പുറത്ത് സന്ധ്യ അതിന്റെ ജ്വലിക്കുന്ന ചുവന്ന തലമുടിയിഴകള്‍ മെടയുകയായിരുന്നു. പൂര്‍വ്വപാപത്തിന്റെ എല്ലാഓര്‍മ്മകളും ഗായികമാരെ അലട്ടാന്‍ തുടങ്ങുന്നത് അപ്പോഴാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് ദൈവത്തിലേക്ക് മുഖം തിരിക്കാനുള്ള സമയം. ഒരിക്കല്‍ അവര്‍ ദൈവത്തിന് ഏറ്റവും പ്രിയമുള്ളവരായിരുന്നു. ദൈവം അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുത്തു. സ്വര്‍ഗ്ഗത്തിലെ പൂന്തോപ്പില്‍ അവര്‍ ആടിപ്പാടിനടന്നു. അങ്ങനെ ഒന്നിനും കുറവില്ലാത്തവരായി അവര്‍ അവിടെ സന്തുഷ്ടരായി ജീവിച്ചുപോന്നു. സ്തുതിപ്പിന്റെ മടുപ്പ് അലട്ടാന്‍ തുടങ്ങിയ ഒരു സന്ധ്യാനേരത്ത് കൊച്ചുസിംഹാസനങ്ങളില്‍ ഇരുന്ന് അവര്‍ ദൈവമഹിമയെക്കുറിച്ചുള്ള ഒരു ഗാനം ആലപിക്കുകയായിരുന്നു. പെട്ടെന്ന് ആ ഗാനത്തിന്റെ മാധുര്യം കുറയുകയും ആ വരികളില്‍ ആഭാസച്ചുവ കലരുകയും ചെയ്തതോടെ അവരുടെ ചിറകുകളിലെ നക്ഷത്രങ്ങള്‍ അണയുകയും ഏഴ്‌പേരും ഒരുമിച്ച് സിംഹാസനങ്ങളില്‍ നിന്ന് നിലം പതിക്കുകയും ചെയ്തു. പേടിയോടെ പിടഞ്ഞെഴുന്നേറ്റു നോക്കുമ്പോള്‍ ദൈവത്തിന്റെ വലതുഭാഗത്തുനിന്ന് ശക്തനായ ഒരു ദൈവദൂതന്‍ ഉയര്‍ത്തിപ്പിടിച്ച ഖഡ്ഗവുമായി തങ്ങള്‍ക്കുനേരെ പാഞ്ഞുവരുന്നതുകണ്ട് അവര്‍ പറുദീസയുടെ അതിരുകള്‍ക്കിപ്പുറത്തേക്ക് ഓടിപ്പോരുകയായിരുന്നു.

പരമകാരുണ്യകനും ക്ഷമാശീലനുമായ ദൈവം ആ ശപിക്കപ്പെട്ട ഗായികമാരെ ഭൂമിയില്‍ അനാഥരായി വിടാന്‍ കൂട്ടാക്കിയില്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള ഗാനങ്ങള്‍ ആലപിക്കുന്നതിനും അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിനുമുള്ള ഭാരിച്ച ചുമതല നല്‍കിക്കൊണ്ട് ദൈവം ആ പാട്ടുകാരെ വീണ്ടെടുത്തു. എന്നിട്ടും അവര്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി അവര്‍ നിരന്തരമായി പ്രണയഗാനങ്ങള്‍ ആലപിച്ചു. ആ ഗാനങ്ങള്‍ക്കൊണ്ട് പകലറുതിയോളം പാട്ടുമഠം മുഖരിതമായിരുന്നു. സന്ധ്യ കടന്നുവരുന്നതോടെ ശരീരത്തിന്റെ ഒടുങ്ങാത്ത അഭിലാഷങ്ങളെക്കുറിച്ച് അവര്‍ പശ്ചാത്തപിച്ചുതുടങ്ങുകയായി. അപ്പോള്‍ അവര്‍ ഗാനങ്ങള്‍ അവസാനിപ്പിച്ച് നീന്തല്‍ക്കുളത്തിലേക്കു പോയി. ജലം അവരെ കഴുകിക്കൊണ്ടേയിരുന്നു. ജലം ഒരു താരാട്ടുപാട്ടിന്റെ ഈണത്തിലൂടെ അവരെ മറവിയിലേക്ക് കൊണ്ടുപോകുകയാണ്. ജലത്തിന്റെ ഈണങ്ങള്‍ അമ്മയുടെ താരാട്ടുകളാണെന്ന് അവര്‍ സ്വയം പറയും. പറുദീസാനഷ്ടത്തെക്കുറിച്ച് അവര്‍ പരസ്പരം വിലാപക്കണ്ണുനീര്‍ തൂകിക്കൊണ്ടേയിരിക്കും. സമയം കടന്നുപോകുന്നത് അറിയുകയേയില്ല. സമയത്തിന്റെ മാറ്റൊലികള്‍ അവര്‍ക്ക് അഗോചരമായിരിക്കും. പക്ഷേ, ആ ശരീരങ്ങളില്‍ നിന്ന് പാപത്തിന്റെ ഓര്‍മ്മകളെ പൂര്‍ണ്ണമായും മായ്ച്ചുകളയാന്‍ സമയത്തിനു കഴിയുകയേയില്ല.

