിയുറുമ്പുകളെ ചൂല് കൊണ്ട് അവര്‍ തൂത്തുകളയുകയും ചെയ്തു.

‘ആള്‍ക്കാര വിശ്വസിക്കാന്‍ പറ്റൂല്ല.. ചെലോന്മാര്‍ക്ക് ഇപ്പൊ വയസായേം കൊച്ചും എന്നോന്നൂല്ല… അതാലോചിക്കുമ്പ ആണ് പേടി…’ചെറുമകള്‍ വീട്ടില്‍ ഇനിയും തിരയാന്‍ മുക്കുകളും മൂലകളും ഉണ്ടെന്ന മട്ടില്‍ അരിച്ചു നടന്ന് മുറിക്കു പുറത്തേക്കു പോയി. വൃദ്ധയുടെ മകള്‍ നെഞ്ചലച്ചു കരഞ്ഞതു കേട്ടു ഗേറ്റിനു പുറത്ത് വൃദ്ധയുടെ വരവും പ്രതീക്ഷിച്ചു നിന്ന പെണ്‍കുട്ടി തിരിഞ്ഞു വീടിനു നേരെ നോക്കി. കരച്ചിലുകളുടെ ദൂരം അവളിലേക്ക്‌ അടുക്കുന്നത് മനസ്സിലാക്കാനുള്ള പ്രായത്തികച്ച ആ കുട്ടിക്കുണ്ടായിരുന്നു. ഇപ്പോള്‍ തന്‍റെ അമ്മൂമ്മ ഇരുന്നു കരയുന്ന ഇടത്ത് തന്‍റെ അമ്മ ഒരിക്കലിരുന്നു കരയുമെന്നും താന്‍ ആ വീടിന്റെ കോണുകളില്‍ കളഞ്ഞു പോയൊരു വൃദ്ധയെത്തെടി നടക്കുമെന്നും ആ പെണ്‍കുട്ടി പ്രവചനാത്മകമായി ചിന്തിച്ചു. ബന്ധുക്കളുടെ കരച്ചിലുകള്‍ കുട്ടികളെ എത്ര പെട്ടെന്നാണ് മുതിര്‍ന്നവരാക്കുന്നത്.

II

കറുത്തിരുണ്ട മാനത്ത് തിരകള്‍ അടിച്ചു പൊങ്ങുന്നത് നോക്കി അവള്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. തിരകള്‍ പുറംകടലിനു നെടുകെ കടല്‍ജലം തൊട്ടുനിന്ന മേഘങ്ങള്‍ക്കെതിരെയാണ് ഉയര്‍ന്നത്. കിടക്കവിരി കൊണ്ട് ശരീരം മറച്ചിരുന്ന അവളുടെ ശരീരം സുര്യോദയം കാത്തുകിടന്ന സമുദ്രതീരത്തെ കാറ്റേറ്റ് തകരത്തുണ്ട് പോലെ വിറച്ചു. നടുഭാഗം വളഞ്ഞു മുന്നോട്ടാഞ്ഞുനിന്നിരുന്ന അവള്‍ വലതുകൈ വലതുമുട്ടിനു മേല്‍ പതിപ്പിച്ചു വച്ചിരുന്നു. കഴുത്തിന്‌ താഴെ മറ്റേക്കൈകൊണ്ട് മുറുകെപ്പിടിച്ചിരുന്നതിന്നാല്‍ പലപ്പോഴും കിടക്കവിരി കഴുത്തും ചുമലും മാത്രമേ മൂടിയുള്ളൂ. കാറ്റടിക്കുംപോള്‍ ആ തുണി പറന്നുമാറി അവള്‍ മുക്കാലും നഗ്നയായി കാണപ്പെട്ടു. വെളുത്ത ചണനാരുകള്‍ പോലുള്ള നീണ്ടമുടി സദാ കാറ്റില്‍ പറന്നു ജട കെട്ടിക്കൊണ്ടിരുന്നു. മുഖാസ്ഥികള്‍ ഉന്തി ചുളിവുകള്‍ നിറഞ്ഞ മുഖത്തെ തൊലിപ്പുറത്ത് തണുപ്പിന്റെ ചുമന്ന സ്നേഹദംശനങ്ങള്‍. വരണ്ട കൺചാലുകള്‍ മരണം കണ്ടു കിടന്നെങ്കിലും അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. ഒരുകടല്‍ക്കാറ്റിനും തൂവിയെടുക്കനാവാത്തവിധം കനമുള്ള ഒരു ജലകണം കനംപോയ കൺപീലികളില്‍ തങ്ങി നിന്നു.

yama, athira,malayalm story, onam,

അവളുടെ ചുണ്ടുകള്‍ വിറച്ചു നിന്നത് തണുപ്പുകൊണ്ടല്ല. നിശബ്ദമായ പുഞ്ചിരിയില്‍ കൊരുന്ന് പുറത്തേക്കൊഴുകിയ വാക്കുകള്‍ പുറത്തു വരുന്നതിനനുസരിച്ച് കാറ്റിനൊപ്പം ദൂരേയ്ക്ക്‌ പൊയ്ക്കൊണ്ടിരുന്നു. ഒരു മന്ത്രവാദിനിയെപ്പോലെ സുനിശ്ചിതമായ ഒരു ലക്ഷ്യത്തിനു സാക്ഷിയാകാന്‍ പോകുന്ന കടലിനെ നോക്കി അവള്‍ ഇടയ്ക്കിടെ സ്നേഹത്തോടെ തലയാട്ടുന്നുണ്ട്. മെല്ലിച്ച കാല്‍വിരലുകള്‍ നനഞ്ഞ മണലില്‍ അള്ളിത്താണ് കടൽപ്പാരില്‍ കപ്പല്‍ നങ്കൂരമിട്ടത് പോലെ ശക്തമായിരുന്നു അവളുടെ നില. പുറത്തും അകത്തുമായി ഒരേ ഇരമ്പം. കടൽത്തട്ടില്‍ മുങ്ങിയമര്‍ന്നു കിടന്നിരുന്ന പായൽപ്പിടിച്ച ഭൂഖണ്ഡം ഉയർന്നുവരുന്നതിനു മുന്നോടിയായി കടല്‍ ഒന്നുള്ളിലേക്ക് വലിഞ്ഞു. ശ്വാസം പിടിച്ചു നിന്ന അറുപ്പന്‍കടല്‍ കാരണം കടല്‍ത്തീരം കിലോമീറ്ററുകളോളം മരുഭൂമി പോലെ തോന്നിച്ചു. സൂര്യന്റെ ആദ്യകിരണം വീണതും കടലില്‍ തൂണുപോലെ നിന്ന മേഘപ്പടര്‍പ്പ് പൊട്ടിയൊലിച്ചു. ഒരാന്തലില്‍ കടല്‍ മുന്നോട്ടു കുതിച്ചു. ദ്രവിച്ചു പൊടിഞ്ഞു തുടങ്ങിയ പ്രേതക്കപ്പലും പൊക്കിയെടുത്ത് ഒരു ചെറിയ ഭൂഖണ്ഡം ഉപരിതലത്തില്‍ വെളിവായി. തൊട്ടടുത്ത്‌ വാനോളം ഉയര്‍ന്ന്‍ താഴേക്കു പതിക്കാന്‍ നിന്ന പാമ്പിന്‍തിരക്ക് കീഴെ അവള്‍ ആ കിടക്കവിരിയുടെ കൂട്ടും ഉപേക്ഷിച്ചു. കടല്‍ അവളെയും കടന്ന് കരയിലേയ്ക്ക് കമിഴ്ന്നു വീണു.
III

വെളുപ്പാൻ കാലമായത് കൊണ്ട് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ടു കോണ്‍സ്റ്റബിള്‍മാരും അടുത്ത ഷിഫ്റ്റിലെ പൊലീസുകാരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നേരം വെളുക്കുന്നതിനു മുന്നേ തന്നെ വയസ്സിയെ കാണാനില്ല എന്നും പറഞ്ഞു വന്നിരിക്കുന്ന രണ്ടുപേരെ കണ്ടപ്പോള്‍ പരാതി എഴുതല്‍ അടുത്ത ഷിഫ്റ്റിലെ പൊലീസുകാരെ ഏല്‍പ്പിച്ചുകൊടുക്കാം എന്നവര്‍ രണ്ടുപേരും കൂടിയാലോചിച്ച് തീരുമാനിച്ചു. അല്ലെങ്കില്‍ ഈ വെളുപ്പാൻ കാലത്ത് ബൈക്കും എടുത്ത് വെറുംവയറ്റില്‍ നാട് ചുറ്റേണ്ടി വരും എന്നവര്‍ക്കറിയാം.

സ്റ്റേഷന് പുറത്തിട്ടിരിക്കുന്ന ബെഞ്ചില്‍ അസ്വസ്ഥതയോടെ ഇരിക്കുന്ന ആണുങ്ങളെ പറഞ്ഞയക്കാന്‍ ഒരു ശ്രമം നടത്തിനോക്കാം എന്നുകരുതി ഒരു കോണ്‍സ്റ്റബിള്‍ ഉപദേശരൂപേണ തുടങ്ങി.

‘നിങ്ങള് അവിടേന്നും മര്യാദയ്ക്ക് നോക്കാഞ്ഞിട്ടാണ്. പത്തെഴുവത് വയസായ അമ്മച്ചി ഇരുട്ടത്തെണീച്ച് എത്ര ദൂരം പോവാന്‍? ഒന്ന് വണ്ടിയെടുത്തു കറങ്ങാത്തേന്ത്?’

വൃദ്ധയുടെ മരുമകന് പൊലീസുകാരന്റെ അലസത മനസ്സിലാകാന്‍ വിഷമം ഉണ്ടായിരുന്നില്ല. അയാള്‍ ഗവൺമെന്റ് സര്‍വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റീട്ട്‌ അധികം ആയിട്ടില്ല. ജോലി ചെയ്തിരുന്ന സമയത്ത് ഇഴഞ്ഞു നീങ്ങിയിരുന്ന ഫയലുകള്‍ എത്ര പേരുടെ സമയവും ജീവനും അപഹരിചിട്ടുണ്ടാകും എന്നയാള്‍ വിരമിച്ച ശേഷമാണ് ചിന്തിച്ചത്. അപ്പോഴാണ്‌ തനിക്കു കർമ്മനിരതമാകാവുന്ന സമയങ്ങളും അവസരങ്ങളും താന്‍ പാഴാക്കി എന്നയാള്‍ തിരിച്ചറിഞ്ഞത്. ഒന്പതരയ് ക്ക് ജോലിസ്ഥലത്തേണ്ട വെപ്രാളത്തില്‍ തന്റൊപ്പം ഇരിക്കുന്ന മരുമകനെക്കുറിച്ച് അയാള്‍ക്ക്‌ വല്യ മതിപ്പൊന്നുമില്ല. എങ്ങനെയോ ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയിലെ റീജിയണല്‍ ഓഫീസിലെ സെയില്‍സ് സെക്ഷനില്‍ കടന്നു കൂടിയിരുന്ന ആ ചെറുപ്പക്കാരന് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതില്‍ അയാള്‍ക്ക്‌ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. മകളുടെ കോളേജുകാല പ്രണയം ഉണ്ടാക്കിയ ദുരന്തം എന്നയാള്‍ എപ്പോഴും വിഷമിക്കും.

‘അമ്മച്ചിക്കു നടക്കാനൊക്ക ആരോഗ്യോക്ക ഒണ്ടാ!’ മധ്യവയസ്സുകാരനായ പൊലീസുകാരന്‍ പല്ല് തേച്ചു കൊണ്ട് ചോദിക്കുകയാണ്.

‘അതൊന്നും കൊഴപ്പല്ല.. ഇത്തിരി ബോധക്കേടൊണ്ട്. അതുകൊണ്ട് എറങ്ങി നടക്കും ചെലപ്പഴക്ക.’

‘അത് നിങ്ങക്ക് വെറുതെ തോന്നണതാണ്.. ബോധം ഒള്ളോണ്ടല്ലേ ഇറങ്ങി നടക്കണത്‌.. നടക്കണം എന്ന് തോന്നണത് ഒരു ബോധം അല്ലെ?’ വൃദ്ധയുടെ മരുമകന് അത്യാവശ്യം നന്നായി തന്നെ ദേഷ്യം വന്നു.

‘ഞങ്ങളക്കൊണ്ട് തപ്പി എടുക്കാന്‍ പറ്റാത്തോണ്ടാണ് ഇങ്ങോട്ട് വരണത്. ഇങ്ങനെ താത്വികം കേള്‍ക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വരണോ?

പൊലീസുകാരന്‍ ദേഷ്യപ്പെടും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. അയാള്‍ പറഞ്ഞു. ‘ഞാന്‍ ചുമ്മാ പറഞ്ഞതല്ലാ..’. കുറച്ചു നേരം അയാള്‍ എന്തോ ചിന്തിച്ചു കൊണ്ട് നിന്നിട്ട് പറഞ്ഞു ‘ഞാന്‍ കൂടവരാം. പോയൊന്നു നോക്കാം. നിങ്ങള് വണ്ടി ഓടിക്ക്വോ?’ ഓടിക്കും എന്ന് മരുമകന്‍ തലയാട്ടി.

‘താന്‍ ഇവിടെ ഇരിക്ക്. ഇപ്പൊ അടുത്ത ഷിഫ്റ്റ്‌ വരും. പരാതി എഴുതിച്ച് ഇരിക്കുമ്പോത്തെക്കും ഞങ്ങളെത്തും..’ പോലീസുകാരന്‍ മധ്യവയസ്കനോടൊപ്പം വന്ന ചെറുപ്പക്കാരനോട്‌ പറഞ്ഞു. ഒരു പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വരുന്നതിന്റെ സകലവൈഷമ്യങ്ങളും ചെറുപ്പക്കാരന്റെ മുഖത്തുണ്ടായിരുന്നു.

yamam kadha, malayalam story, onam, vishnu ram,

വൃദ്ധയുടെ മരുമകനു പുറകിലിരുന്ന് പൊലീസുകാരന്‍ പുലര്‍കാലത്തെ തണുപ്പുള്ള കാറ്റ് ശരിക്കും ആസ്വദിച്ചു. വണ്ടി ഓടിച്ചുകൊണ്ടിരുന്നയാള്‍ക്കോ പൊലീസുകാരനോ എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാത്തത് കൊണ്ട് അവര്‍ വെറുതെ മുന്നില്‍ കാണുന്ന റോഡിലും ഇടവഴികളിലുമൊക്കെ വണ്ടി ഓടിച്ചു.

‘അമ്മച്ചി ഇപ്പൊ തളന്നിറ്റ് എവിടെങ്കിലും കേറി ഇരിക്കുന്നൊണ്ടാവും. നമ്മളിങ്ങന പോയോണ്ട് കാര്യോന്നും ഇല്ലന്നാണ് തോന്നണത്…. വീട്ടിനടുത്ത് വല്ലതും ഒണ്ടെങ്കി അറിയാന്നൊള്ളോരു തിരിച്ചു കൊണ്ട് വിടും.. ഇനി ഉച്ച കഴിഞ്ഞിട്ടും കിട്ടീല്ലെങ്കി ഒരു പോസ്റ്ററ് ഒണ്ടാക്കി ഒട്ടിച്ചാ മതി’

വണ്ടിയോടിക്കുന്നയാള്‍ ഇത് കേട്ടിട്ടും ഒന്നും പറഞ്ഞില്ല.
അയാള്‍ക്ക് ഒരിക്കലും ആ വൃദ്ധയോട് എന്തെങ്കിലും മമതയോ സ്നേഹമോ ഒന്നും തോന്നിയിട്ടില്ല. ഭാര്യയുടെ അമ്മ എന്ന ബന്ധത്തിനപ്പുറം ഒരു ഇടപെടലും അയാള്‍ ആ സ്ത്രീയുമായി നടത്തിയിട്ടില്ല. അവരുടെ ഓര്‍മ്മ പോയതിനു ശേഷം വീട്ടില്‍ നിന്നുള്ള അവരുടെ ഇറങ്ങിപ്പോകലുകള്‍ വിരലെണ്ണം കവിഞ്ഞ സമയത്ത് വീടിന്‍റെ മുന്‍വശത്തെയും പുറകുവശത്തെയും വാതിലുകളില്‍ പ്രസ്‌ലോക്ക് പിടിപ്പിച്ചതാണ് അവരുമായി ബന്ധപ്പെട്ടു അയാള്‍ ചെയ്ത ഓര്‍മ്മിക്കാവുന്ന ഒരു പ്രവൃത്തി. വീട്ടില്‍ കറിവയ്ക്കാനായി കൊണ്ട് വരുന്ന മീനുകളെ സ്വന്തം കിടക്കയില്‍ കൊണ്ടിട്ട്‌ അത് കടലാണെന്ന് പറയുകയും തുണിയുരിഞ്ഞു നഗ്നയായി വീടിനുള്ളില്‍ നടക്കാനും തുടങ്ങിയതിനു ശേഷമാണ് അവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു തുടങ്ങിയത്. പലപ്പോഴും ആ മുറിയുടെ പുറത്ത് കൂടിപ്പോകുമ്പോള്‍ പ്രതീക്ഷയുടെ കാല്‍വയ്പ്പുകള്‍ ആ മുറിയിലെ തണുത്ത മൊസൈക് തറയില്‍പ്പതിഞ്ഞു വിളറുന്നത് അയാളറിഞ്ഞിട്ടുണ്ട്.

‘ഒരു പൊതപ്പും ചുറ്റിയാണ്‌ പോയേന്നു തോന്നണ്.. പൊതപ്പ് കാണാനില്ല. വഴീലെങ്ങാനും പൊതപ്പ് കിടക്കുന്നോന്നൊക്കെ നോക്കി. എപ്പോ എണീറ്റ്‌ പോയെന്ന് ആര്‍ക്കറിയാം? ഒരാള്‍ ഇറങ്ങിപ്പോകുമ്പോ ഏതു ദിശയില്‍ എന്നെങ്കിലും അറിയാന്‍ പറ്റണ്ടേ. അല്ലെങ്കി എവിടപ്പോയി നോക്കൂന്ന്?’ അയാള്‍ പിറുപിറുത്തു.

‘ബുദ്ധിസ്ഥിരത ഇല്ലാത്ത ആള്‍ക്കാരെ അന്നോഷിക്കാന്‍ ഭയങ്കര പാടാ… ചിലപ്പോ വല്ല ബസ്സിലും കേറി വല്ലടത്തുംക്ക പോയി എറങ്ങിക്കളേം…’ പോലീസുകാരന്‍ തന്‍റെ അറിവിന്റെ കെട്ടഴിച്ചു.

‘അതിപ്പോ ബുദ്ധിയോള്ളോരും അങ്ങനെ ചെയ്തൂടെ?..’

‘അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഒണ്ട്.. ആള്‍ക്കാരുടെ പ്രായോക്ക നോക്കി എന്ത് എപ്പോ ചെയ്യാന്‍ സാധ്യത ഒണ്ട് എന്നൊക്കെ പൊലീസിനു പ്ലാന്‍ ഒണ്ടാക്കാന്‍ പറ്റും…ഇതിപ്പ അങ്ങനെ അല്ലല്ലാ..’ തിരക്കേറിത്തുടങ്ങിയ നഗരവീഥികളിലൂടെ കനത്ത ശബ്ദമുണ്ടാക്കി ബൈക്ക് പാഞ്ഞു.

‘ഈ വണ്ടി യെസ്ഡി അല്ലെ? ടെസ്റ്റ്‌ കഴിഞ്ഞതാണാ? അല്ലെങ്കി തിരിച്ചു ചെല്ലുമ്പം എനിക്ക് വണ്ടി അവിടെപ്പിടിച്ചു വക്കേണ്ടി വരും…ഇതേതു മോഡല്?’

‘റോഡ്കിംഗ്.ടെസ്റ്റ്‌ കഴിഞ്ഞതാ ’
ഇത് നിങ്ങടെയാ?’

‘എന്റെ അമ്മായിഅച്ഛന്റെ…പണ്ട് പുള്ളി വാങ്ങിച്ചത്..’

‘നമ്മള് അന്നോഷിച്ചു നടക്കണ അമ്മച്ചീട ഭര്‍ത്താവിന്റെ?… പുള്ളി കിടു ആരുന്നിരിക്കുവല്ലോ?’

‘ഉം…’ വണ്ടിയോടിക്കുന്നയാല്‍ തണുത്ത ഒരു മൂളലില്‍ അയാള്‍ സംഭാഷണത്തിന് അന്ത്യം കുറിച്ചു.

അമ്മായിയച്ചനെപ്പറ്റി താന്‍ കേട്ടിട്ടുള്ളത് മുഴുവന്‍ പറയാനുള്ള ഇഷ്ടമോ അടുപ്പമോ അയാള്‍ക്ക്‌ പോലീസുകാരനോട്‌ തോന്നിയില്ല. അല്ലെങ്കില്‍ അത്യാവശ്യം കുപ്രസിദ്ധനായി ജീവിച്ച അയാളെപ്പറ്റി മറ്റുള്ളവരോട് പറയാന്‍ അയാള്‍ക്ക്‌ ജാള്യത ഒന്നും ഒരിക്കലും തോന്നിയിരുന്നില്ല. അവിടെ ചുറ്റുവട്ടതൊക്കെ അതറിയാത്തവര്‍ കുറവാണ് താനും. പണക്കാരനും തന്റേടിയുമായ വിടന് എക്കാലത്തും ആണുങ്ങളായ ആരാധകര്‍ ഉള്ളത് കൊണ്ട് അമ്മായിയച്ചന്‍റെ കഥ പലപ്പോഴും വിരസമായ കൂട്ടുകൂടലുകള്‍ക്കിടയില്‍ പൊടിപ്പും തൊങ്ങലും വച്ച് അയാള്‍ പറഞ്ഞിരുന്നു, ഒരിക്കല്‍പ്പോലും അയാള്‍ അമ്മായിയച്ചനെ കണ്ടിട്ടില്ലെങ്കില്‍ക്കൂടി. ആ പ്രതാപിയായ തന്‍റെ അമ്മയിയച്ചന്‍ കുട്ടന്‍ നായരുടെ നിഴലു വീണ ചിന്തകളിലൂടെ ബൈക്കോടിച്ച അയാള്‍, താന്‍ തിരഞ്ഞുകൊണ്ടിരുന്ന വൃദ്ധയെ വണ്ടിയുടെ വേഗത്തിനൊപ്പിച്ച് കടന്നുപോയ കാറ്റില്‍ ദൂരേക്ക്‌ ഒഴുക്കിവിട്ടു.

IV

പത്തന്‍പത് വയസ്സ് കഴിഞ്ഞ് കല്യാണം കഴിച്ച കുട്ടന്‍ നായര്‍ അതിനും മുന്നേ എത്ര സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാക്കിയിട്ടുണ്ടെന്നോ എത്ര പാവപ്പെട്ട കുടുംബങ്ങളെ കുട്ടിച്ചോറാക്കിയിട്ടുണ്ടെന്നോ ഉള്ളതിന് കണക്കില്ല. മരുമക്കത്തായം കടന്നു സ്വത്തുവീതംവയ്പ്പ് മക്കത്തായത്തില്‍ എത്തിയപ്പോള്‍ അനുവദിച്ചു കിട്ടിയ സ്വത്തെല്ലാം അയാള്‍ പലവഴിക്കാക്കി. സഹോദരിമാര്‍ക്ക് ന്യായമായി കൊടുക്കേണ്ടത് പോലും കൊടുത്തില്ല. സ്വത്തു നശിപ്പിച്ച് ഒരു പരുവത്തില്‍ എത്തിയപ്പോഴാണ് വയസാന്‍കാലത്ത് നോക്കാനെന്നും പറഞ്ഞ് അയാള്‍ പെണ്ണ് കെട്ടിയത്. അതും അകന്നബന്ധത്തിലുള്ള ദാരിദ്ര്യവാസികളായി കഴിഞ്ഞിരുന്ന ഒരു കുടുംബത്തില്‍ നിന്ന്. കടലിലെ തിരയറുക്കുന്ന ഒരു മുക്കുവച്ചെക്കന്‍റെ കൂടെ പെണ്ണിനെ ഒരു സന്ധ്യക്കു കയ്യോടെ പിടിച്ചതാണ് പതിനാറാമത്തെ വയസ്സില്‍ മധ്യവയസ്സു കടന്ന ഒരാളെക്കൊണ്ട് പെണ്ണിനെ കെട്ടിക്കുന്നതില്‍ വീട്ടുകാര്‍ ന്യായം കണ്ടത്.

കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയും ആയതിനുശേഷം എപ്പോഴോ ആരോ വഴി മുക്കുവച്ചെക്കന്റെ കാര്യം കുട്ടന്‍ നായര്‍ അറിഞ്ഞു. സുന്ദരിയും കൗമാരക്കാരിയുമായ ഭാര്യയെ തല്ലാനോ കൊല്ലാനോ അയാള്‍ നിന്നില്ല. അവള്‍ വീടിനു പുറത്തിറങ്ങുന്നില്ല എന്ന് മാത്രം അയാള്‍ ഉറപ്പുവരുത്തി. എങ്കിലും മുറ്റത്തു ചെടികള്‍ക്ക് വെള്ളം തേവുന്ന അവള്‍ പലപ്പോഴും ആകാശം നോക്കി നില്‍ക്കുന്നത് കാണുമ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത നിരാശ തോന്നുമായിരുന്നു. അവള്‍ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് ചോദിക്കാന്‍ അയാള്‍ക്ക്‌ ഒരിക്കലും ധൈര്യം വന്നില്ല.

അക്കാലങ്ങളില്‍ ഒരു വാക്കേറ്റത്തിനിടെ പുറംവാസികളായ കുറേപ്പേര്‍ചേര്‍ന്ന് ഒരു കറുത്ത യുവാവിന്റെ കുതികാല്‍ കടല്‍ക്കരയിലെ നനഞ്ഞ മണലില്‍ അരിഞ്ഞിട്ടു. കരയിലെ ആക്രമത്തില്‍ നിന്ന് രക്ഷപെടാനായി അവന്‍ രക്തം ഇറ്റുന്ന കാല്‍ക്കുഴയുമായി കടലിലേക്ക്‌ ചാടി. അവന്റെ കൂട്ടുകാര്‍ കാര്യമറിഞ്ഞ് അവനെത്തേടി അവിടെയെത്തിയെങ്കിലും അപ്പോഴേക്കും തിരകള്‍ അവനെ വിഴുങ്ങിക്കളഞ്ഞിരുന്നു. അന്നന്തിയോടെ വീട്ടിലെത്തി രക്തക്കറയുള്ള മുണ്ടഴിച്ചു ഭാര്യയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ കടൽച്ചൂരുള്ള രക്തക്കറയില്‍ ഭാര്യ തള്ളവിരൽ കൊണ്ട് വൃത്തം വരയ്ക്കുന്നത് കണ്ട് കുട്ടന്‍പിള്ള നിലം തൊടാതെ ചിരിച്ചു. ഇരുപത് കടക്കാത്ത ആ പെണ്‍കുട്ടി അയാള്‍ ചിരിക്കുന്നത് കണ്ട് താനെന്തോ പാതകം ചെയ്ത മാതിരി ചൂളി ഉള്ളിലേക്ക് കയറിപ്പോയി.

ഓരോ കഴുകലിലും കറ തെളിഞ്ഞു വന്ന ആ ഒറ്റമുണ്ടില്‍ മീനുളുമ്പ് കനത്തു വരുന്നത് കണ്ട കുട്ടന്‍പിള്ള ആ മുണ്ട് ചാരം കൂട്ടിയിട്ടിരുന്ന ചായ്പ്പില്‍ എറിഞ്ഞു കളഞ്ഞു. പിന്നൊരിക്കല്‍ തന്‍റെ ഭാര്യയുടെ തുണിപ്പെട്ടിയില്‍ കഴുകി നന്നായി മടക്കിയ അവസ്ഥയില്‍ അയാളത് കണ്ടിരുന്നു. അവളിടുന്ന എല്ലാ വസ്ത്രങ്ങളിലേക്കും അതില്‍ നിന്ന് മീന്‍ചൂര് പകര്‍ന്നിരുന്നു. അവളാഗ്രഹിച്ചത് പോലെത്തന്നെ അയാള്‍ പിന്നെയവളെ തൊടാതെയായി. നമ്മള്‍ ആഗ്രഹിക്കുകയോ അറിയുകയോ ചെയ്യാതിരുന്നാലും കടല്‍നീര് ഒരിക്കല്‍ കരയില്‍ കയറും. കാരണം കടലിന്റെ വെളിവാക്കലാണ് ഓരോ കരയും. അതിനു തിരിച്ചുവരാന്‍ കരയുടെ ക്ഷണം ആവശ്യമേയില്ല.

yama, athira, malayalam short story, onam,

കര്‍ക്കിടകത്തില്‍ മാനവും തുറയും ഒരുപാട് കരഞ്ഞു. തിരികെ വരാന്‍ വിസമ്മതിച്ച ഒരു പാദമറ്റ ശവശരീരത്തെയും പ്രതീക്ഷിച്ച് അരയന്മാര്‍ രണ്ടാഴ്ച തീരത്ത് മാറിമാറി തമ്പടിച്ചു. പിന്നീട് കാരണവന്മാര്‍ മരണം സ്ഥിരീകരിച്ചപ്പോള്‍ അറ്റുകിട്ടിയ പാദം കുഴിച്ചിട്ട സ്ഥലത്ത് അന്ത്യകര്‍മ്മങ്ങള്‍ നടത്തി. മഴയടങ്ങി ചന്ദ്രപ്രഭയ്ക്ക് ഏറ്റം വരുന്ന ഒരുനാള്‍ വിളക്ക് കത്തിച്ച് കാവില്‍ നിന്നിറങ്ങുന്ന സമയത്താണ് അന്തിത്തിരിയന്‍ തിരയ്ക്ക് മുകളില്‍ അരയോളം ശരീരം പൊന്തിനിന്ന് കരയിലേയ്ക്ക് നീന്തുന്ന ഒരു മനുഷ്യനെക്കണ്ടത്. അയാള്‍ കരയ്ക്കടുക്കുന്നതും നോക്കി അയാള്‍ കുറെനേരം അവിടെ നിന്നു. പക്ഷെ തീരമണയുന്നതിനു തൊട്ടുമുന്നേ അയാള്‍ തിരയില്‍ അപ്രത്യക്ഷമായി. ആരോ കടലില്‍പ്പെട്ടു എന്ന് വിവരം പരന്ന് ചിലര്‍ ചെറുവഞ്ചികളില്‍ ആളെക്കണ്ടയിടം നോക്കി തുഴഞ്ഞു. വയസായ അന്തിത്തിരിയന് കണ്ണുപിഴച്ചതാവും എന്ന് പിറുപിറുത്ത് കടല്‍ജലം നനഞ്ഞ ശരീരങ്ങളുമായി അവര്‍ തിരികെപ്പോയി. എന്നാല്‍ അതിനുശേഷം പലപ്പോഴും രാത്രികളില്‍ വലയിടാന്‍ പോകുന്നവരോ വെളുപ്പിനുമുന്നേ കടല്‍ക്കരയില്‍ വിസര്‍ജ്ജനത്തിനു പോകുന്നവരോ ഒക്കെ കടല്‍ത്തിര മുറിച്ചു തലകുത്തിമറിയുന്ന പയ്യനെ കണ്ടുവെന്നു പറഞ്ഞത് തുറയില്‍ വേവലാതി പരത്തി. മാത്രമല്ല പാദമറ്റ പയ്യന്റെ കുഴിമാടത്തില്‍ നിന്ന് ഒരു ഒറ്റപ്പാദം നടന്നു പോയി തിരികെവന്നതിന്റെ പാടു ചൂണ്ടിക്കാണിച്ച് പയ്യന്റെ അമ്മ അലമുറയിട്ടു. പയ്യന്റെ പ്രേതത്തിന്റെ വികൃതികള്‍ ആണിതെന്ന് ചൂണ്ടിക്കാണിച്ച് കാരണവര്‍ ചെറുക്കന് വേണ്ടി ഒരന്തിയില്‍ വെളിച്ചപ്പെട്ടു. കാവില്‍ എരിഞ്ഞു നിന്ന വിളക്കുകള്‍ക്കു നടുവില്‍ നിന്ന് വെളിച്ചപ്പാടന്‍ ഇറങ്ങി ഓടി. കൂടെ ഓടിയവരെ പിന്നിലാക്കി വെളിച്ചപ്പാടന്‍ മറഞ്ഞു. അരയന്മാര്‍ രാത്രി മുഴുവന്‍ വെളിച്ചപ്പാടനെയും തിരഞ്ഞു നടന്നു.

പിറ്റേന്ന് രാവിലെ ചെറുക്കന്റെ കുഴിമാടത്തിനു മുകളില്‍ ദേഹം മുഴുവന്‍ മുറിവുകളോടെ ചത്തുമലച്ചു കിടക്കുന്ന കുട്ടന്‍ നായരെക്കണ്ട് അരയന്മാര്‍ വാപൊളിച്ചു. മുന്‍ഭാഗത്തെ ലൈറ്റ് കത്തിക്കിടന്ന അയാളുടെ യെസ്ഡി ഒരു ദ്വന്ദ്വത്തില്‍ ജീവന്‍ പോയ കാട്ടുമൃഗത്തെപ്പോലെ ഹിംസാത്മകമായ രൂപങ്ങള്‍ തെളിഞ്ഞു നിന്ന മണല്‍ക്കളത്തിനു നടുവില്‍ കടലിനെ അഭിമുഖീകരിച്ചു കിടന്നു.

കുട്ടന്‍ നായരുടെ ഭാര്യ കരഞ്ഞില്ല. അയാളുടെ രക്തം വാര്‍ന്ന് വിളറിയ മൃതദേഹം കഴുകിക്കിടത്തിയപ്പോള്‍ അതില്‍പ്പുതച്ച പുതുമുണ്ടിനു മീതെ അയാളുടെ ഭാര്യ രക്തക്കറ മായാത്ത മീന്‍മണമുള്ള ഒറ്റമുണ്ട് വിരിച്ചത് കണ്ട് തറവാട്ടിലെ തലമുതിര്‍ന്ന ആണുങ്ങള്‍ അവളെ കണക്കിന് തെറി പറഞ്ഞു. അവളുടെ പിടിപ്പുകേട് കൊണ്ടാണ് അയാള്‍ക്ക്‌ ഇങ്ങനെ ഒരു ഗതി വന്നത് എന്നവര്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ടു കുഞ്ഞിനെ ഒക്കത്ത് തട്ടി ഉള്ളിലേക്ക് കയറിപ്പോവുക മാത്രമാണുണ്ടായത്. ആദ്യരാത്രിയില്‍ പെണ്ണുടുത്തിരുന്ന പുടവയാകാം അത് എന്ന് ചില പെണ്ണുങ്ങള്‍ അകത്തു കുശുകുശുത്തു. പെണ്ണ് സ്നേഹക്കൂടുതല്‍ കൊണ്ട് ചെയ്തു പോയതാകാനാണ് സാധ്യത എന്നുപറഞ്ഞ് മുതിര്‍ന്ന പെണുങ്ങള്‍ ഭര്‍ത്താക്കന്മാരെ അനുനയിപ്പിച്ചു. എങ്കിലും ശവശരീരം ചുടല്യ്ക്കെടുത്തിട്ടും പെണ്ണ് കരയാത്തതില്‍ എല്ലാരും അമ്പരന്നു. അവളുടെ മടിയിലിരുന്നു കരഞ്ഞ കുഞ്ഞിന്റെ തിരിച്ചറിവ് പോലും അവള്‍ക്കില്ലെന്നു വിധിയെഴുതി പിരിഞ്ഞുപോയ ബന്ധുക്കള്‍ പിന്നീട് ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കിയില്ല. അവരുടെ അവഗണന അവളെ ബാധിക്കും എന്ന് കരുതിയ അവര്‍ക്ക് തെറ്റിപ്പോയിരുന്നു. അവര്‍ അവിടെ കൂടിയതോ പിരിഞ്ഞു പോയതോ അവള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

v

ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും കരയിലേക്ക് ശക്തിയായി അടിച്ചു കയറിയ കടല്‍ പിന്‍വാങ്ങിത്തുടങ്ങി. തുറമുഖ നിര്‍മ്മാണത്തിനായി തീരക്കടലില്‍ക്കിടന്ന ഡ്രഡ്ജറുകൾ രണ്ടെണ്ണം ആഴക്കടലിലേക്കൊഴുകിയ ഉപ്പുവെളളത്തിനൊപ്പം ഒലിച്ചുപോയി. വെളളത്തിന്റെ തിരിച്ചൊഴുക്കിന്റെ ശക്തി മന്ദഗതിയില്‍ ആയിത്തുടങ്ങിയതും തീരത്തിന്റെ വടക്കുഭാഗത്തായി കായല്‍ കടലിലേയ്ക്ക്‌ ചേരുന്നയിടത്ത് കിലോമീറ്ററുകളോളം പരപ്പുളള ഒരു മൺതട്ട് വെളിവായി നിന്നു. നഗരം വികസിച്ചപ്പോള്‍ തുറയും കരയും നഷ്ടപ്പെട്ട ദുരിതവാസികളായ മീന്‍പിടുത്തക്കാരുടെ കുടുംബങ്ങള്‍ അതിനെ പ്രതീക്ഷയോടെ നോക്കി. മാസങ്ങള്‍ക്കകം അത് മറഞ്ഞു പോയില്ലെങ്കില്‍ കേറിപ്പാര്‍ക്കാന്‍ ഒരു കര ഉണ്ടാകും എന്നവര്‍ക്ക് അറിയാമായിരുന്നു.

അങ്ങനെ ആ വറുതിക്കാരുടെ പ്രതീക്ഷകള്‍ക്കൊടുവില്‍ അത് തുരുത്തായി മാറുകയും പച്ചകയറുകയും ചെയ്തു. പക്ഷെ കടല്‍ക്ഷോഭം ബാധിച്ചുകിടന്ന തുരുത്തായതിനാല്‍ പലരും അങ്ങോട്ട്‌ പോകാന്‍ മടിച്ചു. എങ്കിലും ദുരിതത്തിന്റെ അറ്റം മുട്ടിയ കുറച്ചു കുടുംബങ്ങള്‍ തങ്ങളുടെ പരിമിതമായ വസ്തുവകകള്‍ പെറുക്കിക്കെട്ടി അവിടേക്ക് പോയി. തുരുത്തടുത്തപ്പോള്‍ വഞ്ചികള്‍ അടുപ്പിക്കാന്‍ കഴിയാതെ അവര്‍ കുട്ടികളെയും എടുത്ത് വെളളത്തിലേക്ക്‌ ചാടി. അവര്‍ക്കുണ്ടായിരുന്ന മറ്റെല്ലാം അവര്‍ക്ക് വെളളത്തില്‍ ഉപേക്ഷിക്കേണ്ടതായി വന്നു. നീന്തിത്തളര്‍ന്നു കരപറ്റിയ അവര്‍ പാര്‍ക്കാന്‍ സുരക്ഷിതസ്ഥാനം എന്ന നിലയ്ക്ക് തുരുത്തിന്റെ ഗര്‍ഭത്തിലേക്ക് നടന്നു.

yama, malayalam short story, onam,

ഉപ്പുവെളളം കയറിയ ഇടമായത് കൊണ്ട് കൃഷിക്കുള്ള സാധ്യത തള്ളി നിരാശരായാണ് അവര്‍ അവിടേക്ക് ചെന്നത്. എന്നാല്‍ അവരെ അദ്ഭുതപ്പെടുത്തുന്ന വിധത്തില്‍ തുരുത്തിന്റെ മധ്യഭാഗത്തായി പഞ്ചാരമണലാല്‍ ചുറ്റപ്പെട്ടു കിടന്ന തടാകം ശുദ്ധജലം വഹിച്ചിരുന്നു. വളരെ വിസ്തൃതി ഉണ്ടായിരുന്ന ആ തടാകത്തിനു ഒരു കാൽപ്പത്തിയുടെ ആകൃതിയാണ് ഉണ്ടായിരുന്നത്. അവര്‍ ആ തടാകത്തിനു ചുറ്റും തമ്പടിച്ചു. ഒരുഭാഗത്തായി പാതിയോളം മണ്ണില്‍ത്താണ് തുരുമ്പിച്ചു കിടന്ന കപ്പലിന്റെ അസ്ഥിയില്‍ അവര്‍ വീട് കെട്ടിയുണ്ടാക്കി. അവിടുന്ന് കിട്ടാവുന്ന വിഭവങ്ങളില്‍ അവര്‍ ജീവിതം ഒരുക്കിയെടുത്തു. നിലാവുള്ള രാത്രികളില്‍ അടിഭാഗം പ്രതിബിംബിക്കുന്ന ആ തടാകത്തില്‍ പരിപൂര്‍ണ്ണ നഗ്നയായി ആകാശം നോക്കിക്കിടക്കുന്ന വൃദ്ധയായ സ്ത്രീയെ അവര്‍ കണ്ടു. തങ്ങളുടെ ജീവദാതാവായി ആ ജലാശയത്തില്‍ ഒരു സ്ത്രീ ജീവിക്കുന്നുവെന്ന് അവര്‍ വിശ്വസിച്ചു. കടലിനെ കരയില്‍ ആവാഹിച്ചു കിടന്ന ആ സ്ത്രീയുടെ പ്രസാദത്തിനു വേണ്ടി അവര്‍ അതിനടുത്തായിത്തന്നെ ഒരു ആരാധനാസ്ഥലം ഒരുക്കിയെടുത്തു. പൂര്‍ണ്ണചന്ദ്രനുദിക്കുന്ന ദിനങ്ങളില്‍ അവരുടെ ആരാധനയില്‍ പ്രസാദിക്കുന്ന അവള്‍ ആകാശത്തോളം വളര്‍ന്ന് കടലിലേക്ക്‌ ഇടിമിന്നലുകള്‍ തെറിപ്പിച്ചു. കരയില്‍ ജീവിതം കൊണ്ടാടിയിരുന്നവര്‍ അതിനെ ഭയന്നു. കപ്പലുകളും വഞ്ചികളും ആ തുരുത്തിന് അകലം വെച്ച് കടലില്‍ പോയിവന്നു. അതിനുള്ളില്‍ ജീവിതം വളരാനുള്ള സാധ്യതയെ തള്ളിയ പുറംലോകം അതിനെ തുരുത്തായിത്തന്നെ നിലനിര്‍ത്തി. കഥകളും പ്രചോദനങ്ങളും അന്യം വന്നു തുടങ്ങിയ ലോകം അതിന്‍റെ നിലനിൽപ്പില്‍ കഥകളുടെ സാധ്യത കണ്ടെത്തി എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം ഇനിയൊരു മഹാപ്രളയത്തിലോ പ്ലേഗ്ബാധയിലോ ജന്മദേശം വിട്ട് പലായനം ചെയ്യേണ്ടിവരുന്നവരുടെ പക്കല്‍ അന്ത്യനിമിഷങ്ങള്‍ ആനന്ദപൂര്‍ണ്ണമാക്കാന്‍ ആ കഥകള്‍ മാത്രമേ ബാക്കി ഉണ്ടാവുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