thomas joseph , novel, iemalayalam

ചിത്രീകരണം : ബോണി തോമസ്‌

സമയവും ജലവും ഒന്നുതന്നെയാണ് അവ ഒന്നായിലയിച്ചു ചേര്‍ന്ന് ഴുകുകയാണ്.
അറിയാത്ത ആഴങ്ങളുടെ ഉത്ഭവങ്ങളിലേക്ക് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഭൂമിയുടെ അഗാധമായ ഉറവകളില്‍നിന്ന് കുതിച്ചുയരുന്ന സമയത്തിന്റെ ജലധാരകളില്‍ ഞങ്ങള്‍ ഏഴ് കന്യകമാരും സ്‌നാനപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Read More: തോമസ് ജോസഫിനു വേണ്ടി വരക്കുമ്പോൾ

സമയവും ജലവും ഞങ്ങളുടെ ശരീരങ്ങളെ കുളിര്‍മ്മയുള്ളതാക്കുന്നു. അവ പാപത്തിന്റെ മഞ്ഞച്ചിതമ്പലുകളെ കഴുകിക്കളയുന്നു. പാപസ്മരണകള്‍ കാറ്റുപോലെ ഞങ്ങളെ വിട്ടകലുന്നു. പക്ഷേ, നീന്തല്‍ക്കുളത്തില്‍നിന്ന് കയറിവന്ന് കിടക്കകളിലെത്തുമ്പോള്‍ ആ ഓര്‍മ്മകള്‍ വീണ്ടും ഞങ്ങളെ വന്നുതൊടുന്നു. പൂച്ചകള്‍ ഞങ്ങളെ കാത്തിരിക്കുകയാവും. ആദ്യ ദര്‍ശനത്തില്‍ത്തന്നെ അവയുടെ മുരള്‍ച്ചകളില്‍നിന്ന്, പുകയുന്ന ഗാത്രങ്ങളില്‍നിന്ന് കാമത്തിന്റെ പ്രസരണങ്ങള്‍ ഞങ്ങളിലേക്ക് പകര്‍ത്തപ്പെടുകയായി. പിന്നെ, ആ ജന്തുക്കളെ ഞങ്ങളുടെ ഉണര്‍ന്നു തുടങ്ങുന്ന മുലകള്‍ക്കുള്ളിലേക്ക് അമര്‍ത്തിവെച്ച് ഞങ്ങള്‍ പുരുഷന്മാരെയും ആണ്‍കുട്ടികളേയും സ്വപ്നം കാണാന്‍ തുടങ്ങുന്നു. അദൃശ്യമായ വിരലുകള്‍ ഞങ്ങളെ പൊതിയുന്നതായുള്ള ഒരനുഭൂതിയില്‍ ഞങ്ങള്‍ വീണ്ടും ആമാര്‍ജ്ജാരന്മാരെ ശരീരത്തിന്റെ മാര്‍ദ്ദവങ്ങളോടു ചേര്‍ത്ത് സ്വപ്നത്തില്‍ പാപത്തിന്റെ പൂന്തോട്ടത്തിലേക്ക് നടന്നുകൊണ്ടിരിക്കും. ഭക്ഷണം കഴിക്കാന്‍ പോലും ഞങ്ങള്‍ മറന്നുപോകും.

Read Also: ആകാശലോകത്തെ പരീക്ഷണജീവിതങ്ങൾ

പൂച്ചകള്‍ ഞങ്ങള്‍ക്ക് കാമകലകള്‍ നല്‍കുന്നു. അതുകൊണ്ട് അവറ്റകളെ ഞങ്ങള്‍ക്ക് ഉപേക്ഷിക്കാനാവില്ല. ആ കലകള്‍ ഞങ്ങള്‍ വിശുദ്ധരും നിഷ്‌ക്കളങ്കരുമായ പുരുഷശരീരങ്ങളുമായി പങ്കുവെയ്ക്കുന്നു. രാത്രിയുടെ അന്ത്യയാമം വരെ ഞങ്ങള്‍ ജാലകങ്ങളിലൂടെ പുറത്തേക്കു കണ്ണുകള്‍ നട്ട് പ്രണയഗാനങ്ങള്‍ ആലപിക്കുന്നു. ആ ഗാനവീചികള്‍ ഇരുളിന്റെ പഞ്ഞിത്തുണ്ടുകളായി സര്‍പ്പസ്ഥലത്തിന്റെ എല്ലാ പാതകളിലും വീണലിയുന്നു.

ആ പാതകളിലൂടെ യാക്കോബ് കുതിരവണ്ടിക്കാരനെ അനുഗമിച്ചു. അതറിയാതെ ഏഴുഗായികമാരും സ്‌നാനത്തില്‍ മുഴുകുകയായിരുന്നു. ആ നഗ്നതയുടെ വടിവുകളില്‍ സമയവും ജലവും ഇണചേരുകയായിരുന്നു

  • വായനപ്പുര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന തോമസ്‌ ജോസഫിന്‍റെ  ‘അമ്മയുടെ ഉദരം അടച്ച് ‘ എന്ന നോവലില്‍ നിന്ന് ഒരു അധ്യായം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook